Thursday, April 30, 2015

മുത്തുമണികള്‍

വാക്കുകള്‍
മൗനത്തിന്റെ
ചിപ്പിയില്‍
ഒളിച്ചിരിക്കുന്നതെന്തിനാവാം
വെണ്മയേറിയൊരു
മുത്തായി
നാളെ
അതെന്റെ
കാതില്‍ കിലുങ്ങുമോ?
ആ തിളക്കം
എന്റെ കണ്ണുകളില്‍
വെളിച്ചം പകരുമോ?
ആഴങ്ങളിലേയ്ക്ക്
ഊളിയിടട്ടെ
വാക്കുകള്‍..
പുറത്തുവരുന്നത്
കൂടുതല്‍
വെണ്മയോടെയും
ശോഭയോടെയും......
കാത്തിരിക്കാം
ഞാന്‍..
എത്ര വൈകിയാലും
എനിക്കു വേണം
വാക്കുകള്‍!

ജയകാന്തം - വായനവഴിയിലെ മുള്ളും മലരും.

ജയകാന്തം - ആര്‍ എന്‍ ഹോമര്‍

" ഏതു പ്രവര്‍ത്തിയും ആത്മാര്‍ത്ഥതയോടെ ചെയ്യണം. അങ്ങനെയെങ്കില്‍ ഒരു പ്രത്യേക അനുഭൂതിയുണ്ടാകും. ആത്മാര്‍ത്ഥതയില്‍ ഉജ്ജ്വലമായ കാന്തികശക്തിയുണ്ട്. ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം അനുകൂലമല്ലെങ്കില്‍ കൂടി മനഃക്ലേശമുണ്ടാകില്ല"

മലയാള സാഹിത്യനഭസ്സില്‍ ഉദിച്ചുയര്‍ന്ന നവസൂര്യപ്രഭയായ ആര്‍. എന്‍. ഹോമര്‍ എന്ന 'ജയകാന്ത'കാരന്റെ വാക്കുകളാണ്. 

ഈ അക്ഷരക്കൂട്ടുകളിലൂടെ കടന്നു പോകുന്ന ഓരോ അനുവാചകനേയും കൈപിടിച്ചു മുന്‍പോട്ടു നടത്തുന്നതും ഈ വാക്കുകളുടെ ആന്തരികദീപ്തിയുടെ മാര്‍ഗ്ഗദര്‍ശനം തന്നെ. കഥയായും ലേഖനങ്ങളായും കത്തുകളായും ആത്മകഥയായും കുറിപ്പുകളായുമൊക്കെ വരഞ്ഞുകോറിയ ഒരു സാധാരണക്കാരന്റെ  ജീവിതത്തിന്റെ ചിന്തുകള്‍. കഥയെന്നോ കവിതയെന്നോ ലേഖനമെന്നോ പേരുകൊടുക്കാന്‍ കഴിയാത്ത, ഹൃദയഭാഷയുടെ വൈവിധ്യവര്‍ണ്ണസൂനങ്ങള്‍ കോര്‍ത്തിണക്കിയ സുഗന്ധപൂരിതമായൊരു അക്ഷരമാല്യം. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളുടെ പകലിരവുകളില്‍ കൈമോശം വന്നു പോകാത്ത നന്മയുടെ ഇഴകള്‍ ഊടും പാവും നെയ്തെടുത്ത ജയകാന്തം വായനയുടെ വഴികളില്‍ കൈവന്നൊരു സുകൃതം തന്നെ. കവിളില്‍ നിന്നൊരു സിന്ദൂരക്കൂട്ടു തൊട്ടെടുക്കാന്‍ കഴിയുന്ന  ലാവണ്യവതിയായി പരിലസിക്കുന്ന ജയകാന്തം തന്നെ ഈ വര്‍ണ്ണമാലയിലെ ഏറ്റവും മനോഹരപുഷ്പം. വര്‍ണ്ണങ്ങള്‍ക്കതീതമായൊരു വശ്യഭംഗിയുണ്ട് ഈ രചനയ്ക്ക്. ആത്മാവിനെ ചേര്‍ത്തു നിര്‍ത്താന്‍ കഴിയുന്നതെന്തും സൗന്ദര്യമാണെങ്കില്‍ ഈ രചന സൗന്ദര്യത്തിന്റെ ഉത്തുംഗം എന്നേ പറയാനാവുന്നുള്ളു. ഹൃദയത്തിന്റെ ഉള്ളറകളിള്‍ കൂര്‍ത്തുമൂര്‍ത്തൊരു മുള്ളു കോറിവലിക്കുമ്പോഴുണ്ടാകുന്ന രക്തപുഷ്പങ്ങളുടെ ശോകമൂകമായൊരു സൗന്ദര്യം. അണയാത്ത സ്നേഹത്തിന്റെ നെയ് വിളക്കുകള്‍ തെളിയിക്കുന്ന സാവിത്രിയും അര്‍ച്ചനയും ജയകാന്തനും  അനുവാചകന്റെ മനസ്സില്‍ മരണമില്ലാത്ത കഥാപാത്രങ്ങള്‍ തന്നെ. 

ആദ്യ രചന തന്നെ ഇന്നിന്റെ കാപട്യത്തെ മുഖം മൂടി പിച്ചിച്ചീന്തി നമുക്കു മുന്നിലേയ്ക്കെറിഞ്ഞു തരുന്നു ഗ്രന്ഥകാരന്‍.രണ്ടാമതു വരുന്ന  ഉണ്ണിയുടെ മറുപടിയിലൂടെ പ്രത്യാശയുടെ നേര്‍വെളിച്ചവും . കഥാകൃത്തിന്റെ ദുഃഖം വായനക്കാരനിലേയ്ക്കും വൈദ്യുതി പോലെ പ്രവഹിക്കുന്നു. മധ്യസ്ഥന്‍ തികച്ചും വിപരീതാത്മകമായൊരു സന്ദേശമല്ലേ നല്‍ക്കുന്നതെന്നു സന്ദേഹമില്ലാതില്ല. ഭരതമുനിയാകട്ടെ ഒരു ഇളനീര്‍കുടിച്ച അനുഭവം പകര്‍ന്നു തരുന്നുമുണ്ട്. കെ ദാമോദരനെ പരിചപെടുത്തിയത്, പ്രത്യേകമായൊരു തിളക്കം വായനക്കാരന്റെ കണ്ണുകളിലും പ്രതിഫലിപ്പിച്ചുകൊണ്ട്. സ്നേഹഗായകന്‍ നല്‍കുന്ന പ്രതിച്ഛായ ഗ്രന്ഥകാരന്‍ ആഗ്രഹിച്ച രീതിയില്‍  തീക്ഷ്ണമായോ എന്നു സംശയം തന്നെ. രാജകുമാരന്റെ കഥ വായിക്കുന്ന ആരും ഇതൊരു കഥ മാത്രമായിരിക്കണേ എന്ന് ആഗ്രഹിച്ചു പോകും, മനസ്സാ പ്രാര്‍ത്ഥിക്കും. .

ഒരു നോവല്‍ വായിച്ച സംതൃപ്തിയായിരുന്നു ചോറ്റുപാത്രം പകര്‍ന്നു തന്നത്. വൈവിധ്യമാര്‍ന്ന വൈകാരിക പ്രപഞ്ചത്തെ ഒരു കൊച്ചു ചിമിഴില്‍ ഒതുക്കാന്‍, വ്യത്യസ്തതയുള്ല കഥാതന്തുക്കളും കഥാപാത്രങ്ങളും ഒരു ചോറ്റുപാത്രമെന്ന ചരടില്‍ കോര്‍ത്തിണക്കാന്‍ ഹോമറെന്ന എഴുത്തുകാരനു മാത്രമേ കഴിയൂ. ഇത് അദ്ദേഹത്തിന്റെ വിജയം തന്നെ. ദാരിദ്ര്യരേഖ, സ്ഥലപ്പേരില്ലാത്ത സിംഹം, എഴുത്തുകാരന്റെ ജനനം, സാന്‍ഗ്രീല,  ഇവ   ഒക്കെ സമാനങ്ങളായ വര്‍ണ്ണവിസ്മയങ്ങ്ളോടെ വരച്ചു ചേര്‍ക്കപ്പെട്ട ജീവിത ചിത്രങ്ങളുടെ ഉദാത്തമായ ഉദാഹരണങ്ങളാണ്. ജീവിത്തിന്റെ പാത ഒന്നുമാതം. ജനനത്തില്‍ ആരംഭിച്ച് മരണത്തിലവസാനിക്കുന്ന വളരെ ഹൃസ്വമായൊരു ചലന പാത., പക്ഷേ അതിന്റെ വൈവിധ്യം വഴിയോരക്കാഴ്ചകളിലാണ്. ചെന്നെത്തുന്നിടങ്ങളിലെ കണ്ണീരും പുഞ്ചിരിയും പകര്‍ന്നു നല്‍കുന്ന അനുഭവങ്ങളുടെ തീക്ഷ്ണമായ മനോവ്യാപാരങ്ങളാണ്. അവയിലൂടെ കടന്നു പോകുമ്പോഴുള്ല ഗഹനമായ വ്യഥകളാണ് ഓരോ ജീവിതങ്ങളേയും ഈ കാലത്തോടു കൂട്ടിയിണക്കപ്പെടുന്നത്.

ചെകുത്താന്റെ വക്കീല്‍ പലകാരണങ്ങളാല്‍ ഉള്‍ക്കൊള്ളാനാവുന്നില്ല എന്നത് ഒരു ദുഃഖസത്യ്ം. ഓരോ ജനവിഭാഗത്തിനും അവര്‍ക്കര്‍ഹമായ ഭരണാധികാരികളെ ലഭിക്കുമെന്നത് ഇന്ത്യയേ സംബന്ധിച്ച് ഒരു പരമസത്യമാണെന്ന് വിശ്വസിക്കുന്ന എനിക്ക് ഈ രചനയെ മനസ്സുകൊണ്ട് സ്വീകരിക്കാന്‍ കഴിയുന്നില്ല.  'വിവാഹസമ്മാനം' ഇത്ര എഴുതാന്‍ എന്തിരിക്കുന്നു എന്നും ഓര്‍ത്തുപോയി. അതുപോലെ തന്നെ വായനയില്‍ അജീര്‍ണ്ണം വരുത്തിയതാണ് ഗായത്രിയുടെ ആത്മഹത്യ. പ്രമേയം വളരെ നന്നെങ്കിലും അവതരണം ശുഷ്കമായിപ്പോയോ എന്നൊരു ശങ്ക, അല്പം  അശയക്കുഴപ്പവും സമ്മാനിക്കുന്നു. പിന്നെ,  കടിച്ചാല്‍ പൊട്ടാത്ത പലഹാരമായി അവശേഷിക്കുന്നു കാന്തന്റെ ആത്മഹത്യയും. അതിലെന്തു വിശ്വഭാഷ! എന്തു കലാമേന്മ! ചില ആത്മഹത്യകള്‍ ദിവസങ്ങളോളം നമ്മുടെ ഉറക്കം കെടുത്തും. പക്ഷേ ഈ ആത്മഹത്യകളാകട്ടെ മനസ്സിലൂടെ ഒന്നു കയറിയിറങ്ങുന്നുപോലുമില്ലല്ലോ എന്നോര്‍ത്തുപോകും. എന്തുകൊണ്ടാവാം ഇങ്ങനെ സംഭവിച്ചത്?  'പെണ്ണൂകാണല്‍' ഈ പുസ്തകത്തിന് ഒട്ടും ചേരാത്തൊരു കഥ ( അതോ അനുഭവക്കുറിപ്പോ) എന്നും തോന്നിയാല്‍ അത്ഭുതമില്ല. 'ചിതാഭസ്മം കലക്കിക്കുടിക്കുന്നവര്‍' പെരുമ്പടവം  ശ്രീധരന്റെ അഭിമുഖങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ലവര്‍ക്ക് അതു തന്നെയല്ലേ ഇത് എന്നേ  തോന്നുകയുള്ളു. എങ്കിലും അതിനെക്കുറിച്ചറിയാത്തവര്‍ക്ക് ആ രചന വളരെ ആസ്വാദനപ്രദം ആയിരിക്കുമെന്നതിനു രണ്ടുപക്ഷമില്ല. അതാകട്ടെ രചനയിലുള്ള സൗകുമാര്യം ഒന്നുകൊണ്ടു മാത്രം. അത്ര മനോഹരമായിട്ടുണ്ട് ആ അക്ഷരക്കൂട്ട്. 

വ്യത്യസ്തമായൊരു ചിത്രം തന്നെ 'വൈകി വിടരുന്ന നാലുമണിപ്പൂക്കള്‍' വരച്ചു കാട്ടുന്നു.  
ഒരു സത്യത്തെ എങ്ങനെ അപ്രിയമല്ലാതെ പറഞ്ഞു ഫലിപ്പിക്കാമെന്ന് ഇവിടെ വ്യക്തമാക്കിത്തരികയാണ് രചയിതാവ്. കൊല്ലും കൊലയ്ക്കുമപ്പുറത്തായൊരു കക്ഷിരാഷ്ട്രീയ ചിന്തയുണ്ടെന്നും സൗഹൃദമെന്നത് ഹൃദയങ്ങള്‍ തമ്മിലാണ് മറിച്ച് പ്രത്യശാസ്ത്രപരമായ ചിന്താസരണിയില്‍ ഉടലെടുക്കുന്ന ബാഹ്യരൂപിയായൊരു വികാരപ്രകടനമല്ല എന്നും ഈ പൂക്കളുടെ കടുത്ത വര്‍ണ്ണം നമ്മുടെ ഹൃദയങ്ങളിലും എഴുതിച്ചേര്‍ക്കുന്നു. 'നീതിപീഠത്തിന്റെ വര്‍ണ്ണച്ചിറകുകള്‍'നല്‍കുന്നതും മൂല്യവത്തായൊരു പാഠം തന്നെ. അധികാരവും പദവിയുമൊക്കെ ഒരു മനുഷ്യനെ എത്രത്തോളം മൂല്യശോഷണത്തിന്റെ കൊടുമുടിയിലെത്തിക്കാം എന്ന ജ്ഞാനമുക്തകം!താണ്ടമ്മയുടെ ചിരി വളരെ ചെറുതെങ്കിലും വായനക്കാരന് അതൊരു നീണ്ട ചിരി തന്നെ സമ്മാനിക്കുന്നു. മേഘജാലം നമുക്കുമുന്നില്‍ വെയ്ക്കുന്നതും സദ്ചിന്തയുടെ വിലപ്പെട്ടൊരു കനി തന്നെ. ''ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ഒറ്റപ്പെട്ടൊരു സ്ഫോടനമോ കൊലപാതകമോ നടന്നാല്‍  നവലോകം ഉണ്ടാകുമോ.'' ഇത് ഏതൊരു സാധാരണക്കരന്റെയും മനസ്സിലെ സന്ദേഹം തന്നെ- ഒരിക്കലും ഒരു തീവ്രവാദിക്കു മനസ്സില്‍ തോന്നാത്തതും. 

 ആത്മകഥ
''''''''''''''''''
" കണ്ണീര്‍ക്കായലില്‍ നീന്തി നീന്തി മുന്നോട്ടു പോകുമ്പോള്‍ കാലില്‍ തട്ടിത്തടയുന്ന കക്കയാണ് എന്റെ നര്‍മ്മകഥ. അവ വായനക്കാരില്‍ എത്തിക്കുന്ന എളിയ ജോലിയാണ് ഞാന്‍ നിര്‍വ്വഹിച്ചു പോരുന്നത്." (ആര്‍. എന്‍. ഹോമര്‍)

ഏതൊരു വ്യക്തിയുടേയും ജീവിതം സംഭവങ്ങളുടെ നിലയ്ക്കാത്തൊരു ഘോഷയാത്രയാണ്. എല്ലാ വിഘാതങ്ങളേയും പിന്നിലാക്കി ജീവിതമെന്ന നദി ഒഴുകുമ്പോള്‍ ഓര്‍മ്മയുടെ തോണി ഈ നദിയുടെ എതില്‍ ദിശയിലേയ്ക്ക് തുഴയുകയും ചെയ്യും. ഈ ഓര്‍മ്മകളേ അടുക്കും ചിട്ടയുമായി കോര്‍ത്തിണക്കി അക്ഷരമാല്യ്ം തീര്‍ത്താല്‍ അതൊരു മനോഹരമായ ആത്മകഥയെന്ന പുഷ്പഹാരമാകും. ആത്മകഥ സുന്ദരമാകാന്‍ അതിഭാവുകത്വത്തിന്റെ പൊടിപ്പും തൊങ്ങലും ഒട്ടും ആവശ്യമില്ല തന്നെ. പ്രത്യുത, സംഭവങ്ങളുടെ സത്യസന്ധമായ ആവിഷ്കാരം നല്‍കുന്ന സുഗന്ധം മാത്രം മതിയാകും. ഈ ആത്മകഥയ്ക്ക് ആ സുഗന്ധം വേണ്ടുവോളമുണ്ടെന്നത് എടുത്തു പറയേണ്ട കാര്യം തന്നെ. കാപട്യമില്ലാത്ത, പുറമ്പൂച്ചുകളില്ലാത്ത പച്ചയായ ജീവിതാവിഷ്കാരം. ഇതില്‍ നര്‍മ്മമുണ്ട്, ദുഃഖമുണ്ട്, ദാര്‍ശനികതയുണ്ട്, എവിടെയും എത്താതെ നില്‍ക്കുന്ന കഥയില്ലായ്മയുമുണ്ട്.  പൊട്ടിച്ചിരിപ്പിക്കുകയും പൊട്ടിക്കരയിക്കുകയും ചെയ്യുമ്പോഴും  ഓരോ ചിരിയും കരച്ചിലും ബാക്കി നല്‍കുന്നത് ആഴത്തില്‍ ചിന്തിക്കാനൊരു ഗഹനതയാവും, ജീവിതത്തിന്റെ അര്‍ത്ഥ്ശൂന്യതയെന്ന പൊള്ലയായൊരു മണ്‍കുടത്തിലെ ഗഹനത. ഹോമറന്ന എഴുത്തകാരനെയല്ല, ഹോമറന്ന പച്ചയായ മനുഷ്യനാണ് ഈ ആത്മകഥയില്‍ നമുക്കു മുന്പില്‍ അനാവൃതമാക്കപ്പെടുന്നത്. 

ജീവിതയാത്രയില്‍ ഒരു തുളസിയേയോ ഹോമറിനേയോ കണ്ടുമുട്ടാത്തവര്‍ ഉണ്ടാവില്ല. സിന്ദൂരപ്പൂക്കളില്‍ വിടര്‍ന്നു നില്‍ക്കുന്നത് ഒരു കാലഘട്ടത്തിന്റെ തന്നെ കഥയാണ്. ഇന്നത്തെ തലമുറയ്ക്ക് പരിചിതമല്ലാത്ത കാലത്തിന്റെ കഥ. പാതിരായാത്രയും നമുക്കൊരു ചിത്രം പോലെ കാണാന്‍ കഴിയും അകക്കണ്ണില്‍. അന്ത്രുവാശാനും കുടുംബവും ജമീലയുമൊക്കെ ഇറ്റു വീഴാന്‍ മടിക്കുന്നൊരു കണ്ണിര്‍ക്കണമായി വായനക്കാരന്റെ മനസ്സില്‍ അവശേഷിക്കും. കര്‍ക്കിടകരാവുകളിലെ തിരിനാളം തെളിയുമ്പോള്‍ വായനക്കാരന്റെ കാതില്‍ ഒഴികിയെത്തും ഗ്രാമീണഗീതത്തിന്റെ ഉടുക്കിന്‍ നാദം. ജീവിതപുസ്തകത്തിലെ ഒരു വലിയ ഏടുതന്നെയാണ് വലിയ മീന്‍ നമുക്കു തുറന്നു കാട്ടുന്നത്. ഭരതന്‍ മാഷിന്റെ ഓര്‍മ്മകള്‍ ഉജ്ജ്വലമായൊരു ദീപ്തിവിശേഷം നല്‍കുന്നൊരു വിളക്കായി ശോഭിക്കുന്നു. കെ പി അപ്പനേക്കുറിച്ചുള്ള ഓര്‍മ്മക്ളും  വെളിച്ചം വിതറുന്നവ. ഇരുട്ടില്‍ ഒരു മിന്നാമിന്നിയായി പി ഗോവിന്ദപ്പിള്ലയും. നൈനേഷിന്റെ നന്ദികേടാവട്ടെ തമസ്സിന്റെ ഒരു ചിന്തു സമ്മാനിക്കുകയുമാണ്. പൊതിച്ചോറും സിനിമാഭ്രാന്തും നല്‍കുന്നത് വ്യത്യസ്തതയുടെ ചിത്രവും. ഹോമറെന്ന ജാമ്യക്കാരനേപ്പോലെ ഇപ്പോഴുമുണ്ട് ചിലര്‍, ജാമ്യം നില്‍ക്കല്‍ കുത്തകയായെടുത്തവര്‍. അത്ഭുതശാപ്പാട് വായിക്കുമ്പോള്‍ വായനക്കാരനും ആ ശാപ്പാടു കഴിച്ച പ്രതീതി. പടിയിറക്കം ഏതാനും വാക്കുകളില്‍ ഒരു ഒരു വലിയ ജീവിത യാത്ര തന്നെ  കാട്ടിത്തരുന്നു. 'പഞ്ചപാണ്ഡവന്മാര്‍ കട്ടില്‍ക്കാലുപോലെ മൂന്ന'ല്ല ആറെന്നു തെളിയിക്കുന്നു. നന്മയിലേയ്ക്കു നയിച്ചവരെയൊക്കെ നന്ദിപൂര്‍വ്വം സ്മരിക്കുന്ന ഗ്രന്ഥകാരന് നന്മയില്‍ കുറഞ്ഞ് എന്തു കിട്ടാന്‍!. 

 കഥയില്‍ ചോദ്യമില്ല. കവിതയിലും! സ്വപിതാവിന്റെ പ്രണയവും ചുറ്റിക്കളിയുമൊക്കെ ഇത്ര ലാഘവത്തോടെ വായനക്കാരന്റെ മുന്നിലെത്തിക്കാന്‍ ഹോമറെന്ന എഴുത്തുകാരനല്ലാതെ മറ്റാര്‍ക്കു കഴിയും! 'മുടിയനായ അച്ഛന്റെ പുത്രന്‍' വായനക്കാരനു നല്‍കുന്ന ദുരന്ത ചിത്രം ഹൃദയത്തില്‍ മുനയുള്ലൊരു മുള്ളിനാല്‍ കോറിയിടുന്ന നിഴല്‍ച്ചിത്രം, പക്ഷേ മാഞ്ഞുപോകുന്നില്ല ആ ദുഃഖചിത്രം.  

എന്തായിരിക്കാം ഒരാളുടെ വീക്ക്നെസ്സ് !... പണമല്ല, പെണ്ണല്ല, അധികാരമല്ല, മദ്യമോ മറ്റു ലഹരിപദാര്‍ത്ഥങ്ങളുമല്ല, ജാതിയും മതവുമല്ല. .. പിന്നെ,.... സംഗീതം.. അതിന്റെ നാദം, ലയതാളം. പക്ഷേ സ്നേഹം ദൗര്‍ബ്ബല്യമല്ലാത്ത മനുഷ്യരുണ്ടോ? എത്ര കിട്ടിയാലും കൊടുത്താലും മതിവരാത്ത ഒന്നേയുള്ളു ഈ ലോകത്തില്‍ - സ്നേഹം. പിന്നെന്തേ ജയകാന്തകാരന് അതൊരു ദൗര്‍ബ്ബല്യമല്ലാതെ പോയത് ! ഒരുപക്ഷേ സ്നേഹം അദ്ദേഹത്തിന്റെ ദൗര്‍ബ്ബല്യമായിരിക്കില്ല, ശക്തിയായിരിക്കാം. ആ ശക്തിയിലാണ് ഈ പുസ്തകത്തിലെ ഓരോ അക്ഷരക്കൂട്ടും ജ്വലിച്ചു നില്‍ക്കുന്നത്. 

ഈ പുസ്തകത്തിലെ പലരചനകളിലും ഗ്രന്ഥകാരന്‍ നല്ലൊരു കവിയാണെന്നു കൂടി നമുക്കു കാട്ടിത്തരുന്നുണ്ട്. " മകരക്കുളിരും മകരനിലാവും വിശാലമായ പുഴയും കെട്ടുപിണഞ്ഞു കിടന്നു സ്വകാര്യം പറയുന്നതു" കാണാന്‍ ഒരു കവിഹൃദയത്തിനേ കഴിയൂ. മറ്റൊരു മനോഹര കാവ്യമാണ് 'പുഴയ്ക്കു പകരം'. ' ഉണ്ണിയപ്പവും അച്ചപ്പവും' നല്‍കുന്ന മധുരത്തിനപ്പുറം കാവ്യമധുരവും ഇടയ്ക്കിടെ നമ്മെ രസിപ്പിക്കും. ഇവയൊക്കെ ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രം. നാളെ ഒരുപക്ഷേ ഹോമറെന്ന കവിയെ കാലം നമുക്കു നല്‍കുകയില്ല എന്ന് ആരു കണ്ടു!

കത്തുകളും ലേഖനങ്ങളും കാഴ്ചപ്പാടുകളും
................................................................
പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ഓരോ കത്തുകളും ഹോമറെന്ന മനുഷ്യന്റെ നന്മയും മേന്മയുമാണ് വിളിച്ചോതുന്നത്. ഹോമറെന്ന എഴുത്തുകാരന്റെ മഹത്വം തിരക്കി പോകേണ്ടതും ഈ കത്തുകളിലേയ്ക്കാണ് എന്നു തോന്നും അവയിലൂടെ കടന്നു പോകുമ്പൊള്‍. 
ലേഖനങ്ങളാകട്ടെ പകര്‍ന്നു നല്‍കുന്ന വൈകാരികപ്രപഞ്ചം വാക്കുകളിലൂടെ പ്രതിഫലിപ്പിക്കാനാവുകയില്ല. പല ജീവിതങ്ങളുടേയും അറിയാതെ പോയ കഥകളും കാണാതെ പോയ കാഴ്ചകളും സമ്മാനിക്കുന്നു ഓരോ ലേഖനങ്ങളും. 
കാഴ്ചപ്പാടുകളാകട്ടെ വായനക്കാരനു ലഭിക്കുന്ന പാഠങ്ങളാണ്. ഉള്‍ക്കൊള്ളാന്‍ കഴിയാത്തവ നിരാകരിച്ചാല്‍ മതിയല്ലോ. അങ്ങനെ എഴുത്തുകാരന്‍ ഒരു ഗുരുവിന്റെ മേലങ്കി കൂടി അണിയുന്നു ഈ കാഴ്ചപ്പാടുകളിലും . തിരുക്കുറളില്‍ പ്രാധാന്യം നല്‍കാതെ പോയ കാര്യങ്ങള്‍ ഒരുപാടു ചിന്തിപ്പിക്കുന്നു. ആ ചിന്തകള്‍ക്കൊടുവില്‍ മനസ്സില്‍ ഉരുത്തിരിയുന്നത് ഒരു നന്മയാണെങ്കില്‍ അതാണല്ലോ ഗ്രന്ഥകാരന്റെ ആത്യന്തികമായ വിജയവും. 
'ജയകാന്തം' അനുഭൂതിദായകമായൊരു വായനാനുഭവം അനുവാചകര്‍ക്കു സമ്മാനിക്കട്ടെ എന്നാശംസിക്കുകയാണ്. തീര്‍ച്ചയായും വായനക്കാരന് ഒരു നവചൈതന്യം ഈ വായന പകര്‍ന്നു തരുമെന്നതിനു സംശയമില്ല. ഇനിയും ഒരുപാടു രചനകളുമായി മലയാളഭാഷയ്ക്കു തന്റേതായ സംഭാവനകള്‍ നല്‍കി അനുവാചകമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠനാകുവാന്‍ ഗ്രന്ഥകാരന് എല്ലാ ഭാവുകങ്ങളും നേരുന്നു. 'ഹോമറെ'ന്ന പേരുനല്‍കുമ്പോള്‍ ഇളയച്ഛനാഗ്രഹിച്ചതുപോലെ സാഹിത്യരംഗത്ത് ഒരിതിഹാസമാകുവാന്‍ വിദൂരമല്ലാത്ത ഭാവിയില്‍ കഴിയട്ടെ.  നന്ദി. നമസ്കാരം. 

( ശ്രീ ആര്‍ എന്‍ ഹോമര്‍ ഏറണാകുളം ജില്ലയില്‍ നോര്‍ത്ത് പറവൂര്‍ കെടാമംഗലം സ്വദേശിയാണ്. സാഹിത്യകരനെന്നതിനു പുറമേ നല്ലൊരു പ്രസംഗകനും ഗായകനും കൂടിയാണ് ശ്രീ ഹോമര്‍.  'ജയകാന്തം ' രണ്ടു പതിപ്പുകള്‍ കൂടാതെ  'അറിയപ്പെടാത്ത വിപ്ലവകാരി ആര്‍. കെ കേളു' എന്ന ജീവിചരിത്രവും നര്‍മ്മകഥകളടങ്ങിയ ' ലോട്ടറി അടിക്കാന്‍ എന്തുചെയ്യണം ? ' എന്ന ഗ്രന്ഥവും അദ്ദേഹത്തിന്റേതായുണ്ട്. 266 പേജുകളുള്ള ജയകാന്തം രണ്ടാം പതിപ്പിന്റെ വില 230 രൂപയാണ്. 8547829138 എന്ന മൊബൈല്‍ നമ്പറില്‍ ആവശ്യപ്പെട്ടാല്‍ പുസ്തകം ലഭിക്കുന്നതാണ്. ) 















Monday, April 27, 2015

ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങള്‍-6

സത്യേന്ദ്രനാഥ് ബോസ്.
''''''''''''''''''''''''''''''''''''''


ഖരം,  ദ്രവം, വാതകം- പദാര്‍ത്ഥങ്ങളുടെ മൂന്നവസ്ഥകള്‍ നമുക്കു വളരെ പരിചിതമായത്. നാലാമത്തെ അവസ്ഥയെക്കുറിച്ചും നമുക്കറിയാം, പ്ലാസ്മ എന്നത്. സൂര്യനിലും മറ്റു നക്ഷത്രങ്ങളിലുമൊക്കെ ഈ അവസ്ഥയിലാണ് എല്ലാം കാണപ്പെടുന്നത്. ഇനിയുമൊരവസ്ഥയുണ്ട്, അഞ്ചാമതായി. അതാണ് ബോസ്-ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്. ഈ പേരിലെ ബോസ് നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണെന്നതാണ് ഇവിടെ ഏറ്റവും പ്രസക്തമായ കാര്യം. അതെ, ഈ അവസ്ഥ കണ്ടെത്തിയതിനു പിന്നില്‍ ഭാരതത്തിന്റെ അഭിമാനമായ ശാസ്ത്രജ്ഞന്‍ സത്യേന്ദ്ര നാഥ് ബോസ് ആണ് ഐന്‍സ്റ്റീന്റെ ഒപ്പമുണ്ടായിരുന്നത്. ഭൗതികശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതമായ ബോസ് ഐന്‍സ്റ്റീന്‍ സമീകരണം ( Bose Einstein Statistics )  എന്ന നവശാസ്ത്രശാഖയുടെ ആവിഷ്കാരത്തിലും ഐന്‍സ്ടീനൊപ്പം ചേര്‍ത്തുവെച്ച പേര് ഈ മഹാപ്രതിഭയുടേതു തന്നെ. 

1894 ജനുവരി ഒന്നിന്   റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന സുരേന്ദ്ര നാഥ് ബോസിന്റെയും ആമോദിനി ദേവിയുടേയും മകനായി കല്‍ക്കത്തയിലാണു സത്യേന്ദ്രനാഥിന്റെ ജനനം. ആറു സഹോദരിമാര്‍ കൂടി അദ്ദേഹത്തിനു താഴെയുണ്ട്. കുട്ടിക്കാലത്തെ പേര് സത്യയെന്‍ എന്നായിരുന്നു. ബാല്യത്തില്‍ തന്നെ അസാമാന്യ ബുദ്ധിവൈഭവം പ്രകടമാക്കിയിരുന്നു ഈ പ്രതിഭാശാലി. അതിന് ഉപോല്‍ബലകമായുള്ളൊരു സംഭവമാണ് അദ്ദേഹത്തിനു സ്കൂളിലെ ഗണിതപരീക്ഷയില്‍ 100 ല്‍ 110 മാര്‍ക്കു ലഭിച്ചത്. ചില ഗണിതപ്രശ്നങ്ങള്‍ അദ്ദേഹം വിവിധരീതികളില്‍ നിര്‍ദ്ധാരണം ചെയ്തിരുന്നു. അദ്ധ്യാപകരെ ഈ ബുദ്ധിവൈഭവം അമ്പരപ്പിക്കുക തന്നെ ചെയ്തു. അന്നേ അവര്‍ പ്രവചിച്ചിരുന്നു ഈ ബാലന്‍ ഉയരങ്ങള്‍ കീഴടക്കുമെന്ന്. 

കൊൽക്കത്തയിലെ ഹിന്ദുസ്‌കൂളിൽ ആദ്യകാല വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പ്രസിഡൻസി കോളേജിൽ ഉന്നതവിദ്യാഭ്യാസത്തിന്‌ ചേർന്നു. ഗണിതവും ഭൗതിക ശാസ്ത്രവുമായിരുന്നു ബോസിന്റെ ഇഷ്ടവിഷയങ്ങൾ.സമര്‍ത്ഥരായ സഹപാഠികള്‍ക്ക് ഉറപ്പുണ്ടായിരുന്നു സത്യേന്ദ്രനാഥിനെ മറികടന്ന് സര്‍വ്വകലാശലാ പരീക്ഷയില്‍  ഒന്നാം സ്ഥാനം കരസ്ഥമാക്കാനാവില്ല എന്ന്. ചിലര്‍ അതുകൊണ്ടു മറ്റു വിഷയങ്ങളിലേയ്ക്കു മാറി. വേറെ ചിലരാകട്ടെ ആ വര്‍ഷം പരീക്ഷയ്ക്ക് ഇരുന്നതേയില്ല. കോളേജിൽ അദ്ധ്യാപകനായി പ്രശസ്‌ത ശാസ്‌ത്രജ്ഞൻ ജഗദീശ്‌ ചന്ദ്രബോസും സഹപാഠിയായി മേഘനാഥ്‌ സാഹയും സത്യയെൻ ബോസിന്‌ ഒപ്പമുണ്ടായിരുന്നു.  എന്തിനേറെ.. 1915 ല്‍ കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിൽ നിന്ന്‌ യൂണിവേഴ്സിറ്റി ഒന്നാം റാങ്കോടുകൂടി എം.എസ്.സി.  പാസ്സായി.  ഇതേ വര്‍ഷം തന്നെ ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തം ജര്‍മ്മന്‍ ഭാഷയില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കു പരിഭാഷപ്പെടുത്തുക എന്ന ഉന്നത ദൗത്യം കൂടി അദ്ദേഹം പൂര്‍ത്തിയാക്കി. 

1915 ല്‍ തന്നെ സത്യയന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട മറ്റൊരു സംഭവം കൂടി നടന്നു.  ഉഷ ബാലാഘോഷ്‌ അദ്ദേഹത്തിന്റെ ജീവിത സഖിയായി. (പിന്നീട് ഈ ദാമ്പത്യവല്ലരിയില്‍ അഞ്ചു പുഷ്പങ്ങള്‍ വിരിയുകയുണ്ടായി. ) തൊട്ടടുത്ത വര്‍ഷം ധാക്കാ സര്‍വ്വകലാശാലയില്‍ ഭൗതിക ശാസ്ത്രാദ്ധ്യാപകനായി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. പക്ഷേ ഇക്കാലത്താന് ഒന്നാം ലോകമഹായുദ്ധം അതിന്റെ ഉച്ചഃസ്ഥായിയില്‍ എത്തിയത്. അതുകൊണ്ടു തന്നെ യൂറോപ്പിലെ ഗവേഷണ ഫലങ്ങളൊന്നും പ്രസിദ്ധപ്പെടുത്തിയിരുന്നുമില്ല.  ഇതേ അവസരത്തില്‍ തന്നെയാണ് ന്യൂക്ലിയര്‍ ഫിസിക്സില്‍ സാരമായ പല ഗവേഷണങ്ങളും നടന്നു പോന്നത്. പ്രൊഫസ്സര്‍ ദേവേന്ദ്രനാഥ് ബോസുമായുള്ള തുടര്‍ച്ചയായുള്ള ആശയവിനിമയങ്ങളിലൂടെ ഈ രംഗത്തെ പുതിയ അറിവുകളെ സ്വായത്തമാക്കിക്കൊണ്ടിരുന്നു. അദ്ദേഹമാകട്ടെ അന്ന് ജര്‍മ്മനിയില്‍ കാന്തികോര്‍ജ്ജത്തില്‍ ഗവേഷണം നടത്തിവരികയായിരുന്നു. പക്ഷേ യുദ്ധം തുടങ്ങിയതോടെ എല്ലാം ഏതാണ്ട് നിശ്ചലമായ അവസ്ഥയിലും.

1921 ല്‍ ബോസ് ധാക്കാ യൂണിവേഴ്സിറ്റിയില്‍ റീഡറായി. 1923 ല്‍  പ്ലാങ്ക്സ് തിയറിയുടെ വ്യുല്പത്തിയെ സംബന്ധിക്കുന്ന തന്റെ ഗവേഷണ പ്രബന്ധം ബ്രിട്ടീഷ് ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുവാന്‍ അയച്ചുകൊടുക്കുകയുണ്ടായി. പക്ഷേ അവര്‍ അതു നിരാകരിച്ചു എങ്കിലും ബോസിന് തന്റെ പ്രവര്‍ത്തനങ്ങളില്‍ ആത്മവിശ്വാസം ഏറെയുണ്ടായിരുന്നു. ഒട്ടും അമാന്തിക്കാതെ അദ്ദേഹം തന്റെ പ്രബന്ധം ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് നേരിട്ട് അയച്ചു കൊടുത്തു. അദ്ദേഹം അത് വായിച്ച് ബോസിനെ അഭിനന്ദിച്ച് എഴുതുക മാത്രമല്ല ജെര്‍മ്മന്‍ ഭാഷയില്‍ പരിഭാഷപ്പെടുത്തി യൂറോപ്യന്‍ ഫിസിക്സ് ജേര്‍ണല്‍ ആയ 'സെയ്ത്ഷിഫ്ട്‌ ഫര്‍ ഫിസിക്ക്' ല്‍ പ്രസിദ്ധീകരിക്കുകയും ഉണ്ടായി. ഒപ്പം ഈ പ്രബന്ധത്തെ കുറിച്ച്‌ ഒരു ജനശ്രദ്ധയാകര്‍ഷിച്ച  ലേഖനവും ഐൻസ്റ്റൈൻ എഴുതി. തുടർന്ന്‌ ബോസ്‌ ഐൻസ്റ്റൈൻ സ്റ്റാറ്റിസ്റ്റിക്‌സ്‌ എന്ന മേഖല തന്നെ ഉരുത്തിരിഞ്ഞു. ഈ നിയമം അനുസരിക്കുന്ന കണങ്ങളെ ബോസോണുകൾ എന്നും അിറയപ്പെടാൻ തുടങ്ങി. വാതക ബോസോണുകളെ തണുപ്പിച്ച്‌ കേവലപൂജ്യനിലയ്‌ക്ക്‌ (-273oC) അടുത്തെത്തിച്ചാൽ ബോസ്‌-ഐൻസ്റ്റൈൻ നിയമപ്രകാരം ആറ്റങ്ങൾ ഒന്നുചേർന്ന്‌ ഒരു പുതിയ അവസ്ഥ സൃഷ്‌ടിക്കും. ( കേവലപൂജ്യം എന്നാല്‍ അളക്കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ താപനില) ഇത്‌ ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായി കണക്കാക്കി. 1924 ലാണ്‌ ഈ കണ്ടുപിടുത്തം നടന്നത്‌. എന്നാൽ 1995-ൽ മാത്രമാണ്‌ പരീക്ഷണത്തിലൂടെ ഇത്‌ സ്ഥിരീകരിക്കപ്പെട്ടത്‌. എറിക്‌ കോർണലും വീമാനും ചേർന്ന്‌ നടത്തിയ പരീക്ഷണത്തിലൂടെ 'ബോസ്‌-ഐൻസ്റ്റീൻ കണ്ടൻസേറ്റ്‌' ശാസ്‌ത്രലോകം വ്യക്തമായി അംഗീകരിച്ചു. അപേക്ഷികതാ സിദ്ധാന്തത്തിൽ സവിശേഷപഠനവും ക്രിസ്റ്റലോഗ്രാഫി, ഫ്‌ളൂറസൻസ്‌, തെർമോലൂമിനസൻസ്‌ എന്നിവയിൽ ബോസ്‌ പരീക്ഷണങ്ങൾ നടത്തുകയും ചെയ്‌തു.

ബോസിന്റെ ജീവിതത്തില്‍ കൗതുകകരമയ മറ്റൊരു സംഭവം കൂടിയുണ്ടായി. ധാക്കാ സര്‍വ്വകലാശാലയില്‍ പ്രൊഫസ്സര്‍ തസ്തികയിലേയ്ക്ക് അപേക്ഷിച്ച ബോസിനെ പി എച്ഡി യോ ഡി എസ്സ് സി യോ ഇല്ല എന്ന കാരണത്താല്‍ നിയമനത്തിനു വിസമ്മതിച്ചു. ഐന്‍സ്റ്റീന്റെ പക്കല്‍ നിന്ന് ഒരു സാക്ഷ്യപത്രം  നേടുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതറിഞ്ഞ മഹാനായ ആ ശാസ്ത്രജ്ഞന്റെ മറുപടി ഇങ്ങനെയായിരുന്നു. " താങ്കളുടെ നാട്ടുകാര്‍ അറിയുന്നില്ലല്ലോ ഇവിടെ പ്രസിദ്ധീകരിച്ച താങ്കളുടെ പ്രബന്ധം ഒരു പി എച്ച് ഡിയുടെ നിലവാരത്തേക്കാള്‍ എത്രയോ ഔന്നത്യത്തിലാണെന്ന്!" 

1924 ല്‍ ധാക്കാ സര്‍വ്വകലാശാലയുടെ സ്കോളര്‍ഷിപ്പോടെ പാരീസിലെത്തി മാഡം ക്യൂറിയുമൊത്ത് ഗവേഷണം നടത്താന്‍ സാധിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. 10 മാസക്കാലം മാഡം ക്യൂറിയും ലൂയിസ് ഡി ബ്രോഗ്ലീയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം അദ്ദേഹം ബെല്‍ളിന്‍ മടങ്ങിയെത്തിയത് ഐന്‍സ്റ്റീന്റെ ഹൃദ്യമായ സ്വാഗതം സ്വീകരിച്ചായിരുന്നു. അവിടെ അദ്ദേഹത്തിന് വിശ്വവിഖ്യാതരായ പല ശാസ്ത്രജ്ഞന്‍മാരുമായി ചര്‍ച്ചകളും പഠനങ്ങളും നടത്താന്‍ അവസരമുണ്ടായി. അങ്കിലും ഐന്‍സ്റ്റീനെ തന്റെ ഗുരുവും വഴികാട്ടിയുമായി അദ്ദേഹം കരുതിപ്പോന്നു. ബെര്‍ലിനില്‍ നിന്നു മടങ്ങിയെത്തിയ ബോസ് ധാക്കാ സര്‍വ്വകലാശാലയില്‍ പ്രൊഫസ്സറായി നിയമിതനായി. ഒപ്പം ഭൗതികശാസ്ത്രവിഭാഗത്തിന്റെ തലവനുമായി അവരോധിക്കപ്പെട്ടു. പക്ഷേ 1945 ല്‍ കൊൽക്കത്തയിൽ തിരിച്ചെത്തി അവിടെ യൂണിവേഴ്സിറ്റി സയന്‍സ് കോളേജില്‍  പ്രൊഫസറായി ചേർന്നു. ശാസ്‌ത്രത്തെ പ്രാദേശിക ഭാഷയിലെത്തിക്കുന്നതിൽ വളരെയേറെ സംഭാവനകൾ ബോസ്‌ നൽയിരുന്നു. പ്രാദേശിക ഭാഷയിലെത്തുന്നതോടെ കൂടുതൽ ജനങ്ങളിലേക്ക്‌ ശാസ്‌ത്രനേട്ടങ്ങളെ എത്തിക്കാമെന്നത്‌ അദ്ദേഹത്തെ ആവശഭരിതനാക്കിയിരുന്നു. ശാസ്‌ത്രത്തിന്റെ വിവിധ കൈവഴികളെ ജനകീയവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം രാഷ്‌ട്രീയ പ്രവർത്തനമായി കാണാം. ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട്‌ രാഷ്‌ട്രീയ പ്രവർത്തകരും, സാഹിത്യനായകരും, ശാസ്‌ത്രജ്ഞരും പൊതുജനങ്ങളുമെല്ലാം ബംഗാളിൽ സംഘടിച്ചിരുന്നതും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക്‌ ബോസിന്‌ സഹായകമായി. വിരമിച്ച ശ്വ്ഷം 1956 ല്‍ അദ്ദേഹം വിശ്വഭാരതി യൂണിവേഴ്സിടിയുടെ വൈസ് ചാന്‍സലറായി.

ഒരു അദ്ധ്യാപകനെന്ന നിലയില്‍ ബോസ് തന്റെ കൃത്യനിര്‍വ്വഹണം സ്തുത്യര്‍ഹമായി തന്നെ നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളോടുള്ല അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങള്‍ക്ക് അതിരുകളുണ്ടായിരുന്നില്ല. സാമ്പത്തികബുദ്ധിമുട്ടനുഭവിച്ചിരുന്ന വിദ്യാര്‍ത്ഥികളെ അദ്ദേഹം സഹായിക്കാന്‍ മടിയൊന്നും കാണിച്ചിരുന്നില്ല. സമാനചിന്താഗതിക്കാരായ സുഹൃത്തുക്കളൊടും തന്റെ വിദ്യാര്‍ത്ഥികളൊടും എത്ര സമയം വേണമെങ്കിലും ഏതു വിഷയത്തേപ്പറ്റിയും സംസാരിച്ചിരിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. ഗണിത -ഭൗതികശാസ്ത്രസംബന്ധികളായ ഏതൊരു   സങ്കീര്‍ണ്ണ പ്രശ്നത്തേയും നിര്‍ദ്ധാരണം ചെയ്യാന്‍ അദ്ദേഹത്തിന് ഏറെ കൗതുകമുണ്ടായിരുന്നു എന്നും. 

ബോസിന്റെ പ്രസിദ്ധീകരിക്കപ്പെട്ട പ്രബന്ധങ്ങള്‍ 24 എണ്ണമാണുള്ളത്. ഭൗതികശാസ്ത്രസംബന്ധിയായ ഇവയെല്ലാം തന്നെ വളരെ ഉന്നത നിലവാരം പുലര്‍ത്തുന്നവയും. ബോസ്-ഐൻസ്റ്റൈൻ സാംഖ്യികം അനുസരിക്കുന്ന കണികകളായ ബോസോണുകളുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ഒന്നിലേറെ പേർക്ക്‌ നോബൽ സമ്മാനം പിൽക്കാലത്ത്‌ ലഭിച്ചു. പക്ഷേ, എല്ലാ യോഗ്യതയുമുണ്ടായിട്ടും ബോസ്‌, നോബൽ സമ്മാനത്തിന്‌ തിരഞ്ഞെടുക്കപ്പെട്ടില്ല. റോയൽ സൊസൈറ്റിയുടെ ഫെലോഷിപ്പു പോലും അദ്ദേഹത്തെ തേടിയെത്തുന്നത്‌, തന്റെ സുപ്രധാന നേട്ടം കൈവരിച്ച്‌ 34 വർഷത്തിന്‌ ശേഷമാണ്‌- 1958ലല്‍. ഭാരതമാകട്ടെ അദ്ദേഹത്തെ 1944-ൽ ഇന്ത്യൻ സയൻസ്‌ കോൺഗ്രസ്‌ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു.  1956 ല്‍ രാജ്യം അദ്ദേഹത്തെ 'പത്മ വിഭൂഷണ്‍' നല്‍കി ആദരിക്കുകയുണ്ടായി. കൂടാതെ ദേശീയ പ്രൊഫസർ പദവിയും അദ്ദേഹത്തിനു  രാജ്യം നല്‍കുകയുണ്ടായി. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ഇത്രയേറെ അവഗണന അനുഭവിച്ച ഒരു ശാസ്ത്രജ്ഞന്‍ വേറെയുണ്ടാകുമോ എന്നു സംശയം. 

വര്‍ദ്ധക്യകാലത്ത് അദ്ദേഹത്തിന്റെ തീര്‍ത്ഥാടനങ്ങള്‍ രാജ്യത്തുടനീളമുള്ള ശാസ്ത്രസ്ഥാപനങ്ങളിലേയ്ക്കായിരുന്നു. ശാസ്ത്രജ്ഞന്‍മാരും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങളും സൂത്രവാക്യങ്ങളും പകര്‍ന്നു നല്‍കുകയും ആയിരുന്നു അദ്ദേഹത്തെ സംബന്ധിച്ചിടത്തോലം ഈശ്വരദര്‍ശനം. 1974 ഫെബ്രുവരി മാസം 4 )0 തീയതി കല്‍ക്കട്ടയില്‍ വെച്ച്, ഫോട്ടോണുകളെ എണ്ണാന്‍ ഐന്‍സ്റ്റീനെ പഠിപ്പിച്ച ( ജോണ്‍ ഗ്രിബിന്‍ വിശേഷിപ്പിച്ചത് )  ഈ ശാസ്ത്ര കുതുകി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. എങ്കിലും ഓരോ ഭാരതീയന്റേയും മനസ്സില്‍ അഭിമാനത്തിന്റെ പ്രകാശകണങ്ങള്‍ മിന്നിത്തെളിയിച്ച് ഈ പ്രതിഭ എന്നും ജീവിക്കുക തന്നെ ചെയ്യും. 






Monday, April 20, 2015

.......

പാടാന്‍ മടിക്കുന്ന
പൂങ്കുയിലേ
നിന്റെ പാട്ടിനായ്
കാതോര്‍ത്തിരിക്കുന്നു ഞാന്‍..
ഗാനപ്രപഞ്ചമാ
ഹൃദയത്തിന്‍ ചെപ്പില്‍ നീ
എന്തിനായ് പൂട്ടിവെച്ചീടുന്നു
ഗായകാ..
ഒരു സ്നേഹസാഗരം
കാത്തിരിക്കുന്നു നിന്‍
വ്യഥകളകറ്റുവാന്‍ തോഴാ..
ഉയരുന്നൊരലകളായ്
ഉയിര്‍ തന്നു തഴുകുവാന്‍
ഉണ്ടാര്‍ദ്ര സ്നേഹത്തിന്‍
നിറ സമുദ്രം.
ആഴ്ന്നാഴ്ന്നിറങ്ങുക
അഗാധത തേടുക
ഒരു സൂര്യബിംബമായ്
ഉയിര്‍ത്തെഴുന്നേല്‍ക്കുക..
കാവ്യകമലങ്ങള്‍ തന്‍
നിറമാല തീര്‍ക്കുക..
കാത്തിരിക്കുന്നു ഞാന്‍
കാതോര്‍ത്തിരിക്കുന്നു
പ്രിയകോകിലത്തിന്റെ
മൃദുഗാനനിര്‍ഝരി



Friday, April 10, 2015

ഹൃദയത്തിന്റെ നുറുങ്ങ്

ഹൃദയത്തിന്റെ നുറുങ്ങ് ( നിള ചിത്ര കാവ്യം -4)














മഴയിലും മഞ്ഞിലും വെയിലിലും കാറ്റിലും
മുഷിയാത്ത മനസ്സുമായ് നീ കാത്തിരുന്നെന്റെ
ഹൃദയനുറുങ്ങുകള്‍ സ്വീകരിക്കാന്‍!

ഞാന്‍ പോലുമറിയാതെ നീയെന്റെ തേങ്ങലും
വിങ്ങും മനസ്സിന്റെ നോവും ഞെരുക്കവും
ഒരുകൊച്ചു ചിമിഴായൊളിപ്പിച്ചുവോ?

നിന്നിലെന്‍ സ്വപ്നവും ദുഃഖവും മോദവും
ഒക്കെ ഞാന്‍ നല്‍കിത്തിരിഞ്ഞു നോക്കേ,
മേഘമൊഴിഞ്ഞ മാനം പോലെയെന്‍മനം

എങ്കിലുമെന്നോ ഞാന്‍ കൈവിട്ടു നിന്റെയാ
സ്നേഹം തുടിക്കുന്ന ഹൃദയ പാത്രം ,ഇന്ന്
മാപ്പിരക്കുന്നു ഞാന്‍, നന്ദിയേകുന്നു ഞാന്‍!!!




Thursday, April 9, 2015

പ്രിയ സഖേ....

അരികിലുണ്ടെന്റെ ശ്വാസമായ്, 
പ്രാണനായ്

അഴലു കത്തുന്ന മൗനമായ്, 
അകലെയായ്...

പ്രണയനൊമ്പരപ്പൂവായ്,
പ്രണവമായ്

നിറയുമാത്മാവിന്‍ ഹര്‍ഷമായ്,
പുളകമായ്

ഹൃദയതന്ത്രിതന്‍ രാഗമായ് 
താളമായ്

മഴയുതിര്‍ക്കുന്ന മേഘമായ്
തെന്നലായ്..

കരളിലുണ്ടെന്നും ദീപമായ് 
തേജസ്സായ്..

നിഴലു വീഴാത്ത സൂര്യനായ് 
താരമായ്

നീറി നോവുമെന്‍ ഹൃദയ
വീഥിയില്‍

തിരി തെളിച്ച ചിരാതിന്‍
വെളിച്ചമായ്

നീ വിളങ്ങുന്നു സ്നേഹമായ്
കരുണയായ്..

വിലമതിക്കാത്ത വിത്തമായ്
വിജയമായ്.....

Wednesday, April 8, 2015

ഈശ്വരന്‍

ഈശ്വരന്‍!
അവനും അവര്‍ക്കും  എനിക്കും......
അവര്‍ വിളിക്കും 'എന്റെ ദേവാ'
അവന്‍ വിളിക്കും 'എന്റെ ദേവാ'
എങ്കിലും നീയെനിക്കെന്നും
'എന്റെ ദേവന്‍'
അവരില്‍ നീ ചൊരിയുന്നു
കനിവും കരുണയും
അവര്‍ക്കായി നല്‍കുന്നു
അനുഗ്രഹാശിസ്സുകള്‍
ചൊരിയുന്നു സ്നേഹം നീ
മധുമാരിയായ് അവരില്‍
മേവുന്നു നീ സദാ
നിന്‍ പ്രിയര്‍ക്കൊപ്പം
ആകിലോ നീയെനിക്കെന്നും
'എന്റെ ദേവന്‍'
എന്നെന്നുമെപ്പോഴും
'എന്റെ മാത്രം ദേവന്‍'
സ്നേഹിക്കിലും പിന്നെ കലഹിക്കിലും
മാത്ര, ഓടിമറഞ്ഞങ്ങു
പോയീടിലും
നീയെന്റെ അഭയസങ്കേതം
നീയെനിക്കെന്നും
'എന്റെ ദേവന്‍'

Monday, April 6, 2015

ദുഃഖവെള്ളി

യേശുദേവന്‍ കുരിശിലേറ്റപ്പെട്ട, സഹനത്തിന്റെ തിരുന്നാളായ ത്യാഗദിനത്തിന് എന്തുകൊണ്ടാണ് ഗുഡ് ഫ്രൈഡേ എന്നു പേരുവന്നത്?
ഇങ്ങനെയൊരു ചോദ്യം മനസ്സില്‍ വന്നതിനു നിദാനം പ്രിയപ്പെട്ട എഴുത്തുകാരന്‍ ശ്രീ ആര്‍ എന്‍ ഹോമര്‍ സറിന്റെ ഒരു സന്ദേശമാണ്.
ഇങ്ങനെ ഒരന്വേഷണത്തിനു പ്രേരിപ്പിച്ചതും ഈ 'ജയകാന്ത' കര്‍ത്താവുതന്നെ.
ഇന്ത്യ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ഈ പുണ്യദിനം 'ദുഃഖവെള്ളി' ആയിത്തന്നെയാണ് ആചരിക്കപ്പെടുന്നത്. എന്നാല്‍ യേശുദേവന്‍ ലോകമെമ്പാടുമുള്ല മനുഷന്റെ പാപപരിഹാരമായി ക്രൂശിതനാകുന്ന ത്യാഗോജ്ജ്വലമായ തിരു കര്‍മ്മത്തിന്റെ ഈ ദിനം, മനുഷ്യനെ പാപത്തില്‍ നിന്നു രക്ഷിക്കുന്ന  ഏറ്റവും സന്തോഷകരമായ പുണ്യദിനമായതു കൊണ്ടാണ് 'ഹോളി ഫ്രൈഡേ' അഥവാ 'ഗുഡ് ഫ്രൈഡേ' എന്നറിയപ്പെട്ടത് എന്നാണ് ചിലരുടെ മതം. ഒരു വിഭാഗം വിശ്വാസിക്കുന്നത്   'ഗോഡ്സ് ഫ്രൈഡേ' ആണു ഗുഡ് ഫ്രൈ ഡേ ആയതെന്നാണ്. കാരണം ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം തന്നെ ഈശോയുടെ കുരിശുമരണവും ഉത്ഥാനവുമാണല്ലോ. മനുഷ്യനെ പാപങ്ങളില്‍ നിന്നു രക്ഷിക്കാന്‍ തന്റെ പുത്രനെത്തന്നെ കുരിശിലേറ്റാന്‍ ഈശ്വരന്‍ മുന്‍കൂട്ടി തീരുമാനിച്ച ദിവസം.

ദൈവകോപത്തിന്റെ കൂരിരുട്ടില്‍ നിന്നു ലോകജനതയെ സത്യത്തിന്റെയും ശാന്തിയുടേയും കാരുണ്യത്തിന്റെയും പൊന്‍വെളിച്ചത്തിലേയ്ക്കു നയിച്ച മോക്ഷത്തിന്റെ  ഈ പുണ്യദിനത്തെ നല്ല വെള്ളിയാഴ്ചയെന്നു തന്നെ പറയാമല്ലോ .

ഇക്കാര്യത്തെക്കുറിച്ചു കൂടുതല്‍ അറിവുള്ലവര്‍ തങ്ങളുടെ അറിവുകള്‍ പങ്കുവെയ്ക്കുമല്ലോ..



അമ്മ..


.
അമ്മയും പ്രകൃതിയും 
ഒന്നല്ലോ, മാറില്‍
ചുരത്തുന്ന സ്നേഹമീ 
ക്ഷീരമല്ലോ
കുഞ്ഞിന്നു നല്‍കുവാ-
നല്ലായ്കിലെന്തിനീ
പാലാകുമമൃതം
വൃഥാവിലമ്മയ്ക്ക് ! 
അമ്മതന്‍ കാരുണ്യമ-
മൃതമായ് ചൊരിയുമ്പോള്‍
അറിയുന്നിതില്ല നാം
ആ മഹത്വം..
അതു പിന്നെയറിയുവാ-
നമ്മയായ് തീരണം
തന്‍ കുഞ്ഞു കരയുമ്പോ-
ളിടറുന്ന മനസ്സിന്റെ
ഉടമയായ് തീരണം
ഇടനെഞ്ചു പിടയണം.

Sunday, April 5, 2015

വളഞ്ഞ മാന്‍ കൊമ്പിലെ ബാധകള്‍

വളഞ്ഞ മാന്‍ കൊമ്പിലെ ബാധകള്‍
''''''''''''''''''''''''''''''''''''''''''''''''''''''''''''

പണിക്കത്തി പാടം കടന്നു കയറിവരുമ്പോള്‍ ചാറ്റല്‍ മഴയും കൂടെ വന്നിരുന്നു. അപ്പോഴും മോന്റെ കരച്ചിലിന്റെ ബാക്കിയായ തേങ്ങല്‍ ഇടയ്ക്കിടയ്ക്ക് ഉയരുന്നുമുണ്ടായിരുന്നു. സത്യത്തില്‍ അവരെ കണ്ടപ്പോഴേ വല്ലാത്തൊരാശ്വാസമായിരുന്നു. . ഇനി ഉണ്ണീടമ്മ നോക്കിക്കോളും എല്ലാം..

പണിക്കത്തിയുടെ പേരെന്താണെന്ന് ഞങ്ങളുടെ നാട്ടിലാര്‍ക്കുമറിയില്ല. കാരണം  ഇന്നാട്ടില്‍ താമസത്തിനു വരുമ്പോള്‍ തന്നെ അവരെ പേരു വിളിക്കുമായിരുന്ന കണവന്‍ കൂടെയുണ്ടായിരുന്നില്ല . അഞ്ചാണ്മക്കളും, അതില്‍ വിവാഹം കഴിച്ച മൂത്ത രണ്ടു പേരുടേയും ഭാര്യമാരും ആദ്യത്തെ മകന്റെ കൈക്കുഞ്ഞും മാത്രമേ കൂടെയുണ്ടായിരുന്നുള്ളു.   ഏറ്റവും ഇളയ മകന്‍ ഉണ്ണി എന്റെ ക്ലാസ്സിലായിരുന്നു. ഞങ്ങളന്ന് രണ്ടാം ക്ലാസ്സില്‍. ഉണ്ണിയുടെ ചേട്ടന്‍ രാജനും ഞങ്ങളുടെ സ്കൂളില്‍ ഏതോ മുതിര്‍ന്ന ക്ലാസ്സില്‍ ആയിരുന്നു.  ഞാന്‍ അവരെ ഉണ്ണീടമ്മയെന്നേ വിളിക്കുമായിരുന്നുള്ളു.   നാട്ടാരില്‍ ചിലര്‍ പണിക്കത്തിയെന്നും വേറേ ചിലര്‍ അതിനെ ഒന്നു കൂടി ബലപ്പെടുത്തി വേലപ്പണിക്കത്തിയെന്നും വിളിച്ചിരുന്നു. കാരണം അവര്‍ ചുണ്ണാമ്പു വേലന്മാരായിരുന്നത്രേ.. കമ്പോളത്തില്‍ നിന്നു കക്ക വാങ്ങി നീറ്റി കുമ്മായമാക്കി അതില്‍ നീലം ചേര്‍ത്ത് വെണ്മയുടെ ശോഭ കൂട്ടി വീടുകളുടെ ചുവരുകള്‍ക്കൊക്കെ വെള്ളപൂശുകയായിരുന്നു പണിക്കത്തിയുടെ മൂത്ത മക്കളുടെ പ്രധാന ജോലി.

അന്നൊക്കെ ഞങ്ങളുടെ മലനാട്ടില്‍ ഇഷ്ടിക കൊണ്ടു കെട്ടിയ ചെറിയ വീടുകള്‍ ആയിരുന്നു അധികവും  . സിമന്റും ഓടുമൊക്കെ കൊണ്ടുവന്ന് വീടുപണിസ്ഥലത്ത് എത്തിക്കാന്‍ ഗതാഗത സൗകര്യം അന്നു കാര്യമായില്ലാത്തതുതന്നെ കാര്യം. മുകളില്‍ മേച്ചില്‍ പുല്ലു മേഞ്ഞിട്ടുണ്ടാകും. മേച്ചില്‍ പുല്ല് മലമുകളിലെ കാട്ടുപ്രദേശങ്ങളില്‍ വളരുന്ന ഉയരം കൂടിയ പുല്ലാണ്. അതിനിടയില്‍ ആന നിന്നാലും കാണില്ലത്രേ !ഏറ്റവും ധൈര്യശാലികള്‍ മാത്രമേ കാട്ടില്‍ പുല്ലുമുറിക്കാന്‍ പോകുമായിരുന്നുള്ളു. മുറിച്ച പുല്ല്, ഉണക്കി, വലിയ കെട്ടാക്കി, വീടുവീടാന്തരം കൊണ്ടുവന്നു വില്‍ക്കും. മ്ഴയ്ക്കു മുന്‍പേ മേച്ചില്‍ പൂര്‍ത്തിയാക്കണം. പുല്ലുമേഞ്ഞ വീടിന് ഗുണങ്ങള്‍ ഏറെയാണ്. ഒന്നാമത് കള്ളനു കയറാന്‍ കഴിയില്ല. പിന്നെ തണുപ്പുകാലത്ത് പുല്ലുവീടുകള്‍ക്കുള്ളില്‍ നല്ല ചൂടായിരിക്കും. വേനല്‍ക്കാലത്താകട്ടെ പുല്ലുണങ്ങുമ്പോള്‍ ഇടയിലൂടെ കടന്നു വരുന്ന കാറ്റ് വീട്ടിനുള്ളില്‍ നല്ല തണുപ്പും നല്‍കും. ഒരു പര്‍ണ്ണശാലയുടെ സൗകുമാര്യം! മണ്‍ചുവരുകളില്‍ കുമ്മായം പൂശുകയാണു പതിവ്. അപൂര്‍വ്വം ചില വീടുകളില്‍ മാത്രം നിറമുള്ള പുറം ചുവരുകളുണ്ടാകും.   ഇങ്ങനെ കുമ്മായം പൂശിയിട്ടാല്‍ ഗുണം രണ്ടാണ്. ഒന്ന് വീടിനുള്ളില്‍ വെളിച്ചമുള്ളതുപോലെ തോന്നും. പിന്നെ പൂച്ചികളും പ്രാണികളും ഒന്നും കയറി ശല്യമുണ്ടാക്കുകയോ ചിലന്തി വന്നു വലകെട്ടുകയോ ഇല്ല കുറേ നാളത്തേയ്ക്കെങ്കിലും.

മഴക്കാലത്ത് കുമ്മായം പൂശുന്ന പണിയുണ്ടാവില്ല. ആ കാലങ്ങളില്‍ ആ വീട്ടുകാരുടെ പ്രധാന വരുവാനം പണിക്കത്തി 'ഓതാന്‍' പോയി കിട്ടുന്നതാണ്. അധികവും കുഞ്ഞുങ്ങളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ മാറ്റാനാണ് ഓതുന്നത്.അതു കണ്ണുകിട്ടിയിട്ടോ ബാധ കയറിയിട്ടോ ഒക്കെയാവാം.  ഓതുക എന്നു പറഞ്ഞാല്‍ ആധികാരികമായൊരു നിര്‍വ്വചനമൊന്നുമില്ല. കരയുന്ന കുഞ്ഞിനെ മടിയില്‍ വെച്ച് പണിക്കത്തി മുറിയുടെ ഒരു മൂലയില്‍ ഇരിക്കും. കയ്യില്‍ കരുതിയിരിക്കുന്ന പിരിയന്‍ മാന്‍കൊമ്പ് എങ്ങനെയൊക്കെയോ വായുവില്‍ വീശി, തുമ്മലിനും ചുമയ്ക്കുമിടയിലുള്ള ചില അപശബ്ദങ്ങള്‍ തല താഴേയ്ക്കാട്ടി പുറപ്പെടുവിയ്ക്കും. ങ്ങ്ഹും,, ങ്ങ്ഹും,, .. പിന്നെ എന്തൊക്കെയോ പുറുപിറുക്കുന്നതിന്റെയും ശബ്ദം ഇടയ്ക്കിടെ  കേള്‍ക്കാം.  ഇടയ്ക്കിടെ വായ്ക്കോട്ട വന്നുകൊണ്ടിരിക്കും. കൂടുതല്‍ കണ്ണു ദോഷം,അഥവാ ബാധയുണ്ടെങ്കില്‍ കൂടുതല്‍ കോട്ടുവാ വന്നുകൊണ്ടിരിക്കും. കുറെ സമയം ഇതു തുടര്‍ന്ന ശേഷം കുറച്ചു മുളകോ ഉപ്പോ മഞ്ഞളോ എന്തൊക്കെയോ എടുത്ത് അടുപ്പിലിടാന്‍ തരും. ഇത്രയുമേയുള്ളു ഓതല്‍. കുഞ്ഞുങ്ങള്‍ക്കു വേണ്ടി ചെയ്യുന്നതല്ലേ, ധാരാളമായി കാണിക്ക കൊടുത്തായിരിക്കും പണിക്കത്തിയെ മടക്കുക. നെല്ലും തേങ്ങയും പഴങ്ങളും പണവും ഒക്കെയുണ്ടാവും അതില്‍.

ചാറ്റല്‍ മഴയോടൊപ്പം പടി കയറിവന്ന പണിക്കത്തി വേഗം മോനെ കയ്യിലെടുത്തു.തലേ ദിവസം അമ്മ ആളേ വിട്ടിരുന്നു.രണ്ടുമാസം പോലും തികയാത്ത എന്റെ  മോന്‍ കുറച്ചു ദിവസമായി വല്ലാത്ത കരച്ചിലാണു രാത്രിയില്‍. പീഡിയാട്രീഷ്യന്‍ പറഞ്ഞത് അവന് ഒരു കുഴപ്പവുമില്ലയെന്ന്.കുഞ്ഞാണെങ്കില്‍ പാലും കുടിക്കാതെ കരച്ചില്‍ തന്നെ.മോന്റെ കരച്ചില്‍ കാരണം ഞാന്‍ ഉറങ്ങിയിട്ടു ദിവസങ്ങളായിരുന്നു. പാലുകുടിക്കാത്തതുകൊണ്ടുള്ള വിമ്മിഷ്ടവും ഒരുവശത്ത്. ഇടയ്ക്ക് പിഴിഞ്ഞു കളയും ചിലപ്പോള്‍ കൈ തൊടാന്‍ വയ്യാത്ത വേദനയും..പണിക്കത്തി കണ്ടതേ നല്ലോരു പിഞ്ചിരി സമ്മാനിച്ചു. ശ്രീത്വമുള്ള ആ മുഖത്തു വിരിയുന്ന ചിരികാണാന്‍ നല്ല ചന്തം.മങ്ങിയ  വെളുത്തമുണ്ടും വെള്ളള ബ്ലൗസും പിന്നെ ഒരു തോര്‍ത്തും - ഇതാണു വേഷം. ഉയരം കുറഞ്ഞ മെലിഞ്ഞ ശരീരം. ആ പ്രായത്തിലും നര കയറിയിട്ടില്ലാത്ത കറുത്തു തിളക്കമുള്ള ചുരുണ്ട മുടി പിന്നില്‍ കെട്ടിവെച്ചിട്ടുണ്ട്. അത്ര വെളുത്തിട്ടല്ല, ഒട്ടും കറുത്തതുമല്ല.

 . .. "മോളെ, കുഞ്ഞിനൊന്നൂല്ല കേട്ടോ. ഇന്നത്തോടെ ശിത്താന്തമൊക്കെ മാറും"
പിന്നെ പണിക്കത്തി ഓതല്‍ തുടങ്ങി, യാതൊരു തയാറെടുപ്പും കൂടാതെ.. എന്തെങ്കിലും 'അഴുക്ക്' കുഞ്ഞില്‍ കയറിക്കൂടിയിട്ടുണ്ടെങ്കില്‍ ഒഴിപ്പിക്കാനാണ് മാന്‍ കൊമ്പ് വീശുന്നതും വല്ലാത്ത ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതും. പണിക്കത്തി ഓതുന്നതു നോക്കി നില്‍ക്കാന്‍ അമ്മ സമ്മതിക്കില്ല.അതുകൊണ്ട് അകത്തെ മുറിയുടെ കതകിന്റെ വിടവിലൂടെയാണ് ഞാന്‍ നോക്കിയത്.  ഓതുന്നതിനിടയില്‍ ഒരുപാടു കോട്ടുവായ് വന്നിരുന്നു. എന്നു വെച്ചാല്‍ പ്രശ്നം ഇത്തിരി ഗുരുതരമാണെന്ന്.. അതുകൊണ്ടു കൂടുതല്‍ സമയമെടുത്തു ഓതല്‍ കഴിയാന്‍. അമ്മയുടെ കയ്യില്‍ അടുപ്പിലിടാന്‍ എന്തൊക്കെയോ കൊടുത്തു. പിന്നെ കുഞ്ഞിനെ എന്റെ കയ്യില്‍ തന്നു. എന്തായാലും അതിനു ശേഷം അവന്‍ രാത്രിയില്‍ കരഞ്ഞില്ലയെന്നത് നന്ദിയോടെയേ എനിക്കോര്‍ക്കാന്‍ കഴിയൂ.

പണിക്കത്തിയ്ക്കു കൊടുക്കാന്‍ കാണിക്കയുമായി അമ്മ വന്നപ്പോള്‍ അവര്‍ അവിടെയുണ്ടായിരുന്നില്ല. അമ്മ മുറ്റം ചുറ്റി നടന്നു നോക്കി. എവിടെയുമില്ല. അകത്തു വന്ന് എന്നോടുനന്വേഷിച്ചു. ഞാനപ്പോഴേ കുഞ്ഞിനു പാലുകൊടുക്കാനായി അകത്തേയ്ക്കു പോന്നിരുന്നു. അപ്പോള്‍ പണിക്കത്തി തന്നെ ഭാണ്ഡക്കെട്ടഴിച്ച് മാന്‍ കൊമ്പും മറ്റും അകത്തു വെയ്ക്കുകയായിരുന്നു. പിന്നെ നിമിഷനേരം കൊണ്ട് അവര്‍ എവിടെ പോയി?... സാധാരണ വന്നാല്‍ (ഓതാനൊന്നുമല്ല കേട്ടോ) കുറെ നാട്ടുകാര്യമൊക്കെ പറഞ്ഞിട്ടേ പോകൂ. കഴിക്കാന്‍ കൊടുക്കുന്നതൊക്കെ നല്ല സന്തോഷമായി പുഞ്ചിരിയോടെ ആസ്വദിച്ചു കഴിക്കും. പോകാനെഴുന്നേല്‍ക്കുന്നതും പോകുന്നതുമൊക്കെ വളരെ പെട്ടെന്നായിരിക്കും. അതുകൊണ്ട് അവര്‍ക്ക് എന്തെങ്കിലും കൊടുക്കാനെടുത്തുവെച്ചിട്ടുണ്ടെങ്കില്‍ അത് ആദ്യം തന്നെ അവരെ ഏല്‍പ്പിക്കും. പിന്നെത്തേയ്ക്കാക്കിയാല്‍ നടക്കില്ല. ഇപ്പോള്‍ പോയതാകട്ടെ ഒന്നും പറഞ്ഞിട്ടുമല്ല..

മോനെ കിടത്തി ഞാന്‍ മുറ്റത്തേയ്ക്കിറങ്ങി. നേരെ എതിര്‍വശത്തെ വീട്ടിലേയ്ക്കുള്ള പടികയറിപ്പോകുന്നു പണിക്കത്തി. എന്റെ വീടും ആ വീടും മുഖത്തോടു മുഖം നോക്കിനില്‍ക്കുന്ന രണ്ടു മലകളിലാണ്. ഞങ്ങളുടെ നാട് ഇങ്ങനെ അനേകം മലകള്‍ നിറഞ്ഞതാണ്. പരന്നു കിടക്കുന്ന സ്ഥലങ്ങളേ ഇല്ല എന്നു പറയാം.ഈ മലകളിലൊക്കെ നിറയെ കൃഷികളാണ്. കുരുമുളകും ഇഞ്ചിയും വാഴയും പ്ലാവും മാവും .. എന്നു വേണ്ട സര്‍വ്വ കൃഷികളുമുണ്ടാകും ഈ മലഞ്ചെരുവുകളില്‍.  രണ്ടു മലകളുടെ ഇടയ്ക്കുള്ള ചതുപ്പു നിലം നെല്‍കൃഷി ചെയ്തിരുന്ന വയല്‍പ്രദേശമാണ്.  എതിരെയുള്ള മലയിറങ്ങി, ഇടയ്ക്കുള്ളള വയലിന്റെ വരമ്പുവഴിയും കടന്നാണു പണിക്കത്തി വന്നത്. ചിലപ്പോള്‍ ഇങ്ങോട്ടു വന്നത് തന്നെ അവിടെക്കയറിയിട്ടായിരിക്കും, എന്തെങ്കിലും വെച്ചു മറന്നിട്ടുമുണ്ടാവും. എടുത്തുകൊണ്ടു വീണ്ടും വരുമെന്നു ഞാനും അമ്മയും കൂടി  ഒരു തീരുമാനത്തിലെത്തി .

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പുറത്തുന്നു വിളി കേട്ടു. "അക്കച്ചീ...,.." അമ്മയേ ആണ് വിളിക്കുന്നത്. അമ്മ വീട്ടിലെ മൂത്ത മകളായിരുന്നു. അതുകൊണ്ട്  താഴയുള്ള ഏഴുപേരും  അമ്മയേ    അക്കച്ചിയെന്നാണു വിളിച്ചിരുന്നത്. അതു അനുകരിച്ച്   പ്രായഭേദമെന്യേ നാട്ടുകാരൊക്കെ അമ്മയെ അക്കച്ചിയെന്നു വിളിച്ചു തുടങ്ങി. പലരും വിചാരിച്ചിരിക്കുന്നത് അമ്മയുടെ പേരുതന്നെ അക്കച്ചി എന്നാണെന്നാണ്. പണിക്കത്തി താമസത്തിനു വന്നപ്പോഴും അമ്മയെ അക്കച്ചിയെന്നു തന്നെ വിളിച്ചു.
എന്തായാലും ഞാനും അമ്മയും ഇറങ്ങിച്ചെന്നു.
" ഉണ്ണീടമ്മയെന്താ മിണ്ടാതെ പോയത്?" ഞാന്‍ ചോദിച്ചു.
" അതു മോളേ, അക്കരത്തെ സിസ്റ്ററമ്മയ്ക്ക് ബാധയിളക്കം. ഒന്നോതി ഒഴിപ്പിക്കാന്‍ ചെല്ലാന്‍ പറഞ്ഞേ അവടത്തെ സാറ്. ആദ്യം കുഞ്ഞിന്റെ കാര്യം നോക്കാനാ ഓടി ഇങ്ങോട്ടു വന്നേ. കാര്യം പറഞ്ഞേച്ചു പോയാല്‍ ഫലം കിട്ടത്തില്ലന്നേ.. അതാ മിണ്ടാഞ്ഞേ.അവിടെ ചെന്നപ്പോ അവരു തൊടാണ്ടിരിക്ക്യാ.അതുകൊണ്ടിനി അടുത്താഴ്ച യാവട്ടെ... ഇച്ചിരി കാപ്പിവെള്ളം എടുത്തോ.. നല്ല പരവേശം"
അമ്മ കാപ്പിയും അടയുമായി  വന്നു. അട കഴിക്കാതെ പൊതിഞ്ഞെടുത്തു. പേരക്കുട്ടിയ്ക്ക് കൊടുക്കാനാണ്. കുറച്ചു നേരം കൂടി ഇരുന്നാല്‍ ഊണു കഴിച്ചിട്ടു പോകാമെന്ന് അമ്മ പറഞ്ഞു.പക്ഷേ അവര്‍ നില്‍ക്കാന്‍ കൂട്ടാക്കിയില്ല. "പഴങ്കഞ്ഞിയുണ്ടെങ്കില്‍ ഇച്ചിരി ഉപ്പിട്ടിങ്ങെടുത്തോ." ഞാന്‍ പോയി കിണ്ണത്തില്‍ പഴങ്കഞ്ഞിയും തൈരും കടുമാങ്ങയുമായി വന്നു. അപ്പോഴേയ്ക്കും ഉണ്ണീടമ്മ മുറ്റത്തെവിടെയോ നിന്ന കാന്താരിച്ചീനിയില്‍ നിന്ന് പഴുത്ത നാലഞ്ചു കാന്താരി പറിച്ചു കൊണ്ടുവന്നു. കഞ്ഞിയില്‍ അതിട്ടു ഞെരടി ആസ്വദിച്ചു കഴിച്ചു. തൈരും കടുമാങ്ങയും തൊട്ടതേയില്ല. കാപ്പി കുടിച്ചയുടനെ ആയതുകൊണ്ടാവാം. പിന്നെ അമ്മ ഏല്‍പ്പിച്ച സഞ്ചിയും പണവും എടുത്ത് എന്നത്തേയും പോലെ തിടുക്കപ്പെട്ടു പോവുകയും ചെയ്തു.

അമ്മായി കല്‍ക്കട്ടയില്‍ നിന്നു വന്നതിന്റെ അടുത്ത ദിവസമായിരുന്നു വിലാസിനി സിസ്റ്ററുടെ ബാധ മാറ്റാന്‍ പണിക്കത്തി വീണ്ടും വന്നത്. സിസ്റ്റര്‍ ഞങ്ങളുടെ നാട്ടിലെ പബ്ലിക് ഹെല്‍ത്ത് സെന്ററിലെ എ എന്‍ എം ആണ്. നാട്ടിലെല്ലാവരും അവര്‍ കേള്‍ക്കാതെ അരയന്നം എന്നു പറയും. ചിലര്‍ ശരിക്കും ധരിച്ചു വെച്ചിരിക്കുന്നത് അരയന്നം എന്നു തന്നെയാണ്. അധികനാളായില്ല അവര്‍ ഇവിടെ ജോലിക്കു വന്നിട്ടും എതിരെയുള്ള വാടക വീട്ടില്‍ താമസമായിട്ടും.. കൂടെ പ്രായമായൊരു ജോലിക്കാരി സ്ത്രീയും രണ്ടു കുട്ടികളും ഉണ്ട്. ചെറിയ കുട്ടിക്ക് ഒരു വയസ്സില്‍ താഴെയേ പ്രായം കാണൂ.. നടക്കാന്‍ തുടങ്ങിയിട്ടില്ല. അവരുടെ ഭര്‍ത്താവ് ഗോപിനായര്  കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥനാണ്. എതു ഡിപ്പാര്‍ട്ട്മെന്റാണെന്നു ചോദിച്ചാല്‍ ' കേന്ദ്രഗവണ്മെന്റില്‍ എന്തോന്നു ഡിപ്പാര്‍ട്ട്മെന്റ്?' എന്ന മട്ടില്‍ ഒരു നോട്ടമല്ലാതെ മറുപടിയൊന്നും കിട്ടില്ല. 'ഇപ്പോള്‍ തിരുവനന്തപുരത്താണെ'ന്നു മാത്രം വെളിപ്പെടുത്തി. ഇവിടെ താമസമാക്കിയ ശേഷം ഒന്നോ രണ്ടോ പ്രാവശ്യം അയാള്‍ വന്നിരുന്നു. ചില ദിവസങ്ങളില്‍ അയാള്‍ സന്ധ്യയ്ക്കു മദ്യപിക്കും.. മിക്കവാറും വിളക്കു കത്തിക്കുന്ന നേരത്താവും. അപ്പോള്‍ തുടങ്ങും അരയന്നത്തിന്റെ ബാധയിളക്കം. വരന്തയില്‍ മുനിഞ്ഞു കത്തുന്ന നിലവിളക്കിന്റെ മുന്നില്‍ ച്മ്രം പടഞ്ഞിരുന്ന് എന്തൊക്കെയോ പിറുപിറുക്കും . അതാണു തുടക്കം കുറെ സമയം കഴിയുമ്പോള്‍ തല വട്ടത്തില്‍ കറക്കാന്‍ തുടങ്ങും. അപ്പോഴേയ്ക്കും മുടി അഴിഞ്ഞിരിക്കും . പിന്നെ ഓണക്കാലത്തു തുമ്പി തുള്ളുന്നതുപോലെ തലയാട്ടി തുള്ളലാണ്,ഇടയില്‍ ആട്ടുന്ന തുപോലെയുള്ള ശബ്ദവും ഉണ്ടാക്കും.. ആരൊക്കെ പറഞ്ഞാലും ഈ തുള്ളല്‍ നിര്‍ത്തില്ല. അതിങ്ങനെ തുടര്‍ന്ന്, കുറെ കഴിയുമ്പോള്‍ തളര്‍ന്നു വീഴും. പിന്നെ 3, 4 ദിവസം കിടപ്പിലായിരിക്കും. അപ്പോള്‍ പി എച്ച് സി അടച്ചിടും. അപ്പോഴേയ്ക്കും അയാള്‍ക്കു പോകാറായിരിക്കും. ഇത്തവണ അയാള്‍ വന്നപ്പോള്‍ തുള്ളലൊന്നും ഉണ്ടായി കണ്ടില്ല. മുന്‍കരുതലായി വന്നയുടനെ അയാള്‍ പണിക്കത്തിയെ വിളിപ്പിച്ചെന്നാണു തോന്നുന്നത്. ബാധയ്ക്കെതിരെയുള്ള മാന്‍കൊമ്പു പ്രയോഗം കഴിഞ്ഞ് മോന്റെ കാര്യം തിരക്കാന്‍ വീട്ടിലും വന്നു ഉണ്ണീടമ്മ. അപ്പോളാണ് ബാധയൊഴിപ്പിക്കലിന്റെ വിശേഷങ്ങളൊക്കെ പറഞ്ഞത്. പക്ഷേ ഗുണമൊന്നുമുണ്ടായില്ലത്രേ..തനിക്കു  പറ്റുന്ന കാര്യമല്ല അതെന്നു അവര്‍ തന്നെ സമ്മതിച്ചു. വല്ല കൂടിയ മന്ത്രവാദികളേയും കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അവര്‍ പോയ ഉടനെ അകത്തു കയറി അമ്മായി പൊട്ടി ചിരിച്ചു " കഷ്ടം'' എന്നും പറഞ്ഞു.
"അതെന്താ കമലേ നീ ചിരിച്ചത്?" അമ്മയ്ക്കു ജിജ്ഞാസ.
" എന്റെ അക്കച്ചീ, ഇപ്പോഴും ഈ മാതിരി മന്ദബുദ്ധികളുണ്ടല്ലോ.." ഒരു പൊട്ടിച്ചിരികൂടി പിന്നണിയാക്കി അമ്മായി പിന്നെയും പറഞ്ഞു.

അമ്മായി കല്‍ക്കട്ടയിലെ ഏതോ വലിയ ആശുപത്രിയിലെ സൈക്കോളജിസ്റ്റ് ആണ്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് കൗണ്‍സിലിംഗ് ആണ് പ്രധാന ജോലി. പിന്നെ അത്തരം രോഗികളുടെ ബന്ധുക്കള്‍ക്കും, പരീക്ഷക്കാലത്ത്  കുട്ടികള്‍ക്കും ഒക്കെ കൗണ്‍സിലിംഗ് ഉണ്ട്. ആശുപത്രി ജോലിക്കു പുറമേ സ്വന്തമായ പ്രാക്ടീസും. മക്കള്‍ രണ്ടുപേരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. അമ്മാവന്റെ കാര്യം പറയാതിരിക്കുകയാണു ഭേദം. ഗള്‍ഫില്‍ നല്ല ജോലിയിലാണെങ്കിലും  ഭാര്യയേയും രണ്ടു പെണ്‍മക്കളേയും തിരിഞ്ഞൊന്നു നോക്കണമെങ്കില്‍ നല്ല നേരം നോക്കും. കിട്ടുന്ന പണമൊക്കെ ലോകയാത്രയ്ക്കു പോയി ഗോപിയാക്കും. പക്ഷേ അമ്മായിക്കതിലൊന്നും ഒരു പരാതിയുള്ളതായി തോന്നിയിട്ടില്ല. ഒരിക്കലും ഭര്‍ത്താവിനെ കുറ്റപ്പെടുത്തി സംസാരിക്കാറുമില്ല. അതൊരുപക്ഷേ സൈക്കോളജിസ്റ്റ് ആയതിന്റെ ഫലമാകാം. അല്ലെങ്കില്‍ തിരിഞ്ഞു നോക്കാത്ത ഭര്‍ത്താവിനെ വിമര്‍ശിക്കാത്ത ഏതു ഭാര്യയുണ്ടാവും!   " വിശാഖം നാളല്ലേ.. അതാ അവന്‍ ഇങ്ങനെയൊക്കെ.. " അമ്മയ്ക്ക് പുന്നാര അനിയനെക്കുറിച്ചു പറയാന്‍ ന്യായമുണ്ട്. അതുകൊണ്ട് അമ്മായിയുടെ ജീവിതത്തിലുണ്ടാകുന്ന നഷ്ടം പരിഹരിക്കപ്പെടുകയില്ലല്ലോ. അമ്മയ്ക്ക് അമ്മായിയോട് സഹതാപവുമുണ്ട്. അതുകൊണ്ട് വന്നാല്‍ അമ്മായിക്ക് വളരെ നല്ല സ്വീകരണമായിരിക്കും എന്റെ വീട്ടില്‍. അവധി തീരും വരെ നില്‍ക്കുന്നതും എന്റെ വീട്ടില്‍ തന്നെ. അമ്മായിയുടെ അച്ഛനും അമ്മയും കുറച്ചകലെയാണ് താമസിക്കുന്നത്. അവരെ കണ്ട് പിറ്റെ ദിവസം തന്നെ മടങ്ങിപ്പോരും. എന്താണ് വേഗം പോന്നതെന്ന് അമ്മ ചോദിക്കാറുമില്ല. ഒരുപക്ഷേ അത് അമ്മായി വേറെ അര്‍ത്ഥത്തിലെടുത്താലോ എന്നു ഭയന്നാണ്...

എന്തായാലും ഇനി വിലാസിനി സിസ്റ്റര്‍ തുള്ളുമ്പോള്‍ ഒന്നു കാണണം എന്നു പറഞ്ഞ് വീണ്ടും അമ്മായി പൊട്ടിച്ചിരിച്ചു. അടുത്ത ദിവസം എന്റെ  അനിയത്തിയെയും കൂട്ടി അവിടെപ്പോയി അവരെയൊക്കെ പരിചയപ്പെടുകയും ചെയ്തു.    അമ്മായിയുടെ ആഗ്രഹം പോലെ തന്നെ അന്നു സന്ധ്യയ്ക്ക് തുള്ളലുണ്ടായി. അമ്മയെ കൂട്ടി അമ്മായി അവിടേയ്ക്കു പോയി. രണ്ടുപേരും തിരികെയെത്തുന്നതും കാത്ത് ഞാനും അനിയത്തിയും മോനെയും കൊണ്ട് വാതുക്കല്‍ തന്നെയുണ്ട്. വളരെനേരം കഴിഞ്ഞാണ് മടങ്ങി വന്നത്. അമ്മായിയുടെ മുഖത്ത് പോകുമ്പോളുള്ള പരിഹാസഭാവം ഉണ്ടായിരുന്നില്ല. വന്നു കയറിയിട്ടും കുറെ സമയ്ത്തേയ്ക്ക് അമ്മായി ഒന്നും മിണ്ടിയില്ല. പിന്നെയാണ് കാര്യങ്ങളൊക്കെ പറഞ്ഞത്.

തുള്ളല്‍ ഒക്കെ കഴിഞ്ഞ് അവശയായ വിലാസിനി സിസ്റ്ററെ ഗോപിനായര്‍ ഒരു വിധത്തില്‍ എടുത്തുകൊണ്ടാണ് അകത്തു കൊണ്ടു പോയി കട്ടിലില്‍ കിടത്തിയത്. അമ്മായി മുറിയിലെത്തി വാതിലടച്ച് കുറെ സമയം അവരോടു സംസാരിച്ചു. പിന്നെ ഇറങ്ങിവന്ന് അമ്മയേയും കൂട്ടി മടങ്ങിപ്പോരികയായിരുന്നു. സത്യത്തില്‍ വിലാസിനി സിസ്റ്റര്‍ക്ക് ബാധകയറ്റം ഒന്നുമുണ്ടായിരുന്നില്ല . അതൊരു രക്ഷപ്പെടലായിരുന്നു. വേറെയാരില്‍ നിന്നുമല്ല, സ്വന്തം ഭര്‍ത്താവില്‍ നിന്നു തന്നെ. രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോള്‍ മുതല്‍ അവര്‍ക്കു വന്ന മാറ്റമായിരുന്നു അത്. . അയാള്‍ക്കാകട്ടെ ഇത്തിരി മദ്യം അകത്തുചെന്നാല്‍ നിയന്ത്രണം വലിയ ബുദ്ധിമുട്ട്. നേരിട്ടു പറഞ്ഞാല്‍ ഒരു പക്ഷേ ഭര്‍ത്താവിനെ തനിക്കു നഷ്ടമാകുമോ എന്ന ഭയം കൊണ്ടാണ് ആ പാവം സ്ത്രീ ഇങ്ങനെയൊരു വഴി കണ്ടു പിടിച്ചത്..

പറഞ്ഞു കഴിഞ്ഞതും മുള ചീന്തുന്നതു പോലെയൊരു പൊട്ടിക്കരച്ചിലായിരുന്നു അമ്മായില്‍ നിന്ന്.... പിന്നെ ശൂന്യതയില്‍ നിന്നെന്നോണം ചിതറി വീണു കുറച്ചു  വാക്കുകള്‍
" ഇങ്ങനെയൊന്ന് അഭിനയിക്കാന്‍ എനിക്കു തോന്നിയില്ലല്ലോ എന്റെയക്കച്ചീ.. എങ്കില്‍ എന്റെ പ്രഭേട്ടന്‍ ഇങ്ങനെ അലഞ്ഞു നടക്കില്ലായിരുന്നു..."
.