Monday, April 27, 2015

ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങള്‍-6

സത്യേന്ദ്രനാഥ് ബോസ്.
''''''''''''''''''''''''''''''''''''''


ഖരം,  ദ്രവം, വാതകം- പദാര്‍ത്ഥങ്ങളുടെ മൂന്നവസ്ഥകള്‍ നമുക്കു വളരെ പരിചിതമായത്. നാലാമത്തെ അവസ്ഥയെക്കുറിച്ചും നമുക്കറിയാം, പ്ലാസ്മ എന്നത്. സൂര്യനിലും മറ്റു നക്ഷത്രങ്ങളിലുമൊക്കെ ഈ അവസ്ഥയിലാണ് എല്ലാം കാണപ്പെടുന്നത്. ഇനിയുമൊരവസ്ഥയുണ്ട്, അഞ്ചാമതായി. അതാണ് ബോസ്-ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്. ഈ പേരിലെ ബോസ് നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണെന്നതാണ് ഇവിടെ ഏറ്റവും പ്രസക്തമായ കാര്യം. അതെ, ഈ അവസ്ഥ കണ്ടെത്തിയതിനു പിന്നില്‍ ഭാരതത്തിന്റെ അഭിമാനമായ ശാസ്ത്രജ്ഞന്‍ സത്യേന്ദ്ര നാഥ് ബോസ് ആണ് ഐന്‍സ്റ്റീന്റെ ഒപ്പമുണ്ടായിരുന്നത്. ഭൗതികശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതമായ ബോസ് ഐന്‍സ്റ്റീന്‍ സമീകരണം ( Bose Einstein Statistics )  എന്ന നവശാസ്ത്രശാഖയുടെ ആവിഷ്കാരത്തിലും ഐന്‍സ്ടീനൊപ്പം ചേര്‍ത്തുവെച്ച പേര് ഈ മഹാപ്രതിഭയുടേതു തന്നെ. 

1894 ജനുവരി ഒന്നിന്   റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന സുരേന്ദ്ര നാഥ് ബോസിന്റെയും ആമോദിനി ദേവിയുടേയും മകനായി കല്‍ക്കത്തയിലാണു സത്യേന്ദ്രനാഥിന്റെ ജനനം. ആറു സഹോദരിമാര്‍ കൂടി അദ്ദേഹത്തിനു താഴെയുണ്ട്. കുട്ടിക്കാലത്തെ പേര് സത്യയെന്‍ എന്നായിരുന്നു. ബാല്യത്തില്‍ തന്നെ അസാമാന്യ ബുദ്ധിവൈഭവം പ്രകടമാക്കിയിരുന്നു ഈ പ്രതിഭാശാലി. അതിന് ഉപോല്‍ബലകമായുള്ളൊരു സംഭവമാണ് അദ്ദേഹത്തിനു സ്കൂളിലെ ഗണിതപരീക്ഷയില്‍ 100 ല്‍ 110 മാര്‍ക്കു ലഭിച്ചത്. ചില ഗണിതപ്രശ്നങ്ങള്‍ അദ്ദേഹം വിവിധരീതികളില്‍ നിര്‍ദ്ധാരണം ചെയ്തിരുന്നു. അദ്ധ്യാപകരെ ഈ ബുദ്ധിവൈഭവം അമ്പരപ്പിക്കുക തന്നെ ചെയ്തു. അന്നേ അവര്‍ പ്രവചിച്ചിരുന്നു ഈ ബാലന്‍ ഉയരങ്ങള്‍ കീഴടക്കുമെന്ന്. 

കൊൽക്കത്തയിലെ ഹിന്ദുസ്‌കൂളിൽ ആദ്യകാല വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പ്രസിഡൻസി കോളേജിൽ ഉന്നതവിദ്യാഭ്യാസത്തിന്‌ ചേർന്നു. ഗണിതവും ഭൗതിക ശാസ്ത്രവുമായിരുന്നു ബോസിന്റെ ഇഷ്ടവിഷയങ്ങൾ.സമര്‍ത്ഥരായ സഹപാഠികള്‍ക്ക് ഉറപ്പുണ്ടായിരുന്നു സത്യേന്ദ്രനാഥിനെ മറികടന്ന് സര്‍വ്വകലാശലാ പരീക്ഷയില്‍  ഒന്നാം സ്ഥാനം കരസ്ഥമാക്കാനാവില്ല എന്ന്. ചിലര്‍ അതുകൊണ്ടു മറ്റു വിഷയങ്ങളിലേയ്ക്കു മാറി. വേറെ ചിലരാകട്ടെ ആ വര്‍ഷം പരീക്ഷയ്ക്ക് ഇരുന്നതേയില്ല. കോളേജിൽ അദ്ധ്യാപകനായി പ്രശസ്‌ത ശാസ്‌ത്രജ്ഞൻ ജഗദീശ്‌ ചന്ദ്രബോസും സഹപാഠിയായി മേഘനാഥ്‌ സാഹയും സത്യയെൻ ബോസിന്‌ ഒപ്പമുണ്ടായിരുന്നു.  എന്തിനേറെ.. 1915 ല്‍ കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിൽ നിന്ന്‌ യൂണിവേഴ്സിറ്റി ഒന്നാം റാങ്കോടുകൂടി എം.എസ്.സി.  പാസ്സായി.  ഇതേ വര്‍ഷം തന്നെ ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തം ജര്‍മ്മന്‍ ഭാഷയില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കു പരിഭാഷപ്പെടുത്തുക എന്ന ഉന്നത ദൗത്യം കൂടി അദ്ദേഹം പൂര്‍ത്തിയാക്കി. 

1915 ല്‍ തന്നെ സത്യയന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട മറ്റൊരു സംഭവം കൂടി നടന്നു.  ഉഷ ബാലാഘോഷ്‌ അദ്ദേഹത്തിന്റെ ജീവിത സഖിയായി. (പിന്നീട് ഈ ദാമ്പത്യവല്ലരിയില്‍ അഞ്ചു പുഷ്പങ്ങള്‍ വിരിയുകയുണ്ടായി. ) തൊട്ടടുത്ത വര്‍ഷം ധാക്കാ സര്‍വ്വകലാശാലയില്‍ ഭൗതിക ശാസ്ത്രാദ്ധ്യാപകനായി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. പക്ഷേ ഇക്കാലത്താന് ഒന്നാം ലോകമഹായുദ്ധം അതിന്റെ ഉച്ചഃസ്ഥായിയില്‍ എത്തിയത്. അതുകൊണ്ടു തന്നെ യൂറോപ്പിലെ ഗവേഷണ ഫലങ്ങളൊന്നും പ്രസിദ്ധപ്പെടുത്തിയിരുന്നുമില്ല.  ഇതേ അവസരത്തില്‍ തന്നെയാണ് ന്യൂക്ലിയര്‍ ഫിസിക്സില്‍ സാരമായ പല ഗവേഷണങ്ങളും നടന്നു പോന്നത്. പ്രൊഫസ്സര്‍ ദേവേന്ദ്രനാഥ് ബോസുമായുള്ള തുടര്‍ച്ചയായുള്ള ആശയവിനിമയങ്ങളിലൂടെ ഈ രംഗത്തെ പുതിയ അറിവുകളെ സ്വായത്തമാക്കിക്കൊണ്ടിരുന്നു. അദ്ദേഹമാകട്ടെ അന്ന് ജര്‍മ്മനിയില്‍ കാന്തികോര്‍ജ്ജത്തില്‍ ഗവേഷണം നടത്തിവരികയായിരുന്നു. പക്ഷേ യുദ്ധം തുടങ്ങിയതോടെ എല്ലാം ഏതാണ്ട് നിശ്ചലമായ അവസ്ഥയിലും.

1921 ല്‍ ബോസ് ധാക്കാ യൂണിവേഴ്സിറ്റിയില്‍ റീഡറായി. 1923 ല്‍  പ്ലാങ്ക്സ് തിയറിയുടെ വ്യുല്പത്തിയെ സംബന്ധിക്കുന്ന തന്റെ ഗവേഷണ പ്രബന്ധം ബ്രിട്ടീഷ് ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുവാന്‍ അയച്ചുകൊടുക്കുകയുണ്ടായി. പക്ഷേ അവര്‍ അതു നിരാകരിച്ചു എങ്കിലും ബോസിന് തന്റെ പ്രവര്‍ത്തനങ്ങളില്‍ ആത്മവിശ്വാസം ഏറെയുണ്ടായിരുന്നു. ഒട്ടും അമാന്തിക്കാതെ അദ്ദേഹം തന്റെ പ്രബന്ധം ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് നേരിട്ട് അയച്ചു കൊടുത്തു. അദ്ദേഹം അത് വായിച്ച് ബോസിനെ അഭിനന്ദിച്ച് എഴുതുക മാത്രമല്ല ജെര്‍മ്മന്‍ ഭാഷയില്‍ പരിഭാഷപ്പെടുത്തി യൂറോപ്യന്‍ ഫിസിക്സ് ജേര്‍ണല്‍ ആയ 'സെയ്ത്ഷിഫ്ട്‌ ഫര്‍ ഫിസിക്ക്' ല്‍ പ്രസിദ്ധീകരിക്കുകയും ഉണ്ടായി. ഒപ്പം ഈ പ്രബന്ധത്തെ കുറിച്ച്‌ ഒരു ജനശ്രദ്ധയാകര്‍ഷിച്ച  ലേഖനവും ഐൻസ്റ്റൈൻ എഴുതി. തുടർന്ന്‌ ബോസ്‌ ഐൻസ്റ്റൈൻ സ്റ്റാറ്റിസ്റ്റിക്‌സ്‌ എന്ന മേഖല തന്നെ ഉരുത്തിരിഞ്ഞു. ഈ നിയമം അനുസരിക്കുന്ന കണങ്ങളെ ബോസോണുകൾ എന്നും അിറയപ്പെടാൻ തുടങ്ങി. വാതക ബോസോണുകളെ തണുപ്പിച്ച്‌ കേവലപൂജ്യനിലയ്‌ക്ക്‌ (-273oC) അടുത്തെത്തിച്ചാൽ ബോസ്‌-ഐൻസ്റ്റൈൻ നിയമപ്രകാരം ആറ്റങ്ങൾ ഒന്നുചേർന്ന്‌ ഒരു പുതിയ അവസ്ഥ സൃഷ്‌ടിക്കും. ( കേവലപൂജ്യം എന്നാല്‍ അളക്കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ താപനില) ഇത്‌ ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായി കണക്കാക്കി. 1924 ലാണ്‌ ഈ കണ്ടുപിടുത്തം നടന്നത്‌. എന്നാൽ 1995-ൽ മാത്രമാണ്‌ പരീക്ഷണത്തിലൂടെ ഇത്‌ സ്ഥിരീകരിക്കപ്പെട്ടത്‌. എറിക്‌ കോർണലും വീമാനും ചേർന്ന്‌ നടത്തിയ പരീക്ഷണത്തിലൂടെ 'ബോസ്‌-ഐൻസ്റ്റീൻ കണ്ടൻസേറ്റ്‌' ശാസ്‌ത്രലോകം വ്യക്തമായി അംഗീകരിച്ചു. അപേക്ഷികതാ സിദ്ധാന്തത്തിൽ സവിശേഷപഠനവും ക്രിസ്റ്റലോഗ്രാഫി, ഫ്‌ളൂറസൻസ്‌, തെർമോലൂമിനസൻസ്‌ എന്നിവയിൽ ബോസ്‌ പരീക്ഷണങ്ങൾ നടത്തുകയും ചെയ്‌തു.

ബോസിന്റെ ജീവിതത്തില്‍ കൗതുകകരമയ മറ്റൊരു സംഭവം കൂടിയുണ്ടായി. ധാക്കാ സര്‍വ്വകലാശാലയില്‍ പ്രൊഫസ്സര്‍ തസ്തികയിലേയ്ക്ക് അപേക്ഷിച്ച ബോസിനെ പി എച്ഡി യോ ഡി എസ്സ് സി യോ ഇല്ല എന്ന കാരണത്താല്‍ നിയമനത്തിനു വിസമ്മതിച്ചു. ഐന്‍സ്റ്റീന്റെ പക്കല്‍ നിന്ന് ഒരു സാക്ഷ്യപത്രം  നേടുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതറിഞ്ഞ മഹാനായ ആ ശാസ്ത്രജ്ഞന്റെ മറുപടി ഇങ്ങനെയായിരുന്നു. " താങ്കളുടെ നാട്ടുകാര്‍ അറിയുന്നില്ലല്ലോ ഇവിടെ പ്രസിദ്ധീകരിച്ച താങ്കളുടെ പ്രബന്ധം ഒരു പി എച്ച് ഡിയുടെ നിലവാരത്തേക്കാള്‍ എത്രയോ ഔന്നത്യത്തിലാണെന്ന്!" 

1924 ല്‍ ധാക്കാ സര്‍വ്വകലാശാലയുടെ സ്കോളര്‍ഷിപ്പോടെ പാരീസിലെത്തി മാഡം ക്യൂറിയുമൊത്ത് ഗവേഷണം നടത്താന്‍ സാധിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. 10 മാസക്കാലം മാഡം ക്യൂറിയും ലൂയിസ് ഡി ബ്രോഗ്ലീയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം അദ്ദേഹം ബെല്‍ളിന്‍ മടങ്ങിയെത്തിയത് ഐന്‍സ്റ്റീന്റെ ഹൃദ്യമായ സ്വാഗതം സ്വീകരിച്ചായിരുന്നു. അവിടെ അദ്ദേഹത്തിന് വിശ്വവിഖ്യാതരായ പല ശാസ്ത്രജ്ഞന്‍മാരുമായി ചര്‍ച്ചകളും പഠനങ്ങളും നടത്താന്‍ അവസരമുണ്ടായി. അങ്കിലും ഐന്‍സ്റ്റീനെ തന്റെ ഗുരുവും വഴികാട്ടിയുമായി അദ്ദേഹം കരുതിപ്പോന്നു. ബെര്‍ലിനില്‍ നിന്നു മടങ്ങിയെത്തിയ ബോസ് ധാക്കാ സര്‍വ്വകലാശാലയില്‍ പ്രൊഫസ്സറായി നിയമിതനായി. ഒപ്പം ഭൗതികശാസ്ത്രവിഭാഗത്തിന്റെ തലവനുമായി അവരോധിക്കപ്പെട്ടു. പക്ഷേ 1945 ല്‍ കൊൽക്കത്തയിൽ തിരിച്ചെത്തി അവിടെ യൂണിവേഴ്സിറ്റി സയന്‍സ് കോളേജില്‍  പ്രൊഫസറായി ചേർന്നു. ശാസ്‌ത്രത്തെ പ്രാദേശിക ഭാഷയിലെത്തിക്കുന്നതിൽ വളരെയേറെ സംഭാവനകൾ ബോസ്‌ നൽയിരുന്നു. പ്രാദേശിക ഭാഷയിലെത്തുന്നതോടെ കൂടുതൽ ജനങ്ങളിലേക്ക്‌ ശാസ്‌ത്രനേട്ടങ്ങളെ എത്തിക്കാമെന്നത്‌ അദ്ദേഹത്തെ ആവശഭരിതനാക്കിയിരുന്നു. ശാസ്‌ത്രത്തിന്റെ വിവിധ കൈവഴികളെ ജനകീയവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം രാഷ്‌ട്രീയ പ്രവർത്തനമായി കാണാം. ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട്‌ രാഷ്‌ട്രീയ പ്രവർത്തകരും, സാഹിത്യനായകരും, ശാസ്‌ത്രജ്ഞരും പൊതുജനങ്ങളുമെല്ലാം ബംഗാളിൽ സംഘടിച്ചിരുന്നതും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക്‌ ബോസിന്‌ സഹായകമായി. വിരമിച്ച ശ്വ്ഷം 1956 ല്‍ അദ്ദേഹം വിശ്വഭാരതി യൂണിവേഴ്സിടിയുടെ വൈസ് ചാന്‍സലറായി.

ഒരു അദ്ധ്യാപകനെന്ന നിലയില്‍ ബോസ് തന്റെ കൃത്യനിര്‍വ്വഹണം സ്തുത്യര്‍ഹമായി തന്നെ നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളോടുള്ല അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങള്‍ക്ക് അതിരുകളുണ്ടായിരുന്നില്ല. സാമ്പത്തികബുദ്ധിമുട്ടനുഭവിച്ചിരുന്ന വിദ്യാര്‍ത്ഥികളെ അദ്ദേഹം സഹായിക്കാന്‍ മടിയൊന്നും കാണിച്ചിരുന്നില്ല. സമാനചിന്താഗതിക്കാരായ സുഹൃത്തുക്കളൊടും തന്റെ വിദ്യാര്‍ത്ഥികളൊടും എത്ര സമയം വേണമെങ്കിലും ഏതു വിഷയത്തേപ്പറ്റിയും സംസാരിച്ചിരിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. ഗണിത -ഭൗതികശാസ്ത്രസംബന്ധികളായ ഏതൊരു   സങ്കീര്‍ണ്ണ പ്രശ്നത്തേയും നിര്‍ദ്ധാരണം ചെയ്യാന്‍ അദ്ദേഹത്തിന് ഏറെ കൗതുകമുണ്ടായിരുന്നു എന്നും. 

ബോസിന്റെ പ്രസിദ്ധീകരിക്കപ്പെട്ട പ്രബന്ധങ്ങള്‍ 24 എണ്ണമാണുള്ളത്. ഭൗതികശാസ്ത്രസംബന്ധിയായ ഇവയെല്ലാം തന്നെ വളരെ ഉന്നത നിലവാരം പുലര്‍ത്തുന്നവയും. ബോസ്-ഐൻസ്റ്റൈൻ സാംഖ്യികം അനുസരിക്കുന്ന കണികകളായ ബോസോണുകളുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ഒന്നിലേറെ പേർക്ക്‌ നോബൽ സമ്മാനം പിൽക്കാലത്ത്‌ ലഭിച്ചു. പക്ഷേ, എല്ലാ യോഗ്യതയുമുണ്ടായിട്ടും ബോസ്‌, നോബൽ സമ്മാനത്തിന്‌ തിരഞ്ഞെടുക്കപ്പെട്ടില്ല. റോയൽ സൊസൈറ്റിയുടെ ഫെലോഷിപ്പു പോലും അദ്ദേഹത്തെ തേടിയെത്തുന്നത്‌, തന്റെ സുപ്രധാന നേട്ടം കൈവരിച്ച്‌ 34 വർഷത്തിന്‌ ശേഷമാണ്‌- 1958ലല്‍. ഭാരതമാകട്ടെ അദ്ദേഹത്തെ 1944-ൽ ഇന്ത്യൻ സയൻസ്‌ കോൺഗ്രസ്‌ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു.  1956 ല്‍ രാജ്യം അദ്ദേഹത്തെ 'പത്മ വിഭൂഷണ്‍' നല്‍കി ആദരിക്കുകയുണ്ടായി. കൂടാതെ ദേശീയ പ്രൊഫസർ പദവിയും അദ്ദേഹത്തിനു  രാജ്യം നല്‍കുകയുണ്ടായി. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ഇത്രയേറെ അവഗണന അനുഭവിച്ച ഒരു ശാസ്ത്രജ്ഞന്‍ വേറെയുണ്ടാകുമോ എന്നു സംശയം. 

വര്‍ദ്ധക്യകാലത്ത് അദ്ദേഹത്തിന്റെ തീര്‍ത്ഥാടനങ്ങള്‍ രാജ്യത്തുടനീളമുള്ള ശാസ്ത്രസ്ഥാപനങ്ങളിലേയ്ക്കായിരുന്നു. ശാസ്ത്രജ്ഞന്‍മാരും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങളും സൂത്രവാക്യങ്ങളും പകര്‍ന്നു നല്‍കുകയും ആയിരുന്നു അദ്ദേഹത്തെ സംബന്ധിച്ചിടത്തോലം ഈശ്വരദര്‍ശനം. 1974 ഫെബ്രുവരി മാസം 4 )0 തീയതി കല്‍ക്കട്ടയില്‍ വെച്ച്, ഫോട്ടോണുകളെ എണ്ണാന്‍ ഐന്‍സ്റ്റീനെ പഠിപ്പിച്ച ( ജോണ്‍ ഗ്രിബിന്‍ വിശേഷിപ്പിച്ചത് )  ഈ ശാസ്ത്ര കുതുകി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. എങ്കിലും ഓരോ ഭാരതീയന്റേയും മനസ്സില്‍ അഭിമാനത്തിന്റെ പ്രകാശകണങ്ങള്‍ മിന്നിത്തെളിയിച്ച് ഈ പ്രതിഭ എന്നും ജീവിക്കുക തന്നെ ചെയ്യും. 






3 comments: