ജയകാന്തം - ആര്‍ എന്‍ ഹോമര്‍
" ഏതു പ്രവര്‍ത്തിയും ആത്മാര്‍ത്ഥതയോടെ ചെയ്യണം. അങ്ങനെയെങ്കില്‍ ഒരു പ്രത്യേക അനുഭൂതിയുണ്ടാകും. ആത്മാര്‍ത്ഥതയില്‍ ഉജ്ജ്വലമായ കാന്തികശക്തിയുണ്ട്. ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം അനുകൂലമല്ലെങ്കില്‍ കൂടി മനഃക്ലേശമുണ്ടാകില്ല"മലയാള സാഹിത്യനഭസ്സില്‍ ഉദിച്ചുയര്‍ന്ന നവസൂര്യപ്രഭയായ ആര്‍. എന്‍. ഹോമര്‍ എന്ന 'ജയകാന്ത'കാരന്റെ വാക്കുകളാണ്.
ഈ അക്ഷരക്കൂട്ടുകളിലൂടെ കടന്നു പോകുന്ന ഓരോ അനുവാചകനേയും കൈപിടിച്ചു മുന്‍പോട്ടു നടത്തുന്നതും ഈ വാക്കുകളുടെ ആന്തരികദീപ്തിയുടെ മാര്‍ഗ്ഗദര്‍ശനം തന്നെ. കഥയായും ലേഖനങ്ങളായും കത്തുകളായും ആത്മകഥയായും കുറിപ്പുകളായുമൊക്കെ വരഞ്ഞുകോറിയ ഒരു സാധാരണക്കാരന്റെ ജീവിതത്തിന്റെ ചിന്തുകള്‍. കഥയെന്നോ കവിതയെന്നോ ലേഖനമെന്നോ പേരുകൊടുക്കാന്‍ കഴിയാത്ത, ഹൃദയഭാഷയുടെ വൈവിധ്യവര്‍ണ്ണസൂനങ്ങള്‍ കോര്‍ത്തിണക്കിയ സുഗന്ധപൂരിതമായൊരു അക്ഷരമാല്യം. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളുടെ പകലിരവുകളില്‍ കൈമോശം വന്നു പോകാത്ത നന്മയുടെ ഇഴകള്‍ ഊടും പാവും നെയ്തെടുത്ത ജയകാന്തം വായനയുടെ വഴികളില്‍ കൈവന്നൊരു സുകൃതം തന്നെ. കവിളില്‍ നിന്നൊരു സിന്ദൂരക്കൂട്ടു തൊട്ടെടുക്കാന്‍ കഴിയുന്ന ലാവണ്യവതിയായി പരിലസിക്കുന്ന ജയകാന്തം തന്നെ ഈ വര്‍ണ്ണമാലയിലെ ഏറ്റവും മനോഹരപുഷ്പം. വര്‍ണ്ണങ്ങള്‍ക്കതീതമായൊരു വശ്യഭംഗിയുണ്ട് ഈ രചനയ്ക്ക്. ആത്മാവിനെ ചേര്‍ത്തു നിര്‍ത്താന്‍ കഴിയുന്നതെന്തും സൗന്ദര്യമാണെങ്കില്‍ ഈ രചന സൗന്ദര്യത്തിന്റെ ഉത്തുംഗം എന്നേ പറയാനാവുന്നുള്ളു. ഹൃദയത്തിന്റെ ഉള്ളറകളിള്‍ കൂര്‍ത്തുമൂര്‍ത്തൊരു മുള്ളു കോറിവലിക്കുമ്പോഴുണ്ടാകുന്ന രക്തപുഷ്പങ്ങളുടെ ശോകമൂകമായൊരു സൗന്ദര്യം. അണയാത്ത സ്നേഹത്തിന്റെ നെയ് വിളക്കുകള്‍ തെളിയിക്കുന്ന സാവിത്രിയും അര്‍ച്ചനയും ജയകാന്തനും അനുവാചകന്റെ മനസ്സില്‍ മരണമില്ലാത്ത കഥാപാത്രങ്ങള്‍ തന്നെ.
ആദ്യ രചന തന്നെ ഇന്നിന്റെ കാപട്യത്തെ മുഖം മൂടി പിച്ചിച്ചീന്തി നമുക്കു മുന്നിലേയ്ക്കെറിഞ്ഞു തരുന്നു ഗ്രന്ഥകാരന്‍.രണ്ടാമതു വരുന്ന ഉണ്ണിയുടെ മറുപടിയിലൂടെ പ്രത്യാശയുടെ നേര്‍വെളിച്ചവും . കഥാകൃത്തിന്റെ ദുഃഖം വായനക്കാരനിലേയ്ക്കും വൈദ്യുതി പോലെ പ്രവഹിക്കുന്നു. മധ്യസ്ഥന്‍ തികച്ചും വിപരീതാത്മകമായൊരു സന്ദേശമല്ലേ നല്‍ക്കുന്നതെന്നു സന്ദേഹമില്ലാതില്ല. ഭരതമുനിയാകട്ടെ ഒരു ഇളനീര്‍കുടിച്ച അനുഭവം പകര്‍ന്നു തരുന്നുമുണ്ട്. കെ ദാമോദരനെ പരിചപെടുത്തിയത്, പ്രത്യേകമായൊരു തിളക്കം വായനക്കാരന്റെ കണ്ണുകളിലും പ്രതിഫലിപ്പിച്ചുകൊണ്ട്. സ്നേഹഗായകന്‍ നല്‍കുന്ന പ്രതിച്ഛായ ഗ്രന്ഥകാരന്‍ ആഗ്രഹിച്ച രീതിയില്‍ തീക്ഷ്ണമായോ എന്നു സംശയം തന്നെ. രാജകുമാരന്റെ കഥ വായിക്കുന്ന ആരും ഇതൊരു കഥ മാത്രമായിരിക്കണേ എന്ന് ആഗ്രഹിച്ചു പോകും, മനസ്സാ പ്രാര്‍ത്ഥിക്കും. .
ഒരു നോവല്‍ വായിച്ച സംതൃപ്തിയായിരുന്നു ചോറ്റുപാത്രം പകര്‍ന്നു തന്നത്. വൈവിധ്യമാര്‍ന്ന വൈകാരിക പ്രപഞ്ചത്തെ ഒരു കൊച്ചു ചിമിഴില്‍ ഒതുക്കാന്‍, വ്യത്യസ്തതയുള്ല കഥാതന്തുക്കളും കഥാപാത്രങ്ങളും ഒരു ചോറ്റുപാത്രമെന്ന ചരടില്‍ കോര്‍ത്തിണക്കാന്‍ ഹോമറെന്ന എഴുത്തുകാരനു മാത്രമേ കഴിയൂ. ഇത് അദ്ദേഹത്തിന്റെ വിജയം തന്നെ. ദാരിദ്ര്യരേഖ, സ്ഥലപ്പേരില്ലാത്ത സിംഹം, എഴുത്തുകാരന്റെ ജനനം, സാന്‍ഗ്രീല, ഇവ ഒക്കെ സമാനങ്ങളായ വര്‍ണ്ണവിസ്മയങ്ങ്ളോടെ വരച്ചു ചേര്‍ക്കപ്പെട്ട ജീവിത ചിത്രങ്ങളുടെ ഉദാത്തമായ ഉദാഹരണങ്ങളാണ്. ജീവിത്തിന്റെ പാത ഒന്നുമാതം. ജനനത്തില്‍ ആരംഭിച്ച് മരണത്തിലവസാനിക്കുന്ന വളരെ ഹൃസ്വമായൊരു ചലന പാത., പക്ഷേ അതിന്റെ വൈവിധ്യം വഴിയോരക്കാഴ്ചകളിലാണ്. ചെന്നെത്തുന്നിടങ്ങളിലെ കണ്ണീരും പുഞ്ചിരിയും പകര്‍ന്നു നല്‍കുന്ന അനുഭവങ്ങളുടെ തീക്ഷ്ണമായ മനോവ്യാപാരങ്ങളാണ്. അവയിലൂടെ കടന്നു പോകുമ്പോഴുള്ല ഗഹനമായ വ്യഥകളാണ് ഓരോ ജീവിതങ്ങളേയും ഈ കാലത്തോടു കൂട്ടിയിണക്കപ്പെടുന്നത്.
ചെകുത്താന്റെ വക്കീല്‍ പലകാരണങ്ങളാല്‍ ഉള്‍ക്കൊള്ളാനാവുന്നില്ല എന്നത് ഒരു ദുഃഖസത്യ്ം. ഓരോ ജനവിഭാഗത്തിനും അവര്‍ക്കര്‍ഹമായ ഭരണാധികാരികളെ ലഭിക്കുമെന്നത് ഇന്ത്യയേ സംബന്ധിച്ച് ഒരു പരമസത്യമാണെന്ന് വിശ്വസിക്കുന്ന എനിക്ക് ഈ രചനയെ മനസ്സുകൊണ്ട് സ്വീകരിക്കാന്‍ കഴിയുന്നില്ല. 'വിവാഹസമ്മാനം' ഇത്ര എഴുതാന്‍ എന്തിരിക്കുന്നു എന്നും ഓര്‍ത്തുപോയി. അതുപോലെ തന്നെ വായനയില്‍ അജീര്‍ണ്ണം വരുത്തിയതാണ് ഗായത്രിയുടെ ആത്മഹത്യ. പ്രമേയം വളരെ നന്നെങ്കിലും അവതരണം ശുഷ്കമായിപ്പോയോ എന്നൊരു ശങ്ക, അല്പം അശയക്കുഴപ്പവും സമ്മാനിക്കുന്നു. പിന്നെ, കടിച്ചാല്‍ പൊട്ടാത്ത പലഹാരമായി അവശേഷിക്കുന്നു കാന്തന്റെ ആത്മഹത്യയും. അതിലെന്തു വിശ്വഭാഷ! എന്തു കലാമേന്മ! ചില ആത്മഹത്യകള്‍ ദിവസങ്ങളോളം നമ്മുടെ ഉറക്കം കെടുത്തും. പക്ഷേ ഈ ആത്മഹത്യകളാകട്ടെ മനസ്സിലൂടെ ഒന്നു കയറിയിറങ്ങുന്നുപോലുമില്ലല്ലോ എന്നോര്‍ത്തുപോകും. എന്തുകൊണ്ടാവാം ഇങ്ങനെ സംഭവിച്ചത്? 'പെണ്ണൂകാണല്‍' ഈ പുസ്തകത്തിന് ഒട്ടും ചേരാത്തൊരു കഥ ( അതോ അനുഭവക്കുറിപ്പോ) എന്നും തോന്നിയാല്‍ അത്ഭുതമില്ല. 'ചിതാഭസ്മം കലക്കിക്കുടിക്കുന്നവര്‍' പെരുമ്പടവം ശ്രീധരന്റെ അഭിമുഖങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ലവര്‍ക്ക് അതു തന്നെയല്ലേ ഇത് എന്നേ തോന്നുകയുള്ളു. എങ്കിലും അതിനെക്കുറിച്ചറിയാത്തവര്‍ക്ക് ആ രചന വളരെ ആസ്വാദനപ്രദം ആയിരിക്കുമെന്നതിനു രണ്ടുപക്ഷമില്ല. അതാകട്ടെ രചനയിലുള്ള സൗകുമാര്യം ഒന്നുകൊണ്ടു മാത്രം. അത്ര മനോഹരമായിട്ടുണ്ട് ആ അക്ഷരക്കൂട്ട്.
വ്യത്യസ്തമായൊരു ചിത്രം തന്നെ 'വൈകി വിടരുന്ന നാലുമണിപ്പൂക്കള്‍' വരച്ചു കാട്ടുന്നു.
ഒരു സത്യത്തെ എങ്ങനെ അപ്രിയമല്ലാതെ പറഞ്ഞു ഫലിപ്പിക്കാമെന്ന് ഇവിടെ വ്യക്തമാക്കിത്തരികയാണ് രചയിതാവ്. കൊല്ലും കൊലയ്ക്കുമപ്പുറത്തായൊരു കക്ഷിരാഷ്ട്രീയ ചിന്തയുണ്ടെന്നും സൗഹൃദമെന്നത് ഹൃദയങ്ങള്‍ തമ്മിലാണ് മറിച്ച് പ്രത്യശാസ്ത്രപരമായ ചിന്താസരണിയില്‍ ഉടലെടുക്കുന്ന ബാഹ്യരൂപിയായൊരു വികാരപ്രകടനമല്ല എന്നും ഈ പൂക്കളുടെ കടുത്ത വര്‍ണ്ണം നമ്മുടെ ഹൃദയങ്ങളിലും എഴുതിച്ചേര്‍ക്കുന്നു. 'നീതിപീഠത്തിന്റെ വര്‍ണ്ണച്ചിറകുകള്‍'നല്‍കുന്നതും മൂല്യവത്തായൊരു പാഠം തന്നെ. അധികാരവും പദവിയുമൊക്കെ ഒരു മനുഷ്യനെ എത്രത്തോളം മൂല്യശോഷണത്തിന്റെ കൊടുമുടിയിലെത്തിക്കാം എന്ന ജ്ഞാനമുക്തകം!താണ്ടമ്മയുടെ ചിരി വളരെ ചെറുതെങ്കിലും വായനക്കാരന് അതൊരു നീണ്ട ചിരി തന്നെ സമ്മാനിക്കുന്നു. മേഘജാലം നമുക്കുമുന്നില്‍ വെയ്ക്കുന്നതും സദ്ചിന്തയുടെ വിലപ്പെട്ടൊരു കനി തന്നെ. ''ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ഒറ്റപ്പെട്ടൊരു സ്ഫോടനമോ കൊലപാതകമോ നടന്നാല്‍ നവലോകം ഉണ്ടാകുമോ.'' ഇത് ഏതൊരു സാധാരണക്കരന്റെയും മനസ്സിലെ സന്ദേഹം തന്നെ- ഒരിക്കലും ഒരു തീവ്രവാദിക്കു മനസ്സില്‍ തോന്നാത്തതും.
ആത്മകഥ
''''''''''''''''''
" കണ്ണീര്‍ക്കായലില്‍ നീന്തി നീന്തി മുന്നോട്ടു പോകുമ്പോള്‍ കാലില്‍ തട്ടിത്തടയുന്ന കക്കയാണ് എന്റെ നര്‍മ്മകഥ. അവ വായനക്കാരില്‍ എത്തിക്കുന്ന എളിയ ജോലിയാണ് ഞാന്‍ നിര്‍വ്വഹിച്ചു പോരുന്നത്." (ആര്‍. എന്‍. ഹോമര്‍)
ഏതൊരു വ്യക്തിയുടേയും ജീവിതം സംഭവങ്ങളുടെ നിലയ്ക്കാത്തൊരു ഘോഷയാത്രയാണ്. എല്ലാ വിഘാതങ്ങളേയും പിന്നിലാക്കി ജീവിതമെന്ന നദി ഒഴുകുമ്പോള്‍ ഓര്‍മ്മയുടെ തോണി ഈ നദിയുടെ എതില്‍ ദിശയിലേയ്ക്ക് തുഴയുകയും ചെയ്യും. ഈ ഓര്‍മ്മകളേ അടുക്കും ചിട്ടയുമായി കോര്‍ത്തിണക്കി അക്ഷരമാല്യ്ം തീര്‍ത്താല്‍ അതൊരു മനോഹരമായ ആത്മകഥയെന്ന പുഷ്പഹാരമാകും. ആത്മകഥ സുന്ദരമാകാന്‍ അതിഭാവുകത്വത്തിന്റെ പൊടിപ്പും തൊങ്ങലും ഒട്ടും ആവശ്യമില്ല തന്നെ. പ്രത്യുത, സംഭവങ്ങളുടെ സത്യസന്ധമായ ആവിഷ്കാരം നല്‍കുന്ന സുഗന്ധം മാത്രം മതിയാകും. ഈ ആത്മകഥയ്ക്ക് ആ സുഗന്ധം വേണ്ടുവോളമുണ്ടെന്നത് എടുത്തു പറയേണ്ട കാര്യം തന്നെ. കാപട്യമില്ലാത്ത, പുറമ്പൂച്ചുകളില്ലാത്ത പച്ചയായ ജീവിതാവിഷ്കാരം. ഇതില്‍ നര്‍മ്മമുണ്ട്, ദുഃഖമുണ്ട്, ദാര്‍ശനികതയുണ്ട്, എവിടെയും എത്താതെ നില്‍ക്കുന്ന കഥയില്ലായ്മയുമുണ്ട്. പൊട്ടിച്ചിരിപ്പിക്കുകയും പൊട്ടിക്കരയിക്കുകയും ചെയ്യുമ്പോഴും ഓരോ ചിരിയും കരച്ചിലും ബാക്കി നല്‍കുന്നത് ആഴത്തില്‍ ചിന്തിക്കാനൊരു ഗഹനതയാവും, ജീവിതത്തിന്റെ അര്‍ത്ഥ്ശൂന്യതയെന്ന പൊള്ലയായൊരു മണ്‍കുടത്തിലെ ഗഹനത. ഹോമറന്ന എഴുത്തകാരനെയല്ല, ഹോമറന്ന പച്ചയായ മനുഷ്യനാണ് ഈ ആത്മകഥയില്‍ നമുക്കു മുന്പില്‍ അനാവൃതമാക്കപ്പെടുന്നത്.
ജീവിതയാത്രയില്‍ ഒരു തുളസിയേയോ ഹോമറിനേയോ കണ്ടുമുട്ടാത്തവര്‍ ഉണ്ടാവില്ല. സിന്ദൂരപ്പൂക്കളില്‍ വിടര്‍ന്നു നില്‍ക്കുന്നത് ഒരു കാലഘട്ടത്തിന്റെ തന്നെ കഥയാണ്. ഇന്നത്തെ തലമുറയ്ക്ക് പരിചിതമല്ലാത്ത കാലത്തിന്റെ കഥ. പാതിരായാത്രയും നമുക്കൊരു ചിത്രം പോലെ കാണാന്‍ കഴിയും അകക്കണ്ണില്‍. അന്ത്രുവാശാനും കുടുംബവും ജമീലയുമൊക്കെ ഇറ്റു വീഴാന്‍ മടിക്കുന്നൊരു കണ്ണിര്‍ക്കണമായി വായനക്കാരന്റെ മനസ്സില്‍ അവശേഷിക്കും. കര്‍ക്കിടകരാവുകളിലെ തിരിനാളം തെളിയുമ്പോള്‍ വായനക്കാരന്റെ കാതില്‍ ഒഴികിയെത്തും ഗ്രാമീണഗീതത്തിന്റെ ഉടുക്കിന്‍ നാദം. ജീവിതപുസ്തകത്തിലെ ഒരു വലിയ ഏടുതന്നെയാണ് വലിയ മീന്‍ നമുക്കു തുറന്നു കാട്ടുന്നത്. ഭരതന്‍ മാഷിന്റെ ഓര്‍മ്മകള്‍ ഉജ്ജ്വലമായൊരു ദീപ്തിവിശേഷം നല്‍കുന്നൊരു വിളക്കായി ശോഭിക്കുന്നു. കെ പി അപ്പനേക്കുറിച്ചുള്ള ഓര്‍മ്മക്ളും വെളിച്ചം വിതറുന്നവ. ഇരുട്ടില്‍ ഒരു മിന്നാമിന്നിയായി പി ഗോവിന്ദപ്പിള്ലയും. നൈനേഷിന്റെ നന്ദികേടാവട്ടെ തമസ്സിന്റെ ഒരു ചിന്തു സമ്മാനിക്കുകയുമാണ്. പൊതിച്ചോറും സിനിമാഭ്രാന്തും നല്‍കുന്നത് വ്യത്യസ്തതയുടെ ചിത്രവും. ഹോമറെന്ന ജാമ്യക്കാരനേപ്പോലെ ഇപ്പോഴുമുണ്ട് ചിലര്‍, ജാമ്യം നില്‍ക്കല്‍ കുത്തകയായെടുത്തവര്‍. അത്ഭുതശാപ്പാട് വായിക്കുമ്പോള്‍ വായനക്കാരനും ആ ശാപ്പാടു കഴിച്ച പ്രതീതി. പടിയിറക്കം ഏതാനും വാക്കുകളില്‍ ഒരു ഒരു വലിയ ജീവിത യാത്ര തന്നെ കാട്ടിത്തരുന്നു. 'പഞ്ചപാണ്ഡവന്മാര്‍ കട്ടില്‍ക്കാലുപോലെ മൂന്ന'ല്ല ആറെന്നു തെളിയിക്കുന്നു. നന്മയിലേയ്ക്കു നയിച്ചവരെയൊക്കെ നന്ദിപൂര്‍വ്വം സ്മരിക്കുന്ന ഗ്രന്ഥകാരന് നന്മയില്‍ കുറഞ്ഞ് എന്തു കിട്ടാന്‍!.
കഥയില്‍ ചോദ്യമില്ല. കവിതയിലും! സ്വപിതാവിന്റെ പ്രണയവും ചുറ്റിക്കളിയുമൊക്കെ ഇത്ര ലാഘവത്തോടെ വായനക്കാരന്റെ മുന്നിലെത്തിക്കാന്‍ ഹോമറെന്ന എഴുത്തുകാരനല്ലാതെ മറ്റാര്‍ക്കു കഴിയും! 'മുടിയനായ അച്ഛന്റെ പുത്രന്‍' വായനക്കാരനു നല്‍കുന്ന ദുരന്ത ചിത്രം ഹൃദയത്തില്‍ മുനയുള്ലൊരു മുള്ളിനാല്‍ കോറിയിടുന്ന നിഴല്‍ച്ചിത്രം, പക്ഷേ മാഞ്ഞുപോകുന്നില്ല ആ ദുഃഖചിത്രം.
എന്തായിരിക്കാം ഒരാളുടെ വീക്ക്നെസ്സ് !... പണമല്ല, പെണ്ണല്ല, അധികാരമല്ല, മദ്യമോ മറ്റു ലഹരിപദാര്‍ത്ഥങ്ങളുമല്ല, ജാതിയും മതവുമല്ല. .. പിന്നെ,.... സംഗീതം.. അതിന്റെ നാദം, ലയതാളം. പക്ഷേ സ്നേഹം ദൗര്‍ബ്ബല്യമല്ലാത്ത മനുഷ്യരുണ്ടോ? എത്ര കിട്ടിയാലും കൊടുത്താലും മതിവരാത്ത ഒന്നേയുള്ളു ഈ ലോകത്തില്‍ - സ്നേഹം. പിന്നെന്തേ ജയകാന്തകാരന് അതൊരു ദൗര്‍ബ്ബല്യമല്ലാതെ പോയത് ! ഒരുപക്ഷേ സ്നേഹം അദ്ദേഹത്തിന്റെ ദൗര്‍ബ്ബല്യമായിരിക്കില്ല, ശക്തിയായിരിക്കാം. ആ ശക്തിയിലാണ് ഈ പുസ്തകത്തിലെ ഓരോ അക്ഷരക്കൂട്ടും ജ്വലിച്ചു നില്‍ക്കുന്നത്.
ഈ പുസ്തകത്തിലെ പലരചനകളിലും ഗ്രന്ഥകാരന്‍ നല്ലൊരു കവിയാണെന്നു കൂടി നമുക്കു കാട്ടിത്തരുന്നുണ്ട്. " മകരക്കുളിരും മകരനിലാവും വിശാലമായ പുഴയും കെട്ടുപിണഞ്ഞു കിടന്നു സ്വകാര്യം പറയുന്നതു" കാണാന്‍ ഒരു കവിഹൃദയത്തിനേ കഴിയൂ. മറ്റൊരു മനോഹര കാവ്യമാണ് 'പുഴയ്ക്കു പകരം'. ' ഉണ്ണിയപ്പവും അച്ചപ്പവും' നല്‍കുന്ന മധുരത്തിനപ്പുറം കാവ്യമധുരവും ഇടയ്ക്കിടെ നമ്മെ രസിപ്പിക്കും. ഇവയൊക്കെ ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രം. നാളെ ഒരുപക്ഷേ ഹോമറെന്ന കവിയെ കാലം നമുക്കു നല്‍കുകയില്ല എന്ന് ആരു കണ്ടു!
കത്തുകളും ലേഖനങ്ങളും കാഴ്ചപ്പാടുകളും
................................................................
പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ഓരോ കത്തുകളും ഹോമറെന്ന മനുഷ്യന്റെ നന്മയും മേന്മയുമാണ് വിളിച്ചോതുന്നത്. ഹോമറെന്ന എഴുത്തുകാരന്റെ മഹത്വം തിരക്കി പോകേണ്ടതും ഈ കത്തുകളിലേയ്ക്കാണ് എന്നു തോന്നും അവയിലൂടെ കടന്നു പോകുമ്പൊള്‍.
ലേഖനങ്ങളാകട്ടെ പകര്‍ന്നു നല്‍കുന്ന വൈകാരികപ്രപഞ്ചം വാക്കുകളിലൂടെ പ്രതിഫലിപ്പിക്കാനാവുകയില്ല. പല ജീവിതങ്ങളുടേയും അറിയാതെ പോയ കഥകളും കാണാതെ പോയ കാഴ്ചകളും സമ്മാനിക്കുന്നു ഓരോ ലേഖനങ്ങളും.
കാഴ്ചപ്പാടുകളാകട്ടെ വായനക്കാരനു ലഭിക്കുന്ന പാഠങ്ങളാണ്. ഉള്‍ക്കൊള്ളാന്‍ കഴിയാത്തവ നിരാകരിച്ചാല്‍ മതിയല്ലോ. അങ്ങനെ എഴുത്തുകാരന്‍ ഒരു ഗുരുവിന്റെ മേലങ്കി കൂടി അണിയുന്നു ഈ കാഴ്ചപ്പാടുകളിലും . തിരുക്കുറളില്‍ പ്രാധാന്യം നല്‍കാതെ പോയ കാര്യങ്ങള്‍ ഒരുപാടു ചിന്തിപ്പിക്കുന്നു. ആ ചിന്തകള്‍ക്കൊടുവില്‍ മനസ്സില്‍ ഉരുത്തിരിയുന്നത് ഒരു നന്മയാണെങ്കില്‍ അതാണല്ലോ ഗ്രന്ഥകാരന്റെ ആത്യന്തികമായ വിജയവും.
'ജയകാന്തം' അനുഭൂതിദായകമായൊരു വായനാനുഭവം അനുവാചകര്‍ക്കു സമ്മാനിക്കട്ടെ എന്നാശംസിക്കുകയാണ്. തീര്‍ച്ചയായും വായനക്കാരന് ഒരു നവചൈതന്യം ഈ വായന പകര്‍ന്നു തരുമെന്നതിനു സംശയമില്ല. ഇനിയും ഒരുപാടു രചനകളുമായി മലയാളഭാഷയ്ക്കു തന്റേതായ സംഭാവനകള്‍ നല്‍കി അനുവാചകമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠനാകുവാന്‍ ഗ്രന്ഥകാരന് എല്ലാ ഭാവുകങ്ങളും നേരുന്നു. 'ഹോമറെ'ന്ന പേരുനല്‍കുമ്പോള്‍ ഇളയച്ഛനാഗ്രഹിച്ചതുപോലെ സാഹിത്യരംഗത്ത് ഒരിതിഹാസമാകുവാന്‍ വിദൂരമല്ലാത്ത ഭാവിയില്‍ കഴിയട്ടെ. നന്ദി. നമസ്കാരം.
( ശ്രീ ആര്‍ എന്‍ ഹോമര്‍ ഏറണാകുളം ജില്ലയില്‍ നോര്‍ത്ത് പറവൂര്‍ കെടാമംഗലം സ്വദേശിയാണ്. സാഹിത്യകരനെന്നതിനു പുറമേ നല്ലൊരു പ്രസംഗകനും ഗായകനും കൂടിയാണ് ശ്രീ ഹോമര്‍. 'ജയകാന്തം ' രണ്ടു പതിപ്പുകള്‍ കൂടാതെ 'അറിയപ്പെടാത്ത വിപ്ലവകാരി ആര്‍. കെ കേളു' എന്ന ജീവിചരിത്രവും നര്‍മ്മകഥകളടങ്ങിയ ' ലോട്ടറി അടിക്കാന്‍ എന്തുചെയ്യണം ? ' എന്ന ഗ്രന്ഥവും അദ്ദേഹത്തിന്റേതായുണ്ട്. 266 പേജുകളുള്ള ജയകാന്തം രണ്ടാം പതിപ്പിന്റെ വില 230 രൂപയാണ്. 8547829138 എന്ന മൊബൈല്‍ നമ്പറില്‍ ആവശ്യപ്പെട്ടാല്‍ പുസ്തകം ലഭിക്കുന്നതാണ്. )
ജയകാന്തനെപ്പറ്റി ഏറെ കേട്ടിട്ടുണ്ടെങ്കിലും രചനകളൊന്നും വായിച്ചിട്ടില്ല
ReplyDeleteആശംസകള്‍
ReplyDeleteanekam nalla vaakkukal kondenne orupaad uyarathilekku kondupoya miniyod neethi pulartthaan enikkaayilla vivarakkedukalum pakwathayillaaymmayum ente koodappirappaanu ee nalla padanangalkk miniyod njaan orupaad kadappettirikkunnu miniyodulla kadappadukal enikk veettitheerakkaanaavilla
ReplyDelete