വളഞ്ഞ മാന്‍ കൊമ്പിലെ ബാധകള്‍
''''''''''''''''''''''''''''''''''''''''''''''''''''''''''''
പണിക്കത്തി പാടം കടന്നു കയറിവരുമ്പോള്‍ ചാറ്റല്‍ മഴയും കൂടെ വന്നിരുന്നു. അപ്പോഴും മോന്റെ കരച്ചിലിന്റെ ബാക്കിയായ തേങ്ങല്‍ ഇടയ്ക്കിടയ്ക്ക് ഉയരുന്നുമുണ്ടായിരുന്നു. സത്യത്തില്‍ അവരെ കണ്ടപ്പോഴേ വല്ലാത്തൊരാശ്വാസമായിരുന്നു. . ഇനി ഉണ്ണീടമ്മ നോക്കിക്കോളും എല്ലാം..പണിക്കത്തിയുടെ പേരെന്താണെന്ന് ഞങ്ങളുടെ നാട്ടിലാര്‍ക്കുമറിയില്ല. കാരണം ഇന്നാട്ടില്‍ താമസത്തിനു വരുമ്പോള്‍ തന്നെ അവരെ പേരു വിളിക്കുമായിരുന്ന കണവന്‍ കൂടെയുണ്ടായിരുന്നില്ല . അഞ്ചാണ്മക്കളും, അതില്‍ വിവാഹം കഴിച്ച മൂത്ത രണ്ടു പേരുടേയും ഭാര്യമാരും ആദ്യത്തെ മകന്റെ കൈക്കുഞ്ഞും മാത്രമേ കൂടെയുണ്ടായിരുന്നുള്ളു. ഏറ്റവും ഇളയ മകന്‍ ഉണ്ണി എന്റെ ക്ലാസ്സിലായിരുന്നു. ഞങ്ങളന്ന് രണ്ടാം ക്ലാസ്സില്‍. ഉണ്ണിയുടെ ചേട്ടന്‍ രാജനും ഞങ്ങളുടെ സ്കൂളില്‍ ഏതോ മുതിര്‍ന്ന ക്ലാസ്സില്‍ ആയിരുന്നു. ഞാന്‍ അവരെ ഉണ്ണീടമ്മയെന്നേ വിളിക്കുമായിരുന്നുള്ളു. നാട്ടാരില്‍ ചിലര്‍ പണിക്കത്തിയെന്നും വേറേ ചിലര്‍ അതിനെ ഒന്നു കൂടി ബലപ്പെടുത്തി വേലപ്പണിക്കത്തിയെന്നും വിളിച്ചിരുന്നു. കാരണം അവര്‍ ചുണ്ണാമ്പു വേലന്മാരായിരുന്നത്രേ.. കമ്പോളത്തില്‍ നിന്നു കക്ക വാങ്ങി നീറ്റി കുമ്മായമാക്കി അതില്‍ നീലം ചേര്‍ത്ത് വെണ്മയുടെ ശോഭ കൂട്ടി വീടുകളുടെ ചുവരുകള്‍ക്കൊക്കെ വെള്ളപൂശുകയായിരുന്നു പണിക്കത്തിയുടെ മൂത്ത മക്കളുടെ പ്രധാന ജോലി.
അന്നൊക്കെ ഞങ്ങളുടെ മലനാട്ടില്‍ ഇഷ്ടിക കൊണ്ടു കെട്ടിയ ചെറിയ വീടുകള്‍ ആയിരുന്നു അധികവും . സിമന്റും ഓടുമൊക്കെ കൊണ്ടുവന്ന് വീടുപണിസ്ഥലത്ത് എത്തിക്കാന്‍ ഗതാഗത സൗകര്യം അന്നു കാര്യമായില്ലാത്തതുതന്നെ കാര്യം. മുകളില്‍ മേച്ചില്‍ പുല്ലു മേഞ്ഞിട്ടുണ്ടാകും. മേച്ചില്‍ പുല്ല് മലമുകളിലെ കാട്ടുപ്രദേശങ്ങളില്‍ വളരുന്ന ഉയരം കൂടിയ പുല്ലാണ്. അതിനിടയില്‍ ആന നിന്നാലും കാണില്ലത്രേ !ഏറ്റവും ധൈര്യശാലികള്‍ മാത്രമേ കാട്ടില്‍ പുല്ലുമുറിക്കാന്‍ പോകുമായിരുന്നുള്ളു. മുറിച്ച പുല്ല്, ഉണക്കി, വലിയ കെട്ടാക്കി, വീടുവീടാന്തരം കൊണ്ടുവന്നു വില്‍ക്കും. മ്ഴയ്ക്കു മുന്‍പേ മേച്ചില്‍ പൂര്‍ത്തിയാക്കണം. പുല്ലുമേഞ്ഞ വീടിന് ഗുണങ്ങള്‍ ഏറെയാണ്. ഒന്നാമത് കള്ളനു കയറാന്‍ കഴിയില്ല. പിന്നെ തണുപ്പുകാലത്ത് പുല്ലുവീടുകള്‍ക്കുള്ളില്‍ നല്ല ചൂടായിരിക്കും. വേനല്‍ക്കാലത്താകട്ടെ പുല്ലുണങ്ങുമ്പോള്‍ ഇടയിലൂടെ കടന്നു വരുന്ന കാറ്റ് വീട്ടിനുള്ളില്‍ നല്ല തണുപ്പും നല്‍കും. ഒരു പര്‍ണ്ണശാലയുടെ സൗകുമാര്യം! മണ്‍ചുവരുകളില്‍ കുമ്മായം പൂശുകയാണു പതിവ്. അപൂര്‍വ്വം ചില വീടുകളില്‍ മാത്രം നിറമുള്ള പുറം ചുവരുകളുണ്ടാകും. ഇങ്ങനെ കുമ്മായം പൂശിയിട്ടാല്‍ ഗുണം രണ്ടാണ്. ഒന്ന് വീടിനുള്ളില്‍ വെളിച്ചമുള്ളതുപോലെ തോന്നും. പിന്നെ പൂച്ചികളും പ്രാണികളും ഒന്നും കയറി ശല്യമുണ്ടാക്കുകയോ ചിലന്തി വന്നു വലകെട്ടുകയോ ഇല്ല കുറേ നാളത്തേയ്ക്കെങ്കിലും.
മഴക്കാലത്ത് കുമ്മായം പൂശുന്ന പണിയുണ്ടാവില്ല. ആ കാലങ്ങളില്‍ ആ വീട്ടുകാരുടെ പ്രധാന വരുവാനം പണിക്കത്തി 'ഓതാന്‍' പോയി കിട്ടുന്നതാണ്. അധികവും കുഞ്ഞുങ്ങളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ മാറ്റാനാണ് ഓതുന്നത്.അതു കണ്ണുകിട്ടിയിട്ടോ ബാധ കയറിയിട്ടോ ഒക്കെയാവാം. ഓതുക എന്നു പറഞ്ഞാല്‍ ആധികാരികമായൊരു നിര്‍വ്വചനമൊന്നുമില്ല. കരയുന്ന കുഞ്ഞിനെ മടിയില്‍ വെച്ച് പണിക്കത്തി മുറിയുടെ ഒരു മൂലയില്‍ ഇരിക്കും. കയ്യില്‍ കരുതിയിരിക്കുന്ന പിരിയന്‍ മാന്‍കൊമ്പ് എങ്ങനെയൊക്കെയോ വായുവില്‍ വീശി, തുമ്മലിനും ചുമയ്ക്കുമിടയിലുള്ള ചില അപശബ്ദങ്ങള്‍ തല താഴേയ്ക്കാട്ടി പുറപ്പെടുവിയ്ക്കും. ങ്ങ്ഹും,, ങ്ങ്ഹും,, .. പിന്നെ എന്തൊക്കെയോ പുറുപിറുക്കുന്നതിന്റെയും ശബ്ദം ഇടയ്ക്കിടെ കേള്‍ക്കാം. ഇടയ്ക്കിടെ വായ്ക്കോട്ട വന്നുകൊണ്ടിരിക്കും. കൂടുതല്‍ കണ്ണു ദോഷം,അഥവാ ബാധയുണ്ടെങ്കില്‍ കൂടുതല്‍ കോട്ടുവാ വന്നുകൊണ്ടിരിക്കും. കുറെ സമയം ഇതു തുടര്‍ന്ന ശേഷം കുറച്ചു മുളകോ ഉപ്പോ മഞ്ഞളോ എന്തൊക്കെയോ എടുത്ത് അടുപ്പിലിടാന്‍ തരും. ഇത്രയുമേയുള്ളു ഓതല്‍. കുഞ്ഞുങ്ങള്‍ക്കു വേണ്ടി ചെയ്യുന്നതല്ലേ, ധാരാളമായി കാണിക്ക കൊടുത്തായിരിക്കും പണിക്കത്തിയെ മടക്കുക. നെല്ലും തേങ്ങയും പഴങ്ങളും പണവും ഒക്കെയുണ്ടാവും അതില്‍.
ചാറ്റല്‍ മഴയോടൊപ്പം പടി കയറിവന്ന പണിക്കത്തി വേഗം മോനെ കയ്യിലെടുത്തു.തലേ ദിവസം അമ്മ ആളേ വിട്ടിരുന്നു.രണ്ടുമാസം പോലും തികയാത്ത എന്റെ മോന്‍ കുറച്ചു ദിവസമായി വല്ലാത്ത കരച്ചിലാണു രാത്രിയില്‍. പീഡിയാട്രീഷ്യന്‍ പറഞ്ഞത് അവന് ഒരു കുഴപ്പവുമില്ലയെന്ന്.കുഞ്ഞാണെങ്കില്‍ പാലും കുടിക്കാതെ കരച്ചില്‍ തന്നെ.മോന്റെ കരച്ചില്‍ കാരണം ഞാന്‍ ഉറങ്ങിയിട്ടു ദിവസങ്ങളായിരുന്നു. പാലുകുടിക്കാത്തതുകൊണ്ടുള്ള വിമ്മിഷ്ടവും ഒരുവശത്ത്. ഇടയ്ക്ക് പിഴിഞ്ഞു കളയും ചിലപ്പോള്‍ കൈ തൊടാന്‍ വയ്യാത്ത വേദനയും..പണിക്കത്തി കണ്ടതേ നല്ലോരു പിഞ്ചിരി സമ്മാനിച്ചു. ശ്രീത്വമുള്ള ആ മുഖത്തു വിരിയുന്ന ചിരികാണാന്‍ നല്ല ചന്തം.മങ്ങിയ വെളുത്തമുണ്ടും വെള്ളള ബ്ലൗസും പിന്നെ ഒരു തോര്‍ത്തും - ഇതാണു വേഷം. ഉയരം കുറഞ്ഞ മെലിഞ്ഞ ശരീരം. ആ പ്രായത്തിലും നര കയറിയിട്ടില്ലാത്ത കറുത്തു തിളക്കമുള്ള ചുരുണ്ട മുടി പിന്നില്‍ കെട്ടിവെച്ചിട്ടുണ്ട്. അത്ര വെളുത്തിട്ടല്ല, ഒട്ടും കറുത്തതുമല്ല.
. .. "മോളെ, കുഞ്ഞിനൊന്നൂല്ല കേട്ടോ. ഇന്നത്തോടെ ശിത്താന്തമൊക്കെ മാറും"
പിന്നെ പണിക്കത്തി ഓതല്‍ തുടങ്ങി, യാതൊരു തയാറെടുപ്പും കൂടാതെ.. എന്തെങ്കിലും 'അഴുക്ക്' കുഞ്ഞില്‍ കയറിക്കൂടിയിട്ടുണ്ടെങ്കില്‍ ഒഴിപ്പിക്കാനാണ് മാന്‍ കൊമ്പ് വീശുന്നതും വല്ലാത്ത ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതും. പണിക്കത്തി ഓതുന്നതു നോക്കി നില്‍ക്കാന്‍ അമ്മ സമ്മതിക്കില്ല.അതുകൊണ്ട് അകത്തെ മുറിയുടെ കതകിന്റെ വിടവിലൂടെയാണ് ഞാന്‍ നോക്കിയത്. ഓതുന്നതിനിടയില്‍ ഒരുപാടു കോട്ടുവായ് വന്നിരുന്നു. എന്നു വെച്ചാല്‍ പ്രശ്നം ഇത്തിരി ഗുരുതരമാണെന്ന്.. അതുകൊണ്ടു കൂടുതല്‍ സമയമെടുത്തു ഓതല്‍ കഴിയാന്‍. അമ്മയുടെ കയ്യില്‍ അടുപ്പിലിടാന്‍ എന്തൊക്കെയോ കൊടുത്തു. പിന്നെ കുഞ്ഞിനെ എന്റെ കയ്യില്‍ തന്നു. എന്തായാലും അതിനു ശേഷം അവന്‍ രാത്രിയില്‍ കരഞ്ഞില്ലയെന്നത് നന്ദിയോടെയേ എനിക്കോര്‍ക്കാന്‍ കഴിയൂ.
പണിക്കത്തിയ്ക്കു കൊടുക്കാന്‍ കാണിക്കയുമായി അമ്മ വന്നപ്പോള്‍ അവര്‍ അവിടെയുണ്ടായിരുന്നില്ല. അമ്മ മുറ്റം ചുറ്റി നടന്നു നോക്കി. എവിടെയുമില്ല. അകത്തു വന്ന് എന്നോടുനന്വേഷിച്ചു. ഞാനപ്പോഴേ കുഞ്ഞിനു പാലുകൊടുക്കാനായി അകത്തേയ്ക്കു പോന്നിരുന്നു. അപ്പോള്‍ പണിക്കത്തി തന്നെ ഭാണ്ഡക്കെട്ടഴിച്ച് മാന്‍ കൊമ്പും മറ്റും അകത്തു വെയ്ക്കുകയായിരുന്നു. പിന്നെ നിമിഷനേരം കൊണ്ട് അവര്‍ എവിടെ പോയി?... സാധാരണ വന്നാല്‍ (ഓതാനൊന്നുമല്ല കേട്ടോ) കുറെ നാട്ടുകാര്യമൊക്കെ പറഞ്ഞിട്ടേ പോകൂ. കഴിക്കാന്‍ കൊടുക്കുന്നതൊക്കെ നല്ല സന്തോഷമായി പുഞ്ചിരിയോടെ ആസ്വദിച്ചു കഴിക്കും. പോകാനെഴുന്നേല്‍ക്കുന്നതും പോകുന്നതുമൊക്കെ വളരെ പെട്ടെന്നായിരിക്കും. അതുകൊണ്ട് അവര്‍ക്ക് എന്തെങ്കിലും കൊടുക്കാനെടുത്തുവെച്ചിട്ടുണ്ടെങ്കില്‍ അത് ആദ്യം തന്നെ അവരെ ഏല്‍പ്പിക്കും. പിന്നെത്തേയ്ക്കാക്കിയാല്‍ നടക്കില്ല. ഇപ്പോള്‍ പോയതാകട്ടെ ഒന്നും പറഞ്ഞിട്ടുമല്ല..
മോനെ കിടത്തി ഞാന്‍ മുറ്റത്തേയ്ക്കിറങ്ങി. നേരെ എതിര്‍വശത്തെ വീട്ടിലേയ്ക്കുള്ള പടികയറിപ്പോകുന്നു പണിക്കത്തി. എന്റെ വീടും ആ വീടും മുഖത്തോടു മുഖം നോക്കിനില്‍ക്കുന്ന രണ്ടു മലകളിലാണ്. ഞങ്ങളുടെ നാട് ഇങ്ങനെ അനേകം മലകള്‍ നിറഞ്ഞതാണ്. പരന്നു കിടക്കുന്ന സ്ഥലങ്ങളേ ഇല്ല എന്നു പറയാം.ഈ മലകളിലൊക്കെ നിറയെ കൃഷികളാണ്. കുരുമുളകും ഇഞ്ചിയും വാഴയും പ്ലാവും മാവും .. എന്നു വേണ്ട സര്‍വ്വ കൃഷികളുമുണ്ടാകും ഈ മലഞ്ചെരുവുകളില്‍. രണ്ടു മലകളുടെ ഇടയ്ക്കുള്ള ചതുപ്പു നിലം നെല്‍കൃഷി ചെയ്തിരുന്ന വയല്‍പ്രദേശമാണ്. എതിരെയുള്ള മലയിറങ്ങി, ഇടയ്ക്കുള്ളള വയലിന്റെ വരമ്പുവഴിയും കടന്നാണു പണിക്കത്തി വന്നത്. ചിലപ്പോള്‍ ഇങ്ങോട്ടു വന്നത് തന്നെ അവിടെക്കയറിയിട്ടായിരിക്കും, എന്തെങ്കിലും വെച്ചു മറന്നിട്ടുമുണ്ടാവും. എടുത്തുകൊണ്ടു വീണ്ടും വരുമെന്നു ഞാനും അമ്മയും കൂടി ഒരു തീരുമാനത്തിലെത്തി .
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പുറത്തുന്നു വിളി കേട്ടു. "അക്കച്ചീ...,.." അമ്മയേ ആണ് വിളിക്കുന്നത്. അമ്മ വീട്ടിലെ മൂത്ത മകളായിരുന്നു. അതുകൊണ്ട് താഴയുള്ള ഏഴുപേരും അമ്മയേ അക്കച്ചിയെന്നാണു വിളിച്ചിരുന്നത്. അതു അനുകരിച്ച് പ്രായഭേദമെന്യേ നാട്ടുകാരൊക്കെ അമ്മയെ അക്കച്ചിയെന്നു വിളിച്ചു തുടങ്ങി. പലരും വിചാരിച്ചിരിക്കുന്നത് അമ്മയുടെ പേരുതന്നെ അക്കച്ചി എന്നാണെന്നാണ്. പണിക്കത്തി താമസത്തിനു വന്നപ്പോഴും അമ്മയെ അക്കച്ചിയെന്നു തന്നെ വിളിച്ചു.
എന്തായാലും ഞാനും അമ്മയും ഇറങ്ങിച്ചെന്നു.
" ഉണ്ണീടമ്മയെന്താ മിണ്ടാതെ പോയത്?" ഞാന്‍ ചോദിച്ചു.
" അതു മോളേ, അക്കരത്തെ സിസ്റ്ററമ്മയ്ക്ക് ബാധയിളക്കം. ഒന്നോതി ഒഴിപ്പിക്കാന്‍ ചെല്ലാന്‍ പറഞ്ഞേ അവടത്തെ സാറ്. ആദ്യം കുഞ്ഞിന്റെ കാര്യം നോക്കാനാ ഓടി ഇങ്ങോട്ടു വന്നേ. കാര്യം പറഞ്ഞേച്ചു പോയാല്‍ ഫലം കിട്ടത്തില്ലന്നേ.. അതാ മിണ്ടാഞ്ഞേ.അവിടെ ചെന്നപ്പോ അവരു തൊടാണ്ടിരിക്ക്യാ.അതുകൊണ്ടിനി അടുത്താഴ്ച യാവട്ടെ... ഇച്ചിരി കാപ്പിവെള്ളം എടുത്തോ.. നല്ല പരവേശം"
അമ്മ കാപ്പിയും അടയുമായി വന്നു. അട കഴിക്കാതെ പൊതിഞ്ഞെടുത്തു. പേരക്കുട്ടിയ്ക്ക് കൊടുക്കാനാണ്. കുറച്ചു നേരം കൂടി ഇരുന്നാല്‍ ഊണു കഴിച്ചിട്ടു പോകാമെന്ന് അമ്മ പറഞ്ഞു.പക്ഷേ അവര്‍ നില്‍ക്കാന്‍ കൂട്ടാക്കിയില്ല. "പഴങ്കഞ്ഞിയുണ്ടെങ്കില്‍ ഇച്ചിരി ഉപ്പിട്ടിങ്ങെടുത്തോ." ഞാന്‍ പോയി കിണ്ണത്തില്‍ പഴങ്കഞ്ഞിയും തൈരും കടുമാങ്ങയുമായി വന്നു. അപ്പോഴേയ്ക്കും ഉണ്ണീടമ്മ മുറ്റത്തെവിടെയോ നിന്ന കാന്താരിച്ചീനിയില്‍ നിന്ന് പഴുത്ത നാലഞ്ചു കാന്താരി പറിച്ചു കൊണ്ടുവന്നു. കഞ്ഞിയില്‍ അതിട്ടു ഞെരടി ആസ്വദിച്ചു കഴിച്ചു. തൈരും കടുമാങ്ങയും തൊട്ടതേയില്ല. കാപ്പി കുടിച്ചയുടനെ ആയതുകൊണ്ടാവാം. പിന്നെ അമ്മ ഏല്‍പ്പിച്ച സഞ്ചിയും പണവും എടുത്ത് എന്നത്തേയും പോലെ തിടുക്കപ്പെട്ടു പോവുകയും ചെയ്തു.
അമ്മായി കല്‍ക്കട്ടയില്‍ നിന്നു വന്നതിന്റെ അടുത്ത ദിവസമായിരുന്നു വിലാസിനി സിസ്റ്ററുടെ ബാധ മാറ്റാന്‍ പണിക്കത്തി വീണ്ടും വന്നത്. സിസ്റ്റര്‍ ഞങ്ങളുടെ നാട്ടിലെ പബ്ലിക് ഹെല്‍ത്ത് സെന്ററിലെ എ എന്‍ എം ആണ്. നാട്ടിലെല്ലാവരും അവര്‍ കേള്‍ക്കാതെ അരയന്നം എന്നു പറയും. ചിലര്‍ ശരിക്കും ധരിച്ചു വെച്ചിരിക്കുന്നത് അരയന്നം എന്നു തന്നെയാണ്. അധികനാളായില്ല അവര്‍ ഇവിടെ ജോലിക്കു വന്നിട്ടും എതിരെയുള്ള വാടക വീട്ടില്‍ താമസമായിട്ടും.. കൂടെ പ്രായമായൊരു ജോലിക്കാരി സ്ത്രീയും രണ്ടു കുട്ടികളും ഉണ്ട്. ചെറിയ കുട്ടിക്ക് ഒരു വയസ്സില്‍ താഴെയേ പ്രായം കാണൂ.. നടക്കാന്‍ തുടങ്ങിയിട്ടില്ല. അവരുടെ ഭര്‍ത്താവ് ഗോപിനായര് കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥനാണ്. എതു ഡിപ്പാര്‍ട്ട്മെന്റാണെന്നു ചോദിച്ചാല്‍ ' കേന്ദ്രഗവണ്മെന്റില്‍ എന്തോന്നു ഡിപ്പാര്‍ട്ട്മെന്റ്?' എന്ന മട്ടില്‍ ഒരു നോട്ടമല്ലാതെ മറുപടിയൊന്നും കിട്ടില്ല. 'ഇപ്പോള്‍ തിരുവനന്തപുരത്താണെ'ന്നു മാത്രം വെളിപ്പെടുത്തി. ഇവിടെ താമസമാക്കിയ ശേഷം ഒന്നോ രണ്ടോ പ്രാവശ്യം അയാള്‍ വന്നിരുന്നു. ചില ദിവസങ്ങളില്‍ അയാള്‍ സന്ധ്യയ്ക്കു മദ്യപിക്കും.. മിക്കവാറും വിളക്കു കത്തിക്കുന്ന നേരത്താവും. അപ്പോള്‍ തുടങ്ങും അരയന്നത്തിന്റെ ബാധയിളക്കം. വരന്തയില്‍ മുനിഞ്ഞു കത്തുന്ന നിലവിളക്കിന്റെ മുന്നില്‍ ച്മ്രം പടഞ്ഞിരുന്ന് എന്തൊക്കെയോ പിറുപിറുക്കും . അതാണു തുടക്കം കുറെ സമയം കഴിയുമ്പോള്‍ തല വട്ടത്തില്‍ കറക്കാന്‍ തുടങ്ങും. അപ്പോഴേയ്ക്കും മുടി അഴിഞ്ഞിരിക്കും . പിന്നെ ഓണക്കാലത്തു തുമ്പി തുള്ളുന്നതുപോലെ തലയാട്ടി തുള്ളലാണ്,ഇടയില്‍ ആട്ടുന്ന തുപോലെയുള്ള ശബ്ദവും ഉണ്ടാക്കും.. ആരൊക്കെ പറഞ്ഞാലും ഈ തുള്ളല്‍ നിര്‍ത്തില്ല. അതിങ്ങനെ തുടര്‍ന്ന്, കുറെ കഴിയുമ്പോള്‍ തളര്‍ന്നു വീഴും. പിന്നെ 3, 4 ദിവസം കിടപ്പിലായിരിക്കും. അപ്പോള്‍ പി എച്ച് സി അടച്ചിടും. അപ്പോഴേയ്ക്കും അയാള്‍ക്കു പോകാറായിരിക്കും. ഇത്തവണ അയാള്‍ വന്നപ്പോള്‍ തുള്ളലൊന്നും ഉണ്ടായി കണ്ടില്ല. മുന്‍കരുതലായി വന്നയുടനെ അയാള്‍ പണിക്കത്തിയെ വിളിപ്പിച്ചെന്നാണു തോന്നുന്നത്. ബാധയ്ക്കെതിരെയുള്ള മാന്‍കൊമ്പു പ്രയോഗം കഴിഞ്ഞ് മോന്റെ കാര്യം തിരക്കാന്‍ വീട്ടിലും വന്നു ഉണ്ണീടമ്മ. അപ്പോളാണ് ബാധയൊഴിപ്പിക്കലിന്റെ വിശേഷങ്ങളൊക്കെ പറഞ്ഞത്. പക്ഷേ ഗുണമൊന്നുമുണ്ടായില്ലത്രേ..തനിക്കു പറ്റുന്ന കാര്യമല്ല അതെന്നു അവര്‍ തന്നെ സമ്മതിച്ചു. വല്ല കൂടിയ മന്ത്രവാദികളേയും കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അവര്‍ പോയ ഉടനെ അകത്തു കയറി അമ്മായി പൊട്ടി ചിരിച്ചു " കഷ്ടം'' എന്നും പറഞ്ഞു.
"അതെന്താ കമലേ നീ ചിരിച്ചത്?" അമ്മയ്ക്കു ജിജ്ഞാസ.
" എന്റെ അക്കച്ചീ, ഇപ്പോഴും ഈ മാതിരി മന്ദബുദ്ധികളുണ്ടല്ലോ.." ഒരു പൊട്ടിച്ചിരികൂടി പിന്നണിയാക്കി അമ്മായി പിന്നെയും പറഞ്ഞു.
അമ്മായി കല്‍ക്കട്ടയിലെ ഏതോ വലിയ ആശുപത്രിയിലെ സൈക്കോളജിസ്റ്റ് ആണ്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് കൗണ്‍സിലിംഗ് ആണ് പ്രധാന ജോലി. പിന്നെ അത്തരം രോഗികളുടെ ബന്ധുക്കള്‍ക്കും, പരീക്ഷക്കാലത്ത് കുട്ടികള്‍ക്കും ഒക്കെ കൗണ്‍സിലിംഗ് ഉണ്ട്. ആശുപത്രി ജോലിക്കു പുറമേ സ്വന്തമായ പ്രാക്ടീസും. മക്കള്‍ രണ്ടുപേരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. അമ്മാവന്റെ കാര്യം പറയാതിരിക്കുകയാണു ഭേദം. ഗള്‍ഫില്‍ നല്ല ജോലിയിലാണെങ്കിലും ഭാര്യയേയും രണ്ടു പെണ്‍മക്കളേയും തിരിഞ്ഞൊന്നു നോക്കണമെങ്കില്‍ നല്ല നേരം നോക്കും. കിട്ടുന്ന പണമൊക്കെ ലോകയാത്രയ്ക്കു പോയി ഗോപിയാക്കും. പക്ഷേ അമ്മായിക്കതിലൊന്നും ഒരു പരാതിയുള്ളതായി തോന്നിയിട്ടില്ല. ഒരിക്കലും ഭര്‍ത്താവിനെ കുറ്റപ്പെടുത്തി സംസാരിക്കാറുമില്ല. അതൊരുപക്ഷേ സൈക്കോളജിസ്റ്റ് ആയതിന്റെ ഫലമാകാം. അല്ലെങ്കില്‍ തിരിഞ്ഞു നോക്കാത്ത ഭര്‍ത്താവിനെ വിമര്‍ശിക്കാത്ത ഏതു ഭാര്യയുണ്ടാവും! " വിശാഖം നാളല്ലേ.. അതാ അവന്‍ ഇങ്ങനെയൊക്കെ.. " അമ്മയ്ക്ക് പുന്നാര അനിയനെക്കുറിച്ചു പറയാന്‍ ന്യായമുണ്ട്. അതുകൊണ്ട് അമ്മായിയുടെ ജീവിതത്തിലുണ്ടാകുന്ന നഷ്ടം പരിഹരിക്കപ്പെടുകയില്ലല്ലോ. അമ്മയ്ക്ക് അമ്മായിയോട് സഹതാപവുമുണ്ട്. അതുകൊണ്ട് വന്നാല്‍ അമ്മായിക്ക് വളരെ നല്ല സ്വീകരണമായിരിക്കും എന്റെ വീട്ടില്‍. അവധി തീരും വരെ നില്‍ക്കുന്നതും എന്റെ വീട്ടില്‍ തന്നെ. അമ്മായിയുടെ അച്ഛനും അമ്മയും കുറച്ചകലെയാണ് താമസിക്കുന്നത്. അവരെ കണ്ട് പിറ്റെ ദിവസം തന്നെ മടങ്ങിപ്പോരും. എന്താണ് വേഗം പോന്നതെന്ന് അമ്മ ചോദിക്കാറുമില്ല. ഒരുപക്ഷേ അത് അമ്മായി വേറെ അര്‍ത്ഥത്തിലെടുത്താലോ എന്നു ഭയന്നാണ്...
എന്തായാലും ഇനി വിലാസിനി സിസ്റ്റര്‍ തുള്ളുമ്പോള്‍ ഒന്നു കാണണം എന്നു പറഞ്ഞ് വീണ്ടും അമ്മായി പൊട്ടിച്ചിരിച്ചു. അടുത്ത ദിവസം എന്റെ അനിയത്തിയെയും കൂട്ടി അവിടെപ്പോയി അവരെയൊക്കെ പരിചയപ്പെടുകയും ചെയ്തു. അമ്മായിയുടെ ആഗ്രഹം പോലെ തന്നെ അന്നു സന്ധ്യയ്ക്ക് തുള്ളലുണ്ടായി. അമ്മയെ കൂട്ടി അമ്മായി അവിടേയ്ക്കു പോയി. രണ്ടുപേരും തിരികെയെത്തുന്നതും കാത്ത് ഞാനും അനിയത്തിയും മോനെയും കൊണ്ട് വാതുക്കല്‍ തന്നെയുണ്ട്. വളരെനേരം കഴിഞ്ഞാണ് മടങ്ങി വന്നത്. അമ്മായിയുടെ മുഖത്ത് പോകുമ്പോളുള്ള പരിഹാസഭാവം ഉണ്ടായിരുന്നില്ല. വന്നു കയറിയിട്ടും കുറെ സമയ്ത്തേയ്ക്ക് അമ്മായി ഒന്നും മിണ്ടിയില്ല. പിന്നെയാണ് കാര്യങ്ങളൊക്കെ പറഞ്ഞത്.
തുള്ളല്‍ ഒക്കെ കഴിഞ്ഞ് അവശയായ വിലാസിനി സിസ്റ്ററെ ഗോപിനായര്‍ ഒരു വിധത്തില്‍ എടുത്തുകൊണ്ടാണ് അകത്തു കൊണ്ടു പോയി കട്ടിലില്‍ കിടത്തിയത്. അമ്മായി മുറിയിലെത്തി വാതിലടച്ച് കുറെ സമയം അവരോടു സംസാരിച്ചു. പിന്നെ ഇറങ്ങിവന്ന് അമ്മയേയും കൂട്ടി മടങ്ങിപ്പോരികയായിരുന്നു. സത്യത്തില്‍ വിലാസിനി സിസ്റ്റര്‍ക്ക് ബാധകയറ്റം ഒന്നുമുണ്ടായിരുന്നില്ല . അതൊരു രക്ഷപ്പെടലായിരുന്നു. വേറെയാരില്‍ നിന്നുമല്ല, സ്വന്തം ഭര്‍ത്താവില്‍ നിന്നു തന്നെ. രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോള്‍ മുതല്‍ അവര്‍ക്കു വന്ന മാറ്റമായിരുന്നു അത്. . അയാള്‍ക്കാകട്ടെ ഇത്തിരി മദ്യം അകത്തുചെന്നാല്‍ നിയന്ത്രണം വലിയ ബുദ്ധിമുട്ട്. നേരിട്ടു പറഞ്ഞാല്‍ ഒരു പക്ഷേ ഭര്‍ത്താവിനെ തനിക്കു നഷ്ടമാകുമോ എന്ന ഭയം കൊണ്ടാണ് ആ പാവം സ്ത്രീ ഇങ്ങനെയൊരു വഴി കണ്ടു പിടിച്ചത്..
പറഞ്ഞു കഴിഞ്ഞതും മുള ചീന്തുന്നതു പോലെയൊരു പൊട്ടിക്കരച്ചിലായിരുന്നു അമ്മായില്‍ നിന്ന്.... പിന്നെ ശൂന്യതയില്‍ നിന്നെന്നോണം ചിതറി വീണു കുറച്ചു വാക്കുകള്‍
" ഇങ്ങനെയൊന്ന് അഭിനയിക്കാന്‍ എനിക്കു തോന്നിയില്ലല്ലോ എന്റെയക്കച്ചീ.. എങ്കില്‍ എന്റെ പ്രഭേട്ടന്‍ ഇങ്ങനെ അലഞ്ഞു നടക്കില്ലായിരുന്നു..."
.
എങ്ങനെയെല്ലാമാണ് ജീവിതങ്ങള്‍ മുന്നോട്ട് പോകുന്നത്. അല്ലേ? ഓരോരുത്തരും ഓരോ കഥാസാഗരമാണ്
ReplyDeleteഅതെ സര്‍, ഒന്നിനും ഒരു നിശ്ചയവുമില്ല.
Deleteവളരെ നന്ദി, സന്തോഷം, സ്നേഹം..
പണ്ടത്തെക്കാലത്ത് ഊത്തും,ഓതലും സര്‍വ്വസാധാരണമായിരുന്നു.
ReplyDeleteഅമ്മായിയുടെ ദുഃഖം.........................
ആശംസകള്‍
വളരെ നന്ദി സര്‍, സന്തോഷം, സ്നേഹം..
Deletevalare santhosham
ReplyDelete