ആഞ്ഞു വീശുന്ന ഒരു കാറ്റിനൊപ്പമായിരുന്നു അശ്വതി ആ മലയോരഗ്രാമത്തിലെ കൃഷി ഓഫീസിലേയ്ക്കു കടന്നു ചെന്നത്. ഡിസംബര്‍ മാസമായിരുന്നതുകൊണ്ട് നല്ല തണുപ്പും. സര്‍വ്വസൗഭാഗ്യങ്ങളുള്ള, നാഗരികച്ഛായ കടന്നുചെന്നിരിക്കുന്ന സ്വന്തം നാട്ടിലെ ജോലിയില്‍നിന്നു സ്വയം ആഗ്രഹിച്ചു മാറ്റംവാങ്ങി വന്നതാണവിടേയ്ക്ക്. വെളുപ്പിനുള്ള ബസ്സില്‍ പുറപ്പെടുമ്പോള്‍ മനസ്സില്‍ നിറഞ്ഞുനിന്നത് ഒരു ശുന്യത മാത്രമായിരുന്നു. കുറെ നാളായി ആഗ്രഹിക്കുന്ന സ്ഥലംമാറ്റമാണ്. പക്ഷേ ഇത്രനാളും ദേവു വീട്ടിലുണ്ടായിരുന്നതുകൊണ്ടാണ് തനിക്കു വീട്ടില്‍ത്തന്നെ നില്‍ക്കേണ്ടി വന്നത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി അവള്‍ ഇപ്പോള്‍ വീട്ടില്‍നിന്നു മാറി.. ഇനി വല്ലപ്പോഴും അവള്‍ വീട്ടിലെത്തുമ്പോള്‍മാത്രം അങ്ങോട്ടു പോയാല്‍ മതിയല്ലോ.
രാവിലെ പുറപ്പെടുംമുമ്പ് രഘു അവള്‍ക്ക് വേണ്ട ഉപദേശങ്ങളൊക്കെ കൊടുത്തു. ഒപ്പം ചെല്ലാമെന്നും പറഞ്ഞതാണ്. പക്ഷേ അവള്‍ സമ്മതിച്ചില്ല. കുറച്ചു ദിവസമായി വീട്ടിലെത്തുന്ന പലരും ചോദിക്കുന്നത് അശ്വതിയുടെ സ്ഥലംമാറ്റത്തേക്കുറിച്ചാണ്. താനിതു അപേക്ഷ നല്‍കി വാങ്ങിയതാണെന്ന് ആര്‍ക്കും അറിയില്ല. ചോദിച്ചവരോടൊക്കെ രഘു പറയുന്നുണ്ടായിരുന്നു
"സര്‍ക്കാര്‍ ജോലിയല്ലേ , അങ്ങനെയൊക്കെയാണ്. എപ്പോള്‍ സ്ഥലം മാറ്റമുണ്ടാകുമെന്നു പറയാനാവില്ല."
അതു പറയുമ്പോള്‍ ആശങ്കയ്ക്കു പകരം അയാളുടെ മുഖത്തെ ആശ്വാസം അവള്‍ നന്നായി വായിച്ചെടുത്തിരുന്നു. അതേ , ഈ ആശ്വാസവും തന്റെ ലക്ഷ്യം തന്നെ എന്ന ഗൂഢസ്മിതം അപ്പോളവളെ തേടിയെത്തി. പക്ഷേ രഘുവിന്റെ അമ്മയുടെ മുഖത്തെ ഭാവം എന്നെത്തേയുമ്പോലെ അന്നും അവള്‍ക്കു വായിക്കാനായില്ല. അതാലോചിച്ചു തലപുണ്ണാക്കാന്‍ അവള്‍ മിനക്കെട്ടതുമില്ല.
ഹൈറേഞ്ചിലെ ഒരു പട്ടണത്തില്‍ നിന്നു അല്പം അകലെയായി ഒരുള്‍പ്രദേശത്താണ് കൃഷി ഓഫീസിന്റെ ബ്രാഞ്ച്. റോഡില്‍ നിന്ന് അല്പം മുകളിലേയ്ക്കു കയറിപ്പോകണം ഓഫീസ് കെട്ടിടത്തിലേക്ക് . കുന്നിന്‍മുകളിലെ ഒരു ചെറിയ കെട്ടിടം. കെട്ടിടത്തിനു ചേരാതെ നില്‍ക്കുന്ന വലിയ ബോര്‍ഡും . കയറിച്ചെല്ലുമ്പോള്‍ സമയം ഒമ്പതേമുക്കാല്‍ കഴിഞ്ഞിട്ടേയുള്ളു. പക്ഷേ കൃഷി ഓഫീസര്‍ സീറ്റിലുണ്ട്. എന്തോ സംസാരിച്ചുകൊണ്ട് അടുത്തൊരാളും. അദ്ദേഹത്തിന്റെ കസേരയും മേശയും കൂടാതെ വേറെയും രണ്ടെണ്ണമുണ്ട്. അതില്‍ ഒന്നാണ് തന്റേതെന്ന് അശ്വതിക്കു മനസ്സിലായി. ഒരു മേശപ്പുറത്ത് ഫയലുകള്‍ ഒന്നും ഉണ്ടായിരുന്നുമില്ല. മൂന്നുനാലു കസേരകള്‍ കൂടി ആ മുറിയില്‍ വിന്യസിച്ചിട്ടുണ്ട്. അവിടേയ്ക്കുള്ള നിയമനക്കത്ത് കൊടുത്തതോടെ രണ്ടുപേരുടേയും മുഖത്ത് ചിരി വിടര്‍ന്നു. നിന്നിരുന്ന ആള്‍ വിധേയത്വത്തോടെ തൊഴുകയും ചെയ്തു. അശ്വതി ചുമതലയേല്‍ക്കുന്നത് കൃഷ്ണകുമാര്‍ ബാക്കിയാക്കി പോകുന്ന ജോലികളുടെതാണ്. കൃഷ്ണകുമാറിന്റെ ഭാര്യ ക്യാന്‍സര്‍ രോഗിയാണ്. രണ്ടു പെണ്‍മക്കളും. അവരുടെ കൂടെയുള്ളത് അയാളുടെ പ്രായമായ അമ്മ മാത്രമാണ്. സ്വന്തം നാട്ടിലേയ്ക്കുള്ള ഈ മാറ്റം ആയാള്‍ക്ക് വലിയ ആശ്വാസമായി. എപ്പോള്‍ വേണമെങ്കിലും മരണം കവര്‍ന്നെടുക്കാവുന്ന പ്രിയതമയുടെ ജീവനു കാവലായി ഇനിയുള്ള കാലം തനിക്കു കഴിയാന്‍ ഇടയാക്കിയ അശ്വതിയോട് അയാള്‍ക്കു വലിയ കടപ്പാടുണ്ട്. പരിചയപ്പെട്ടു നില്‍ക്കുന്നതിനിടയില്‍ മറ്റൊരു കാറ്റിനൊപ്പം ഓടിക്കിതച്ചെത്തി വര്‍ഗ്ഗീസ് ചേട്ടന്‍.
" ഞാനാണിവിടുത്തെ ക്ലാസ്സ്ഫോര്‍ ഓഫീസര്‍. വര്‍ഗ്ഗീസ് ചേട്ടാന്നു വിളിച്ചാല്‍ മതി കേട്ടോ." അശ്വതിയും അവരുടെയൊപ്പം ഒരു ചെറു ചിരിയില്‍ പങ്കു ചേര്‍ന്നു.
ഓഫീസ് കെട്ടിടം കുന്നിന്‍മുകളിലായതുകൊണ്ട് ദൂരേയ്ക്കുള്ള ഒരുപാടു കാഴ്ചകള്‍ കാണാന്‍ കഴിയും. അതിമനോഹരം. എല്ലായിടവും ഐശ്വര്യത്തിന്റെ പച്ചപ്പ് തഴച്ചുവളര്‍ന്നു നില്‍ക്കുന്നു. അങ്ങകലെ കുന്നില്‍നിന്ന് ഒരു നീര്‍ച്ചാലും ഒലിച്ചിറങ്ങുന്നുണ്ട്. ചുറ്റുമുള്ളള സൗന്ദര്യക്കാഴ്ചകള്‍ അവളെ മറ്റൊരു ലോകത്തെത്തിച്ചു. റിലീവിംഗ് ഓര്‍ഡര്‍ വാങ്ങി കൃഷ്ണകുമാര്‍ പോയി. പോകുംമുമ്പ് അശ്വതിക്കു താമസസൗകര്യം ഏര്‍പ്പാടാക്കാനും എല്ലാ സഹായവും ചെയ്യാനും പലകുറി വര്‍ഗ്ഗീസ് ചേട്ടനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. എപ്പോഴെങ്കിലും നാട്ടില്‍ പോകുമ്പോള്‍ കൃഷ്ണകുമാറിന്റെ ഭാര്യയെ ഒന്നു പോയി കാണണമെന്നും അവള്‍ മനസ്സില്‍ വിചാരിച്ചു. എത്ര പെട്ടെന്നാണ് മനുഷ്യ ബന്ധങ്ങള്‍ പൊട്ടിമുളയ്ക്കുന്നതും തഴച്ചുവളരുന്നതും. ചില ബന്ധങ്ങള്‍ ഒരിക്കലും മുളയ്ക്കാറുമില്ല വളരാറുമില്ല. സസ്യങ്ങള്‍ക്കു കൊടുക്കുമ്പോലെ വെള്ളവും വളവും ചേര്‍ത്തു വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാത്ത ബന്ധങ്ങള്‍! കാലത്തിനു കൈത്തെറ്റു വന്നു ചേര്‍ക്കപ്പെടുന്നവ..
ഓഫീസര്‍ വിജയരാഘവന്‍ വര്‍ഷങ്ങളായി അടുപ്പമുള്ളതുപോലെ വളരെ സൗഹൃദത്തോടെയാണു പെരുമാറിയത്. താമസസൗകര്യത്തെക്കുറിച്ച് വര്‍ഗ്ഗീസ് ചേട്ടനുമായി ചര്‍ച്ചയ്ക്കു തുടക്കമിട്ടതും അദ്ദേഹമായിരുന്നു. ഓഫീസ് കെട്ടിടം അവിടുത്തെ പഞ്ചായത്തു പ്രസിഡണ്ട് ആയ 'വല്യാമ്മാവന്‍' എന്നറിയപ്പെടുന്ന ആളിന്റേതാണ്. ഓഫീസിനോടു ചേര്‍ന്നുള്ള മുറിയിലാണ് ഓഫീസറുടെ താമസം. വേണമെങ്കില്‍ അശ്വതിക്ക് വല്യമ്മാവന്റെ വീട്ടില്‍ താമസം ശരിയാക്കാമെന്നു അവര്‍ രണ്ടുപേരും തീരിമാനിച്ചു. പക്ഷേ ബസ്സില്‍ വേണം വരികയും പോവുകയും ചെയ്യാന്‍. നടന്നു വരാവുന്ന ദൂരത്തെവിടെയെങ്കിലും കിട്ടുമോ എന്നായി അശ്വതി. അതിനും വര്‍ഗ്ഗീസ് ചേട്ടന്‍ പരിഹാരം പറഞ്ഞു. മരിച്ചു പോയ പട്ടാളക്കാരന്‍ രാജശേഖരന്റെ വീട്ടില്‍ ഭാര്യ കമലയും രണ്ടുപെണ്‍മക്കളും കമലയുടെ അച്ഛനും മാത്രമേയുള്ളു. സാമാന്യം വലിയ വീടാണ്. വരാന്തയില്‍നിന്നു വശത്തേയ്ക്കുള്ള മുറി സ്ത്രീകളായ ഉദ്യോഗസ്ഥകള്‍ക്ക് വാടകയ്ക്കു കൊടുക്കാറുണ്ട്. ഇപ്പോള്‍ അതു കാലിയായി കിടക്കുകയാണ്. 10 മിനുട്ട് നടക്കാനുള്ള ദൂരമേയുള്ളു. വര്‍ഗ്ഗീസ് ചേട്ടന്‍ ഊണു കഴിക്കാന്‍ പോകുമ്പോള്‍ കൂടെപ്പോയി കമലയുടെ വീടു കണ്ടു. നല്ല അന്തരീക്ഷം. കുലീനത്വം തോന്നുന്ന മുഖങ്ങളാണ് കമലയുടേയും അച്ഛന്റേയും. മക്കള്‍ രണ്ടുപേരും പ്ലസ്സ്ടുവിനു പഠിക്കുന്നു. മൂത്തവള്‍ക്ക് ഇടയ്ക്ക് എന്തോ അസുഖം വന്ന് ഒരുവര്‍ഷം പിന്നിലായപ്പോള്‍ രണ്ടുപേരും ഒരു ക്ലാസ്സിലായി. കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞപ്പോള്‍ കമലയ്ക്കും സന്തോഷമായി.പിറ്റെദിവസം എത്താമെന്നു പറഞ്ഞ് അവിടെനിന്നു പിരിഞ്ഞു. വര്‍ഗ്ഗീസ് ചേട്ടന്റെ വീട്ടില്‍നിന്ന് നിര്‍ബ്ബന്ധിച്ച് ഉച്ചഭക്ഷണം കഴിപ്പിച്ചു. തിരികെയെത്തിയപ്പോള്‍ ഓഫീസര്‍ അവിടെ വന്ന ചില ഗ്രാമീണരോട് കൃഷികാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു. അവരെയൊക്കെ അശ്വതിയെ പരിചയപ്പെടുത്താനും മറന്നില്ല. അവര്‍ പോയപ്പോള്‍ ഓഫീസര്‍ തന്നെ തന്റെ മനസ്സ് വായിച്ചതുപോലെ പറഞ്ഞു. "അശ്വതി ഇപ്പോള്‍ പൊയ്ക്കൊള്ളു, നാലഞ്ചു മണിക്കൂര്‍ സഞ്ചരിക്കേണ്ടതല്ലേ. നാളെ രാവിലെ എല്ലാ ഒരുക്കങ്ങളുമായി വന്നാല്‍ മതി. "
സന്ധ്യ കഴിഞ്ഞു, വീട്ടിലെത്തിയപ്പോള്‍. സ്ഥലമാറ്റം പ്രതീക്ഷിച്ചിരുന്നതുകൊണ്ട് സാധനങ്ങളൊക്കെ മുന്‍പേതന്നെ പെട്ടികളിലാക്കി വെച്ചിരുന്നു. ഇനി രാവിലെ അതുമെടുത്തു പുറപ്പെട്ടാല്‍ മതി. ബാക്കി വരുന്ന അത്യാവശ്യ സാധനങ്ങള്‍ അവിടെയുള്ള ചറിയ ടൗണില്‍ പോയി വാങ്ങാം. അശ്വതി അന്നു നേരത്തെ കിടന്നു. സുഖമായുറങ്ങുകയും ചെയ്തു. ബസ്റ്റോപ്പിലേയ്ക്ക് രഘു കാറില്‍ കൊണ്ടുപോയാക്കി . ബസ്സില്‍ കയറി കൈവീശുമ്പോള്‍ മനസ്സില്‍ ഒന്നും തോന്നിയില്ല. ആദ്യം പോയത് കമലയുടെ വീട്ടിലേക്കാണ്. ഒരതിഥിക്കുവേണ്ടിയെന്നപോലെ അവിടെ അവര്‍ മുറി വൃത്തിയാക്കി ഇട്ടിരുന്നു. പെട്ടി വെച്ച് പോരുമ്പോള്‍ കമല പറഞ്ഞു മുറി പൂട്ടിക്കൊള്ളാന്‍. അരമതിലുള്ള വിശാലമായ വരാന്തയുടെ ഇടതുവശത്തെ മുറിയാണ്. അവള്‍ വാതില്‍ പൂട്ടി കമലയെത്തന്നെ ചാവി ഏല്‍പ്പിച്ച് വേഗം ഓഫീസിലെത്തി. 10 മണി കഴിഞ്ഞതേയുള്ളു. ഇടയ്ക്കു വീശുന്ന കാറ്റ് അവള്‍ക്കൊരു കൗതുകമായിത്തന്നെ അവശേഷിച്ചു. ജനുവരിക്കാറ്റിന്റെ തുടക്കമാണതെന്ന് പിന്നീട് വര്‍ഗ്ഗീസ് ചേട്ടന്‍ പറഞ്ഞാണറിഞ്ഞത്. ഈ കാറ്റ് ഇവിടുത്തെ ഒരു പ്രത്യേക പ്രതിഭാസമണത്രേ..ഈ കാറ്റുകൊണ്ടാണെന്നു തോന്നുന്നു ചുണ്ടൊക്കെ വരണ്ടുണങ്ങുന്നതുപോലെ.
ഓഫീസില്‍ അവര്‍ മൂവരും മാത്രമേയുള്ളു. ഒരാളുടെ ഒഴിവ് കൂടി ഉണ്ടെങ്കിലും കുറെക്കാലമായി ആ നിയമനം നടന്നിട്ടില്ല. വിജയരാഘവന്‍ തിരുവനന്തപുരത്തുകാരനാണ്. ഭാര്യയും ബന്ധുക്കളുമൊക്കെ അവിടെയാണ്. കുട്ടികളില്ല. ഭാര്യയ്ക്ക് ഹൈറേഞ്ചില്‍ വന്നു താമസിക്കാന്‍ ഇഷ്ടമില്ലത്രേ. അങ്ങോട്ടേക്കു സ്ഥലംമാറ്റം വാങ്ങിക്കൂടേ എന്ന ചോദ്യത്തിന് ഒരു ഗൂഢമന്ദസ്മിതമായിരുന്നു മറുപടി. വര്‍ഗ്ഗീസ് ചേട്ടന് കുറെ കൃഷിസ്ഥലമുണ്ട്. മേരിച്ചേച്ചിയും മൂന്നു മക്കളും ഉള്ള സന്തുഷ്ടകുടുംബം. എപ്പോഴും തിരക്കില്‍. വൈകി വരും ,നേരത്തെ മടങ്ങും . അതാണു പതിവ്. ഓഫീസിലുള്ളപ്പോൾ ഓഫീസറുടെ ജോലിയും സഹായിയുടെ ജോലിയും ഒന്നിച്ചു ചെയ്യാനും തയാര്‍. മൂത്ത മകന്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ച് മൂന്നാറിലാണു ജോലി. രണ്ടാമത്തെ മകള്‍ ആന്‍ ടൗണിലെ കോളേജില്‍ ബി കോമിനു പഠിക്കുന്നു. മൂന്നാമനാണ് ബാബുക്കുട്ടന്‍ . 10 കഴിഞ്ഞ് പഠിക്കാന്‍ പോയില്ല. അവന് എന്തൊക്കെയോ അസുഖങ്ങളുണ്ട്. 18 വയസ്സുകഴിഞ്ഞ് വര്‍ഗ്ഗീസ് ചേട്ടന്റെ ഗള്‍ഫിലുള്ള അനിയന്‍ അങ്ങോട്ടു കൊണ്ടുപോകാനിരിക്കുന്നു.
അത്രയധികം ജോലിയൊന്നും ഓഫീസില്‍ ഉണ്ടാകാറില്ല. പ്രധാനകാര്യങ്ങളൊക്കെ ടൗണിലെ മെയിന്‍ ഓഫീസിലാണു നടത്തുന്നത്. ഇവിടെ കര്‍ഷകര്‍ക്കു വേണ്ട നിര്‍ദ്ദേശങ്ങളോ ഉപദേശങ്ങളോ നല്‍കുക, പുതിയ കൃഷിരീതികളെക്കുറിച്ചു ക്ലാസ്സ് എടുക്കുക, കൃഷിക്കുള്ള സാമഗ്രികള്‍ വിതരണം ചെയ്യുക, ലോണ്‍ അപേക്ഷകള്‍ സ്വീകരിക്കുക, കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തുക.. അതൊക്കെയാണു ജോലികള്‍. പലപ്പോഴും വര്‍ഗ്ഗീസ് ചേട്ടന്‍ അവിടെയുണ്ടാവാറില്ല. വിജയരാഘവന്‍ ഓഫീസിനോടു ചേര്‍ന്നുള്ള മുറിയിലായിരുന്നു താമസം. അതുകൊണ്ട് 9 മണിക്കുമുന്നേ ഓഫീസിലെത്തും. പ്യൂണിന്റെ ജോലികള്‍ കൂടി അദ്ദേഹമാണു പലപ്പോഴും ചെയ്യുക. ഓഫീസില്‍ ആരുവന്നാലും അവരിലൊരാളെപ്പോലെയേ സംസാരിക്കൂ. ഏതുപ്രശ്നവുമായി വരുന്നവര്‍ക്കും അവിടെനിന്ന് ആശ്വാസം ലഭിക്കുമെന്ന് ഉറപ്പാണ്.
ചില ദിവസങ്ങളില്‍ പ്രത്യേകിച്ച് ഒരു ജോലിയും ഉണ്ടാവില്ല. വര്‍ഗ്ഗീസ് ചേട്ടന്‍ ഏലത്തിനു വളമിടാനോ കുരുമുളകു പറിക്കാനോ കാപ്പിക്കുരു ഉണക്കാനോ ഒക്കെയായി വീട്ടില്‍ പോയിരിക്കും. അശ്വതിയും വിജയരാഘവനും ആ സമയങ്ങളില്‍ പരസ്പരം വിശേഷങ്ങളൊക്കെ പങ്കുവെയ്ക്കും. പലപ്പൊഴും അവള്‍ക്കു തോന്നിയിരുന്നു തങ്ങള്‍ ഒരേ വഴിയില്‍ ഒറ്റപ്പെട്ടു സഞ്ചരിക്കുന്നവര്‍ എന്ന്. കുട്ടികളുണ്ടാകാത്തതിന് ഭര്‍ത്താവിനെ ഏതു സമയവും പഴിക്കുന്ന ഭാര്യയില്‍ നിന്നുള്ള മോചനമാണ് ഹൈറേഞ്ചിലെ ഈ ഉദ്യോഗമെന്ന് അവള്‍ വായിച്ചെടുത്തു. വിജയരാഘവന്‍ കൂടുതല്‍ പറഞ്ഞിരുന്നതു ബാല്യകാലവിശേഷങ്ങളായിരുന്നു. കൗതുകത്തോടെ അതൊക്കെ കേട്ടിരിക്കുമ്പോള്‍ അവള്‍ക്കു തോന്നാറുണ്ട് തന്റെ മുന്നിലിരിക്കുന്നത് ഒരു കൊച്ചു കുട്ടിയാണെന്ന്. അശ്വതി പലപ്പോഴും അയാള്‍ക്കും ഒരു കൗതുകമായിരുന്നു. കാറ്റിനു ശക്തികൂടിയാല്‍ അവള്‍ വല്ലാതെ ഭയക്കും.ചിലപ്പോള്‍ കണ്ണുകളടയ്ക്കും . ഭയന്നു വിറച്ചിരിക്കുന്ന അവളെ അയാളൊരു തമാശ കാണുമ്പോലെ നോക്കിയിരിക്കും.
കമലയുടെ വീട്ടിലെ താമസം അവള്‍ക്കു വളരെ സന്തോഷകരമായിരുന്നു. വളരെ കുറഞ്ഞ വാടകയേ ഉള്ളു. ഭക്ഷണം സ്വയമുണ്ടാക്കി കഴിക്കാമെന്നു വിചാരിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. കമല്യ്ക്ക് എപ്പോഴും ജോലിത്തിരക്കായതുകൊണ്ട് എന്തുവേണമെങ്കിലും ഇഷ്ടത്തിനുണ്ടാക്കി കഴിക്കാന്‍ അവളോടു പറയുകയും ചെയ്തു. അതിന്റെയൊന്നും ആവശ്യമുണ്ടായില്ല. അല്ലെങ്കിലും ഭക്ഷണം അവള്‍ക്കൊരു ദൗര്‍ബ്ബല്യമായിരുന്നില്ല. ആറാം ക്ലാസ്സ് മുതലുള്ള ഹോസ്റ്റല്‍ ജീവിതം ഭക്ഷണത്തോടു തന്നെ വെറുപ്പുണ്ടാക്കിയിരുന്നു. കമലയെ പേരുവിളിച്ചപ്പോള്‍ രഹസ്യമായി പറഞ്ഞു "എന്നെ ചേച്ചീന്നു വിളിച്ചാല്‍ മതി. ഒരുദ്യോഗസ്ഥ എന്നെ ബഹുമാനിക്കുന്നെന്ന ഗമയിരുന്നോട്ടെ എനിക്ക്" എന്നിട്ടവര്‍ ഒരു കൊച്ചു കുട്ടിയേപ്പോലെ പൊട്ടിച്ചിരിച്ചു. പ്രസരിപ്പിന്റെ പര്യായമായ കമല അശ്വതിയെ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. ഒരു വിധവയാണെന്ന് ആരും പറയില്ല. ഭര്‍ത്താവിന്റെ മൃതശരീരം പോലും ലഭിച്ചിരുന്നില്ല. അച്ഛനൊപ്പം ഹിമാചല്‍പ്രദേശിലെത്തി ശവകുടീരം കണ്ടു മടങ്ങി.ബിരുദധാരിയായ കമലയ്ക്ക് വേണമെങ്കില്‍ നല്ല ജോലി ലഭിക്കുമായിരുന്നു. പക്ഷേ അവളതു മക്കള്‍ക്കായി മാറ്റിവെച്ചു. കൃഷികള്‍ നടത്തിക്കിട്ടുന്ന വരുമാനവും ഭര്‍ത്താവിന്റെ പെന്‍ഷനും കൊണ്ട് നല്ല നിലയില്‍ തന്നെ ജീവിച്ചു പോകുന്നു. മക്കള്‍ അമൃതയും യമുനയും നല്ല കുട്ടികള്‍. മൂത്തവള്‍ പഠനത്തില്‍ അത്ര മിടുക്കിയല്ല. യമുന അതിസമര്‍ത്ഥയാണ്. അവളെക്കുറിച്ച് കമല്യ്ക്കും നല്ല പ്രതീക്ഷയുണ്ട്. കമലയുടെ അച്ഛന്‍ പണിക്കരുസാറും പട്ടാളക്കാരനായിരുന്നു. കുറച്ചകലെയാണ് വീട്. അവിടെ കമലയുടെ രണ്ടനുജന്മാരും കുടുംബങ്ങ്ളും ഉണ്ട്. അമ്മ അവരോടൊപ്പമാണ്. അച്ഛനും അമ്മയും കീരിയും പാമ്പും പോലെ എന്നു പറഞ്ഞ് കമല പൊട്ടിച്ചിരിച്ചത് കമല ഓര്‍ത്തു. മകളെ വളരെ സ്നേഹമാണദ്ദേഹത്തിന്. ചിലപ്പോഴൊക്കെ ഒരു കൊച്ചുകുട്ടിയേപ്പോലെ അച്ഛനോടവള്‍ കലഹിക്കുകയും പിണങ്ങുകയും ഒക്കെ ചെയ്യും. ഈ അച്ഛനും മകളും ഒരു കടങ്കഥപോലെ അവള്‍ക്കു തോന്നി. പണിക്കരുസാര്‍ നല്ല അറിവുള്ള ആളായിരുന്നു. ഇപ്പോഴും വായന കൂടെക്കൊണ്ടു നടക്കുന്ന നല്ലൊരു സഹൃദയന്‍. പുത്തന്‍ എഴുത്തുകാരും പണിക്കരുസാറിനു പരിചിതര്‍ . ഗ്രാമത്തിലെ വായനശാലയില്‍ അശ്വതിയെ പരിചയപ്പെടുത്തിയതും അദ്ദേഹമാണ്. ചിലപ്പോള്‍ വൈകുന്നേരങ്ങളില്‍ അവര്‍ ഒന്നിച്ചു പോയി പുസ്തമെടുക്കും. ചിലദിവസങ്ങളില്‍ അമൃതയോ യമുനയോ ആവും ഒപ്പം. പണിക്കരുസാറാണ് ആ നാടിനെയും നാട്ടാരേയും അവള്‍ക്കു പരിചയപ്പെടുത്തിക്കൊടുത്തത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവള്‍ക്ക് അവിടെയോരുത്തരും പരിചിതരായി. അതുപോലെ ഏലവും കുരുമുളകും ഇഞ്ചിയും കാപ്പിയും തെങ്ങും കപ്പയും ജാതിയുമൊക്കെ വിളഞ്ഞുനില്‍ക്കുന്ന കൃഷിസ്ഥലങ്ങള്‍ ആരുടേതൊക്കെയെന്നും.
കാറ്റുവീശിയപ്പോള്‍ പേടിച്ചിരുന്ന അവളോട് ഒരിക്കല്‍ വിജയരാഘവന്‍ ചോദിച്ചു
" അശ്വതിയ്ക്ക് എന്തേ കാറ്റിനെ ഇത്ര പേടി? "
അത് അവള്‍ക്കും അറിയില്ല. കുട്ടിക്കാലം മുതല്‍ കാറ്റിനെയും മിന്നലിനേയും വല്ലാതെ ഭയപ്പെട്ടിരുന്നു. അന്നൊക്കെ അഭയം പ്രാപിച്ചിരുന്നത് അമ്മയുടെ മടിയിലാകും. എത്ര ജോലിത്തിരക്കായാലും തന്റെ പേടിമാറും വരെ കെട്ടിപ്പിടിച്ചിരിക്കും. ഉമ്മകള്‍ കൊണ്ടു മൂടും. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു ക്യാന്‍സര്‍ അമ്മയുടെ ജീവന്‍ അപഹരിച്ചത്. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛനു കൂട്ടായി രാജിയമ്മയെത്തി. ആറാം ക്ലാസ്സ് മുതല്‍ പട്ടണത്തിലെ കോണ്‍വെന്റ് സ്കൂളിന്റെ ഹോസ്റ്റലില്‍ അവള്‍ തന്റെ ജീവിതം തളച്ചിട്ടു. പിന്നീട് കോളേജിലും, കൊയമ്പത്തൂരിലുള്ള 9 മാസത്തെ കൃഷിപഠനവും ഹോസ്റ്റല്‍ മുറികളില്‍ . പ്രീഡിഗ്രീ തോറ്റു വീട്ടില്‍ നിന്നപ്പോള്‍ രാജിയമ്മ തന്നെ മുന്‍കൈ എടുത്ത് കോയമ്പത്തൂര്‍ അയച്ചതാണ്. രാജിയമ്മയുടെ ചെറിയമ്മയുടെ മകള്‍ പഠിച്ചിറങ്ങിയ ഉടനെ തന്നെ ജോലി ശരിയായത്രേ. പഠനം കഴിഞ്ഞതേ അശ്വതിക്കും എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴി ജോലിയായി. രണ്ടു വര്‍ഷമെടുത്തു സ്ഥിരമാകാന്‍. ഉടനെ തന്നെ വിവാഹവും നടത്തി. രാജിയമ്മയുടെ മക്കള്‍ നീനയും മനുവും നല്ല സ്നേഹമുള്ളവരായിരുന്നു എങ്കിലും അവരെ തിരിച്ചവള്‍ സ്നേഹിച്ചിട്ടില്ല. നീനയ്ക്ക് ചേച്ചിയെന്നു വെച്ചാല്‍ ജീവനായിരുന്നു. അവധിക്കാലത്തു നില്‍ക്കുന്ന കുറച്ചു ദിവസങ്ങളില്‍ ചേച്ചിയെ സന്തോഷിപ്പിക്കാന്‍ അവള്‍ എന്തൊക്കെ ചെയ്തിരുന്നു! മുറ്റത്തെ മുല്ലയും കനകാംബരവും പറിച്ചു കുഞ്ഞിക്കൈകള്‍ കൊണ്ട് കെട്ടി മാലയാക്കി എന്നും തലയില്‍ ചൂടിക്കും. ബദാമിന്റെ കായകള്‍ പെറുക്കി കല്ലുകൊണ്ടു പൊട്ടിച്ച് പരിപ്പെടുത്തു കൊടുക്കും . എന്തുകിട്ടിയാലും അതു ചേച്ചിക്കായി അവള്‍ മാറ്റിവെച്ചിരുന്നു, മനുവിനു പോലും കൊടുക്കാതെ. പക്ഷേ അശ്വതിയ്ക്ക് ആ സ്നേഹമൊന്നും കാണാന്‍ എന്തുകൊണ്ടോ കഴിഞ്ഞില്ല. ഗള്‍ഫില്‍ നിന്ന് മനുവും നീനയും വിളിക്കാറുണ്ടെങ്കിലും താനൊരിക്കലും അവരെ വിളിച്ചിട്ടില്ലല്ലോ എന്ന് തെല്ലു കുറ്റബോധത്തോടെയാണെങ്കിലും ചിലപ്പോള്‍ അവള്‍ ഓര്‍ക്കാറുണ്ട്.അവരുടെ കുഞ്ഞുങ്ങളെപ്പോലും അന്വേഷിച്ചിട്ടില്ല. മനഃപൂര്‍വ്വം അവരെ അവഗണിക്കുന്നതില്‍ ആനന്ദം കണ്ടെത്തി അശ്വതി.
അശ്വതിയ്ക്കു വീട്ടില്‍പോകാനുള്ള താല്‍പര്യക്കുറവ് വിജയരാഘവനെ സന്ദേഹത്തിലാക്കി. ശനിയാഴ്ച പോയിട്ട് തിങ്കളാഴ്ച രാവിലെ എത്തിയാല്‍ മതിയല്ലോ. തനിക്ക് ഇത്ര ദൂരം യാത്ര ബോറിംഗ് ആണെന്നു പറഞ്ഞു. അതയാള്‍ തീരെ വിശ്വസിച്ചില്ല. പക്ഷേ ദിവസങ്ങള്‍ കഴിയുന്തോറും അവര്‍ക്കിടയിലെ അകലം കുറഞ്ഞുവന്നു. അവരറിയാതെ ഊഷ്മളമായൊരു സൗഹൃദം ഉരുത്തിരിഞ്ഞു. മെല്ലേ അവള്‍ തന്റെ ഹൃദയച്ചെപ്പ് അയാള്‍ക്കു മുന്നില്‍ തുറന്നു വയ്ക്കുകയായിരുന്നു. രഘുവുമായുള്ള വിവാഹം അവൾക്ക് വളരെ പ്രതീക്ഷകൊടുത്തിരുന്നു. രഘുവിന്റെ അമ്മാവന്റെതന്നെ ഉടമസ്ഥതയിലുള്ള ഹൈസ്കൂളിലെ അദ്ധ്യാപകനാണ്. ഒരു മകന്‍മാത്രം. വിവാഹം നടക്കുമ്പോള്‍ അച്ഛന്‍ മരിച്ചിട്ട് രണ്ടു വര്‍ഷമായിരുന്നു. രഘുവിനു ജോലിയായി ശംബളം വാങ്ങും മുന്‍പേ ഹൃദയസ്തംഭനം വന്ന് അദ്ദേഹം പോയി. വിവാഹം കഴിഞ്ഞെത്തിയ സമയത്ത് രഘുവിന്റെ പെരുമാറ്റത്തില്‍ അവള്‍ക്ക് ഒട്ടുംതന്നെ തൃപ്തി തോന്നിയിരുന്നില്ല. ഒട്ടും റൊമാന്റിക് അല്ലാത്ത പ്രകൃതം. അദ്ധ്യാപകനായതുകൊണ്ടാകാം എന്നവള്‍ സ്വയം സ്മാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഒരുപാടു സ്നേഹം പ്രതീക്ഷിച്ചെത്തിയ അശ്വതിക്ക് നിരാശയായിരുന്നു ഫലം. അമ്മാവന്റെ മകള്‍ ശാലിനി വീട്ടിലെ നിത്യസന്ദര്‍ശകയായിരുന്നു. അവള്‍ക്കു ആ വീട്ടിലുളള സ്വാതന്ത്ര്യം കുറച്ചൊരു അസഹിഷ്ണുത അശ്വതിയില്‍ ഉണ്ടാക്കിയിരുന്നു. പക്ഷേ എതിര്‍ക്കാനുള്ള ശക്തി ഇല്ലാത്തതുപോലെ. ഇടയ്ക്ക് എപ്പോഴോ ആരില്‍ നിന്നോ അവള്‍ അറിഞ്ഞു, ര്ഘുവും ശാലിനിയും പ്രണയത്തിലായിരുന്നു എന്നും ശാലിനിയുടെ നാള്‍ദോഷം കൊണ്ട് വിവാഹം നടക്കാതിരുന്നതാണെന്നുമൊക്കെ. അത് മനസ്സില്‍ ഒരു കരടായിക്കിടന്നു. ആരോടും ചോദിക്കുകയും ഉണ്ടായില്ല. എം എ , ബി എഡ് കഴിഞ്ഞ ശാലിനി അവരുടെ സ്കൂളില്‍ തന്നെ പ്രൈമറിയില്‍ പഠിപ്പിക്കുന്നു. അവള്‍ക്ക് കൊച്ചു കുഞ്ഞുങ്ങളെ പഠിപ്പിക്കനാണത്രേ ഇഷ്ടം. നാള്‍ദോഷം കൊണ്ടാവാം വരുന്ന വിവാഹങ്ങളൊന്നും നടന്നില്ല. ദേവുവിനോട് അവള്‍ക്കു വലിയ സ്നേഹമായിരുന്നു. പക്ഷേ തന്റെ മകളിൽ അവള്‍ കാട്ടുന്ന അധികാരം അശ്വതിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. ശാരിക എന്നവള്‍ക്കു പേരിട്ടതും ശാലിനി തന്നെ. അശ്വതി മനഃപൂര്‍വ്വം അവളെ ദേവു എന്നു വിളിക്കുകയായിരുന്നു. മരിച്ചുപോയ അമ്മയുടെ പേര്. ദേവുവിന് 6 വയസ്സുള്ളപ്പോഴാണ് അവളെ ഉലച്ച ആ സംഭവം. കൃഷി ഓഫീസറോടൊപ്പം ഫീല്‍ഡ് വിസിറ്റിനു പോയി മടങ്ങുംവഴി വീട്ടിന്റെ അടുത്ത് അവളെ അയാള്‍ ഇറക്കി. നാലര കഴിഞ്ഞിട്ടേയുള്ളു. വീട്ടില്‍ എത്തുമ്പോള്‍ ശാലിനിയുടെ ചെരുപ്പും പുറത്തുണ്ട്. ഉള്ളിലെ സംശയം അവളെ അസ്വസ്ഥയാക്കി. ശബ്ദമുണ്ടാക്കതെ അകത്തു കയറി. അടുക്കളയില്‍നിന്നു ചിരിയും സംസാരവും കേള്‍ക്കുന്നു. പതുങ്ങി അവള്‍ അടുക്കളവാതിലില്‍ എത്തി. ശാലിനി ചായ കൂട്ടുന്നു. രഘു പിന്നില്‍ നിന്നവളെ ചുറ്റിപ്പിടിച്ചിട്ടുണ്ട്. താടി കുനിച്ച് അവളുടെ തോളിലും. ചായ ഇളക്കി ഗ്ലാസില്‍ പകര്‍ന്ന് കയ്യിലെടുത്തു തിരിയുമ്പോള്‍ കാണുന്നത് നോക്കി നില്‍ക്കുന്ന അശ്വതിയേയാണ്. ആദ്യത്തെ ഷോക്കിനു ശേഷം ഒന്നും സംഭവിക്കാത്തതുപോലെയായിരുന്നു രണ്ടു പേരുടേയും പെരുമാറ്റം. ശാലിനി ഉടനെതന്നെ പോവുകയും ചെയ്തു. അശ്വതിയും അങ്ങനെതന്നെ പെരുമാറി. അഞ്ചരയാകാറായി അമ്മയും ദേവുവും എത്തുമ്പോള്‍.
" അമ്മ എവിടെയായിരുന്നു? "
അവളുടെ ശബ്ദത്തിന് പതിവിലേറെ കനം ഉണ്ടായിരുന്നത് അമ്മ ശ്രദ്ധിച്ചു കാണില്ല .
" സഫ്യാടെ മരുമോളു പ്രസവിച്ചില്ലേ. ഞാനൊന്നു കുട്ടിയെ കാണാന്‍ പോയി. ദേവും വരൂന്നു വാശി. അവളേം കൂട്ടി" അടുക്കളയിലേക്കു നടക്കുന്ന വഴി അമ്മ പറയുന്നുണ്ടായിരുന്നു..
" നീയ് ചായ കുടിച്ചോ അച്ചൂ, ഇല്ലെങ്കില്‍ വാ അമ്മ ചായ തരാം. പഴവും പുഴുങ്ങി വെച്ചിട്ട്ണ്ട്. "
പിന്നെ അവള്‍ ഒന്നും ചോദിച്ചില്ല, ആരോടും. ഒരു കലഹമുണ്ടാക്കി എന്തിന് എല്ലാവരുടേയും സമാധാനം ഇല്ലാതാക്കണം? അന്നു മുതല്‍ രഘുവിനോടൊപ്പം കട്ടിലിലുള്ള ഉറക്കം അവള്‍ മുറിയുടെ അരികിലുള്ള ബഞ്ചിലേയ്ക്കു മാറ്റി. രഘു ഒന്നും പറഞ്ഞില്ല. തന്റെ കുറ്റം ഏറ്റുപറഞ്ഞ് അയാളോടൊപ്പം കൊണ്ടുപോയിക്കിടത്തുമെന്ന് പലവട്ടം അവള്‍ പ്രതീക്ഷിച്ചു. പക്ഷേ അങ്ങനെയുണ്ടായില്ല, ഒരിക്കലും. ശാലിനിയുടെ വരവും പോക്കും ഒക്കെ പൂര്‍വ്വാധികം ഭംഗിയായി നടന്നു. അശ്വതി അവര്‍ക്കിടയില്‍ ഒരു പ്രശ്നമേ അല്ലാതായി. അശ്വതി രഘുവില്‍നിന്നും അടുക്കാനാവാത്ത വിധം അകന്നുകൊണ്ടുമിരുന്നു. സംസാരിക്കുന്നതുപോലും അപൂര്‍വ്വമായി. ദേവു മെഡിക്കല്‍ കോളേജില്‍ പഠനത്തിനു പോകുംവരെ അങ്ങനെ തുടര്‍ന്നു. വിവാഹമോചനത്തെക്കുറിച്ച് ആദ്യനാളുകളില്‍ അവള്‍ ആലോചിച്ചതാണ്. പക്ഷേ തന്റെ മകള്‍ക്ക് അച്ഛനെ നഷ്ടമാകുന്നത് അവള്‍ക്കു ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. തന്നെപ്പോലെയാകരുത് തന്റെ മകള്‍, അവള്‍ അച്ഛനും അമ്മയ്ക്കും ഒപ്പം സസന്തോഷം വളരണമെന്നവള്‍ ആഗ്രഹിച്ചു. തന്റെയീ ദൂരേയ്ക്കുളള സ്ഥലമാറ്റം രഘുവിനും ശാലിനിയ്ക്കും മാത്രമല്ല അമ്മയ്ക്കും ആശ്വാസമെന്ന് അവള്‍ക്കറിഞ്ഞിരുന്നു.
പലകാര്യങ്ങളിലും തങ്ങളുടെ ജീവിതങ്ങളിലുള്ള സമാനത വിജയരാഘവനെ അവളിലേയ്ക്കു കൂടുതല്‍ അടുപ്പിച്ചു. ഫീല്‍ഡ് വിസിറ്റിനു ഒന്നിച്ചു പോകുന്ന സമയങ്ങളില്‍ അടുത്തുള്ള കൗതുകകരമായ കാഴ്ചകളിലേയ്ക്കും അയാള്‍ അവളെ കൊണ്ടുപോയി. അവര്‍ പരസ്പരം സ്നേഹിച്ച് , തങ്ങള്‍ക്കു നഷ്ടമായ സൗഭാഗ്യങ്ങളെ വീണ്ടെടുക്കുകയായിരുന്നു. ഇണക്കം ഉള്ളതുപോലെ ചിലപ്പോള്‍ പിണക്കവും ഉണ്ടാകും മുഖം വീര്‍പ്പിച്ചു ദേഷ്യം കാട്ടിയിരിക്കുന്ന വിജയരാഘവനെ അവള്‍ ഒരു കൊച്ചു കുഞ്ഞിനേയെന്നപോലെ നോക്കിക്കാണും. ഒരു വികൃതിക്കുഞ്ഞിനെ മെരുക്കിയെടുക്കാനുളള വാത്സല്യ്ം അവളില്‍ നിറയും. പെട്ടെന്ന് അവള്‍ ഒരമ്മയായി മാറുന്നതുപോലെ.. കുഞ്ഞുങ്ങള്‍ പാലുകുടിക്കാതിരിക്കുമ്പോഴുളള അമ്മയുടെ മാറിലെ നിറവും വിങ്ങലും വേദനയും അപ്പോഴൊക്കെ അവള്‍ അനുഭവിച്ചറിയും. അയാളെ അവള്‍ക്കു മാറോടു ചേര്‍ത്തുപിടിക്കാന്‍ കൊതി തോന്നും. അവരുടെ പിണക്കങ്ങള്‍ പക്ഷേ ഒട്ടും ആയുസ്സുളളവയായിരുന്നില്ല. പിണക്കത്തിനു ശേഷം ഇരട്ടി സ്നേഹത്തോടെയാവും അവരുടെ ഇണക്കം. ജനുവരിക്കാറ്റു പോലെ അവരുടെ സ്നേഹക്കാറ്റും ആഞ്ഞടിച്ചുകൊണ്ടേയിരുന്നു.
അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച ദിവസം രാവിലെയാണ് വിജയരാഘവന്റെ ഫോണ്‍ അവളെത്തേടിയെത്തുന്നത്. കുറച്ചു ദൂരെയുളള, കാറ്റിനു പ്രസിദ്ധമായ മലമുകളിലേക്ക് ഒരു യാത്ര പോകാമെന്ന്.
" നിന്റെ പേടി അതോടെ മാറിക്കോളും അശ്വതീ.. " ഒരു പൊട്ടിച്ചിരിയുടെ ചങ്ങാത്തത്തോടെയാണ് അയാളതു പറഞ്ഞത്.
കമലയ്ക്കും പണിക്കര്‍ സാറിനും അതത്ര ഇഷ്ടമായില്ല. എങ്കിലും അവര്‍ എതിരൊന്നും പറഞ്ഞതുമില്ല. മലയടിവാരത്തെത്തുമ്പോള്‍ വളരെ കുറച്ചു സന്ദര്‍ശകര്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. താഴെയുളള കടകളില്‍ നിന്നും അത്യാവശ്യം ഭക്ഷണപാനീയങ്ങളും വാങ്ങി അവര്‍ മല കയറാന്‍ തുടങ്ങി. പന്തലിട്ടപോലെ നില്‍ക്കുന്ന മുളങ്കാടുകള്‍ കടന്ന് മുന്‍പോട്ടു നടക്കുമ്പോഴാണ് ശക്തമായ കാറ്റടിച്ചത്. അവര്‍ക്കു മുന്‍പില്‍ പോയവര്‍ വളരെ മുന്നിലാണ്. അശ്വതി വല്ലാതെ ഭയന്ന് ശ്വാസം നിലച്ചു പോയതുപോലെയായി. പെട്ടെന്നായിരുന്നു വിജയരാഘവന്‍ അവളെ ഇറുകെ ചേർത്തുപിടിച്ചത് .. " പേടിക്കാതെ, ഞാനില്ലേ.. ഞാനില്ലേ.." അയാള്‍ മന്ത്രിച്ചുകൊണ്ടേയിരുന്നു. ജീവിതത്തില്‍ അന്നുവരെ അറിയാത്ത സുരക്ഷിതത്വവും സനാഥത്വവും ആദ്യമാവള്‍ അറിയുകയായിരുന്നു ആ നിമിഷം. കാറ്റു പോയതിനൊപ്പം അവര്‍ വീണ്ടും മലകയറിയത് കൈകോര്‍ത്തുപിടിച്ചായിരുന്നു. ഓരോ ശക്തിയായ കാറ്റു വീശുമ്പോഴും അശ്വതിയേ അയാള്‍ ചേര്‍ത്തു പിടിച്ചു. മെല്ലെ മെല്ലെ കാറ്റിനെ അവള്‍ക്കു ഭയമില്ലാതെയായി. ആ കോര്‍ത്തുപിടിച്ച വിരലുകള്‍ അവള്‍ക്ക് അത്ര മാത്രം ശക്തി പകര്‍ന്നു. ക്ഷീണം മാറ്റാന്‍ അകലെയുളള തമിഴ്നാടിന്റെ കൃഷിഭൂമി കാണുന്ന പാറ്ക്കെട്ടിനടുത്ത് അവര്‍ ഇരുന്നു. അപ്പോഴും അയാളുടെ കൈ അവളെ ചേര്‍ത്തു പിടിച്ചിരുന്നു.
" തുളസീദലമുലചേ സന്തോഷമുഗാ പൂ..ജിന്തു..." പണ്ടെന്നോ പഠിച്ച മായാമാളവഗൗളരാഗത്തിലെ അവളുടെ പ്രിയപ്പെട്ട കീര്‍ത്തനം പൊടുന്നനെ അവളുടെ ഹൃദയത്തില്‍ നിന്നെന്നവണ്ണം പുറത്തേയ്ക്കൊഴുകി. പല്ലവി പാടി നിര്‍ത്തിയതും വിജയരാഘവന്‍ അനുപല്ലവിയിലേയ്ക്കു കടന്നു.
" പലുമാരുചിരകാലമൂ... ..
പരമാദ്മുനി പാദമുലനു.. ..''
പിന്നെ അവര്‍ ഒന്നിച്ചാണു ചരണം പാടിയത്..
" സരസീരുഗ പുന്നാഗ ചംബക പാടലകുരവ.... "ഒരേ താളത്തില്‍ ഒരേ ലയത്തില്‍ എല്ലാം മറന്നവര്‍ പാടി. ആഞ്ഞുവീശിക്കൊണ്ടിരുന്ന കാറ്റ് ആ അപൂര്‍വ്വ സംഗീതവിരുന്നില്‍ ലയിച്ച് വീശാന്‍ മറ്ന്ന് അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. പിന്നെയും അവര്‍ മലകയറി. ഉയരത്തിലുള്ള വലിയ പാറയില്‍ വിജയരാഘവനാണ് പിടിച്ചു അവളെ കയറ്റിയത്. അയാളോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ വീശിയടിക്കുന്ന കാറ്റ് അവളെ ഭയപ്പെടുത്തിയതേയില്ല. അല്‍പമകലെയായുള്ള കുറവന്‍ കുറത്തി ശില്‍പത്തിനടുത്തും കുറച്ചു മാറി സ്ഥാപിച്ചിരുന്ന കാറ്റാടി യന്ത്രങ്ങള്‍ക്കരികിലും ഒക്കെ പോയിട്ടാണ് അവര്‍ മടങ്ങിയത്.
കമലയും പണിക്കര്‍ സാറും കാണിച്ച അകല്‍ച്ച മെല്ലമെല്ലെ കുറഞ്ഞു വന്നു. ദിവസങ്ങള്‍ കഴിയുന്തോറും അശ്വതിയുടേയും വിജയരാഘവന്റേയും സ്നേഹത്തിന്റെ ആഴം കൂടുകയു ചെയ്തു.. അവര്‍ തമ്മില്‍ കൈമാറാത്ത വിശേഷങ്ങളില്ലാതായി, അവര്‍ക്കിടയില്‍ രഹസ്യങ്ങളില്ലാതായി. ദേവൂ വീട്ടില്‍ വരുമ്പോള്‍ മാത്രമായി അശ്വതിയുടെ വീട്ടില്‍പ്പോക്ക്. വിജയരാഘവന്‍ മാസത്തിലൊരിക്കല്‍ പോയി വരും. വിഷുവിന് രണ്ടാളും വീടുകളില്‍ പോയി വന്നു. തൊട്ടടുത്തയാഴ്ചയായിരുന്നു പെസഹയും ദുഃഖവെള്ളിയും. ദേവു വരില്ലെന്നു പറഞ്ഞിരുന്നതുകൊണ്ട് അശ്വതിയും പോകേണ്ട എന്നു തീരുമാനിച്ചു. വിജരാഘവന്‍ പോകണമെന്നു വിചാരിച്ചിരുന്നതാണെങ്കിലും അശ്വതി പോകുന്നില്ലെന്നു പറഞ്ഞതുകൊണ്ട് അയാള്‍ ഒരു യാത്ര പ്ലാന്‍ ചെയ്തു. അത്രയകലെയല്ലാത്ത ഒരു റിസോര്‍ട്ടിലേയ്ക്ക്. തേയിലക്കാടും ഏലത്തോട്ടവും ഒക്കെയുള്ള പച്ചയില്‍ കുളിച്ചു നില്‍ക്കുന്ന ഫാം ടൂറിസത്തിന്റെ ഭാഗമായ വിനോദകേന്ദ്രം. അവിടെ നാലു ദിവസങ്ങള്‍. അടുത്തടുത്ത രണ്ടു കോട്ടേജുകളാണ് ബുക്കു ചെയ്തത്. കമലയും പണിക്കര്‍ സാറും ഇക്കാര്യം അറിയരുത് എന്നവള്‍ തീരുമാനിച്ചു. വര്‍ഗ്ഗീസ് ചേട്ടനോടും അവര്‍ ഒന്നും പറഞ്ഞില്ല. രാത്രി കിടക്കുംമുന്‍പ് ദേവുവിനെ വിളിച്ചു സംസാരിച്ചു. അവള്‍ പഠനത്തിന്റെ തിരക്കിലാണ്. എന്നും രാത്രിയില്‍ ആ കൊഞ്ചല്‍ കേള്‍ക്കാതെ, അവളെ നെഞ്ചില്‍ ചേര്‍ക്കാതെ അശ്വതിക്കുറങ്ങാനാവില്ല.
അതിരാവിലെ തന്നെ കമലയോടു യാത്രപറഞ്ഞിറങ്ങി. വിജയരാഘവന്‍ വാഹനം ഏര്‍പ്പാടു ചെയ്തിരുന്നു. അശ്വതി മൊബൈല്‍ എടുത്തു സൈലന്റ് മോഡില്‍ ആക്കി വെച്ചു. ഇതൊരുസ്വപ്നയാത്രയാണ്. ഈ യാത്ര അനന്ദത്തിന്റേതു മാത്രമായിരിക്കണം. ഇവിടെ ഒരേ വഴിയിലൂടെ സഞ്ചരിച്ചിരുന്ന രണ്ട് ഒറ്റപ്പെട്ടവര്‍ ഒന്നുചേര്‍ന്ന യാത്ര. ഒരു ഫോണ്‍ബെല്‍ പോലും ഈ യാത്രയ്ക്കിഅയില്‍ ശല്യമാകരുത്. ഈ യാത്രയില്‍ തങ്ങളോടൊപ്പം പ്രകൃതിയും സംഗീതവും മാത്രം മതി.
കാറിലിരുന്ന് വിജയരാഘവന്‍ ഒരുപാടു സംസാരിച്ചു. തമാശകള്‍ പറഞ്ഞുപൊട്ടിച്ചിരിച്ചു. അശ്വതിയും നന്നായി ആസ്വദിക്കുകയായിരുന്നു സ്നേഹസൗരഭ്യത്തിന്റെ സ്വര്‍ഗ്ഗീയാനുഭൂതി. ഒന്നര മണിക്കൂര്‍ യാത്രയേ ഉണ്ടായിരുന്നുള്ളു റിസോര്‍ട്ടിലേയ്ക്ക് അവിടെയെത്തിയപ്പോള്‍ മുറികള്‍ ഒഴിഞ്ഞിരുന്നതേയുള്ളു. വൃത്തിയാക്കിയിരുന്നില്ല. അതുകൊണ്ടവര്‍ അടുത്തുള്ള ക്ഷേത്രദര്‍ശനത്തിന്നായി പോയി. ഒരുപാടു നാള്‍ കൂടിയാണ് ഈശ്വരസന്നിധിയില്‍. അവളുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേട്ടിരുന്നില്ല ഒരിക്കലും. ഇനി എന്തു പ്രാര്‍ത്ഥിക്കാന്‍! എങ്കിലും പ്രദക്ഷിണം വെച്ചു പ്രസാദം വാങ്ങി മടങ്ങി. വഴീല്‍ ഒരു ചെറിയ ചായക്കടയില്‍ നിന്നു അപ്പവും കടലക്കറിയും സ്വാദോടെ കഴിച്ചു. അവിടെയുമിവിടെയുമൊക്കെ കറങ്ങി റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ മുറികള്‍ റെഡി. പെട്ടിയും മറ്റും മുറിയില്‍ വെച്ച് അവിടെയൊക്കെ ഒന്നു ചുറ്റി നടന്നു. പ്രകൃതി അതിന്റെ എല്ലാ സൗഭാഗ്യങ്ങളോടെയും അവര്‍ക്കു മുന്നില്‍ പുഞ്ചിരിച്ചു നിന്നു. തേയിലക്കാടിനിടയിലൂടെ കുണുങ്ങിയൊഴുകുന്ന കാട്ടരുവിക്കരയില്‍ ചേര്‍ന്നിരിക്കുമ്പോള്‍ വിജയരാഘവന്‍ ഒരു കാറ്റുപോലെ അവളുടെ മുടിയില്‍ തഴുകിക്കൊണ്ടിരുന്നു.
" ഇന്നു മുഴുവന്‍ നമുക്കീ പ്രകൃതിയോടു ചേര്‍ന്നു കിന്നാരം പറഞ്ഞു നടക്കാം. സൂര്യന്‍ മറയുമ്പോള്‍ നമ്മള്‍ നന്നേ ക്ഷീണിച്ചിരിക്കും. അപ്പോള്‍ ഞാന്‍ നിന്നെ താരാട്ടു പാടിയുറക്കും. "
"ഏതു പാട്ടാണു പാടുക എന്നെയുറക്കാന്‍? " കൗതുകത്തോടെ അശ്വതി ചോദിച്ചു.
" രാജീവ നയനേ.. നീയുറങ്ങൂ.. നീ കേട്ടിട്ടില്ലേ, ജയചന്ദ്രന്‍ പാടിയത്.. ? "
അവള്‍ അത്ഭുതപ്പെട്ടു. ഈ ഗാനം തനിക്കായി ആരെങ്കിലും പാടിത്തന്നെങ്കില്‍ എന്നവള്‍ ഏതോ നാളുകളില്‍ ഒരുപാടാഗ്രഹിച്ചിരുന്നതാണ്. അതിലെ വരികള്‍ " ഉറങ്ങുന്ന ഭൂമിയേ നോക്കി, ഉറങ്ങാത്ത നീലാംബരം പോല്‍..... അരികത്തുറങ്ങാതിരിക്കാം " എന്നു പറയാന്‍ തനിക്ക് ആരെങ്കിലും ഉണ്ടായിരുന്നു എങ്കില്‍ എന്നവള്‍ കൊതിച്ചിരുന്നു. ആ വരികള്‍ പാടിയിട്ട് വെറുതെയവള്‍ ചോദിച്ചു "അരികത്തുറങ്ങാതിരിക്കുമോ എനിക്കു കാവലായ്?"
" തീര്‍ച്ചയായും. നീയുണരും വരെ മിഴിപൂട്ടതെ കാത്തിരിക്കാം ഞാന്‍" വിജയരാഘവന്റെ മറുപടി പെട്ടെന്നായിരുന്നു. അവളറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വളരെ നേരം കഴിഞ്ഞാണ് അവര്‍ തിരികെയെത്തിയത്. ഉച്ചഭക്ഷണവും കഴിച്ചിരുന്നില്ല. ഭക്ഷണം വരുമ്പോഴേയ്ക്കും ഒന്നു ഫ്രെഷ് ആയി വരാന്‍ അവര്‍ റൂമിലെത്തി. മൊബൈല്‍ ചാര്‍ജ്ജു ചെയ്തേക്കാമെന്നു വിചാരിച്ചു ബാഗില്‍ നിന്നെടുത്തു. ഓണാക്കിയപ്പോള്‍ ദേവുവിന്റെ 16 മിസ്സ് കോള്‍. അമ്മാവനും വിളിച്ചിരിക്കുന്നു. കമലയുടേതുമുണ്ട്. വേഗം തന്നെ ദേവുവിനെ തിരികെ വിളിച്ചു.
" അമ്മ, എന്താ ഫോണ്‍ എടുക്കാടിരുന്നത്.. അച്ഛന്‍.." അവള്‍ കരയാൻ തുടങ്ങി. അടുത്തുണ്ടായിരുന്ന , രഘുവിന്റെ സഹാദ്ധ്യാപകന്‍ ജോസഫ് ആണ് കാര്യങ്ങള്‍ വിശദമാക്കിയത്. രാവിലെ രഘുവും ശാലിനിയും ബൈക്കില്‍ ക്ഷേത്രത്തിൽ പോയതാണ്. പിന്നാലെ വന്ന ഒരു ടിപ്പര്‍ ലോറി അതിലിടിച്ച് രണ്ടുപേരും തെറിച്ചുവീണു. ശാലിനിയുടെ തല, കൂട്ടിയിട്ടിരുന്ന കല്ലില്‍ ഇടിച്ച് തലയോട്ടി പൊട്ടി. ഗുരുതരാവസ്ഥയില്‍ . സര്‍ജ്ജറിക്കായി കയറ്റി. എങ്കിലും പ്രതീക്ഷയില്ലത്രേ. രഘുവിനു വലതു കൈയ്യിലും കാലിലും എല്ലുകൾ പൊട്ടിയിട്ടുണ്ട്. ഹെല്‍മെറ്റ് ഉണ്ടയിരുന്നതുകൊണ്ട് രക്ഷപ്പെട്ടു. വിവരമറിഞ്ഞയുടനെ തളര്‍ന്നു വീണതാണ് അമ്മ. ബോധം വന്നിട്ടില്ല. അശ്വതിയെ ഫോണില്‍ കിട്ടാതെ വല്ലാതെ പരിഭ്രമിച്ചു എല്ലാവരും. കമലയുടെ വീട്ടിലും വിളിച്ചു. ..
സ്വപ്നങ്ങളെയൊക്കെ പിന്നിലാക്കി വാഹനം അതിവേഗത്തില്‍ അശ്വതിയേയും കൊണ്ടു പാഞ്ഞു. അപ്പോള്‍ അവള്‍ക്ക് മനസ്സിലെ ശൂന്യത ഭ്രാന്തുപ്രിടിപ്പിക്കുന്നതുപോലെ തോന്നി. അറിയാതെ കണ്ണുകളടഞ്ഞുപോകും പോലെ.. ഒരു ഗാനത്തിന്റെ അലകള്‍ അവിടെയാകെ സൗരഭ്യം പകര്‍ന്ന് ഒഴുകിയെത്തി അപ്പോള്‍ എങ്ങു നിന്നുമല്ലാതെ..
ഉറങ്ങുന്ന ഭൂമിയെ നോക്കി
ഉറങ്ങാത്ത നീലാംബരം പോൽ
അഴകേ നിൻ കുളിർമാല ചൂടി
അരികത്തുറങ്ങാതിരിക്കാം
അരികത്തുറങ്ങാതിരിക്കാം
ആരിരാരോ ആരിരാരൊ........