Thursday, July 30, 2015

ഭൂട്ടാനിലേയ്ക്കൊരു സ്വപ്നയാത്ര - 10

മാനം കയറാനൊരു ഗോവണി.

.........................................................................

പാരോ ടക്ത്സങ്ങ് അഥവാ ടൈഗര്‍ നെസ്റ്റ് പുരാതനവും പ്രസിദ്ധവുമായൊരു പാല്‍ഫുങ്ങ് മൊണാസ്ട്രിയാണ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഈ ഗിരിശൃംഗത്തിലെ പാറക്കെട്ടില്‍ പടുത്തുയര്‍ത്തിയ ഈ ബുദ്ധക്ഷേത്ര സമുച്ചയം ടിബറ്റന്‍ ജനതയുടെ ഏറ്റവും പ്രധാന തീര്‍ത്ഥാടനകേന്ദ്രവും കൂടിയാണ്. മലമുകളിലെ ഈ മഹാത്ഭുതത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെടുത്തി പല കഥകളും ടിബറ്റില്‍ പ്രചാരത്തിലുണ്ട്. ഇതില്‍ രണ്ടു കഥകളാണ് കൂടുതല്‍ സ്വീകാര്യമായിരിക്കുന്നത്. 


ഗുരു റിംപോച്ചേ എന്നറിയപ്പെട്ടിരുന്ന പദ്മസംഭവ ഏഴാം നൂറ്റാണ്ടില്‍ ടിബറ്റില്‍ ജീവിച്ചിരുന്ന ആത്മീയ നേതാവായിരുന്നു. ഇദ്ദേഹം ബുദ്ധന്റെ രണ്ടാം പുനരവതാരമായി ആണ് വിശ്വസിക്കപ്പെടുന്നത്. അദ്ദേഹത്തിന് ധാരാളം അമാനുഷിക സിദ്ധികള്‍ ഉണ്ടെന്നു വിശ്വസിച്ചിരുന്നതിനാല്‍ പലരും അദ്ദേഹത്തോടു ഭകതിപൂര്‍വ്വം പെരുമാറുകയും ഈശ്വരനെപ്പോലെ  ആരാധിക്കുകയും ചെയ്തു പോന്നു.

 റിംപോച്ചെ ഗുരു ടിബറ്റിലും ഭൂട്ടാനിലും ബുദ്ധമതം പ്രചരിപ്പിക്കാന്‍ വളരെ പ്രയത്നിച്ചിരുന്നു. ഒരു കഥയില്‍ പറയുന്നത് ഈ പാറക്കെട്ടിലുള്ല ഗുഹയില്‍ തപസ്സിനായി ഒരു പെണ്‍കടുവയുടെ പുറത്തിരുന്നു പറന്നു വന്നിറങ്ങിയെന്നാണ്. മൂന്നുവര്‍ഷവും മൂന്നു മാസവും മൂന്നു ദിവസവും മൂന്നു മണിക്കൂറും മൂന്നു മിനുട്ടും അദ്ദേഹം ഈ ഗുഹയില്‍ ധ്യാനനിരതനായിരുന്നത്രേ..

സമാനതയുള്ളതു തന്നെ രണ്ടാമത്തെ കഥയും. ദുര്‍ദ്ദേവതയായ ഡാകിനിയടേയും കൂട്ടാളികളുടേയും സഹവര്‍ത്തിത്വം സ്വീകരിച്ച് റിംപോച്ചെ ധാരാളം യാത്രകള്‍ നടത്തിവന്നു. ( ബുദ്ധമത വിശ്വാസത്തില്‍  മരിച്ചുപോയവരുടെ ആത്മാവിനെ ഈശ്വരസന്നിധിയില്‍ എത്തിക്കുന്നത് ഡാകിനിയണ്. ) അന്നത്തെ വിശ്രുതനായ ചക്രവര്‍ത്തിയുടെ ആദ്യഭാര്യയായിരുന്ന യാഷേ ത്സോഗ്യാല്‍ ഈ സംഘത്തോടൊപ്പം കൂടി യാത്രകള്‍ ചെയ്യാന്‍ സന്നദ്ധയായി. ഗുരുവിനെ അവിടെയെത്തിക്കുവാന്‍  മാന്ത്രികവിദ്യയാല്‍ അവളൊരു കടുവയായി മാറി. ഗുരുവിനേയും വഹിച്ച് പറന്ന് ഭൂട്ടാനിലെ ഈ മലമുകളില്‍ പാറക്കെട്ടില്‍ രൂപം കൊണ്ടിരുന്ന അനവധി ഗുഹകളില്‍ ഒന്നില്‍ വന്നിറങ്ങി. അവിടെ അദ്ദേഹം വളരെക്കാലം തപസ്സു ചെയ്യുകയും ധ്യാനത്തിലൂടെ നേടിയ അഷ്ടതത്വങ്ങളുമായി പ്രത്യക്ഷനാവുകയും ചെയ്തു. അതുകൊണ്ടാണ് പുണ്യസങ്കേതത്തെ ടൈഗേര്‍സ് നെസ്റ്റ് എന്നു വിളിക്കുന്നത്.

പിന്നീട് ധാരാളം സന്യാസിമാര്‍ ഇവിടെ സന്യാസിക്കാനെത്തുകയും ഗുഹകളില്‍ വളരെക്കാലം ധ്യാനിച്ചിരിക്കുകയും ചെയ്തുപോന്നു. ഇവിടെത്തെ ക്ഷേത്ര നിര്‍മാണത്തിനായുള്ള പരന്ന കല്ലുകള്‍ കൊണ്ടുവന്നത് ഡാകിനിയാണെന്നാണ് വിശ്വസിച്ചുപോരുന്നത്. സത്യത്തില്‍ ഇതെങ്ങനെ മനുഷ്യന്‍ നിര്‍മ്മിച്ചു എന്ന് നമുക്കും അത്ഭുതം തോന്നും. അത്ര അപകടകരമായൊരു പാറയുടെ മുകളില്‍ ആണ് ക്ഷേത്രം. 

12,000 അടി ഉയരത്തിലാണ് ഈ പാറക്കെട്ടില്‍ പണിതീര്‍ത്ത ആരാധനാലയം സ്ഥിതിചെയ്യുന്നത്. ഗുഹകള്‍ക്കു ചുറ്റുമായി ക്ഷേത്രസമുച്ചയം  പണി കഴിച്ചത് 1692 ല്‍ അന്ന്ത്തെ ഗുരുവായിരുന്ന ഗ്യാല്‍സെ ടെന്‍സിന്‍ റബ്ഗ്യേ ആണ്. പദ്മസംഭവയുടെ പുനര്‍ജന്മമായാണ് അദ്ദേഹത്തെ കരുതിപ്പോരുന്നത്. അദ്ദേഹത്തെക്കുറിച്ചും അമാനുഷിക കഥകള്‍ പ്രചാരത്തിലുണ്ട്. സുഹൃത്തുക്കള്‍ ഒരേസമയം ഗുഹയ്ക്കു പുറത്തും അകത്തും അദ്ദേഹത്തെ കണ്ടിരുന്നത്രേ. അല്പം മാത്രം ഭക്ഷണം കൊണ്ട് വരുന്ന എല്ലാ തീര്‍ത്ഥാടകരേയും സല്‍ക്കരിക്കാന്‍ കഴിഞ്ഞിരുന്നത്രേ.അത്ഭുതകരമായ വേറൊരു കാര്യം തികച്ചും അപകടം നിറഞ്ഞ വഴിയിലൂടെ  അവിടേയ്ക്കെത്തുന്ന ഭക്തരില്‍ ആര്‍ക്കും ഒരുതരത്തിലുള്ള അപകടവും ഉണ്ടാവാറില്ല എന്നതായിരുന്നു. മൃഗരൂപങ്ങളും മതചിഹ്നങ്ങളും ഒക്കെ മാനത്തു ദര്‍ശിക്കുന്നതോടൊപ്പം ഭൂമിയിലെത്താത്ത പുഷ്പവൃഷ്ടിയും ഉണ്ടാകുമായിരുന്നു എന്നും ഭാഷ്യം. എന്തായാലും   പിന്നീടത് ഭൂട്ടാന്റെ സാംസ്കാരികപാരമ്പര്യത്തിന്റെ ഒരു ഭാഗാമായി തന്നെ മാറി. പദ്മസംഭവയുടെ ഓര്‍മ്മയ്ക്കായി മാര്ച്ച്- ഏപ്രില്‍ മാസത്തില്‍ ഇവിടെ ത്സേച്ചു എന്ന് ഒരുത്സവവും ആഘോഷിക്കുന്നു. സവിശേഷതയാര്‍ന്ന നൃത്തരൂപങ്ങളും മറ്റും ഈ ഉത്സവങ്ങളുടെ പ്രത്യേകതയാണ്. 


നാലു പ്രധാന ക്ഷേത്രങ്ങളാണ് ഇവിടെയുള്ലത്. തൂവെള്ല നിറത്തിലെ ക്ഷേത്രങ്ങള്‍ക്ക് സുവര്‍ണ്ണമകുടങ്ങളും. അനവധി മറ്റു മന്ദിരങ്ങളും ചേര്‍ന്നതാണ് ഈ മൊണാസ്ട്രി. ഇതിനുള്ളിലെ  8 ഗുഹകള്‍ നമുക്കു കയറാവുന്നതാണ്. മൊണാസ്ട്രിയിലെ സന്യാസിമാര്‍ ഈ ഗുഹകളില്‍ മൂന്നു വര്‍ഷം ധ്യാനത്തില്‍ കഴിയണമെന്നതാണിവിടുത്തെ നിയമം. ഗുഹകളില്‍ നാലെണ്ണം വളരെ അനായാസം ചെന്നെത്താവുന്നതാണ്.  അതില്‍ പദ്മസംഭവ പെണ്‍കടുവപ്പുറത്ത് അവിടെ ചെന്നിറങ്ങിയതും (തോല്‍ഫുക്ക്) തപസ്സുചെയ്തതും  (പേല്‍ ഫുക്ക്) പെണ്‍കടുവ ഇരുന്നതും ഒക്കെയുണ്ട്. എല്ലാ മന്ദിരങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കല്‍പ്പടവുകളും നിര്‍മ്മിക്കപ്പെട്ടിരുന്നു. പ്രധാനഗുഹയില്‍ ബോധിസത്വന്റെ 12 രൂപങ്ങളുണ്ട്. നെയ് വിളക്കുകള്‍ എല്ലായ്പ്പോഴും പ്രഭ ചൊരിഞ്ഞിരിക്കും. അവലോകിതേശ്വരപ്രതിമയും അവിടെയുണ്ട്. അടുത്ത ഗുഹയില്‍ ഒരു വിശിഷ്ടഗ്രന്ഥവും. ഇതിലെ അക്ഷരങ്ങള്‍ കോറിയിരിക്കുന്നത് സ്വര്‍ണ്ണ്ത്തി ന്റെയും പുണ്യരൂപനായ ലാമയുടെ എല്ലിന്‍ പൊടിയും ചേര്‍ത്താണ് എന്നാണു പറയപ്പെടുന്നത്. 


1998 എപ്രില്‍ 19 ന് ഈ മൊണാസ്ട്രി അഗ്നിബാധയ്ക്കിരയായി. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്കീട്ട് ആണ് ഈ അഗ്നിക്കു കാരണമായതെന്നു കരുതപ്പെടുന്നു.  അന്ന് ഒരു സന്യാസിക്കു ജീവഹാനി ഉണ്ടാവുകയും ധാരാളം ചിത്രങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളും നഷ്ടപ്പെടുകയും ചെയ്തു. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെട്ടത്. പിന്നീട് ഇന്നത്തെ രീതിയില്‍ പുനരുദ്ധരിക്കാന്‍ രാജാവായിരുന്ന ജിഗ്മേ സിഗ്യേ വങ്ങ്ചുക്കിന്റെ നേതൃത്വത്തില്‍ ശ്രമമാരംഭിക്കുകയും 2005ല്‍  വീണ്ടും പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. 


ഞങ്ങള്‍ മലകയറ്റം തുടങ്ങിയപ്പോള്‍ ആദ്യം പോയവര്‍ മടങ്ങിയെത്താന്‍ തുടങ്ങിയിരുന്നു. ചിരപരിചിതരേപ്പോലെ ചിരിച്ചുകൊണ്ട് അവര്‍ യാത്രയുടെ ആസ്വാദ്യതയേക്കുറിച്ചു പറയുന്നുമുണ്ടായിരുന്നു. എങ്കിലും ഞങ്ങള്‍ പുറപ്പട്ടത് വളരെ വൈകിയാണെന്നും ചിലര്‍ സൂചിപ്പിച്ചു. അതും വളരെ ശരിയായിരുന്നു. സൂര്യന്റെ ചൂട് അസഹനീയമായിരുന്നു എന്നു തന്നെ പറയാം. കൊടും വനത്തിലൂടെയാനെങ്കിലും കയറുന്നതിനിടയില്‍ നന്നായി വിയര്‍ക്കുന്നുമുണ്ടാടിരുന്നു. ചുറ്റുപാടും പൈന്‍മരങ്ങള്‍ ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്നുണ്ട്. പിന്നെ ഒട്ടനവധി സസ്യജാലങ്ങളും.

വൈവിധ്യമാര്‍ന്ന് വര്‍ണ്ണ പുഷ്പങ്ങള്‍ എല്ലാവര്‍ക്കും സ്വാഗതമരുളി ചിരിച്ചു നില്‍ക്കുന്നു. കുത്തനെ കയറുന്ന മലമ്പാത നല്ല രീതിയില്‍ സംരക്ഷിച്ചുപോരുന്നു. പാതയിലെ പാറകളില്‍ വളരെ വ്യക്തമായി അമ്പടയാളം കൊടുത്തിട്ടുണ്ട്. ഇത് വഴി തെറ്റാതിരിക്കാന്‍ യാത്രികരെ വളരെ സഹായിക്കുന്നുമുണ്ട്. നമ്മുടെ നാട്ടിലെങ്ങും കാണാത്ത ഒരിനം ഇത്തിള്‍ പൈന്‍ മരങ്ങളില്‍ പടര്‍ന്നു കിടക്കുന്നതുകാണാം. ഇള പച്ച നിറത്തിലെ കനം കുറഞ്ഞ പ്ലാസ്റ്റിക്ക് നൂലുകള്‍ കൊണ്ടുണ്ടാക്കിയ മാലപോലെയിരിക്കും . ഒട്ടനവധി മാലകള്‍ ഒന്നിച്ചു ചേര്‍ന്ന് ഒരപ്പൂപ്പന്റെ വലിയ താടി പോലെ മനോഹരമായ കാഴ്ച. 

ഒന്നരമണിക്കൂറോളം നടന്നുകഴിഞ്ഞാല്‍ ഒരു പരന്ന പ്രദേശത്ത് എത്തിച്ചേരും. ഇതാണ് ഉര്‍ഗ്യാന്‍ ട്സെമോ അഥവാ ഉര്‍ഗ്യാന്‍ കൊടുമുടി. ഇവിടെ ഒരു വലിയ പ്രാര്‍ത്ഥനാചക്രവും തൊട്ടടുത്തായി കുറെയധികം ചക്രങ്ങളുമുണ്ട്. പ്രാര്‍ത്ഥനാ ചക്രത്തിന്റെ ചുവട്ടില്‍ കുറെപ്പേര്‍ വിശ്രമിക്കുന്നുണ്ട്. കുതിരകള്‍ക്കൂ ഇവിടെവരെ മാത്രമേ വരാന്‍ കഴിയൂ. ഇവിടെ   അവിടെനിന്നുള്ള കാഴ്ചകള്‍ അവര്‍ണ്ണനീയമാണ്. ഒരുവശത്ത് മലയിലെ പാറയില്‍ പണിതീര്‍ത്ത ടക്ത്സങ്ങ് വ്യക്തമായി കാണാന്‍ കഴിയും.  ഒരു കഫ്ടേരിയയും പ്രവര്‍ത്തിക്കുന്നുണ്ട്. യാത്രികള്‍ക്കുള്ള അത്യാവശ്യം ഭക്ഷണസാധങ്ങള്‍ ഇവിടെ ലഭ്യമാണ്. ടോയ് ലട് സൗകര്യങ്ങളും ഉണ്ടിവിടെ. പക്ഷേ ഇനിയുള്ള കയറ്റം ആണ് അതികഠിനം.

വന്ന കയറ്റത്തേക്കാള്‍ ഒന്നു കൂടി കുത്തനെയുള്ള കയറ്റമാണ്. അവിടെയെത്തിയപ്പോള്‍ പാട്ടീലിന്റെ ഭാര്യ മുന്നോട്ടു നടക്കാനാവില്ല എന്നുറപ്പിച്ചു പറഞ്ഞു. അവരെ അവിടെ ഇരുത്തി ഞങ്ങള്‍ യാത്രയായി. 

നിന്നും ചാരുബഞ്ചുകളില്‍  ഇടയ്ക്കിരുന്നും ഒക്കെ ഞങ്ങള്‍ മലകറിക്കൊണ്ടിരുന്നു. ചുറ്റുപാടുള്ല കാനനക്കാഴ്ചകള്‍ നല്ല സാന്ത്വനമാകുന്നുമുണ്ടായിരുന്നു.

എങ്കിലും അപ്പുറത്തെ മലയില്‍ ഇടയ്ക്കിടയ്ക്കു പ്രത്യക്ഷമാകുന്ന ടക്ത്സങ്ങ് അമ്പരപ്പിക്കുന്നുമുണ്ട്. അപ്പോഴും എനിക്ക് ആദ്യം തോന്നിയിരുന്ന സംശയം മനസ്സില്‍ വന്നുകൊണ്ടിരുന്നു. അപ്പുറത്തെ മലയില്‍ പോകാന്‍ ഈ മല എന്തിനു കയറണമെന്ന്. എന്തായാലും പാറയുടെ മുകളില്‍ വലിഞ്ഞു കയറിയും മരവേരുകളില്‍ പിടിച്ചും ഒക്കെ ഞങ്ങള്‍ കയറ്റം തുടര്‍ന്നു. ഇടയ്ക്കു കണ്ട ഒരു സ്ത്രീ മാത്രം പറഞ്ഞു.'വളരെ കഷ്ടപ്പാടാണ് ഈ കയറ്റം. എന്തിനീ ഭ്രാന്തിനു പോകുന്നു ' എന്ന്. ഇതുവരെ എല്ലാവരും 'വളരെ നല്ല അനുഭവം ' , ' ഒരിത്തിരി കൂടി പോയാല്‍ മതി ' എന്നൊക്കെയാണു പറഞ്ഞത്. ഞാനതു സൂചിപ്പിച്ചപ്പോള്‍ അവരുടെ ഭര്‍ത്താവ് ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു,' ഇതു വരെ ഇവര്‍ മാത്രമേ നിങ്ങളോടു സത്യം പറഞ്ഞുള്ളു' എന്ന്. 

കയറിക്കയറി ഒടുവില്‍ ഒരു പരന്ന പ്രദേശത്തു കൂടിയായി സഞ്ചാരം. അവിടെ നിന്നു മുകളിലേയ്ക്കു നോക്കിയാല്‍ രണ്ടു പൗരാണിക നിര്‍മ്മിതികള്‍ കാണാനാകും. കുറെ നടന്നു കഴിഞ്ഞപ്പോള്‍ പിന്നീട് മലയിറക്കം ആണ്. കുറെയിറങ്ങിക്കഴിഞ്ഞാല്‍ കല്‍പടവുകള്‍ താഴേയ്ക്കു കെട്ടിയിരിക്കുന്നതു കാണാം. വളരെ അപകടം പിടിച്ച കല്‍പടവുകള്‍. ഒന്നു കാല്‍വഴുതിയാല്‍ അഗാധതയിലെത്തും.  700 ലധികം പടികള്‍ ഇറങ്ങിക്കഴിയുമ്പോള്‍ അപ്പുറത്തെ മലയെ ബന്ധിപ്പിക്കുന്ന മലയിടുക്കിലെത്താം. അവിടെ നിന്നു വീണ്ടും ആയിരത്തോളം കല്‍പടവുകള്‍ കയറിവേണം മൊണാസ്ട്രിയിലെത്താന്‍. ഇടയ്ക്ക് ഒരു വെള്ളച്ചട്ടവും ഉണ്ട്. ഇതു പുണ്യതീര്‍ത്ഥമായി കരുതിപ്പോരുന്നു.  കുറെ പടവുകളിറങ്ങിയപ്പോഴേയ്ക്കും ചേട്ടന്‍ പറഞ്ഞു ഇനി ഇറങ്ങാന്‍ കഴിയില്ല, നിങ്ങള്‍ രണ്ടുപേരും കൂടി പോയിവരാന്‍.

ചേട്ടന്റെ മുഖഭാവം ഒക്കെ കണ്ടപ്പോള്‍ ഒറ്റയ്ക്കവിടെ ഇരുത്തി പോകാനുള്ല ധൈര്യവും വന്നില്ല. അതുകൊണ്ട് കുറച്ചു സമയം ഞങ്ങള്‍ അവിടെ വിശ്രമിച്ചു. പാട്ടീലും രാഹുലും അപ്പോള്‍ എതിരെയുള്ല മലകയറി മൊണാസ്ട്രിയിലെത്തിയിരുന്നു. ഞങ്ങള്‍ മടങ്ങിപ്പോകുന്നു എന്ന് അവരോടു കൈകൊണ്ട് ആംഗ്യം കാട്ടി മെല്ലെ തിരികെ നടന്നു. 

മലയിറക്കം താരതമ്യേന വിഷമം കുറവാണെങ്കിലും കാലിനു നല്ല ആയാസമാണ്. ഓടിയിറങ്ങാന്‍ പറ്റുന്നിടത്ത് അങ്ങനെ ചെയ്യുന്നതാണ് എളുപ്പം. കഫ്ടേരിയയില്‍ വന്ന് ഓരോ കട്ടന്‍ ചായ കുടിച്ചു .

ഒരു കപ്പു കട്ടന്‍ ചായയ്ക്ക് 120 രൂപ. ചായ കുടിച്ച ഊര്‍ജ്ജത്തില്‍ വീണ്ടും മലയിറക്കം തുടങ്ങി. ഇടയ്ക്ക് നാലു കോളേജ് വിദ്യാര്‍ത്ഥിനികളും ഞങ്ങളുടെ ഒപ്പം കൂടി . ഭൂട്ടാന്റെ വിദ്യാഭ്യാസ, സ്ംസ്കാരിക ലോകത്തെ അവര്‍ ഞങ്ങള്‍ക്കു നന്നായി പരിചയപ്പെടുത്തി തന്നു. ധാരാളം ഭൂട്ടാന്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി ഇന്ത്യയിലെത്തുന്നുണ്ട് എല്ലാ വര്‍ഷവും.
ചിലരെങ്കിലും ഇന്ത്യാക്കാരായ സഹപാഠികളെ പ്രണയിച്ച് വിവാഹിതരായി ഇന്ത്യയില്‍ സ്ഥിരതാമസമാക്കുന്നുമുണ്ട്. നമ്മുടെ കുടുംബബന്ധങ്ങളെ അവര്‍ വളരെ ബഹുമാനത്തോടെയാണു നോക്കിക്കാണുന്നത്. അതില്‍ ഒരു പെണ്‍കുട്ടിയുടെ വീട്ടിലെത്താന്‍ പാരോയില്‍ നിന്നു രണ്ടു ദിവസത്തെ യാത്രയുണ്ടത്രേ. ഇടയ്ക്കു രാത്രിയില്‍ ഹോട്ടലില്‍ മുറിയെടുത്തു തങ്ങും. അവിടെ നല്ല സുരക്ഷിതത്വമുള്ളതുകൊണ്ട് അതിനൊന്നും ഒരു ഭയവും വേണ്ട എന്നാണാ കുട്ടി പറഞ്ഞത്. 

മലയിറങ്ങി താഴെയെത്തുമ്പൊള്‍ വെളിച്ചം നന്നേ മാഞ്ഞിരുന്നു. ഇനിയും പാട്ടീലും രാഹുലും എത്തിയിട്ടില്ല. അവര്‍ക്കായി കാത്തിരുന്നു. അവരെത്തിയ ഉടനെ ഞങ്ങള്‍ സൈകതിനെ കണ്ടുപിടിച്ചു ഹോട്ടലിലേയ്ക്കു യാത്രയായി. പാരോ നദിയുടെ താരാട്ടു കേട്ടുറങ്ങാന്‍ ഒരു പ്രത്യേക സുഖമായിരുന്നു അന്നു രാവില്‍







Tuesday, July 28, 2015


പുഞ്ചിരിയോടെന്റെ 
കണ്‍കളില്‍ അരുമയായ്
ചുംബനം നല്‍കി
                ഉണര്‍ത്തും പ്രഭാതമേ..
എവിടെ നിന്‍ തോഴിയാം 
കുഞ്ഞിളങ്കാറ്റിന്നു,
കാനന തല്പത്തില്‍ 
വീണു മയങ്ങിയോ?
അവളൊന്നു വന്നെങ്കില്‍!
ആരാരും കാണാതെ
നല്‍കീടുമോമല്‍ 
കുളിരാര്‍ന്ന പൂമണം..
പിന്നെയോ,  സ്നേഹത്തിന്‍
ആയിരം കൈകളാല്‍
ആലിംഗനം ചെയ്യും
അമ്മയേപോല്‍ !
ശുഭദിനം നേരുന്നു...........മിനി മോഹനന്‍ 






Thursday, July 23, 2015

ഭൂട്ടാനിലേയ്ക്കൊരു സ്വപ്നയാത്ര - 9

പാറയില്‍ പണിതീര്‍ത്ത കടുവാക്കൂട്ടിലേയ്ക്ക്....

തിംഫുവിലെ സൂര്യന്‍ മേഘത്തിരശീലയ്ക്കു പിന്നില്‍ മുഖം മറച്ചു നില്‍ക്കുന്ന മറ്റൊരു പ്രഭാതം കൂടി. പ്രഭാതസവാരിക്കിറങ്ങിയത് നിറയെ പൂക്കളുമായി നില്‍ക്കുന്ന ബാല്‍ക്കണികളുള്ള അപ്പാര്‍ട്മെന്റുകള്‍ക്കിടയിലെ വഴിയിലൂടെയാണ്. പ്രധാന വീഥിയല്ലാത്ത ഏതു വഴിയും ചെന്നു നില്‍ക്കുന്നത് താഴ്വാരത്തിനതിരിട്ടു നില്‍ക്കുന്ന മലയിറമ്പുകളിലേയ്ക്കാണ്.

വളരെ ശാന്തമായ അന്തരീക്ഷം. കീരയും ഘോയുമണിഞ്ഞ സ്കൂള്‍ കുട്ടികള്‍ കലപിലകൂട്ടി നടന്നു പോകുന്നുണ്ട്. അല്‍പം നാണം കുണുങ്ങികളാണെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ നല്ല പുഞ്ചിരിയോടെ മറുപടി നല്‍കും.


 ആദ്യത്തെ രാജാവിന്റെ കാലത്താണ് പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസത്തിനു തുടക്കമിട്ടത്. പക്ഷേ ഏതാനും ദശകം മുന്‍പ് വരെ ഹൈസ്കൂള്‍ വിദ്യഭ്യാസത്തിനു ഭൂട്ടാനില്‍ സൗകര്യമുണ്ടായിരുന്നില്ല. ഇന്ത്യയില്‍ വന്നായിരുന്നു ഹൈസ്കൂളിലും കോളേജിലും പഠിക്കുക. 1990 ലെ കണക്കുപ്രകാരം 30 % പോലുമുണ്ടായിരുന്നില്ല സാക്ഷരത . അടുത്തകാലത്തായി സര്‍ക്കാര്‍ നേരിട്ടും സ്വകാര്യമേഖലയിലും ഉപരിപഠനം ഭൂട്ടാനില്‍ തന്നെ ഉറപ്പാക്കുന്നുണ്ട്.
സര്‍ക്കാറിന്റെ കീഴിലുള്ല സ്ഥാപനങ്ങളില്‍ ബോര്‍ഡിംഗ് ഫീസ് ഉള്‍പ്പെടെ സൗജന്യമാണ്. സ്വകാര്യസ്ഥാപനങ്ങളിലെ ഫീസ് വിദ്യാഭ്യാസവകുപ്പാണ് തീരുമാനിക്കുന്നത്. സാധാരണ മാര്‍ച്ചില്‍ തുടങ്ങുന്ന സ്കൂള്‍വര്‍ഷം ഡിസംബറില്‍ അവസാനിക്കും. മഞ്ഞുവീഴുന്ന ശിശിരകാലം ഇക്കൂട്ടര്‍ക്ക് അവധിക്കാലമാണ്. സാധാരണ നമ്മുടെ സ്കൂളുകളില്‍ പഠിക്കുന്ന വിഷയങ്ങള്‍ക്കു പുറമേ മതം, പ്രകൃതിസംരക്ഷണം, കന്നുകാലിവളര്‍ത്തല്‍, കൃഷി, വനസംരക്ഷണം എന്നിവ കൂടി പാഠ്യപദ്ധതിയില്‍ നിര്‍ബ്ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്പോര്‍ട്സിന് വളരെ പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും ദേശീയ വിനോദമായ അമ്പെയ്ത്ത് പോലുള്ല ഏതാനും ഇനങ്ങളില്‍ മാത്രമേ അന്താരാഷ്ട്ര തലത്തില്‍ ഭൂട്ടാന്‍ ടീം മത്സരിക്കാറുള്ളു. ഫുട്ബോള്‍ ഇവര്‍ക്കു പ്രിയപ്പെട്ട കായികവിനോദമാണ്.  തിംഫുവിലെ റോയല്‍ കോളേജ് ഉപരിപഠനത്തിനുള്ള സൗകര്യം വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്നു. 

നടത്തം വേഗം തന്നെ അവസാനിപ്പിച്ചു വന്നു. ഇനി തിംഫുവിനോടു വിടപറയാന്‍ അധികസമയമില്ല. തയാറെടുപ്പുകള്‍ എല്ലാം കഴിഞ്ഞ് റിസപ്ഷനില്‍ എത്തിയപ്പോള്‍ പ്രഭാതഭക്ഷണവും പാഴ്സലും ഒക്കെ തയാറാക്കി വെച്ചിരുന്നു. മൂന്നു ദിവസം, കുടുംബത്തിലെത്തിയ പ്രിയപ്പെട്ട അതിഥികളെപ്പോലെ വേണ്ടത്ര സ്നേഹം തന്ന ഹോട്ടലുടമയോടും ഭാര്യയോടും മറ്റംഗങ്ങളോടും നനവൂറും മിഴികളോടെ യാത്ര പറഞ്ഞിറങ്ങി, വീണ്ടും കണ്ടുമുട്ടാമെന്ന അര്‍ത്ഥശൂന്യമായ വാക്കുകളോടെ. അവരുടെ കുസൃതിക്കുട്ടന്‍ അപ്പോഴും ഉറക്കം ഉണര്‍ന്നിരുന്നില്ല. സൈകത് തിരക്കു കൂട്ടുന്നുമുണ്ട്. തിംഫുവിലെ സുന്ദരമായ റോഡിലൂടെ, വോങ്ങ് നദി പിന്നിട്ട് , കടും ചുവപ്പു റോസപ്പൂക്കള്‍ പൂക്കാലം വിരിയിച്ചു നില്‍ക്കുന്ന വഴിയോരങ്ങള്‍ പിന്നിട്ട ഞങ്ങള്‍ തിംഫുവില്‍ നിന്ന് അകന്നു പൊയ്കൊണ്ടിരുന്നു. അപ്പോഴും മലമുകളിലെ ബുദ്ധന്റെ ശാന്തമായ കണ്ണുകള്‍ ഞങ്ങള്‍ക്കു നേരേ നീളുന്നതുപോലെ.....

55 കിലോമീറ്റര്‍ സഞ്ചരിക്കണം പാരോയിലെത്താന്‍.മേഘങ്ങളെ മുട്ടിയുരുമ്മിനില്‍ക്കുന്ന മലകളുടെ അരയിലെ കറുത്ത ചരടുപോലെ പാത നീണ്ടു കിടക്കുന്നുണ്ട്. ഇരുവശവും ഇടതിങ്ങിയ വനത്തിന്റെ പലഭാഗത്തും വെള്ലനിറത്തിലെ പൂവുള്ല വള്ളിറോസകള്‍ മരങ്ങളില്‍ പടര്‍ന്നു കയറി പൂക്കൂട മറിച്ചിട്ടിരിക്കുന്നു.
പിന്നെയും പലവര്‍ണ്ണപ്പൂവുകള്‍  വേറെ.. മേലേ വിരിച്ച മഞ്ഞിന്‍ പുതപ്പിന് കനം കൂടിയും കുറഞ്ഞും ഇരിക്കും. ഇടയ്ക്കിടെ ചില വീടുകളോ മൊണാസ്ട്രികളോ കാണാം. താഴവാരങ്ങളില്‍ ഒഴുകുന്ന നദിയും നദിക്കിരുപുറവും കൃഷിയിടങ്ങളും. മൊണാസ്ട്രികളൊക്കെ മലമുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. താഴ്വരയില്‍ വേണ്ടത്ര   സ്ഥലമുള്ളപ്പോള്‍ എന്തിനാണ് ഈ മൊണാസ്ട്രികള്‍ ഇങ്ങനെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള മലമുകളില്‍ കൊണ്ടുപോയി നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഓര്‍ത്തുപോയി. ഇടയില്‍ ചില ചെറിയ ഗ്രാമങ്ങള്‍ കടന്നു പോയി. ഒന്‍പതരയായി ഞങ്ങള്‍ പാരോയിലെത്തിയപ്പോള്‍. പാരോയിലെ പ്രസിദ്ധമായ ടൈഗര്‍ നെസ്ട് സന്ദര്‍ശിക്കുകയാണ് ആദ്യ ലക്ഷ്യം. ഹോട്ടലില്‍ പോകേണ്ട എന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും അവിടെയെത്തിയപ്പോള്‍ ലഗ്ഗേജ് വെച്ചിട്ടു പോകാമെന്നായി. 

പാരോയിലെ സിറ്റി ഹോട്ടലില്‍ ആണ് ഞങ്ങള്‍ക്കുള്ള താമസം തരപ്പെടുത്തിയിരിക്കുന്നത്. പാരോ ശ്ഷ്ചൂ നദിക്കരയില്‍ ആധുനിക സൗകര്യങ്ങളൊക്കെയുള്ള ഹോട്ടലാണ്. വൃത്തിയും വെടിപ്പുമുള്ള മനോഹരമായ മുറികള്‍. നാലാം നിലയിലുള്ള മുറിയുടെ ജാലകത്തിലൂടെ പാരോ നദിയും അകലെയുള്ല മൊണാസ്ട്രിയും പാരമ്പര്യം വിളിച്ചോതുന്ന കെട്ടിടങ്ങള്‍ നിരനിരയായി കാവല്‍ നില്‍ക്കുന്ന തെരുവും ഒക്കെ ചേര്‍ന്നൊരു ദൃശ്യവിരുന്ന്. ഹോട്ടലില്‍ വന്നത് എന്തായാലും നന്നായി എന്നു തോന്നി മാനേജരോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍. ടൈഗര്‍ നെസ്റ്റിനെക്കുറിച്ച് ഒരു ചെറിയ വിവരണം തന്നു. അതു വളരെ ഉയരത്തിലുള്ളൊരു മൊണാസ്ട്രിയാണ്. കുതിരപ്പുറത്ത് മലകയറാമെന്നായിരുന്നു സൈകത് പറഞ്ഞത്. പക്ഷേ ഹോട്ടല്‍ മാനേജര്‍ മുന്നറിയിപ്പു തന്നു യാതൊരു കാരണവശാലാലും കുതിരയെ ആശ്രയിക്കരുത്, നടന്നേ പോകാവൂ എന്ന്. വളരെ ദുര്‍ഘടമായ വഴിയും, പിന്നെ കുതിരകളെ നിയന്ത്രിക്കാനാകട്ടെ  കൂടെ ആരുമുണ്ടാവുകയുമില്ല. അതിനാല്‍ അപകടസാധ്യതയേറെ. സമയം കുറച്ചധികമെടുത്താലും നടന്നു പോകുന്നത് എന്തുകൊണ്ടും സുരക്ഷിതമത്രേ. അപ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമുണ്ടാകാം എന്നും സൂചന തന്നു. ഒരാഴ്ചമുമ്പ് തായ്ലന്‍ഡില്‍ വന്ന ഒരു ടൂറിസ്റ്റ് താഴേയ്ക്കു എത്തിനോക്കിയപ്പോള്‍ കാല്‍ വഴുതി വീണിട്ട് പിന്നെ എന്തു സംഭവിച്ചു എന്നുപോലും ആര്‍ക്കും അറിയില്ലത്രേ..

ഹോട്ടലില്‍ നിന്ന് ഏതാനും കിലോമീറ്ററേയുള്ളു മലയുടെ താഴ്വാരത്തെത്താന്‍. തിംഫു വളരെ ഇടുങ്ങിയ ഒരു ജനാവാസ പ്രദേശമായിരുന്നു. ഭൂട്ടാനിലെ ഏറ്റവും വലിയ പട്ടണവും . പക്ഷേ പാരോ വളരെ വിസ്തൃതമായൊരു താഴ്വരയാണെങ്കിലും ഇവിടെ ജനസംഖ്യ കുറവാണെന്നു മാത്രമല്ല, ഒരു പട്ടണമാണെന്നു കൂടി തോന്നുകയില്ല. ശാന്തമായൊരു ഗ്രാമപ്രദേശത്തിന്റെ എല്ലാ ഭാവഹാവാദികളും ഉണ്ടിവിടെ. അതിനെ ഹനിക്കുന്ന ഒരേയൊരുഘടകം പാരോ വിമാനത്താവളമാണ്.
 അതാകട്ടെ പ്രധാന പട്ടണഭാഗത്തു നിന്നും നാലഞ്ചു കിലോമീറ്റര്‍ അകലെയായാണ്. പാരോ നദിയുടെ ഇരുകരകളിലായി വ്യാപിച്ചു കിടക്കുന്ന ഒരുപാടു കൃഷിസ്ഥങ്ങളില്‍ പരന്നു കിടക്കുന്ന നെല്‍വയലുകള്‍ നമ്മുടെ മലയാളക്കരയുടെ ഒരു പരിഛേദമായി തോന്നും. പീലിവീശി നില്‍ക്കുന്ന തെങ്ങുകളുടെ നിര  ഇല്ല എന്നു മാത്രം. 
അതിനതിരിട്ടു നില്‍ക്കുന്ന വരമ്പിടങ്ങളില്‍ ആപ്പിള്‍ മരങ്ങളും പിയറും പീച്ചും ഓറഞ്ചും ഒക്കെയുണ്ട്.
ഇടയ്ക്ക് കാബേജും ബ്രോക്കലിയും കോളിഫ്ലവറും ബീന്‍സും മുളകും ഗ്രീന്‍പീസും ഒക്കെ വിളഞ്ഞു നില്‍ക്കുന്ന ചെറിയ ചെറിയ പച്ചക്കറിത്തോട്ടങ്ങളും ഉണ്ടാകും. നെല്‍വയലുകളില്‍ പലയിടത്തും ഞാറു നടുന്നതേയുള്ളു. 


പത്തു മണി കഴിഞ്ഞിരുന്നു കാറില്‍ പുറപ്പെടുമ്പോള്‍ തന്നെ. . വെയിലിനു നല്ല ചൂടുണ്ട്. ഭൂട്ടാനിലെ വെയിലിനെ വിശ്വസിക്കാന്‍ കഴിയില്ല. എത്ര തെളിഞ്ഞു നിന്നാലും പെട്ടെന്നാകും പ്രകൃതിക്കു മാറ്റം വരുന്നത്. അകാരണമായി അവള്‍ മുഖം കറുപ്പിക്കും. മഴ കോരിച്ചൊരിയുന്നതും വളരെ പെട്ടെന്നാവും. ഞങ്ങള്‍ മലയടിവാരത്തെത്തുമ്പോള്‍ കുതിരക്കാരുമായി ഒരുപാടു സ്ത്രീകള്‍ അവിടെയുണ്ട്. 600 രൂപയാണ് കുതിരയ്ക്ക്. പക്ഷേ പാതിവഴി മാത്രമേ കുതിരയ്ക്കു വരാന്‍ കഴിയൂ.
പിന്നീടുള്ല യാത്ര നടന്നു തന്നെ പോകണം,. പലപ്പോഴും കുതിരകള്‍ ബഹിളിപിടിച്ചോടും . യാത്രക്കാര്‍ കുതിരപ്പുറത്തുനിന്നു വീഴുന്നത് അതുകൊണ്ടു തന്നെ സാധാരണ സംഭവവും  ആണ്. ഞങ്ങള്‍ക്കാര്‍ക്കും കുതിരപ്പുറത്തു പോകാന്‍ താല്പര്യമുണ്ടായിരുന്നില്ല. കുതിരകളുടെ കൂടെയുള്ല സ്ത്രീകളും ചില കൗതുകവസ്തുക്കള്‍ വില്‍ക്കുന്ന സ്ത്രീകളും നിരന്നിരിക്കുന്നയിടം കഴിഞ്ഞാല്‍ പിന്നെ കൊടും വനത്തിലേയ്ക്കു കടക്കുകയായി. ഇനിയുള്ള യാത്ര ഇടതിങ്ങി വളരുന്ന വൈവിധ്യമാര്‍ന്ന സസ്യജാലങ്ങള്‍ക്കിടയിലൂടെയുള്ല വനപാതയിലൂടെയാണ്. പലപ്പോഴും ആകാശത്തിലേയ്ക്കു കയറുന്ന ഗോവണിപോലെ കുത്തനെയുള്ലതുമാണ്. 


ഞങ്ങള്‍ വളരെ വൈകിപ്പോയി എന്ന് എതിരെ വന്ന ഒരു യാത്രികന്‍ പറഞ്ഞു. ശരിയായിരുന്നു അത്. വെയിലിനു കാഠിന്യമേറും മുന്‍പ് മലകയറ്റം തുടങ്ങണം. കഴിയുന്നതും അതിരാവിലെ തന്നെ . അപ്പോള്‍ അധികം ബുദ്ധിമുട്ടില്ലാതെ മുകളിലെത്താന്‍ കഴിയും . വെയിലിന്റെ ചൂടില്‍ വളരെ വേഗം നമ്മള്‍ ക്ഷീണിതരാകും. ഇത് മുകളിലേയ്ക്കുള്ള യാത്രയുടെ വേഗതെ വല്ലതെ കുറയ്ക്കും. വിയര്‍ക്കുന്നതുകൊണ്ടു കൂടുതല്‍ വെള്ലം കുടിക്കേണ്ടിവരുന്നതും ബുദ്ധിമുട്ടാകും. വനാന്തര്‍ഭാഗത്തേയ്ക്കു കടക്കും മുന്നേ ഒരു നീര്‍ച്ചാലൊഴുകി വരുന്നതില്‍ നിന്നു വെള്ലം കുടിക്കുകയും വേണമെങ്കില്‍ കുപ്പിയില്‍ നിറച്ചു കൊണ്ടുപോവുകയും ചെയ്യാം . വനത്തിനുള്ളില്‍ നിന്നെവിടെനിന്നോ വരുന്നാ ഉറവയാണ്, ഒരുപാടൗഷധമൂല്യമുള്ല കുളിര്‍ജലം. ആ കുളിര്‍ത്തണ്ണീര്‍കുടിച്ചപ്പോള്‍ കൈവന്ന ഉന്‍മേഷവും ഊര്‍ജ്ജവുമായി ഞങ്ങളുടെ മലകയറ്റം ആരംഭിച്ചു. ആ വിശേഷങ്ങള്‍ പിന്നാലെ... 






Monday, July 20, 2015

എന്തേ....

ഇന്നെന്നെ തഴുകിത്തലോടി-
യുണര്‍ത്തുവാന്‍ 
എന്തേ മറന്നെന്റെ  
പൊന്നിളം കാറ്റേ
നിന്റെ സ്നേഹോര്‍ജ്ജമാം 
സുപ്രഭാതാശംസ
എന്റെയീപ്പുലരിയില്‍ 
വന്നതില്ലെന്തേ..
ഇടവേളയില്ലാതെ 
പെയ്തൊഴിഞ്ഞീടുമീ
കാലവര്‍ഷത്തിന്‍ 
പുതപ്പിന്നടിയിലായ്
നീ വീണുറങ്ങിയോ, 
കുളിരുമ്മ വെയ്ക്കും
കിനാവിന്റെ തല്പത്തിലൊരു 
പൈതലേപ്പോല്‍
മറന്നതെന്തേ നിന്റെ 
ഹൃദയം നിറയ്ക്കുവാന്‍
തിരമാലയുയരുമെന്‍ 
സ്നേഹമാം കടലിനെ

കാതോര്‍ത്തിരിക്കാം
ഒരു കുയില്‍പ്പാട്ടിനായ്
കനിവെഴാപ്പേമാരി
പെയ്തൊഴിയുവോളം
പിന്നെയീ മാകന്ദ-
വാടിയില്‍ വാസന്ത
മന്ദഹാസം വരും
കോകിലഗാനവും...

ശുഭദിനം പ്രിയരേ..

മിനി മോഹനന്‍ 
ഒരു ശംഖിനുള്ലില്‍ 
ആഴി അല തല്ലുമ്പോള്‍
എന്തിനായ് തിരയണം 
ആഴിയില്‍ ശംഖിനെ!

Saturday, July 18, 2015

ഭൂട്ടാനിലേയ്ക്കൊരു സ്വപ്നയാത്ര - 8

കടലാസുവീടും രാജകൊട്ടാരവും.

തിംഫുവില്‍ വ്യവസായശാലകള്‍ ഒന്നും തന്നെ ഇല്ല. പരമ്പരാഗത വസ്ത്രനിര്‍മ്മാണത്തിനുള്ള ചെറിയ യൂണിറ്റുകള്‍ കഴിഞ്ഞാല്‍ പിന്നെ ആകെയുള്ളത് ജുംങ്ങ്ഷി  ഹാന്‍ഡ്മെയ്ഡ് പേപ്പര്‍ ഫാക്ടറി ആണ്.( ജുംങ്ങ്ഷി എന്ന വാക്കിനര്‍ത്ഥം പ്രകൃതിദത്തം ) 
കടലാസു നിര്‍മ്മാണം വളരെ പുരാതനവും ഭൂട്ടാന്റെ സംസ്കാരത്തിന്റെ തന്നെ ഭാഗവും ആണ്. പഴയകാലത്ത് കടലാസ് നിര്‍മ്മിച്ചിരുന്നത് ബുദ്ധവിഹാരങ്ങളില്‍ ഹസ്തലിഖിതങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥനകളും മന്ത്രങ്ങളും  എഴുതി വിതരണം ചെയ്യുന്നതിനു വേണ്ടിയുംആയിരുന്നു. ഇന്ന് ഇതിനു വലിയ ഉപയോഗമില്ലെങ്കിലും പൗരാണികമായൊരു പാരമ്പര്യവ്യവസായത്തെ അന്യം നിന്നു പോകാതിരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് ഈ വ്യവസായ ശാല.
തുടക്കമിട്ടത് ഭൂട്ടാന്‍ ഭരണകൂടമാണെങ്കിലും പിന്നീടത് സ്വകാര്യവത്കരിക്കുകയായിരുന്നു. ജപ്പാനില്‍ നിന്നു പ്രത്യേകപരിശീലനം കിട്ടിയ നോര്‍ബു ടെന്‍സിന്‍ എന്നയാളിന്റെ നേതൃത്വത്തിലാണിതു നടത്തിവരുന്നത്. ഗ്രീടിംഗ് കാര്‍ഡുണ്ടാക്കാനും പേപ്പര്‍ ബാഗുണ്ടാക്കാനും  ചിത്രരചനയ്ക്കും ഒക്കെ ഇതുപയോഗിക്കുന്നു. 

വ്യവസായശാല എന്നൊക്കെ പറയാന്‍ ഏക്കറുകണക്കിനു വിസ്തൃതമായൊരു പ്രദേശത്തെ കെട്ടിടസമുച്ചയങ്ങളും ഒടി നടന്നു ജോലിചെയ്യുന്ന ആള്‍ക്കാരും യന്ത്രങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും ഒന്നുമില്ല. സാമാന്യം വലുപ്പമുള്ള ഒരു  മുറിയില്‍ എന്തൊക്കെയോ ചില ഉപകരണങ്ങള്‍.
ഏതാനും പേര്‍ ഏകാഗ്രതയോടെ അവരവരുടെ ജോലി ചെയ്യുന്നു. ഇവിടുത്തെ കടലാസ് നിര്‍മ്മാണം തികച്ചും പ്രകൃതിദത്തമായ വസ്തുക്കള്‍ മാത്രമുപയോഗിച്ചാണ്. പാരിസ്ഥിതികപ്രശ്നങ്ങള്‍ ഒന്നുമുണ്ടാക്കുന്നുമില്ല. ചെമ്പരത്തിവര്‍ഗ്ഗത്തില്‍ പെട്ട ഒരു ചെടിയുടെ തൊലിയാണ് പ്രധാന അസംസ്കൃതവസ്തു. ( പക്ഷേ പൂക്കളും ചുവന്നു തുടുത്ത കായ്കളുമൊക്കെ കണ്ടപ്പോള്‍ എനിക്ക് ചെത്തിയോടാണു കൂടുതല്‍ സാമ്യം തോന്നിയത്. ) ചെമ്പകം പോലെയുള്ള വേറെ ഒരു മരത്തിന്റെയും തൊലി ഉപയോഗിക്കുന്നുണ്ട് കൂടുതല്‍ വെണ്മയുള്ല കടലാസിനായി.
ശേഖരിച്ച തൊലികള്‍ 24 വെള്ലത്തിലിട്ടു കുതിര്‍ക്കുകയാണ് ആദ്യ പടി. പിന്നീട് അതു നന്നായി തിളപ്പിച്ച് ,  കഴുകി അഴുക്കുകള്‍ കളഞ്ഞു വൃത്തിയാക്കി നാരുകള്‍ വേര്‍പെടുത്തിയെടുക്കുന്നു. അത് ഒരു ക്രഷറില്‍ ഇട്ട് ചതച്ച് പള്‍പ്പാക്കിയെടുക്കുന്നു. അത് ഒരു വലിയ തൊട്ടിയില്‍ വെള്ലവും  ചെമ്പരത്തിച്ചെടിയുടെ വേരില്‍ നിന്നു തയാറാക്കുന്ന മരപ്പശയുമായി ചേര്‍ത്ത് നന്നായി യോജിപ്പിക്കും . പിന്നീട് 3 ft x 4 ft  ഫ്രെയ്മിലുള്ള ഒരു മുള അരിപ്പയിലൂടെ തേച്ച് നേര്‍ത്ത ഷീറ്റുകളാക്കി അത് ചൂടാക്കിയിട്ടിരിക്കുന്ന ഒരു ബോര്‍ഡില്‍ ഒട്ടിച്ചു വെച്ച് വെള്ലം തോര്‍ന്ന് നന്നായി ഉണങ്ങിയ ശേഷം എടുത്തുമാറ്റുന്നു. അത് അരികു മുറിച്ച് നല്ല ആകൃതിയില്‍ എടുത്ത് ഉപയോഗിക്കുന്നു.
ഇങ്ങനെ ഒരു ഷീറ്റ് അതിന്റെ രൂപത്തില്‍ കിട്ടാന്‍ 3 ദിവസമെടുക്കും. അതുകൊണ്ടു തന്നെ സാധാരണപേപ്പറിനേക്കാള്‍ വളരെ വിലകൂടുതലുമാണിതിന് .

ഈ ഫാക്ടറിയോടു ചേര്‍ന്നൊരു പ്രദര്‍ശനശാലയും ഉണ്ട്. ഇങ്ങനെയുണ്ടാക്കിയ വിവിധ തരത്തിലെയും വലുപ്പത്തിലെയും പേപ്പറും അവയിലെ ചിത്രങ്ങളും ഗ്രീടിംഗ് കാര്‍ഡും ഡയറിയും ഒക്കെ വില്‍പനയ്ക്കായും വെച്ചിട്ടുണ്ട്.
കാഴ്ചയ്ക്കും ഗുണമേന്മയ്ക്കും അത്ര മികവൊന്നും ഇല്ലെന്നു തോന്നുമെങ്കിലും ഇതു അങ്ങേയറ്റം പ്രകൃതിദത്തമാണെന്നതാണ് ഏറ്റവും വലിയ മഹത്വം. 

പേപ്പറിന്റെ നിര്‍മ്മാണരഹസ്യങ്ങളൊക്കെ അറിഞ്ഞ ശേഷം ഞങ്ങള്‍ പോയത് ഭൂട്ടാനിലെ രാജകൊട്ടാരത്തിലേയ്ക്കാണ്.
അവിടെ 5 മണിക്ക് പതാക താഴ്ത്തുന്ന ഒരു ചടങ്ങുണ്ട്. അത് കൊട്ടാരവേലിക്കെട്ടിന് (?) പുറത്തു നിന്നു നമുക്കും കാണാം. അഞ്ചരയ്ക്കു ശേഷം കോട്ടാരത്തിനകത്തു പ്രവേശനമുണ്ട് .
5 മണിക്കു മുന്‍പ് അവിടെ എത്താനായി അല്‍പം തിടുക്കത്തില്‍ തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ല കല്ലുപാകിയ പാതയിലൂടെ സൈകത് വണ്ടിയോടിച്ചു പോയി. പാര്‍ക്കിംഗ് ഏരിയായില്‍ ഒരുപാടു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. ചടങ്ങുകാണാനെത്തിയവരുടെ ആധിക്യമാണ് അതു വ്യക്തമാക്കുന്നത്. 

ഡെച്ചെന്‍ചോലിംഗ് കൊട്ടാരം എന്നാണ് ഭൂട്ടാന്‍ രാജഹര്‍മ്യം അറിയപ്പെടുന്നത്. 1953 ല്‍ ആണ് കൊട്ടാരം പണികഴിപ്പിച്ചത്. മൂന്നാമത്തെ രാജാവായിരുന്ന ഡ്രുക്ക് ഗ്യാല്പോ ജിഗ്മേ ഡോര്‍ജി വാംങ്ങ്ചുക്കിന്റെ കിരീടധാരണത്തിനു ശേഷമാണ് ഇതു നിര്‍മ്മിച്ചത്.
ഈ രാജഗൃഹത്തിലാണ് നാലാമത്തെ രാജാവായിരുന്ന സിംഗ്യേജിഗ്മേ വാംങ്ങ്ചുക്ക് ജനിച്ചത്. വളരെ വര്‍ഷങ്ങളായി രാജാവും കുടുംബാംഗങ്ങളും ബന്ധുക്കളും ഈ കൊട്ടാരത്തിലയിരുന്നു വസിച്ചിരുന്നത്. ഇപ്പോള്‍ഇവിടെ ഓഫീസുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ആഘോഷാവസരങ്ങളില്‍ കലാരൂപങ്ങള്‍ അരങ്ങേറാനുള്ല വേദിയും കൂടിയാണ് ഈ വിശാലമായ കൊട്ടാരാങ്കണം.   ഇപ്പോഴത്തെ രാജാവ് അല്‍പം മാറിയുള്ള   താരതമ്യേന  ചെറിയൊരു വസതിയിലാണു താമസം.  

വില്ലോ മരങ്ങളും ചിനാര്‍ മരങ്ങളും അതിരിട്ടു നില്‍ക്കുന്ന വിശാലമായ പുല്‍ത്തകിടിയും ആമ്പല്‍ക്കുളങ്ങളും ആയിരിക്കണക്കിനു വിവിധവര്‍ണ്ണത്തിലുള്ല പനിനീര്‍പ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ഉദ്യാനവും ഉള്ള വലിയ ഒരു കോമ്പൗണ്ടിനുള്ളില്‍ ആണ് തലയെടുപ്പോടെ നില്‍ക്കുന്ന പ്രൗഢമായ ഈ കൊട്ടാരം.
മൂന്നു നിലകളിലായാണ് ഇതിന്റെ നിര്‍മ്മിതി.മുകളിലെ മകുടങ്ങളുടെയൊക്കെ നിര്‍മ്മാണഘടന ഒന്നാണെങ്കിലും ശില്‍പരൂപങ്ങള്‍ വൈവിധ്യമാര്‍ന്നവയാനെന്ന് ബൈനോക്കുലര്‍ കാട്ടിത്തരും.   കൊട്ടാരത്തിന്റെയും അതിനുള്ളിലെ ഉപകരണങ്ങളും എല്ലാം തികച്ചും പാരമ്പര്യരീതിയിലാണു നില്‍മ്മിച്ചിരിക്കുന്നത്.  കൊട്ടാരത്തിനു പുറത്തെ കമ്പിവേലിക്കിപ്പുറത്താണു കാഴ്ചക്കാരൊക്കെ കൂടിനില്‍ക്കുന്നത്.
കൊട്ടാരത്തിന്റെ അങ്കണത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഉയരമുള്ള കൊടിമരത്തില്‍ പാറിക്കളിക്കുന്ന വലിയ ദേശീയപതാക. ഒരു ചതുരത്തെ ഓറഞ്ചും മഞ്ഞയുമായി വികര്‍ണ്ണം വേര്‍തിരിക്കുന്നു. അതില്‍ ആലേഖനം ചെയ്തിരിക്കുന്ന വ്യാളീ രൂപം. എന്നും രാവിലെ ഔദ്യോഗിക നടപടികളുടെ ആരംഭമായി പതാക ഉയര്‍ത്തല്‍ ചടങ്ങുണ്ടാകും. വൈകുന്നേരം താഴ്ത്തുകയും ചെയ്യും.
എല്ലാവരും അക്ഷമരായി കാത്തുനില്‍ക്കേ കൃത്യസമയത്തു തന്നെ സൈനികരുടെ ഒരു ചെറിയ നിര മാര്‍ച്ചു ചെയ്തുവന്ന് എല്ലാവിധ ആദരവുകളോടെയും ചടങ്ങു നിര്‍വ്വഹിച്ച് പതാകയുമായി മടങ്ങിപ്പോവുകയും ചെയ്തു. അതിനു ശേഷം മാത്രമേ കൊട്ടാരത്തിലേയ്ക്കു കടക്കാന്‍ അനുവാദമുള്ലു.
അവിടെ കാത്തു നില്‍ക്കുന്നതിനിടയില്‍ തദ്ദേശിയരായ ചിലരോടു പരിചയം കൂടാനും ഒപ്പം നിന്നു ഫോട്ടോ എടുക്കാനും കഴിഞ്ഞു. 


കൊട്ടാരത്തിനുള്ളിലേയ്ക്കു പ്രവേശിക്കുന്നതിനു മുന്‍പ് കര്‍ശനമായ പരിശോധനയുണ്ട്. അതിനു ശേഷം ഓരോ നിലകളിലേയും കാഴ്ചകള്‍ കാണാനാവും .തീപ്പെട്ട രാജമാതാവ് ഗായും ഫുണ്ട്ഷോ ഈ കൊട്ടാരത്തില്‍ വളരെക്കാലം താമസിച്ചിരുന്നതാണ്. അക്കാലങ്ങളില്‍ ചിത്രങ്ങളാലും ശില്‍പങ്ങളാലും ഒക്കെ വൈവിധ്യമാര്‍ന്ന മെഴുകുതിരിക്കാലുകളും ഒക്കെയുള്ള മനോഹരമായൊരു പ്രാര്‍ത്ഥനാലയവും ഒരുക്കിയിരുന്നു.
കൊട്ടാരത്തിന്റെ ഏറ്റവും മുകളിലത്തെ നില 
അവരുടെ ആഗ്രഹപ്രകാരം പരമ്പരാഗത വസ്ത്രനിര്‍മ്മാണം നടത്താന്‍ ചെറിയൊരു കേന്ദ്രവും അവിടെ തന്നെ തുറന്നു പ്രവര്‍ത്തിച്ചു.  വിദേശരാഷ്ട്രങ്ങളുമായുള്ള ചര്‍ച്ചകളില്‍ പ്രതിനിധികള്‍ വന്നെത്തേണ്ടത് ഈ കൊട്ടാരത്തിലായിരുന്നതിനാലും തിംഫുവില്‍ വിമാനത്താവളം ഇല്ലാത്തതിനാലും ഇവിടെ ഒരു ഹെലിപ്പാഡും സജ്ജീകരിച്ചിരുന്നു. 

1957ല്‍ അന്നത്തെ രാജാവായിരുന്ന് ഡ്രുക്ക് ഗ്യാല്പോ ജിഗ്മേ വാങ്ങ്ചുക്ക് അവിടെയുള്ല മൊണാസ്ട്രിയിലെ കുട്ടികളെ ഥാങ്കാ എംബ്രോയിഡറി പരിശീലിപ്പിക്കുന്നതിനായി ലാം ഡര്‍ലോപ് ഡോര്‍ജി എന്ന വിദഗ്ദ്ധന്റെ മേല്‍നോട്ടത്തില്‍ ഒരു പഠനകേന്ദ്രം തന്നെ ആരംഭിച്ചു.
ഇവിടെ നിര്മ്മിക്കുന്ന ഥാങ്കാ ചിത്രങ്ങള്‍ ലോകപ്രസിദ്ധമാണ്. ഇവ പട്ടുതുണിയിലോ പരുത്തിത്തുണിയിലോ ആണു ചെയ്യുന്നത്. അതി സൂക്ഷ്മമായ ആലേഖനരീതിയാണിതില്‍.
സാധാരനരീതിയില്‍ ഫ്രെയിം ചെയ്തു വെയ്ക്കാറില്ല. ചുരുട്ടിയെടുത്താണ് വെയ്ക്കുന്നത്. ബുദ്ധമതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചിത്രങ്ങള്‍ക്കു നിദാനം. ചെറുതു മുതല്‍ വളരെ വലിയ ചിത്രങ്ങള്‍ വരെ ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. 

( ഈ ചിത്രത്തിന്റെ വില ഏഴരലക്ഷം രൂപയ്ക്കു മുകളിലാണ് )

തനതായ ഭൂട്ടാന്‍ വാസ്തുകലയുടെ സൗന്ദര്യത്തിന്റേയും ഗാംഭീര്യത്തിന്റേയും ഒരു പരിഛേദം തന്നെയാണ് ഈ കൊട്ടാരക്കെട്ട്.
ഏറ്റവും മുകളിലെ നിലയിലും അതിശയിപ്പിക്കുന്ന രീതിയില്‍ തയാറാക്കിയിരിക്കുന്ന പനിനീര്‍പ്പൂക്കളുടെ ഉദ്യാനവും മരങ്ങളും ഒക്കെയുണ്ട്.
കാഴ്ചകള്‍ ഒക്കെ കണ്ടുകണ്ടു സമയം  പോയതറിഞ്ഞതേയില്ല. മടക്കയാത്രയില്‍ തിംഫുവിന്റെ തിരക്കൊട്ടുമില്ലാത്ത തെരുവുകള്‍ ശാന്തമായൊഴുകുന്നൊരു നദിപോലെ.. ഇടയ്ക്ക് കഴുകാന്‍ കൊടുത്തിരുന്ന വസ്ത്രം മടക്കി വാങ്ങി. ബില്ലു കണ്ട് അലപം വലുതായി തന്നെ ഒന്നു ഞെട്ടി 560 രൂപ. പിന്നെ .. ഒരു പൊട്ടിച്ചിരിയായി അതവസാനിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ..ചിരിക്കിടയില്‍ ഹോട്ടലിലെത്തിയത് അറിഞ്ഞതേയില്ല. ഇത് തിംഫുവിലെ അവസാന രാവാണ്. ഹോട്ടലിലെത്തി ബില്ല് റെഡിയാക്കാന്‍ പറയണം റിസപ്ഷനില്‍ എത്തിയപ്പോള്‍ ഏതോ ഭൂട്ടാനീസ് ഗാനം കേള്‍ക്കുന്നു. നമ്മുടെ ഏതോ കൃഷ്ണഗാനം കേള്‍ക്കുമ്പോലെ മധുരമായ ശബ്ദവും അതിലോലമായ ഈണവും. 
പുലര്‍ച്ചെ തന്നെ പാരോയിലേയ്ക്കു യാത്രയാവണം. പക്ഷേ ഭക്ഷണം കൂടെ കരുതണമെന്ന് സൈകത് പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു. ഏഴരയ്ക്കേ അവിടെ റെസ്ടൊറന്റ് തുറക്കൂ. എട്ടുമണിക്ക് പാഴ്സല്‍ റെഡിയാക്കാമെന്നു റിസപ്ഷനില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടി ഉറപ്പു തന്നു. രാത്രി ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് ഞങ്ങള്‍ മുറിയിലേയ്ക്കു പോയി. കുളിച്ചു വരുമ്പോഴേയ്ക്കും എല്ലാം തയാറായിരിക്കും. 

Tuesday, July 14, 2015

സോല്‍ക്കഢി ( सोलकढी )

സോല്‍ക്കഢി

(  ഇന്നലെ ഹരിശ്രീയില്‍ നടത്തിയ  ക്വിസ്സ് പ്രോഗ്രാമില്‍ വന്ന തര്‍ക്കമാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. )
.
നമുക്കു മലയാളികള്‍ക്ക് ഇതത്ര സുപരിചിതമായ പേരല്ലെങ്കിലും  ഗോവയിലും മഹാരാഷ്ട്രയിലുള്ളവര്‍ക്കും- പ്രത്യേകിച്ച് കൊങ്കണ്‍, മുംബൈ നിവാസികള്‍ക്ക്- ചെറുപുളിരസമുള്ള ഭംഗിയുള്ള നേര്‍ത്ത പിങ്കു നിറത്തിലുള്ള ഈ പാനീയം വളരെ പ്രിയപ്പെട്ടതാണ്. സാധാരണയായി സസ്യേതരഭക്ഷണത്തോടൊപ്പമാണ്- പ്രത്യേകിച്ച് മത്സ്യവിഭവങ്ങള്‍ ധാരാളമായി കഴിക്കുമ്പോള്‍- സോല്‍ക്കഢി കഴിക്കുന്നത്. സംഭാരം പോലെ തണുപ്പു ലഭിക്കുന്നതിനും ഇതു കുടിക്കുന്നതു നല്ലതാണ്. പലപ്പോഴും കൊങ്ക്ണ്‍ വഴി ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ ചായയും കാപ്പിയും  സംഭാരവും ഒക്കെ പോലെ സോല്‍ക്കഢിയും വില്‍പ്പനയ്ക്കെത്താറുള്ളത് ഓര്‍ത്തുപോകുന്നു.


തേങ്ങാപ്പാലും കോക്കം സത്തുമാണ് സോല്‍ക്കഢി എന്ന പാനീയം തയ്യാറാക്കാനുള്ള പ്രധാന ചേരുവകള്‍. കോക്കം എന്നത് നമ്മള്‍ കുടം പുളി ഉപയോഗിക്കുന്നതിനു പകരമായി കൊങ്കണിലെ പാചകരീതികളില്‍ ഉപയോഗിക്കുന്ന പുളിയുള്ളൊരു കായയാണ്. മാംഗുസ്റ്റിന്‍ ഇനത്തില്‍ പെട്ട ഒരു മരത്തിന്റെ പഴമാണ് കോക്കം.
പഴുത്ത പ്ലം പോലെ കണ്ടാല്‍ തോന്നും രത്നഗിരി , മാല്‍വാന്‍ ഭാഗത്തൊക്കെ ഈ വൃക്ഷം സര്‍വ്വസാധാരണമായി കാണുന്നു.  മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്നത് ഉണങ്ങിയ കോക്കമാണ്. കറുത്ത നിറത്തില്‍ ആണെങ്കിലും വെള്ലത്തില്‍ കുതിര്‍ത്തു സത്തെടുത്താല്‍ കടും വൈലറ്റു നിറമായിരിക്കും.
സിറപ്പു മാത്രമായും ജാറിലും കുപ്പികളിലും ഒക്കെ വാങ്ങാന്‍ ലഭിക്കും. (ചിലത് പഞ്ചസ്സാര ചേര്‍ത്തതായിരിക്കും. അതില്‍ ആവശ്യത്തിനു തണുത്ത വെള്ളം ചേര്‍ത്താല്‍ നല്ലൊരു മധുരപാനീയമായി ഉപയോഗിക്കാം. നിറവു മണവും കൃത്രിമമായി  ചേര്‍ത്തു ലഭിക്കുന്ന  പാനീയങ്ങളേക്കാള്‍ വളരെയധികം ഗുണമേന്മയുള്ലതാണിത്.  )


ഒരു ഗ്ലാസ്സ് സോല്‍ക്കഢി തയ്യാറാക്കാന്‍ തേങ്ങ ചുരണ്ടിയത് ഒരു കപ്പെടുത്ത് വെള്ലം ചേര്‍ത്ത് മിക്സിയിലടിച്ചോ മറ്റൊ നന്നായി പാല്‍ പിഴിഞ്ഞെടുക്കുക. പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും ഒക്കെ ഇതോടൊപ്പം സ്വാദ് ഇഷ്ടമുള്ളവര്‍ക്കു കുറഞ്ഞ അളവില്‍ ചേര്‍ക്കാവുന്നതാണ്. അരിച്ചെടുത്ത തേങ്ങാപ്പാലില്‍ കോക്കം സിറപ്പും അല്‍പ്പം കായപ്പൊടിയും ഉപ്പും ചേര്‍ക്കുക. നന്നായി ഇളക്കി കുറച്ചു സമയം വെയ്ക്കുന്നതു നന്നായിരിക്കും . വീണ്ടും നന്നായി ഇളക്കി മല്ലിയില അരിഞ്ഞത് മുകളില്‍ തൂകി ഉപയോഗിക്കാം. ഇത് ആഹാരത്തിനു മുന്‍പു കഴിക്കുന്നതു വിശപ്പുണ്ടാക്കാന്‍ സഹായിക്കും. ആഹാരശേഷമാണെങ്കില്‍  ദഹനത്തിനു ഉത്തേജനമാവുകയും ചെയ്യും. നമ്മള്‍ ഊണുകഴിക്കുമ്പോള്‍ അവസാനം കുറച്ചു മോരൊഴിച്ചുണ്ണുന്നതുപോലെ കൊങ്കണികളും ഇത് ചോറിലൊഴിച്ചും കഴിക്കാറുണ്ട്. കൊങ്കണ്‍, മാല്‍വന്‍ ഭാഗത്തെ പാചകത്തില്‍ എരുവിനു നല്ല പ്രാധാന്യമുണ്ട്. അത്തരമൊരു ഭക്ഷനത്തിനു ശേഷം ഈ പാനീയം ഒരു വലിയ ആശ്വാസവും ആകും.  ഉന്‍മേഷം നല്‍കാനും  ദുര്‍മ്മേദസ്സ് കുറയ്ക്കാനും സോല്‍ക്കഢി ഒരു നല്ല ഉപാധിയാണെന്ന് പല കൊങ്കണ്‍ സുഹൃത്തുക്കളും പറഞ്ഞു കേട്ടിട്ടുണ്ട്. ഈ പാനീയം പ്രമേഹരോഗികള്‍ക്കും കൊളസ്ട്രോള്‍ ഉള്ലവര്‍ക്കും പഥ്യമത്രേ.

എല്ലാ കൂട്ടുകാര്‍ക്കും ഒരു നല്ല സോല്‍ക്കഢി സുപ്രഭാതം അശംസിക്കുന്നു,
 സസ്നേഹം മിനി മോഹനന്‍.

Sunday, July 12, 2015

ദുശ്ശളേ , നീയെത്ര ധന്യ!!

ദുശ്ശളേ ,
നീയെത്ര ധന്യ...
നീണ്ടുള്ള ബാഹുക്കള്‍-
നൂറുപേര്‍ നിന്നെ 
ഓമനിച്ചല്ലോ കുരുന്നേ.
ഒന്നു നീ വീഴുകില്‍ 
കോരിയെടുക്കുവാന്‍ 
ഇരുശതം കൈകള്‍
നിനക്കായി നീണ്ടതും 
ഒരു നൂറു മധുരം 
നിനക്കായ് പകര്‍ന്നതും
ഒരു നൂറു പൊന്നുമ്മ 
നിന്നെ പൊതിഞ്ഞതും
അങ്കുശക്രൗര്യം നിന്‍ 
പിഞ്ചു കാല്‍ നോവിക്കില്‍
ഇരുനൂറു കണ്ണീര്‍ക്കണങ്ങള്‍
പൊഴിഞ്ഞതും 
ഓര്‍ക്കുന്നു ഞാന്‍ 
തെല്ലസൂയയോടെന്നും
ഇത്തിരിപ്പരിഭവം
ചൊല്ലട്ടെ ഞാനും,
കാലം വരുത്തിയാ 
കൈത്തെറ്റിനോടായ്..
ഇല്ല ദുരാഗ്രഹം നൂറിനായ്-
എങ്കിലും തന്നതില്ലല്ലോ
ഒന്നെനിക്കീശന്‍
മരുന്നിനായ് പോലും.