Thursday, July 30, 2015

ഭൂട്ടാനിലേയ്ക്കൊരു സ്വപ്നയാത്ര - 10

മാനം കയറാനൊരു ഗോവണി.

.........................................................................

പാരോ ടക്ത്സങ്ങ് അഥവാ ടൈഗര്‍ നെസ്റ്റ് പുരാതനവും പ്രസിദ്ധവുമായൊരു പാല്‍ഫുങ്ങ് മൊണാസ്ട്രിയാണ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഈ ഗിരിശൃംഗത്തിലെ പാറക്കെട്ടില്‍ പടുത്തുയര്‍ത്തിയ ഈ ബുദ്ധക്ഷേത്ര സമുച്ചയം ടിബറ്റന്‍ ജനതയുടെ ഏറ്റവും പ്രധാന തീര്‍ത്ഥാടനകേന്ദ്രവും കൂടിയാണ്. മലമുകളിലെ ഈ മഹാത്ഭുതത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെടുത്തി പല കഥകളും ടിബറ്റില്‍ പ്രചാരത്തിലുണ്ട്. ഇതില്‍ രണ്ടു കഥകളാണ് കൂടുതല്‍ സ്വീകാര്യമായിരിക്കുന്നത്. 


ഗുരു റിംപോച്ചേ എന്നറിയപ്പെട്ടിരുന്ന പദ്മസംഭവ ഏഴാം നൂറ്റാണ്ടില്‍ ടിബറ്റില്‍ ജീവിച്ചിരുന്ന ആത്മീയ നേതാവായിരുന്നു. ഇദ്ദേഹം ബുദ്ധന്റെ രണ്ടാം പുനരവതാരമായി ആണ് വിശ്വസിക്കപ്പെടുന്നത്. അദ്ദേഹത്തിന് ധാരാളം അമാനുഷിക സിദ്ധികള്‍ ഉണ്ടെന്നു വിശ്വസിച്ചിരുന്നതിനാല്‍ പലരും അദ്ദേഹത്തോടു ഭകതിപൂര്‍വ്വം പെരുമാറുകയും ഈശ്വരനെപ്പോലെ  ആരാധിക്കുകയും ചെയ്തു പോന്നു.

 റിംപോച്ചെ ഗുരു ടിബറ്റിലും ഭൂട്ടാനിലും ബുദ്ധമതം പ്രചരിപ്പിക്കാന്‍ വളരെ പ്രയത്നിച്ചിരുന്നു. ഒരു കഥയില്‍ പറയുന്നത് ഈ പാറക്കെട്ടിലുള്ല ഗുഹയില്‍ തപസ്സിനായി ഒരു പെണ്‍കടുവയുടെ പുറത്തിരുന്നു പറന്നു വന്നിറങ്ങിയെന്നാണ്. മൂന്നുവര്‍ഷവും മൂന്നു മാസവും മൂന്നു ദിവസവും മൂന്നു മണിക്കൂറും മൂന്നു മിനുട്ടും അദ്ദേഹം ഈ ഗുഹയില്‍ ധ്യാനനിരതനായിരുന്നത്രേ..

സമാനതയുള്ളതു തന്നെ രണ്ടാമത്തെ കഥയും. ദുര്‍ദ്ദേവതയായ ഡാകിനിയടേയും കൂട്ടാളികളുടേയും സഹവര്‍ത്തിത്വം സ്വീകരിച്ച് റിംപോച്ചെ ധാരാളം യാത്രകള്‍ നടത്തിവന്നു. ( ബുദ്ധമത വിശ്വാസത്തില്‍  മരിച്ചുപോയവരുടെ ആത്മാവിനെ ഈശ്വരസന്നിധിയില്‍ എത്തിക്കുന്നത് ഡാകിനിയണ്. ) അന്നത്തെ വിശ്രുതനായ ചക്രവര്‍ത്തിയുടെ ആദ്യഭാര്യയായിരുന്ന യാഷേ ത്സോഗ്യാല്‍ ഈ സംഘത്തോടൊപ്പം കൂടി യാത്രകള്‍ ചെയ്യാന്‍ സന്നദ്ധയായി. ഗുരുവിനെ അവിടെയെത്തിക്കുവാന്‍  മാന്ത്രികവിദ്യയാല്‍ അവളൊരു കടുവയായി മാറി. ഗുരുവിനേയും വഹിച്ച് പറന്ന് ഭൂട്ടാനിലെ ഈ മലമുകളില്‍ പാറക്കെട്ടില്‍ രൂപം കൊണ്ടിരുന്ന അനവധി ഗുഹകളില്‍ ഒന്നില്‍ വന്നിറങ്ങി. അവിടെ അദ്ദേഹം വളരെക്കാലം തപസ്സു ചെയ്യുകയും ധ്യാനത്തിലൂടെ നേടിയ അഷ്ടതത്വങ്ങളുമായി പ്രത്യക്ഷനാവുകയും ചെയ്തു. അതുകൊണ്ടാണ് പുണ്യസങ്കേതത്തെ ടൈഗേര്‍സ് നെസ്റ്റ് എന്നു വിളിക്കുന്നത്.

പിന്നീട് ധാരാളം സന്യാസിമാര്‍ ഇവിടെ സന്യാസിക്കാനെത്തുകയും ഗുഹകളില്‍ വളരെക്കാലം ധ്യാനിച്ചിരിക്കുകയും ചെയ്തുപോന്നു. ഇവിടെത്തെ ക്ഷേത്ര നിര്‍മാണത്തിനായുള്ള പരന്ന കല്ലുകള്‍ കൊണ്ടുവന്നത് ഡാകിനിയാണെന്നാണ് വിശ്വസിച്ചുപോരുന്നത്. സത്യത്തില്‍ ഇതെങ്ങനെ മനുഷ്യന്‍ നിര്‍മ്മിച്ചു എന്ന് നമുക്കും അത്ഭുതം തോന്നും. അത്ര അപകടകരമായൊരു പാറയുടെ മുകളില്‍ ആണ് ക്ഷേത്രം. 

12,000 അടി ഉയരത്തിലാണ് ഈ പാറക്കെട്ടില്‍ പണിതീര്‍ത്ത ആരാധനാലയം സ്ഥിതിചെയ്യുന്നത്. ഗുഹകള്‍ക്കു ചുറ്റുമായി ക്ഷേത്രസമുച്ചയം  പണി കഴിച്ചത് 1692 ല്‍ അന്ന്ത്തെ ഗുരുവായിരുന്ന ഗ്യാല്‍സെ ടെന്‍സിന്‍ റബ്ഗ്യേ ആണ്. പദ്മസംഭവയുടെ പുനര്‍ജന്മമായാണ് അദ്ദേഹത്തെ കരുതിപ്പോരുന്നത്. അദ്ദേഹത്തെക്കുറിച്ചും അമാനുഷിക കഥകള്‍ പ്രചാരത്തിലുണ്ട്. സുഹൃത്തുക്കള്‍ ഒരേസമയം ഗുഹയ്ക്കു പുറത്തും അകത്തും അദ്ദേഹത്തെ കണ്ടിരുന്നത്രേ. അല്പം മാത്രം ഭക്ഷണം കൊണ്ട് വരുന്ന എല്ലാ തീര്‍ത്ഥാടകരേയും സല്‍ക്കരിക്കാന്‍ കഴിഞ്ഞിരുന്നത്രേ.അത്ഭുതകരമായ വേറൊരു കാര്യം തികച്ചും അപകടം നിറഞ്ഞ വഴിയിലൂടെ  അവിടേയ്ക്കെത്തുന്ന ഭക്തരില്‍ ആര്‍ക്കും ഒരുതരത്തിലുള്ള അപകടവും ഉണ്ടാവാറില്ല എന്നതായിരുന്നു. മൃഗരൂപങ്ങളും മതചിഹ്നങ്ങളും ഒക്കെ മാനത്തു ദര്‍ശിക്കുന്നതോടൊപ്പം ഭൂമിയിലെത്താത്ത പുഷ്പവൃഷ്ടിയും ഉണ്ടാകുമായിരുന്നു എന്നും ഭാഷ്യം. എന്തായാലും   പിന്നീടത് ഭൂട്ടാന്റെ സാംസ്കാരികപാരമ്പര്യത്തിന്റെ ഒരു ഭാഗാമായി തന്നെ മാറി. പദ്മസംഭവയുടെ ഓര്‍മ്മയ്ക്കായി മാര്ച്ച്- ഏപ്രില്‍ മാസത്തില്‍ ഇവിടെ ത്സേച്ചു എന്ന് ഒരുത്സവവും ആഘോഷിക്കുന്നു. സവിശേഷതയാര്‍ന്ന നൃത്തരൂപങ്ങളും മറ്റും ഈ ഉത്സവങ്ങളുടെ പ്രത്യേകതയാണ്. 


നാലു പ്രധാന ക്ഷേത്രങ്ങളാണ് ഇവിടെയുള്ലത്. തൂവെള്ല നിറത്തിലെ ക്ഷേത്രങ്ങള്‍ക്ക് സുവര്‍ണ്ണമകുടങ്ങളും. അനവധി മറ്റു മന്ദിരങ്ങളും ചേര്‍ന്നതാണ് ഈ മൊണാസ്ട്രി. ഇതിനുള്ളിലെ  8 ഗുഹകള്‍ നമുക്കു കയറാവുന്നതാണ്. മൊണാസ്ട്രിയിലെ സന്യാസിമാര്‍ ഈ ഗുഹകളില്‍ മൂന്നു വര്‍ഷം ധ്യാനത്തില്‍ കഴിയണമെന്നതാണിവിടുത്തെ നിയമം. ഗുഹകളില്‍ നാലെണ്ണം വളരെ അനായാസം ചെന്നെത്താവുന്നതാണ്.  അതില്‍ പദ്മസംഭവ പെണ്‍കടുവപ്പുറത്ത് അവിടെ ചെന്നിറങ്ങിയതും (തോല്‍ഫുക്ക്) തപസ്സുചെയ്തതും  (പേല്‍ ഫുക്ക്) പെണ്‍കടുവ ഇരുന്നതും ഒക്കെയുണ്ട്. എല്ലാ മന്ദിരങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കല്‍പ്പടവുകളും നിര്‍മ്മിക്കപ്പെട്ടിരുന്നു. പ്രധാനഗുഹയില്‍ ബോധിസത്വന്റെ 12 രൂപങ്ങളുണ്ട്. നെയ് വിളക്കുകള്‍ എല്ലായ്പ്പോഴും പ്രഭ ചൊരിഞ്ഞിരിക്കും. അവലോകിതേശ്വരപ്രതിമയും അവിടെയുണ്ട്. അടുത്ത ഗുഹയില്‍ ഒരു വിശിഷ്ടഗ്രന്ഥവും. ഇതിലെ അക്ഷരങ്ങള്‍ കോറിയിരിക്കുന്നത് സ്വര്‍ണ്ണ്ത്തി ന്റെയും പുണ്യരൂപനായ ലാമയുടെ എല്ലിന്‍ പൊടിയും ചേര്‍ത്താണ് എന്നാണു പറയപ്പെടുന്നത്. 


1998 എപ്രില്‍ 19 ന് ഈ മൊണാസ്ട്രി അഗ്നിബാധയ്ക്കിരയായി. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്കീട്ട് ആണ് ഈ അഗ്നിക്കു കാരണമായതെന്നു കരുതപ്പെടുന്നു.  അന്ന് ഒരു സന്യാസിക്കു ജീവഹാനി ഉണ്ടാവുകയും ധാരാളം ചിത്രങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളും നഷ്ടപ്പെടുകയും ചെയ്തു. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെട്ടത്. പിന്നീട് ഇന്നത്തെ രീതിയില്‍ പുനരുദ്ധരിക്കാന്‍ രാജാവായിരുന്ന ജിഗ്മേ സിഗ്യേ വങ്ങ്ചുക്കിന്റെ നേതൃത്വത്തില്‍ ശ്രമമാരംഭിക്കുകയും 2005ല്‍  വീണ്ടും പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. 


ഞങ്ങള്‍ മലകയറ്റം തുടങ്ങിയപ്പോള്‍ ആദ്യം പോയവര്‍ മടങ്ങിയെത്താന്‍ തുടങ്ങിയിരുന്നു. ചിരപരിചിതരേപ്പോലെ ചിരിച്ചുകൊണ്ട് അവര്‍ യാത്രയുടെ ആസ്വാദ്യതയേക്കുറിച്ചു പറയുന്നുമുണ്ടായിരുന്നു. എങ്കിലും ഞങ്ങള്‍ പുറപ്പട്ടത് വളരെ വൈകിയാണെന്നും ചിലര്‍ സൂചിപ്പിച്ചു. അതും വളരെ ശരിയായിരുന്നു. സൂര്യന്റെ ചൂട് അസഹനീയമായിരുന്നു എന്നു തന്നെ പറയാം. കൊടും വനത്തിലൂടെയാനെങ്കിലും കയറുന്നതിനിടയില്‍ നന്നായി വിയര്‍ക്കുന്നുമുണ്ടാടിരുന്നു. ചുറ്റുപാടും പൈന്‍മരങ്ങള്‍ ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്നുണ്ട്. പിന്നെ ഒട്ടനവധി സസ്യജാലങ്ങളും.

വൈവിധ്യമാര്‍ന്ന് വര്‍ണ്ണ പുഷ്പങ്ങള്‍ എല്ലാവര്‍ക്കും സ്വാഗതമരുളി ചിരിച്ചു നില്‍ക്കുന്നു. കുത്തനെ കയറുന്ന മലമ്പാത നല്ല രീതിയില്‍ സംരക്ഷിച്ചുപോരുന്നു. പാതയിലെ പാറകളില്‍ വളരെ വ്യക്തമായി അമ്പടയാളം കൊടുത്തിട്ടുണ്ട്. ഇത് വഴി തെറ്റാതിരിക്കാന്‍ യാത്രികരെ വളരെ സഹായിക്കുന്നുമുണ്ട്. നമ്മുടെ നാട്ടിലെങ്ങും കാണാത്ത ഒരിനം ഇത്തിള്‍ പൈന്‍ മരങ്ങളില്‍ പടര്‍ന്നു കിടക്കുന്നതുകാണാം. ഇള പച്ച നിറത്തിലെ കനം കുറഞ്ഞ പ്ലാസ്റ്റിക്ക് നൂലുകള്‍ കൊണ്ടുണ്ടാക്കിയ മാലപോലെയിരിക്കും . ഒട്ടനവധി മാലകള്‍ ഒന്നിച്ചു ചേര്‍ന്ന് ഒരപ്പൂപ്പന്റെ വലിയ താടി പോലെ മനോഹരമായ കാഴ്ച. 

ഒന്നരമണിക്കൂറോളം നടന്നുകഴിഞ്ഞാല്‍ ഒരു പരന്ന പ്രദേശത്ത് എത്തിച്ചേരും. ഇതാണ് ഉര്‍ഗ്യാന്‍ ട്സെമോ അഥവാ ഉര്‍ഗ്യാന്‍ കൊടുമുടി. ഇവിടെ ഒരു വലിയ പ്രാര്‍ത്ഥനാചക്രവും തൊട്ടടുത്തായി കുറെയധികം ചക്രങ്ങളുമുണ്ട്. പ്രാര്‍ത്ഥനാ ചക്രത്തിന്റെ ചുവട്ടില്‍ കുറെപ്പേര്‍ വിശ്രമിക്കുന്നുണ്ട്. കുതിരകള്‍ക്കൂ ഇവിടെവരെ മാത്രമേ വരാന്‍ കഴിയൂ. ഇവിടെ   അവിടെനിന്നുള്ള കാഴ്ചകള്‍ അവര്‍ണ്ണനീയമാണ്. ഒരുവശത്ത് മലയിലെ പാറയില്‍ പണിതീര്‍ത്ത ടക്ത്സങ്ങ് വ്യക്തമായി കാണാന്‍ കഴിയും.  ഒരു കഫ്ടേരിയയും പ്രവര്‍ത്തിക്കുന്നുണ്ട്. യാത്രികള്‍ക്കുള്ള അത്യാവശ്യം ഭക്ഷണസാധങ്ങള്‍ ഇവിടെ ലഭ്യമാണ്. ടോയ് ലട് സൗകര്യങ്ങളും ഉണ്ടിവിടെ. പക്ഷേ ഇനിയുള്ള കയറ്റം ആണ് അതികഠിനം.

വന്ന കയറ്റത്തേക്കാള്‍ ഒന്നു കൂടി കുത്തനെയുള്ള കയറ്റമാണ്. അവിടെയെത്തിയപ്പോള്‍ പാട്ടീലിന്റെ ഭാര്യ മുന്നോട്ടു നടക്കാനാവില്ല എന്നുറപ്പിച്ചു പറഞ്ഞു. അവരെ അവിടെ ഇരുത്തി ഞങ്ങള്‍ യാത്രയായി. 

നിന്നും ചാരുബഞ്ചുകളില്‍  ഇടയ്ക്കിരുന്നും ഒക്കെ ഞങ്ങള്‍ മലകറിക്കൊണ്ടിരുന്നു. ചുറ്റുപാടുള്ല കാനനക്കാഴ്ചകള്‍ നല്ല സാന്ത്വനമാകുന്നുമുണ്ടായിരുന്നു.

എങ്കിലും അപ്പുറത്തെ മലയില്‍ ഇടയ്ക്കിടയ്ക്കു പ്രത്യക്ഷമാകുന്ന ടക്ത്സങ്ങ് അമ്പരപ്പിക്കുന്നുമുണ്ട്. അപ്പോഴും എനിക്ക് ആദ്യം തോന്നിയിരുന്ന സംശയം മനസ്സില്‍ വന്നുകൊണ്ടിരുന്നു. അപ്പുറത്തെ മലയില്‍ പോകാന്‍ ഈ മല എന്തിനു കയറണമെന്ന്. എന്തായാലും പാറയുടെ മുകളില്‍ വലിഞ്ഞു കയറിയും മരവേരുകളില്‍ പിടിച്ചും ഒക്കെ ഞങ്ങള്‍ കയറ്റം തുടര്‍ന്നു. ഇടയ്ക്കു കണ്ട ഒരു സ്ത്രീ മാത്രം പറഞ്ഞു.'വളരെ കഷ്ടപ്പാടാണ് ഈ കയറ്റം. എന്തിനീ ഭ്രാന്തിനു പോകുന്നു ' എന്ന്. ഇതുവരെ എല്ലാവരും 'വളരെ നല്ല അനുഭവം ' , ' ഒരിത്തിരി കൂടി പോയാല്‍ മതി ' എന്നൊക്കെയാണു പറഞ്ഞത്. ഞാനതു സൂചിപ്പിച്ചപ്പോള്‍ അവരുടെ ഭര്‍ത്താവ് ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു,' ഇതു വരെ ഇവര്‍ മാത്രമേ നിങ്ങളോടു സത്യം പറഞ്ഞുള്ളു' എന്ന്. 

കയറിക്കയറി ഒടുവില്‍ ഒരു പരന്ന പ്രദേശത്തു കൂടിയായി സഞ്ചാരം. അവിടെ നിന്നു മുകളിലേയ്ക്കു നോക്കിയാല്‍ രണ്ടു പൗരാണിക നിര്‍മ്മിതികള്‍ കാണാനാകും. കുറെ നടന്നു കഴിഞ്ഞപ്പോള്‍ പിന്നീട് മലയിറക്കം ആണ്. കുറെയിറങ്ങിക്കഴിഞ്ഞാല്‍ കല്‍പടവുകള്‍ താഴേയ്ക്കു കെട്ടിയിരിക്കുന്നതു കാണാം. വളരെ അപകടം പിടിച്ച കല്‍പടവുകള്‍. ഒന്നു കാല്‍വഴുതിയാല്‍ അഗാധതയിലെത്തും.  700 ലധികം പടികള്‍ ഇറങ്ങിക്കഴിയുമ്പോള്‍ അപ്പുറത്തെ മലയെ ബന്ധിപ്പിക്കുന്ന മലയിടുക്കിലെത്താം. അവിടെ നിന്നു വീണ്ടും ആയിരത്തോളം കല്‍പടവുകള്‍ കയറിവേണം മൊണാസ്ട്രിയിലെത്താന്‍. ഇടയ്ക്ക് ഒരു വെള്ളച്ചട്ടവും ഉണ്ട്. ഇതു പുണ്യതീര്‍ത്ഥമായി കരുതിപ്പോരുന്നു.  കുറെ പടവുകളിറങ്ങിയപ്പോഴേയ്ക്കും ചേട്ടന്‍ പറഞ്ഞു ഇനി ഇറങ്ങാന്‍ കഴിയില്ല, നിങ്ങള്‍ രണ്ടുപേരും കൂടി പോയിവരാന്‍.

ചേട്ടന്റെ മുഖഭാവം ഒക്കെ കണ്ടപ്പോള്‍ ഒറ്റയ്ക്കവിടെ ഇരുത്തി പോകാനുള്ല ധൈര്യവും വന്നില്ല. അതുകൊണ്ട് കുറച്ചു സമയം ഞങ്ങള്‍ അവിടെ വിശ്രമിച്ചു. പാട്ടീലും രാഹുലും അപ്പോള്‍ എതിരെയുള്ല മലകയറി മൊണാസ്ട്രിയിലെത്തിയിരുന്നു. ഞങ്ങള്‍ മടങ്ങിപ്പോകുന്നു എന്ന് അവരോടു കൈകൊണ്ട് ആംഗ്യം കാട്ടി മെല്ലെ തിരികെ നടന്നു. 

മലയിറക്കം താരതമ്യേന വിഷമം കുറവാണെങ്കിലും കാലിനു നല്ല ആയാസമാണ്. ഓടിയിറങ്ങാന്‍ പറ്റുന്നിടത്ത് അങ്ങനെ ചെയ്യുന്നതാണ് എളുപ്പം. കഫ്ടേരിയയില്‍ വന്ന് ഓരോ കട്ടന്‍ ചായ കുടിച്ചു .

ഒരു കപ്പു കട്ടന്‍ ചായയ്ക്ക് 120 രൂപ. ചായ കുടിച്ച ഊര്‍ജ്ജത്തില്‍ വീണ്ടും മലയിറക്കം തുടങ്ങി. ഇടയ്ക്ക് നാലു കോളേജ് വിദ്യാര്‍ത്ഥിനികളും ഞങ്ങളുടെ ഒപ്പം കൂടി . ഭൂട്ടാന്റെ വിദ്യാഭ്യാസ, സ്ംസ്കാരിക ലോകത്തെ അവര്‍ ഞങ്ങള്‍ക്കു നന്നായി പരിചയപ്പെടുത്തി തന്നു. ധാരാളം ഭൂട്ടാന്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി ഇന്ത്യയിലെത്തുന്നുണ്ട് എല്ലാ വര്‍ഷവും.
ചിലരെങ്കിലും ഇന്ത്യാക്കാരായ സഹപാഠികളെ പ്രണയിച്ച് വിവാഹിതരായി ഇന്ത്യയില്‍ സ്ഥിരതാമസമാക്കുന്നുമുണ്ട്. നമ്മുടെ കുടുംബബന്ധങ്ങളെ അവര്‍ വളരെ ബഹുമാനത്തോടെയാണു നോക്കിക്കാണുന്നത്. അതില്‍ ഒരു പെണ്‍കുട്ടിയുടെ വീട്ടിലെത്താന്‍ പാരോയില്‍ നിന്നു രണ്ടു ദിവസത്തെ യാത്രയുണ്ടത്രേ. ഇടയ്ക്കു രാത്രിയില്‍ ഹോട്ടലില്‍ മുറിയെടുത്തു തങ്ങും. അവിടെ നല്ല സുരക്ഷിതത്വമുള്ളതുകൊണ്ട് അതിനൊന്നും ഒരു ഭയവും വേണ്ട എന്നാണാ കുട്ടി പറഞ്ഞത്. 

മലയിറങ്ങി താഴെയെത്തുമ്പൊള്‍ വെളിച്ചം നന്നേ മാഞ്ഞിരുന്നു. ഇനിയും പാട്ടീലും രാഹുലും എത്തിയിട്ടില്ല. അവര്‍ക്കായി കാത്തിരുന്നു. അവരെത്തിയ ഉടനെ ഞങ്ങള്‍ സൈകതിനെ കണ്ടുപിടിച്ചു ഹോട്ടലിലേയ്ക്കു യാത്രയായി. പാരോ നദിയുടെ താരാട്ടു കേട്ടുറങ്ങാന്‍ ഒരു പ്രത്യേക സുഖമായിരുന്നു അന്നു രാവില്‍







2 comments:

  1. അപ്പോ ഡാകിനി എന്നത് വെറും സാങ്കല്പികപ്പേരൊന്നുമല്ല അല്ലെ. ഇനി കുട്ടൂസന്‍ എവിടെയെങ്കിലുമുണ്ടോ എന്നും കൂടെ അറിയണം

    ReplyDelete
  2. രസകരമായി വായിക്കാന്‍ കഴിയാവുന്ന വിവരണം.
    ആശംസകള്‍

    ReplyDelete