കടലാസുവീടും രാജകൊട്ടാരവും.
തിംഫുവില്‍ വ്യവസായശാലകള്‍ ഒന്നും തന്നെ ഇല്ല. പരമ്പരാഗത വസ്ത്രനിര്‍മ്മാണത്തിനുള്ള ചെറിയ യൂണിറ്റുകള്‍ കഴിഞ്ഞാല്‍ പിന്നെ ആകെയുള്ളത് ജുംങ്ങ്ഷി ഹാന്‍ഡ്മെയ്ഡ് പേപ്പര്‍ ഫാക്ടറി ആണ്.( ജുംങ്ങ്ഷി എന്ന വാക്കിനര്‍ത്ഥം പ്രകൃതിദത്തം )കടലാസു നിര്‍മ്മാണം വളരെ പുരാതനവും ഭൂട്ടാന്റെ സംസ്കാരത്തിന്റെ തന്നെ ഭാഗവും ആണ്. പഴയകാലത്ത് കടലാസ് നിര്‍മ്മിച്ചിരുന്നത് ബുദ്ധവിഹാരങ്ങളില്‍ ഹസ്തലിഖിതങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥനകളും മന്ത്രങ്ങളും എഴുതി വിതരണം ചെയ്യുന്നതിനു വേണ്ടിയുംആയിരുന്നു. ഇന്ന് ഇതിനു വലിയ ഉപയോഗമില്ലെങ്കിലും പൗരാണികമായൊരു പാരമ്പര്യവ്യവസായത്തെ അന്യം നിന്നു പോകാതിരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് ഈ വ്യവസായ ശാല.
തുടക്കമിട്ടത് ഭൂട്ടാന്‍ ഭരണകൂടമാണെങ്കിലും പിന്നീടത് സ്വകാര്യവത്കരിക്കുകയായിരുന്നു. ജപ്പാനില്‍ നിന്നു പ്രത്യേകപരിശീലനം കിട്ടിയ നോര്‍ബു ടെന്‍സിന്‍ എന്നയാളിന്റെ നേതൃത്വത്തിലാണിതു നടത്തിവരുന്നത്. ഗ്രീടിംഗ് കാര്‍ഡുണ്ടാക്കാനും പേപ്പര്‍ ബാഗുണ്ടാക്കാനും ചിത്രരചനയ്ക്കും ഒക്കെ ഇതുപയോഗിക്കുന്നു.
വ്യവസായശാല എന്നൊക്കെ പറയാന്‍ ഏക്കറുകണക്കിനു വിസ്തൃതമായൊരു പ്രദേശത്തെ കെട്ടിടസമുച്ചയങ്ങളും ഒടി നടന്നു ജോലിചെയ്യുന്ന ആള്‍ക്കാരും യന്ത്രങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും ഒന്നുമില്ല. സാമാന്യം വലുപ്പമുള്ള ഒരു മുറിയില്‍ എന്തൊക്കെയോ ചില ഉപകരണങ്ങള്‍.
ഏതാനും പേര്‍ ഏകാഗ്രതയോടെ അവരവരുടെ ജോലി ചെയ്യുന്നു. ഇവിടുത്തെ കടലാസ് നിര്‍മ്മാണം തികച്ചും പ്രകൃതിദത്തമായ വസ്തുക്കള്‍ മാത്രമുപയോഗിച്ചാണ്. പാരിസ്ഥിതികപ്രശ്നങ്ങള്‍ ഒന്നുമുണ്ടാക്കുന്നുമില്ല. ചെമ്പരത്തിവര്‍ഗ്ഗത്തില്‍ പെട്ട ഒരു ചെടിയുടെ തൊലിയാണ് പ്രധാന അസംസ്കൃതവസ്തു. ( പക്ഷേ പൂക്കളും ചുവന്നു തുടുത്ത കായ്കളുമൊക്കെ കണ്ടപ്പോള്‍ എനിക്ക് ചെത്തിയോടാണു കൂടുതല്‍ സാമ്യം തോന്നിയത്. ) ചെമ്പകം പോലെയുള്ള വേറെ ഒരു മരത്തിന്റെയും തൊലി ഉപയോഗിക്കുന്നുണ്ട് കൂടുതല്‍ വെണ്മയുള്ല കടലാസിനായി.
ശേഖരിച്ച തൊലികള്‍ 24 വെള്ലത്തിലിട്ടു കുതിര്‍ക്കുകയാണ് ആദ്യ പടി. പിന്നീട് അതു നന്നായി തിളപ്പിച്ച് , കഴുകി അഴുക്കുകള്‍ കളഞ്ഞു വൃത്തിയാക്കി നാരുകള്‍ വേര്‍പെടുത്തിയെടുക്കുന്നു. അത് ഒരു ക്രഷറില്‍ ഇട്ട് ചതച്ച് പള്‍പ്പാക്കിയെടുക്കുന്നു. അത് ഒരു വലിയ തൊട്ടിയില്‍ വെള്ലവും ചെമ്പരത്തിച്ചെടിയുടെ വേരില്‍ നിന്നു തയാറാക്കുന്ന മരപ്പശയുമായി ചേര്‍ത്ത് നന്നായി യോജിപ്പിക്കും . പിന്നീട് 3 ft x 4 ft ഫ്രെയ്മിലുള്ള ഒരു മുള അരിപ്പയിലൂടെ തേച്ച് നേര്‍ത്ത ഷീറ്റുകളാക്കി അത് ചൂടാക്കിയിട്ടിരിക്കുന്ന ഒരു ബോര്‍ഡില്‍ ഒട്ടിച്ചു വെച്ച് വെള്ലം തോര്‍ന്ന് നന്നായി ഉണങ്ങിയ ശേഷം എടുത്തുമാറ്റുന്നു. അത് അരികു മുറിച്ച് നല്ല ആകൃതിയില്‍ എടുത്ത് ഉപയോഗിക്കുന്നു.
ഇങ്ങനെ ഒരു ഷീറ്റ് അതിന്റെ രൂപത്തില്‍ കിട്ടാന്‍ 3 ദിവസമെടുക്കും. അതുകൊണ്ടു തന്നെ സാധാരണപേപ്പറിനേക്കാള്‍ വളരെ വിലകൂടുതലുമാണിതിന് .
ഈ ഫാക്ടറിയോടു ചേര്‍ന്നൊരു പ്രദര്‍ശനശാലയും ഉണ്ട്. ഇങ്ങനെയുണ്ടാക്കിയ വിവിധ തരത്തിലെയും വലുപ്പത്തിലെയും പേപ്പറും അവയിലെ ചിത്രങ്ങളും ഗ്രീടിംഗ് കാര്‍ഡും ഡയറിയും ഒക്കെ വില്‍പനയ്ക്കായും വെച്ചിട്ടുണ്ട്.
കാഴ്ചയ്ക്കും ഗുണമേന്മയ്ക്കും അത്ര മികവൊന്നും ഇല്ലെന്നു തോന്നുമെങ്കിലും ഇതു അങ്ങേയറ്റം പ്രകൃതിദത്തമാണെന്നതാണ് ഏറ്റവും വലിയ മഹത്വം.
പേപ്പറിന്റെ നിര്‍മ്മാണരഹസ്യങ്ങളൊക്കെ അറിഞ്ഞ ശേഷം ഞങ്ങള്‍ പോയത് ഭൂട്ടാനിലെ രാജകൊട്ടാരത്തിലേയ്ക്കാണ്.
5 മണിക്കു മുന്‍പ് അവിടെ എത്താനായി അല്‍പം തിടുക്കത്തില്‍ തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ല കല്ലുപാകിയ പാതയിലൂടെ സൈകത് വണ്ടിയോടിച്ചു പോയി. പാര്‍ക്കിംഗ് ഏരിയായില്‍ ഒരുപാടു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. ചടങ്ങുകാണാനെത്തിയവരുടെ ആധിക്യമാണ് അതു വ്യക്തമാക്കുന്നത്.
ഡെച്ചെന്‍ചോലിംഗ് കൊട്ടാരം എന്നാണ് ഭൂട്ടാന്‍ രാജഹര്‍മ്യം അറിയപ്പെടുന്നത്. 1953 ല്‍ ആണ് കൊട്ടാരം പണികഴിപ്പിച്ചത്. മൂന്നാമത്തെ രാജാവായിരുന്ന ഡ്രുക്ക് ഗ്യാല്പോ ജിഗ്മേ ഡോര്‍ജി വാംങ്ങ്ചുക്കിന്റെ കിരീടധാരണത്തിനു ശേഷമാണ് ഇതു നിര്‍മ്മിച്ചത്.
ഈ രാജഗൃഹത്തിലാണ് നാലാമത്തെ രാജാവായിരുന്ന സിംഗ്യേജിഗ്മേ വാംങ്ങ്ചുക്ക് ജനിച്ചത്. വളരെ വര്‍ഷങ്ങളായി രാജാവും കുടുംബാംഗങ്ങളും ബന്ധുക്കളും ഈ കൊട്ടാരത്തിലയിരുന്നു വസിച്ചിരുന്നത്. ഇപ്പോള്‍ഇവിടെ ഓഫീസുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ആഘോഷാവസരങ്ങളില്‍ കലാരൂപങ്ങള്‍ അരങ്ങേറാനുള്ല വേദിയും കൂടിയാണ് ഈ വിശാലമായ കൊട്ടാരാങ്കണം. ഇപ്പോഴത്തെ രാജാവ് അല്‍പം മാറിയുള്ള താരതമ്യേന ചെറിയൊരു വസതിയിലാണു താമസം.
വില്ലോ മരങ്ങളും ചിനാര്‍ മരങ്ങളും അതിരിട്ടു നില്‍ക്കുന്ന വിശാലമായ പുല്‍ത്തകിടിയും ആമ്പല്‍ക്കുളങ്ങളും ആയിരിക്കണക്കിനു വിവിധവര്‍ണ്ണത്തിലുള്ല പനിനീര്‍പ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ഉദ്യാനവും ഉള്ള വലിയ ഒരു കോമ്പൗണ്ടിനുള്ളില്‍ ആണ് തലയെടുപ്പോടെ നില്‍ക്കുന്ന പ്രൗഢമായ ഈ കൊട്ടാരം.
മൂന്നു നിലകളിലായാണ് ഇതിന്റെ നിര്‍മ്മിതി.മുകളിലെ മകുടങ്ങളുടെയൊക്കെ നിര്‍മ്മാണഘടന ഒന്നാണെങ്കിലും ശില്‍പരൂപങ്ങള്‍ വൈവിധ്യമാര്‍ന്നവയാനെന്ന് ബൈനോക്കുലര്‍ കാട്ടിത്തരും. കൊട്ടാരത്തിന്റെയും അതിനുള്ളിലെ ഉപകരണങ്ങളും എല്ലാം തികച്ചും പാരമ്പര്യരീതിയിലാണു നില്‍മ്മിച്ചിരിക്കുന്നത്. കൊട്ടാരത്തിനു പുറത്തെ കമ്പിവേലിക്കിപ്പുറത്താണു കാഴ്ചക്കാരൊക്കെ കൂടിനില്‍ക്കുന്നത്.
കൊട്ടാരത്തിന്റെ അങ്കണത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഉയരമുള്ള കൊടിമരത്തില്‍ പാറിക്കളിക്കുന്ന വലിയ ദേശീയപതാക. ഒരു ചതുരത്തെ ഓറഞ്ചും മഞ്ഞയുമായി വികര്‍ണ്ണം വേര്‍തിരിക്കുന്നു. അതില്‍ ആലേഖനം ചെയ്തിരിക്കുന്ന വ്യാളീ രൂപം. എന്നും രാവിലെ ഔദ്യോഗിക നടപടികളുടെ ആരംഭമായി പതാക ഉയര്‍ത്തല്‍ ചടങ്ങുണ്ടാകും. വൈകുന്നേരം താഴ്ത്തുകയും ചെയ്യും.
എല്ലാവരും അക്ഷമരായി കാത്തുനില്‍ക്കേ കൃത്യസമയത്തു തന്നെ സൈനികരുടെ ഒരു ചെറിയ നിര മാര്‍ച്ചു ചെയ്തുവന്ന് എല്ലാവിധ ആദരവുകളോടെയും ചടങ്ങു നിര്‍വ്വഹിച്ച് പതാകയുമായി മടങ്ങിപ്പോവുകയും ചെയ്തു. അതിനു ശേഷം മാത്രമേ കൊട്ടാരത്തിലേയ്ക്കു കടക്കാന്‍ അനുവാദമുള്ലു. അവിടെ കാത്തു നില്‍ക്കുന്നതിനിടയില്‍ തദ്ദേശിയരായ ചിലരോടു പരിചയം കൂടാനും ഒപ്പം നിന്നു ഫോട്ടോ എടുക്കാനും കഴിഞ്ഞു.
കൊട്ടാരത്തിനുള്ളിലേയ്ക്കു പ്രവേശിക്കുന്നതിനു മുന്‍പ് കര്‍ശനമായ പരിശോധനയുണ്ട്. അതിനു ശേഷം ഓരോ നിലകളിലേയും കാഴ്ചകള്‍ കാണാനാവും .തീപ്പെട്ട രാജമാതാവ് ഗായും ഫുണ്ട്ഷോ ഈ കൊട്ടാരത്തില്‍ വളരെക്കാലം താമസിച്ചിരുന്നതാണ്. അക്കാലങ്ങളില്‍ ചിത്രങ്ങളാലും ശില്‍പങ്ങളാലും ഒക്കെ വൈവിധ്യമാര്‍ന്ന മെഴുകുതിരിക്കാലുകളും ഒക്കെയുള്ള മനോഹരമായൊരു പ്രാര്‍ത്ഥനാലയവും ഒരുക്കിയിരുന്നു.
കൊട്ടാരത്തിന്റെ ഏറ്റവും മുകളിലത്തെ നില |
1957ല്‍ അന്നത്തെ രാജാവായിരുന്ന് ഡ്രുക്ക് ഗ്യാല്പോ ജിഗ്മേ വാങ്ങ്ചുക്ക് അവിടെയുള്ല മൊണാസ്ട്രിയിലെ കുട്ടികളെ ഥാങ്കാ എംബ്രോയിഡറി പരിശീലിപ്പിക്കുന്നതിനായി ലാം ഡര്‍ലോപ് ഡോര്‍ജി എന്ന വിദഗ്ദ്ധന്റെ മേല്‍നോട്ടത്തില്‍ ഒരു പഠനകേന്ദ്രം തന്നെ ആരംഭിച്ചു.
ഇവിടെ നിര്മ്മിക്കുന്ന ഥാങ്കാ ചിത്രങ്ങള്‍ ലോകപ്രസിദ്ധമാണ്. ഇവ പട്ടുതുണിയിലോ പരുത്തിത്തുണിയിലോ ആണു ചെയ്യുന്നത്. അതി സൂക്ഷ്മമായ ആലേഖനരീതിയാണിതില്‍.
സാധാരനരീതിയില്‍ ഫ്രെയിം ചെയ്തു വെയ്ക്കാറില്ല. ചുരുട്ടിയെടുത്താണ് വെയ്ക്കുന്നത്. ബുദ്ധമതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചിത്രങ്ങള്‍ക്കു നിദാനം. ചെറുതു മുതല്‍ വളരെ വലിയ ചിത്രങ്ങള്‍ വരെ ഇവിടെ നിര്‍മ്മിക്കുന്നുണ്ട്.
( ഈ ചിത്രത്തിന്റെ വില ഏഴരലക്ഷം രൂപയ്ക്കു മുകളിലാണ് )
തനതായ ഭൂട്ടാന്‍ വാസ്തുകലയുടെ സൗന്ദര്യത്തിന്റേയും ഗാംഭീര്യത്തിന്റേയും ഒരു പരിഛേദം തന്നെയാണ് ഈ കൊട്ടാരക്കെട്ട്.
ഏറ്റവും മുകളിലെ നിലയിലും അതിശയിപ്പിക്കുന്ന രീതിയില്‍ തയാറാക്കിയിരിക്കുന്ന പനിനീര്‍പ്പൂക്കളുടെ ഉദ്യാനവും മരങ്ങളും ഒക്കെയുണ്ട്.
കാഴ്ചകള്‍ ഒക്കെ കണ്ടുകണ്ടു സമയം പോയതറിഞ്ഞതേയില്ല. മടക്കയാത്രയില്‍ തിംഫുവിന്റെ തിരക്കൊട്ടുമില്ലാത്ത തെരുവുകള്‍ ശാന്തമായൊഴുകുന്നൊരു നദിപോലെ.. ഇടയ്ക്ക് കഴുകാന്‍ കൊടുത്തിരുന്ന വസ്ത്രം മടക്കി വാങ്ങി. ബില്ലു കണ്ട് അലപം വലുതായി തന്നെ ഒന്നു ഞെട്ടി 560 രൂപ. പിന്നെ .. ഒരു പൊട്ടിച്ചിരിയായി അതവസാനിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ..ചിരിക്കിടയില്‍ ഹോട്ടലിലെത്തിയത് അറിഞ്ഞതേയില്ല. ഇത് തിംഫുവിലെ അവസാന രാവാണ്. ഹോട്ടലിലെത്തി ബില്ല് റെഡിയാക്കാന്‍ പറയണം റിസപ്ഷനില്‍ എത്തിയപ്പോള്‍ ഏതോ ഭൂട്ടാനീസ് ഗാനം കേള്‍ക്കുന്നു. നമ്മുടെ ഏതോ കൃഷ്ണഗാനം കേള്‍ക്കുമ്പോലെ മധുരമായ ശബ്ദവും അതിലോലമായ ഈണവും.
പുലര്‍ച്ചെ തന്നെ പാരോയിലേയ്ക്കു യാത്രയാവണം. പക്ഷേ ഭക്ഷണം കൂടെ കരുതണമെന്ന് സൈകത് പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു. ഏഴരയ്ക്കേ അവിടെ റെസ്ടൊറന്റ് തുറക്കൂ. എട്ടുമണിക്ക് പാഴ്സല്‍ റെഡിയാക്കാമെന്നു റിസപ്ഷനില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടി ഉറപ്പു തന്നു. രാത്രി ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് ഞങ്ങള്‍ മുറിയിലേയ്ക്കു പോയി. കുളിച്ചു വരുമ്പോഴേയ്ക്കും എല്ലാം തയാറായിരിക്കും.
ഭൂട്ടാനിലെ യാത്രയ്ക്ക് അവസാനമാകുന്നു അല്ലേ
ReplyDeleteഇഷ്ടപ്പെട്ടു......
ReplyDeleteആശംസകള്‍