Tuesday, July 14, 2015

സോല്‍ക്കഢി ( सोलकढी )

സോല്‍ക്കഢി

(  ഇന്നലെ ഹരിശ്രീയില്‍ നടത്തിയ  ക്വിസ്സ് പ്രോഗ്രാമില്‍ വന്ന തര്‍ക്കമാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. )
.
നമുക്കു മലയാളികള്‍ക്ക് ഇതത്ര സുപരിചിതമായ പേരല്ലെങ്കിലും  ഗോവയിലും മഹാരാഷ്ട്രയിലുള്ളവര്‍ക്കും- പ്രത്യേകിച്ച് കൊങ്കണ്‍, മുംബൈ നിവാസികള്‍ക്ക്- ചെറുപുളിരസമുള്ള ഭംഗിയുള്ള നേര്‍ത്ത പിങ്കു നിറത്തിലുള്ള ഈ പാനീയം വളരെ പ്രിയപ്പെട്ടതാണ്. സാധാരണയായി സസ്യേതരഭക്ഷണത്തോടൊപ്പമാണ്- പ്രത്യേകിച്ച് മത്സ്യവിഭവങ്ങള്‍ ധാരാളമായി കഴിക്കുമ്പോള്‍- സോല്‍ക്കഢി കഴിക്കുന്നത്. സംഭാരം പോലെ തണുപ്പു ലഭിക്കുന്നതിനും ഇതു കുടിക്കുന്നതു നല്ലതാണ്. പലപ്പോഴും കൊങ്ക്ണ്‍ വഴി ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ ചായയും കാപ്പിയും  സംഭാരവും ഒക്കെ പോലെ സോല്‍ക്കഢിയും വില്‍പ്പനയ്ക്കെത്താറുള്ളത് ഓര്‍ത്തുപോകുന്നു.


തേങ്ങാപ്പാലും കോക്കം സത്തുമാണ് സോല്‍ക്കഢി എന്ന പാനീയം തയ്യാറാക്കാനുള്ള പ്രധാന ചേരുവകള്‍. കോക്കം എന്നത് നമ്മള്‍ കുടം പുളി ഉപയോഗിക്കുന്നതിനു പകരമായി കൊങ്കണിലെ പാചകരീതികളില്‍ ഉപയോഗിക്കുന്ന പുളിയുള്ളൊരു കായയാണ്. മാംഗുസ്റ്റിന്‍ ഇനത്തില്‍ പെട്ട ഒരു മരത്തിന്റെ പഴമാണ് കോക്കം.
പഴുത്ത പ്ലം പോലെ കണ്ടാല്‍ തോന്നും രത്നഗിരി , മാല്‍വാന്‍ ഭാഗത്തൊക്കെ ഈ വൃക്ഷം സര്‍വ്വസാധാരണമായി കാണുന്നു.  മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്നത് ഉണങ്ങിയ കോക്കമാണ്. കറുത്ത നിറത്തില്‍ ആണെങ്കിലും വെള്ലത്തില്‍ കുതിര്‍ത്തു സത്തെടുത്താല്‍ കടും വൈലറ്റു നിറമായിരിക്കും.
സിറപ്പു മാത്രമായും ജാറിലും കുപ്പികളിലും ഒക്കെ വാങ്ങാന്‍ ലഭിക്കും. (ചിലത് പഞ്ചസ്സാര ചേര്‍ത്തതായിരിക്കും. അതില്‍ ആവശ്യത്തിനു തണുത്ത വെള്ളം ചേര്‍ത്താല്‍ നല്ലൊരു മധുരപാനീയമായി ഉപയോഗിക്കാം. നിറവു മണവും കൃത്രിമമായി  ചേര്‍ത്തു ലഭിക്കുന്ന  പാനീയങ്ങളേക്കാള്‍ വളരെയധികം ഗുണമേന്മയുള്ലതാണിത്.  )


ഒരു ഗ്ലാസ്സ് സോല്‍ക്കഢി തയ്യാറാക്കാന്‍ തേങ്ങ ചുരണ്ടിയത് ഒരു കപ്പെടുത്ത് വെള്ലം ചേര്‍ത്ത് മിക്സിയിലടിച്ചോ മറ്റൊ നന്നായി പാല്‍ പിഴിഞ്ഞെടുക്കുക. പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും ഒക്കെ ഇതോടൊപ്പം സ്വാദ് ഇഷ്ടമുള്ളവര്‍ക്കു കുറഞ്ഞ അളവില്‍ ചേര്‍ക്കാവുന്നതാണ്. അരിച്ചെടുത്ത തേങ്ങാപ്പാലില്‍ കോക്കം സിറപ്പും അല്‍പ്പം കായപ്പൊടിയും ഉപ്പും ചേര്‍ക്കുക. നന്നായി ഇളക്കി കുറച്ചു സമയം വെയ്ക്കുന്നതു നന്നായിരിക്കും . വീണ്ടും നന്നായി ഇളക്കി മല്ലിയില അരിഞ്ഞത് മുകളില്‍ തൂകി ഉപയോഗിക്കാം. ഇത് ആഹാരത്തിനു മുന്‍പു കഴിക്കുന്നതു വിശപ്പുണ്ടാക്കാന്‍ സഹായിക്കും. ആഹാരശേഷമാണെങ്കില്‍  ദഹനത്തിനു ഉത്തേജനമാവുകയും ചെയ്യും. നമ്മള്‍ ഊണുകഴിക്കുമ്പോള്‍ അവസാനം കുറച്ചു മോരൊഴിച്ചുണ്ണുന്നതുപോലെ കൊങ്കണികളും ഇത് ചോറിലൊഴിച്ചും കഴിക്കാറുണ്ട്. കൊങ്കണ്‍, മാല്‍വന്‍ ഭാഗത്തെ പാചകത്തില്‍ എരുവിനു നല്ല പ്രാധാന്യമുണ്ട്. അത്തരമൊരു ഭക്ഷനത്തിനു ശേഷം ഈ പാനീയം ഒരു വലിയ ആശ്വാസവും ആകും.  ഉന്‍മേഷം നല്‍കാനും  ദുര്‍മ്മേദസ്സ് കുറയ്ക്കാനും സോല്‍ക്കഢി ഒരു നല്ല ഉപാധിയാണെന്ന് പല കൊങ്കണ്‍ സുഹൃത്തുക്കളും പറഞ്ഞു കേട്ടിട്ടുണ്ട്. ഈ പാനീയം പ്രമേഹരോഗികള്‍ക്കും കൊളസ്ട്രോള്‍ ഉള്ലവര്‍ക്കും പഥ്യമത്രേ.

എല്ലാ കൂട്ടുകാര്‍ക്കും ഒരു നല്ല സോല്‍ക്കഢി സുപ്രഭാതം അശംസിക്കുന്നു,
 സസ്നേഹം മിനി മോഹനന്‍.

4 comments:

  1. ഇതൊക്കെ ആദ്യം കേള്‍ക്കുവാണേ.
    സോല്‍ക്കഡിയും കോക്കവുമൊക്കെ

    ReplyDelete
  2. നല്ല വിവരണം
    ആശംസകള്‍

    ReplyDelete
  3. ഇതു വായിച്ചപ്പോൾ സോൽക്കഢി കുടിക്കാൻ ഒരു ആഗ്രഹം...

    ReplyDelete