Sunday, August 23, 2015

രാഗം മോഹനം, പ്രണയാര്‍ദ്രസംഗിതം

എന്റെ ഏകാന്തതയുടെ
ഊഷരഭൂമികയിലേയ്ക്ക്
ഒരു സഞ്ജീവനീ വര്‍ഷമായ് പെയ്തിറങ്ങാന്‍
സ്വപ്നങ്ങളുടെ ഗഗനവീഥിയില്‍ കൂടുകൂട്ടിയ
ആര്‍ദ്ര മേഘമേ,
എപ്പോഴാണ് നീയൊന്നു മാരി ചൊരിയുക!!
സംഗീത വര്‍ഷമായ് എപ്പോഴാണു നിന്റെ പദസഞ്ചയഗീതികള്‍
എന്റെ ഹൃദയത്തില്‍ കുളിര്‍മഴ തൂവുക!
ജന്മാന്തരങ്ങളായ്
നീ എന്നിലുണ്ടെന്ന് തിരിച്ചറിയുകയാണ്
ഇന്നു ഞാനോരോ നിമിഷവും.
ഈ നിമിഷങ്ങളില്‍
പ്രണയപ്പക്ഷീ, നീന്റെ സ്നേഹം
നിശാന്ധകാരത്തില്‍ മാര്‍ഗ്ഗദീപമായ്,
പകല്‍ താപത്തില്‍ കുളിരേകും തണലായ്
എന്നോടൊപ്പമുണ്ടെന്നത് ഞാനറിയുന്നു.
ആ ഉണ്മയില്‍ ഞാനെല്ലാം മറക്കുന്നു..
പ്രണയാര്‍ദ്രമേഘമേ, നിന്നിലലിയുകയണ് ഞാനോരോ നിമിഷവും.
നിന്നെ അറിയുകയാണ് ഓരോ സ്പന്ദനത്തിലും...
എത്രയും വേഗം നിന്റെ ഗാനവീചികള്‍
എന്റെ ആത്മഹര്‍ഷമാവുക,
ആ നിമിഷങ്ങള്‍ക്കായ് കാത്തിരിക്കുന്നു ഞാന്‍
നീയെന്റെ പ്രാണനില്‍ പ്രാണന്‍..
എന്റെ സംഗീതസായൂജ്യം..
ശ്രുതിമധുര മോഹനരാഗം ....

Friday, August 21, 2015

പ്രഭാതവന്ദനം


വീണ്ടുമൊരു പുതു പുലരി
കിഴക്കിന്റെ തിരശ്ശീല വകഞ്ഞുമാറ്റി
ഭൂമിദേവിയെ തൊട്ടുണര്‍ത്താനെത്തുമ്പോള്‍
ഒരു തുയിലുണ്ര്‍ത്തുപാട്ടിനായ്
ഞാന്‍ കാതോര്‍ക്കുകയാണ്.
ഒരു സ്നേഹവെളിച്ചതിന്റെ
നനുത്ത ചുംബനത്തിനായ്
എന്റെ മിഴിപ്പോളകള്‍ കാത്തിരിക്കുന്നു.
ഈ നീണ്ടപകലിലേയ്ക്ക്
പാദങ്ങളൂന്നുമ്പോള്‍
വിരല്‍ത്തുമ്പുകളില്‍ സ്പര്‍ശിച്ചു
നിന്റെ പ്രണയം കൂടെയുണ്ടാവണമെന്നത്
എന്റെ സ്വപ്നം.
ഇന്നലെകളില്‍ ഹൃദയത്തില്‍ മൊട്ടിട്ട,
വിരിയാന്‍ തുടിക്കുന്ന എന്റെ സ്വപ്നം.
ഈ സ്വപ്നത്തുരുത്തിലേയ്ക്ക്
സ്വാഗതമോതാന്‍ ഇതാ
എന്റെ സുപ്രഭാതാശംസകള്‍.
ഈ ദിനം സഫലമാകട്ടെ പ്രിയ സഖേ..
പ്രഭാതവന്ദനം.

Thursday, August 20, 2015

യാനം

സ്വപ്നങ്ങള്‍ക്കു നിറപ്പകിട്ടുണ്ടെന്ന്
സന്ധ്യയാണെനിക്കു കാട്ടിത്തന്നത്.
ചിറകുകളുണ്ടെന്നതു മേഘങ്ങളും.
പ്രണയമാനസങ്ങള്‍ നക്ഷത്ര ഖചിതങ്ങളെന്ന്
എന്നോടു മന്ത്രിച്ചത്
ഇരുളുമൂടിയ അനന്തവിഹായസ്സും.
വര്‍ണ്ണശബളമായ സ്വപ്നങ്ങളുമായി,
മേഘച്ചിറകുകളോടെ
ഹൃദയങ്ങളൊന്നായ്
പറന്നുയരാം..
രാവു വിരിച്ചിട്ട ആകാശപ്പരവതാനിയില്‍
നക്ഷത്രങ്ങള്‍ക്കിടയിലൂടെ
എത്ര ദൂരം സഞ്ചരിക്കാനാവും!
നിന്റെ സ്നേഹവിരലുകള്‍
എന്നോടു ചേര്‍ന്നുണ്ടെങ്കില്‍
പ്രളയകാലത്തോളം....
പ്രണയം നുകര്‍ന്ന്
അനന്തതയിലേയ്ക്കു
നടന്നു കയറാം നമുക്ക്..
ഒരു മനസ്സും ശരീരവുമായി
ശൂന്യതയില്‍
വിലയം പ്രാപിക്കാം.

ഓണം.. അക്ഷരങ്ങളിലൂടെ....

ഓണം..ഇന്നലെയുടെ അക്ഷരങ്ങളിലൂടെ...ഇന്നിന്റെ ആത്മഹര്‍ഷങ്ങളിലൂടെ..
..............................................................................................................

ഓണം മലയാളിക്ക് ആണ്ടിലൊരിക്കല്‍ കൊണ്ടാടുന്ന ഉത്സവം മാത്രമല്ല. ആത്മാവിലെ ഓരോ അംശത്തിലും അലിഞ്ഞുചേര്‍ന്നിരിക്കുന്ന സംസ്കാരതന്തു കൂടിയാണ്. പ്രതീക്ഷകളുടെ നന്മയുടെ പ്രതീകമായൊരു ദീപ്ത സ്മരണയാണ് . അതിനാലായിരിക്കാം ഭാഷാസാഹിത്യത്തില്‍ ഓണം ആധാരമായുള്ള രചനകള്‍ക്ക് മുല്യവും അതിനൊത്ത സ്വീകാര്യതയും എക്കാലത്തും കൈവന്നു പോന്നതും. കവിതകളുടെ കാര്യത്തില്‍ ഉദാഹരണങ്ങള്‍ ഒട്ടനവധിയാണ്.  ഒന്നെത്തിനോക്കാം പ്രസിദ്ധര്‍ രചിച്ച ഓണക്കവിതകളിലേയ്ക്കും ഓണപ്പാട്ടുകളിലേയ്ക്കും

ആദ്യം ഓര്‍മ്മയിലെത്തുന്നത് മാവേലിയെക്കുറിച്ചുള്ളതു തന്നെ .നൂറ്റാണ്ടുകള്‍ക്കു മുമ്പ് ശങ്കരകവി എഴുതിയതെന്നു കരുതപ്പെടുന്ന ‘മാവേലിചരിത’ത്തില്‍ നിന്നെടുത്തതാണ് ഈ  വരികള്‍. മുന്നൂറോളം വരികളുള്ള കാവ്യത്തിലെ പ്രധാന വരികളാണിവ.

"മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളും ഒന്നുപോലെ
നെല്ലിന്നു നൂറുവിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ
ഭൂലോകമൊക്കേയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ,ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ.
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലമഴ പെയ്യും വേണ്ടുംനേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ"

ഓണം ആബാലവൃദ്ധം ജനങ്ങളും അത്യാഹ്ളാദത്തോടെ ആഘോഷിക്കുന്നതാകയാല്‍ അതിനുള്ള ഒരുക്കങ്ങളും അത്രത്തോളം ഗരിമയുള്ളതായിരിക്കും. വേണ്ടത്ര സന്നാഹങ്ങള്‍ നടത്തിയില്ലെന്ന തോന്നല്‍ അതുകൊണ്ടുതന്നെ എല്ലാവരുടേയും മനസ്സില്‍ ഉണ്ടാവും. അങ്ങനെയൊരു ആകുലത ഈ പാട്ടില്‍ . നോക്കൂ എത്ര നിഷ്കളങ്കമായ ആവലാതികള്‍

"ചന്തത്തിൽ മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലി ഓണം വന്നൂ
ചന്തക്കുപോയീല നേന്ത്രക്കാ വാങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പന്തുകളിച്ചീല പന്തലുമിട്ടീല
എന്തെന്റെ മാവേലി ഓണം വന്നൂ
അമ്മാവൻ വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
അച്ഛനും വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
നെല്ലു പുഴങ്ങീല, തെല്ലുമുണങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പിള്ളേരും വന്നീല, പാഠം നിറുത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
തട്ടാനും വന്നീല, താലിയും തീർത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ......."..

ഇങ്ങനെയൊക്കെയാണെങ്കിലും അത്തം മുതലുള്ള പൂക്കളത്തിനു മാറ്റു കുറവില്ല നോക്കൂ ഈ വരികള്‍ നോക്കൂ

"കറ്റകറ്റക്കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടേ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ .......
തുമ്പേലരിമ്പേലൊരീരമ്പൻ തുമ്പ
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ.......

പൂവായ പൂവെല്ലാം പിള്ളേരറത്തു
പൂവാങ്കുറുന്തില ഞാനുമറുത്തു
പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു
പൂവേ പൊലി.......
അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി
മുറ്റത്തൊരാലു മുളച്ചു
ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി..."

ഓണാഘോഷങ്ങളില്‍ ഓണക്കളികള്‍ക്കുള്ള പ്രാധാന്യം എടുത്തുപറയത്തക്കതാണ്. പെണ്‍കുട്ടികള്‍ക്കു കുടമൂത്തും തുമ്പിതുള്ളലും ഊഞ്ഞാലാട്ടവുമായിരിക്കും. എല്ലാം തന്നെ പാട്ടുകളുടെ അകമ്പടിയോടെ. ഈ പാട്ടുകള്‍ക്കൊക്കെ ഓരോ ദേശത്തും രൂപവ്യത്യാസം ഉണ്ടായിരിക്കുമെങ്കിലും എന്തെങ്കിലുമൊക്കെ സമാനതയും കാണാനാവും. കളികൊഴുക്കുന്നതോടെ ഈണവും താളവും മാറിക്കൊണ്ടിരിക്കും ഓരോ പാട്ടിനും.

" കൊച്ചു തുമ്പി
എന്റെകൂടെ പോരുമോ നീ
കളിപ്പാൻ കളം തരുവേ
കുളിപ്പാൻ കുളം തരുവേ
കൈ കഴുകാൻ വെള്ളിക്കിണ്ടി
കൈ തോർത്താൻ പുള്ളിപ്പട്ട്
ഇട്ടിരിയ്ക്കാൻ പൊൻതളിക
ഇട്ടുണ്ണാൻ വെള്ളിക്കിണ്ണം
ഒന്നാമൻ വമ്പൻ തുമ്പി
നീ കൂടെ പോര വേണം"
ഇങ്ങനെ വളരെ സാവധാനത്തിലായിരിക്കും തുമ്പിതുള്ലല്‍ തുടങ്ങുമ്പോള്‍ പാടുക. മുന്‍പില്‍ പൂക്കുലവെച്ച് തുമ്പിപ്പെണ്ണ് കണ്ണു പൂട്ടിയിരിക്കുന്നുണ്ടാവും . മെല്ലെ പാട്ടിന്റെ മട്ടു മാറും 

"മലരും തേനുണ്ടേ കണ്ടോ
ഇന്നലെ കണ്ടു ഞാനും
പൂഞ്ചോലക്കാവിൽ വെച്ച്
പുതു കച്ച കച്ച കെട്ടി
പുതുമുണ്ടും തോളിലേന്തി
അഞ്ജനക്കണ്ണെഴുതി
കുങ്കുമക്കുറി വരച്ചു
പട്ടു കൊണ്ടു തടമുടുത്തു
പൊന്നൂ കൊണ്ടൊരു കൂടാരോം.. കൂടാരോം..
ഞാൻ വെച്ചൊരു കൊച്ചുമുല്ല
പൂക്കാതെ പൂചെരിഞ്ഞു
പൂക്കളത്തിൽ വീണ പൂവേ
താനേ വന്നൂ തളിർത്തു
ഗണപതിയ്ക്കു വരം കൊള്ളട്ടെ.. വരം കൊള്ളട്ടെ..."

പിന്നെയും പാട്ടുകളുടെ ഗതി മാറിക്കോണ്ടേയിരിക്കും . കൈകൊട്ടിന്റെ വേഗതയും കൂടിവരും 
"ഒന്നാമൻ തണ്ട് കരിമ്പനത്തണ്ടുമ്മെ
ഒന്നല്ലൊ പാമ്പ് പരക്കം വെച്ചെ
പാമ്പിന്റടി തെളി നീർ തെളി കാണുമ്പോ
മാനത്തെ പാമ്പിന് തേരോട്ടല്ലൊ... തേരോട്ടല്ലൊ....

ഒന്നാമൻ കണ്ടം ചെറുകണ്ടം കൊയ്യുമ്പോ
നീയെവിടെപ്പോയെന്റെ തുമ്പിമാരെ
ഞാനെന്റെ മക്കളും പേരക്കിടാങ്ങളും
ആ മല ഈ മല പൊന്മല കേറീട്ടു
തുമ്പ തലപ്പുള്ള്യേ തുമ്പ്യൊറയാൻ" ..

ചിലപ്പോള്‍ ചില തനിയാവര്‍ത്തനപ്പാട്ടുകള്‍ ഇടയ്ക്കു പാടി തുള്ലലിനു കൊഴുപ്പു കൂട്ടും
" ഒന്നുപെറ്റ നാത്തൂന്മാരേ മീന്‍കളി കാണാന്‍ പോരുന്നോ
മീന്‍ കളിച്ചു മറിഞ്ഞു വരുമ്പോള്‍ മീന്റെ വാലേ പൂവാലേ.." 

ഇത് രണ്ടും മൂന്നുംപുന്നെയും മുന്നോട്ടും പൊയക്കോണ്ടിരിക്കും,.

"ആശാന്റെ പാടത്തെന്തിന്‌ കുഞ്ഞിത്തേയി നീ പോയി?
ആരാന്റെ പാടത്തെങ്ങളും കറ്റപെറുക്കാൻ ഞാൻ പോയീ
ആരാന്റെ പാടത്തെ കറ്റകളെന്താ നീ ചെയ്യ്‌വാ?
കറ്റകളെല്ലാം കെട്ടിമെതിച്ച്‌ നെന്മണിയാക്കി മാറ്റും ഞാൻ

നെന്മണിയാക്കിവന്നാ പിന്നെ
എന്താ ചെയ്യ്‌വാ നാത്തൂനേ?
നെന്മണികുത്തി കുത്തിനിന്ന്‌
പുത്തരിച്ചോറ്‌ വിളമ്പൂലോ
പുത്തരിച്ചോറുവിളമ്പി കുഞ്ഞിനു
പുത്തരിയോണം തീർക്കൂലോ
പുത്തരിയോണം തീർത്താപ്പിന്നേ
ഓണത്തപ്പനെ വെക്കൂലോ
തുമ്പിതുള്ള്യാൽ നാത്തൂനേ
നാത്തൂൻ കൂടി തുള്ളൂലോ".. ഇങ്ങനെ പാട്ടു മുറുകുമ്പോള്‍ തുമ്പി തുള്ളാന്‍ തുടങ്ങും . തുള്ളി തുള്ളി ഒടുവില്‍ തുമ്പി തളര്‍ന്നു ബോധം കെട്ടു വീണിരിക്കും. കുടമൂത്തിനും സമാനഭാവം തന്നെ. 

ഈ ഓണപ്പാട്ടുകളൊക്കെ കാലാകാലങ്ങളായി പാടിപ്പതിഞ്ഞുകിടക്കുന്നതെങ്കിലും ആരെഴുതിയെന്ന് ആരും തിരക്കാറില്ല. അതിന്റെയൊന്നും വിശ്വസനീയമായ രേഖകളുമില്ല. പക്ഷേ നമ്മുടെ പ്രിയ കവികളൊക്കെ തങ്ങളുടെ രചനാവൈഭവം കൊണ്ട് ഓണത്തെ മഹത്വവത്കരിച്ചിരിക്കുന്നതു കാണാം.

"പൂവുകളിറുക്കുമ്പോള്‍
പുളകം കൊള്ളും കാലം
പൂക്കളത്തിനു ചുറ്റുമാര്‍ത്തു
തുള്ളിടുന്ന കാലം" എന്നാണ് ജ്ഞാനപീഠജേതാവ് ജി ശങ്കരക്കുറുപ്പു പാടിയത്.

അദ്ദേഹത്തിനിനിയും ചോദിക്കാനുണ്ട്..
" ഓണമേ നിനക്കൊരു പാട്ടുപാടാമോ വന്നെന്‍
പ്രാണനില്‍ക്കടന്നിരുന്നെന്റെ മണ്‍കുടില്‍ പൂകി
പോയകാലത്തിന്‍ വെട്ടമിത്തിരി കിടപ്പുണ്ടു,
നീയിതിലിരുന്നൊരു കൊച്ചു പല്ലവി പാടൂ.
കിഴക്കിന്‍ മുടികള്‍തന്‍ മോഹനമാമാരോഹം
ഇടയ്ക്കു നിന്നാത്മാവിന്‍ മുദ്രയാം വ്യക്തിത്വങ്ങള്‍
തുടിക്കും സ്ഫുരജ്ജീവ സ്വരസങ്കലനവും
നിഴലിട്ടതാവണം നിന്‍രാഗചിത്രം, മേടും
പുഴയും കടും വര്‍ണ്ണോന്മീലനങ്ങളില്‍ വേണ്ടേ?"


ഇടപ്പള്ളി പറയുന്നു .. പോകല്ലേ പോകല്ലേ പൊന്നോണമേ...


ആനന്ദ, മാനന്ദം കൂട്ടുകാരേ,
ഹാ! നമ്മള്‍ക്കോണമിങ്ങെത്തി ചാരേ;
വിണ്ണോളം മന്നിനെ പൊക്കും നാളേ,
പൊന്നോണനാളേ, ജയിക്ക നീളേ!
വര്‍ഷം കഴിഞ്ഞൂ, കൊയിത്തു തീര്‍ന്നൂ,
കര്‍ഷകരെല്ലാരും ഹര്‍ഷമാര്‍ന്നൂ;
സസ്യലതാദികള്‍ സല്‍ഫലത്താ-
ലുത്സവം കണ്ണിന്നരുളിയാര്‍ക്കും;
കാര്‍മുകില്‍മാല മറഞ്ഞു വാനം
ശ്യാമളകോമളമാകമാനം;
ഓരോരോ രാവും കുളുര്‍മയേന്തും
ഓണനിലാവിനാലോളംതല്ലും!
.....................................
'മാവേലി' തന്നുടെ നാടു കാണ്മാന്‍
താവും മുദമോടെഴുന്നള്ളുന്നൂ;
ദാനവവീരനദ്ദാനശീലന്‍
ആനന്ദനൃത്തങ്ങളാടിടുന്നു.
പോവല്ലേ, പോവല്ലേ, പൊന്നോണമേ!
പൂവല്ലേ ഞാനിട്ടു പൂജിക്കുന്നു! ...

ജീവിതയാത്ര സഫലമാക്കിയ കക്കാടിന്റെ കവിത നോക്കൂ

നന്ദി, തിരുവോണമേ നന്ദി,
നീ വന്നുവല്ലേ?
അടിമണ്ണിടിഞ്ഞു കടയിളകി-
ച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍
ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി.
ആട്ടം കഴിഞ്ഞു
കളിയരങ്ങത്തു തനിച്ചു വെറുക്കനെ-
പ്പടുതിരി കത്തിക്കരിഞ്ഞുമണത്ത
കളിവിളക്കിന്‍ ചിരി
ഇപ്പൊളോര്‍ക്കുന്നുവോ?
ഇനിയൊരു കളിക്കിതു കൊളുത്തേണ്ട-
യെന്നോര്‍ത്തിരിക്കെ, നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി.

വൈലോപ്പിള്ളിയുടെ ഓണപ്പാട്ടുകാര്‍ പാടുന്നതു കേള്‍ക്കൂ...
" അരിമയിലോണപ്പാട്ടുകള്‍ പാടി
പ്പെരുവഴി താണ്ടും കേവല,എപ്പൊഴു-
മരവയര്‍ പട്ടിണിപെട്ടവര്‍, കീറി-
പ്പഴകിയ കൂറ പുതച്ചവര്‍ ഞ്ങ്ങള്‍;
നരയുടെ മഞ്ഞുകള്‍ ചിന്നിയ ഞങ്ങടെ
തലകളില്‍ മങ്ങിയൊതുങ്ങിയിരിപ്പൂ
നിരവധി പുരുഷായുസ്സിന്നപ്പുറ-
മാളിയൊരോണപ്പൊന്‍കിരണങ്ങള്‍ "

കുഞ്ഞിക്കവിതകള്‍ കൊണ്ടു മലയാളത്തിനെന്നും ഓണമൊരുക്കിയിരുന്ന കുഞ്ഞുണ്ണിമാഷിന്റെ ഓണ ഓര്‍മ്മകള്‍ നോക്കൂ..
"ഓണപ്പൂക്കുട ചൂടിക്കൊണ്ടെ-
ന്നോണത്തപ്പനെഴുന്നെള്ളുമ്പോള്‍
പൂവേ പൊലി പൂവേപൊലി പൂവേ പൊലി പൂവേ..
പൊന്‍വെയിലും പൂനിലാവും
പൊന്നോണപ്പകലൊളി രാവൊളി
പൂവേ പൊലി പൂവേപൊലി പൂവേ പൊലി പൂവേ.."

ഓളപ്പമണ്ണ പാടുന്നതാകട്ടെ
" കുട്ടികളെത്തിയ കുറ്റിക്കാട്ടില്‍
പൊട്ടിവിടര്‍ന്നു പൊന്നോണം"
അദ്ദേഹം പറയുന്നു....
"ആനന്ദിക്കുകയല്ലേയിപ്പൊ-
ന്നോണക്കാലത്തെല്ലാരും.
ഇന്നാണല്ലോ പാതാളം വി-
ട്ടിങ്ങോട്ടെത്തുക മാവേലി!
ആരും കരയരുതാരും കരയരു-
തദ്ദേഹത്തിന്‍ തിരുമുമ്പില്‍! "

സ്പന്ദിക്കുന്ന അസ്ഥിമാടത്തില്‍ ചങ്ങമ്പുഴയുടെ നീലി ചോദിക്കുന്നതു കേള്‍ക്കൂ

"ഓണപ്പൂക്കൾ പറിച്ചില്ലേ നീ-
യോണക്കോടിയുടുത്തില്ലേ?
പൊന്നുഞ്ചിങ്ങം വന്നിട്ടും, നീ
മിന്നും മാലേം കെട്ടില്ലേ?
മണിമിറ്റത്താ മാവേലിയ്ക്കൊരു
മരതകപീഠം വെച്ചില്ലേ?
കാലം മുഴുവൻ പോയല്ലോ!
കാണാങ്കിട്ടാതായല്ലാ!
നാമല്ലാതിവിടല്ലല്ലാ!
നാണിച്ചിങ്ങനെ നിന്നാലാ ...!"

 ഇന്നിന്റെ കവി  മുരുകന്‍ കാട്ടാക്കട പറയുന്നു.

"ഓര്‍മ്മയ്ക്ക് പേരാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം
പൂര്‍വ്വ നേരിന്റെ നിനവാണിതോണം
ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം"

അതെ.. നമുക്കും അതേറ്റുപാടാം.. ഓര്‍മ്മയ്ക്കു പേരാണിതോണം. 


പൂക്കളവും ഓണച്ചിന്തകളും

ഓണമെന്നു ചിന്തിക്കുമ്പോള്‍ തന്നെ ആദ്യം  മനസ്സില്‍ നിറഞ്ഞുവരുന്ന ചിത്രം പൂക്കളത്തിന്റേതാണ്. ഒരുപക്ഷേ മാവേലിപോലും പിന്നെയേ എത്തൂ എന്നാണെന്റെ പക്ഷം. അതിനു കാരണവും മറ്റൊന്നല്ല. അത്തം മുതലുള്ള പൂക്കളമിടലാണല്ലോ ഓണാരംഭം. നമ്മുടെ മലയാളക്കരയിലല്ലാതെ വേറെ ലോകത്തെവിടെയെങ്കിലും ഇങ്ങനെ പൂക്കളമിടാറുണ്ടോ എന്നു സംശയം. ആഘോഷവേളകളില്‍  മറ്റു ദിക്കുകളിലൊക്കെ നിറങ്ങള്‍ കൊണ്ട് രംഗോളി തീര്‍ക്കുന്ന പതിവുണ്ട്. അരിപ്പൊടിക്കോലവും സുപരിചിതം എന്നാല്‍ പ്രകൃതിയുടെ നിറച്ചാര്‍ത്തിലൂടെ ആമോദമുണര്‍ത്തുന്ന ചിത്രഭംഗി നമുക്കു മാത്രം സ്വന്തം .

 എന്റെ കുട്ടിക്കാലത്ത് , അച്ഛന്റെ തൃക്കൊടിത്താനത്തെ തറവാടിനോടു ചേര്‍ന്നു കിടക്കുന്നു എന്റെ പൂക്കളസ്മരണകള്‍ . അച്ഛന്റെ ജ്യേഷ്ഠന്റെ മക്കളും അപ്പച്ചിയുടെ മക്കളും എന്റെ ചേച്ചിയും ഞാനും, പിന്നെ വേറെയും ബന്ധുക്കളും അയല്‍ക്കാരുമായ കുട്ടികളും ചേര്‍ന്ന ഞങ്ങളുടെ ബാലസംഘം. തൊട്ടടുത്ത കൈപ്പുഴയില്ലത്തെ അമ്പലമുറ്റത്ത് പിള്ളാരോണം മുതല്‍ പൂവിടല്‍ തുടങ്ങും ചാണകം മെഴുകിയ ചെറിയൊരു വട്ടത്തില്‍ തുമ്പപ്പൂവും തുളസിപ്പൂവും മാത്രം നിരത്തിയ പൂക്കളം. അത്തം നാള്‍ മുതലാണ് യഥാര്‍ത്ഥപൂക്കളം വരുന്നത്. ഞങ്ങള്‍ക്കും ആ പൂക്കളമാണു മാതൃക.

 തലേദിവസം രാത്രി തന്നെ വലിയ കളം ചാണകം മെഴുകി , മദ്ധ്യത്തില്‍ മണ്ണുകുഴച്ചുണ്ടാക്കിയ തൃക്കാക്കരപ്പനെ പ്രതിഷ്ഠിക്കും. അതിലും ചാണകം പൂശി ശുദ്ധിവരുത്തി തയ്യാറാക്കി വെയ്ക്കും അത്തം നാള്‍ തുമ്പപ്പൂവും തുളസിയും മാത്രമാണ് പൂക്കളത്തിലുണ്ടാവുക. ഒരു പച്ചീര്‍ക്കിലിയില്‍ വെള്ളപ്പൂക്കള്‍ മാത്രം കൊരുത്ത ഒരു പൂക്കുടയും വെയ്ക്കും. മറ്റു ദിവസങ്ങളില്‍ നിറമുള്ള പൂക്കള്‍ കൊണ്ടാവും കളമൊരുക്കുന്നത്. സ്കൂളില്‍ നിന്നു തന്നെ പൂക്കള്‍  ശേഖരിക്കാന്‍ തുടങ്ങും. മഴയൊന്നും ഒരു പ്രശ്നമേയല്ല.  വൈകുന്നേരം വന്നാല്‍ ഉടുപ്പു മാറിയിട്ട് പൂപറിച്ചിടാനുള്ള ഓലവട്ടിയുമായി ഒരോട്ടമാണ്. എല്ലാ മുറ്റത്തേയും പൂക്കള്‍ കുട്ടികള്‍ക്കു സ്വന്തം. പിറ്റെ ദിവസം വിരിയേണ്ട പൂക്കളുടെ മൊട്ടാണു പറിച്ചെടുക്കുക. വെള്ളം തളിച്ചു വെച്ചാല്‍ രാവിലെ വിടര്‍ന്നിരിക്കും.തുമ്പയും കാശിത്തുമ്പയും  ചെത്തിയും ചെമ്പരത്തിയും കദളിപ്പൂവും കനകാംബരവും മൂക്കുത്തിപ്പൂവും മുക്കുറ്റിപ്പൂവും കാക്കപ്പൂവും ശംഖുപുഷ്പവും.... പറഞ്ഞാല്‍ തീരില്ല. ഇതൊന്നും കൂടാതെ കയ്യാലകളില്‍ പടര്‍ന്നു കിടക്കുന്ന തേങ്ങാപ്പീരയെന്ന പച്ചിലത്തുടിപ്പും ..ചെറിയകുട്ടികള്‍ നിറം തിരിച്ചു പൂക്കള്‍ വേര്‍തിരിക്കും. ചേച്ചിമാരും ചേട്ടന്മാരുമാണു അതു മനോഹരമായി പൂക്കളമായി തീര്‍ത്തെടുക്കുന്നത്.  പൂക്കളം കണികണ്ടു വേണം സൂര്യഭഗവാന്‍ മുറ്റത്തെത്താന്‍ എന്നാണു പ്രായമായവര്‍ പറഞ്ഞു തന്നത്.   മഴയുണ്ടെങ്കില്‍ കുടകള്‍ നിവര്‍ത്തിവെച്ചു പൂക്കളം കുറേ നേരത്തേയ്ക്കെങ്കിലും സംരക്ഷിക്കും.

 ഓരോ ദിവസവും പൂക്കുടയുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. എന്നും ആദ്യം തൃക്കാക്കരപ്പന്റെ മുകളില്‍ ഓലക്കാല്‍ കൊണ്ട് വാച്ചുപോലെ ഒരു വട്ടമുണ്ടാക്കി ഉറപ്പിച്ച് അതില്‍ തുമ്പപ്പൂ ഇടുകയാണു ചെയ്യുന്നത്. പിന്നെയാണു മറ്റു പൂക്കള്‍ നിരത്തുക. മൂലം നാള്‍ മാത്രം ചതുരപ്പൂക്കളമായിരിക്കും. കാരണമൊന്നും അറിഞ്ഞിരുന്നില്ല. തിരുവോണദിവസം ഏഴുവെളുപ്പിനു തന്നെ പൂക്കളമിടും. അന്ന് പത്തു പൂക്കുടയുണ്ടാകും.  നിലവിളക്കു കൊളുത്തിവെച്ച്,  പൂവട നേദിച്ച്, അമ്പെയ്തു പൂവടയെടുക്കണമെന്നാണ്. അമ്പെയ്താലൊന്നും ആര്‍ക്കും അട കിട്ടാറില്ല. അതു പിന്നെ കൈകൊണ്ടു തന്നെ എടുത്തെല്ലാവരും കഴിക്കും . പിന്നെ ആര്‍ക്കും പൂക്കളക്കാര്യമൊന്നും ഓര്‍മ്മ കാണില്ല. ഓണക്കോടിയും ഓണസദ്യയും ഓണക്കളികളും ഊഞ്ഞാലാട്ടവും.

ഇപ്പോള്‍ എല്ലാം ഓര്‍മ്മകള്‍ മാത്രം . ചന്തയില്‍ കിട്ടുന്ന പൂക്കളും പ്ലാസ്റ്റിക്ക് പൂക്കളും കൊണ്ടുണ്ടാക്കുന്ന പൂക്കളം. ഇനി എന്നാണോ ചൈനക്കാരുണ്ടാക്കിയ ഇന്‍സ്റ്റന്റ് പൂക്കളം നമ്മുടെ നാട്ടില്‍ കച്ചവടത്തിനെത്തുന്നതെന്നറിയില്ല. ഇപ്പോള്‍ സദ്യപോലും ഇന്‍സ്റ്റന്റായ സ്ഥിതിക്ക് അതും വിദൂരത്തായിരിക്കില്ല. എങ്കിലും പൊയ്പ്പോയ ഏതോ നല്ലകാലത്തിന്റെ മധുരസ്മരണക്ളും പേറി എന്നും മലയാളിയുടെ മനസ്സുകളില്‍ ഓണമെത്താതിരിക്കില്ല. മാവേലിത്തമ്പുരാന്റെ കഥകള്‍ ആവേശം കൊള്ളിക്കാതെയുമിരിക്കില്ല. അതെന്നും നമ്മുടെ സ്വപ്നമാണ്. കള്ളവും  ചതിയുമില്ലാത്ത, മാനുഷരെല്ലാരും ഒന്നുപോല്‍ ജീവിച്ച ആ നല്ല കാലം. ആ സങ്കല്‍പമെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ നമുക്കു നന്മകളുള്ള ഒരു നല്ല നാളെയെ സ്വപ്നം കാണാനാവൂ.

ഒരു നല്ല ദിവസം എല്ലാവര്‍ക്കും ആശംസിക്കുന്നു.



അന്നവിചാരം- ഓണവിചാരം


താളിയോല മത്സരപോസ്ട്


അന്നവിചാരം- ഓണവിചാരം
-------------------------------------------

ഓണത്തപ്പാ - കുടവയറാ!!
എന്നാ പോലും - തിരുവോണം?

നാളേയ്ക്കാണേ - തിരുവോണം.
നാക്കിലയിട്ടു വിളമ്പേണം

ഓണത്തപ്പാ - കുടവയറാ
തിരുവോണക്കറിയെന്തെല്ലാം?

ചേനത്തണ്ടും ചെറുപയറും
കാടും പടലവുമെരിശ്ശേരി
കാച്ചിയ മോര്, നാരങ്ങാക്കറി,
പച്ചടി, കിച്ചടിയച്ചാറും!

ഓണത്തപ്പാ - കുടവയറാ
എന്നാ പോലും തിരുവോണം?
ഓണമെന്നാല്‍ സമ്പല്‍സമൃദ്ധിയുടെ, സര്‍വ്വൈശ്വര്യങ്ങളുടെ തിരുന്നാള്‍ കൂടിയാണ്. ഒരു നീണ്ട നാളത്തെ മഴക്കെടുതിക്ക് അകമ്പടിസേവിച്ചു മലയാളമണ്ണില്‍ എത്തി കുടിപാര്‍ത്ത പഞ്ഞവും പട്ടിണിയും മാറി സുഭിക്ഷതയുടെ നല്ല നാളുകള്‍ വരവായതിന്റെ ആഘോഷം കൂടിയാണിത്. പുതുവസ്ത്രവും വിഭവസമൃദ്ധമായ സദ്യയും ഓണാഘോഷത്തിന് അതുകൊണ്ടു തന്നെ ഒഴിച്ചു കൂടാനാവാത്തതാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന ചൊല്ലു തന്നെ അങ്ങനെയുണ്ടായതാണ്.  പ്രകൃതിയുടെ വര്‍ണ്ണവിസ്മയങ്ങളാല്‍ ഗൃഹാങ്കണങ്ങള്‍ അലങ്കരിക്കപ്പെടുമ്പോള്‍ അതേ പ്രകൃതിയുടെ വരദാനങ്ങള്‍ തന്നെയാണു സ്വാദിഷ്ടമായ വിഭവങ്ങളൊരുക്കാനും ഉപയോഗിക്കുന്നത്. ധാന്യങ്ങളും കായ് കനികളും ഇലകളും പൂക്കളും കിഴങ്ങുകളും എല്ലാം തന്ന് ഓണവിഭവങ്ങളൊരുക്കാന്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കും, കര്‍ക്കടകമാരി പെയ്തൊഴിഞ്ഞ് പൊന്‍വെയില്‍ ചിരിക്കുന്ന  ചിങ്ങനാളുകളില്‍.

ഉത്രാടനാളിലാണ് തയ്യാറെടുപ്പുകളൊക്കെ അവസാനിക്കുന്നത്. അതുകൊണ്ടു തന്നെ അന്നത്തെ തിരക്കുകള്‍ക്ക് ഉത്രാടപ്പാച്ചില്‍ എന്നാണു പറഞ്ഞുപോരുന്നത്. ഉത്രാടത്തിനു ഉച്ചതിരിയുമ്പോള്‍ തന്നെ വീട്ടമ്മമാരുടെ ഹൃദയമിടിപ്പു വര്‍ദ്ധിക്കാന്‍ തുടങ്ങും. എങ്ങനെയൊക്കെ ഓണമൊരുങ്ങിയാലും അവര്‍ക്കു മതിവരാറുമില്ല. എങ്കിലും കാലാകാലങ്ങളായി മലയാളിയുടെ മനസ്സില്‍  ചിരപ്രതിഷ്ഠനേടിയ ഓണസദ്യവിഭവങ്ങളിലേയ്ക്ക് നമുക്കൊന്നെത്തിനോക്കാം.

പുന്നെല്ലരിച്ചോറ് തൂശനിലയില്‍ വിളമ്പിയാണ് ഓണസദ്യ ഉണ്ണുന്നത്. വലതുകൈപ്പാങ്ങിനു മുറിപ്പാടു വരുന്നരീതിയില്‍ ഇലയിടും. തൊടുകറികളും മറ്റും ഇലയില്‍ മുമ്പേ തന്നെ വിളമ്പി വെയ്കാമെങ്കിലും ചോറു വിളമ്പുന്നത് ആള്‍ ഇലയ്ക്കു മുമ്പില്‍ ഇരുന്നശേഷം മാത്രം. സദ്യ വിളമ്പുന്നതും വളരെ ശ്രദ്ധകൊടുത്തു ചെയ്യേണ്ടകാര്യമാണ്..സദ്യയിൽ ഓരോ കറിക്കും ഇലയിൽ അതിന്റേതായ സ്ഥാനമുണ്ട്.  കായനുറുക്ക്, ശർക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക. ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. പിന്നെ തൊട്ടുകൂട്ടൽ കറികളായ അച്ചാർ, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയിൽ വിളമ്പുന്നു.  ഇനി മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികൾ അവിയൽ, തോരൻ, കാളൻ,എരിശ്ശേരി തുടങ്ങിയവ‌ എല്ലാം വിളമ്പുന്നു. പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, പപ്പടത്തിന്റെ വലിപ്പവും വളരെ പ്രധാനം തന്നെ. വിവിധ തരം ഒഴിച്ചുകറികാളും പായസങ്ങളും പ്രഥമനും ഒക്കെ നുശ്ചയമായും ഉണ്ടാവും ..

സദ്യ ഉണ്ണുന്നതിനും ചില രീതികളുണ്ട്. വിഭവങ്ങള്‍ക്കും ഉണ്ണുന്ന രീതിക്കുമൊക്കെ ഓരോരോ നാട്ടിലെ രീതികള്‍ ചിലപ്പോള്‍ വ്യത്യസ്തത കാണാറുണ്ട് .ആദ്യം നിലവിളക്കുകൊളുത്തിവെച്ച് മാവേലിത്തമ്പുരന് ഒരു നാക്കിലയില്‍ സര്‍വ്വ വിഭവങ്ങളും വിളമ്പിവെയ്ക്കുന്നു. അതിനു ശേഷം മാത്രമേ അതിഥികളും കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ലവര്‍ക്ക് സദ്യ വിളമ്പൂ.  പലവട്ടങ്ങളായി ആണു വിളമ്പുക. ചോറുവിളമ്പിയാല്‍ ആദ്യപടി നെയ്യും പരിപ്പും പപ്പടവും ചേര്‍ത്തു കഴിക്കുകയാണ്. പിന്നാലെയെത്തും സമ്പാറ്, പുളിശ്ശേരി, രസം മുതലായവ. അതിനുശേഷമാണ് മധുരം നിറഞ്ഞ പായസങ്ങളും പ്രഥമനും. പരിപ്പുപ്രഥമനും മറ്റും പപ്പടവും പഴവും ചേര്‍ത്തുകഴിക്കാനാണു ചിലര്‍ ഇഷ്ടപ്പെടുന്നത്. അതിനുശേഷം പച്ചമോരുമൊഴിച്ച് വീണ്ടുമൊരിത്തിരി ചോറുണ്ണാം. തൊടുകറികളും അച്ചാറുമൊക്കെ പായസത്തിന്റെ മധുരം തരുന്ന മടുപ്പു മാറ്റാന്‍ തൊട്ടു നാവില്‍ വെയ്ക്കുകയും ചെയ്യാം. ചില നാട്ടില്‍ പഴനുറുക്കും വളരെ പ്രധാനമാണ്.
( തിരുവിതാംകൂറില്‍ ഓണസദ്യ പൂര്‍ണ്ണമായും സസ്യവിഭവങ്ങള്‍ കൊണ്ടുള്ളതാണെങ്കിലും മലബാറില്‍ സസ്യേതരവിഭവങ്ങളും അന്നേ ദിവസം വിളമ്പാറുണ്ട് എന്നു പറയപ്പെടുന്നു..) സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് ഇഷ്ടപ്പെട്ടാൽ ഇല മുകളിൽ നിന്ന് താഴോട്ടാണു മടക്കുക. അതായത് തുറന്ന ഭാഗം ആളിനു നേര്‍ക്കായിരിക്കും.

ഓണസദ്യ കഴിഞ്ഞാല്‍ പിന്നെ ഊഞ്ഞാലാട്ടവും ഓണക്കളികളും.... പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ....

നമുക്ക് ഒരുഅടപ്രഥമന്‍/ പാലട പ്രഥമന്‍ തന്നെ തയ്യാറാക്കിയാലോ.

ആദ്യമായി അട തയ്യാറാക്കണം. രണ്ടു രീതിയില്‍ ചെയ്യാമത്. പച്ചരി കുതിര്ത്ത് നേര്‍മ്മയായി പൊടിച്ച് വറുത്തു വെയ്ക്കുക. അത് തേങ്ങാപ്പാലില്‍ മൃദുവായി കുഴച്ച് വാഴയിലയില്‍ കനം നന്നേ കുറച്ചു പരത്തി ആവിയില്‍ പുഴുങ്ങിയെടുക്കുക. അല്ലെങ്കില്‍ അരിപ്പൊടി കുറുക്കി അത് തേങ്ങാപ്പാല്‍ പുരട്ടിയ വാഴയിലയില്‍ തളിച്ച് ഇല ചുരുട്ടി ആവിയില്‍ പുഴുങ്ങിയെടുക്കുക. പുഴുങ്ങിയ അട അടര്‍ത്തി തണുത്ത വെള്ലത്തില്‍ ഇട്ടശേഷം അതില്‍ നിന്നെടുത്ത് വെള്ലം വാര്‍ന്ന അട പാകത്തിനു വലുപ്പത്തില്‍ നുറുക്കി വെയ്ക്കുക.
അടുത്തത് തേങ്ങാചുരണ്ടി പാലെടുത്തു വെയ്ക്കുകയാണ്. ഒരു ഗ്ലാസ്സ് അരിക്ക് രണ്ടു തേങ്ങ എന്ന കണക്കില്‍ പാലെടുത്തു വെയ്ക്കണം. ശര്‍ക്കര മധുരം ആവശ്യമനുസരിച്ച്  ഉരുക്കി അരിച്ചു വെയ്ക്കണം.
നുറുക്കിയ അട ഓട്ടുരുളിയിലോ ചുവടുകട്ടിയുള്ല വേറെ ഏതെങ്കിലും പാത്രത്തിലോ നന്നായി നെയ്യില്‍ വഴറ്റുക. പിന്നീട് ശര്‍ക്കരപ്പാനി ചേര്‍ത്തു നന്നായി വഴറ്റുക. അതില്‍ മൂന്നാം പാല്‍ ഒഴിച്ച് ഇളക്കി വറ്റിക്കുക. പിന്നീട് രണ്ടാം പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി തിളപ്പിക്കുക. പാകമാകുമ്പോള്‍ ഇറക്കിവെച്ച് അതില്‍ ഒന്നാം പാല്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇഷ്ടമുള്ളവര്‍ക്ക് ഏലക്കായ് ചുക്ക് ജീരകം ഇവ നന്നായി പൊടിച്ചു ചേര്‍ക്കാം. പിന്നീട് നെയ്യില്‍ വറുത്ത കൊട്ടത്തേങ്ങ നുറുക്ക്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവതൂകി അലങ്കരിച്ച് വിളമ്പാം.
ശര്‍ക്കരയ്ക്കു പകരം പഞ്ചസ്സാരയും, തേങ്ങാപ്പാലിനു പകരം പശുവിന്‍പാലും ചേര്‍ത്താല്‍ പാലടപ്രഥമന്‍ തയ്യാര്‍.











ഓണം- ഒരു കാര്യവിചാരം

താളിയോല മത്സരപോസ്ട്.
ഓണം- ഒരു കാര്യവിചാരം
.
സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും സര്‍വ്വൈശ്വര്യങ്ങളുടേയും മഹോത്സവമാണ് ഓണം. ജാതിമതഭേദമില്ലാതെ ലോകമെമ്പാടുമുള്ള എല്ലാ മലയാളിയും ആഘോഷിക്കുന്ന നമ്മുടെ ദേശീയോത്സവം. ഒത്തുചേരലിന്റെയും പങ്കുവെയ്ക്കലിന്റെയും മധുരവേള. എന്നോ മറഞ്ഞുപോയൊരു നന്മയുടെ ഓര്‍മ്മപ്പെടുത്തലും അതിലൂടെ തിരിതെളിയുന്ന നല്ല നാളേയ്ക്കായൊരു പ്രത്യാശയും..
എന്തായിരിക്കം ഈ ശ്രേഷ്ഠമായ ഉത്സവത്തിനുള്ള പിന്നിലുള്ള വിശ്വാസങ്ങളും കഥകളും ! ഓണം ഒരു ജനകീയോത്സവമായതുകൊണ്ടും വളരെ നൂറ്റാണ്ടുകളായി ആഘോഷിച്ചു പോരുന്നതിനാലും ഇതിനോടനുബന്ധിയായ കഥകള്‍ വായ്ത്താരിയായി തലമുറകളില്‍ നിന്നു തലമുറകളിലേയ്ക്കു പകര്‍ന്നു വന്നതാണ്. വിശ്വസനീയാമായ ചരിത്രരേഖകളും ശിലാലിഖിതങ്ങളും വിദേശസഞ്ചാരികളുടെ രേഖപ്പെടുത്തലുകളും പൗരാണികസാഹിത്യകൃതികളും ഒക്കെ ഇത്തരം കഥകള്‍ക്കു പിന്‍ബലം നല്‍കുന്നുമുണ്ട്.

ഏറ്റവും ജനസമ്മതിയാര്‍ജ്ജിച്ച ഐതിഹ്യകഥ വാമനാവതാരവുമായി ബന്ധപ്പെട്ടതാണ്.. മഹാവിഷ്ണുവിന്റെ അഞ്ചാത്തെ അവതാരമാണ് വാമനന്‍. ഭൂമിയിലെ സര്‍വ്വസമ്മതനായ അസുരചക്രവര്‍ത്തി മഹാബലി വിശ്വജിത്ത് യാഗം നടത്തുന്നതില്‍ ഭയം പൂണ്ട ദേവേന്ദ്രന്‍ അദ്ദേഹത്തെ നിഗ്രഹിക്കാന്‍ മഹാവിഷ്ണുവിന്റെ സഹായം തേടി. ദേവേന്ദ്രന്റെ അപേക്ഷപ്രകാരം ബ്രാഹ്മണരൂപത്തിലെത്തി ചക്രവര്‍ത്തിയോടു മൂന്നടി മണ്ണു തപസ്സിനായി   യാചിക്കുന്നു. ഇതു ചതിയാണെന്നു മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യര്‍, പ്രഹ്ളാദന്റെ പേരക്കിടാവും മഹാത്യാഗിയുമായ ബലിയോട് അരുതെന്നു വിലക്കിയെങ്കിലും അദ്ദേഹം ദാനത്തിനു തയ്യാറായി. വാമനന്‍ ആകട്ടെ ആദ്യത്തെ രണ്ടടിയില്‍ തന്നെ മൂന്നു ലോകവും അളന്നു കഴിഞ്ഞു. മൂന്നാമതു കാല്‍പാദം ഉയര്‍ത്തവേ കാട്ടിക്കൊടുക്കാന്‍ തന്റെ ശിരസ്സുമാത്രമേ ബലിക്കുണ്ടായിരുന്നുള്ളു. അങ്ങനെ ബലി പാതാളത്തിലേയ്ക്കു ചവുട്ടിത്താഴ്തപ്പെട്ടു. എങ്കിലും മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞ തന്റെ നാട്ടിലേയ്ക്ക് വര്‍ഷത്തിലൊരിക്കല്‍ പ്രജാസന്ദര്‍ശനത്തിനെത്തിക്കൊള്ളാന്‍ വാമനന്‍ ബലിക്ക് അനുവാദം നല്‍കി. ഇത്ര മഹത്തായൊരു ത്യാഗമനുഷ്ഠിച്ച ബലി മഹാബലിയായും അറിയപ്പെട്ടു. മഹാബലി വന്നെത്തുന്ന ആ നല്ല നാളാണ് പൊന്നും ചിങ്ങത്തിലെ തിരുവോണനാള്‍.ദേവമാതവ് അദിതിയുടേയും കശ്യപന്റെയും പുത്രനായി വാമനന്‍ ജന്മം എടുത്തത് തിരുവോണ നക്ഷത്രത്തിലാണെന്നും വിശ്വസിക്കപ്പെടുന്നു. വാമനന്റെ കാല്‍ പതിഞ്ഞ തിരുക്കാല്‍ കരയാണത്രേ തൃക്കാക്കരയായതെന്നും വാമനമൂര്‍ത്തിയാണു തൃക്കാക്കരപ്പനെന്നും വിശ്വാസമുണ്ട്. ഓണാഘോഷം തുടങ്ങുന്നതും തൃക്കാക്കരയിലെ ഓണത്തപ്പനു അത്തച്ചമയമൊരുക്കിയാണല്ലോ.

പരശുരാമനുമായി ബന്ധപ്പെടുത്തിയും ഒരൈതിഹ്യകഥയുണ്ട് ഓണത്തിന് . വരുണനിൽനിന്ന്‌ കേരളക്ഷേത്രത്തെ മോചിപ്പിച്ച്‌ ബ്രാഹ്മണർക്ക്‌ ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന്‌ വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന്‌ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കൽപ്പമുണ്ട്.

ശ്രീശങ്കരനു മുന്‍പ് കേരളത്തില്‍ വളരെ പ്രബലമായിരുന്ന ബുദ്ധമതത്തോടു ബന്ധപ്പെടുത്തിയും ചില കഥകള്‍ പ്രചാരത്തിലുണ്ട്. ബോധജ്ഞാനം ലഭിച്ച് ബുദ്ധനായിത്തീര്‍ന്ന സിദ്ധര്‍ത്ഥരാജകുമാരന്‍ ശ്രവണപദം കൈക്കൊണ്ടത് ശ്രാവണമാസത്തിലെ തിരുവോണനക്ഷത്രത്തിലായിരുന്നുവത്രേ..ആ ആഘോഷമാണ് ഓണമായി കൊണ്ടാടുന്നതെന്ന കഥ. ഓണാഘോഷത്തിന്റെ പ്രധാന ഘടകങ്ങളായ മഞ്ഞക്കോടിയും മഞ്ഞനിറത്തിലെ ഓണപ്പൂവും ഒക്കെ ബുദ്ധമതവുമായി ബന്ധപ്പെട്ടതെന്നും ഒരു വിശ്വാസം. ഓണപ്പൂവിന്റെ അഞ്ചിതള്‍ പഞ്ചശീലതത്വങ്ങളുടെ പ്രതീകമത്രേ.

ഓണാഘോഷത്തിന്റെ വേരുകള്‍ കേരളത്തിനും ഭാരതത്തിനുമപ്പുറത്താണെന്ന വാദഗതികള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ക്രിസ്തുവിനു മുന്‍പ് പല നൂറ്റാണ്ടുകള്‍ക്കുമപ്പുറം വിരചിതമായ സംഘം കൃതികളില്‍ ഓണത്തെ പരാമര്‍ശിച്ചിരിക്കുന്നത്, ഈ ആഘോഷം തമിഴകത്തു നിന്നെത്തിയതാണെന്ന വാദത്തെ ബലപ്പെടുത്തുന്നു. ഇന്ദ്രവിഴ എന്നറിയപ്പെട്ടിരുന്ന ഓണാഘോഷത്തിന് കൂടുതല്‍ വിശ്വസനീയതയുമുണ്ട്. സമുദ്രമാര്‍ഗ്ഗേന അക്കാലത്തും വിദേശരാജ്യങ്ങള്‍ കേരളത്തിലെ സുഗന്ധദ്രവ്യങ്ങളായ കുരുമുളകും മറ്റും വ്യാപാരം നടത്തിയിരുന്നു . കാലവര്‍ഷം ശക്തി പ്രാപിക്കുന്ന ജൂണ്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍ സമുദ്രയാത്ര ബുദ്ധിമുട്ടാകയാല്‍ അതു കഴിഞ്ഞു വെയില്‍ തെളിഞ്ഞാലുടനെ പൊന്നും പണവുമായി കച്ചവടത്തിനെത്തുകയും ജനങ്ങള്‍ക്ക് അതൊരു ഉത്സവമായി മാറുകയും ചെയ്തിരുന്നു. ഇതത്രേ അക്കാലത്തെ ഓണം. വിളവെടുപ്പുത്സവത്തിനെക്കാള്‍ ഒരു വ്യാപരോത്സവമായിരുന്നു അത്. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നതും ഈ വിശ്വാസത്തോടു തന്നെ. സംഘം കൃതിയിലെ തന്നെ മധുരൈ കാഞ്ചിയില്‍ പറയുന്ന ഓണാഘോഷം മധുരയിലേതാണ്. ഇത് നമ്മുടെ മഹബലി ചക്രവര്‍ത്തിയുടേയും വാമനന്റേയും കഥയുമായി ചേര്‍ന്നു നില്‍ക്കുന്ന വിളവെടുപ്പുത്സവം തന്നെ.

പിന്നിലുള്ള കഥകള്‍ എങ്ങനെയൊക്കെ ആയാലും ഓണം സമത്വത്തിന്റേയും സത്യനന്മകളുടേയും ഉത്സവമാണ്. പൂക്കളവും ഓണക്കോടിയും വിഭവസമൃദ്ധമായ സദ്യയും വൈവിധ്യമാര്‍ന്ന ഓണക്കളികളുമൊരുക്കി മലയാളി എക്കാലവും അത്യാഹ്ളാദപൂര്‍വ്വം ഓണത്തെ വരവേല്‍ക്കുന്നു. നമുക്കും തുടങ്ങാം നമ്മുടെ ഓണാഘോഷങ്ങള്‍.
.
തത്മ്വമസി ലേഖനമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ലേഖനം




Tuesday, August 18, 2015

ബലിയും വാമനനും ഒരു പ്രായശ്ചിത്തവും

വിഷ്ണുഭക്തനായിരുന്ന പ്രഹ്ളാദന്റെ പൗത്രനും വിരോചനന്റെ പുത്രനുമായ ബലി ധര്‍മ്മിഷ്ഠനും പ്രജാതല്‍പരനുമായ ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന്റെ രാജ്യത്ത് ജനങ്ങള്‍ സര്‍വ്വൈശ്വര്യങ്ങളോടെയും അത്യാഹ്ളാദത്തോടെയും കഴിഞ്ഞിരുന്നു. ബലി വേദങ്ങളഭ്യസിച്ചത് മുത്തശ്ശനായ പ്രഹ്ളാദിനില്‍ നിന്നാണ്. പിന്നീട് അസുരഗുരുവായ ശുക്രാചാര്യരുടെ കീഴിലായി പഠനം. പാലാഴിമഥനവേളയില്‍ ബലിയെ ഇന്ദ്രന്‍ നിഗ്രഹിക്കുകയുണ്ടായി . അന്ന് ശുക്രാചാര്യരാണ് തന്റെ അത്ഭുത മന്ത്രസിദ്ധികളാല്‍ ബലിയുടെ ജീവനെ വീണ്ടെടുത്തത്.

ബലി കഠിനതപം ചെയ്ത് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തുകയുണ്ടായി . അസുരന്മാരെ എല്ലാവര്‍ക്കും വെറുപ്പും ഭയവുമായിരുന്നു. അതു മാറ്റി അസുരന്മര്‍ നല്ലവരാണെന്നു ലോകത്തെ കാട്ടിക്കൊടുക്കാനുള്ല വരമാണ് ബ്രഹ്മാവിനോട് ബലി ആവശ്യപ്പെട്ടത്. ഇന്ദ്രനെപ്പോലെ ശക്തിയും സര്‍വ്വവിജയവും കൂടി ബ്രഹ്മാവില്‍ നിന്ന് നേടുകയും ചെയ്തു.  ബലിയുടെ മഹത്വത്തേപ്പറ്റി നേരത്തെ അറിഞ്ഞിരുന്ന ബ്രഹ്മാവിന് വരങ്ങള്‍ നല്കാന്‍ രണ്ടമതൊന്നാലോചിക്കേണ്ടിയും വന്നില്ല. 

ശുക്രാചാര്യര്‍ യുദ്ധതന്ത്രങ്ങളില്‍ അതീവ നൈപുണ്യമുണ്ടായിരുന്ന സമര്‍ത്ഥനായൊരു ഗുരുവയിരുന്നു. . അദ്ദേഹത്തിന്റെ സഹായത്താല്‍ ബലിക്ക് ദേവലോകം പോലും കീഴടക്കാനും ഉമ്പര്‍കോന്‍ ഉള്‍പ്പെടെയുള്ല ദേവന്മാരെ അവിടെ നിന്നു കെട്ടുകെട്ടിക്കാനും കഴിഞ്ഞു.   എങ്കില്‍ പോലും ബലി ധര്‍മ്മത്തില്‍ നിന്നു വ്യതിചലിക്കുവാന്‍ ഒരിക്കലും തയ്യാറായിരുന്നില്ല. ശുക്രാചര്യര്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന് നല്ല ദിശാബോധം നല്കിയിരുന്നു എന്നു തന്നെ പറയാം. അദ്ദേഹമാണ് ബലിയോട് നൂറ് അശ്വമേധം നടത്താന്‍ നിര്‍ദ്ദേശിച്ചതും . മൂന്നുലോകവും അധീനതയിലാകാന്‍ ഈ യാഗങ്ങള്‍ അവശ്യമായി ചെയ്തിരിക്കേണ്ടതുണ്ടെന്ന് ആചാര്യന് അറിയാമായിരുന്നു. ഗുരുവിന്റെ നിര്‍ദ്ദേശം ശിരസ്സാ വഹിക്കാന്‍ ശിഷ്യന്‍ സന്നദ്ധനായി. ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 

ബലിയുടെ ഈ നീക്കങ്ങളൊക്കെ ഒരാളെ വല്ലാതെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു . ബലിയാല്‍ ദേവലോകത്തു നിന്നും നിഷ്കാസിതനാക്കപ്പെട്ട ദേവേന്ദ്രന്‍! തന്റെ മാതാപിതാക്കളായ അദിതിയുടേയും കാശ്യപന്റെയും ആശ്രമത്തിലെത്തി അവരോട് തന്റെ സങ്കടം പറഞ്ഞു. മകന്റെ ദുഃഖം കണ്ട് വെറുതെയിരിക്കാന്‍ആ മാതൃഹൃദയത്തിനാകുമായിരുന്നില്ല.  അദിതി ദേവി വേഗം തന്നെ വിഷ്ണുവിനെ ധ്യാനിച്ചു കഠിന തപം ചെയ്ത്  പ്രത്യക്ഷനാക്കി.  ബലിയുടെ അതിക്രമങ്ങളില്‍ നിന്ന് ദേവലോകത്തേയും ദേവേന്ദ്രനേയും രക്ഷിക്കണമെന്നു പ്രാര്‍ത്ഥിച്ചു. ബലിയുടെ ഭക്തിയും ധര്‍മ്മനിഷ്ഠയും നന്നായി അറിയുന്ന വിഷ്ണു അദിതിയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു, ബലിയും ഇന്ദ്രപദത്തിനര്‍ഹനാണെന്നും ബലിക്കു നാശകാരകനാകാന്‍ ഒരിക്കലും കഴിയില്ല എന്ന സത്യം. പക്ഷേ അദിതിയുടെ തപസ്സിന് അര്‍ത്ഥമുണ്ടാവുകയും വേണമല്ലോ. ബലിയൊഴികെ ബാക്കി എല്ലാ അസുരന്മാരും അധര്‍മ്മികളും നാശോന്മുകരും ആയിരിക്കെ, അവര്‍ എല്ലവര്‍ക്കും ശല്യമായി തീരാന്‍ സാധ്യതയുണ്ടെന്നായിരുന്നു അദിതിയുടെ വാദം. അതുകൊണ്ട് വിഷ്ണു തന്റെ പുത്രനായി പിറന്ന് ബലിയില്‍ നിന്നും ത്രിലോകത്തിനും രക്ഷയേകണമെന്നായി അദിതി. അങ്ങനെതന്നെ സംഭവിക്കട്ടെ എന്ന വരം നല്‍കി മഹാവിഷ്ണു. താമസം വിനാ അദിതി ഗര്‍ഭം ധരിക്കുകയും ഒരു തിരുവോണ നക്ഷത്രത്തില്‍ അദിതിയുടേയും കശ്യപന്റേയും പുത്രനായി വാമനന്‍ ജന്മമെടുക്കുകയും ചെയ്തു. 

സത് സ്വഭാവിയും അതുബുദ്ധിമാനും ഏറെ കുസൃതിയുമായിരുന്ന ബാല്യത്തില്‍  വാമനന്‍. ഈ കറുത്ത ഉയരം കുറഞ്ഞ ബാലന്‍  ഏവരുടേയും വാത്സല്യഭാജനവുമായിരുന്നു.  അഞ്ചുവയസ്സില്‍ ഉപനയനം നടത്തി വിദ്യാഭ്യാസവും ആരംഭിച്ചു.  ഇക്കാലത്ത് ബലിയാകട്ടെ 99 അശ്വമേധങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഒന്നു കൂടി കഴിഞ്ഞാല്‍ ഇന്ദ്രപദം അദ്ദേഹത്തിനും ലഭ്യമാകും.  അതു തടയുകയാണ് വാമനന്റെ ജന്മേദ്ദേശ്യം തന്നെ . നൂറാമത്തെ അശ്വമേധം അവസാനിക്കുന്നതിനു മുമ്പേ വാമനന്‍ അവിടെയെത്തി. സിംഹാസനസ്ഥനായ രാജാവിനെ ലക്ഷ്യമാക്കി നടന്നടുക്കുന്ന തേജസ്വിയായ കറുത്ത ബാലനില്‍ ശുക്രാചാര്യര്‍ക്ക് എന്തൊക്കെയോ സംശയം തോന്നി. മഹാരാജാവകട്ടെ ബാലന്റെ അഭൗമപ്രഭയില്‍ ആകൃഷ്ടനായി സിംഹാസനത്തില്‍ നിന്നെഴുന്നേറ്റ് സ്വീകരിക്കുവാനായി മുന്‍പോട്ടു നടന്നു. നമസ്കരിച്ചു സ്വാഗതമോതി, ആ ബാലന്റെ ആവശ്യമെന്തെന്നാരായുമ്പോഴേയ്ക്കും ഗുരു ബലിയെ തടഞ്ഞ് അടുത്തുള്ളൊരു രഹസ്യമുറിയിലേയ്ക്കു വിളിച്ച് മുന്നറിയിപ്പു കൊടുത്തു അതു മഹാവിഷ്ണു അല്ലതെ മാറ്റാരുമല്ല എന്നും എന്തു ദാനം നല്കിയാലും അത് എല്ലാം നഷ്ടപ്പെടുത്തുമെന്നും.  അതു തന്റെ തന്റെ ആരാധനാമൂര്‍ത്തിയായ ഭഗവാന്‍ വിഷ്ണു ആണെന്ന് ഗുരുവില്‍ നിന്നറിഞ്ഞ നിമിഷം ആഹ്ളാദത്താല്‍ മതിമറന്ന്  മുന്‍പോട്ടു കുതിച്ച ബലിയെ അദ്ദേഹം തടഞ്ഞുവെങ്കിലും നിഷ്ഫലമായി.  ബലിക്കാകട്ടെ ഗുരുഭക്തിയേക്കാള്‍ ഏറെ തീവ്രമായിരുന്നു വിഷ്ണുഭക്തി. അതുകൊണ്ടു തന്നെ ഗുരുവിനെ ധിക്കരിക്കാന്‍ മടിയുമുണ്ടായില്ല. തന്റെ ഭഗവാന്‍ എന്താവശ്യപ്പെട്ടാലും നല്‍കാന്‍  താന്‍ തയ്യാറാണെന്നു അറിയിക്കുകയും ചെയ്തു.

ക്ശുക്രാചാര്യരുടെ വാക്കുകള്‍ ഇടിമുഴക്കമായ് അവിടെ മുഴങ്ങി.. തന്റെ വാക്കുകള്‍ ധിക്കരിക്കരുതെന്നും അങ്ങനെയെങ്കില്‍ അതു ശത്രുവിനെ സഹായിക്കുന്നതിനു തുല്യമായിരിക്കുമെന്നും .പക്ഷേ ബലി വാഗ്ദാനത്തില്‍ ഉറച്ചു നില്‍ക്കുകയാണുണ്ടായത്.
കോപിഷ്ഠനായ ഗുരു ബലിയെ ശപിച്ചു , ഗുരുനിന്ദ കാട്ടിയ ബലിക്ക് നേടിയ മഹത്വങ്ങളെല്ലാം നഷ്ടമാകട്ടെ എന്ന്. 

തന്റെ വിഷ്ണുഭക്തിയില്‍ ഏറെ വിശ്വാസമുണ്ടായിരുന്ന ബലിക്ക് നഷ്ടങ്ങളൊന്നും തന്നെ ദുഃഖകാരണമാകുമായിരുന്നില്ല. അദ്ദേഹം വേഗം തന്നെ ബാലന്റെ സമീപമെത്തി ആവശ്യം ആരാഞ്ഞു. . മൂന്നടി മണ്ണാണു തനിക്കു വേണ്ടതെന്ന് ബാലനറിയിച്ചു. മഹാബലി പ്രതീക്ഷിച്ചത് തന്റെ ജീവന്‍ ആവശ്യപ്പെടുമെന്നായിരുന്നു. തന്റെ ജീവന്‍ തന്നെ കൊടുക്കാന്‍ തയ്യാറായിരുന്ന ബലിയെ ഈ ചെറിയ ആവശ്യം  അത്ഭുതപ്പെടുത്തുകതന്നെ ചെയ്തു. ബാലനില്‍ നിന്ന് അദ്ദേഹമതു മറച്ചു വെച്ചുമില്ല. പക്ഷേ വാമനന്റെ മറുപടി ചിന്തനീയമായിരുന്നു. മൂന്നടി മണ്ണില്‍ തൃപ്തിവരാത്തവര്‍ക്ക് മറ്റെന്തിലും തൃപതി കണ്ടെത്താന്‍ സാധ്യമല്ലത്രേ..!

 ഭൂമി അളന്നെടുത്തുകൊള്ളാന്‍ അനുമതി കൊടുത്തതും വാമനന്‍ വളരാന്‍ തുടങ്ങി. തന്റെ കാഴ്ചയെപ്പോലും കബളിപ്പിക്കുന്ന വേഗത്തില്‍ വളര്‍ന്ന ബാലന്‍ ത്രിവിക്രമരൂപമെടുത്ത് ആദ്യ രണ്ടു പാദങ്ങളില്‍ തന്നെ മൂന്നു ലോകവും അളന്നു കഴിഞ്ഞു. മൂന്നാമതൊരു ചുവടിനായി കലുയര്‍ത്തിയ വാമനന് കാട്ടിക്കൊടുക്കാന്‍ തന്റെ ശിരസ്സുമാത്രമേ മഹാബലിക്കു ബാക്കിയുണ്ടായിരുന്നുള്ളു. മഹാവിഷ്ണു തന്റെ പ്രിയപ്പെട്ട ഭക്തന്റെ ശിരസ്സില്‍ ശോകം കലര്‍ന്നൊരു പുഞ്ചിരിയോടെ കാല്‍ അമര്‍ത്തിവെച്ച് പതാളത്തിലേയ്ക്ക് ചവുട്ടിത്താഴ്ത്തി. അങ്ങനെ ത്രിലോക നാഥനായിരുന്ന ബലി ആരുമല്ലാതെയായി.. ഇങ്ങനെയൊരു മഹത്തായ ത്യാഗം ചെയ്ത ബലി മഹാബലിയായ് പിന്നീട് അറിയപ്പെട്ടു. ദേവലോകത്തു മടങ്ങിയെത്തിയ ദേവേന്ദ്രനും കൂട്ടരും വീണ്ടും അവിടെ സസന്തോഷം തങ്ങളുടെ വാസം തുടങ്ങി. പക്ഷേ , തന്റെ യഥാര്‍ത്ഥ ഭക്തനായിരുന്ന ബലിയോടു ചെയ്ത അനീതിയില്‍ മഹാവിഷ്ണു അതീവ ഖിന്നനായിരുന്നു. അതിനൊരു പ്രായശ്ചിത്തം ചെയ്യണമെന്ന് ദൃഢനിശ്ചയമെടുക്കുകയും ചെയ്തു. 

പാതാളത്തിലെത്തിയ മഹാബലി സന്താപമേതുമില്ലാതെ അവിടെ തന്റെ സാമ്രാജ്യം പടുത്തുയര്‍ത്താനുള്ള ശ്രമം ആരംഭിച്ചു. അങ്ങനെയിരിക്കെ ഒരു കറുത്ത അരോഗദൃഢഗാത്രനായ യുവാവ് അദ്ദേഹത്തെ സമീപിച്ച് താന്‍ ഈ രാജ്യത്തിന്റെ ദ്വാരപാലകനാകാമെന്നും ശത്രുക്കളില്‍ നിന്നും ബലിയെ രക്ഷിച്ചുകൊള്ളാമെന്നും അറിയിച്ചു. യുവാവിന്റെ പ്രസരിപ്പും ദൃഢനിശ്ചയം സ്ഫുരിക്കുന്ന കണ്ണുകളും മഹാബലിയെ ഹഠാദകര്‍ഷിക്കുകയും അയളെ ദ്വാരപാലകനായി നിയമിക്കുകയും ചെയ്തു. നാള്‍ക്കുനാള്‍ അഭിവൃദ്ധി പ്രാപിച്ചുവന്നു പതാളലോകം. എല്ലാവരും ഒന്നുപോലെ കഴിയുന്ന ലോകം. എവിടെയും ശാന്തിയും സമാധാനവും സന്തോഷവും മാത്രം...

 അങ്ങനെയിരിക്കെ അതിസുന്ദരിയായൊരു യുവതി രാജാവിനെ സമീപിച്ച്, തന്റെ ഭര്‍ത്താവ് ഒരു പ്രത്യേക ദൗത്യം നിറവേറ്റാനായി അകന്നു കഴിയുകയണെന്നും സ്വഗൃഹത്തില്‍ അവളേകായി കഴിയുകയാണെന്നും അതിനാല്‍ സുരക്ഷിതക്യല്ലെന്നും അറിയിച്ചു. എല്ലാവരേയും ഒന്നുപോലെ കാണുന്ന പാതാളലോകത്ത് തനിക്ക് അഭയം നല്‍കണമെന്നും അപേക്ഷിക്കുകയും ചെയ്തു. മഹാബലി അവളെ തന്റെ സഹോദരിയായി സ്വീകരിച്ചു സംരക്ഷണം വാഗ്ദാനം  ചെയ്തു കൊട്ടാരത്തില്‍ എത്രകാലം വേണമെങ്കിലും വസിച്ചുകൊള്ളാന്‍ അനുമതിയും നല്കി. അവളുടെ ആഗമനത്തോടെ രാജ്യം കൂടുതല്‍ അഭിവൃദ്ധി കൈവരിച്ചു.

ഒരുദിവസം യുവതി പ്രാര്‍ത്ഥിക്കുന്നതു കാണാനിടയായ മഹാബലി എന്താണവള്‍ പ്രാര്‍ത്ഥിച്ചതെന്വേഷിച്ചു. തന്റെ ഭര്‍ത്താവിനെ തിരികെ നല്‍കാന്‍ മഹാബലിയോടുള്ള പ്രാര്‍ത്ഥനയാണതെന്നായിരുന്നു അവളുടെ മറുപടി. ഈ മറുപടിയില്‍ കൗതുകം തോന്നിയ അദ്ദേഹം കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ദ്വാരകപാലകന്‍ തന്റെ ഭര്‍ത്താവാണെന്നും അദ്ദേഹത്തെ തിരികെ നല്‍കാന്‍ കനിവുണ്ടാകണമെന്നുമായിരുന്നു യുവതിയുടെ അഭ്യര്‍ത്ഥന. പെട്ടെന്ന് ആ രണ്ടുപേരും അപ്രത്യക്ഷരാവുകയും മഹാവിഷ്ണുവും ലക്ഷ്മീദേവിയും പ്രത്യക്ഷരാവുകയും ചെയ്തു. ഭക്തവത്സലനായ വിഷ്ണുഭഗവാന്‍ ഈ പ്രിയഭക്തനൊപ്പം നിലകൊള്ളുകയായിരുന്നു തന്ന്‍ ചെയ്ത വലിയ തെറ്റിനു പ്രായശ്ചിത്തമായി. ഇനിയുള്ള ഇന്ദ്രപദം ബലിക്കു തന്നെയായിരിക്കും ലഭിക്കുക എന്ന് ആശീര്‍വദിക്കുകയും ചെയ്തു.

ബലി ഭഗവാനെ സാഷ്ടാംഗം പ്രണമിച്ചു.  ലക്ഷ്മീദേവിയോടു മാപ്പപേക്ഷിക്കുകയും പതിയെ മടക്കിക്കൊണ്ടുപോകാന്‍ അനുമതി നല്‍കുകയും ചെയ്തു. ഭഗവാന്‍ തന്റെ ഭക്തരോടൊപ്പമായിരിക്കും നിലകൊള്ളുകയെന്ന് ദേവിക്കറിവുള്ലതാണ്. ഇത്രയും നാള്‍ ഭഗവാന്‍ അകന്നു നിന്നതും  ബലിയുടെ കുറ്റം കൊണ്ടല്ല എന്നതും . ദേവി ഇക്കാര്യം മഹാബലിയെ അറിയിച്ചശേഷം ഇരുവരും വൈകുണ്ഠത്തിലേയ്ക്കു യാത്രയാവുകയും ചെയ്തു.



Monday, August 17, 2015

ഭൂട്ടാനിലേയ്ക്കൊരു സ്വപ്നയാത്ര - 12

നന്മയുടെ നാട്ടില്‍ മിന്നൊരു മടക്കയാത്ര.

ഒരു രാത്രി കൂടി പാരോ നദിയുടെ ഓളങ്ങളുടെ പൊട്ടിച്ചിരിയിലലിഞ്ഞു കടന്നുപോയി. നാലുമണിക്കുണര്‍ന്നു ജനാലക്കര്‍ട്ടന്‍ മാറ്റി നോക്കുമ്പൊള്‍ ആകാശത്ത് അംബിളിക്കല മേഘങ്ങള്‍ക്കിടയിലൂടെ നോക്കിച്ചിരിക്കുന്നുണ്ട്.

വെളിച്ചം നന്നായി വന്നിട്ടില്ല. പക്ഷേ കുളിയൊക്കെ കഴിഞ്ഞു റെഡിയായി വന്നപ്പോള്‍ നന്നായി സുര്യപ്രകാശം പരന്നിരുന്നു. ഹോട്ടലിനു പുറത്തുവന്നപ്പോള്‍ ധാരാളം പേര് നടത്തയ്ക്കായി ഇറങ്ങിയിട്ടുണ്ട്.
നദിക്കരയിലൂടെ കുറേ ദൂരം നടന്നപ്പോള്‍ അവിടെയുള്ല ഒരു ക്ഷേത്രനിരയുടെ ചുറ്റും  കുറേ ഭക്തര്‍ വലംവെയ്ക്കുന്നു. എല്ലാവരുടേയും കയ്യില്‍ ജപമാലയും ചുണ്ടില്‍ മന്ത്രജപങ്ങളുമുണ്ട്.
ക്ഷേത്രങ്ങളൊക്കെ അടച്ചു കെട്ടിയതാണ്. അകത്തു വിഗ്രഹങ്ങളുണ്ടോ അതോ മറ്റെന്തെങ്കിലുമാണോ അടക്കം ചെയ്തിരിക്കുന്നതെന്നറിയില്ല. നമ്മുടെ ക്ഷേത്രങ്ങളിലെ പോലെ ഗര്‍ഭഗൃഹവും ബിംബവും അഭിഷേകവും പൂജകളും ഒന്നുമില്ല. ക്ഷേത്രത്തോടു ചേര്‍ന്നു കണ്ട വിശാലമായ മൈതാനത്ത് അമ്പെയ്ത്തു പരിശീലനം നടക്കുന്നു. പലപ്രായക്കാരുണ്ട് പരിശീലനത്തിന്. ഇത് ഇന്നാട്ടിലെ പരമ്പരാഗതമായ വിനോദം കൂടിയാണ്. 

പിന്നെയും മുമ്പോട്ടുനടക്കുമ്പോള്‍ വിശാലമായ പാടശേഖരങ്ങള്‍ കാണാം. അതിരിട്ടു നില്‍ക്കുന്ന മലകളുടെ ഹരിതാഭ കഞ്ചുകത്തില്‍ ഓക്കുമരങ്ങളും പൈനും ദേവതാരുവും മത്സിരിച്ചു വളരുന്നുണ്ട്. കണ്ണിനും മനസ്സിനും ശരീരത്തിനും കുളിരേകുന്ന അന്തരീക്ഷം. നടന്നാല്‍ സമയം പോകുന്നതറിയില്ല.

അത്ര സുഖകരമായൊരു പ്രകൃതിവിശേഷമാണത്. തലേദിവസം രാത്രി നടന്ന വഴികളിലൂടെ നടന്നു തിരികെ ഹോട്ടലിലെത്തി. കുറച്ചു നേരത്തെ പുറപ്പെടാമെന്നാണു സൈകത് പറഞ്ഞിരിക്കുന്നത്. പാരോയോടു വിട പറയുകയാണ്. അധികം കാഴ്ചകളിലേയ്ക്കു പോകാന്‍ സമയം ബാക്കിയില്ല. പിന്നെ ജയ്ഗാവിലും എന്തോ വിശേഷമായ കാഴ്ചകളുണ്ടെന്നാണു സൈകതിന്റെ അവകാശവാദം. വൈകുന്നേരത്തിനു മുമ്പ് ഭൂട്ടാന്റെ വലിയ പടിപ്പുര കടന്നു ഭാരതമണ്ണിലേയ്ക്കു കടക്കണം. അവിടെ നിന്നു ലഭിച്ച അനുമതിയുടെ സമയം കഴിയുന്ന ദിവസമാണ്. 

7 30 നു തന്നെ ഹോട്ടലില്‍ നിന്നു പുറപ്പെട്ടു. അത്ര രാവിലെയായതുകൊണ്ടു ചായ പോലും ലഭിച്ചിരുന്നുമില്ല. ആദ്യം പോയത് പാരോയിലെ അതിപുരാതനവും ബൃഹത്തും ആയ ഒരു മൊണാസ്ടിയിലേയ്ക്കാണ്. റിംപുങ്ങ് ട്സോങ്ങ് എന്നാണീ മൊണാസ്ട്രിയുടെ പേര്. പാരോ നദിയുടെ മറുകരയില്‍  ഒരു കോട്ടയ്ക്കുള്ളിലാണിത് പണിതിട്ടുള്ളത്.
നദിക്കു കുറുകെയുള്ല വളരെപ്പഴയ മരം കൊണ്ടു നിര്‍മ്മിച്ച ഒരു കാന്റിലിവര്‍ ബ്രിഡ്ജ് കടന്നുവേണം ഈ കോട്ടയില്‍ കടക്കാന്‍.
ഇത്തരം പാലങ്ങള്‍ക്ക് കരയിലല്ലാതെ മറ്റെവിടെയും താങ്ങുണ്ടാവില്ല. ഇരുവശത്തുനിന്നും വന്ന് മദ്ധ്യത്തില്‍ ഒന്നുചേരുകയാണ്. കല്‍ക്കട്ടയിലെ ഹൗറാപ്പാലവും ഇത്തരമൊന്നാണ്. അതുമായി താരതമ്യം ചെയ്താല്‍ ഈ പാലം വളരെ ചെറുതാണ്.
വളരെ പഴയതെങ്കിലും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. 

പാലം കടന്നു ചെല്ലുന്നത് വിശാലമായ മൊണാസ്ട്രി പരിസരത്തേയ്ക്കാണ്. വളരെ ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ഓക്കുമരങ്ങളും മറ്റു പലവിധ വൃക്ഷങ്ങളും വളര്‍ന്നു നില്‍ക്കുന്ന തൊടിയിലൂടെ മുകളിലേയ്ക്കൊരു നടപ്പാത പോകുന്നുണ്ട്. അതിലേയ്ക്കു കയറിയപ്പോള്‍ ഇടതുവശത്തു കണ്ടൊരു വഴിയിലൂടെ മകന്‍ കയറിപ്പോയി അവിടെയുള്ല വൃക്ഷങ്ങളുടേയും മറ്റും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു.
അവന്‍ ആരോടോ സംസാരിച്ചിട്ടു മുന്‍പോട്ടു തന്നെ നടക്കുന്നതു കണ്ടു. തിരികെ വിളിച്ചപ്പോള്‍ പറഞ്ഞു ആ വഴി മൊണാസ്ട്രിയിലേയ്ക്കാണെന്ന്. അതുകൊണ്ട് തിരികെ വന്ന് ഞങ്ങളും അവനെ അനുഗമിച്ചു. പാട്ടീലും കുടുംബവും ഞങ്ങളോടൊപ്പം വന്നു. പക്ഷേ ആ വഴി ചെന്നു നിന്നത് മുകളിലേയ്ക്കു കുത്തനെ കയറുന്നൊരു വലിയ പടിക്കെട്ടിനു ചുവട്ടിലായിരുന്നു. കയറിയിട്ടും കയറിയിട്ടും പിന്നെയും കല്‍പ്പടവുകള്‍ ബാക്കി.
ഒരു തരത്തില്‍ മുകളിലെത്തിയെന്നു പറഞ്ഞാല്‍ മതിയല്ലോ. ആദ്യം നടന്ന വഴിയായിരുന്നു സുഗമമായത്. മക്കളെക്കൊണ്ട് ഇങ്ങനെയും ചില പണികള്‍ കിട്ടും 

മുകളിലെത്തിയപ്പോള്‍ കയറാനുണ്ടായ വിഷമമൊക്കെ മറന്നുപോകുന്ന മനോഹരമായ കാഴ്ചയായിരുന്നു കാത്തിരുന്നത്.
പാരോനദിയില്‍ ഒരു പോഷകനദി വന്നുചേര്‍ന്ന് പിന്നീടവര്‍ ഒന്നായൊഴുകിപ്പോകുന്ന കാഴ്ച.
ചുറ്റുപാടുമുള്ല കൃഷിയിടങ്ങളില്‍ നിറഞ്ഞുകിടക്കുന്ന ഹരിതാഭ. പാരോ താഴ്വാരത്തിന്റെ വശ്യഭംഗി. എത്ര സമയം അതു നോക്കി നിന്നുവെന്നറിയില്ല.
പതിയെ പുല്ലുവളര്‍ത്തിയിരിക്കുന്ന അങ്കണം ചുറ്റി മൊണാസ്ട്രിയുടെ പൂമുഖത്തെത്തിയപ്പോള്‍ പലപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ അവിടെയാകെ ചിന്നിച്ചിതറിയുണ്ട്.
പക്ഷേ സന്ദര്‍ശന സമയമല്ലാത്തതിനാല്‍ അകത്തുകയറാനും കാഴചകളിലേയ്ക്കിറങ്ങിച്ചെല്ലാനും കഴിഞ്ഞില്ല.
15 )0 നൂറ്റാണ്ടില്‍ ഒരു ക്ഷേത്രമായി പണികഴിപ്പിച്ചതാണെങ്കിലും പിന്നീട് അഞ്ചുനിലകളുള്ല ഒരു കോട്ടയും കൊട്ടാരവും അതിനോടു ചേര്‍ന്നു പണിതുയര്‍ത്തുകയായിരുന്നു. പിന്നെയും പലതവണ നവീകരണങ്ങള്‍ നടന്നാണ് ഇപ്പോള്‍ കാണുന്ന രീതിയിലുള്ല അതിബൃഹത്തായൊരു വാസ്തുശില്പമായി ഇതു രൂപാന്തരപ്പെട്ടത്.
അതിനുള്ളില്‍ 14 ക്ഷേത്രങ്ങളുണ്ട്. വ്യത്യസ്തങ്ങളായ ഈശ്വരാംശങ്ങള്‍ക്കായുള്ലവയാണ് ഓരോന്നും. കോട്ടയ്ക്കു പുറത്ത് ഒരു ദയങ്കാ ക്ഷേത്രമുണ്ട്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഇവിടെ ത്ഷേച്ചൂ എന്ന ദേശീയോത്സവം അരങ്ങേറും. വിവിധങ്ങളായ മുഖം മൂടി ധരിച്ച നൃത്തരൂപങ്ങള്‍ ഈ വിഹാരത്തിലെ സന്യാസിമാര്‍ അവതരിപ്പിക്കും. പുണ്യരൂപങ്ങളുമേന്തിയുള്ല ഘോഷയാത്രകളും ആ സമയത്ത് തെരുവുകളെ പുളകമണിയിക്കും.  


 അവിടെ നിന്നു മുകളിലേയ്ക്കു നോക്കിയാല്‍ ഒരു വാച്ച് ടവറും കാണാം. അവിടെയുള്ള ഏഴുനിലമന്ദിരത്തിലാണ് ഭൂട്ടാനിലെ നാഷനല്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത്.
അതും സന്ദര്‍ശനസമയമായിട്ടില്ലാത്തതുകൊണ്ടു കാണാന്‍ സാധിക്കുകയില്ല. ഇനിയും അവിടെ നിന്നിട്ടു കാര്യമില്ലാത്തതിനാല്‍ ഞങ്ങള്‍ അവിടെ നിന്നു മടങ്ങി. ഓക്കുമരത്തോട്ടത്തിനിടയിലൂടെയുള്ല താഴേയ്ക്കിറങ്ങുന്ന കല്ലുകള്‍ പതിച്ച നടപ്പാതയിലൂടെ.

പിന്നെ പാലം കടന്നു കാറിനടുത്തേയ്ക്ക്, അങ്ങനെ പാരോ എന്ന ശാന്തസുന്ദരമായ പട്ടണത്തോട് വിടപറയുകയാണ്. ഇനി ഒരിക്കല്‍ ഇവിടേയ്ക്കു വരുമോ എന്നറിയില്ല . എങ്കിലും മനസ്സില്‍ മന്ത്രിച്ചു, പാരോ, നിന്നെക്കാണാന്‍ ഇനിയുമെത്തും, കാത്തിരിക്കുക.


പ്രഭാതത്തിലെ തുളച്ചുകയറുന്ന തണുപ്പ്. തണുപ്പിനെ ആവഹിച്ചുകൊണ്ടുവരുന്ന മഞ്ഞിലൂടെ യാത്ര തുടരുകയാണ്.
ഒരുവശത്ത് ആകാശത്തിനു മറപിടിക്കുന്ന ഉയര്‍ന്ന മലഞ്ചെരുവ്. മറുവശത്ത് താഴ്വശം കാണാനാകാത്ത മലയിറക്കം. ചുറ്റുപാടും പച്ചപ്പിന്റെ ധാരാളിത്തം. വൈവിധ്യമാര്‍ന്ന പുഷ്പസഞ്ചയം. ഇടയ്ക്ക് ഒരു ചെറിയ ഗ്രാമചന്തയ്ക്കു സമീപം സൈകത് കാര്‍ നിര്‍ത്തി. പാരോയിലേയും തിംഫുവിലേയും പോലെയുള്ല വൃത്തിയുള്ല ചന്തയല്ലായിരുന്നു അത്. അവിടെ നിന്നും പ്രദേശികമായി ഉല്‍പാദിപ്പിക്കുന്ന പഴങ്ങളും മറ്റും വാങ്ങി. ഒരു ചെറിയ ചായക്കടയില്‍ നിന്ന് അവിടെത്തെ നാടന്‍ ചായയും രുചിച്ചു. പിന്നെയും തണുത്ത വിജനമായ വഴികളിലൂടെ യാത്ര.
ഇടയ്ക്കിടെ അടുത്തും അകലെയും കാണുന്നുണ്ട് മനോഹരങ്ങളായ നീര്‍ച്ചാലുകള്‍.
വളഞ്ഞും പുളഞ്ഞും പോകുന്ന മലമ്പാതയിലൂടെ കുറേ സഞ്ചരിച്ചു ചപ്ച എന്ന ഗ്രാമത്തിലെത്തിയപ്പോള്‍ ഒരു മിലിട്ടറി ക്യാന്റീന്‍ കാണാറായി.
അവിടെ നിന്നും സമോസയും ചായയും ഒക്കെ ചൂടോടെ കഴിച്ചു. ഇന്ത്യാക്കാരാണ് അവിടെത്തെ നടത്തിപ്പുകാര്‍. പിന്നെയും യാത്ര. 

ജയ്ഗാവിനു തൊട്ടു മുന്‍പുള്ള ചെക്ക്പോസ്റ്റില്‍ യാത്രാനുമതിപത്രവും മറ്റു ഔദ്യോഗികരേഖകളും ഒക്കെ സമര്‍പ്പിക്കേണ്ടതുണ്ട്. അതിനുശേഷം പിന്നെയും യാത്ര. ഉച്ച കഴിഞ്ഞപ്പോള്‍ ജയ്ഗാവിലെത്തി.ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അനുഭവിച്ച ശാന്തതയും സ്വച്ഛതയും ഒക്കെ ഒരു പടിപ്പുര കടന്നപ്പോള്‍ ഓടിമറഞ്ഞതുപോലെ. വൃത്തിഹീനമായ തെരുവുകളും തീരക്കുപിടിച്ചുപായുന്ന ജങ്ങളും ഈച്ചകള്‍ നിറഞ്ഞ ഭക്ഷണശാലകളും വാഹനബാഹുല്യത്താല്‍ വലഞ്ഞ പാതകളും. വീര്‍പ്പുമുട്ടിക്കുന്ന അന്തരീക്ഷം. ഇപ്പോള്‍ ഇന്ത്യയിലാണ് ! നമ്മുടെ ജന്മഭൂമിയില്‍......
രാത്രിയായിരുന്നു ഞങ്ങള്‍ക്കുള്ല ട്രെയിന്‍. അവധി ദിവസമായിരുന്നതിനാല്‍ ജയ്ഗാവിലെ കാഴ്ചകള്‍ ഞങ്ങള്‍ക്കു മുന്നില്‍ തുറക്കുമായിരുന്നില്ല. അതുകൊണ്ട് റെയില്‍വേസ്ടേഷനില്‍ കാത്തിരിക്കുകയേ തരമുള്ളു. സ്ടേഷനിലെത്തിച്ച് സൈകത് യാത്രപറഞ്ഞുപോയി. പിന്നെ കാത്തുകാത്ത് , ഒടുവില്‍ ഞങ്ങളും യാത്ര തുടങ്ങി കാത്തിരിക്കുന്ന വീട്ടിലേയ്ക്ക്.. സഫലമായൊരു നല്ല യാത്രയുടെ മധുരസ്മരണകളുമായി. വീണ്ടും ഓര്‍മ്മിക്കുകയാണു മാര്‍ക്ക് ട്വൈന്റെ വാക്കുകള്‍

     "Travel is fatal to prejudice, bigotry, and narrow-mindedness, and many of our people need it sorely on these accounts. Broad, wholesome, charitable views of men and things cannot be acquired by vegetating in one little corner of the earth all one's lifetime"

Friday, August 14, 2015

ഓണം.. ഒരു കണ്ണീരോര്‍മ്മ

ഓണക്കാലത്ത് ഒരു ദിവസം കൂഞ്ഞുകുട്ടനമ്മാവന്റെ വീട്ടില്‍ പോവുക എന്നത് കുട്ടിക്കാലം മുതലുള്ള പതിവാണ്. അമ്മയുടെ ഒരകന്ന ബന്ധുവാണ് എങ്കിലും ഏറ്റവും അടുത്ത ബന്ധുക്കളേക്കാള്‍ ഏതുകാര്യത്തിനും മുന്‍പിലുണ്ടാകുന്നത്  അദ്ദേഹവും ഭാര്യ ജാനകിയമ്മായിയും ആയിരിക്കും. അമ്മാവനു നാലു മക്കള്‍, മൂന്നുചേച്ചിമാരും അവരുടെ ഒരനുജനും . ഞാന്‍  ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് അവരില്‍ മൂത്തവളായ നിര്‍മ്മലച്ചേച്ചിയുടെ കല്യാണം. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ നിര്‍മ്മലച്ചേച്ചിയും ഭര്‍ത്താവും ഒരു ബൈക്ക് ആക്സിഡന്റില്‍ മരിച്ചുപോയി. അവരുടെ എട്ടുമസം പ്രായമായ കുഞ്ഞിനെ പിന്നെ വളര്‍ത്തിയത് കുഞ്ഞൂട്ടനമ്മാവനും അമ്മായിയും ചേര്‍ന്നായിരുന്നു. അധികം താമസിയാതെ വിമലച്ചേച്ചിയും വിവാഹിതയായി. പക്ഷേ ചേച്ചിയുടെ ഭര്‍ത്താവ് ഗുജറാത്തിലെവിടെയോ കമ്പനിയില്‍ ജോലിക്കാരനായതുകൊണ്ട് വിമലച്ചേച്ചി വീട്ടില്‍തന്നെയായിരുന്നു. അവര്‍ക്കാണെങ്കില്‍ കുട്ടികള്‍ ഉണ്ടായതുമില്ല. അതുകൊണ്ട് നിര്‍മ്മലച്ചേച്ചിയുടെ മകള്‍ നീലിമയെ വളരെ സ്നേഹത്തോടെ വളര്‍ത്താന്‍ വിമലച്ചേച്ചിയും നന്നായി ശ്രദ്ധിച്ചിരുന്നു.മൂന്നാമത്തവള്‍ അനിലച്ചേച്ചിയുടെ കല്യാണശേഷം ഏതാനുംമാസം കഴിഞ്ഞപ്പോള്‍ കുഞ്ഞൂട്ടനമ്മാവന്‍ പെട്ടെന്നൊരു നെഞ്ചുവേദന വന്നു കുഴഞ്ഞുവീണു. മൂന്നു ദിവസം ആശുപത്രിയില്‍. പിന്നെ വന്നത് ജീവനില്ലാത്ത ശരീരമായിരുന്നു.  അധികം താമസിയാതെ മകന്‍ ഗിരീഷും വിവാഹിതനായി. ഗിരീഷ് ചേട്ടന്‍  ഭാര്യവീട്ടില്‍ സ്ഥിരതാമസമാക്കി. പെൺകുട്ടി  മാതാപിതാക്കളുടെ ഏകപുത്രിയായിരുന്നു.

ഡിഗ്രി അവസാനവര്‍ഷത്തെ ഓണാവധിക്കു വന്നതായിരുന്നു വീട്ടില്‍. അമ്മ ഞങ്ങൾക്ക്  ഓണക്കോടിയെടുക്കാന്‍ പോയപ്പോള്‍ അമ്മായിക്കും നീലിമ മോള്‍ക്കുംകൂടി വാങ്ങി. അവിട്ടം നാള്‍ ഉച്ചകഴിഞ്ഞായിരുന്നു ഞാന്‍ ഓണക്കോടിയും ഉപ്പേരിയും ഒക്കെയായി കുഞ്ഞൂട്ടനമ്മാവന്റെ വീട്ടിൽ  പോയത്. അവിടെ ചെന്നപ്പോള്‍ വിമലച്ചേച്ചി കരഞ്ഞുതളര്‍ന്നിരിക്കുന്നുണ്ട്. അമ്മായി വാതരോഗം കലശലായതുകൊണ്ട് ചികിത്സയുമായി  എപ്പോഴും കിടപ്പില്‍തന്നെ. നീലിമ ചിരിച്ചുകൊണ്ട് എവിടെ നിന്നോ ഓടിവന്നു. നല്ല സ്നേഹമുള്ള കുട്ടിയാണവള്‍. കൊണ്ടുവന്ന പൊതിയൊക്കെ അവളെ ഏല്‍പ്പിച്ച് വിമലച്ചേച്ചിയോടു കുശലം ചോദിക്കാന്‍ ശ്രമിച്ചു. മറുപടിക്കു പകരം  കരച്ചില്‍തന്നെ. അമ്മായിയെ പോയിക്കണ്ടു ചോദിച്ചു. അമ്മായിയും ഒന്നും അറിയില്ലെന്നു പറഞ്ഞു.  കുറച്ചു സമയം വിശേഷം പറഞ്ഞു അമ്മായിയോടൊപ്പം ഇരുന്നു മുറ്റത്തേക്കിറങ്ങി. അപ്പോഴാണ്  മണ്ണിൽ കളംവരച്ച് അക്കുകളിക്കുന്ന നീലിമയുടെ കാലില്‍ അടികൊണ്ടു തൊലിപോയ പാടുകണ്ടത്. ഏഴുവയസ്സായെങ്കിലും അവള്‍ക്ക് അത്ര വലുപ്പമില്ല. ഓടിപ്പോയി എടുത്തു ,കാലില്‍ നോക്കി. കുറേ അടിയുടെ പാടുകള്‍! കണ്ണു നിറഞ്ഞുപോയി. അമ്മയുമച്ഛനുമില്ലാത്ത ഈ കുഞ്ഞിനോട് ഈ ദ്രോഹം ചെയ്തത് ആരായിരിക്കാമെന്നായി ചിന്ത.

മോളെയുമെടുത്ത് അകത്തുപോയിരുന്നു മെല്ലേ  അവളുടെ കാലില്‍ തലോടിക്കൊണ്ടു ചോദിച്ചു എന്താണുണ്ടായതെന്ന്. കഴിഞ്ഞദിവസം വിമലച്ചിറ്റ അവളെ അടിച്ചതാണത്രേ. എന്തിനാണെന്നു ചോദിച്ചിട്ട് അറിയില്ലാന്നും പറഞ്ഞു. പാവം കുട്ടി! നല്ലോരോണമായിട്ട് എന്തിനാണു വിമലച്ചേച്ചി അവളെ അടിച്ചതെന്നു അവരോടു തന്നെ ചോദിച്ചു. മറുപടി ആദ്യമൊരു പൊട്ടിക്കരച്ചിലായിരുന്നു. കുറേ കരഞ്ഞശേഷം ചേച്ചി പറഞ്ഞു. തനിക്കു ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റിനേക്കുറിച്ച്. പരിഹാരമൊന്നുമില്ലാത്ത വലിയ പിഴയുടെ നീറ്റലുമായാണ് അക്കാര്യം അവര്‍ പറഞ്ഞത്.

കുഞ്ഞൂട്ടനമ്മാവന്റെ മരണശേഷം അമ്മായിയും കിടപ്പിലായപ്പോള്‍ സാമ്പത്തികനിലയാകെ അവതാളത്തിലായി. വിമലച്ചേച്ചിയുടെ ഭര്‍ത്താവ് ശേഖരേട്ടന്റെ കമ്പനി പൂട്ടിപ്പോയതുകൊണ്ട് കൃത്യമായി പണം അയയ്ക്കാനൊന്നും അയാള്‍ക്കു കഴിയാറുമില്ല. അനിലച്ചേച്ചിയും  ഗിരീഷേട്ടനും അവരവരുടെ കാര്യങ്ങള്‍ നോക്കി സ്വസ്ഥമായി ജീവിക്കുന്നു. തനിക്കു കുടുംബത്തു നിന്നു വേണ്ടതൊന്നും ചെയ്യുന്നില്ലെന്ന പരാതിയാണ് അനിലച്ചേച്ചിക്കെപ്പോഴും. അവര്‍ക്ക് ഭര്‍ത്താവിന്റെ വീട്ടുകാരുടെ മുന്‍പില്‍ അതു വലിയ കുറവാണത്രേ. ഓണത്തിനു എല്ലാവരും നേരത്തെ തന്നെ  വരുമെന്നറിയിച്ചിരുന്നു. അതുകൊണ്ട് വേണ്ട രീതിയില്‍ ഓണമൊരുക്കാന്‍ വിമലച്ചേച്ചിക്കു നന്നേ വിഷമിക്കേണ്ടി വന്നു. അനിലച്ചേച്ചി കുഞ്ഞിനേയും കൊണ്ടാണു വരുന്നത്. പ്രസവം ഭര്‍തൃഗൃഹത്തില്‍തന്നെയായിരുന്നു. അതുകൊണ്ട് അവര്‍ക്കു കൊടുക്കാന്‍ പണവും ഓണക്കോടിയും കുഞ്ഞിനു സ്വര്‍ണ്ണമെന്തെങ്കിലും
 വാങ്ങാനും ഒക്കെയായി അവര്‍ തന്റെ ആകെയുണ്ടായിരുന്ന സ്വര്‍ണ്ണക്കമ്മല്‍ വിറ്റു. ബാക്കി സ്വര്‍ണ്ണമൊക്കെ ഓരോരോ ആവശ്യങ്ങള്‍ക്കായി  വില്‍ക്കുകയും പണയം വെക്കുകയും ചെയ്തിരുന്നതുകൊണ്ട് ആകെ ഉണ്ടായിരുന്ന പൊന്നായിരുന്നു അത്. കുഞ്ഞിനു കൊടുക്കാന്‍ രണ്ടുഗ്രാം സ്വര്‍ണ്ണത്തില്‍ ഒരു വളയായിരുന്നു വാങ്ങിയത്.  ഓണക്കോടിയും വാങ്ങിവെച്ചു. സദ്യയ്ക്കുളള  വകയും .

ഉത്രാടദിവസം രാത്രി എല്ലാവരും എത്തി. നീലിമ സന്തോഷം കൊണ്ടു മതിമറന്നു നടക്കുകയായിരുന്നു. അവള്‍ക്കും ഒരു കോടിയുടുപ്പു വാങ്ങിയിരുന്നു. ഒന്നു നേരം വെളുക്കാന്‍ അവള്‍ കാത്തിരിക്കുകയാണ് അതുമിട്ട് കൂട്ടുകാരുടെ കൂടെ ഗമ കാണിക്കാന്‍. രാത്രി ജോലികഴിഞ്ഞു എല്ലാവരും കിടക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ഷീറ്റുവിരിക്കുമ്പോള്‍ വിമലച്ചേച്ചിയേ സഹായിച്ചു നീലിമയും കൂടി . അനിലച്ചേച്ചി മുറിയിലേക്കു വന്നപ്പോള്‍ കുഞ്ഞിനു വാങ്ങിയ വളയെടുത്തു കാട്ടിക്കൊടുത്തു. മാലയായിരുന്നു ചേച്ചി പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടു തന്നെ അത്ര തൃപ്തിയായതുമില്ല. നീലിമ വള കണ്ടപ്പോള്‍ അവള്‍ക്കും വേണമെന്നു ശാഠ്യം പിടിച്ചു. വിമലച്ചേച്ചി അവളെ വഴക്കു പറഞ്ഞപ്പോള്‍ അവള്‍ വാശിയോടെ പറഞ്ഞു. " ഇതു ഞാനെടുക്കുമല്ലോ.. നാളെ കുഞ്ഞുവാവയ്ക്കിടാന്‍ തരില്ല." അടിക്കാനായി വിമലച്ചേച്ചി കൈവീശിയപ്പോള്‍ അവള്‍ ഓടിപ്പോയി. എന്തിനോ അമ്മായി വിളിച്ചതുകൊണ്ട് ചേച്ചി അങ്ങോട്ടേയ്ക്കു പോയി. പെട്ടെന്നു കറണ്ടു പോയി. ടിവിയുടെ പിറകിലിരിക്കുന്ന മെഴുകുതിരിയെടുക്കാന്‍ അനിലച്ചേച്ചിയും പോയി.

തിരുവോണദിവസം രാവിലെ വിമലച്ചേച്ചി അടുക്കളയില്‍തന്നെ. കുഞ്ഞുള്ളതുകൊണ്ട് അനിലച്ചേച്ചി  ആ ഭാഗത്തേയ്ക്കേ പോയതില്ല. ഗിരീഷേട്ടന്റെ ഭാര്യയ്ക്ക് അടുക്കള  ജോലിയൊന്നും അറിയുകയുമില്ല. അവരൊക്കെ കുളികഴിഞ്ഞു കോടിയുടുത്തു . നീലിമയും കുളിക്കാനായി പോയി. അപ്പോഴാണ് അനിലച്ചേച്ചി കുഞ്ഞിന്റെ വള അന്വേഷിക്കുന്നത്. അത് അവിടെയെങ്ങുമില്ല. മുറിയിലൊക്കെ നോക്കി . അലമാരയിലും മേശപ്പുറത്തും അകത്തുമൊക്കെ .. എങ്ങും കാണാനില്ല. വിമലച്ചേച്ചിയുടെ മനസ്സില്‍ ഓരോ നിമിഷവും ഭാരം കേറിവരുന്നെന്നു തോന്നി.  എത്ര ബുദ്ധിമുട്ടിയാണ് അത്രയും പണമുണ്ടാക്കിയത്. വള എവിടെയുമില്ല. അപ്പോഴാണ് തലേദിവസത്തെ നീലിമയുടെ വാശിയോര്‍ത്തത്. അവള്‍ കുളിച്ചു വന്നപ്പോള്‍ ചോദിച്ചു. എടുത്തില്ല എന്ന് ആണയിട്ടു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. " പെണ്ണിനെ കൊഞ്ചിച്ചു വഷളാക്കിവെച്ചിരിക്കുന്നു" അനിലയുടെ കോപം തിളച്ചു.
" സത്യം പറഞ്ഞില്ലെങ്കില്‍ നിനക്കിന്നു ഓണക്കോടി തരില്ല. ഓര്‍ത്തോ.." വിമലച്ചേച്ചി തറപ്പിച്ചു പറഞ്ഞു. കുറെ നേരം നീലിമ കരഞ്ഞു നോക്കി . രക്ഷയില്ലെന്നു കണ്ടപ്പോള്‍ അവള്‍ വിചാരിച്ചിരിക്കും വളയെടുത്തെന്ന് ഏറ്റു പറഞ്ഞാല്‍ ഓണക്കോടി കൊടുക്കുമെന്ന്. പക്ഷേ അതു കൊടുക്കാന്‍ അവളുടെ കയ്യില്‍ വള ഇല്ല താനും. അതൊന്നും അപ്പോള്‍ അവള്‍ ഓര്‍ത്തില്ല. ഓടിപ്പോയി അടുക്കളയില്‍ തിരക്കിട്ടു പണി ചെയ്യുന്ന വിമലച്ചേച്ചിയോടു പറഞ്ഞു
" ചിറ്റേ , ഞാനാ വളയെടുത്തത്. ഇനി തരുമോ ഓണക്കോടി? "
" എന്നിട്ടെവിടെ? വേഗം എടുത്തുകൊണ്ടുവാ " എന്നായി വിമലച്ചേച്ചി.
അവള്‍ ആകെ കുടുങ്ങി.
" അത്... അത്... " കുഞ്ഞിനു ആകെ പരിഭ്രമമായി. എവിടെ നിന്നെടുത്തുകൊണ്ടുവരാന്‍!.
ഭദ്രകാളിയേപ്പോലെ വിമലച്ചേച്ചി ഉറഞ്ഞു തുള്ളുകയാണ്. ഒടുവില്‍ അവള്‍ പറഞ്ഞു.
" രാവിലെ വന്ന ധര്‍മ്മക്കാരിക്കു കൊടുത്തു. "
അതാരെന്നു പോലും വിമലച്ചേച്ചി കണ്ടിരുന്നില്ല. അപ്പോള്‍ പിന്നെ വള പോയതു തന്നെ!. പിന്നെ അവിടെ ഒരു താണ്ഡവം തന്നെ നടന്നു. കലി തീരും വരെ അവര്‍ നീലിമയെ ചൂരലുകൊണ്ടടിച്ചു. കാലുപൊട്ടി ചോര ഒഴുകിയിട്ടും നിര്‍ത്തിയില്ല. ഒടുവില്‍ പിടിവിട്ട് ഓടിപ്പോയവള്‍ അമ്മമ്മയുടെ കട്ടിലില്‍ അഭയം പ്രാപിച്ചു. കരഞ്ഞു തളര്‍ന്ന് അവിടെ കിടന്നുറങ്ങുകയും ചെയ്തു, കുളിച്ചുകഴിഞ്ഞപ്പോള്‍ ഉടുത്തുവന്ന ഈറന്‍ തോര്‍ത്തോടെ.. ഇടയ്ക്കിടയ്ക്ക് ആ കുഞ്ഞു കണ്ഠത്തില്‍ നിന്നു തേങ്ങലുയര്‍ന്നുകൊണ്ടിരുന്നു. എല്ലാവരും സദ്യയുണ്ടപ്പോഴും അവള്‍ നല്ല ഉറക്കത്തിലായിരുന്നു. വള പോയതിന്റെ നിരാശയില്‍ അനിലച്ചേച്ചി ആകെ മുഷിഞ്ഞു തന്നെ . ഒരുവിധത്തില്‍ തിരുവോണനാള്‍ കടന്നു പോയി. പിറ്റെ ദിവസം തന്നെ വിരുന്നുകാരൊക്കെ അവരവരുടെ താവളങ്ങളിലേക്കു  മടങ്ങി. അനിലച്ചേച്ചിയുടെ മുഖം ഒട്ടും തെളിഞ്ഞിരുന്നില്ല പോകുമ്പോഴും. വിമലച്ചേച്ചിയുടെ സങ്കടം അതിലുമേറെ. ഇനി ബാക്കിയുള്ള  കാര്യങ്ങള്‍ക്ക് എങ്ങനെ പണമുണ്ടാകുമെന്നറിയില്ല. അമ്മായിയുടെ ചികിത്സയ്ക്കുതന്നെ നല്ലൊരു തുക വേണ്ടിവരുമല്ലോ.

എല്ലാവരും പോയശേഷം വീടൊക്കെ അടുക്കിവെയ്ക്കാനായി വിമലച്ചേച്ചി കയറിയതാണ്. ടിവിയുടെ പുറത്തുവിരിച്ചിരുന്ന തുണി ഒരു വശത്ത് ഊര്‍ന്നു വീണുകിടന്നിരുന്നു. അതെടുത്തു വിരിക്കാന്‍ തുടങ്ങുമ്പോഴാണ് ചുവന്ന കൊച്ചു പെട്ടി കണ്ണില്‍ പെട്ടത്. അനിലയുടെ കുഞ്ഞിനു വാങ്ങിയ വള!. മെഴുകുതിരിയെടുക്കാന്‍ വന്നപ്പോള്‍ അവര്‍ ഓര്‍ക്കാതെ അവിടെ വെച്ചിരിക്കാം . പിറ്റെദിവസം അതു മറന്നും പോയി.  ആ കുറ്റം നീലിമയില്‍ ചെന്നു വീഴുകയും ചെയ്തു.. ഓണക്കോടി കിട്ടാനുള്ള  മോഹത്താലായിരിക്കും അവള്‍ ആ കുറ്റം ഏറ്റെടുത്തത്. വലിയവരുടെ മനസ്സിന്റെ കാപട്യം കുഞ്ഞുങ്ങള്‍ക്കറിയില്ലല്ലോ. ആ  കുഞ്ഞുമനസ്സിനും ശരീരത്തിനും താങ്ങാനാവാത്ത ഓണസമ്മാനമായിരുന്നു അവള്‍ക്കു ലഭിച്ചത്!.

മടങ്ങിപ്പോന്നത് ഹൃദയത്തില്‍ വലിയൊരു ഭാരവും കൊണ്ടായിരുന്നു. ആ പാവം കുഞ്ഞിന്റെ  മെലിഞ്ഞ കാലിലെ അടിയുടെ പാടുകള്‍ മനസ്സില്‍ ആഴത്തില്‍ മുറിവുണ്ടാക്കുക തന്നെ ചെയ്തു. ഇനിയൊരോണം അവള്‍ ഒരുപക്ഷേ ആഗ്രഹിക്കാഞ്ഞോ എന്തോ, അതിനായി അവള്‍ കാത്തിരുന്നില്ല. ഏതാനും ദിവസം ആശുപത്രിയില്‍ കടുത്ത പനിയോടു മല്ലിട്ടു കിടന്നു. പിന്നെ തന്റെ അച്ഛനമ്മമാരുടെ അടുത്തേക്ക്  അവള്‍ പോകുകയും ചെയ്തു. ഓണവും ഓണക്കോടിയും ഒന്നുമില്ലാതെ വിമലച്ചേച്ചി ഇപ്പോഴും ആ പഴയ വീട്ടില്‍ കഴിയുന്നുണ്ട്, കിടപ്പിലായ അമ്മായിയെ   ശുശ്രൂഷിച്ച് ,   ഗുജറാത്തിലെവിടെയോ ഉള്ള ശേഖരേട്ടന്റെ വരവും കാത്ത്...... 

Wednesday, August 12, 2015

........ഹൃദയസാഗരഗീതികള്‍

നിലാവുദിക്കുന്ന ആകാശച്ചെരുവിലെങ്ങോ
നീയെന്റെ ഒപ്പമുണ്ടായിരുന്നു.
നമുക്കിടയില്‍ വാക്കുകളും വരികളുമുണ്ടായിരുന്നില്ല.
പകരം ഉദാത്തസ്നേഹത്തിന്റെ
സംഗീതവീചികള്‍ മാത്രം.
അര്‍ത്ഥപൂര്‍ണ്ണമായ രാഗവിസ്മയങ്ങളില്‍
ആ അമൃതഗീതം എന്നിലേയ്ക്കൊഴുകിയെത്തിയിരുന്നു
എന്റെ ഹൃദയം ഒരു പ്രണയപയോധിയായ് മറുന്നത് ഞാനറിഞ്ഞതേയില്ല.
അതിന്റെ ആഴങ്ങളിലെവിടെയോ കൈമോശം വന്ന എന്റെ ആത്മാവിനെ
ഞാനിന്നു തിരയുകയാണ്
അതിനായി ഞാന്‍ സാമസംഗീതത്തിന്റെ ഉറവകളിലേയ്ക്ക്
അന്വേഷണകുതുകിയായ് നടന്നുനീങ്ങുമോ എന്നുമറിയില്ല.
കണ്ടെത്തിയില്ലെങ്കില്‍ ആത്മാവു നഷ്ടമായ ഞാന്‍
നിന്റെ സംഗീതവീചികളിലേറി
അനന്തതയില്‍ വിലയം പ്രാപിക്കും
നിലാവു മായും മുന്‍പേ..
അപ്പോഴും എന്റെ ഹൃദയത്തിന്റെ പ്രണയസാഗരത്തിലെ തിരമാലകളായ്
നിന്റെ സംഗീതം അലയടിച്ചുകൊണ്ടേയിരിക്കും.
യുഗാന്തരങ്ങളില്‍ ആ ശ്രുതിമാധുര്യം
പ്രപഞ്ചത്തിന് ഉന്മേഷഹേതുവാകും
അതെനിക്ക് ജന്മസാഫല്യമേകും.

Saturday, August 8, 2015

എങ്കിലും... കുഞ്ഞാഞ്ഞ.... ( കഥ )

ആ ആലോചന എന്തുകൊണ്ടും കുഞ്ഞാഞ്ഞയ്ക്കു സ്വീകാര്യമായിത്തോന്നി. തനിക്കു നന്നായി ചേരുന്നതു തന്നെ. 'ഈ വയസ്സുകാലത്ത് ഇതു വേണോ?' എന്നു ചോദിച്ചാല്‍ 'അത് ആ കുട്ടിക്കു കൂടി ആശ്വാസമല്ലേ' എന്നേ മനസ്സില്‍ മറുപടി തെളിഞ്ഞുള്ളു.
രാഗിണിയും തന്റെയത്രയല്ലെങ്കിലും വികലാംഗ. മുടന്തുകാലില്‍ നടന്ന് ജീവിതത്തിന്റെ മുള്‍വഴികള്‍ താണ്ടുന്ന പാവം പെണ്ണ്. ഇപ്പോള്‍ അവള്‍ അനാഥയുമായിരിക്കുന്നു. എങ്കിലും നന്നായി ആലോചിച്ചു വേണം എല്ലാവരേയും തീരുമാനം അറിയിക്കാന്‍. രണ്ടുപേരുടേയും മുന്നില്‍ ജീവിതം നീണ്ടു നിവര്‍ന്നു കിടക്കുന്നു. നാളെ   ഒരു പഴിയും പറഞ്ഞുകേള്‍ക്കാനിടവരരുത്. ആ രാത്രി മാടക്കടയടച്ചു വീട്ടിലേക്കു  പോകുമ്പോള്‍ കുഞ്ഞാഞ്ഞ ചിന്താധീനനായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരവസ്ഥയെ നേരിടുന്നത്.

നാട്ടിന്‍പുറത്തെ ഇത്തിരിസ്ഥലവും കൊച്ച് ഓലപ്പുരയും വിറ്റുകിട്ടിയ പണം കൊണ്ട് ഹൈറേഞ്ചിലെ മന്നാന്‍മാരില്‍ നിന്ന് ഏക്കറുകണക്കിനു സ്ഥലം വാങ്ങി താമസത്തിനു പോരുമ്പോള്‍ കുഞ്ഞാഞ്ഞയുടെ അച്ഛന്‍ ഗോവിന്ദപ്പണിക്കര്‍ക്കു സ്വപ്നങ്ങളൊരുപാടുണ്ടായിരുന്നു. എട്ടു മക്കളില്‍ മൂത്തവള്‍ ഗൗരിയെ മുന്‍പേ വിവാഹം കഴിപ്പിച്ചയയ്ക്കാന്‍ കഴിഞ്ഞു. രണ്ടാമന്‍ പ്രഭാകരന്‍ എന്ന കുഞ്ഞാഞ്ഞ   പോളിയോബാധിച്ചു രണ്ടുകാലും സ്വാധീനമില്ലാതെ ഏതാണ്ട് ഇഴഞ്ഞെന്നപോലെ ജീവിക്കുന്ന സാധു. പിന്നെയും  മൂന്നാണ്‍മക്കളും  മൂന്നു  പെണ്‍മക്കളും. ആകെ പഠനത്തില്‍ താല്‍പര്യം കാട്ടിയത് ഇളയമകള്‍ മാത്രം. ബാക്കിയെല്ലാവരും തോറ്റുതോറ്റു പഠിക്കുന്നവര്‍. അവളെ മാത്രം അകലെയുള്ള സ്കൂളില്‍ ചേര്‍ത്തു. ബാക്കിയുള്ളവരില്‍ മുതിര്‍ന്നവരെ പറമ്പിലെ കൃഷിപ്പണികള്‍ ചെയ്യാന്‍ പരിശീലിപ്പിച്ചു. പെണ്‍മക്കള്‍ അമ്മയെ  സഹായിച്ചു കഴിഞ്ഞുകൂടി.
കുഞ്ഞാഞ്ഞയ്ക്കു ശാരീരികാധ്വാനം കഴിയില്ല. അതുകൊണ്ടു കവലയില്‍ ഒരു കൊച്ചു മാടക്കട ഏര്‍പ്പാടാക്കി. അടുത്ത സ്കൂളിലെ കുട്ടികള്‍ക്കുള്ള മധുരവും പേനയും  പെന്‍സിലും ബുക്കും കൊച്ചു കൗതുകവസ്തുക്കളും ഒക്കെയുള്ള കട.പണിക്കര്‍ കൃഷിയും ഒപ്പമുള്ള പശുവളര്‍ത്തലും ഒക്കെയായി ഏതാനും വര്‍ഷത്തിനുള്ളില്‍ സാമാന്യം നല്ല ധനസ്ഥിതിയിലെത്തി.  വലിയൊരു വീടും വെച്ചു. ആദ്യം താമസിച്ചിരുന്ന രണ്ടു മുറിയും അടുക്കളയും അരഭിത്തികെട്ടിയ വരാന്തയുമുള്ള വീട്  തീര്‍ത്തും ഉപേക്ഷിക്കാന്‍ മനസ്സുവന്നില്ല .  മുറ്റത്തു കിണറുള്ളതുകൊണ്ട് ജോലിക്കാര്‍ക്ക് ഭക്ഷണം കഴിക്കാനും , ഇടസമയത്തെ വിശ്രമത്തിനും പണിസാമഗ്രികളും മറ്റും സൂക്ഷിക്കാനുമൊക്കെയായി അതുപയോഗിച്ചു പോന്നു. 

പുതിയ വീടുവെച്ച് താമസം തുടങ്ങിയശേഷം വന്ന പേമാരിക്കാലത്താണ് മലമ്പനി  ഗോവിന്ദപ്പണിക്കരെ കൊണ്ടുപോയത്. പിന്നെ കുഞ്ഞാഞ്ഞയും അമ്മയും ചേര്‍ന്നായി കുടുംബഭരണം. അനിയന്മാരൊക്കെ നല്ല മനസ്സുള്ളവരും  കുഞ്ഞാഞ്ഞയെ ബഹുമാനിക്കുന്നവരും ആയിരുന്നു. എല്ലാവരും ഒത്തൊരുമിച്ച് അദ്ധ്വാനിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോയി. മൂന്നു സഹോദരിമാരെയും നല്ല രീതിയില്‍ വിവാഹം ചെയ്തയച്ചു. അനിയന്മാരുടെയും വിവാഹങ്ങള്‍ നടത്തി, ഓരോരുത്തരേയും വെവ്വേറെ കൂരകളിലേക്ക്  ജീവിതത്തെ പറിച്ചു നട്ടു . വളര്‍ന്നുയരാനുള്ള തത്രപ്പാടില്‍  ഓരോരുത്തരും അവരവരിലേയ്ക്കൊതുങ്ങി. അങ്ങനെയിരിക്കെ ഒരു പ്രഭാതത്തില്‍  ഭാര്‍ഗ്ഗവിച്ചേച്ചി കുഴഞ്ഞുവീണു. മുറ്റത്തിരുന്നു പല്ലു തേയ്ക്കുകയായിരുന്ന കുഞ്ഞാഞ്ഞ അതു കണ്ടു ബഹളം വെച്ച് ആളെ കൂട്ടിയെങ്കിലും ആശുപത്രിയിലേക്കു  പോകാന്‍ ജീപ്പു വരും മുന്‍പേ ഒക്കെ കഴിഞ്ഞിരുന്നു.ആ  മരണം അവശേഷിപ്പിച്ച ശൂന്യതയില്‍ കുഞ്ഞാഞ്ഞ തികച്ചും ഒറ്റപ്പെടുകയായിരുന്നു , ജീവിതത്തില്‍തന്നെ . 

പ്രഭാകരന്‍ നാട്ടുകാര്‍ക്കൊക്കെയും  കുഞ്ഞാഞ്ഞയായിരുന്നു. ഞായറാഴ്ചയൊഴികെയുള്ള എല്ലാ ദിവസവും രാവിലെ മുതല്‍ രാത്രിവരെ കുഞ്ഞാഞ്ഞയുടെ ലോകം  ആ മാടക്കടയാണ് . വീട്ടില്‍നിന്നു  ഭക്ഷണം കടയിലെത്തിക്കും. ഇല്ലെങ്കില്‍ അടുത്ത ചായക്കടയില്‍ നിന്നു കഴിക്കും. ഞായറാഴ്ച ഉച്ചയ്ക്കു കടയടയ്ക്കും. ലിസ്റ്റുപ്രകാരം സാധനങ്ങള്‍ കടയിലെത്തിക്കുന്നത് അനിയന്മാരാണ്. വരുമാനമൊന്നും കാര്യമായില്ലെങ്കിലും അതയാളുടെ ജീവിതമാണ്. ഞായറാഴ്ച ഉച്ചകഴിഞ്ഞാല്‍ ഒരു കൈ നിലത്തു കുത്തി കാലുകള്‍ ഇടംവലം വീശി വീശി ഇഴഞ്ഞിഴഞ്ഞ് എത്താവുന്നിടത്തൊക്കെ പോകും. അനിയന്മാരുടേയും അനിയത്തിയുടേയും വീടുകളിലും ചങ്ങാത്തമുള്ള മറ്റിടങ്ങളിലുമൊക്കെ. രണ്ടനുജത്തിമാര്‍  ബസ്സില്‍ പോകേണ്ട ദൂരത്തിലാണ്. പക്ഷേ ബസ്സില്‍ പോകാനാവില്ലാത്തതുകൊണ്ട് ജീപ്പിലാണു യാത്ര.
" എടാ, എന്നെക്കൂടെ കയറ്റ് "
എന്നു പറഞ്ഞാല്‍ ഏതു ജീപ്പുകാരും അയാള്‍ക്കു മുന്‍പില്‍ തന്നെ സീറ്റുകൊടുക്കും. പ്രായം കൂടിയവരേയും കുറഞ്ഞവരേയും 'എടാ' എന്നൊരു സ്നേഹത്തില്‍ പൊതിയാന്‍ കുഞ്ഞാഞ്ഞയ്ക്കെന്തോ മാന്ത്രികവിദ്യയുള്ളതുപോലെ തോന്നും. കുഞ്ഞാഞ്ഞയെ അനുസരിക്കാത്തവര്‍ ആ നാട്ടില്‍ തന്നെയില്ല.   ഈ യാത്രകള്‍ക്കൊന്നും  ആരും  പൈസയും വാങ്ങാറില്ല. പക്ഷേ അവരുടെയൊക്കെ കുഞ്ഞുമക്കള്‍ക്ക് കുഞ്ഞാഞ്ഞയുടെ കടയില്‍നിന്നു മിഠായിയും പെന്‍സിലുമൊക്കെ ഫ്രീ ആയിരിക്കും.

എവിടെ കല്യാണമുണ്ടെങ്കിലും രാത്രി കട പൂട്ടി ഇരുട്ടില്‍ ഇഴഞ്ഞ് അവിടെയെത്തും. കറിക്കരിയാനും തേങ്ങാപ്പാല്‍ പിഴിയാനും അരിയാട്ടാനും അപ്പം ചുടാനുമൊക്കെ ഉത്സാഹത്തൊടെ പങ്കുചേരും. പക്ഷേ മുഹൂര്‍ത്തസമയത്ത് മഷിയിട്ടു നോക്കിയാല്‍ ആളെ കാണില്ലവിടെ. 'ഒരു കല്യാണം വേണ്ടേ' എന്നു ചോദിക്കാത്തവരില്ല.  നിര്‍വ്വചിക്കാനാവാത്ത ഒരു പുഞ്ചിരിയായിരിക്കും മറുപടി. അല്ലെങ്കില്‍തന്നെ ഇങ്ങനെയൊരാളെ കല്യാണം കഴിക്കാന്‍ ഏതു പെണ്ണാണു തയ്യാറാവുക!

കുഞ്ഞാഞ്ഞയ്ക്ക് സിനിമ ഒരു ഭ്രാന്തായിരുന്നു. അടുത്ത കൊട്ടകയില്‍  വെള്ളിയാഴ്ച പടം മാറിയാല്‍ സെക്കന്റ് ഷോയുടെ ആദ്യ ടിക്കറ്റ് കുഞ്ഞാഞ്ഞയുടേതുതന്നെ. ഇഷ്ടപ്പെട്ടാല്‍ പിന്നീടുള്ള എല്ലാ ദിവസവും പോയിക്കാണും. കടയിലെത്തുന്നവരോട് സിനിമക്കഥ പൊടിപ്പും തൊങ്ങലും വെച്ചു വികാരഭരിതനായി ഒരു കാഥികന്റെ ചാതുര്യത്തോടെ പറഞ്ഞുകൊടുക്കാന്‍ അയാള്‍ക്കു വളരെ ഇഷ്ടമായിരുന്നു. ചിലപ്പോള്‍ തേങ്ങി  കരയുകയും ചെയ്യും.

അമ്മയുടെ മരണം കഴിഞ്ഞപ്പോള്‍ വീട് അനാഥമായതുപോലെയായി. വാടകവീട്ടില്‍ കഴിയുന്ന അനിയനും കുടുംബവും അവിടേക്കു  താമസം മാറ്റട്ടെ എന്നു നിര്‍ദ്ദേശിച്ചത് മൂത്ത സഹോദരി ഗൗരിയാണ്. . പക്ഷേ അവന്റെ ഭാര്യ വാശിപിടിച്ചു. വീട് അവര്‍ക്കു സ്വന്തമായി എഴുതിക്കൊടുത്താല്‍ മാത്രമേ അങ്ങോട്ടു പോകൂ എന്ന്.  സ്വത്തു ഭാഗം വെയ്ക്കാതെ മറ്റു നിവര്‍ത്തിയുണ്ടായിരുന്നില്ല.. പഴയ രണ്ടുമുറി വീടും അതിനോടു ചേര്‍ന്ന് അഞ്ചുസെന്റു സ്ഥലവും മാത്രം തനിക്കായി മാറ്റിവെച്ച് ,കുഞ്ഞാഞ്ഞ ബാക്കിയൊക്കെ ഓരോരുത്തരുടേയും ഇഷ്ടത്തിനു ഭാഗമാക്കിക്കൊടുത്തു. അനിയനും ഭാര്യയും താമസത്തിനു വന്നപ്പോള്‍ കുഞ്ഞാഞ്ഞ പഴയ ചെറിയ വീട്ടിലേക്കു  മാറി  . ഭക്ഷണം അനിയന്റെ ഭാര്യ കൊടുത്തയയ്ക്കും. അവരുടെ മക്കള്‍ ഗോപുവും നന്ദിനിയും  ചിലദിവസം കുഞ്ഞാഞ്ഞയുടെ സിനിമക്കഥ കേട്ട് അവിടെത്തന്നെയുറങ്ങും.  നന്ദിനിക്കുട്ടിയാണ് വീടുവൃത്തിയാക്കി കൊടുക്കുന്നതും വെള്ളം  കോരിവെയ്ക്കുന്നതുമൊക്കെ. അവള്‍ കുഞ്ഞാഞ്ഞയുടെ ഓമനയാണ്. എപ്പോഴെങ്കിലും  കുട്ടികള്‍ കൂടെയില്ലാതെ ഒറ്റയ്ക്കാകുന്ന രാത്രികളില്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടലായിരിക്കും. ഘോരാരണ്യത്തിലകപ്പെട്ട കുട്ടിയേപ്പോലെ ഭയചകിതനാകും. ഉറക്കവും അന്യമാകും. എങ്കിലും ഒരു വിവാഹത്തേക്കുറിച്ചു ചിന്തിച്ചില്ല. ഈ ഒറ്റപ്പെടലായിരിക്കും തന്റെ വിധിയെന്നു കരുതി ഒരു ദീര്‍ഘനിശ്വാസത്തില്‍ എന്തൊക്കെയോ മോഹങ്ങള്‍ അയാള്‍ ഭസ്മീകരിച്ചിരുന്നു.

രാഗിണിയും അമ്മയും അന്നാട്ടിലെത്തിയത് ഏതാനും  വര്‍ഷങ്ങള്‍ക്കു  മുന്‍പാണ്. അവള്‍ക്ക്  ഒരു കാലിനു സ്വാധീനമില്ല. കൈ, കാല്‍മുട്ടില്‍ ഊന്നി വളഞ്ഞേ നടക്കാന്‍ കഴിയൂ. ഉന്തി പുറത്തേയ്ക്കു തുറിച്ചു നില്‍ക്കുന്ന പല്ലും കോങ്കണ്ണും ഇരുണ്ട നിറവും ഒരിത്തിരി ചെമ്പന്‍മുടിയും ഒക്കെയായി ആര്‍ക്കും ഇഷ്ടപ്പെടാത്ത രൂപം. അമ്മ കമലാക്ഷിയും കാണാന്‍ അങ്ങനെ തന്നെ. മുടന്തില്ലെന്നു മാത്രം. കമലാക്ഷി തെക്കോങ്ങോ ഉള്ളൊരു വലിയവീട്ടിലെ കുട്ടിയായിരുന്നത്രേ. കാണാന്‍ ഭംഗിയില്ലാതിരുന്നതുകൊണ്ടു വിവാഹം നടന്നില്ല. അങ്ങനെയിരിക്കെ അവിടെ ജോലിക്കു വന്ന ഒരു നസ്രാണിപ്പയ്യനുമായി ഇഷ്ടത്തിലായി ഒളിച്ചോടി ദൂരെയെവിടെയോ താമസമാക്കി. അയാള്‍  അദ്ധ്വാനിച്ച്   ഒരു കുഞ്ഞു കൂരയും സ്വന്തമാക്കി. രാഗിണിക്കു പ്രായമായപ്പോള്‍ കല്യാണാലോചന തുടങ്ങി. ഒന്നും നടക്കാതെ വന്നപ്പോള്‍ കൂടുതല്‍ പണമുണ്ടാക്കാനായി അയാള്‍ ഗള്‍ഫിലേക്കു  പോയി. പക്ഷേ അധികം താമസിയാതെ അവിടെ അപകടത്തില്‍ പെട്ട് ജീവനില്ലാത്ത ശരീരമായാണു തിരിച്ചെത്തിയത്. പോകാനായി കുറെ പണം കടം വാങ്ങിയിരുന്നു. അതു വീട്ടാനും ജീവിക്കാനും മാര്‍ഗ്ഗമില്ലാതെയായപ്പോള്‍ ആ കൂര വിറ്റു കടം വീട്ടി ബാക്കിയുള്ളതിന് ഹൈറേഞ്ചില്‍ വന്നിത്തിരി മണ്ണും ഒരു കൊച്ചു വീടും വാങ്ങി താമസമായി. അതിനു സഹായിച്ച പെണ്ണമ്മച്ചേട്ടത്തി തന്നെ കമലാക്ഷിക്ക് ഏലത്തോട്ടത്തില്‍ ജോലിയും ഏര്‍പ്പാടാക്കിക്കൊടുത്തു.

പകല്‍ മുഴുവനും രാഗിണി വീട്ടില്‍ തയ്യല്‍ മെഷീനുമായി മല്ലടിച്ചിരിക്കും. പ്രായം കുറേയായെങ്കിലും രാഗിണി ഹാഫ്സാരിയാണുടുക്കുക. ഒറ്റക്കാലില്‍ നിന്നു സാരിയുടുക്കാനുള്ള വിഷമം കൊണ്ടാണ്. രാവിലെ തന്നെ കുളിച്ചൊരുങ്ങി തലയില്‍ മുല്ലപ്പൂവോ കനകാംബരപ്പൂവോ കൊണ്ടുണ്ടാക്കിയ മാലയൊക്കെ ചൂടി കൊച്ചു വീടിന്റെ ജനാലയ്ക്കരുകില്‍ തയ്ക്കാനിരിക്കും. വാതില്‍ താഴ്ഭാഗം അടച്ചു കുറ്റിയിട്ടിരിക്കും. തുണികൊണ്ടുവരുന്നവര്‍ ജനാലയിലൂടെ കൊടുക്കുകയും വാങ്ങുകയും ചെയ്തുകൊള്ളും. രാഗിണിയെ  കാണുന്നതുപോലെ  തന്നെയാണു   തയ്യലും. അതുകൊണ്ട് അധികമാരും തുണിയുമായി വരാറില്ല.

ഒരുദിവസം ഏലക്കാട്ടില്‍ വെച്ച് വിഷം തീണ്ടി, കമലാക്ഷി രാഗിണിയെ തനിച്ചാക്കിപ്പോയി. ആ ദിവസം നാടിന്റെ മുഴുവന്‍ ദുഃഖം അണപൊട്ടിയൊഴുകി. രാഗിണിയുടെ ഹൃദയം പൊട്ടിയുള്ള കരച്ചില്‍  ആ കൊച്ചു മലയോരഗ്രാമത്തിന്റെ മുക്കിലും മൂലയിലും പ്രതിധ്വനിച്ചു. എല്ലാവര്‍ക്കും രാഗിണിയെ ഇഷ്ടമായിരുന്നു എന്ന് അന്നാണ് നാട്ടിലോരോരുത്തരും തിരിച്ചറിഞ്ഞത് . പിന്നീടുള്ള ദിവസങ്ങളിലൊക്കെ അയല്‍വീടുകളിലെ ചേച്ചിമാര്‍ രാഗിണിക്കു കൂട്ടിരുന്നു. അവളുടെ കണ്ണിര്‍ തുടയ്ക്കാന്‍ അവരുടെ സ്നേഹം മത്സരിച്ചു. രാഗിണിയേക്കുറിച്ചുള്ള ആകുലതകള്‍ അവര്‍ തങ്ങളുടെ പുരുഷന്മാരിലേക്കും  പകര്‍ന്നു കൊടുത്തു. അങ്ങനെയാണു ചര്‍ച്ച കുഞ്ഞാഞ്ഞയുടെ കൊച്ചു മാടക്കടയിലെത്തിയത്.

സ്ഥലത്തെ സര്‍വ്വസമ്മതനായ ഏഴിക്കര പാപ്പച്ചിയാണ് ആദ്യമായി ആ ആശയം മുന്‍പോട്ടുവെച്ചത്. കുഞ്ഞാഞ്ഞ രാഗിണിയെ കല്യാണം കഴിക്കുക. ആദ്യം കുഞ്ഞാഞ്ഞ എതിര്‍ത്തുവെങ്കിലും എല്ലാവരുടേയും പ്രേരണയാല്‍ മാറ്റി ചിന്തിക്കാന്‍ തയ്യാറായി. ആ സമയം മകള്‍ക്കു ബുക്കുവാങ്ങാനെത്തിയ രാജേന്ദ്രന്‍ സാര്‍ കുറച്ചു നാടകീയമായിത്തന്നെ പ്രഖ്യാപിക്കുകയും ചെയ്തു
" ഒരു പെണ്‍കുട്ടിക്കു ജീവിതം കൊടുക്കുക യെന്നതാണ്  ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവുംവലിയ പുണ്യപ്രവൃത്തി " എന്ന്.

 "രാവിലെ പറയാം" എന്നുമാത്രം മറുപടി നല്‍കി കുഞ്ഞാഞ്ഞ കടയടച്ചു. എല്ലാവരും ഓരോ വഴിക്കായി പിരിഞ്ഞു.
കുഞ്ഞാഞ്ഞയുടെ സമ്മതമറിയാതെ ഇക്കാര്യം രാഗിണിയോടു പറയാനാവില്ല. ഒടുവില്‍ അയാള്‍ എതിരുപറഞ്ഞാല്‍ അവള്‍ക്കതു സങ്കടമാകും. അമ്മ മരിച്ചിട്ടു നാലുമാസമേ ആയിട്ടുള്ളു. ആ പാവം പെണ്‍കുട്ടിയെ ദുഃഖിപ്പിക്കാനാവില്ല. ആരും അവളോടു പറഞ്ഞുമില്ല.

രാത്രി മുഴുവന്‍ രാഗിണിയേക്കുറിച്ചായിരുന്നു കുഞ്ഞാഞ്ഞയുടെ  ചിന്ത. അമ്പലത്തില്‍ പോകാനോ സിനിമയ്ക്കു പോകാനോ ഒക്കെ  തന്റെ  കടയുടെ മുന്‍പിലൂടെയാണ് പോകാറുള്ളത്. പലതവണ കണ്ടിട്ടുണ്ടെങ്കിലും അത്ര ശ്രദ്ധിച്ചിട്ടില്ല. ആ രൂപം ഓര്‍ത്തെടുക്കാന്‍ ഒരു ശ്രമം നടത്തി നോക്കി, കഴിഞ്ഞില്ല. എങ്കിലും ഓര്‍ക്കുന്തോറും അവളോട് ഇഷ്ടം കൂടിവന്നതേയുള്ളു. വികലാംഗയാണെങ്കിലും അദ്ധ്വാനിച്ചു ജീവിക്കുന്നവള്‍. അവള്‍ തനിക്കു താങ്ങായിരിക്കും. മനസ്സില്‍ ഒരുപാടു രംഗങ്ങള്‍ കടന്നുവന്നു. വിവാഹവും ആദ്യരാത്രിയും പിന്നീടുള്ള സ്വര്‍ഗ്ഗസമാനമായ അവരുടെ ജീവിതവും ഒക്കെ... രാഗിണിയോടുള്ള സ്നേഹം  ആ ഹൃദയത്തില്‍ നിറഞ്ഞുകവിഞ്ഞു.. ഉറങ്ങിപ്പോയതറിഞ്ഞില്ല. സ്വപ്നത്തിലും രാഗിണിയായിരുന്നു നിറഞ്ഞുനിന്നത്. രാവിലെ കുളിച്ചൊരുങ്ങി കയ്യില്‍ കാപ്പിയുമായി തന്നെ വിളിച്ചുണര്‍ത്തുന്നു രാഗിണി. കുഞ്ഞാഞ്ഞ അത്യാഹ്ളാദത്തോടെ കണ്ണു തുറന്നു നോക്കി. നന്ദിനിക്കുട്ടിയാണു കുലുക്കിവിളിക്കുന്നത്.
" കുഞ്ഞാഞ്ഞേ നേരം വെളുത്തു. കട തുറക്കേണ്ടേ.. "
മാത്രനേരത്തേയ്ക്കു നിരാശപ്പെട്ടുവെങ്കിലും അയാള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിച്ചു. വെളുപ്പിനു കാണുന്ന സ്വപ്നം ഫലിക്കും. അതച്ചട്ടാണ്. തന്റെ ജീവിതത്തിലും വസന്തം വരുന്നു. അയാള്‍ക്കു തുള്ളിച്ചാടണമെന്നുണ്ട്. പക്ഷേ.. കാലുകള്‍......

എന്നത്തേക്കാളും ഉന്‍മേഷത്തിലാണ് അന്നു കടയിലേയ്ക്കു പുറപ്പെട്ടത്. പതിയെപ്പതിയെ ഓരോരുത്തരായി കവലയിലെത്തിക്കൊണ്ടിരുന്നു. കുഞ്ഞാഞ്ഞയെന്തു തീരിമാനിച്ചുവെന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട്. ഒടുവില്‍ പാപ്പച്ചിതന്നെ അതു ചോദിക്കുകയും ചെയ്തു.  ഒരിത്തിരി  നാണത്തോടെ ആരുടേയും മുഖത്തു ദൃഷ്ടി പതിപ്പിക്കാതെ  അയാള്‍ തലകുലുക്കുക മാത്രം ചെയ്തു. അതുമതിയായിരുന്നു എല്ലാവര്‍ക്കും.

ഞായറാഴ്ചയാണ്. ഉച്ചയാകാന്‍ നില്‍ക്കാതെ നിര്‍ബ്ബന്ധിച്ചു കടയടപ്പിച്ചു. എല്ലാവരുമൊന്നിച്ച് പാപ്പച്ചിയുടെ ജീപ്പിലാണു രാഗിണിയുടെ വീട്ടിലേക്കു  യാത്രയായത്. സ്വന്തം സഹോദരിയോടുള്ള ഉത്തരവാദിത്വബോധമായിരുന്നു അപ്പോള്‍  ഓരോരുത്തരുടേയും മനസ്സില്‍. എല്ലാവരേയും ഒന്നിച്ചു കണ്ടപ്പോള്‍ രാഗിണി അന്തം വിട്ടു. പാപ്പച്ചി തന്നെ മുന്‍കൈയ്യെടുത്ത് കാര്യങ്ങള്‍ പറഞ്ഞു. കുഞ്ഞാഞ്ഞ ജീപ്പിലിരുന്നതേയുള്ളു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ സംഭവിച്ചത് അവരുടെ പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള കാര്യമായിരുന്നു. അറപ്പും വെറുപ്പും കലര്‍ന്നൊരു കത്തുന്ന നോട്ടം ജീപ്പിലിരിക്കുന്ന കുഞ്ഞാഞ്ഞയ്ക്കു നേരേയെറിഞ്ഞവള്‍ ആക്രോശിച്ചു
" ഈ ഇഴജന്തുവിനെയാണോ എല്ലാവരും ചേര്‍ന്നെനിക്കു കണ്ടെത്തിയത്! പൊയ്ക്കോ.. കടന്നുപൊയ്ക്കോ മുന്നില്‍ നിന്ന്..."

നന്ദിനിക്കുട്ടിയും അവളുടെ ചേട്ടനും കുഞ്ഞാഞ്ഞയുടെ വീട്ടിലാണു  രാത്രി കിടന്നത്. രാവിലെ അവള്‍ ഉറക്കമുണര്‍ന്നപ്പോള്‍ അയാളെ അവിടെയെങ്ങും കണ്ടില്ല. വാതില്‍ തുറന്നു കിടന്നതുകൊണ്ട് നേരത്തെതന്നെ കടയില്‍ പോയിരിക്കുമെന്നു കരുതി. മുറ്റമടിച്ചുകഴിഞ്ഞു വെള്ളം  കോരിവയ്ക്കാനായി കിണറ്റുകരയിലെത്തി. തൊട്ടിയില്‍ എന്തോ തടഞ്ഞതുപോലെ തോന്നി. എത്തിനോക്കി..പിന്നെ ഒരലര്‍ച്ചയായിരുന്നു
" കുഞ്ഞാഞ്ഞേ...................." 

Friday, August 7, 2015

ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങൾ 7



വിശ്വസാഹിത്യവിഹായസ്സിലെ ശാന്തി നികേതനമായ ഉജ്ജ്വല താരം, ഓരോ ഭാരതീയന്റേയും അഭിമാനഹേതു, ഗുരുദേവ് എന്ന  രബീന്ദ്രനാഥ് ടാഗോറിന്റെ  ഓര്‍മ്മകള്‍ക്കു മുന്‍പില്‍ അശ്രുപൂജ. .
കല്‍ക്കത്തയിലെ ജൊറാഷങ്കോ എന്ന പുരാതന ബ്രാഹ്മണകുടുംബത്തില്‍ , നവോത്ഥാന നായകനായിരുന്ന ദേവേന്ദ്രനാഥ് ടാഗോറിന്റെയും ശാരദാദേവിയുടേയും 13 മക്കളില്‍ ഏറ്റവും ഇളയ പുത്രനായി  1861 മെയ് ഏഴിനാണ് അദ്ദേഹത്തിന്റെ ജനനം. രബി എന്നാണ് കുട്ടിക്കാലത്തു  വിളിക്കപ്പെട്ടിരുന്നത്.

എട്ടാംവയസ്സില്‍ കവിതയെഴുതിത്തുടങ്ങിയ അദ്ദേഹം,  കവി, തത്ത്വചിന്തകൻ, ദൃശ്യകലാകാരന്‍, കഥാകൃത്ത്‌, നാടകകൃത്ത്, ഗാനരചയിതാവ്‌, നോവലിസ്റ്റ് , സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളിസാഹിത്യത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതുരൂപം നൽകുകയും ചെയ്തു. പതിനാറാം വയസ്സില്‍ അദ്ദേഹം തന്റെ ആദ്യകവിതാ സമാഹാരം ഭാനുസിംഹന്‍ എന്ന തൂലികാ നാമത്തില്‍ പുറത്തിറക്കുകയുണ്ടായി. 1913 ല്‍ ടാഗോറിന്റെ  ഗീതാഞ്ജലി നോബല്‍ സമ്മാനത്തിനര്‍ഹമായപ്പോള്‍ ഏഷ്യയിലേ തന്നെ ആദ്യ നോബല്‍ പുരസ്കാര ജേതാവായിത്തീർന്നു  അദ്ദേഹം. 1916 ല്‍ സര്‍ പദവി ലഭിച്ചെങ്കിലും 1919 ലെ ജാലിയന്‍ വാലാ ബഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് അത് ഉപേഷിക്കുകയായിരുന്നു.

ഭാരതത്തിന്റെയും ബംഗ്ലാദേശിന്റേയും ശ്രീലങ്കയുടേയും ദേശീയഗാനങ്ങള്‍ ടാഗോറിന്റെ തൂലികയാല്‍ വിരചിക്കപ്പെട്ടവയാണ്. ടാഗോറിന്റെ സാഹിത്യഖ്യാതിയെ അനുപാതമില്ലാതെ സ്വാധീനിച്ചത്‌ അദ്ദേഹമെഴുതിയ കവിതകളാണ്‌. എന്നാലും, ടാഗോർ അനേകം നോവലുകൾ, പ്രബന്ധങ്ങൾ, ചെറുകഥകൾ, യാത്രാ വിവരണങ്ങൾ, നാടകങ്ങൾ കൂടാതെ അനേകായിരം ഗാനങ്ങളും രചിച്ചിട്ടുണ്ട്‌. ഉര്‍വ്വശിയെന്ന കവിത മറ്റുള്ള  രചനയില്‍ നിന്നൊക്കെ വേറിട്ടു നില്‍ക്കുന്ന സവിശേഷതകളുള്ളതാണ്. ആദ്യ കവിതാസമാഹാരത്തിലെ മൈഥിലിഭാഷയില്‍ എഴുതിയ കവിതകള്‍ ഭാനുസിംഹന്റെ കൃതികളാണെന്നും അദ്ദേഹം പറയുമായിരുന്നു.  ഗദ്യ വിഭാഗത്തിൽ ടാഗോറിന്റെ ചെറുകഥകളാണ്‌ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്‌. ബംഗാളി ഭാഷയിൽ ചെറുകഥയ്ക്ക്‌ പ്രചാരം ലഭിക്കുവാൻ ടാഗോർ കഥകൾ വളരെ വലിയ പങ്ക്‌ വഹിച്ചു. അദ്ദേഹത്തിന്റെ കൃതികളിലെ താളമൊത്ത ഭാഷയും ശുഭപര്യവസായിയായ "അവിശിഷ്ട" വിഷയങ്ങളും സാധാരണക്കാർക്ക്‌ പ്രിയപ്പെട്ടതായി.ഗീതാഞ്ജലിയിലെ ഓരോ ശിഥിലവാഗ്സമുച്ചയ്ങ്ങളും നല്‍കുന്ന അനുഭൂതിയാകട്ടെ ഏറ്റവും പ്രിയപ്പെട്ട ആരോ അതീവസ്നേഹത്തോടെ ചേര്‍ത്തുപിടിച്ചു കാതില്‍ മന്ത്രിക്കുന്ന സ്നേഹഗീതത്തിന്റെ മൃദുസ്വനമേകുന്നതിനു തുല്യം. പോസ്റ്റ് മാസ്റ്റര്‍ എന്ന കഥയിലെ രത്തന്‍ എന്ന പെണ്‍കിടാവ്, ഒരിക്കലെങ്കിലും ആ കഥ വായിച്ചവരുടെ മനസ്സില്‍ അടര്‍ന്നു വീഴാത്തൊരശ്രുകണമായി എന്നും അവശേഷിക്കും.  അതുപോലെ തന്നെ കാബൂളിവാലയും മിനി എന്ന ബാലികയും മനസ്സിലവശേഷിപ്പിക്കുന്നതും അവിര്‍വ്വചനീയമായൊരു സ്നേഹപ്രപഞ്ചം തന്നെ. അദ്ദേഹത്തിന്റെ കഥകളോരോന്നും മനസ്സിലൊരു നൊമ്പരപ്പൂവു വിരിയിച്ചിരിക്കും. ഘൊറേ ബായിരേ (വീടും ലോകവും)  ഗോറ (വെളുമ്പൻ) യോഗയോഗ്‌(ബന്ധം)ശേഷേർ കൊബിത  (അവസാനത്തെ കവിത/വിടവാങ്ങൽ ഗാനം) ഇവയൊക്കെ അദ്ദേഹത്തിന്റെ  പ്രധാന നോവലുകള്‍.

രവീന്ദ്ര സംഗീതം അനുവാചകഹൃദയങ്ങളെ ഹഠാദാകര്‍ഷിക്കുകയും  ആഹ്ളാദത്തിലാറാടിക്കുകയും  ചെയ്തത് അതിന്റെ ഉല്‍കൃഷ്ടത ഒന്നുകൊണ്ടുമാത്രം.
ഇന്നും ബംഗളില്‍ അതിന്റെ അനുരണനങ്ങള്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു, തലമുറകള്‍ കൈമാറി. ടാഗോര്‍ ചിത്രകലയില്‍ തന്റെ ശ്രമം തുടങ്ങിയത് അറുപത്തെട്ടാം വയസ്സിലായിരുന്നെങ്ക്ലും മൂവായിരത്തിലധികം ഉദത്തരചനകള്‍ ഈ രംഗത്തെ തന്റെ കയ്യൊപ്പുകളായി അവശേഷിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. തന്റെ നാടകങ്ങളില്‍ അദ്ദേഹം സ്വീകരിച്ചത് പ്രമ്പരാഗത സംഗീതവും ഐറിഷ് നാടോടിസംഗിതവും സമുന്വയിപ്പിച്ചൊരു നവസങ്കേതം തന്നെയയിരുന്നു.

ശൈശവത്തില്‍ തന്നെ മാതാവിനെ നഷ്ടപ്പെട്ട ടാഗോര്‍ പരിചാരകരുടെ സംരക്ഷണയിലാണ് തന്റെ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങള്‍ പിന്നിട്ടത്. പിതാവ് നിരന്തരമായ യാത്രകളിലും. ബംഗാളിന്റെ നവോത്ഥാനപ്രസ്ഥാനവുമായി  തിരക്കിട്ട ജീവിതമായിരുന്നു ടാഗോര്‍ കുടുംബത്തിന്റേത്.ടാഗോറിന്റെ സഹോദരന്മാരും വിവിധ മേഖലകളില്‍ പ്രസസ്തരായിരുന്നു. അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ സത്യേന്ദ്രനാഥ് ബോസ് ആണ് ഐ സി എസ്സ് ലഭിച്ച ആദ്യ ഭാരതീയന്‍. ഏകസഹോദരി സ്വര്‍ണ്ണകുമാരിയും നോവല്‍ സാഹിത്യത്തില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ജ്യോതീന്ദ്രനാഥ് എന്ന സഹോദരന്‍ സംഗീതജ്ഞനും സംഗീതസംവിധായകനും നാടകകൃത്തുമായിരുന്നു.അദ്ദേഹത്തിന്റെ പത്നി കാദംബരി രവീന്ദ്രനാഥ ടാഗോറിന്റെ ഉറ്റസുഹൃത്തും തന്റെ സാഹിത്യരചനയിലെ ശക്തമായ പ്രചോദനവുമായിരുന്നു.
ടാഗോറിന്റെ ജീവിതകഥയിലെ അതിപ്രധാനമായ ഒരു കഥാപാത്രമാണ് കാദംബരീ ദേവി. എട്ടു വയസ്സുള്ളപ്പോള്‍ തന്റെ ഏകാന്തതയുടെ ലോകത്തെത്തിയ സ്നേഹത്തിന്റെ രാജകുമാരിയായിരുന്നു രണ്ടു വയസ്സുമാത്രം കൂടുതലുണ്ടായിരുന്ന കാദംബരി. അനിതരസാധാരണമായൊരു സൗഹൃദമായിരുന്നു അവര്‍ തമ്മില്‍. അത്മാവില്‍ ആത്മവു ചേരുന്ന ഗാഢബന്ധം. ടാഗോറിന്റെ സാഹിത്യരചനകളില്‍ കാദംബരിക്ക് വളരെ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ വിവാഹശേഷം ഏതാനും മാസം പിന്നിട്ടപ്പോള്‍ കാരണങ്ങളൊന്നും അവശേഷിപ്പിക്കാതെ അവള്‍ ആത്മഹത്യ ചെയ്തു. ആ ദുഖം അദ്ദേഹത്തിന് താങ്ങനാകുന്നതായിരുന്നില്ല.  ഇന്നും നിഗൂഢമായ കാദംബരിയുടെ ആത്മഹത്യ ടാഗോറിനെ  വര്‍ഷങ്ങളോളം അഗാധമായ ദുഖത്തിലാഴ്ത്തി.  വര്‍ഷങ്ങള്‍ക്കു ശേഷം ടാഗോര്‍ തന്റെ പ്രിയസ്നേഹിതയുടെ ഓര്‍മ്മക്ള്‍ തീവ്രദുഃഖവും സ്നേഹവും ഊടും പാവും ചേര്‍ത്ത ഉദാത്തമായ കവിതകളായി സാഹിത്യലോകത്തിനു സംഭാവന ചെയ്യുകയുണ്ടായി.   പല രചനകളും തന്റെ ആത്മമിത്രത്തോടുള്ള സ്നേഹഭാഷണങ്ങളാണ്.

ഔപചാരികവിദ്യാഭ്യാസം വളരെ കുറച്ചു കാലമേ അദ്ദേഹത്തിനു ലഭിച്ചുള്ളു. പിന്നീട് വീട്ടിലായിരുന്നു പഠനം അവിടെ എത്തുന്ന അദ്ധ്യാപകരെ കൂടാതെ സ്വസഹോദരനായ ഹേമെന്ദ്രനാഥ് ടാഗോറായിരുന്നു പഠനത്തില്‍ ഏറെ സഹായിച്ചത്. ഭാഷകളും ശാസ്ത്രശാഖകളും ഗണിതവും കലകളും നീന്തലും മലകയറ്റവും എല്ലാം അദ്ദേഹത്തില്‍ നിന്നാണ് രബി സ്വായത്തമാക്കിയത്. ഉപനയനത്തിനു ശേഷം പിതവിനൊപ്പമുള്ള ഭാരതയാത്ര അദ്ദേഹത്തെ ഒരുപാടറിവുകള്‍ സ്വായത്തമാക്കുന്നതിനു സഹായിച്ചു.  പ്രെസിഡെന്സി കോളേജില്‍ ഉപരിപഠനത്തിനു ചേര്‍ന്നു എങ്കിലും ഒരു ദിവസത്തിനപ്പുറം അവിടെ പഠനം തുടരാനായില്ല. യഥാര്‍ത്ഥ പഠനം, കാര്യങ്ങള്‍ വിശദമാക്കിത്തരുന്നതല്ല പ്രത്യുത, ജിജ്ഞാസയെ ഉദ്ദീപിപ്പിക്കുന്നതാകണം എന്നതായിരുന്നു വിദ്യാഭ്യാസത്തേക്കുറിച്ചുള്ള ടാഗോറിന്റെ വിവക്ഷ. 1878 ല്‍ സിവില്‍ സരു്വ്വീസ് ലക്ഷ്യത്തോടെ ഉന്നതപഠനത്തിനായി ഇംഗ്ലണ്ടിലേയ്ക്കു പോയ ടാഗോര്‍, ഒന്നരവര്‍ഷത്തിനുശേഷം ബിരുദം കരസ്ഥമാക്കാതെ   തിരികെ സ്വഗൃഹം പൂകി. 1883 ല്‍ മേണാളിനി ദേവിയുമായി അദ്ദേഹത്തിന്റെ വിവാഹവും നടന്നു . അഞ്ചു സന്താനങ്ങളാണ് ഈ ദമ്പതിമാര്‍ക്കു പിറന്നത്. ഇവരില്‍ രണ്ടുപേര്‍ ശൈശവത്തില്‍ തന്നെ മൃത്യുവി ന്നിരയായി.

പ്രിയപ്പെട്ടവരെയൊക്കെ നഷ്ടമായ ദുരന്തപൂര്‍ണ്ണമായ അന്ത്യകാലം അദ്ദേഹം ശാന്തിനികേതനത്തിലാണ് കഴിച്ചു കൂട്ടിയത്. ആ കാലഘട്ടത്തിലെ കൃതികളൊക്കെ ശ്രേഷ്ഠതരമായി ഭവിക്കുകയും ചെയ്തു. പിന്നീട് നാലുവര്‍ഷത്തെ രോഗശയ്യയും വേദനയും മരണവും സ്വഗൃഹമായ ജൊറാഷങ്കോവില്‍ തന്നെയായിരുന്നു. 1941 ഓഗസ്ട് ഏഴിന് ഈ മുളന്തണ്ടിലെ അവസാന നാദവും പ്രപഞ്ചത്തിലലിഞ്ഞുചേര്‍ന്നു.






Tuesday, August 4, 2015

" What Men Live By "


ഒരു ടോള്‍സ്ടൊയ് കഥയുണ്ട് " What Men Live By " കൂട്ടുകാര്‍ വായിച്ചുണ്ടാകും . ഇല്ലാത്തവര്‍ക്ക് ചുരുക്കി പറഞ്ഞുതരാം.
ഒരിക്കല്‍ ദൈവം ഭൂമിയില്‍ നിന്നൊരു ആത്മാവിനെ കൊ ണ്ടുചെല്ലാനായി അതിലേയ്ക്കായ് നിയോഗിക്കപ്പെട്ടൊരു മാലാഖയെ അയച്ചു. പക്ഷേ ആ സ്ത്രീ ഇരട്ടകുട്ടികള്‍ക്കു ജന്മം കൊടുത്തയുടനെ ആയിരുന്നു അത്. കുഞ്ഞുങ്ങളുടെ അച്ഛനും നേരത്തെ തന്നെ മരണപ്പെട്ടു കഴിഞ്ഞിരുന്നു. സഹതാപം തോന്നിയ മാലാഖ അവരെ കൂടാതെ മടങ്ങി. അനുസരണകേടു കാട്ടിയ മാലാഖയെ ദൈവം ശിക്ഷയായി ഭൂമിയിലേയ്ക്കയച്ചു.
സൈമണ്‍ എന്ന ദരിദ്രനായ ചെരുപ്പുകുത്തി , തുകല്‍ വാങ്ങാന്‍ പട്ടണത്തില്‍ പോയി മടങ്ങുമ്പോള്‍ പള്ളിമുറ്റത്ത് തണുത്തുവിറച്ചിരിക്കുന്ന നഗ്നായ അനുഷ്യനോടു സഹതാപം തോന്നി തന്റെ മേല്‍കുപ്പായം ധരിക്കാന്‍ കൊടുത്ത് വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. തന്റെ പേരു മിഖായേല്‍ എന്നാണെന്നും ദൂരെ നിന്നണു വരുന്നതെന്നും മാത്രമണ് അയാള്‍ സൈമണോട് ആകെ പറഞ്ഞത്.
തുകല്‍ വാങ്ങാന്‍ പോയ ഭര്‍ത്താവ് അതുമില്ലാ, പകരം ഒരു ദരിദ്രനാരായണനേയും കൂട്ടി വീട്ടിലെത്തിയത് സൈമണിന്റെ ഭാര്യ മെട്രീനയ്ക്കു തീരെ ഇഷ്ടമായില്ല. ആദ്യം അവള്‍ കോപിച്ചെങ്കിലും പിന്നീട് സഹതാപത്തോടെ അതിഥിക്കു ഭക്ഷണവും വസ്ത്രവുമൊക്കെ നല്‍കി. മിഖായേലിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. സൈമണ്‍ തന്റെ ചങ്ങാതിയേക്കൂടി തൊഴില്‍ പഠിപ്പിച്ചു കൂടെക്കൂട്ടി. ഒന്നും സംസാരിക്കാതെ, ഒന്നു പുഞ്ചിരിക്കുക പോലും ചെയ്യാതെ മിഖായേല്‍ ഒന്നാന്തരം ചെരുപ്പുകള്‍ തുന്നി സൈമണേ സഹായിച്ചു. അങ്ങനെയിരിക്കെ ധനികനായൊരു പ്രഭു ഉയര്‍ന്നനിലവാരമുള്ള തുകല്‍ കൊടുത്തിട്ട് ഒരു വര്‍ഷം ഉപയോഗിക്കാന്‍ പാകത്തില്‍ ചെരുപ്പുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ സൈമണെ ജയിലിലടയ്ക്കുമെന്നു താക്കീതും കൊടുത്തു. ഇതു പറയുമ്പോള്‍ മിഖായേല്‍ ആരോടെന്നില്ലാതെ പുഞ്ചിരിക്കുന്നത് സൈമണ്‍ ശ്രദ്ധിച്ചു. അവര്‍ പോയ ഉടനെ മിഖായേല്‍ തന്റെ ജോലി തുടങ്ങി. പ്രഭുവിനായി ചെരുപ്പുണ്ടാക്കി വെച്ചു. സൈമണ്‍ അതുകണ്ട് അന്തം വിട്ടു. മൃതദേഹത്തില്‍ ധരിക്കുന്ന ചെരുപ്പായിരുന്നു അത്. ആകെ ഭയന്നു വിഷണ്ണനായി നിന്ന സൈമണിനെ തേടി അപ്പോള്‍ പ്രഭുവിന്റെ പരിചാരകന്‍ എത്തി. പ്രഭു മരിച്ചുവെന്നും ഏല്‍പ്പിച്ചിരുന്ന തുകല്‍ കൊണ്ട് മൃതദേഹത്തിലണിയാനുള്ള ചെരുപ്പുണ്ടാക്കാന്‍ പ്രഭ്വി കല്‍പ്പിച്ചുവെന്നുമായിരുന്നു സന്ദേശം.
പിന്നീടൊരിക്കല്‍ ഒരു സ്ത്രീ കാണാന്‍ കൗതുകമുള്ള രണ്ടു പെണ്‍കുട്ടികളുമായി അവിടെയെത്തി. അവര്‍ക്കായി ചെരുപ്പുണ്ടാക്കുകയായിരുന്നു ഉദ്ദേശം. കുട്ടികളെ നോക്കി മിഖായേല്‍ പുഞ്ചിരിച്ചു നിന്നു. ഒരു പെണ്‍കുഞ്ഞിന്റെ കാലിന് ചെറിയ വളവുണ്ടായിരുന്നു. അതിനേക്കുറിച്ചന്വേഷിച്ചപ്പോള്‍ സ്ത്രീ ആ കഥ പറഞ്ഞു. അത് അവരുടെ കുട്ടികളല്ല. കുഞ്ഞുങ്ങള്‍ ജനിക്കുന്നതിനു മുന്‍പേ അവരുടെ അച്ഛന്‍ മരണപ്പെട്ടിരുന്നു. ജനിച്ചധികം താമസിയാതെ അമ്മയും . മരണവെപ്രാളത്തില്‍ അടുത്തുകിടന്ന കുഞ്ഞിന്റെ കാല്‍ അമര്‍ന്നതുകൊണ്ടാവാം ഇങ്ങനെ സംഭവിച്ചതെന്ന്. അവര്‍ നിര്‍ദ്ദേശം നല്‍കി പോയ ഉടനെ മിഖായേല്‍ സൈമണോടു യാത്രാമൊഴി ചൊല്ലി. താന്‍ ദൈവശിക്ഷയാല്‍ ഭൂമിയില്‍ വന്നുപെട്ട മാലാഖയായിരുന്നെന്നും ഉത്തരം കണ്ടെത്തന്‍ ദൈവം മൂന്നു കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു എന്നും സൈമണേ അറിയിച്ചു. " എന്താണ് മനുഷ്യനിലുള്ളത് ?" , എന്താണ് മനുഷ്യനു ലഭിക്കാത്തത്? ", "എന്തിലാണു മനുഷ്യന്‍ ജീവിക്കുന്നത്? " . മെട്രീന കരുണകാട്ടിയപ്പോള്‍ തന്നെ ആദ്യചോദ്യത്തിനുത്തരം ലഭിച്ചു . മനുഷ്യനിലുള്ളത് ഈശ്വരന്‍ തന്നെ. പ്രഭുവിന്റെ സന്ദര്‍ശനം അടുത്ത ചോദ്യത്തിനും ഉത്തരമേകി. മനുഷ്യനു ലഭിക്കാത്തത് അവന്റെ മരണസമയത്തേക്കുറിച്ചുള്ള അറിവ്. പ്രഭുവിനെ കൊണ്ടുപോകാന്‍ വന്ന മാലാഖയേ മിഖായേലിനു കാണാന്‍ സാധിച്ചിരുന്നു. അന്നയാള്‍ തന്റെ ചങ്ങാതിയെ നോക്കിയായിരുന്നു പുഞ്ചിരിച്ചത്. മൂന്നാമത്തെ ചോദ്യത്തിനുത്തരം കുട്ടികളെ കൊണ്ടുവന്ന സ്ത്രീയില്‍ നിന്നു ലഭിച്ചു. അനുഷ്യന്‍ ജീവിക്കുന്നത് മറ്റുള്ളവരുടെ സ്നേഹം കൊണ്ടുമാത്രം. അതെ " God is Love "
തന്നെ പൊതിഞ്ഞ പ്രഭാവലയവുമായി മിഖായേല്‍ വാനിലേയ്ക്കുയര്‍ന്ന് അനന്തവിഹായസ്സില്‍ വിലയം പ്രാപിച്ചു. സൈമണ്‍ തന്റെ പഴയ ജീവിതത്തിലേയ്ക്കു മടങ്ങുകയും ചെയ്തു.
സ്നേഹമാണ് ജീവിതത്തെ മുന്‍പോട്ടു നയിക്കുന്ന ഊര്‍ജ്ജസ്രോതസ്സ്. എത്രകിട്ടിയാലും മതിയാകാത്തതും സ്നേഹം മാത്രം. ഓരോരുത്തരും അവരവര്‍ക്കു കിട്ടുന്ന സ്നേഹപ്രവാഹത്തെ അണകെട്ടി നിര്‍ത്തും, തന്നില്‍ നിന്നത് ഒരിക്കലും ഒഴുകിപ്പോകാതിരിക്കാന്‍. എങ്കിലും ചിലപ്പോള്‍ ഒരു വാക്കിന്റെയോ നോക്കിന്റെയോ പഴുതു മതിയാകും സ്നേഹസേതുവില്‍ വിള്ലലുണ്ടാകാനും നിറഞ്ഞുനിന്ന സ്നേഹം ഒഴുകിപ്പോകാനും. ഒഴുകിപ്പോയതിനെ തിരികെയെത്തിക്കാന്‍ കഴിഞ്ഞു എന്നും വരില്ല.
പ്രിയ കൂട്ടുകാരുടെ സ്നേഹസേതുവില്‍ ഒരു പോറല്‍ പോലും വീഴാതിരിക്കട്ടെ എന്നു ആശംസിച്ചുകൊണ്ട് നിറസ്നേഹത്തോടെ സുപ്രഭാതമരുളുന്നു,
മിനി.