വിശ്വസാഹിത്യവിഹായസ്സിലെ ശാന്തി നികേതനമായ ഉജ്ജ്വല താരം, ഓരോ ഭാരതീയന്റേയും അഭിമാനഹേതു, ഗുരുദേവ് എന്ന രബീന്ദ്രനാഥ് ടാഗോറിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ അശ്രുപൂജ. .
കല്‍ക്കത്തയിലെ ജൊറാഷങ്കോ എന്ന പുരാതന ബ്രാഹ്മണകുടുംബത്തില്‍ , നവോത്ഥാന നായകനായിരുന്ന ദേവേന്ദ്രനാഥ് ടാഗോറിന്റെയും ശാരദാദേവിയുടേയും 13 മക്കളില്‍ ഏറ്റവും ഇളയ പുത്രനായി 1861 മെയ് ഏഴിനാണ് അദ്ദേഹത്തിന്റെ ജനനം. രബി എന്നാണ് കുട്ടിക്കാലത്തു വിളിക്കപ്പെട്ടിരുന്നത്.
എട്ടാംവയസ്സില്‍ കവിതയെഴുതിത്തുടങ്ങിയ അദ്ദേഹം, കവി, തത്ത്വചിന്തകൻ, ദൃശ്യകലാകാരന്‍, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ് , സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളിസാഹിത്യത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതുരൂപം നൽകുകയും ചെയ്തു. പതിനാറാം വയസ്സില്‍ അദ്ദേഹം തന്റെ ആദ്യകവിതാ സമാഹാരം ഭാനുസിംഹന്‍ എന്ന തൂലികാ നാമത്തില്‍ പുറത്തിറക്കുകയുണ്ടായി. 1913 ല്‍ ടാഗോറിന്റെ ഗീതാഞ്ജലി നോബല്‍ സമ്മാനത്തിനര്‍ഹമായപ്പോള്‍ ഏഷ്യയിലേ തന്നെ ആദ്യ നോബല്‍ പുരസ്കാര ജേതാവായിത്തീർന്നു അദ്ദേഹം. 1916 ല്‍ സര്‍ പദവി ലഭിച്ചെങ്കിലും 1919 ലെ ജാലിയന്‍ വാലാ ബഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് അത് ഉപേഷിക്കുകയായിരുന്നു.
ഭാരതത്തിന്റെയും ബംഗ്ലാദേശിന്റേയും ശ്രീലങ്കയുടേയും ദേശീയഗാനങ്ങള്‍ ടാഗോറിന്റെ തൂലികയാല്‍ വിരചിക്കപ്പെട്ടവയാണ്. ടാഗോറിന്റെ സാഹിത്യഖ്യാതിയെ അനുപാതമില്ലാതെ സ്വാധീനിച്ചത് അദ്ദേഹമെഴുതിയ കവിതകളാണ്. എന്നാലും, ടാഗോർ അനേകം നോവലുകൾ, പ്രബന്ധങ്ങൾ, ചെറുകഥകൾ, യാത്രാ വിവരണങ്ങൾ, നാടകങ്ങൾ കൂടാതെ അനേകായിരം ഗാനങ്ങളും രചിച്ചിട്ടുണ്ട്. ഉര്‍വ്വശിയെന്ന കവിത മറ്റുള്ള രചനയില്‍ നിന്നൊക്കെ വേറിട്ടു നില്‍ക്കുന്ന സവിശേഷതകളുള്ളതാണ്. ആദ്യ കവിതാസമാഹാരത്തിലെ മൈഥിലിഭാഷയില്‍ എഴുതിയ കവിതകള്‍ ഭാനുസിംഹന്റെ കൃതികളാണെന്നും അദ്ദേഹം പറയുമായിരുന്നു. ഗദ്യ വിഭാഗത്തിൽ ടാഗോറിന്റെ ചെറുകഥകളാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ബംഗാളി ഭാഷയിൽ ചെറുകഥയ്ക്ക് പ്രചാരം ലഭിക്കുവാൻ ടാഗോർ കഥകൾ വളരെ വലിയ പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ കൃതികളിലെ താളമൊത്ത ഭാഷയും ശുഭപര്യവസായിയായ "അവിശിഷ്ട" വിഷയങ്ങളും സാധാരണക്കാർക്ക് പ്രിയപ്പെട്ടതായി.ഗീതാഞ്ജലിയിലെ ഓരോ ശിഥിലവാഗ്സമുച്ചയ്ങ്ങളും നല്‍കുന്ന അനുഭൂതിയാകട്ടെ ഏറ്റവും പ്രിയപ്പെട്ട ആരോ അതീവസ്നേഹത്തോടെ ചേര്‍ത്തുപിടിച്ചു കാതില്‍ മന്ത്രിക്കുന്ന സ്നേഹഗീതത്തിന്റെ മൃദുസ്വനമേകുന്നതിനു തുല്യം. പോസ്റ്റ് മാസ്റ്റര്‍ എന്ന കഥയിലെ രത്തന്‍ എന്ന പെണ്‍കിടാവ്, ഒരിക്കലെങ്കിലും ആ കഥ വായിച്ചവരുടെ മനസ്സില്‍ അടര്‍ന്നു വീഴാത്തൊരശ്രുകണമായി എന്നും അവശേഷിക്കും. അതുപോലെ തന്നെ കാബൂളിവാലയും മിനി എന്ന ബാലികയും മനസ്സിലവശേഷിപ്പിക്കുന്നതും അവിര്‍വ്വചനീയമായൊരു സ്നേഹപ്രപഞ്ചം തന്നെ. അദ്ദേഹത്തിന്റെ കഥകളോരോന്നും മനസ്സിലൊരു നൊമ്പരപ്പൂവു വിരിയിച്ചിരിക്കും. ഘൊറേ ബായിരേ (വീടും ലോകവും) ഗോറ (വെളുമ്പൻ) യോഗയോഗ്(ബന്ധം)ശേഷേർ കൊബിത (അവസാനത്തെ കവിത/വിടവാങ്ങൽ ഗാനം) ഇവയൊക്കെ അദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍.
രവീന്ദ്ര സംഗീതം അനുവാചകഹൃദയങ്ങളെ ഹഠാദാകര്‍ഷിക്കുകയും ആഹ്ളാദത്തിലാറാടിക്കുകയും ചെയ്തത് അതിന്റെ ഉല്‍കൃഷ്ടത ഒന്നുകൊണ്ടുമാത്രം.
ഇന്നും ബംഗളില്‍ അതിന്റെ അനുരണനങ്ങള്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു, തലമുറകള്‍ കൈമാറി. ടാഗോര്‍ ചിത്രകലയില്‍ തന്റെ ശ്രമം തുടങ്ങിയത് അറുപത്തെട്ടാം വയസ്സിലായിരുന്നെങ്ക്ലും മൂവായിരത്തിലധികം ഉദത്തരചനകള്‍ ഈ രംഗത്തെ തന്റെ കയ്യൊപ്പുകളായി അവശേഷിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. തന്റെ നാടകങ്ങളില്‍ അദ്ദേഹം സ്വീകരിച്ചത് പ്രമ്പരാഗത സംഗീതവും ഐറിഷ് നാടോടിസംഗിതവും സമുന്വയിപ്പിച്ചൊരു നവസങ്കേതം തന്നെയയിരുന്നു.
ശൈശവത്തില്‍ തന്നെ മാതാവിനെ നഷ്ടപ്പെട്ട ടാഗോര്‍ പരിചാരകരുടെ സംരക്ഷണയിലാണ് തന്റെ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങള്‍ പിന്നിട്ടത്. പിതാവ് നിരന്തരമായ യാത്രകളിലും. ബംഗാളിന്റെ നവോത്ഥാനപ്രസ്ഥാനവുമായി തിരക്കിട്ട ജീവിതമായിരുന്നു ടാഗോര്‍ കുടുംബത്തിന്റേത്.ടാഗോറിന്റെ സഹോദരന്മാരും വിവിധ മേഖലകളില്‍ പ്രസസ്തരായിരുന്നു. അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ സത്യേന്ദ്രനാഥ് ബോസ് ആണ് ഐ സി എസ്സ് ലഭിച്ച ആദ്യ ഭാരതീയന്‍. ഏകസഹോദരി സ്വര്‍ണ്ണകുമാരിയും നോവല്‍ സാഹിത്യത്തില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ജ്യോതീന്ദ്രനാഥ് എന്ന സഹോദരന്‍ സംഗീതജ്ഞനും സംഗീതസംവിധായകനും നാടകകൃത്തുമായിരുന്നു.അദ്ദേഹത്തിന്റെ പത്നി കാദംബരി രവീന്ദ്രനാഥ ടാഗോറിന്റെ ഉറ്റസുഹൃത്തും തന്റെ സാഹിത്യരചനയിലെ ശക്തമായ പ്രചോദനവുമായിരുന്നു.
ടാഗോറിന്റെ ജീവിതകഥയിലെ അതിപ്രധാനമായ ഒരു കഥാപാത്രമാണ് കാദംബരീ ദേവി. എട്ടു വയസ്സുള്ളപ്പോള്‍ തന്റെ ഏകാന്തതയുടെ ലോകത്തെത്തിയ സ്നേഹത്തിന്റെ രാജകുമാരിയായിരുന്നു രണ്ടു വയസ്സുമാത്രം കൂടുതലുണ്ടായിരുന്ന കാദംബരി. അനിതരസാധാരണമായൊരു സൗഹൃദമായിരുന്നു അവര്‍ തമ്മില്‍. അത്മാവില്‍ ആത്മവു ചേരുന്ന ഗാഢബന്ധം. ടാഗോറിന്റെ സാഹിത്യരചനകളില്‍ കാദംബരിക്ക് വളരെ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ വിവാഹശേഷം ഏതാനും മാസം പിന്നിട്ടപ്പോള്‍ കാരണങ്ങളൊന്നും അവശേഷിപ്പിക്കാതെ അവള്‍ ആത്മഹത്യ ചെയ്തു. ആ ദുഖം അദ്ദേഹത്തിന് താങ്ങനാകുന്നതായിരുന്നില്ല. ഇന്നും നിഗൂഢമായ കാദംബരിയുടെ ആത്മഹത്യ ടാഗോറിനെ വര്‍ഷങ്ങളോളം അഗാധമായ ദുഖത്തിലാഴ്ത്തി. വര്‍ഷങ്ങള്‍ക്കു ശേഷം ടാഗോര്‍ തന്റെ പ്രിയസ്നേഹിതയുടെ ഓര്‍മ്മക്ള്‍ തീവ്രദുഃഖവും സ്നേഹവും ഊടും പാവും ചേര്‍ത്ത ഉദാത്തമായ കവിതകളായി സാഹിത്യലോകത്തിനു സംഭാവന ചെയ്യുകയുണ്ടായി. പല രചനകളും തന്റെ ആത്മമിത്രത്തോടുള്ള സ്നേഹഭാഷണങ്ങളാണ്.
ഔപചാരികവിദ്യാഭ്യാസം വളരെ കുറച്ചു കാലമേ അദ്ദേഹത്തിനു ലഭിച്ചുള്ളു. പിന്നീട് വീട്ടിലായിരുന്നു പഠനം അവിടെ എത്തുന്ന അദ്ധ്യാപകരെ കൂടാതെ സ്വസഹോദരനായ ഹേമെന്ദ്രനാഥ് ടാഗോറായിരുന്നു പഠനത്തില്‍ ഏറെ സഹായിച്ചത്. ഭാഷകളും ശാസ്ത്രശാഖകളും ഗണിതവും കലകളും നീന്തലും മലകയറ്റവും എല്ലാം അദ്ദേഹത്തില്‍ നിന്നാണ് രബി സ്വായത്തമാക്കിയത്. ഉപനയനത്തിനു ശേഷം പിതവിനൊപ്പമുള്ള ഭാരതയാത്ര അദ്ദേഹത്തെ ഒരുപാടറിവുകള്‍ സ്വായത്തമാക്കുന്നതിനു സഹായിച്ചു. പ്രെസിഡെന്സി കോളേജില്‍ ഉപരിപഠനത്തിനു ചേര്‍ന്നു എങ്കിലും ഒരു ദിവസത്തിനപ്പുറം അവിടെ പഠനം തുടരാനായില്ല. യഥാര്‍ത്ഥ പഠനം, കാര്യങ്ങള്‍ വിശദമാക്കിത്തരുന്നതല്ല പ്രത്യുത, ജിജ്ഞാസയെ ഉദ്ദീപിപ്പിക്കുന്നതാകണം എന്നതായിരുന്നു വിദ്യാഭ്യാസത്തേക്കുറിച്ചുള്ള ടാഗോറിന്റെ വിവക്ഷ. 1878 ല്‍ സിവില്‍ സരു്വ്വീസ് ലക്ഷ്യത്തോടെ ഉന്നതപഠനത്തിനായി ഇംഗ്ലണ്ടിലേയ്ക്കു പോയ ടാഗോര്‍, ഒന്നരവര്‍ഷത്തിനുശേഷം ബിരുദം കരസ്ഥമാക്കാതെ തിരികെ സ്വഗൃഹം പൂകി. 1883 ല്‍ മേണാളിനി ദേവിയുമായി അദ്ദേഹത്തിന്റെ വിവാഹവും നടന്നു . അഞ്ചു സന്താനങ്ങളാണ് ഈ ദമ്പതിമാര്‍ക്കു പിറന്നത്. ഇവരില്‍ രണ്ടുപേര്‍ ശൈശവത്തില്‍ തന്നെ മൃത്യുവി ന്നിരയായി.
പ്രിയപ്പെട്ടവരെയൊക്കെ നഷ്ടമായ ദുരന്തപൂര്‍ണ്ണമായ അന്ത്യകാലം അദ്ദേഹം ശാന്തിനികേതനത്തിലാണ് കഴിച്ചു കൂട്ടിയത്. ആ കാലഘട്ടത്തിലെ കൃതികളൊക്കെ ശ്രേഷ്ഠതരമായി ഭവിക്കുകയും ചെയ്തു. പിന്നീട് നാലുവര്‍ഷത്തെ രോഗശയ്യയും വേദനയും മരണവും സ്വഗൃഹമായ ജൊറാഷങ്കോവില്‍ തന്നെയായിരുന്നു. 1941 ഓഗസ്ട് ഏഴിന് ഈ മുളന്തണ്ടിലെ അവസാന നാദവും പ്രപഞ്ചത്തിലലിഞ്ഞുചേര്‍ന്നു.
ഗീതാഞ്ജലി!!!!
ReplyDeletesnehaadarangal
ReplyDelete