Friday, August 14, 2015

ഓണം.. ഒരു കണ്ണീരോര്‍മ്മ

ഓണക്കാലത്ത് ഒരു ദിവസം കൂഞ്ഞുകുട്ടനമ്മാവന്റെ വീട്ടില്‍ പോവുക എന്നത് കുട്ടിക്കാലം മുതലുള്ള പതിവാണ്. അമ്മയുടെ ഒരകന്ന ബന്ധുവാണ് എങ്കിലും ഏറ്റവും അടുത്ത ബന്ധുക്കളേക്കാള്‍ ഏതുകാര്യത്തിനും മുന്‍പിലുണ്ടാകുന്നത്  അദ്ദേഹവും ഭാര്യ ജാനകിയമ്മായിയും ആയിരിക്കും. അമ്മാവനു നാലു മക്കള്‍, മൂന്നുചേച്ചിമാരും അവരുടെ ഒരനുജനും . ഞാന്‍  ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് അവരില്‍ മൂത്തവളായ നിര്‍മ്മലച്ചേച്ചിയുടെ കല്യാണം. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ നിര്‍മ്മലച്ചേച്ചിയും ഭര്‍ത്താവും ഒരു ബൈക്ക് ആക്സിഡന്റില്‍ മരിച്ചുപോയി. അവരുടെ എട്ടുമസം പ്രായമായ കുഞ്ഞിനെ പിന്നെ വളര്‍ത്തിയത് കുഞ്ഞൂട്ടനമ്മാവനും അമ്മായിയും ചേര്‍ന്നായിരുന്നു. അധികം താമസിയാതെ വിമലച്ചേച്ചിയും വിവാഹിതയായി. പക്ഷേ ചേച്ചിയുടെ ഭര്‍ത്താവ് ഗുജറാത്തിലെവിടെയോ കമ്പനിയില്‍ ജോലിക്കാരനായതുകൊണ്ട് വിമലച്ചേച്ചി വീട്ടില്‍തന്നെയായിരുന്നു. അവര്‍ക്കാണെങ്കില്‍ കുട്ടികള്‍ ഉണ്ടായതുമില്ല. അതുകൊണ്ട് നിര്‍മ്മലച്ചേച്ചിയുടെ മകള്‍ നീലിമയെ വളരെ സ്നേഹത്തോടെ വളര്‍ത്താന്‍ വിമലച്ചേച്ചിയും നന്നായി ശ്രദ്ധിച്ചിരുന്നു.മൂന്നാമത്തവള്‍ അനിലച്ചേച്ചിയുടെ കല്യാണശേഷം ഏതാനുംമാസം കഴിഞ്ഞപ്പോള്‍ കുഞ്ഞൂട്ടനമ്മാവന്‍ പെട്ടെന്നൊരു നെഞ്ചുവേദന വന്നു കുഴഞ്ഞുവീണു. മൂന്നു ദിവസം ആശുപത്രിയില്‍. പിന്നെ വന്നത് ജീവനില്ലാത്ത ശരീരമായിരുന്നു.  അധികം താമസിയാതെ മകന്‍ ഗിരീഷും വിവാഹിതനായി. ഗിരീഷ് ചേട്ടന്‍  ഭാര്യവീട്ടില്‍ സ്ഥിരതാമസമാക്കി. പെൺകുട്ടി  മാതാപിതാക്കളുടെ ഏകപുത്രിയായിരുന്നു.

ഡിഗ്രി അവസാനവര്‍ഷത്തെ ഓണാവധിക്കു വന്നതായിരുന്നു വീട്ടില്‍. അമ്മ ഞങ്ങൾക്ക്  ഓണക്കോടിയെടുക്കാന്‍ പോയപ്പോള്‍ അമ്മായിക്കും നീലിമ മോള്‍ക്കുംകൂടി വാങ്ങി. അവിട്ടം നാള്‍ ഉച്ചകഴിഞ്ഞായിരുന്നു ഞാന്‍ ഓണക്കോടിയും ഉപ്പേരിയും ഒക്കെയായി കുഞ്ഞൂട്ടനമ്മാവന്റെ വീട്ടിൽ  പോയത്. അവിടെ ചെന്നപ്പോള്‍ വിമലച്ചേച്ചി കരഞ്ഞുതളര്‍ന്നിരിക്കുന്നുണ്ട്. അമ്മായി വാതരോഗം കലശലായതുകൊണ്ട് ചികിത്സയുമായി  എപ്പോഴും കിടപ്പില്‍തന്നെ. നീലിമ ചിരിച്ചുകൊണ്ട് എവിടെ നിന്നോ ഓടിവന്നു. നല്ല സ്നേഹമുള്ള കുട്ടിയാണവള്‍. കൊണ്ടുവന്ന പൊതിയൊക്കെ അവളെ ഏല്‍പ്പിച്ച് വിമലച്ചേച്ചിയോടു കുശലം ചോദിക്കാന്‍ ശ്രമിച്ചു. മറുപടിക്കു പകരം  കരച്ചില്‍തന്നെ. അമ്മായിയെ പോയിക്കണ്ടു ചോദിച്ചു. അമ്മായിയും ഒന്നും അറിയില്ലെന്നു പറഞ്ഞു.  കുറച്ചു സമയം വിശേഷം പറഞ്ഞു അമ്മായിയോടൊപ്പം ഇരുന്നു മുറ്റത്തേക്കിറങ്ങി. അപ്പോഴാണ്  മണ്ണിൽ കളംവരച്ച് അക്കുകളിക്കുന്ന നീലിമയുടെ കാലില്‍ അടികൊണ്ടു തൊലിപോയ പാടുകണ്ടത്. ഏഴുവയസ്സായെങ്കിലും അവള്‍ക്ക് അത്ര വലുപ്പമില്ല. ഓടിപ്പോയി എടുത്തു ,കാലില്‍ നോക്കി. കുറേ അടിയുടെ പാടുകള്‍! കണ്ണു നിറഞ്ഞുപോയി. അമ്മയുമച്ഛനുമില്ലാത്ത ഈ കുഞ്ഞിനോട് ഈ ദ്രോഹം ചെയ്തത് ആരായിരിക്കാമെന്നായി ചിന്ത.

മോളെയുമെടുത്ത് അകത്തുപോയിരുന്നു മെല്ലേ  അവളുടെ കാലില്‍ തലോടിക്കൊണ്ടു ചോദിച്ചു എന്താണുണ്ടായതെന്ന്. കഴിഞ്ഞദിവസം വിമലച്ചിറ്റ അവളെ അടിച്ചതാണത്രേ. എന്തിനാണെന്നു ചോദിച്ചിട്ട് അറിയില്ലാന്നും പറഞ്ഞു. പാവം കുട്ടി! നല്ലോരോണമായിട്ട് എന്തിനാണു വിമലച്ചേച്ചി അവളെ അടിച്ചതെന്നു അവരോടു തന്നെ ചോദിച്ചു. മറുപടി ആദ്യമൊരു പൊട്ടിക്കരച്ചിലായിരുന്നു. കുറേ കരഞ്ഞശേഷം ചേച്ചി പറഞ്ഞു. തനിക്കു ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റിനേക്കുറിച്ച്. പരിഹാരമൊന്നുമില്ലാത്ത വലിയ പിഴയുടെ നീറ്റലുമായാണ് അക്കാര്യം അവര്‍ പറഞ്ഞത്.

കുഞ്ഞൂട്ടനമ്മാവന്റെ മരണശേഷം അമ്മായിയും കിടപ്പിലായപ്പോള്‍ സാമ്പത്തികനിലയാകെ അവതാളത്തിലായി. വിമലച്ചേച്ചിയുടെ ഭര്‍ത്താവ് ശേഖരേട്ടന്റെ കമ്പനി പൂട്ടിപ്പോയതുകൊണ്ട് കൃത്യമായി പണം അയയ്ക്കാനൊന്നും അയാള്‍ക്കു കഴിയാറുമില്ല. അനിലച്ചേച്ചിയും  ഗിരീഷേട്ടനും അവരവരുടെ കാര്യങ്ങള്‍ നോക്കി സ്വസ്ഥമായി ജീവിക്കുന്നു. തനിക്കു കുടുംബത്തു നിന്നു വേണ്ടതൊന്നും ചെയ്യുന്നില്ലെന്ന പരാതിയാണ് അനിലച്ചേച്ചിക്കെപ്പോഴും. അവര്‍ക്ക് ഭര്‍ത്താവിന്റെ വീട്ടുകാരുടെ മുന്‍പില്‍ അതു വലിയ കുറവാണത്രേ. ഓണത്തിനു എല്ലാവരും നേരത്തെ തന്നെ  വരുമെന്നറിയിച്ചിരുന്നു. അതുകൊണ്ട് വേണ്ട രീതിയില്‍ ഓണമൊരുക്കാന്‍ വിമലച്ചേച്ചിക്കു നന്നേ വിഷമിക്കേണ്ടി വന്നു. അനിലച്ചേച്ചി കുഞ്ഞിനേയും കൊണ്ടാണു വരുന്നത്. പ്രസവം ഭര്‍തൃഗൃഹത്തില്‍തന്നെയായിരുന്നു. അതുകൊണ്ട് അവര്‍ക്കു കൊടുക്കാന്‍ പണവും ഓണക്കോടിയും കുഞ്ഞിനു സ്വര്‍ണ്ണമെന്തെങ്കിലും
 വാങ്ങാനും ഒക്കെയായി അവര്‍ തന്റെ ആകെയുണ്ടായിരുന്ന സ്വര്‍ണ്ണക്കമ്മല്‍ വിറ്റു. ബാക്കി സ്വര്‍ണ്ണമൊക്കെ ഓരോരോ ആവശ്യങ്ങള്‍ക്കായി  വില്‍ക്കുകയും പണയം വെക്കുകയും ചെയ്തിരുന്നതുകൊണ്ട് ആകെ ഉണ്ടായിരുന്ന പൊന്നായിരുന്നു അത്. കുഞ്ഞിനു കൊടുക്കാന്‍ രണ്ടുഗ്രാം സ്വര്‍ണ്ണത്തില്‍ ഒരു വളയായിരുന്നു വാങ്ങിയത്.  ഓണക്കോടിയും വാങ്ങിവെച്ചു. സദ്യയ്ക്കുളള  വകയും .

ഉത്രാടദിവസം രാത്രി എല്ലാവരും എത്തി. നീലിമ സന്തോഷം കൊണ്ടു മതിമറന്നു നടക്കുകയായിരുന്നു. അവള്‍ക്കും ഒരു കോടിയുടുപ്പു വാങ്ങിയിരുന്നു. ഒന്നു നേരം വെളുക്കാന്‍ അവള്‍ കാത്തിരിക്കുകയാണ് അതുമിട്ട് കൂട്ടുകാരുടെ കൂടെ ഗമ കാണിക്കാന്‍. രാത്രി ജോലികഴിഞ്ഞു എല്ലാവരും കിടക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ഷീറ്റുവിരിക്കുമ്പോള്‍ വിമലച്ചേച്ചിയേ സഹായിച്ചു നീലിമയും കൂടി . അനിലച്ചേച്ചി മുറിയിലേക്കു വന്നപ്പോള്‍ കുഞ്ഞിനു വാങ്ങിയ വളയെടുത്തു കാട്ടിക്കൊടുത്തു. മാലയായിരുന്നു ചേച്ചി പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടു തന്നെ അത്ര തൃപ്തിയായതുമില്ല. നീലിമ വള കണ്ടപ്പോള്‍ അവള്‍ക്കും വേണമെന്നു ശാഠ്യം പിടിച്ചു. വിമലച്ചേച്ചി അവളെ വഴക്കു പറഞ്ഞപ്പോള്‍ അവള്‍ വാശിയോടെ പറഞ്ഞു. " ഇതു ഞാനെടുക്കുമല്ലോ.. നാളെ കുഞ്ഞുവാവയ്ക്കിടാന്‍ തരില്ല." അടിക്കാനായി വിമലച്ചേച്ചി കൈവീശിയപ്പോള്‍ അവള്‍ ഓടിപ്പോയി. എന്തിനോ അമ്മായി വിളിച്ചതുകൊണ്ട് ചേച്ചി അങ്ങോട്ടേയ്ക്കു പോയി. പെട്ടെന്നു കറണ്ടു പോയി. ടിവിയുടെ പിറകിലിരിക്കുന്ന മെഴുകുതിരിയെടുക്കാന്‍ അനിലച്ചേച്ചിയും പോയി.

തിരുവോണദിവസം രാവിലെ വിമലച്ചേച്ചി അടുക്കളയില്‍തന്നെ. കുഞ്ഞുള്ളതുകൊണ്ട് അനിലച്ചേച്ചി  ആ ഭാഗത്തേയ്ക്കേ പോയതില്ല. ഗിരീഷേട്ടന്റെ ഭാര്യയ്ക്ക് അടുക്കള  ജോലിയൊന്നും അറിയുകയുമില്ല. അവരൊക്കെ കുളികഴിഞ്ഞു കോടിയുടുത്തു . നീലിമയും കുളിക്കാനായി പോയി. അപ്പോഴാണ് അനിലച്ചേച്ചി കുഞ്ഞിന്റെ വള അന്വേഷിക്കുന്നത്. അത് അവിടെയെങ്ങുമില്ല. മുറിയിലൊക്കെ നോക്കി . അലമാരയിലും മേശപ്പുറത്തും അകത്തുമൊക്കെ .. എങ്ങും കാണാനില്ല. വിമലച്ചേച്ചിയുടെ മനസ്സില്‍ ഓരോ നിമിഷവും ഭാരം കേറിവരുന്നെന്നു തോന്നി.  എത്ര ബുദ്ധിമുട്ടിയാണ് അത്രയും പണമുണ്ടാക്കിയത്. വള എവിടെയുമില്ല. അപ്പോഴാണ് തലേദിവസത്തെ നീലിമയുടെ വാശിയോര്‍ത്തത്. അവള്‍ കുളിച്ചു വന്നപ്പോള്‍ ചോദിച്ചു. എടുത്തില്ല എന്ന് ആണയിട്ടു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. " പെണ്ണിനെ കൊഞ്ചിച്ചു വഷളാക്കിവെച്ചിരിക്കുന്നു" അനിലയുടെ കോപം തിളച്ചു.
" സത്യം പറഞ്ഞില്ലെങ്കില്‍ നിനക്കിന്നു ഓണക്കോടി തരില്ല. ഓര്‍ത്തോ.." വിമലച്ചേച്ചി തറപ്പിച്ചു പറഞ്ഞു. കുറെ നേരം നീലിമ കരഞ്ഞു നോക്കി . രക്ഷയില്ലെന്നു കണ്ടപ്പോള്‍ അവള്‍ വിചാരിച്ചിരിക്കും വളയെടുത്തെന്ന് ഏറ്റു പറഞ്ഞാല്‍ ഓണക്കോടി കൊടുക്കുമെന്ന്. പക്ഷേ അതു കൊടുക്കാന്‍ അവളുടെ കയ്യില്‍ വള ഇല്ല താനും. അതൊന്നും അപ്പോള്‍ അവള്‍ ഓര്‍ത്തില്ല. ഓടിപ്പോയി അടുക്കളയില്‍ തിരക്കിട്ടു പണി ചെയ്യുന്ന വിമലച്ചേച്ചിയോടു പറഞ്ഞു
" ചിറ്റേ , ഞാനാ വളയെടുത്തത്. ഇനി തരുമോ ഓണക്കോടി? "
" എന്നിട്ടെവിടെ? വേഗം എടുത്തുകൊണ്ടുവാ " എന്നായി വിമലച്ചേച്ചി.
അവള്‍ ആകെ കുടുങ്ങി.
" അത്... അത്... " കുഞ്ഞിനു ആകെ പരിഭ്രമമായി. എവിടെ നിന്നെടുത്തുകൊണ്ടുവരാന്‍!.
ഭദ്രകാളിയേപ്പോലെ വിമലച്ചേച്ചി ഉറഞ്ഞു തുള്ളുകയാണ്. ഒടുവില്‍ അവള്‍ പറഞ്ഞു.
" രാവിലെ വന്ന ധര്‍മ്മക്കാരിക്കു കൊടുത്തു. "
അതാരെന്നു പോലും വിമലച്ചേച്ചി കണ്ടിരുന്നില്ല. അപ്പോള്‍ പിന്നെ വള പോയതു തന്നെ!. പിന്നെ അവിടെ ഒരു താണ്ഡവം തന്നെ നടന്നു. കലി തീരും വരെ അവര്‍ നീലിമയെ ചൂരലുകൊണ്ടടിച്ചു. കാലുപൊട്ടി ചോര ഒഴുകിയിട്ടും നിര്‍ത്തിയില്ല. ഒടുവില്‍ പിടിവിട്ട് ഓടിപ്പോയവള്‍ അമ്മമ്മയുടെ കട്ടിലില്‍ അഭയം പ്രാപിച്ചു. കരഞ്ഞു തളര്‍ന്ന് അവിടെ കിടന്നുറങ്ങുകയും ചെയ്തു, കുളിച്ചുകഴിഞ്ഞപ്പോള്‍ ഉടുത്തുവന്ന ഈറന്‍ തോര്‍ത്തോടെ.. ഇടയ്ക്കിടയ്ക്ക് ആ കുഞ്ഞു കണ്ഠത്തില്‍ നിന്നു തേങ്ങലുയര്‍ന്നുകൊണ്ടിരുന്നു. എല്ലാവരും സദ്യയുണ്ടപ്പോഴും അവള്‍ നല്ല ഉറക്കത്തിലായിരുന്നു. വള പോയതിന്റെ നിരാശയില്‍ അനിലച്ചേച്ചി ആകെ മുഷിഞ്ഞു തന്നെ . ഒരുവിധത്തില്‍ തിരുവോണനാള്‍ കടന്നു പോയി. പിറ്റെ ദിവസം തന്നെ വിരുന്നുകാരൊക്കെ അവരവരുടെ താവളങ്ങളിലേക്കു  മടങ്ങി. അനിലച്ചേച്ചിയുടെ മുഖം ഒട്ടും തെളിഞ്ഞിരുന്നില്ല പോകുമ്പോഴും. വിമലച്ചേച്ചിയുടെ സങ്കടം അതിലുമേറെ. ഇനി ബാക്കിയുള്ള  കാര്യങ്ങള്‍ക്ക് എങ്ങനെ പണമുണ്ടാകുമെന്നറിയില്ല. അമ്മായിയുടെ ചികിത്സയ്ക്കുതന്നെ നല്ലൊരു തുക വേണ്ടിവരുമല്ലോ.

എല്ലാവരും പോയശേഷം വീടൊക്കെ അടുക്കിവെയ്ക്കാനായി വിമലച്ചേച്ചി കയറിയതാണ്. ടിവിയുടെ പുറത്തുവിരിച്ചിരുന്ന തുണി ഒരു വശത്ത് ഊര്‍ന്നു വീണുകിടന്നിരുന്നു. അതെടുത്തു വിരിക്കാന്‍ തുടങ്ങുമ്പോഴാണ് ചുവന്ന കൊച്ചു പെട്ടി കണ്ണില്‍ പെട്ടത്. അനിലയുടെ കുഞ്ഞിനു വാങ്ങിയ വള!. മെഴുകുതിരിയെടുക്കാന്‍ വന്നപ്പോള്‍ അവര്‍ ഓര്‍ക്കാതെ അവിടെ വെച്ചിരിക്കാം . പിറ്റെദിവസം അതു മറന്നും പോയി.  ആ കുറ്റം നീലിമയില്‍ ചെന്നു വീഴുകയും ചെയ്തു.. ഓണക്കോടി കിട്ടാനുള്ള  മോഹത്താലായിരിക്കും അവള്‍ ആ കുറ്റം ഏറ്റെടുത്തത്. വലിയവരുടെ മനസ്സിന്റെ കാപട്യം കുഞ്ഞുങ്ങള്‍ക്കറിയില്ലല്ലോ. ആ  കുഞ്ഞുമനസ്സിനും ശരീരത്തിനും താങ്ങാനാവാത്ത ഓണസമ്മാനമായിരുന്നു അവള്‍ക്കു ലഭിച്ചത്!.

മടങ്ങിപ്പോന്നത് ഹൃദയത്തില്‍ വലിയൊരു ഭാരവും കൊണ്ടായിരുന്നു. ആ പാവം കുഞ്ഞിന്റെ  മെലിഞ്ഞ കാലിലെ അടിയുടെ പാടുകള്‍ മനസ്സില്‍ ആഴത്തില്‍ മുറിവുണ്ടാക്കുക തന്നെ ചെയ്തു. ഇനിയൊരോണം അവള്‍ ഒരുപക്ഷേ ആഗ്രഹിക്കാഞ്ഞോ എന്തോ, അതിനായി അവള്‍ കാത്തിരുന്നില്ല. ഏതാനും ദിവസം ആശുപത്രിയില്‍ കടുത്ത പനിയോടു മല്ലിട്ടു കിടന്നു. പിന്നെ തന്റെ അച്ഛനമ്മമാരുടെ അടുത്തേക്ക്  അവള്‍ പോകുകയും ചെയ്തു. ഓണവും ഓണക്കോടിയും ഒന്നുമില്ലാതെ വിമലച്ചേച്ചി ഇപ്പോഴും ആ പഴയ വീട്ടില്‍ കഴിയുന്നുണ്ട്, കിടപ്പിലായ അമ്മായിയെ   ശുശ്രൂഷിച്ച് ,   ഗുജറാത്തിലെവിടെയോ ഉള്ള ശേഖരേട്ടന്റെ വരവും കാത്ത്...... 

3 comments:

  1. ഹൃദയസ്പര്‍ശിയായി ഈ എഴുത്ത്...
    ആശംസകള്‍

    ReplyDelete
  2. എനിക്ക് മാമ്പഴം കവിതയും അതിലെ അമ്മയേയും കുഞ്ഞിനേയും ഓര്‍മ്മ വന്നു

    ReplyDelete