Thursday, August 20, 2015

അന്നവിചാരം- ഓണവിചാരം


താളിയോല മത്സരപോസ്ട്


അന്നവിചാരം- ഓണവിചാരം
-------------------------------------------

ഓണത്തപ്പാ - കുടവയറാ!!
എന്നാ പോലും - തിരുവോണം?

നാളേയ്ക്കാണേ - തിരുവോണം.
നാക്കിലയിട്ടു വിളമ്പേണം

ഓണത്തപ്പാ - കുടവയറാ
തിരുവോണക്കറിയെന്തെല്ലാം?

ചേനത്തണ്ടും ചെറുപയറും
കാടും പടലവുമെരിശ്ശേരി
കാച്ചിയ മോര്, നാരങ്ങാക്കറി,
പച്ചടി, കിച്ചടിയച്ചാറും!

ഓണത്തപ്പാ - കുടവയറാ
എന്നാ പോലും തിരുവോണം?
ഓണമെന്നാല്‍ സമ്പല്‍സമൃദ്ധിയുടെ, സര്‍വ്വൈശ്വര്യങ്ങളുടെ തിരുന്നാള്‍ കൂടിയാണ്. ഒരു നീണ്ട നാളത്തെ മഴക്കെടുതിക്ക് അകമ്പടിസേവിച്ചു മലയാളമണ്ണില്‍ എത്തി കുടിപാര്‍ത്ത പഞ്ഞവും പട്ടിണിയും മാറി സുഭിക്ഷതയുടെ നല്ല നാളുകള്‍ വരവായതിന്റെ ആഘോഷം കൂടിയാണിത്. പുതുവസ്ത്രവും വിഭവസമൃദ്ധമായ സദ്യയും ഓണാഘോഷത്തിന് അതുകൊണ്ടു തന്നെ ഒഴിച്ചു കൂടാനാവാത്തതാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന ചൊല്ലു തന്നെ അങ്ങനെയുണ്ടായതാണ്.  പ്രകൃതിയുടെ വര്‍ണ്ണവിസ്മയങ്ങളാല്‍ ഗൃഹാങ്കണങ്ങള്‍ അലങ്കരിക്കപ്പെടുമ്പോള്‍ അതേ പ്രകൃതിയുടെ വരദാനങ്ങള്‍ തന്നെയാണു സ്വാദിഷ്ടമായ വിഭവങ്ങളൊരുക്കാനും ഉപയോഗിക്കുന്നത്. ധാന്യങ്ങളും കായ് കനികളും ഇലകളും പൂക്കളും കിഴങ്ങുകളും എല്ലാം തന്ന് ഓണവിഭവങ്ങളൊരുക്കാന്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കും, കര്‍ക്കടകമാരി പെയ്തൊഴിഞ്ഞ് പൊന്‍വെയില്‍ ചിരിക്കുന്ന  ചിങ്ങനാളുകളില്‍.

ഉത്രാടനാളിലാണ് തയ്യാറെടുപ്പുകളൊക്കെ അവസാനിക്കുന്നത്. അതുകൊണ്ടു തന്നെ അന്നത്തെ തിരക്കുകള്‍ക്ക് ഉത്രാടപ്പാച്ചില്‍ എന്നാണു പറഞ്ഞുപോരുന്നത്. ഉത്രാടത്തിനു ഉച്ചതിരിയുമ്പോള്‍ തന്നെ വീട്ടമ്മമാരുടെ ഹൃദയമിടിപ്പു വര്‍ദ്ധിക്കാന്‍ തുടങ്ങും. എങ്ങനെയൊക്കെ ഓണമൊരുങ്ങിയാലും അവര്‍ക്കു മതിവരാറുമില്ല. എങ്കിലും കാലാകാലങ്ങളായി മലയാളിയുടെ മനസ്സില്‍  ചിരപ്രതിഷ്ഠനേടിയ ഓണസദ്യവിഭവങ്ങളിലേയ്ക്ക് നമുക്കൊന്നെത്തിനോക്കാം.

പുന്നെല്ലരിച്ചോറ് തൂശനിലയില്‍ വിളമ്പിയാണ് ഓണസദ്യ ഉണ്ണുന്നത്. വലതുകൈപ്പാങ്ങിനു മുറിപ്പാടു വരുന്നരീതിയില്‍ ഇലയിടും. തൊടുകറികളും മറ്റും ഇലയില്‍ മുമ്പേ തന്നെ വിളമ്പി വെയ്കാമെങ്കിലും ചോറു വിളമ്പുന്നത് ആള്‍ ഇലയ്ക്കു മുമ്പില്‍ ഇരുന്നശേഷം മാത്രം. സദ്യ വിളമ്പുന്നതും വളരെ ശ്രദ്ധകൊടുത്തു ചെയ്യേണ്ടകാര്യമാണ്..സദ്യയിൽ ഓരോ കറിക്കും ഇലയിൽ അതിന്റേതായ സ്ഥാനമുണ്ട്.  കായനുറുക്ക്, ശർക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക. ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. പിന്നെ തൊട്ടുകൂട്ടൽ കറികളായ അച്ചാർ, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയിൽ വിളമ്പുന്നു.  ഇനി മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികൾ അവിയൽ, തോരൻ, കാളൻ,എരിശ്ശേരി തുടങ്ങിയവ‌ എല്ലാം വിളമ്പുന്നു. പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, പപ്പടത്തിന്റെ വലിപ്പവും വളരെ പ്രധാനം തന്നെ. വിവിധ തരം ഒഴിച്ചുകറികാളും പായസങ്ങളും പ്രഥമനും ഒക്കെ നുശ്ചയമായും ഉണ്ടാവും ..

സദ്യ ഉണ്ണുന്നതിനും ചില രീതികളുണ്ട്. വിഭവങ്ങള്‍ക്കും ഉണ്ണുന്ന രീതിക്കുമൊക്കെ ഓരോരോ നാട്ടിലെ രീതികള്‍ ചിലപ്പോള്‍ വ്യത്യസ്തത കാണാറുണ്ട് .ആദ്യം നിലവിളക്കുകൊളുത്തിവെച്ച് മാവേലിത്തമ്പുരന് ഒരു നാക്കിലയില്‍ സര്‍വ്വ വിഭവങ്ങളും വിളമ്പിവെയ്ക്കുന്നു. അതിനു ശേഷം മാത്രമേ അതിഥികളും കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ലവര്‍ക്ക് സദ്യ വിളമ്പൂ.  പലവട്ടങ്ങളായി ആണു വിളമ്പുക. ചോറുവിളമ്പിയാല്‍ ആദ്യപടി നെയ്യും പരിപ്പും പപ്പടവും ചേര്‍ത്തു കഴിക്കുകയാണ്. പിന്നാലെയെത്തും സമ്പാറ്, പുളിശ്ശേരി, രസം മുതലായവ. അതിനുശേഷമാണ് മധുരം നിറഞ്ഞ പായസങ്ങളും പ്രഥമനും. പരിപ്പുപ്രഥമനും മറ്റും പപ്പടവും പഴവും ചേര്‍ത്തുകഴിക്കാനാണു ചിലര്‍ ഇഷ്ടപ്പെടുന്നത്. അതിനുശേഷം പച്ചമോരുമൊഴിച്ച് വീണ്ടുമൊരിത്തിരി ചോറുണ്ണാം. തൊടുകറികളും അച്ചാറുമൊക്കെ പായസത്തിന്റെ മധുരം തരുന്ന മടുപ്പു മാറ്റാന്‍ തൊട്ടു നാവില്‍ വെയ്ക്കുകയും ചെയ്യാം. ചില നാട്ടില്‍ പഴനുറുക്കും വളരെ പ്രധാനമാണ്.
( തിരുവിതാംകൂറില്‍ ഓണസദ്യ പൂര്‍ണ്ണമായും സസ്യവിഭവങ്ങള്‍ കൊണ്ടുള്ളതാണെങ്കിലും മലബാറില്‍ സസ്യേതരവിഭവങ്ങളും അന്നേ ദിവസം വിളമ്പാറുണ്ട് എന്നു പറയപ്പെടുന്നു..) സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് ഇഷ്ടപ്പെട്ടാൽ ഇല മുകളിൽ നിന്ന് താഴോട്ടാണു മടക്കുക. അതായത് തുറന്ന ഭാഗം ആളിനു നേര്‍ക്കായിരിക്കും.

ഓണസദ്യ കഴിഞ്ഞാല്‍ പിന്നെ ഊഞ്ഞാലാട്ടവും ഓണക്കളികളും.... പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ....

നമുക്ക് ഒരുഅടപ്രഥമന്‍/ പാലട പ്രഥമന്‍ തന്നെ തയ്യാറാക്കിയാലോ.

ആദ്യമായി അട തയ്യാറാക്കണം. രണ്ടു രീതിയില്‍ ചെയ്യാമത്. പച്ചരി കുതിര്ത്ത് നേര്‍മ്മയായി പൊടിച്ച് വറുത്തു വെയ്ക്കുക. അത് തേങ്ങാപ്പാലില്‍ മൃദുവായി കുഴച്ച് വാഴയിലയില്‍ കനം നന്നേ കുറച്ചു പരത്തി ആവിയില്‍ പുഴുങ്ങിയെടുക്കുക. അല്ലെങ്കില്‍ അരിപ്പൊടി കുറുക്കി അത് തേങ്ങാപ്പാല്‍ പുരട്ടിയ വാഴയിലയില്‍ തളിച്ച് ഇല ചുരുട്ടി ആവിയില്‍ പുഴുങ്ങിയെടുക്കുക. പുഴുങ്ങിയ അട അടര്‍ത്തി തണുത്ത വെള്ലത്തില്‍ ഇട്ടശേഷം അതില്‍ നിന്നെടുത്ത് വെള്ലം വാര്‍ന്ന അട പാകത്തിനു വലുപ്പത്തില്‍ നുറുക്കി വെയ്ക്കുക.
അടുത്തത് തേങ്ങാചുരണ്ടി പാലെടുത്തു വെയ്ക്കുകയാണ്. ഒരു ഗ്ലാസ്സ് അരിക്ക് രണ്ടു തേങ്ങ എന്ന കണക്കില്‍ പാലെടുത്തു വെയ്ക്കണം. ശര്‍ക്കര മധുരം ആവശ്യമനുസരിച്ച്  ഉരുക്കി അരിച്ചു വെയ്ക്കണം.
നുറുക്കിയ അട ഓട്ടുരുളിയിലോ ചുവടുകട്ടിയുള്ല വേറെ ഏതെങ്കിലും പാത്രത്തിലോ നന്നായി നെയ്യില്‍ വഴറ്റുക. പിന്നീട് ശര്‍ക്കരപ്പാനി ചേര്‍ത്തു നന്നായി വഴറ്റുക. അതില്‍ മൂന്നാം പാല്‍ ഒഴിച്ച് ഇളക്കി വറ്റിക്കുക. പിന്നീട് രണ്ടാം പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി തിളപ്പിക്കുക. പാകമാകുമ്പോള്‍ ഇറക്കിവെച്ച് അതില്‍ ഒന്നാം പാല്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇഷ്ടമുള്ളവര്‍ക്ക് ഏലക്കായ് ചുക്ക് ജീരകം ഇവ നന്നായി പൊടിച്ചു ചേര്‍ക്കാം. പിന്നീട് നെയ്യില്‍ വറുത്ത കൊട്ടത്തേങ്ങ നുറുക്ക്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവതൂകി അലങ്കരിച്ച് വിളമ്പാം.
ശര്‍ക്കരയ്ക്കു പകരം പഞ്ചസ്സാരയും, തേങ്ങാപ്പാലിനു പകരം പശുവിന്‍പാലും ചേര്‍ത്താല്‍ പാലടപ്രഥമന്‍ തയ്യാര്‍.











2 comments:

  1. എന്റെ ഓണമോര്‍മ്മകളെല്ലാം ദാരിദ്ര്യത്തിന്‍ നടുവിലാണ്. ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയപ്പോഴേയ്ക്കും പ്രവാസിയായി. അതില്‍പിന്നെ ഓണത്തിനൊന്നും അത്ര മധുരം തോന്നിയിട്ടില്ല്ല

    ReplyDelete
  2. അന്നവിചാരം, മുന്നവിചാരം.
    ആശംസകള്‍

    ReplyDelete