Saturday, September 12, 2015

'വീശി മറഞ്ഞൊരു ജനുവരിക്കാറ്റി'ലെ അശ്വതിയുടെ ആത്മഗതം കവിതയായ്

എന്റെ ആത്മാവിന്‍കൊമ്പില്‍ 
വന്നു ചേക്കേറിയ
പ്രണയപ്പക്ഷീ...
എന്റെ ഹൃദയം
നിനക്കു മുന്നില്‍ അനാവരണം ചെയ്യപ്പെടുമ്പോള്‍
വാക്കുകള്‍ എനിക്കന്യമാകുന്നു.
എന്റെ ഓരോ മൗനത്തുണ്ടുകളിലും
നിന്നോടു  പറയാനുള്ള ഒരായിരം കഥകളെന്ന്
നീയറിഞ്ഞിരിക്കുമോ..
എന്റെ ഓരോ പ്രണയകടാക്ഷത്തിലും
നിനക്കായുദിക്കന്ന സ്നേഹസൂര്യപ്രഭയെ
നീ കണ്ടിരിക്കുമോ..
എന്റെ ഓരോ നെടുവീര്‍പ്പിന്റെ ഈണത്തിലും
നിനക്കായി പാടുന്ന പ്രണയരാഗങ്ങളെ
കാതു കൂര്‍പ്പിച്ചു
നീ കേട്ടിരിക്കുമോ..
നിന്റെ താരാട്ടു കേട്ടുറങ്ങാനും
നിന്റെ തുയിലുണര്‍ത്തിനായ് കാതോര്‍ക്കാനുമായ്
മാത്രമാണ്  ഇന്നെന്റെ സന്ധ്യകളും പുലരികളും .
എന്നോ ഞാന്‍ കണ്ടിരുന്ന സ്വപ്നങ്ങളില്‍
കൈ കോര്‍ത്തു പിടിച്ചു നടന്നിരുന്ന സ്നേഹരൂപത്തിന്
നിന്റെ ഛായയെന്നറിയുമ്പോള്‍
സ്വയം മറന്നു പോകുന്നു.
മലഞ്ചെരുവിലെ കാറ്റിനു ശക്തിയേറുമ്പോള്‍
എന്നെ നെഞ്ചോടു ചേര്‍ത്തിരുന്ന കൈകളുടെ സ്നേഹം
നീ മാത്രമാണെന്നറിയുമ്പോള്‍
ഹര്‍ഷപുളകിതമാവുന്നു എന്റെ മേനി.
പ്രണയം പൂക്കുന്ന താഴ്വരകളിലൂടെ
അളവറ്റ സ്നേഹം പരസ്പരം പങ്കുവെച്ച്
ഒരിക്കലും പിരിയാതെ,
കോര്‍ത്തുപിടിച്ച കൈകളോടെ
നമുക്കു നടക്കാം ചക്രവാള സീമകളിലേയ്ക്ക്.
ഒരു സ്നേഹക്കടലിന്റെ തീരത്ത്
പ്രണയമധുരം നുകര്‍ന്നിരിക്കാം,
കല്പാന്തകാലം ..

2 comments:

  1. സ്നേഹമാണഖിലസാരമൂഴിയില്‍....
    ആശംസകള്‍

    ReplyDelete