Sunday, September 20, 2015

കുട്ടിയും കോലും - ഒരു ഗൃഹാതുരത.

കുട്ടിയും കോലും - ഒരു ഗൃഹാതുരത.
------------------------------------------------

ഈയിടെയായി വഴിയരുകിലും മൈതാനങ്ങളിലും വെളിമ്പറമ്പുകളിലും ഒക്കെ ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ എണ്ണം വല്ലാതെ കുറഞ്ഞിട്ടുണ്ട്. ക്രിക്കറ്റിനോടുള്ല ഭ്രമം കുറഞ്ഞതുകൊണ്ടൊ കുട്ടികളുടെ താല്‍പര്യങ്ങള്‍ വേറെ പലവിധ ആനന്ദദായകമാര്‍ഗ്ഗങ്ങളിലേയ്ക്കു കടന്നു കയറിയതുകൊണ്ടോ ആകാം. ഒരു കണക്കിന് അതു വളരെ നന്നായി. ധൈര്യമായി വഴി നടക്കാമല്ലോ. അല്ലെങ്കില്‍ എപ്പോഴാ പന്തു വന്നു തലയില്‍ തട്ടുന്നതെന്നു പേടിച്ചാവും പലപ്പോഴും നടത്ത.

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഇംഗ്ലീഷ് പരീക്ഷയ്ക്ക് പ്രിയപ്പെട്ട കായികവിനോദത്തേക്കുറിച്ച് ഉപന്യസിക്കാനുള്ല ചോദ്യത്തിന് ഒരു കുട്ടി എഴുതിയ ഉത്തരം ക്രിക്കറ്റിനേക്കുറിച്ചായിരുന്നു. അതില്‍ എഴുതിയിരുന്ന ഒരു കാര്യം എന്നെ തെല്ലൊന്നമ്പരപ്പിച്ചു.  മഹാഭാരതകഥയില്‍ കൃഷ്ണനും പാണ്ഡവകൗരവന്മാരും ഒക്കെ ക്രിക്കറ്റ് കളിച്ചിരുന്നത്രേ. മിടുക്കിയായ ആ വിദ്യാര്‍ത്ഥിനി വെറുതെ തമാശയ്ക്ക് ഇങ്ങനെ എഴുതാന്‍ വഴിയില്ലെന്ന് എനിക്കു നന്നായറിയാം. അതുകൊണ്ട് ഞാന്‍ അതിനെക്കുറിച്ച് ഒരന്വേഷണം തന്നെ നടത്തി. അപ്പോള്‍ ആണ് ഒരു കളിയെക്കുറിച്ചറിഞ്ഞത്. ക്രിക്കറ്റ് കളിയുമായി അഭേദ്യബന്ധമുള്ല ഒരു ഉത്തരേന്ത്യന്‍ കായിക വിനോദം. 'ഗല്ലി ദണ്ഡ ' എന്നറിയപ്പെടുന്ന അതിപുരാതനമായ ഈ വിനോദത്തെ മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടത്രേ. ഈ കളിയില്‍ നിന്നാണ് ഇന്നത്തെ ഏറ്റവും പ്രചാരമുള്ല ആധുനികവിനോദങ്ങളായ ക്രിക്കറ്റ്, ബെയ്സ്ബോള്‍, സോഫ്ട്ബോള്‍ ഇവ രൂപം കൊണ്ടതെന്ന് ഒരു മതം. ആ അറിവാണ് കുട്ടിയെ മുകളില്‍ പറഞ്ഞ പരാമര്‍ശത്തിനു പ്രേരിപ്പിച്ചത്.

ഇന്ത്യയില്‍ ഈ കളി പലഭാഗത്തും പലപേരില്‍ അറിയപ്പെട്ടിരുന്നു. dānggűli (ডাঙ্গুলি) എന്ന് ബംഗാളിലും ആസ്സമിലും, chinni-dandu എന്നു കന്നടയിലും viti-dandu എന്നു മറാത്തിയിലും , kitti-pul എന്നു തമിഴിലും  , Gooti-Billa , Karra-Billa , Billam-Godu എഎന്നൊക്കെ തെലുങ്കിലും , Gulli-Danda എന്നു പഞ്ചാബിയിലും, Geeti Danna എന്നു സിന്ധിയിലും ,  . ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പലഭാഗത്തും സമാനമായ വിനോദങ്ങള്‍ പ്രാചരത്തിലുണ്ടായിരുന്നു. ഇംഗ്ലീഷില്‍ Tip cat എന്നും ഇറ്റലിയില്‍ Lippa എന്നും Dandi Biyo എന്ന് നേപ്പാളിലും
kon ko എന്ന് കംബോഡിയയിലും alak-doulak എന്നു പേര്‍ഷ്യന്‍ ഭാഷയിലും Pathel Lele  എന്ന് ഇന്‍ഡോനേഷ്യയിലും Syatong എന്ന് ഫിലിപ്പൈന്‍സിലും അറിയപ്പെട്ടിരുന്നത് ഈ വിനോദം തന്നെയായിരുന്നു.

നമ്മുടെ കേരളത്തിലെ കുട്ടികള്‍ക്കും ഏറ്റവും പ്രിയപ്പെട്ടൊരു കളിയായിരുന്നു ഇത്. കുട്ടിയും കോലും എന്ന് വിളിച്ചിരുന്ന ഈ കളിയില്‍ ആണ്‍പെണ്‍ ഭേദമില്ലാതെ എല്ലാ പ്രായത്തിലേയും കുട്ടികള്‍ പങ്കെടുക്കുമായിരുന്നു. കുട്ടിയും പുള്ളും എന്ന് വടക്കന്‍ കേരളത്തില്‍ ഇത് അറിയപ്പെട്ടിഉന്നു. കുറച്ചധികം സ്ഥലമുണ്ടെങ്കിലേ ഈ കളി പ്രായോഗികമായിരുന്നുള്ളു. മൈതാനങ്ങളിലും അമ്പലപ്പറമ്പുകളിലും സ്കൂള്‍മുറ്റത്തും വെളിമ്പറമ്പുകളിലും കൊയ്തൊഴിഞ്ഞ പാടത്തുമൊക്കെ ഇതരങ്ങേറിയിരുന്നതു കാണാം. കളിക്കാനുള്ല കോപ്പുകള്‍ വലരെ ലളിതവും സുലഭവുമായിരുന്നു. ഒരു വലിയ വടിയും (ഏകദേശം മുക്കാല്‍ മീറ്ററോളം നീളം) ഒരു ചെറിയ കഷണം പോലെയൊരു വടിയും. ചെറിയ വടി ഒരു ചെറിയ കുഴിയുണ്ടാക്കി അതിനു മുകളില്‍ വെച്ച് വലിയവടി കൊണ്ട് തോണ്ടി എറിയുകയാണ് കളിയുടെ യോഗ്യതാ നടപടി. എതിരാളികള്‍ അതു കൈയില്‍ പിടിച്ചിലെങ്കില്‍ യോഗ്യത നേടും. അല്ലെങ്കില്‍ കളത്തിനു പുറത്ത് . അതുമല്ലെങ്കില്‍ കുഴിക്കു മുകളില്‍ കുറുകെ വെയ്ക്കുന്ന കോലിനെ കുട്ടികൊണ്ട് എതിരാളി എറിഞ്ഞു കൊള്ളിക്കണം . കൊണ്ടാല്‍ പുറത്ത്. ഇല്ലെങ്കില്‍ പിന്നീട് പല രീതിയില്‍ കുട്ടി കോലുകൊണ്ടടിച്ചു ദൂരേയ്ക്കെറിയനം. ആ ദൂരം അളന്നാണു പോയിന്റ് കണക്കാക്കുന്നത് .ചേക്കുട്ട ,ചാത്തി , മുറി ,നാല് വട, ഐറ്റി കോണ്‍ ,ആറാങ്കൈ ,പീലേസ് ( പണം ഒന്ന്) .   ഇങ്ങനെ പറഞ്ഞാണ്  കുട്ടി അടിച്ചിട്ട് വീണ അകലം അളക്കുന്നത്. ഇത് ദേശഭേദമനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും. പത്തുപണം കിട്ടിയാല്‍ വിജയിക്കും. 

കുട്ടിയും കോലും ഒരു കയ്യില്‍ തന്നെ പിടിച്ച് കുട്ടി മുകളിലേയ്ക്കിട്ട് കോലുകൊണ്ട് അടിക്കുക, കൈ വിരലുകളുടെ മുകളില്‍ കുട്ടി വെച്ച് അടിക്കുക, മുഷ്ടി ചുരുട്ടി  അതിനു മുകളിലും വശത്തും വെച്ച അടിക്കുക, തലയില്‍ വെച്ച് താഴേയ്ക്കിട്ട ശേഷം അടിക്കുക, കാല്‍പാദത്തിലും, മുട്ടിലും , ഇങ്ങനെ ശരീരത്തിന്റെ പലഭാഗത്തു വെച്ചാണ് കുട്ടിയെ കോലുകൊണ്ട് അടിച്ചു തെറിപ്പിക്കേണ്ടത്. കുഴിയില്‍ നിന്ന് കോല്‍ കൊണ്ടളക്കാനുള്ള ദൂരം കുട്ടി എത്തിയില്ലെങ്കില്‍ പിന്നെയും അതു തന്നെ ആവര്‍ത്തിക്കനം. പിന്നെയും അങ്ങനെ സംഭവിച്ചാല്‍ കളിക്കാരന്‍ പുറത്താകും. പിന്നെയുമുണ്ട് കുട്ടി തെറിപ്പിക്കും മുന്‍പേയുള്ല ചില ചോദ്യവും പറച്ചിലുമൊക്കെ.അനുവാദത്തൈനായുള്ല  കൃത്യമായ മറുപടി കിട്ടാതെ കുട്ടി തെറിപ്പിച്ചാല്‍ അതു നിയമലംഘനം ആകും. കളിക്കാരന്‍ അയോഗ്യനാവുകയും ചെയ്യും. പിന്നെ എതിര്‍ ടീമിന്റെ ഊഴം. ഒടുവില്‍ ആര്‍ക്കാണോ കൂടുതല്‍ പോയിന്ട്സ് അവര്‍ വിജയി.( ഞാന്‍ ഈ കളി കണ്ടു നിന്നിട്ടേയുള്ളു, കളിച്ചിട്ടില്ല. അതുകൊണ്ട് നിയമങ്ങളൊന്നും കൂത്യമായി ഓര്‍മ്മയിലില്ല. ).

വിജയിക്കുന്നവര്‍  പരാജിതര്‍ക്ക്  കൊടുക്കുന്ന ശിക്ഷയാണ്  കോട്ടയടി ....  കോട്ടയടിച്ചു  കുട്ടി എവിടെവരെ  എത്തുന്നോ  അവിടെനിന്നും കുട്ടിയും  കയ്യില്‍ പിടിച്ചു  ശ്വാസംവിടാതെ  കബഡിയില്‍ പറയുന്നതുപോലെ എന്തൊക്കെയോ   ഉറക്കെ പറഞ്ഞുകൊണ്ട്   തിരികെ  കുഴിയുടെ അടുത്ത് എത്തണം  .ഇടക്കുവച്ചു  ശ്വാസം പോയാല്‍  കുട്ടി അവിടെനിന്നും  വീണ്ടും  ദൂരേക്ക്‌  അടിച്ചു തെറിപ്പിക്കും. ശ്വാസം വിടാതെ  വീണ്ടും ആദ്യത്തേതു പോലെ  കുഴിയുടെ  അടുത്ത് എത്തണം.  

ഈ കളിയല്ലേ കുട്ടിക്കാലത്ത് കൗരവരും പാണ്ഡവരും കളിക്കുകയും കുട്ടി പൊട്ടക്കിണറ്റില്‍ വീഴുകയും ചെയ്തത്? വിഷണ്ണരായി നിന്ന കുട്ടികളെ സഹായിക്കാന്‍ അവിടെ ഒരു മഹാനുഭാവന്‍ എത്തുകയും ദര്‍ഭപ്പുല്ലുകള്‍ എടുത്തു മന്ത്രം ജപിച്ച് ശരങ്ങളായ് മാറ്റി ഒന്നിനുപിന്നാലെ ഒന്നായ് എയ്തു യോജിപ്പിച്ച് കുട്ടി മുകളിലെടുക്കുകയും ചെയ്തത്. കുട്ടികളില്‍ നിന്ന് ഈ അത്ഭുതസംഭവത്തേക്കുറിച്ചറിഞ്ഞ ഭീക്ഷ്മാചാര്യന്‍ അദ്ദേഹത്തെ അവരുടെ ഗുരുവായി നിയമിക്കുകയും ചെയ്തു . അത് ദ്രോണാചാര്യര്‍ അല്ലാതെ  മറ്റാരുമായിരുന്നില്ല . ഗുരുദക്ഷിണയായി തന്നെ അവഹേളിച്ച, ഒരിക്കല്‍ സഹപാഠിയായിരുന്ന , ദ്രുപതനെ പിടിച്ചുകെട്ടിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ട കഥ പണ്ടു പാഠപുസ്തകത്തില്‍ പഠിച്ചത് ഓര്‍മ്മ വരുന്നില്ലേ.. ഈ കളിയോട് ക്രിക്കറ്റ് കളിയുമായിള്ല സാദൃശ്യം നോക്കിയാല്‍ എന്റെ വിദ്യാര്‍ത്ഥിനിയെ കുറ്റം പറയാനാവില്ല അല്ലേ....

3 comments:

  1. ഞങ്ങളൊക്കെ ഇത് കളിച്ചുവളര്‍ന്നവരാണ്

    ReplyDelete
  2. പഴയകാല ഓര്‍മ്മപുതുക്കല്‍.....
    അന്നൊക്കെ എത്രയോ വിശാലമായ പറമ്പുകളായിരുന്നു,കളിയ്ക്കാന്‍ സൌകര്യത്തിനായിട്ട്....!!!
    ആശംസകള്‍

    ReplyDelete