Thursday, October 8, 2015

പുസ്തകപരിചയം - ലലന ചാരുത

ലലന ചാരുത - അജയകുമാര്‍

( ഇതിഹാസ വധുപഞ്ചകം )


മുംബൈ മലയാളികള്‍ക്കിടയില്‍ മൂന്നു ദശകത്തിലേറെയായി സാഹിത്യ, സാമൂഹിക, സാംസ്കാരിക, കലാ രംഗങ്ങളില്‍ തന്റെ തിളക്കമാര്‍ന്ന പ്രാതിനിധ്യം കൊണ്ട് ചിരപരിചിതനായ ശ്രീ അജയകുമാറിന്റെ ആദ്യ കവിതാസമാഹാരമാണ് 'ലലനചാരുത'. പുരാണേതിഹാസങ്ങളില്‍ ഏറെ വൈശിഷ്ട്യം അവകാശപ്പെടാവുന്ന അഞ്ചു സ്ത്രീരത്നങ്ങളുടെ ജീവിതഗാഥയാണ് അദ്ദേഹം ഈ സമാഹാരത്തിലെ കവിതകളുടെ ഇതിവൃത്തത്തിന് അവലംബിച്ചിരിക്കുന്നത്.

പുസ്തകത്തിന്റെ ഉള്ളടക്കത്തിലേയ്ക്കു കടക്കും മുമ്പേ ഇതിന്റെ ഉത്കൃഷ്ടതയെ വിളിച്ചറിയിക്കുന്ന ചില ബാഹ്യഘടകങ്ങള്‍ ഒന്നു വിശകലനം ചെയ്യാം
ഇതു തന്റെ ആദ്യകവിതാസമഹാരമെന്നു പറയുമ്പോഴും കാവ്യരചനാവഴികളില്‍ ഏറെ ദൂരം സഞ്ചരിച്ച , വൈവിധ്യമാര്‍ന്ന രചനാസങ്കേതങ്ങളിലൂടെ തന്റെ സര്‍ഗ്ഗവൈഭവത്തെ സഹൃദയര്‍ക്കു പരിചിതമാക്കിയ തഴക്കമാര്‍ന്ന തൂലികയുടെ ഉടമയാണ് ശ്രീ അജയകുമാര്‍ എന്നതാണ് അതില്‍ പ്രഥമവും പ്രധാനവും . സംഗീതവും സാഹിത്യവും ഉടും പാവും നെയ്യുന്നൊരു ജീവിതത്തിന്നുടമയായ കവിയില്‍ നിന്ന് മൂല്യം കുറഞ്ഞൊരു രചന പ്രതീക്ഷിക്കേണ്ടതില്ലതന്നെ. രണ്ടാമതായി കാണേണ്ടത് സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന് ഈ പുസ്തകത്തോടുള്ല സൗഹൃദ സമീപനം. കൂടാതെ പുസ്തകവിതരണം ഏറ്റെടുത്തിരിക്കുന്നത് എന്‍ ബി എസ്സ് . പുസ്തകം കുറ്റമറ്റതെന്ന് വേറൊരു തെളിവ് ആവശ്യമില്ല . ഇതിനൊക്കെ ഉപരിയായി അക്ഷരങ്ങളുടെ സ്നേഹഭാജനമായ പ്രൊഫസ്സര്‍ എം കെ സാനുവിന്റെ ഹ്രസ്വമെങ്കിലും ഏറെ അര്‍ത്ഥപൂര്‍ണ്ണമായ അവതാരിക. ഇത് ഈ പുസ്തകത്തിനു ലഭിച്ച ആദ്യ പുരസ്കാരം എന്നു തന്നെ പറയാം. ഇത്രയും കൊണ്ടുതന്നെ ഈ പുസ്തകം മലയാളഭാഷയ്ക്ക് ഏറെ സ്വീകാര്യമാവുന്നു .

ഇനി ഇതിന്റെ ഉള്ളടക്കത്തെക്കുറിച്ച്..


അക്ഷരങ്ങളു്ക്ക് നക്ഷത്രങ്ങളേക്കാള്‍ തിളക്കമുണ്ടെന്നു നാമറിയുന്നത് ഉദാത്തമായ സാഹിത്യകൃതികളിലൂടെ കടന്നുപോകുമ്പോഴാണ്. താരങ്ങള്‍ രാവില്‍ മാത്രം പ്രകാശിക്കുമ്പോള്‍ അക്ഷരജാലങ്ങള്‍ പകലിരവുകള്‍ക്കതീതമായി അനുവാചകഹൃദയങ്ങളില്‍ പ്രോജ്ജ്വലപ്രഭ വിതറി നില്‍ക്കും. ഈ അക്ഷരക്കൂട്ടവും അത്തരമൊരു താരാഗണത്തെ സാഹിത്യനഭസ്സിനു സമ്മാനിക്കുകയാണ്. പൂര്‍വ്വസൂരികളുടെ കാവ്യവഴികളൂടെ സഞ്ചരിക്കാന്‍ ഇന്നത്തെ ആധുനികകവികള്‍ വിമുഖത കാട്ടുമ്പോള്‍ തനതായ കാവ്യരചനാസങ്കേതങ്ങളില്‍ നിന്നു വ്യതിചലിക്കാതെ, എന്നാല്‍ സ്വന്തമായൊരു ശൈലി പൂര്‍ണ്ണമായും അവലംബിക്കാനുള്ല ധൈര്യം കൈവെടിയാതെ ശ്രീ അജയകുമാര്‍ കോര്‍ത്തെടുത്ത ശ്രേഷ്ടമായൊരു കാവ്യമാല്യം തന്നെയാണ് ഈ കവിതാസമാഹാരം. വൃത്തം , അലങ്കാരബിംബകല്പനകള്‍, പ്രാസങ്ങള്‍ എന്നിങ്ങനെ ഒരു രചനയെ കവിതയാക്കുന്ന ഘടകങ്ങളൊക്കെ ഇവിടെ അനായാസം കവി ഉപയോഗിക്കുകയും ഒപ്പം തന്റെ ആത്മാവിലൂറിക്കൂടിയ സംഗീതം ഓരോ കവിതയിലും ആവാഹിക്കയും ചെയ്തിരിക്കുന്നു. കൃത്യമായ അക്ഷരസംഖ്യാക്രമം പാലിക്കുമ്പോഴും ദൈര്‍ഘ്യക്കൂടുതലുള്ള കവിതയില്‍ വായനയ്ക്കു വിരസതയുണ്ടാവാതിരിക്കാന്‍ വൈവിധ്യം കൊണ്ടുവരികയും ചെയ്തിരിക്കുന്നു. അതായത് ഈ കവിതകളൊന്നും വൃത്തത്തിനുള്ളില്‍ ശ്വാസം മുട്ടുന്നില്ല, ബിംബകല്‍പനകളും വര്‍ണ്ണനകളും എല്ലാം ഈ രചനകളുടെ മോടി കൂട്ടുന്നു. വാക്കുകള്‍, ഒരു ചെപ്പില്‍ നിന്നുതിര്‍ന്നു വീഴുന്ന മുത്തുമണികള്‍ പോലെ അയത്നലളിതമായി വാര്‍ന്നു വിഴുകയാണ്. സ്ത്രീസൗന്ദര്യത്തെ വര്‍ണ്ണിക്കുമ്പോള്‍ കവി പുറത്തെടുക്കുന്ന അന്യാദൃശമായ രചനാചാതുര്യം വായനക്കാരില്‍ ചിത്രകലാവൈദഗ്ദ്ധ്യം ഇല്ലാത്തവരെപ്പോലും തൂലികയെടുത്തു ചിത്രം രചിക്കാന്‍ പ്രേരിപ്പിക്കുന്ന മാസ്മരികതയുള്ളതാണ്.

കവിത ആലോചനാമൃതമെങ്കില്‍ സംഗീതം ആപദമധുരമാണ്. കവിത സംഗീതാത്മകമാകുമ്പോള്‍ അത് അനുവാചമനസ്സിനെ കീഴടക്കും. അവിടെയാണ് ആധുനിക ഗദ്യകവിതകള്‍ പരാജയപ്പെടുന്നത്. അമൂര്‍ത്തഭാവങ്ങളിലൂടെ അവ മനുഷ്യന്റെ ബുദ്ധിയെ പരീക്ഷിക്കുമ്പോള്‍ പണ്ഡിതപാമരഭേദമെന്യേ പദ്യരൂപരചനകള്‍ വായനക്കാരന്റെ ഹൃദയത്തിലേയ്ക്കിറങ്ങിച്ചെല്ലുന്നു. താള ലയ രാഗസ്വരൂപമായ സംഗീതം കുടികൊള്ളുന്ന ഈ രചനകളോരോന്നും കവിയുടെ ഹൃദയത്തില്‍ കുടികൊള്ളുന്ന സംഗീതത്തിന്റെ ബഹിര്‍സ്ഫുരണം കൂടിയാണ്. മനോഹരപദങ്ങളെ സംഗീതാത്മകമായി കൂട്ടിച്ചേര്‍ത്തുള്ല കഥനം കവിതകളെ തിരുവാതിര, ഓട്ടന്‍തുള്ലല്‍ മുതലായ ദൃശ്യകലാസങ്കേതങ്ങളുടെ അവതരണത്തിന് ഉപയോഗപ്പെടുത്താനും കഴിയുമെന്നത് ഈ രചനകളുടെ മേന്മ തന്നെ.  പ്രകൃതിയിലോ ജീവിതത്തിലോ ശിഥിലമായ്ക്കിടക്കുന്ന സൗന്ദര്യത്തെ ക്രോഡീകരിച്ച് യഥാര്‍ത്ഥ സൗന്ദര്യത്തെ ഒരു ദര്‍പ്പണത്തിലെന്നവണ്ണം കാട്ടിത്തരുന്നതാവണം കവിത എന്നാണ് പ്രശസ്തനായ ആംഗലേയസാഹിത്യകാരന്‍ ഷെല്ലിയുടെ പക്ഷം . ലലനചാരുത എല്ലാ അര്‍ത്ഥത്തിലും അത്തരമൊരു ദര്‍പ്പണം തന്നെ.

പ്രപഞ്ചസ്രഷ്ടാവിന്റെ കരവിരുതില്‍ വിരചിതമായവയൊക്കെയും കൂട്ടിവെച്ചാലും അതിലേറ്റവും ഉദാത്തമെന്നു കരുതാവുന്നത് വിശ്വമാകെ നിറഞ്ഞുനില്ക്കുന്ന ജീവസ്പന്ദനത്തിനുടമായ സ്ത്രീ തന്നെ. പ്രപഞ്ച സ്വത്വത്തിന്റെ ഉള്‍ക്കാമ്പും ആത്മശക്തിയും സ്വംശീകരിച്ച ഈ മഹാത്ഭുത ജ്യോതിസ്വരൂപം സത്, രജോ, തമോ ഗുണങ്ങളുടെ സങ്കലമാണ്. അതുകൊണ്ടുതന്നെ കേവലചിന്താസരണികള്‍ക്കപ്പുറമായി വിരാജിക്കുന്ന ഈ മഹത്പ്രതിഭാസം ഒരേസമയം അബലയും ശക്തിയുമായി മേവുന്നു. ഭാരത സംസ്കാരത്തില്‍ സ്ത്രീകള്‍ക്കു  കൊടുത്തിരുന്നത് വളരെ ഉന്നതമായ സ്ഥാനമായിരുന്നു എന്നതിനു തെളിവാണ് നമ്മുടെ ദേവീസങ്കല്പങ്ങള്‍. എന്നാല്‍ കാലാന്തരത്തില്‍  സ്ത്രീ പിന്നിലേയ്ക്കു തള്ളപ്പെട്ടു. സമൂഹത്തിലും, എന്തിന് കുടുംബങ്ങളില്‍ പോലും അവള്‍ രണ്ടാം സ്ഥാനത്തേയ്ക്കും അതിലും പിന്നിലേയ്ക്കും  വലിച്ചെറിയപ്പെടുകയായിരുന്നു. പുരാണേതിഹാസങ്ങളില്‍ കാണുന്ന സ്ത്രീ ജീവിതങ്ങളൊക്കെ തന്നെ പുരുഷാധിപത്യത്തിന്റെ ബലിഷ്ഠകരങ്ങളാല്‍ ഞെരിഞ്ഞമര്‍ന്നുപോയവയാണ്. വിധിയെന്നോ കര്‍മ്മമെന്നോ ഒക്കെ കരുതി സ്ത്രീകള്‍ തങ്ങളുടെ ജീവിതദുരന്തങ്ങളെ ഏറ്റുവാങ്ങുകയായിരുന്നു.

 സ്ത്രീയുടേതായ എല്ലാ പരിമിതിയിലും നിന്നുകൊണ്ട് കാലം നല്‍കിയ ജീവിത ദുരന്തങ്ങളോട് പൊരുതി ജയിച്ച അഞ്ചു കഥാപാത്രങ്ങളാണ് അജയകുമാര്‍ പ്രതിപാദ്യവിഷയമാക്കിയ ജീവിതങ്ങളുടെ ഉടമകളായ ഇതിഹാസ വധുപഞ്ചകം- അംബ, വാസവദത്ത, ദേവയാനി, ദമയന്തി , ഉത്തര . ഇത് കവിയുടെ മനസ്സില്‍ സ്ത്രീകളോടുള്ല ആദരവും അംഗീകാരവും ആണെന്നതിനു തെല്ലും ശങ്കയില്ല.

ആദ്യകവിതയായ ' അംബ' മഹാഭാരതത്തിലെ പകരം വെയ്ക്കാനാവാത്ത ശ്രേഷ്ഠനാരീ കഥാപാത്രമാണ്.  ജീവിതത്തിന്റെ സകലസൗഭാഗ്യങ്ങളും തന്നില്‍ നിന്നു തട്ടിത്തെറിപ്പിച്ച ഭീഷ്മരോടുള്ല ഒടുങ്ങാത്ത പ്രതികാരദാഹം തീര്‍ക്കാന്‍  രണ്ടുജന്മങ്ങളിലായി അവള്‍ ആര്‍ജ്ജിച്ചെടുത്ത കരുത്ത് ഏതൊരു സ്ത്രീയ്ക്കും ഉള്‍പ്പുളകത്തോടെയേ ഓര്‍മ്മിക്കാന്‍ കഴിയൂ. അംബയേക്കുറിച്ചുള്ള ഓര്‍മ്മകള്‍
".. ശക്തമായ് ശോഭിച്ചിടേണം
അംഗനമാര്‍ തന്‍ ഹൃദയാംബുജങ്ങളില്‍..' എന്നാണ് കവി പയുന്നത്.

വാസവദത്ത എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ആശാന്റെ കരുണയാണു നമുക്കോര്‍മ്മ വരുന്നത് എന്നാല്‍ ഇതിഹാസവധുപഞ്ചകത്തിലെ വാസവദത്ത ഉജ്ജയിനിയിലെ രാജാവായിരുന്ന മഹാസേനന്റെ ഓമനപ്പുത്രിയാണ്. പുത്രിയുടെ സംഗീതപഠനത്തിനായി ഗുരുവായി ആ പിതാവ് കണ്ടെത്തുന്നതാകട്ടെ ശത്രുരാജ്യത്തിന്നധിപനായിരുന്ന ഉദയനനേയും. തന്ത്രപൂര്‍വ്വം തന്റെ മകള്‍ക്കായി ഉദയനനെ കൊട്ടാരത്തിലെത്തിക്കുന്നു.
ഉദയനന്റെയും വാസവദത്തയുടേയും പ്രണയവും സര്‍വ്വവിഘാതങ്ങളേയും മറികടന്ന് അതിനു നേടുന്ന സാഫല്യവും 'വാസവദത്ത'യുടെ പ്രതിപാദ്യവിഷയം .

" ശക്തമാം പ്രണയത്തിന്‍ ശക്തി ആരാലുമെന്നുമഭേദ്യമായിടും
ശത്രുതയെന്നല്ല, മതമതിലും മറിക്കാന്‍ ശക്തമായീടുംനിശ്ചയം "

എന്നാണ് ഈ പ്രണയം കവിയെക്കൊണ്ട് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.
ജീവിതത്തില്‍ പല ഘട്ടങ്ങളില്‍ ചതിയെ അറിഞ്ഞ് ഹൃദയമുരുകി ജീവിക്കേണ്ടി വന്ന ദേവയാനിയെക്കുറിച്ചാണ് മൂന്നാമത്തെ കവിത. അസുരഗുരു ശുക്രാചാര്യരുടെ പുത്രി ദേവയാനി  കചനാല്‍ തിരസ്കൃതയാപ്പോഴും രാജപുത്രിയും തോഴിയുമായ ശര്‍മ്മിഷ്ഠയുടെ  ധാര്‍ഷ്ട്യത്തിനിരയാകുമ്പോഴും പിന്നീട് ഭാര്‍ത്താവ് യയാതിയില്‍ നിന്നും കൊടിയവഞ്ചനയ്ക്കിരയായപ്പോഴും മനഃസാന്നിധ്യം കൈവിടാതെ ദുരന്തങ്ങളെ നേരിടാന്‍ ശക്തി കാട്ടിയവള്‍! ഈ കഥ മനോഹരമായി പുനരാവിഷ്കരിച്ചിരിക്കുന്നു കവിതയില്‍ .  സാധാരണ മലയാളകവിതകളില്‍ ദ്വിതിയാക്ഷരപ്രാസത്തിനാണു കൂടുതല്‍ പ്രാധാന്യം ക്ണ്ടുവരുന്നത്. ആദിപ്രാസത്തിന് ആംഗലേയകവിതകളില്‍ മുന്‍ തൂക്കമുണ്ട്. പക്ഷേ ഈ കവിത ആദിപ്രാസം കൊണ്ടൊരു വിസ്മയം സൃഷ്ടിക്കുകയാണ്. ഇത് നിസ്സാരമായി ചെയ്യാവുന്ന കാര്യമല്ല. അന്യാദൃശമായ ഭാഷാപാണ്ഡിത്യവും കവനസപര്യയിലെ ഏകാഗ്രതയും വെളിവാക്കുന്ന രചനാസങ്കേതമാണിത്. കവിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല ഇക്കാര്യത്തില്‍. 

ദമയന്തിയുടെ ജീവിതമാകട്ടെ പരിതാപകരമായൊരു ദുരന്തകഥ. പക്ഷേ സ്വത്വം കൈവെടിയാതെ, ആത്മാഭിമാനത്തിന് ഒരു കോട്ടവും വരുത്താതെ, തന്റെ പാതിവ്രത്യത്തിനു പോറലേല്‍ക്കാതെ ജീവിതവിജയം വരിച്ച സ്ത്രീശക്തിയാണ് ദമയന്തി. കവി പറയുന്നതിപ്രകാരം
"പാതിവ്രത്യത്തിന്‍ മഹത്താം ബലത്തിലുറച്ചു നിന്നവള്‍
നേടിയതെല്ലാം: നല്ലതും , നിന്നതും, നഷ്ടമായതശേഷവും
പാഠമായ് വന്നീടേണം നിന്‍ ചരിതമേതൊരു ഭാര്യമാര്‍ക്കും
പുതുതായ ദാമ്പത്യമേറുമേതൊരു വധുവിന്നുമെന്നുമെന്നും. "
എന്തിനുമേതിനും കലഹവും അതിലൂടെ ശിഥിലമാകുന്ന ദാമ്പത്യങ്ങളും ഏറിവരുന്ന ഈ കാലഘട്ടത്തില്‍ ദമയന്തിയുടെ കഥ വളരെ പ്രസക്തമാണ്. കുടുംബം നില നില്‍ക്കേണ്ട ആവശ്യകത ഒരു നല്ല സമൂഹത്തിന്റെ കെട്ടുറപ്പിന് അത്യന്താപേക്ഷിതമാണ്. അവിടെ ഒരു സ്ത്രീയുടെ പങ്ക് വളരെ വലുതാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ദമയന്തി എന്ന രചന. 

ഉത്തരയാരെന്നു ചോദിച്ചാലുത്തരം
ഉത്തരമില്ലാത്ത ചോദ്യമാണോ....

ഒരിക്കലുമല്ല. അഭിമന്യുപത്നിയായ , കൗമാരപ്രായത്തില്‍ തന്നെ വൈധവ്യം നേരിടേണ്ടിവരുന്നൊരു പെണ്‍കൊടി. അശ്വത്ഥാമാവിന്റെ പ്രതിക്കാരാഗ്നിയില്‍ തന്റെ ഗര്‍ഭസ്ഥശിശുപോലും തനിക്കു നഷ്ടമാകുമെന്ന ഘട്ടത്തിലൂടെയും കടന്നുപോയവള്‍ പിന്നീട് ഒരു വംശത്തെ തന്നെ നിലനിര്‍ത്തുവാനായ് തന്റെ കുഞ്ഞിന്റെ ജീവനെ കാലത്തോടു മടക്കിവാങ്ങുകയായിരുന്നു. അവളുടെ മഹത്വപൂര്‍ണ്ണമായ ജീവിതത്തെ ആര്‍ക്കാണു ആദരവോടെയല്ലാതെ കാണാതിരിക്കാനാവുക? 

ഈ കഥകളൊക്കെ ചിരപരിചിതമെങ്കിലും കവി തന്നെ ആമുഖത്തില്‍ പറയുന്നതുപോലെ ' ഈ കഥകളറിയുന്നവര്‍ക്ക് വായനാസുഖവും കേട്ടിട്ടില്ലാത്തവര്‍ക്ക് ഉദ്വേഗവും വായനക്കാര്‍ക്ക് ശ്രേഷ്ഠഭാഷയിലെ മറന്ന പദങ്ങള്‍ ഓര്‍മ്മപ്പെടുത്താനു' മുള്ല ഒരു സുവര്‍ണ്ണാവസരമായിരിക്കുന്നു ഈ കവിതാസമാഹാര പാരയണം .മറവിയിലേയ്ക്കാണ്ടുപോയ ഒട്ടേറെ മലയാളപദങ്ങള്‍ ഈ കവിതയിലൂടെ സ്മൃതിപഥത്തിലേയ്ക്കു കൊണ്ടുവരാന്‍ കവി തന്റെ ഭാഷയിലുള്ള അഗാധപാണ്ഡിത്യത്തെ നന്നായി ഉപയോഗപ്പെടുത്തി. ഒപ്പം വായനാസുഖത്തിന് കോട്ടം വരുത്താതെ കവിതയിലെ 'ശയ്യ' നിലനിര്‍ത്തുകയും ചെയ്യുന്നു. അത് അനുവാചകനെ വായനയില്‍ നിന്നു വ്യതിചലിപ്പിക്കാതെ അതിലേയ്ക്ക് കൂടുതല്‍ ആകൃഷ്ടനാക്കുന്നു. 

ജന്മനാ സിദ്ധിച്ച സംഗീത, സാഹിത്യ അഭിരുചികളും ജീവിതസാഹചര്യങ്ങളാല്‍ ഈ മേഘലകളില്‍ അദ്ദേഹത്തിനു നല്‍കപ്പെട്ട അഭിനിവേശവും സര്‍വ്വോപരി തന്റെ ഉദ്യമം ഉന്നതവിജയത്തിലെത്തിക്കണമെന്ന ദൃഢനിശ്ചയത്തോടെയുള്ല കഠിനപ്രയത്നവും സമജ്ജസമായി കോര്‍ത്തിണക്കിയപ്പോള്‍ മലയാളഭാഷയ്ക്കു കൈവന്നൊരു പുണ്യമാണ് 'ലലനചാരുത- ഇതിഹാസവധുപഞ്ചക'മെന്ന ഈ ഉല്‍കൃഷ്ട കവിതാസമാഹാരം. മലയാളഭാഷാസാഹിത്യ നഭസ്സിലേയ്ക്ക് ഒരു നക്ഷത്രം കൂടി ഉദയം ചെയ്തിരിക്കുന്നു. ആദ്യ കവിതാസമാഹാരത്തിലൂടെ തന്നെ ഭാഷയില്‍ തന്റെ കയ്യൊപ്പു ചാര്‍ത്തിയ ശ്രീ അജയകുമാറിന്  ഈ വഴിയില്‍ ഇനിയും ദൂരമേറെ പോകുവാനുണ്ട്. പുസ്കകത്തിന്റെ വലിപ്പവും ഉള്ലടക്കത്തിന്റെ ഗരിമയും തമ്മില്‍  അജഗജാന്തരമുണ്ട് . ശ്രീ ശ്രീകാന്തിന്റെ മനോഹരമായ പുറം താള്‍ ചിത്രണവും വിജയകുമാരി ടീച്ചര്‍ എഴുതിയ 'എഴുത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ..' എന്ന പഠനവും എടുത്തു പറയേണ്ടതു തന്നെ.  ഈ കവിതാ സമാഹാരത്തിനും കവിക്കും എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ എന്നു ആശംസിക്കുകയാണ്. അതിനായി  ജഗദീശ്വരനോടു പ്രാര്‍ത്ഥിക്കുന്നു. 
(56 പേജുകളുള്ള ഈ കവിതാസമാഹാരം നാഷണല്‍ ബുക്ക് സ്റ്റാളാണ് വിതരണമേറ്റെടുത്തിരിക്കുന്നത്. വില 40 രൂപ. )

4 comments:

  1. നല്ല പരിചയപ്പെടുത്തല്‍....
    ആശംസകള്‍

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete