Wednesday, December 30, 2015

റുഡ്‌യാഡ്‌ കിപ്ലിംഗ്‌




റുഡ്‌യാഡ്‌ കിപ്ലിംഗ്‌.
( ഇന്ന് അദ്ദേഹത്തിന്റെ 150 )0 ജന്മവാര്‍ഷികം )
===========

"Mother of Cities to me,
For I wഅs born in her gate,
Between the palms and the sea,
Where the world-end steamers wait."

ബോംബെ നഗരത്തെക്കുറിച്ച്, ആ നഗരത്തില്‍ ജനിച്ചു വളര്‍ന്ന മഹാനായ ഒരു സാഹിത്യകാരന്റെ വാക്കുകളാണിത്. ജങ്കിള്‍ ബുക്ക് എന്ന വിശ്വവിഖ്യാത കൃതിയിലൂടെ പ്രസിദ്ധിയുടെ ഉത്തുംഗശൃംഗങ്ങള്‍ കീഴടക്കിയ റുഡ്യാഡ് കിപ്ലിംഗ് എന്ന അനുഗൃഹീത എഴുത്തുകാരന്റെ വാക്കുകള്‍.

ജോണ്‍ ലോക്ക് വുഡ് കിപ്ലിംഗും ആലീസും 1863 ല്‍ കണ്ടുകുട്ടിയതും തങ്ങളുടെ പ്രണയം പങ്കിട്ടതും  ഇംഗ്ലണ്ടിലെ സ്റ്റഫൊര്‍ഡ്ഷയറിലെ മനോഹരമായ റുഡ്യാഡ് തടാകത്തിന്റെ കരയിലും പ്രാന്തപ്രദേശങ്ങളിലുമായിരുന്നു. വിവാഹം കഴിഞ്ഞ് 1865 ല്‍ ഈ യുവമിഥുനങ്ങള്‍ ഇന്ത്യയിലേയ്ക്കു വന്നു. ശില്‍പ്പിയും കളിമണ്‍ രൂപകല്‍പനയില്‍ വിദഗ്ദ്ധനുമായ ജോണ്‍ ലോക്ക് വുഡ് കിപ്ലിംഗ്, ബോംബെയില്‍ അക്കാലത്തു പുതുതായി ആരംഭിച്ച ജെ ജെ സ്കൂള്‍ ഓഫ് ആര്‍ട്ട്സിന്റെ (Sir Jamsetjee Jeejebhoy School of Art) പ്രൊഫസ്സറും പ്രിന്‍സിപ്പലുമായി നിയമിക്കപ്പെട്ടു. തങ്ങളുടെ പ്രണയമുഹൂര്‍ത്തങ്ങള്‍ക്കു വേദിയായ റുഡ്യാഡ് തടാകത്തിന്റെ സുന്ദരമായ ഓര്‍മ്മകള്‍ മനസ്സില്‍ പേറിയിരുന്ന ഈ ദമ്പതികള്‍ അവര്‍ക്കു പിറഞ്ഞ ആദ്യകണ്‍മണിക്ക് റുഡ്യാഡ് എന്നു തന്നെ പേരുമിട്ടു.

1865 ഡിസംബര്‍ 30 നാണ് റുഡ്യാഡ് ജനിച്ചത്. ജെ ജെ സ്കൂള്‍ ഓഫ് ആര്‍ട്സ് ക്യാമ്പസില്‍ ഇപ്പോഴും റുഡ്യാഡിന്റെ ജന്മഗൃഹം കാണാമെങ്കിലും, അദ്ദേഹം ജനിച്ച വീട് ജീര്‍ണ്ണിച്ചു പോയതിനാല്‍ പുനരുദ്ധരിച്ച പുതിയ വീടേ നമുക്കു കാണാനാവൂ.  ആറു വയസ്സു വരെ റുഡ്യാഡ് ജീവിച്ചത് ഇവിടെയായിരുന്നു. അനിയത്തിയോടും മുത്തശ്ശിയോടുമൊപ്പം ബോംബെ നഗരത്തിന്റെ നിറവും മണവും രുചിയും അറിഞ്ഞ്, ശബ്ദവും വെളിച്ചവും അനുഭവിച്ച് സന്തോഷവാനായി കഴിഞ്ഞുകൂടിയ ഇടം. അവിടുത്തെ ഭാഷാ, സാംസ്കാരിക മതാചാരപ്രമായ എല്ലാ വൈവിദ്ധ്യങ്ങളേയും ജിജ്ഞാസാപൂര്‍വ്വം നോക്കി കണ്ട്, അവയെ സ്നേഹിച്ച ബാല്യം . പക്ഷേ പിന്നീട് ആറുവയസ്സുള്ലപ്പോള്‍  ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കുന്നതിനായി കുഞ്ഞു റുഡ്യാഡിനെ ഇംഗ്ലണ്ടിലേയ്ക്കു അയച്ചു. സൗത്ത് സീയില്‍ അദ്ദേഹത്തിനു സംരക്ഷണം നല്‍കിയ ഹളൊവേ കുടുംബത്തിലെ അമ്മയില്‍ നിന്ന് കുഞ്ഞു റുഡ്യാഡിന് ഒരുപാടു കഠിന പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. അങ്ങനെ അവിടെ  അവന്റെ ബാല്യം ഒരു കറുത്ത അദ്ധ്യായമായി മാറി. തന്റെ ദുഃഖങ്ങള്‍ ആരോടും പങ്കുവെയ്ക്കാതെ ഹൃദയത്തിലൊതുക്കിക്കഴിഞ്ഞുകൂടിയ ആ നാളുകള്‍ അവനാശ്വാസമായത് പുസ്തകങ്ങളുടെ ചങ്ങാത്തമായിരുന്നു. അതും പലപ്പോഴും ദുഷ്ടയായ ആ സ്ത്രീ അനുവദിച്ചിരുന്നില്ല. പതിനൊന്നു വയസ്സ് ഉള്ലപ്പോളാണ് ആ വീട്ടില്‍ സന്ദര്‍ശകയായെത്തിയ ഒരു ബന്ധു റുഡ്യാഡിന്റെ ദുരന്തജീവിതത്തേക്കുറിച്ച് അവന്റെ അമ്മയെ ധരിപ്പിച്ചത്. ഒട്ടും താമസിയാതെ അമ്മ ഇംഗ്ലണ്ടിലെത്തി തന്റെ ഓമനക്കുഞ്ഞിനെ സ്നേഹം കൊണ്ടു പൊതിഞ്ഞു. തകര്‍ന്ന നിലയിലായ അവന്റെ മാനസിക നില വീണ്ടെടുക്കാന്‍ അവര്‍ മകനെയും കൂട്ടി ഒരു നീണ്ട അവധിക്കാലത്തിലേയ്ക്കു പോയി. പിന്നീട് മറ്റൊരുസുരക്ഷിതമായ സ്കൂളില്‍ വീണ്ടും പഠനം തുടരാന്‍ സൗകര്യമൊരുക്കി. അവിടെ അവന്റെ എല്ലാ കഴിവുകളും സര്‍വ്വപ്രഭയോടെയും വിടര്‍ന്നു പരിമളം വീശാന്‍ സാഹചര്യം കിട്ടി .

പക്ഷേ സ്കൂള്‍ പഠനശേഷം കോളേജിലയയ്ക്കാന്‍  മാതാപിതാക്കള്‍ക്ക് സാമ്പത്തികബുദ്ധിമുട്ടുണ്ടായിരുന്നതുകൊണ്ട് അദ്ദേഹം 1882 ല്‍ ഇന്ത്യയിലേയ്ക്കു മടങ്ങി. പക്ഷേ ആ മടക്കയാത്ര റുഡ്യാഡിന്റെ ജീവിതത്തിലെ ഉജ്ജ്വലമായൊരു മാറ്റത്തിനു തുടക്കമായിരുന്നു. അവന്‍ ഇക്കാലത്തിനിടയ്ക്ക് മറന്നുകാണുമെന്നു മാതാപിതാക്കള്‍ വിചാരിച്ചിരുന്ന ഇന്ത്യന്‍ ഭാഷയും ജീവിതരീതികളുമൊക്കെ ഒരു കൊടുങ്കാറ്റിന്റെ വേഗത്തില്‍ റുഡ്യാഡിന്റെ ഓര്‍മ്മയിലേയ്ക്കു തിരിച്ചെത്തി .മാതാപിതാക്കളോടൊപ്പം  ലാഹോറില്‍ താമസമാക്കിയ  റുഡ്യാഡിന് പിതാവ് ഒരു പത്രപ്രവര്‍ത്തകന്റെ ജോലിയും തരപ്പെടുത്തിയിരുന്നു. സത്യത്തില്‍ റുഡ്യാഡിന് അപ്പോള്‍ ജീവിതത്തിന്റെ രണ്ടു മുഖങ്ങളായിരുന്നു. ഇംഗ്ല്ണ്ടില്‍ ജീവിതം നയിച്ചു വന്ന തനി ഇംഗ്ലീഷുകാരന്റേതും പിന്നെ എല്ലാ തനിമയും നിലനിര്‍ത്തുന്നൊരു തദ്ദേശവാസിയുടേതും . ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെ ഈ ദ്വന്ദ്വഭാവങ്ങള്‍ റുഡ്യാഡിന്റെ ജീവിതത്തിനു പൂര്‍ണ്ണതയേകി .


അന്നാടിന്റെ ജീവിതത്തെ കൂടുതല്‍ അറിയാന്‍ തന്റെ പത്രജീവിതം അദ്ദേഹത്തെ സഹായിച്ചു. ഉറക്കമില്ലായ്മ നന്നേ ബുദ്ധിമുട്ടിച്ചിരുന്ന രാത്രികളില്‍ അദ്ദേഹം ഉറക്കമിളയ്ക്കുന്ന  നാടിന്റെ നിശാജീവിതത്തിലേയ്ക്കിറങ്ങിച്ചെന്നു. ഈ നാളുകളൊക്കെ അദ്ദേഹത്തിന്റെ കഥാരചനക്ള്‍ക്ക് കരുത്തു പകര്‍ന്നവയായിരുന്നു. റുഡ്‌യാഡ്‌ കിപ്ലിംഗ്‌ 1882-ൽ കവിതകളും ‘87-ൽ കഥകളും എഴുതിത്തുടങ്ങി. ’ദ്‌ സെവൻസീസ്‌‘ എന്ന ഭാവകാവ്യസമാഹാരവും ’ജങ്കിൾബുക്ക്‌‘ എന്ന കഥാസമാഹാരവും വളരെ വേഗത്തിൽ പ്രചരിക്കുകയും യൂറോപ്പിലെ സഹൃദയലോകത്തെ കീഴടക്കുകയും ചെയ്‌തു. ഇന്ത്യൻ പശ്‌ചാത്തലത്തിൽ എഴുതിയ, 1894 ല്‍ പ്രകാശിതമായ ’ജങ്കിൾബുക്ക്‌‘ എന്ന കൃതി ലോകത്തെമ്പാടും പിൽക്കാലത്ത്‌ അറിയപ്പെട്ടു. ഇന്ന്  മൌഗ്ലിയെ അറിയാത്ത ബാല്യം ഇല്ലയെന്നു തന്നെ പറയാം. 1896 ല്‍ ദ് സെക്കന്‍ഡ് ജങ്കിള്‍ബുക്കും പുറത്തിറങ്ങി .   1889 ല്‍ ഇംഗ്ലണ്ടിലേയ്ക്കു മടങ്ങിച്ചെല്ലുമ്പോള്‍ അദ്ദേഹത്തിടെ   ' Plain Tales from the Hills' എന്ന കഥാസമാഹാരം അവിടെ വായനക്കാരുടെ സര്‍വ്വപ്രശംസയ്ക്കും പാത്രമായി മാറിയിരുന്നു. അന്നു പരിചയപ്പെട്ട അമേരിക്കന്‍ പബ്ലിഷെര്‍, വാല്‍ക്കോട്ട് ബെലെസ്ടിയര്‍ അദ്ദേഹത്തിന്റെ ഉറ്റചങ്ങാതിയായി മാറിയതും കാലത്തിന്റെ അനിവാര്യതയായിരുന്നു. പിന്നീട് അവരൊന്നിച്ചുള്ല പുസ്തകയാത്രയില്‍ സാഹിത്യലോകത്തിനു കൈവന്നത് പുസ്തകലോകത്തെ  വിലമതിക്കാനാവാത്ത വൈഢൂര്യമണികള്‍ . 1888 ല്‍ പ്രസിദ്ധീകരിച്ച 'വീ വില്ലീ വിങ്കീ, 1891 ലെ ' അമേരിക്കന്‍ നോട്ട്സ് '  എന്നീ കഥാസമാഹാരങ്ങളും എഴുത്തിന്റെ ആദ്യനാളുകളില്‍ കവിതകള്‍ ചേര്‍ത്ത 'ബാരക്ക് റൂം ബല്ലഡ്സ് ' എന്ന കവിതാസമാഹാരവും അമേരിക്കയില്‍ വെളിച്ചം കണ്ടത് അദ്ദേഹത്തിന് സാഹിത്യനഭസ്സില്‍ നക്ഷത്രശോഭ നല്‍കുന്നതിനുതകുന്നതായിരുന്നു.

വാല്‍ക്കോട്ടുമായുള്ല ഗാഢസൗഹൃദം ആ കുടുംബത്തിലേയ്ക്കും പടര്‍ന്നു കയറി. അദ്ദേഹത്തിന്റെ സഹോദരി കെയ് റി റുഡ്യാഡിന്റെ ആതമസുഹൃത്തായ് മാറി. 1891 ല്‍ ക്രിസ്തുമസ് അവധിക്കാലത്ത് ഇന്ത്യയിലുള്ല മാതാപിതാക്കളെ കാണാന്‍ പുറപ്പെട്ട റുഡ്യാഡിന് കെയ് റിയുടെ അടിയന്തരസന്ദേശത്തേത്തുടര്‍ന്ന് മടങ്ങേണ്ടിവന്നു. വാല്‍ക്കോട്ട് ടൈഫോയിഡ് ബാധിതനായി ഇഹലോകവാസം വെടിഞ്ഞു. ആകെ കെയ് റിയുടെ ആശ്രയം റുഡ്യാഡായിരുന്നു. അധികം താമസിയാതെ അമേരിക്കന്‍ എഴുത്തുകാരനായ ഹെന്‍റി ജെയിംസിന്റെ സാന്നിദ്ധ്യത്തില്‍  അവര്‍ വിവാഹിതരായി. അവര്‍ മധുവിധുവിനായി ഒരു സാഹസികയാത്രയാണു തീരുമാനിച്ചത്. കാനഡയിലേയ്ക്കും പിന്നെ ജപ്പാനിലേയ്ക്കും . പക്ഷേ റുഡ്യാഡിന്റെ ജീവിതത്തില്‍ ഭാഗ്യങ്ങളുടെ പിന്നാലെ എപ്പോഴും വന്നെത്താറുള്ല നിര്‍ഭാഗ്യം ഇവിയെടും അവരെ പരജയത്തിന്റെ വക്കിലെത്തിച്ചു. മധുവിധു യാത്ര പൂര്‍ത്തികരിക്കാതെ അവര്‍ക്ക് അമേരിക്കയില്‍ കെയൃഇയുടെ ബന്ധുക്കളുടെ സമീപത്തേയ്ക്കു പോകേണ്ടിവന്നു. അവിടെ അവരുടെ ജീവിതം തളിരിട്ടു മൊട്ടിട്ടു. ആദ്യസൂനം ജോസഫൈന്‍  ജനിച്ചത് 1893ലും രണ്ടാമത്തെ പൂവ് എല്‍സി 1896 ലും . മൂന്നമതൊരാണ്‍പൂവ് ജോണ്‍ 1897 ലും . കുഞ്ഞുങ്ങളുടെ ലോകം അദ്ദേഹത്തിനു വളരെ പ്രിയപ്പെട്ടതായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഓരോ രചനകളും തെളിയിക്കുന്നുണ്ട് . ഇംഗ്ലീഷ് അറിയുന്ന ഏതൊരു കുട്ടിയുടേയും പ്രിയപ്പെട്ടവനായി മാറുകയായിരുന്നു  റുഡ്യാഡ് കിപ്ളിംഗ്. 32 വയസ്സില്‍ ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന എഴുത്തുകാരനായിത്തീര്‍ന്നു  റുഡ്യാഡ്.

പിന്നെയും ദുരന്തങ്ങള്‍ വിട്ടുമാറാതെ റുഡ്യാഡിന്റെ ജീവിതത്തില്‍. കെയ് റിയുടെ സഹോദരനുമായുള്ല ചില അഭിപ്രായവ്യത്യാസങ്ങള്‍ കലഹമായി മാറുകയും പ്രശസ്തിയുടെ നെറുകയിലിരുന്ന റുഡ്യാഡിനെ അതു വളരെ വിപരീതമായി ബാധിക്കുകയും ചെയ്തു. അപകീര്‍ത്തി താങ്ങാനാവാതെ അവര്‍ 1896 ല്‍ ഇംഗ്ലണ്ടിലേയ്ക്കു മടങ്ങി . പക്ഷേ 1899 ല്‍ കെയ് റിയുടെ നിര്‍ബ്ബന്ധപ്രകാരം അമ്മയേക്കാണാന്‍ അവര്‍ വീണ്ടും ന്യൂയോര്‍ക്കിലേയ്ക്കു യാത്രയായി. ക്ഷുഭിതയായിരുന്ന അറ്റ്ലാന്റിക് സമുദ്രം അവരെ കടുത്ത ന്യുമോണിയ ബാധിതരായാണ് ന്യൂയോര്‍ക്കിലെത്തിച്ചത്. റുഡ്യാഡും പത്നിയും രോഗമുക്തി നേടിയെങ്കിലും അവരെ കാത്തിരുന്നത് തങ്ങളുടെ പൊന്നോമനയായ കടിഞ്ഞൂല്‍പ്പുത്രിയുടെ ദേഹവിയോഗവാര്‍ത്തയായിരുന്നു. ഒരിക്കലും പിന്നെ അവര്‍ക്കാ ദുഃഖക്കടലില്‍ നിന്നു കരേറാനായതുമില്ല,.ഇനിയൊരിക്കലും അമേരിക്കയിലേയ്ക്കൊരു മടക്കമില്ലെന്നവര്‍ പ്രതിജ്ഞയെടുത്താണു ഇംഗ്ലണ്ടിലേയ്ക്കു മടങ്ങിയത്.

സസ്സെസ്കില്‍ ബെയ്റ്റ് മെന്‍സ് എന്ന വിശാലമായ എസ്റ്റേറ്റ് സ്വന്തമായി വാങ്ങി അവിടെ താമസമാക്കിയ കിപ്ലിംഗ് എഴുത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. അവിടെ വെച്ച് എഴുതിയ പുസ്തകങ്ങളാണ് Puck of Pook's Hill (1906), Actions and Reactions (1909), Debts and Credits (1926), Thy Servant a Dog (1930) ,  Limits and Renewals (1932).ഇവ. ഓര്‍മ്മയുടെ ലോകത്തേയ്ക്കു യാത്രയായ പൊന്നോമന ജോസഫൈന്‍ പിതാവിനോട് പറയാറുണ്ടായിരുന്നു കഥകളിം Just so എന്നാവര്‍ത്തിക്കണമെന്ന്. ആ ഓര്‍മ്മയിലാണ്  Just So Stories എന്ന കഥാസമാഹാരവും അദ്ദേഹം ഇക്കാലത്ത് പ്രസിദ്ധീകരിച്ചത്. 1907-ലെ സാഹിത്യത്തിനുളള നൊബേൽ സമ്മാനത്തിന്‌ തന്റെ 42-​‍ാം വയസ്സിൽ കിപ്ലിങ്ങ്‌ അർഹനായി.

ദുരന്തങ്ങള്‍ പിന്നെയും ഈ കുടുംബത്തെ വേട്ടയാടിക്കൊണ്ടിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രാന്‍സിലേയ്ക്കു പോയ റുഡ്യാഡ് പുത്രന്‍ ജോണിനെ യുദ്ധക്കളത്തിലേയ്ക്ക്  വിടുകയായിരുന്നു. കാഴ്ചക്കുറവ് സൈന്യത്തില്‍ ചേരാന്‍ വിലക്കു കല്‍പ്പിച്ചെങ്കിലും തന്റെ സ്വാധീനമുപയോഗിച്ച് പുത്രന് ഐറിഷ് സൈന്യത്തിലെ സെക്കണ്ട് ലെഫ്റ്റനന്റ് ആയി സൈന്യസേവനം തരപ്പെടുത്തുകയായിരുന്നു. പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ, യുദ്ധക്കളത്തില്‍ ജോണിനെ കിപ്ലിംഗ് കുടുംബത്തിനു നഷ്ടമായി. കുറ്റബോധത്താല്‍ നീറി വീണ്ടും അവര്‍ ഇംഗ്ലണ്ടിലേയ്ക്കു മടങ്ങുമ്പോള്‍ ഒരു പൊന്നോമനകൂടി നഷ്ടമായിരുന്നു. പിന്നെയും രണ്ടു ദശാബ്ദങ്ങള്‍ എഴുത്തിന്റെ ലോകത്ത് അദ്ദേഹം നിശ്ശബ്ദനായി കഴിഞ്ഞുകൂടി. സന്തോഷവും ആഘോഷങ്ങളും ഒഴിഞ്ഞു നിന്ന ജീവിതത്തില്‍ ഒരിക്കലും പിന്നീട് വെളിച്ചം വീണില്ല. രോഗാതുരമായ അവസാനനാളുകള്‍ ആ ദമ്പതികളേ പ്രായത്തേക്കാളേറെ അരക്ഷിതാവസ്ഥയിലേയ്ക്കെത്തിച്ചു. അതികഠിനമായ വേദന സമ്മാനിച്ച അള്‍സര്‍ ഏതാനും വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതം യാതനാപൂര്‍ണ്ണമാക്കി. 1936 ജനുവരി 18-ന്‌  ആ ഉജ്ജ്വലനക്ഷത്രം തന്റെ പ്രകാശത്തിന്റെ അവസാനകണികയും മരണമെന്ന തമോഗര്‍ത്തത്തിനു നല്‍കി യാത്രയായി.






(ജംഗിള്‍ബുക്ക് കൂടാതെ  പ്ലെയിൻ ടെയ്‌ൽസ്‌ ഫ്രം ദ ഹിൽസ്‌, സോൾജിയേഴ്‌സ്‌ ത്രീ, ദ ലൈറ്റ്‌ ദാറ്റ്‌ ഫെയ്‌ൽഡ്‌, മെനി ഇൻവെൻഷൻസ്‌, ക്യാപ്‌റ്റൻ കറേജിയസ്‌, എഫ്ലീറ്റ്‌ ഇൻ ബീയിങ്ങ്‌, ദ ബെറ്റ്‌മാൻസ്‌ ബർഡൻ, ജസ്‌റ്റ്‌ സോ സ്‌റ്റോറീസ്‌, ഇഫ്‌, സംതിങ്ങ്‌ ഒഫ്‌ മൈസെൽഫ്‌, വി വില്ലി വിങ്കി തുടങ്ങിയവയാണ്‌ കിപ്ലിങ്ങിന്റെ പ്രധാന കൃതികൾ.)





Sunday, December 20, 2015

ആത്മഹത്യയും ഒരുഗ്ലാസ്സ് വെള്ളവും

ആത്മഹത്യയും ഒരുഗ്ലാസ്സ് വെള്ളവും
.
ആത്മഹത്യയില്‍ നിന്നു പിന്‍തിരിപ്പിക്കാന്‍ ഒരുഗ്ലാസ്സ് വെള്ളത്തിനാവുമോ!.. അതെ, അതാണ് എന്റെ അനുഭവം .
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. നമുക്കുണ്ടാകുന്ന സങ്കടങ്ങള്‍ ഒരുപക്ഷേ മറ്റുള്ളവര്‍ക്കു മനസ്സിലാകണമെന്നില്ല. അതുകൊണ്ടു തന്നെ ചിലപ്പോള്‍ ആശ്വസിപ്പിക്കാന്‍ ആരും ഉണ്ടായെന്നും വരില്ല . അപ്രതീക്ഷിതമായി അനിഷ്ടങ്ങല്‍ വന്നു ഭവിച്ചാല്‍ പെട്ടെന്നുള്‍ക്കൊള്ളാ ന്‍ കഴിയാതെവരും . സ്വന്തം ജീവിതത്തോടടുക്കുമ്പോള്‍ നമുക്കു പക്വത കുറയുമോ എന്നും എനിക്കു തോന്നാറുണ്ട്. അങ്ങനെയൊരു ഘട്ടത്തിലാണ് ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത് .
അതൊരു ഞായറാഴ്ചയായിരുന്നു . വീട്ടില്‍ ഞാന്‍ മാത്രം . ചേട്ടന്‍ ഔദ്യോഗികാവശ്യത്തിനായി ദൂരെ എവിടെയോ പോയതാണ്. രണ്ടുദിവസ്ം കഴിഞ്ഞേ വരൂ. മോന്‍ ഗുവാഹട്ടി ഐ ഐ ടി യില്‍ ബി ടെക്ക് ഒന്നാം വര്‍ഷം പഠിക്കുന്നു. അവന്‍ ജനനം മുതല്‍ എന്റെ ജീവവായു പോലെ ഒപ്പമുണ്ടായിരുന്നതാണ്. പെട്ടെന്ന്  അവൻ വളരെ അകലെയായപ്പോൾ  ഞാൻ  മാനസികമായി ഒരുപാടു തളര്‍ന്നുപോയി. ആ കാലത്തുണ്ടായ മറ്റുചില ചില സംഭവവികാസങ്ങള്‍ അതികഠിനമായ ദുഃഖം സമ്മാനിക്കുകയും ചെയ്തു. മറ്റൊരാളോടു  പങ്കുവയ്ക്കാൻ കഴിയാത്ത ദുഃഖങ്ങൾ . ഒറ്റയ്ക്കായപ്പോള്‍ അതിന്റെ കാഠിന്യം അധികരിച്ചു.  പെട്ടെന്ന് എന്നെ ആര്‍ക്കും വേണ്ടാതായതുപോലെ, ഞാനീ ലോകത്തു തന്നെ അധികപ്പറ്റായതുപോലെ ഒരു തോന്നല്‍. ഇനി ജീവിച്ചിരിക്കേണ്ട എന്നുതന്നെ തീരുമാനിച്ചു. 
ആത്മഹത്യ ചെയ്യാന്‍ തന്നെ തീരുമാനിച്ചു, പക്ഷേ എങ്ങനെ വേണമെന്നറിയില്ല. സന്ധ്യയോയടടുത്ത സമയം . അതുവരെ ഒന്നും കഴിച്ചിട്ടില്ല. വെള്ളംപോലും കുടിച്ചിട്ടുമില്ല. വീട്ടില്‍ ഉണ്ടായിരുന്ന എന്തൊക്കെയോ കുറേ ഗുളികകള്‍ ഒന്നിച്ചെടുത്തു കഴിക്കാമെന്നു  തീരുമാനിച്ചു. ഇടയ്ക്ക് ഉറക്കമില്ലാതെ വന്നപ്പോൾ  ഡോക്ടര്‍ പലപ്പോഴായി കഴിക്കാന്‍ തന്ന ഗുളികകള്‍ കഴിക്കാതെ വെച്ചിരുന്നതും ഉണ്ട്. എല്ലാം കൂടി കഴിച്ചു കിടന്നുറങ്ങാം പിന്നെ ഒന്നുമറിയേണ്ടല്ലോ. ഗുളികയെടുത്തു വെച്ചിട്ട് അടുക്കളയിലേക്കു നടന്നു . ഗ്ലാസ്സില്‍ വെള്ളമെടുക്കുമ്പോളാണ് കടുത്ത ദാഹമുണ്ടല്ലോ എന്നോര്‍ത്തത്. പെട്ടെന്ന് ആ വെള്ളം  മുഴുവന്‍ കുടിച്ചു. ഹൊ! അപ്പോള്‍ തോന്നിയ ആശ്വാസം പറഞ്ഞറിയിക്കാന്‍ വയ്യ. പിന്നെയും ഞാന്‍ വെള്ളം കുടിച്ചു ദാഹം മാറുവോളം .
പൊടുന്നനെ  എന്റെ ചിന്ത ആ ഒരുഗ്ലാസ്സ് വെള്ളത്തിലേക്കു  തിരിഞ്ഞു . എത്ര ആശ്വാസമാണെനിക്കു കിട്ടിയത് എന്ന സത്യം പിന്നെയും എന്നെ ചിന്തിപ്പിച്ചു. കേവലം ഒരുഗ്ലാസ്സ് വെള്ളം എന്നെ ഇത്രയേറെ ആശ്വസിപ്പിക്കുന്നെങ്കില്‍ , അതെനിക്കിത്രയേറെ ആനന്ദം പ്രദാനം ചെയ്യുന്നുവെങ്കില്‍ ഞാനെന്തിനു മരിക്കണം! ഈ പ്രകൃതി മുഴുവനും നമ്മെ സന്തോഷിപ്പിക്കാനുള്ളതല്ലേ. ആ സന്തോഷം എന്തിനില്ലാതാക്കണം. ... ഞാന്‍ പോയി  മുഖം കഴുകി, വേഷമൊക്കെ മാറി സന്ധ്യയുടെ ചുവന്ന വഴികളിലേയ്ക്കിറങ്ങി നടന്നു . ആ നടത്ത കുറേ സമയം തുടര്‍ന്നു. ജീവിതത്തിലേയ്ക്കെന്നപോലെ .

Thursday, December 10, 2015

ഹൈക്കു

മരണമേ
നീ കൂടെയുള്ളപ്പോള്‍
ഞാനേകയല്ല .
.


Tuesday, December 8, 2015

സ്വപ്നത്തിന്‍ ശരറാന്തല്‍
തിരി കൊളുത്താം , പിന്നെ
 കൂരിരുള്‍ മെല്ലെ വകഞ്ഞുമാറ്റി..
നിദ്രതന്‍ വഴിയില്‍ നടന്നുപോകാം ..
ഉഷ:സന്ധ്യയില്‍ കത്തുമാ തിരിയണയ്ക്കാം .
കര്‍മ്മസാക്ഷിതന്‍ പ്രഭയിലലിഞ്ഞുചേരാം
ദിനചര്യതന്‍ കര്‍മ്മപഥങ്ങള്‍ തേടാം .
.............................മിനി മോഹനന്‍ 


Monday, December 7, 2015

നിദ്രാമോഹം

മഞ്ഞുതുള്ളികള്‍
നനയ്ക്കുകയാണ്
നിശയുടെ മലര്‍വാടിയാകെ.
 എത്ര പൂക്കളാണ്
ആകാശം നിറയെ
വിടര്‍ന്നു നില്‍ക്കുന്നത്!
മഞ്ഞു വിരിച്ച പട്ടുമെത്തയില്‍
കിടന്നുറങ്ങുന്നുണ്ട്
ഇളങ്കാറ്റിന്‍ കുഞ്ഞുങ്ങള്‍ .
ഉണര്‍ന്നുകഴിഞ്ഞാല്‍
ഓടി നടക്കുന്നുണ്ടാവും
അവരിവിടെ..
എന്റെ കമ്പിളിക്കുപ്പായത്തിനുള്ളില്‍ പോലും
നുഴഞ്ഞുകയറി
കുസൃതി കാട്ടും.
അതിനുമുന്‍പ്
ഞാനും ഉറങ്ങട്ടെ. 

Saturday, December 5, 2015

വൃശ്ചികക്കാറ്റില്‍
ആടിയുലയുന്നുണ്ട്
സ്വപ്നങ്ങള്‍ മൊട്ടിട്ട ചില്ലകള്‍ .
വിടരാതെ അടര്‍ന്നു വീണാലും
മഞ്ഞിന്‍ പുതപ്പിനുള്ളില്‍
അതങ്ങനെ
വിറങ്ങലിച്ചു കിടക്കുന്നുണ്ടാകും
ഒന്നു വിടചൊല്ലുവാന്‍ പോലുമാവാതെ ..

ആഴക്കടല്‍ മുത്ത്

എനിക്കു നല്‍കാന്‍ കഴിയുന്ന
ഏറ്റവും ദൃഢമായ സ്നേഹസന്ദേശം
എന്റെ നിശ്ശബ്ദതയാണ് .
എനിക്കു പാടാന്‍ കഴിയുന്ന
ഏറ്റവും സുന്ദരമായ ഗാനം
അതെന്റെ നിശ്ശബ്ദതയാണ് .
എനിക്കു നല്‍കാന്‍ കഴിയുന്ന
ഏറ്റവും ഗഹനമായ ആശംസയും
എന്റെ നിശ്ശബ്ദതയാണ്.
എനിക്കു നല്‍കാന്‍ കഴിയുന്ന
ഏറ്റവും മഹത്തായ വാഗ്ദാനവും
എന്റെ നിശ്ശബ്ദതയാണ്..
മൗനമേ, നിന്നെ പുല്‍കാന്‍
ആയിരം കൈകള്‍
ഉണ്ടായിരുന്നുവെങ്കില്‍!

Thursday, December 3, 2015

നീ അകലുന്നുവോ !

കാവ്യദേവതേ!
തണുപ്പു പുതച്ചുറങ്ങുന്ന
വൃശ്ചികരാവുകളില്‍
നെരിപ്പോടിലെരിയുന്നുണ്ട്
നക്ഷത്രക്കനലുകള്‍
പ്രണയത്തിന്റെ ജ്വലനരേണുക്കള്‍
ചാരക്കമ്പളം പുതഞ്ഞിരിക്കുമ്പോഴും
സ്നേഹമെരിഞ്ഞുതീരാത്ത
ജ്വാലാമുഖിയായ്..
അടര്‍ന്നു വീഴുന്ന വെണ്ണീര്‍പ്പാളികള്‍
ഇടയ്ക്കിടെ കാട്ടിത്തരുന്നുണ്ടാവും
ചെങ്കലിന്റെ തിളക്കത്തെ..
കണ്ണു തുറന്നു നോക്കുകയേ വേണ്ടൂ ..
അകലെ, അലതല്ലുന്ന സമുദ്രത്തിനപ്പുറം
നിതാന്തസ്നേഹത്തിന്റെ അനന്തവിഹായസ്സില്‍
ഒരു നക്ഷത്രമായ് ചേക്കേറും വരെ
ആ കനല്‍ ജ്വലിക്കും
അതുവരേയ്ക്കും
എന്നെ തനിച്ചാക്കരുത്
കടല്‍ത്തിരകള്‍ പോലെ
ആര്‍ത്തിരമ്പുന്ന
ഓര്‍മ്മകളുടെ  ഓളങ്ങളില്‍
മുങ്ങിത്താഴാതെ
കരയിലേയ്ക്കടുപ്പിക്കാന്‍
എനിക്കു വേണം
അതീവസ്നേഹത്താല്‍
കാരിരുമ്പിന്‍ കരുത്താര്‍ന്ന
ആ വിരല്‍ത്തുമ്പുകള്‍
ഒരു കാന്തത്തിന്റെ
മാന്ത്രികസ്പര്‍ശം പോലെ ..



പ്രത്യാശയോടെ ...

ആഞ്ഞടിക്കുന്ന
വൃശ്ചികക്കാറ്റിന്റെ
വാള്‍മുനകള്‍
കീറിമുറിക്കുന്നുണ്ടായിരുന്നു
ഡിസംബര്‍ അണിഞ്ഞിരിക്കുന്ന
മഞ്ഞു മെനെഞ്ഞ ചേലയെ .
ഒരിതള്‍ മാത്രം അവശേഷിക്കുന്ന പൂവിനെ
വലങ്കണ്ണാല്‍ നോക്കി തഴുകുമ്പോഴും
ഇടങ്കണ്ണാല്‍ പ്രണയകടാക്ഷങ്ങള്‍
അയയ്ക്കുന്നു കര്‍മ്മസാക്ഷി
വിടരാന്‍ ഒരുങ്ങിനില്‍ക്കുന്ന
പൂമൊട്ടിനെ..
ഒരു വര്‍ഷം കൂടി
കടന്നുപോവുകയാണ്..
ഇന്നലെകള്‍ തന്ന മധുരസ്മരണകള്‍
നെഞ്ചിനുള്ളിലെ സ്നേഹക്കൂടില്‍ ചേര്‍ത്തുവെച്ച്
പ്രത്യാശയുടെ പുഞ്ചിരി ചുണ്ടില്‍ ചേര്‍ത്ത്
ഉറച്ച കാല്‍വെയ്പ്പോടെ
നടന്നു കയറാം അവസാന കല്‍പടവുകള്‍.
ധനുവുതിര്‍ക്കുന്ന തുഷാരവര്‍ഷത്തിലൂടെ
അതേകുന്ന ശൈത്യമരാളത്തിന്റെ
ഞൊറികള്‍ വകഞ്ഞുമാറ്റി
പുത്തന്‍ പുലരിയുടെ
വരവിനായ് കണ്‍പാര്‍ക്കാം.
നന്മയുടെ കുയില്‍പ്പാട്ടിനായ്
കാതോര്‍ത്തിരിക്കാം .
ഏവര്‍ക്കും നല്ലൊരു പുതുവത്സരം ആശംസിക്കുന്നു  

!

എനിക്കു മാത്രം സ്വന്തമായ
നീലാകാശത്ത് 
നീ എന്നുമൊരു മാരിവില്ലാണ് 
മാഞ്ഞുപോകരുത് 
എനിക്കു മുന്നിലെ ഇരുട്ടില്‍ 
കത്തുന്ന വിളക്കിലെ 
ദീപപ്രഭയാണു നീ 
അണയാതിരിക്കുക. 
എന്റെ അനന്തമായ സ്നേഹക്കടലിലെ
ഒരിക്കലും നിലയ്ക്കാത്ത
തിരമാലകളാണു നീ ..
നീ എന്റേതാണ്.. ഞാന്‍ നിന്റേതും .
ആകാശത്തിന്റെ വിശാലതയും
ആഴിയുടെ അഗാധതയും
വീശിയോടുന്ന കാറ്റിന്റെ
ഒപ്പമൊഴുകുന്ന സംഗീതവും
ഒന്നിച്ചോതുന്നുണ്ട്-
നമ്മളിരുവരും
പരസ്പര പൂരകങ്ങള്‍ എന്ന്..
മലമുകളിലെ കുന്നിന്‍ ചെരുവിലെ
പുല്‍നാമ്പിലൂറുന്ന
വൈഢൂര്യക്കണികകള്‍
അതേറ്റുപറയുന്നു.
നദീതീരത്തെ ആറ്റുവഞ്ചിപ്പൂവുകള്‍
അതുകേട്ടാടിയുലയുന്നു.
പിന്നെയും ..
നമുക്കിടയില്‍ എന്തിനാണൊരു 
കാറ്റലച്ചാര്‍ത്ത്!


മഴ !

മഴ !
നീ ഞങ്ങള്‍ക്കു പ്രിയമുള്ലവള്‍.
കാലവര്‍ഷവും തുലാവര്‍ഷവുമല്ലാതെ 
അനവധി വര്‍ഷമായ്
നീ ഞങ്ങളില്‍ പെയ്തിറങ്ങുകയാണ് 
ഓരോ നിമിഷവും .
എത്രയോ ലാസ്യനൃത്തങ്ങള്‍ 
എത്രയോ രുദ്രതാണ്ഡവങ്ങള്‍ 
നീ ആടിത്തിമിര്‍ത്തിരിക്കുന്നു 
ഓരോ നടനവേകളില്‍ നിന്ന്
നീ അരങ്ങൊഴിയുമ്പോഴും
നിന്റെ കുളിരാര്‍ന്ന ആര്‍ദ്രതയെ മാത്രം 
സ്നേഹച്ചൂടില്‍ പൊതിഞ്ഞെടുത്ത്
ഞങ്ങള്‍ നെഞ്ചിലേറ്റുന്നുണ്ടാവും.
നിന്നോടുള്ള ഒടുങ്ങാത്ത പ്രണയത്തിന്റെ 
തിരുശേഷിപ്പുപോലെ 
ഒരിന്ദ്രധനുസ്സും ഓര്‍മ്മയുടെ  മാനത്തെവിടെയോ
ഉദിച്ചു നില്‍ക്കുന്നുണ്ടാകും ... 
'നശിച്ച മഴ'യെന്നു ശപിക്കുമ്പോഴും 
നിന്നെ മുറുകെ പുണരുന്നു 
സ്നേഹവായ്പ്പോടെ
നീ കളഞ്ഞിട്ടു പോകുന്ന
ഹരിത കഞ്ചുകത്തിലേയ്ക്ക്
കണ്ണൊളി പായിച്ച് .. 
അതെ, നിന്നെ ഞങ്ങള്‍ സ്നേഹിക്കുകയാണ്
സ്നേഹിക്കുക മാത്രം ..
എന്നിട്ടും നീയെന്തിനാണിങ്ങനെ കലിതുള്ളുന്നത്!