Wednesday, January 27, 2016

പുലരി വന്നെത്തിയാ 
കുന്നിന്‍ മുകളില്‍ 
സൂര്യനെപ്പോലെ 
ഉണര്‍ന്നെഴുന്നേല്‍ക്കുക
പൂക്കളെപ്പോലെ 
വിടര്‍ന്നു ചിരിക്കുക
പക്ഷികളായി 
പറന്നുയര്‍ന്നീടുക
കാറ്റുപോല്‍ സ്നേഹം 
പകര്‍ന്നൊഴുകീടുക 
ആകാശം പോലെ 
വിശാലത പുല്‍കുക 
സ്നേഹസാഗരത്തിന്റെ 
അഗാധത തേടുക 
.
ശുഭദിനാശംസകള്‍ ...........മിനി മോഹനന്‍ 

Monday, January 25, 2016

ഭാരതം എന്റെ നാടാണ്...

(അറിവുകള്‍ക്ക്  കടപ്പാട് - വിക്കിപീഡിയ )
.
ഭാരതം എന്റെ നാടാണ്.
എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്....
സ്കൂള്‍ ദിനങ്ങളെ ഓര്‍ക്കുമ്പോള്‍ രാവിലെ  അസംബ്ലിയില്‍ മുഴങ്ങിക്കേള്‍ക്കുകയും അതേറ്റുചൊല്ലുകയും ചെയ്യുന്ന അഭിമാനപൂര്‍ണ്ണമായ നിമിഷങ്ങള്‍ തലയെടുപ്പോടെ മനസ്സിലേയ്ക്ക് ഓടിക്കയറി വരുന്നില്ലേ. പുത്തന്‍ മണമുള്ല പാഠപുസ്തകങ്ങള്‍ ഓരോ വര്‍ഷവും കയ്യിലെത്തുമ്പോള്‍ ആദ്യം കണ്ടിരുന്നതും ഈ അക്ഷരമണിമാല്യത്തെയാണെന്ന് ഓര്‍മ്മിക്കുന്നുവോ? 
 ദേശിയഗാനം പോലെ തന്നെ  മാതൃരാജ്യത്തോടുള്ല സ്നേഹം ഹൃദയത്തിലേയ്ക്കാവാഹിച്ചു തന്നിരുന്ന പ്രാധാന്യമര്‍ഹിക്കുന്നൊരു ഘടകമായിരുന്നു ഈ ദേശിയപ്രതിജ്ഞ. 
ഈ പ്രതിജ്ഞ രൂപം കൊണ്ടത് 1962ല്‍ തെലുങ്കു ഭാഷയിലാണ്. 
വിശാഖപട്ടണത്ത് ജില്ലാ ട്രഷറി ഓഫീസറായിരുന്ന പ്രസിദ്ധ തെലുഗുസാഹിത്യകാരന്‍ പൈദിമാരി വെങ്കിടസുബ്ബറാവു ആണ് ഇത് എഴുതി തയ്യാറാക്കിയത്. അന്നത്തെ വിദ്യാഭ്യാസമന്ത്രിയുടെ കൈകളില്‍ ഈ പ്രതിജ്ഞ എത്തിയപ്പോള്‍ അതില്‍ ആകൃഷ്ടനായ അദ്ദേഹം സ്കൂളുകളില്‍ ചൊല്ലുന്നതിനായി നിര്‍ദ്ദേശം കൊടുത്തു. 1963 ല്‍ അങ്ങനെയാണ് വിശാഖപട്ടണത്തുള്ള വിദ്യാലയങ്ങളില്‍ ഇത് വ്യാപകമായി സ്വീകരിക്കപ്പെട്ടത്. 964-ൽ ബാംഗ്ലൂരിൽ ചേർന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി യോഗം, അതിന്റെ അദ്ധ്യക്ഷനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായ എം.സി. ചഗ്ലയുടെ നിർദ്ദേശപ്രകാരം സ്കൂളുകളിൽ ഈ പ്രതിജ്ഞ കുട്ടികളെക്കൊണ്ട് ചൊല്ലിപ്പിക്കുന്നതിന് തീരുമാനമെടുക്കുകയും തൊട്ടടുത്ത റിപ്പബ്ലിക്ക് ദിനമായ 1965 ജനുവരി 26-ന് ആ പതിവ് നിലവിൽ വരുകയും ചെയ്തു. ദേശീയ പ്രതിജ്ഞ പ്രാദേശിക ഭാഷകളിൽ വിവർത്തനം ചെയ്യണമെന്നും സ്കൂൾ പാഠപുസ്തകങ്ങളുടെ ആദ്യ താളിൽ അച്ചടിക്കണെമെന്നും സമിതി നിർദ്ദേശിച്ചു. 
എന്തുകൊണ്ടോ ദേശീയഗാനത്തിന്റെയും ദേശീയഗീതത്തിന്റെയും രചയിതാക്കള്‍ക്കു കൊടുത്തുപോരുന്ന ആദരവും പ്രാധാന്യവും ശ്രീ സുബ്ബറാവുവിനു ലഭിച്ചില്ല എന്നത് ഖേദകരമായൊരു സത്യമായ് അവശേഷിക്കുന്നു . 
ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന ആശയസംഹിതകളോട് നാമിന്ന് എത്രത്തോളം നീതിപുലര്‍ത്തുന്നു എന്നത് ചോദ്യം ചെയ്യപ്പെടുന്നു എങ്കിലും അവാച്യമായൊരു ആനന്ദാനുഭൂതിയേകുന്ന ഗൃഹാതുരതയോടെ, അതിലേറെ ഊഷ്മളമായ ദേശീയബോധത്തോടെ,  നമുക്ക് വീണ്ടും മനസ്സുകൊണ്ട് ഏറ്റു ചൊല്ലാം 
"ഭാരതം എന്റെ നാടാണ്.
എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്....
.......................
ജയ്ഹിന്ദ് "



പ്രതിബിംബത്തിനു പറയാനുള്ലത്

പ്രതിബിംബത്തിനു പറയാനുള്ലത് 

.
പ്രിയ സഖേ.. 
നീയും ഞാനും രണ്ടല്ല.
നിന്റെ സ്നേഹം ആറന്മുളക്കണ്ണാടി പോലെ
ആ സ്നേഹദര്‍പ്പണത്തിലെ
പ്രതിഛായയാണു ഞാന്‍ .
ആ സ്നേഹം തെളിമയാര്‍ന്നതാകട്ടെ .
നീ എത്രമേല്‍ അടുക്കുന്നുവോ
അത്രമേല്‍ ഞാനും നിന്നോടടുത്തിരിക്കുന്നു
നീ സ്നേഹത്തില്‍ നിന്ന്
നടന്നകന്നാല്‍
നിന്റെ പ്രതിഛായ
അകലാതിരിക്കുവതെങ്ങനെ!
നീ അറിയുന്നുവോ ,
ചേര്‍ന്നു  വന്നാല്‍ 
നമ്മുടെ ഹൃദയങ്ങള്‍
ഒരേ ദിശയിലാണെന്നത് !
.
മിനി മോഹനന്‍ 
.

അമ്മേ! .. ഭാരതാംബേ ...നീ പൊറുക്കുക.

അമ്മേ !.. ഭാരതാംബേ ...
നിണം വാര്‍ന്ന വഴികളില്‍
നിന്നെ തനിച്ചാക്കി
പോകുന്നു നിന്റെ കൃതഘ്നരാം മക്കള്‍..
നീ കൊണ്ട വെയിലിന്റെ ചൂടും
നീ ഈറനായൊരാ പെരുമഴക്കാലത്തിന്‍
വിറകൊണ്ട ദുരിതപ്രളയത്തിന്റെ നോവും
നിന്നെ പുതപ്പിച്ച പുലര്‍കാലമഞ്ഞിന്റെ
കട്ടിക്കരിമ്പടം തന്നൊരാശ്വാസവും
നിന്‍ മുലക്കണ്ണിലൂടൊഴുകിയെത്തുന്നൊരാ
സ്നേഹാമൃതത്തിന്റെയൂര്‍ജ്ജവും മധുരവും
നീ പകര്‍ന്നേകിയ ജീവന്റെ ധാരയാം
നിന്‍ സിരാരക്ത-കല്ലോലിനീ തീര്‍ത്ഥവും
നീ കനിഞ്ഞേകിയ കാനനഛായയില്‍
പൂമരക്കുടനീര്‍ത്തി നീണ്ടുപോം പാതയും
കാണ്മതില്ലിന്നവര്‍, ഒരു നോക്കു കാണുവാന്‍
കണ്‍പാര്‍ത്തു നില്‍ക്കുവാന്‍
ഇല്ലവര്‍ക്കിന്നൊരു നിമിഷത്തിന്‍ കണികയും.
പകരം വളര്‍ത്തുന്നു, ജലമേകി വളമേകി
തീവ്രവാദത്തിന്റെ, പകയുടെ ,
വ്രണിതമാം  മതവികാരങ്ങള്‍ തന്‍
കപടമാം ദ്വേഷരാഷ്ട്രീയത്തിന്‍
വൈരുദ്ധ്യ വിഷമരക്കാടുകള്‍

അമ്മേ....! ഭാരതാംബേ...!
ജരാനരയ്ക്കുള്ളില്‍ നിന്‍ വാര്‍ദ്ധക്യമൊരു
നേര്‍ത്തതേങ്ങലായ് ,
നീറുന്ന ഹൃദയത്തിലുരുകിത്തിളയ്ക്കുന്ന
ദുഃഖത്തിന്‍ ലാവാപ്രവാഹമൊരു
കണ്ണുനീര്‍ച്ചാലായ് ഒഴുകുമ്പോഴും
നിന്റെ വിറയാര്‍ന്ന കൈത്തലം
നിന്റെ പ്രിയമക്കള്‍തന്‍
നെറുകയില്‍ വെച്ചു നീ
ചൊല്ലുന്നതെന്തോ.. പ്രാര്‍ത്ഥിപ്പതെന്തോ....
നിന്‍ നെഞ്ചു കീറിപ്പിളര്‍ക്കുമീ മക്കള്‍ക്കു,
നിന്നുടല്‍ ചുട്ടെരിക്കുന്നൊരീ നിര്‍ദ്ദയ
ക്കാട്ടാളരൂപരാം നിന്‍ പ്രിയ മക്കള്‍ക്കു
നല്‍കുവാന്‍ നിന്‍ കയ്യൊലെന്താണു മാതേ ...
സ്നേഹമോ, കോപമോ , താപമോ ശിക്ഷയോ..
നീയൊന്നു കോപിക്കിലാജഠരാഗ്നിയില്‍
മക്കളെപ്പോലും ദഹിപ്പിക്കയില്ലേ!
നിന്റെ താപത്തില്‍ നിന്‍ കണ്ണീര്‍പയോധിയില്‍
എല്ലം നിമജ്ഞനം ചെയ്യുകില്ലേ..
നിന്‍ ദീര്‍ഘനിശ്വാസമൊരുകൊടുങ്കാറ്റായ്
ആടുകില്ലേ രോഷതാണ്ഡവങ്ങള്‍!
ഒന്നു നീ മെല്ലെച്ചലിച്ചീടുകില്‍ നിന്റെ
മക്കള്‍തന്‍ മോഹസൗധങ്ങളതൊക്കെയും
ഭസ്മമായ് ഓര്‍മ്മച്ചിതാഭസ്മമായിടും .
ഒന്നുമോര്‍ക്കുന്നില്ല നിന്റെ മക്കള്‍
ഒന്നുമറിയുന്നില്ല നിന്റെ മക്കള്‍ ..
നിന്റെ മക്കള്‍ തന്നജ്ഞത ..
അവര്‍ തന്‍ കൃതഘ്നത ...
അമ്മേ പൊറുക്കുക , ഭാരതാംബേ ..
അമ്മേ പൊറുക്കുക , ഭാരതാംബേ ..





Sunday, January 24, 2016

മനസ്സിന്റെ 
നീലനഭസ്സിലേയ്ക്കായിരം 
വെണ്‍മേഘശകലങ്ങളായ് 
വന്നു നിറയുന്നു
ഓര്‍മ്മകള്‍ , ഓര്‍മ്മകള്‍ ..
പൊയ്പ്പോയകാലത്തിന്‍
നോവിന്റെ തുണ്ടുകള്‍, 
ആഹ്ലാദ സൂനങ്ങള്‍.
.
ശുഭരാത്രി നേരുന്നു 
.
മിനി മോഹനന്‍ 

Saturday, January 23, 2016

കാസാബിയാങ്ക

ഫെലീഷ്യ ഡൊറോത്തി ഹെമാന്‍സ് എഴുതിയ വളരെ പ്രസിദ്ധമായൊരു ഇംഗ്ലീഷ് പദ്യമുണ്ട് ' കാസാബിയാങ്ക'. 1826 ലാണ് ആദ്യമായി ഇത് The New Monthly Magazine ല്‍ പ്രസിദ്ധീകരിക്കുന്നത് .
ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളെ ഒരു കാലഘട്ടത്തില്‍ ഇത്രയേറെ  സ്വാധീനിച്ച ഒരു കവിതയോ കഥയോ വേറെ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം .
"The boy stood on the burning deck,
Whence all but he had fled;

എന്ന ഈ ആദ്യ വരികള്‍ അറിയാത്തവര്‍ അക്കാലത്ത് ഉണ്ടായിരുന്നില്ല. കാസാബിയാങ്ക എന്ന 12 വയസ്സുകാരന്റെ  അച്ചടക്കബോധവും അനുസരണാശീലവും ഉത്തരവാദിത്വബോധവും ത്യാഗമനോഭാവവും  ദേശസ്നേഹവും ഒക്കെ അതിന്റെ പാരമ്യതയില്‍ തന്നെ മഹത്വവത്കരിക്കപ്പെട്ട ഈ പദ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് ഒരു യഥാര്‍ത്ഥസംഭവം തന്നെ എന്നു പറയപ്പെടുന്നു.1798 ലെ നൈല്‍ യുദ്ധത്തില്‍ പങ്കെടുത്ത  'ഓറിയന്റ്' എന്ന ഫ്രെഞ്ച് ഫ്ലാഗ് ഷിപ്പിലെ കമ്മഡോര്‍ ആയിരുന്ന ലൂയിസ് ഡി കസാബിയാങ്ക മകനെ, എങ്ങോട്ടും പോകരുതെന്നു പറഞ്ഞ്  കപ്പലില്‍ നിര്‍ത്തിപ്പോകുന്നു. പക്ഷേ ആ സമയത്ത് ശത്രുക്കളാല്‍ ആക്രമിക്കപ്പെട്ട് കപ്പല്‍ അഗ്നിക്കിരയാകുന്നു. ( അതോ ശത്രുക്കളെ ഭയന്ന്  അവര്‍ സ്വയം അഗ്നിക്കിരയാക്കിയോ എന്നത് ഇപ്പോഴും വ്യക്തമല്ല ) അഗ്നിനാളങ്ങള്‍ കപ്പലിനെ വിഴുങ്ങുമ്പോള്‍ അതിലുണ്ടായിരുന്നവരൊക്കെ വേറെ ബോട്ടുകളില്‍ കയറി രക്ഷപ്പെടുന്നു. പക്ഷേ അപകടത്തില്‍ പെട്ട് ജീവഹാനി സംഭവിച്ച ലൂയിസിനെ, അതറിയാതെ മകന്‍ കാത്തു നില്‍ക്കയാണ്. അച്ഛന്റെ നിര്‍ദ്ദേശം കിട്ടാതെ അവന്‍ അവിടെ നിന്ന് മാറാന്‍ കൂട്ടാക്കിയില്ല. ഇനി തന്റെ വിളി ഒരിക്കലും കേള്‍ക്കില്ലെന്നറിയാതെ ആ കുഞ്ഞ് അച്ഛനെ വിളിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ കപ്പലിലെ ആയുധശേഖരത്തിനും തീപിടിച്ച്, കപ്പല്‍ ഒരഗ്നിഗോളമായ്, പിന്നെ കാസാബിയാങ്കയോടൊപ്പം പൊട്ടിത്തെറിച്ചു ഛിന്നഭിന്നമായി.
പക്ഷേ ഞാനിതു പറയുന്നത് മറ്റൊരു കാര്യത്തിനാണ്. ഇന്നത്തെ കുട്ടികളുടെ വിചാരഗതിയേക്കുറിച്ച്
വളരെ ഹൃദയസ്പര്‍ശിയായ ഈ പദ്യം പഠിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരു വിദ്യാര്‍ത്ഥിയുടെ
ആത്മഗതം കുറച്ച് ഉച്ചത്തിലായിപ്പോയി..
"Fathers are always stupid. That's why I'm not obeying my father "
എന്താ പറയുക, അല്ലേ...
.
( അയ്യപ്പപ്പണിക്കര്‍ 'കാസാബിയാങ്ക' യുടെ പുനരാവിഷ്കരണം കൂടുതല്‍ സ്വീകാര്യമാക്കിയിട്ടുണ്ട്. അതില്‍ അനുസരണ കാട്ടി ജീവന്‍ വെടിയുന്നതിനേക്കാള്‍ അച്ഛന്‍ ഇഷ്ടപ്പെടുന്നതു അനുസരണകേടു കാട്ടി ജീവന്‍ രക്ഷിക്കുന്ന മകനെയെന്ന് കാസാബിയാങ്ക തിരിച്ചറിഞ്ഞു രക്ഷപ്പെടുന്നു. )
.
Casabianca ( Author: Mrs. Felicia Dorothea Hemans )

The boy stood on the burning deck 
Whence all but he had fled; 
The flame that lit the battle's wreck 
Shone round him o'er the dead.

Yet beautiful and bright he stood, 
As born to rule the storm; 
A creature of heroic blood, 
A proud, though childlike form.

The flames roll'd on...he would not go 
Without his father's word; 
That father, faint in death below, 
His voice no longer heard.

He call'd aloud..."Say, father, say 
If yet my task is done!" 
He knew not that the chieftain lay 
Unconscious of his son.

"Speak, father!" once again he cried 
"If I may yet be gone!" 
And but the booming shots replied, 
And fast the flames roll'd on.

Upon his brow he felt their breath, 
And in his waving hair, 
And looked from that lone post of death, 
In still yet brave despair;

And shouted but one more aloud, 
"My father, must I stay?" 
While o'er him fast, through sail and shroud 
The wreathing fires made way,

They wrapt the ship in splendour wild, 
They caught the flag on high, 
And stream'd above the gallant child, 
Like banners in the sky.

There came a burst of thunder sound... 
The boy-oh! where was he? 
Ask of the winds that far around 
With fragments strewed the sea.

With mast, and helm, and pennon fair, 
That well had borne their part; 
But the noblest thing which perished there 
Was that young faithful heart.


Friday, January 22, 2016

എന്തിനായ് ...

എന്തിനാണീ സന്ധ്യ
ഇത്രമേല്‍ ചോപ്പാര്‍ന്ന
ചെമ്പട്ടുടുത്തു
ചമഞ്ഞു വന്നു
എന്തീനായ് വന്നു
നവോഢയേപ്പോലിവള്‍
മുല്ലതന്‍ നക്ഷത്ര-
പ്പൂക്കള്‍ ചൂടി
എന്തിനായ് നീ  വന്നൂ
രാക്കിളിപ്പെണ്ണാളേ
നിന്‍ രുദ്ര വീണതന്‍
തന്ത്രി മീട്ടി
എന്തിനായ് 
വന്നെത്തി നോക്കുന്നു 
കിന്നരിപ്പല്ലുകള്‍ കാട്ടി 
ചിരിച്ചു തിങ്കള്‍  

Thursday, January 21, 2016

ഓട്ടം (കഥ)

മാധുരി  അതിവേഗം ഓടുകയായിരുന്നു . കയറിയ ഓട്ടോറിക്ഷയെക്കാളൊക്കെ ഒരുപാടു  വേഗത്തില്‍ മനസ്സ് ഓടിക്കൊണ്ടിരുന്നു സുമേഷില്‍നിന്ന് വളരെയകലേക്കു പോകാന്‍. ഒരു നിമിഷം  കൊണ്ട്  അനേകായിരം  കാതങ്ങളകലെയെത്താന്‍ മനസ്സിന് വിമാനവും റോക്കറ്റും ഒന്നും വേണ്ട. വെറുപ്പെന്ന ഇന്ധനം മാത്രം മതി.

വിവാഹം കഴിഞ്ഞിട്ടു കഷ്ടിച്ചു മൂന്നു മാസമാകുന്നേയുള്ളു. സ്വപ്നങ്ങള്‍ തളിരിട്ടു മൊട്ടിട്ടു പൂക്കാന്‍ തുടങ്ങിയിട്ടേയുള്ളു . എല്ലാം വെറും പാഴ്മൊട്ടുകളായിരുന്നെന്ന് അവളറിഞ്ഞത് അല്പം മുന്‍പു മാത്രം .

മാധുരിക്ക് അമ്മയും അമ്മയ്ക്കു മാധുരിയും മാത്രമായി ജീവിതം ഋതുക്കള്‍ക്കൊപ്പം സഞ്ചരിച്ചു പോന്നു. അച്ഛനേക്കുറിച്ചുളള  നേരിയ ഓര്‍മ്മകള്‍ മാത്രമേയുള്ളു മാധുരിക്ക്. അവള്‍ക്ക് ആറുവയസ്സുളളപ്പോള്‍ അച്ഛന്‍ ഒരു വാഹനാപകടത്തില്‍ പെട്ട് ഓര്‍മ്മയുടെ ഇരുണ്ട ഇടനാഴികളുടെ അങ്ങേത്തലയ്ക്കലേയ്ക്കു നടന്നു മറഞ്ഞതാണ്. പിന്നെ അമ്മ പറഞ്ഞുളള  അറിവുകളേ അദ്ദേഹത്തേക്കുറിച്ചുള്ളൂ. അമ്മയും അച്ഛനും ഒരേ മതത്തില്‍ പെട്ടവരായിരുന്നെങ്കിലും നേരിയ ജാതി വ്യത്യാസം ഉണ്ടായിരുന്നത്രേ. രണ്ടുകുടുംബക്കാരും നല്ല സാമ്പത്തികസ്ഥിതിയുളളവരും. എന്തോ ചെറിയ കാര്യത്തിന് ചെറിയ കുടിപ്പകയും വീട്ടുകാർതമ്മിൽ ഉണ്ടായിരുന്നു. ശിവദാസൻ   അംബികയെ കല്യാണം കഴിക്കാന്‍ രണ്ടുകൂട്ടരും സമ്മതിച്ചില്ല . നാട്ടിലെ പാരലല്‍ കോളേജിലെ അദ്ധ്യാപകനായ ശിവദാസന് വിദ്യാര്‍ത്ഥിനിയായ അംബികയോട് പ്രണയമെന്നറിഞ്ഞത് രണ്ടുവീട്ടുകാരുടേയും നിലവിലുണ്ടായിരുന്ന ചെറിയ സ്പര്‍ദ്ധയെ പതിന്മടങ്ങാക്കി വര്‍ദ്ധിപ്പിക്കാനേ ഉതകിയുള്ളു. എന്നിട്ടും അവര്‍ വിവാഹിതരായി. 18 കാരി അംബികയെ 24 കാരന്‍ ശിവദാസ് രജിസ്റ്റര്‍ മാര്യേജ് നടത്തി , വില്ലേജോഫീസിനടുത്തുള്ള കൊച്ചു വീട്ടില്‍ താമസവുമായി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മാധുരിയെന്ന തങ്കക്കുടവും അവര്‍ക്കു കൂട്ടായെത്തി .


അച്ഛന്റെ തറവാട്ടില്‍ പോയതായി  മാധുരിക്ക് ഓര്‍മ്മയില്ല. പക്ഷേ ഇടയ്ക്ക് അമ്പലത്തിലോ മറ്റെവിടെയെങ്കിലും ഏതെങ്കിലും കല്യാണസ്ഥലത്തോ ഒക്കെവെച്ച് ഇളയ അപ്പച്ചിയെ കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ട്. രമണിയപ്പച്ചിക്ക് അവളെ ഇഷ്ടമായിരുന്നു. ആരും കാണാതെ ഉത്സവത്തിനു വളയും മാലയുമൊക്കെ വാങ്ങിക്കൊടുത്തിട്ടുണ്ടവള്‍ക്ക്. പക്ഷേ രമണിയപ്പച്ചി കല്യാണം കഴിഞ്ഞു പോയതില്‍പിന്നെ അവള്‍ അവരെ കണ്ടിട്ടില്ല.  അമ്മയുടെ വീട്ടില്‍ കുട്ടിയായിരുന്നപ്പോള്‍ പോകുമായിരുന്നു , അമ്മമ്മയ്ക്ക് ഓണക്കോടിയുമായി. പക്ഷേ അച്ഛന്‍ മരിച്ചു കഴിഞ്ഞ് ഒരിക്കലേ പോയുള്ളു. പിന്നെ എന്തോ അമ്മ അവിടേക്കു  പോകാന്‍ താല്‍പര്യപ്പെട്ടിട്ടില്ല. അമ്മായിമാര്‍ പെരുമാറിയത് അമ്മയ്ക്ക് ഇഷ്ടമായിക്കാണില്ല എന്നവള്‍ക്ക് തോന്നിയിരുന്നു. അമ്മ അതിനേക്കുറിച്ച് ഒരിക്കലും അവളോടു പറഞ്ഞിട്ടുമില്ല.

അച്ഛന്‍ പാരലല്‍ കോളേജില്‍ പഠിപ്പിക്കുന്നതിനോടൊപ്പം വില്ലേജ് ഓഫീസിലും പഞ്ചായത്ത് ഓഫീസിലും മറ്റും അപേക്ഷകള്‍ എഴുതിക്കൊടുക്കുകയും അപേക്ഷാ ഫോമുകള്‍ പൂരിപ്പിക്കാനറിയാത്തവര്‍ക്ക് അതു ചെയ്തുകൊടുക്കുകയും ഒക്കെ ചെയ്തിരുന്നു. അമ്മയേയും അതൊക്കെ പഠിപ്പീക്കുകയും ഒപ്പം   കൂട്ടുകയും ചെയ്തു. അവരുടെ ജീവിത്തില്‍ അവര്‍ക്ക് സഹായിക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ല. പരസ്പരം താങ്ങായി അവര്‍ ജീവിതം കെട്ടിപ്പെടുത്തപ്പോള്‍ ആ തണലേറ്റു വിരിഞ്ഞ കുഞ്ഞു പൂവായിരുന്നു മാധുരി .

പക്ഷേ മാധുരിയുടെ ജീവിതത്തില്‍ ഒറ്റമരത്തിന്റെ തണലായിരുന്നു വിധിക്കപ്പെട്ടത്. അച്ഛന്‍ പോകും മുന്‍പ് അവര്‍ താമസിക്കുന്ന കൊച്ചു വീട് സ്വന്തമാക്കിയിരുന്നു. ഒരുമുറിയും അടുക്കളയും വരാന്തയുമുള്ള, മൂന്നു സെന്റിലെ  കൊച്ചു വീട്. ആ കൊച്ചു വീട്ടില്‍ അവള്‍ രാജകൊട്ടാരങ്ങള്‍ പണിതു. മഹാനഗരങ്ങളിലെ കൗതുകക്കാഴ്ചകള്‍ കൊണ്ടുവന്നിട്ടു. മുറ്റത്തു വിരിഞ്ഞു നില്‍ക്കുന്ന കൊച്ചു പൂക്കളില്‍ സ്വര്‍ഗ്ഗവസന്തങ്ങള്‍ തേടി. അമ്മയുടെ ദിവസങ്ങള്‍ തിരക്കുകള്‍ നിറഞ്ഞതായ് മാറിയപ്പോള്‍ അവള്‍ക്കറിയാമായിരുന്നു അതിന്റെ അനിവാര്യത. പലപ്പോഴും അമ്മയ്ക്കു പുറത്തുപോകേണ്ടിവരും . അപേക്ഷകളെഴുതാന്‍ ചിലപ്പോള്‍ അവരുടെ വീട്ടില്‍ പോയി കാര്യങ്ങള്‍ ചോദിക്കേണ്ടി വരും . പക്ഷേ നോക്കിയിരിക്കുന്ന ആള്‍ക്കാര്‍ നാവു വെറുതെ വെച്ചു നോക്കിയിരുന്നില്ല. അവര്‍ പല കഥകളും മെനെഞ്ഞുകൊണ്ടേയിരുന്നു. ഒക്കെ അറിഞ്ഞിരുന്നെങ്കിലും ഒരിക്കല്‍ മാത്രമേ അവള്‍ അമ്മയെ അവള്‍ ചോദ്യം ചെയ്തിട്ടുള്ളു. അതു കോളേജില്‍ ചേര്‍ന്ന വര്‍ഷം ക്ലാസ്സിലെ പത്രാസുകാരി നീന അമ്മയെക്കുറിച്ചു കൂട്ടുകാരുടെ മുന്‍പില്‍ ഒരുപാടനാവശ്യങ്ങള്‍ വിളമ്പിയപ്പോളാണ്. അന്നവളുടെ മുന്‍പില്‍ നിശ്ശബ്ദയാകേണ്ടി വന്നെങ്കിലും ആ കോപമൊക്കെ പൊട്ടിത്തെറിച്ചത് സന്ധ്യക്കു വൈകിയെത്തിയ അമ്മയുടെ നേരെയുള്ള  രോഷപ്രകടനമായാണ് .ഒക്കെ ക്ഷമയോടെ കേട്ടിരുന്നു അമ്മ. ഒരക്ഷരവും മറുത്തു പറഞ്ഞില്ല. തന്റെ രോഷവാക്കുകള്‍ നിലച്ചു കഴിഞ്ഞപ്പോള്‍ അമ്മ മെല്ലേ  എഴുന്നേറ്റുപോയി കുളിച്ച്, ഭക്ഷണം ചൂടാക്കി വിളമ്പിവെച്ചു വിളിച്ചു. മാധുരിക്ക് അപ്പോള്‍ പശ്ചാത്താപം തോന്നിത്തുടങ്ങിയിരുന്നു . അവള്‍ മറുത്തൊന്നും പറയാതെ പോയി ഭക്ഷണം കഴിച്ചു. പാത്രങ്ങളൊക്കെ കഴുകി അടുക്കള വൃത്തിയാക്കിവെക്കാന്‍ അമ്മയെ സഹായിച്ചു . എല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കവിരി കുടഞ്ഞുവിരിക്കുമ്പോഴാണ് പിന്നില്‍ അമ്മയുടെ നേര്‍ത്ത സബ്ദം അവള്‍ കേട്ടത്.
" മോളേ, മാധുരീ "
തിരിഞ്ഞുനോക്കിയത് അമ്മയുടെ കണ്ണിലേയ്ക്കായിരുന്നു. അവിടെ ഒരു ഭാവവും അവള്‍ക്കു കാണാനായില്ല. വെറും ശൂന്യമായൊരു നോട്ടം .
" മോള്‍ക്കു തോന്നുന്നുണ്ടോ  അമ്മ ചീത്തയാണെന്ന് ?"
പെട്ടെന്നവള്‍ക്ക് ഉത്തരം ഇല്ലാതായി . ആദ്യമായി അമ്മയുടെ മുന്നില്‍ ഉത്തരം മുട്ടിയ നിമിഷം. അവൾ ചുരുങ്ങിച്ചുരുങ്ങി ഇല്ലാതാവുന്നതുപോലൊരു തോന്നൽ.
" ഈ ലോകത്ത് എനിക്കെന്റെ മകളെ മാത്രമേ ബോധ്യപ്പെടുത്തേണ്ടതുള്ളു ഈ അമ്മ ചീത്തയല്ലെന്ന്. ചീത്തയാവാൻ  നിന്റെ അമ്മയ്ക്കൊരിക്കലും കഴിയുകയുമില്ല. അരുതാത്ത വാക്കോ നോക്കോ പ്രവൃത്തിയോ ആരില്‍ നിന്നെങ്കിലും ഉണ്ടായാല്‍ നേരിടാന്‍ അച്ഛന്‍ അമ്മയെ പഠിപ്പിച്ചിട്ടുണ്ട്. നാട്ടുകാര്‍ പലരും പലതും പറയുന്നുണ്ടെന്ന് അമ്മയ്ക്കുമറിയാം. പക്ഷേ മറ്റുള്ളവര്‍ പറയുന്നതല്ല നമ്മള്‍ എന്ന് നമ്മള്‍ സ്വയം അറിഞ്ഞിരിക്കണം . അല്ലെങ്കില്‍ ജീവിതം വലിയൊരു പരാജയമാകും. "
അമ്മ ഒന്നു നിര്‍ത്തി തന്റെ കണ്ണിലേക്കു  സൂക്ഷിച്ചു  നോക്കിയപ്പോള്‍ മാധുരി ആ നോട്ടം നേരിടാനാവാതെ തല താഴ്ത്തിക്കളഞ്ഞു .
"'അമ്മ പുറത്തുപോയി ജോലിചെയ്യുന്നത് മോൾക്ക് നാണക്കേടാകുന്നോ ?  മോളു പറയൂ , ഇനി മുതല്‍ അമ്മ വീട്ടിലിരുന്നാല്‍ മതിയോ.. നീ പറയുമ്പോലെ അമ്മ ചെയ്യാം. "
അമ്മയെ അവിശ്വസിച്ചു എന്നത് ഒരു വലിയ തെറ്റായി എന്നവള്‍ക്കറിയാം. നീനയുടെയും മറ്റു കുട്ടികളുടെയും മുന്നില്‍ ചെറുതായ വിഷമത്തില്‍ അമ്മയോടു കടുത്ത വാക്കുകള്‍ പറഞ്ഞു എന്നു മാത്രം . അവള്‍ പെട്ടെന്നു പൊട്ടിക്കരഞ്ഞു. എല്ലാ സങ്കടവും അമ്മയുടെ ഹൃദയത്തിലേക്കൊഴുക്കി അവള്‍ അമ്മയെ കെട്ടിപ്പിടിച്ചു കുറേ കരഞ്ഞു. അമ്മയുടെ മെലിഞ്ഞ, തണുത്ത വിരലുകള്‍ മാധുരിയുടെ മുടിയില്‍ മെല്ലെ തഴുകിക്കൊണ്ടിരുന്നു.

രാത്രിയില്‍ അവള്‍ അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ അച്ഛന്റെയും അമ്മയുടേയും നടുവില്‍ കിടന്നുറങ്ങിയ അവ്യക്തമായ ഓര്‍മ്മ അവളിലേക്കൊഴുകിയെത്തി. അച്ഛന്‍ പുരട്ടിയുരുന്ന ചെറിയകുപ്പിയിലെ സെന്റിന്റെ ചന്ദനഗന്ധം അവരെ വന്നു പൊതിയുന്നപോലെ അവള്‍ക്കു തോന്നി. അതേ, ആ രാത്രി  അച്ഛന്റെയും അമ്മയുടേയും ഇടയില്‍ കിടന്നാണ് അവള്‍ ഉറങ്ങിയത്.

പിന്നീടൊക്കെ കൂട്ടുകാരുടെ പരിഹാസങ്ങളെ അസാമാന്യ മനഃകരുത്തോടെ അവഗണിക്കുകയാണവള്‍ ചെയ്തത് . 20 വയസ്സില്‍ സുമേഷിന്റെ വിവാഹാലോചനയ്ക്ക് സമ്മതം മൂളുമ്പോള്‍ വീണ്ടും പഠിക്കാനും ഒരു ജോലി കണ്ടെത്താനുമൊക്കെ ആഗ്രഹമുണ്ടായിരുന്നത് ഉള്ളിലൊതുക്കി. അമ്മയ്ക്ക് ഈ വിവാഹം ഒരു തണലാകണമെന്നേ അന്നു കരുതിയുള്ളു .തൊട്ടടുത്ത  പട്ടണത്തില്‍  ഐ ടി പ്രൊഫഷണല്‍ ആയ സുമേഷിന് മാധുരിയെ ഇഷ്ടമായത് വളരെ ഭാഗ്യമായാണ് അംബിക കരുതിയത്. ബന്ധുക്കളും സമ്പത്തുമില്ലാത്ത തങ്ങള്‍ക്ക് ഇങ്ങനെയൊരു നല്ല ബന്ധം സ്വപനം കാണാനാവില്ല എന്നവള്‍ക്കറിയാമായിരുന്നു. നല്ല കുടുംബം ധനികരും വിദ്യാസമ്പന്നരും. മകന്റെ ഇഷ്ടത്തിന് അച്ഛനമ്മമാര്‍ എതിരു പരഞ്ഞതേയില്ല. വിവാഹം കഴിഞ്ഞ് മാധുരിയുമായി ജോലിസ്ഥനത്തിനടുത്ത് അവര്‍ താമസമാക്കിയപ്പോള്‍ തനിച്ചായല്ലോ എന്ന സങ്കടത്തേക്കാള്‍ തന്റെ ഓമനമകള്‍ സുരക്ഷിതമായ കൈകളില്‍ എത്തിയല്ലോ എന്ന ആശ്വാസമായിരുന്നു അംബികയ്ക്ക് .

പട്ടണത്തിലെ ജീവിതം ആസ്വദിച്ചു തുടങ്ങുകയായിരുന്നു മാധുരി . അയല്‍ക്കാരുമായൊന്നും വലിയ അടുപ്പമില്ല. എല്ലാവർക്കും  തിരക്കു തന്നെ. ദിവസങ്ങള്‍ കടന്നുപോയത് അറിയുന്നുമില്ല എന്ന വിരോധാഭാസം . അന്നു വൈകുന്നേരം സുമേഷിനൊപ്പം ഒരു സുഹൃത്തുകൂടിയുണ്ടായിരുന്നു. ബാംഗ്ലൂരില്‍ ജോലിചെയ്യുന്ന സുഹൃത്തിനു വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു ഇപ്പോള്‍ നവദമ്പതികള്‍ക്ക് ആശംസകളര്‍പ്പിക്കാനെത്തിയതാണ് . വന്നു പരിചയപ്പെട്ടു കുശലപ്രശ്നങ്ങള്‍ കഴിഞ്ഞ് അവര്‍ മുകളിലെ ബാല്‍ക്കണിയിലേയ്ക്കു പോയി. അവിടെയിരുന്നാല്‍ വീടിന്റെ പുറകിലെ നീണ്ട പാടശേഖരം കാണാം . മാധുരി ചായ തയ്യാറാക്കാന്‍ അടുക്കളയിലേക്കും . അപ്പോഴാണ് ഗ്യാസ് തീര്‍ന്നകാര്യ്ം  അവളോര്‍ത്തത്. സിലിണ്ടര്‍ കണക്ട് ചെയ്യാനൊന്നും അവള്‍ക്കറിയുമായിരുന്നില്ല. അവളുടെ വീട്ടില്‍ ഗ്യാസ് അടുപ്പ് ഉണ്ടായിരുന്നില്ല.  സ്റ്റെയര്‍ കെയ്സ് കയറി മുകളിലെത്തിയപ്പോള്‍ അവരുടെ സംസാരം അവര്‍ക്കു കേള്‍ക്കാന്‍ കഴിഞ്ഞു.
" എന്നാലും നീ ഇങ്ങനെയൊരു അബദ്ധം കാട്ടിയതെന്തിനാ.. നാട്ടില്‍ വേറെ പെണ്ണില്ലാത്തപോലെ. ആ അംബികയെപ്പോലൊരു സാധനത്തിന്റെ വീട്ടിന്ന് നീയല്ലാതെ സംബംന്ധം കൂടുമോ. അവളാളു പോക്കാന്ന്  നാട്ടിലാര്‍ക്കാ അറിയാത്തത്.. .പമ്പരവിഡ്ഢി "
" എടാ, ഇതിപ്പോ ഒരുവെടിക്കു രണ്ടുപക്ഷിയായില്ലേ.. തളളയും നല്ല ചരക്കാ.. വല്ല്യ പ്രായവും ഇല്ല. അമ്മേം മോളേം ഒന്നിച്ചു കിട്ടുകാന്നു പറയുന്നതു അത്ര നിസ്സാരകാര്യമാണോ.. ബുദ്ധി വേണമെടാ, ബുദ്ധി.. " രണ്ടുപേരും ഒന്നിച്ചു പൊട്ടിച്ചിരിച്ചു.
ഒരു നിമിഷം കൊണ്ട് അവള്‍ സുമേഷില്‍ നിന്ന് വളരെ അകലത്തേയ്ക്ക് എടുത്തെറിയപ്പെട്ട നിമിഷം . വേഗം പടികളിറങ്ങി കിട്ടിയതുണികള്‍ ഒക്കെ ഒരു ബാഗിലാക്കി ഇറങ്ങി ഓടുകയായിരുന്നു. ഏതോ വലിയ വിപത്തില്‍ നിന്നും രഷപ്പെടാനുളള  മരണവെപ്രാളത്തോടെയുളള  ഓട്ടം.
അതെ, അവള്‍ ഇനിയും ഓടിയാലേ മതിയാവൂ.. ഒരിക്കലും നിലയ്ക്കാത്ത ജീവിതപ്രയാണം ... എല്ലാവരില്‍ നിന്നു  രക്ഷനേടിയുളള  മഹാപ്രയാണം ... 

Tuesday, January 19, 2016

Silly Mistakes


When lost her first rank
The mother says ,
'She made silly mistakes .'
When she failed in exams
The mother says
'She made silly mistakes .'
When she failed in board exams
The mother says
'It's of her silly mistakes '
When she chose her life partner
The mother says
'She made a grave mistake '
When she came back home
Leaving her man for ever
The mother says
'She's right up to the core' 

Monday, January 18, 2016

.

.
മനസ്സ് , 
ജ്യാമിതിയിലെ 
അനന്തത പോലെ .. 
ബിന്ദുവായ്..
ഋജുരേഖയായ്, 
വര്‍ത്തുളാകാരാമായ്
എണ്ണിയാല്‍ തീരാത്ത 
ബഹുഭുജക്കോണുകളായ്
ദ്വിമാന,ത്രിമാനതയ്ക്കപ്പുറം 
വെറുമൊരുശൂന്യതയായ്..

Tuesday, January 12, 2016

ഒരു കുട്ടിപ്പാട്ട്.


കുളിരുപെയ്യും
പുലരിമഞ്ഞിന്നിടയിലൂടെ
വരുന്നതാരോ..
മാനമിട്ടു പുതച്ച
മേഘക്കച്ച മാറ്റി
വരുന്നതാരോ..
അങ്ങു ദൂരെ
മലഞ്ചെരുവിന്‍ പടികള്‍
കയറി വരുന്നതാരോ..
രാവു വന്നു
നിറച്ചു വെച്ചോരിരുളു
കുംഭമുടച്ചതാരോ..
അരിയുകില്ലെന്നമ്മയോതി
അറിയുകില്ലെന്നച്ഛനും
അറിയുമെന്നാല്‍
ഞാനതെന്റെ
സൂര്യഭഗവാന്‍
എന്ന സത്യം !
.

പ്രണയസാക്ഷാത്കാരം

മഞ്ഞുതുള്ളീ,
നീയെത്ര ഭാഗ്യവതിയാണ്!
നിന്റെ പ്രിയന്‍
ഉദയദിവാകരന്‍
നിന്നെ ഒന്നു ചുംബിക്കുമ്പോള്‍തന്നെ
ആ പ്രണയത്തില്‍
നീ അലിഞ്ഞില്ലാതാകുന്നുവല്ലോ,
അവനില്‍ ലയിക്കുന്നുവല്ലോ..!

Sunday, January 10, 2016


ചില സംഭവങ്ങളും കഥകളൊക്കെ നമ്മുടെ യുക്തിബോധത്തിനു മുന്‍പില്‍ ചോദ്യചിഹ്നങ്ങളാകാറുണ്ട്.. ഒരിക്കലും ഉത്തരം കിട്ടാതെ..

ഇത് എവിടെയോ വായിച്ച കഥയാണ്, അല്ലെങ്കില്‍ സംഭവം . ആരെഴുതി എന്നൊന്നും ഓര്‍മ്മയിലില്ല.

വിയററ്നാം  യുദ്ധകാലത്തോ മറ്റോ ആണ്. അമേരിക്കയില്‍ ഒരു കുടുംബം യുദ്ധഭൂമിയിലേയ്ക്കു പോയ  തങ്ങളുടെ ഓമനമകനെക്കുറിച്ച് യാതൊരു വിവരവും കിട്ടാതെ ആശങ്കാകുലരായി കഴിയുന്നു. ഒരു ദിവസം ഏതോ അടുത്തുള്ല നഗരത്തില്‍ നിന്ന്  അവര്‍ക്കൊരു ഫോണ്‍ കോള്‍ . അവര്‍ കാത്തിരുന്ന പൊന്നുമോന്റെ മധുരശബ്ദം അവര്‍ കേട്ടു. അവന്‍ ഉടനെ തന്നെ വീട്ടിലേയ്ക്കു വരുന്നുണ്ടത്രേ. ആ മാതാപിതാക്കളുടെ ആനന്ദത്തിന് അതിരില്ലായിരുന്നു.

" അച്ഛനും അമ്മയും എനിക്കൊരു സഹായം ചെയ്യണം. എന്റെ ഒരു കൂട്ടുകാരന്‍ കൂടി വരുന്നുണ്ട് എന്റെ കൂടെ. അവനെയും എന്നെപ്പോലെ തന്നെ കരുതണം "

" തീര്‍ച്ചയായും മോനേ, നിന്റെ കൂട്ടുകാരനും ഞങ്ങള്‍ക്കു നിന്നെപ്പോലെ തന്നെ. "

" പക്ഷേ, അവന് യുദ്ധത്തില്‍ ദയനീയമായി പരിക്കേറ്റിരുന്നു. ഒരു ലാഡ്മൈനില്‍ അറിയതെ ചവുട്ടി, അവന്റെ ഒരു കാലും കയ്യും ന്ഷടപ്പെട്ടു. അവനാകട്ടെ പോകാന്‍ മറ്റൊരിടവുമില്ല. അതുകൊണ്ടാണ് ഞാന്‍ അവനെയും കൊണ്ടുവരുന്നത്. "

" അയ്യോ അതു കഷ്ടമായിപ്പോയല്ലോ  മോനേ.  അങ്ങനെയെങ്കില്‍  അവന് നമുക്ക് അവിടെയെവിടെയെങ്കിലും താമസം ശരിയാക്കാന്‍ വേണ്ടതൊക്കെ ചെയ്തുകൊടുക്കം ."

"ഇല്ല അമ്മേ,  അവന്റെ ഒപ്പമേ ഞാന്‍ ഉണ്ടാവൂ. അതു ഞാന്‍ നിശ്ചയിച്ചതാണ്."

പക്ഷേ പിതാവിന് കൂടുതല്‍ പ്രായോഗികമായി  അക്കാര്യത്തേക്കുറിച്ചു മകനോടു പറയാനുണ്ടായിരുന്നു.

" മോനേ, അച്ഛന്‍ പറയുന്നതു കേള്‍ക്കൂ, ഇങ്ങനെയുള്ള ഒരാള്‍ നമ്മുടെ ജീവിതത്തിനു തന്നെ ഒരു ഭാരമാകും. നിന്റെ ജീവിതം ഇനി എത്രയോ ബാക്കിയുണ്ട്. ഇപ്പോള്‍ ചെയ്യുന്ന ഈ സഹായം നിന്റെ ഭാവിജീവിതത്തെ വളരെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് അവനെ നീ മറക്കുക. അവന്‍ മറ്റെന്തെങ്കിലും മാര്‍ഗ്ഗം കണ്ടുകൊള്ളും "

ഇത്രയും പറഞ്ഞപ്പോഴേയ്ക്കും ഫോണ്‍ സംസാരം  വിച്ഛേദിക്കപ്പെട്ടു. പിന്നീട് ഒരു വിവരവും മകനെക്കുറിച്ചില്ല. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ മകന്‍ ഉണ്ടായിരുന്ന നഗരത്തിലെ പോലീസിന്റെ ഹൃദയഭേദകമായ  സന്ദേശം അവര്‍ക്കു ലഭിച്ചു. അവരുടെ മകന്‍ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തത്രേ. മൃതദേഹം തിരിച്ചറിയാന്‍ മാതാപിതാക്കള്‍ എത്രയും വേഗം അവിടെ എത്തണമെന്ന് . തകര്‍ന്ന മനസ്സുമായ് അവര്‍ അപ്പോള്‍ തന്നെ അങ്ങോട്ടേയ്ക്കു തിരിച്ചു. അവിടെ എത്തിയപ്പൊഴാണ് ആ ഞെട്ടിക്കുന്ന സത്യം അവര്‍ തിരിച്ചറിഞ്ഞത്, തങ്ങളുടെ പൊന്നുമൊന്റെ ഒരു കയ്യും കാലും യുദ്ധത്തില്‍ നഷ്ടമായിരുന്നു എന്ന്.


Thursday, January 7, 2016

ഗാന്ധാരി

'' യദോ ധര്‍മ്മ സ്തതോ ജയ ""
വിധി - നിനക്കായി  മാറ്റിവെച്ചൊരാ ഘോര-
തന്മസ്സിന്നാഴങ്ങളില്‍ നിന്നു നീ സ്ഫുടം ചെയ്-
താര്‍ജ്ജിച്ചതല്ലേ മാതേ, മക്കള്‍ക്കായ് നീയീ മന്ത്രം !
എന്നിട്ടുമേതോ തമോ ഗര്‍ത്തതിലാണ്ടേ പോയി 
ധര്‍മ്മത്തിന്‍ ജ്യോതിര്‍രൂപ താരകം , മഹാ കഷ്ടം !
എന്തിനായ് ഒരു കരിംകച്ചയില്‍ പത്നീധര്‍മ്മ
വെളിച്ചം ഹരിച്ചു നീ സുബലജ ,  ഗാന്ധാരീ
എന്തിനായ് അമ്മേ നിന്റെ കണ്ണിലെ വെളിച്ചത്തെ 
അകറ്റി നിര്‍ത്തീ നീ നിന്‍ മക്കള്‍തന്‍ ഹൃദ്പാതയില്‍ 
ചാഞ്ഞുവീഴുന്നോരന്ധകാരത്തെയകറ്റാതെ ..
അവര്‍ക്കായ് എരിഞ്ഞീടും വിളക്കായ് മാറീടാതെ ..
ഇന്നില്ല ഗാന്ധാരവും കുരുവംശാരാമമവും
എങ്കിലും ഗാന്ധാരീ നീ ജീവിക്കുന്നുണ്ടീ മണ്ണില്‍
കണ്ണടച്ചിരുട്ടാക്കും കര്‍ത്തവ്യസ്വരൂപമായ്
അന്തരമൊന്നേയുള്ളു, ഇല്ലവര്‍ക്കോതീടുവാന്‍
വജ്രശോഭയൊടെന്നും മിന്നിയ മന്ത്രം മാത്രം
'യദോ ധര്‍മ്മ സ്തതോ ജയ ,,യദോ ധര്‍മ്മ സ്തതോ ജയ ;

കിനാക്കള്‍ക്കു വിട

കാറ്റു മൂളുന്ന പാട്ടിലിന്നു ഞാന്‍
കേട്ടു നേര്‍ത്ത താരാട്ടിന്നീണവും
വന്നു പോകുന്ന വത്സരങ്ങളാല്‍
തന്നു പോകുന്ന വര്‍ണ്ണജാലവും
എത്ര മെല്ലെയെന്‍  ഓര്‍മ്മതന്‍ കൊച്ചു
തോണിമെല്ലെ തുഴഞ്ഞു പോകവേ
മിന്നി മിന്നിത്തിളങ്ങി കടന്നുപോം 
കുഞ്ഞു സ്വപ്നപ്പരല്‍മീന്‍ കുരുന്നുകള്‍ 
എന്തിനായ് വന്നു മോഹം പകര്‍ന്നിട്ട-
ങ്ങോടി വേഗം മറഞ്ഞതെന്‍ കൂട്ടരേ
വേണ്ട നിങ്ങളെന്‍ നിദ്രയില്‍ വന്നു
നൃത്തമാടിത്തളര്‍ന്നു കുഴയേണ്ട 
നിങ്ങളില്ലാത്തൊരോളപ്പരപ്പിലേയ്-
ക്കെന്റെ രാവിനെ കൊണ്ടുപോയീടട്ടെ
നിങ്ങളില്ലാത്തൊരാകാശവീഥിയില്‍ 
എന്റെ നിദ്രയെ പാറിപ്പറത്തട്ടെ 
ചാഞ്ഞുറങ്ങുക നിങ്ങളീ മണ്ണി-
ലീനിഴല്‍പ്പാടു തീര്‍ത്തതല്‍പ്പത്തില്‍.
ഒന്നുമെല്ലെത്തഴുകിടാം പിന്നെ 
നെറ്റിമേല്‍ കൊച്ചു മുത്തമേകിടാം 
വിട്ടുപോകിലും നിങ്ങളെന്നുള്ളി-
ലെന്നുമുണ്ടാകുമേറ്റവും ശ്രേഷ്ഠ
ഗാനമായ് കൊച്ചു തെന്നാലായ് പിന്നെ 
മെല്ലെവന്നു തഴുകും സുഗന്ധമായ്...