Thursday, January 7, 2016

കിനാക്കള്‍ക്കു വിട

കാറ്റു മൂളുന്ന പാട്ടിലിന്നു ഞാന്‍
കേട്ടു നേര്‍ത്ത താരാട്ടിന്നീണവും
വന്നു പോകുന്ന വത്സരങ്ങളാല്‍
തന്നു പോകുന്ന വര്‍ണ്ണജാലവും
എത്ര മെല്ലെയെന്‍  ഓര്‍മ്മതന്‍ കൊച്ചു
തോണിമെല്ലെ തുഴഞ്ഞു പോകവേ
മിന്നി മിന്നിത്തിളങ്ങി കടന്നുപോം 
കുഞ്ഞു സ്വപ്നപ്പരല്‍മീന്‍ കുരുന്നുകള്‍ 
എന്തിനായ് വന്നു മോഹം പകര്‍ന്നിട്ട-
ങ്ങോടി വേഗം മറഞ്ഞതെന്‍ കൂട്ടരേ
വേണ്ട നിങ്ങളെന്‍ നിദ്രയില്‍ വന്നു
നൃത്തമാടിത്തളര്‍ന്നു കുഴയേണ്ട 
നിങ്ങളില്ലാത്തൊരോളപ്പരപ്പിലേയ്-
ക്കെന്റെ രാവിനെ കൊണ്ടുപോയീടട്ടെ
നിങ്ങളില്ലാത്തൊരാകാശവീഥിയില്‍ 
എന്റെ നിദ്രയെ പാറിപ്പറത്തട്ടെ 
ചാഞ്ഞുറങ്ങുക നിങ്ങളീ മണ്ണി-
ലീനിഴല്‍പ്പാടു തീര്‍ത്തതല്‍പ്പത്തില്‍.
ഒന്നുമെല്ലെത്തഴുകിടാം പിന്നെ 
നെറ്റിമേല്‍ കൊച്ചു മുത്തമേകിടാം 
വിട്ടുപോകിലും നിങ്ങളെന്നുള്ളി-
ലെന്നുമുണ്ടാകുമേറ്റവും ശ്രേഷ്ഠ
ഗാനമായ് കൊച്ചു തെന്നാലായ് പിന്നെ 
മെല്ലെവന്നു തഴുകും സുഗന്ധമായ്... 

4 comments:

  1. നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. സന്തോഷം സര്‍ , സ്നേഹം

      Delete
  2. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete