Monday, January 25, 2016

അമ്മേ! .. ഭാരതാംബേ ...നീ പൊറുക്കുക.

അമ്മേ !.. ഭാരതാംബേ ...
നിണം വാര്‍ന്ന വഴികളില്‍
നിന്നെ തനിച്ചാക്കി
പോകുന്നു നിന്റെ കൃതഘ്നരാം മക്കള്‍..
നീ കൊണ്ട വെയിലിന്റെ ചൂടും
നീ ഈറനായൊരാ പെരുമഴക്കാലത്തിന്‍
വിറകൊണ്ട ദുരിതപ്രളയത്തിന്റെ നോവും
നിന്നെ പുതപ്പിച്ച പുലര്‍കാലമഞ്ഞിന്റെ
കട്ടിക്കരിമ്പടം തന്നൊരാശ്വാസവും
നിന്‍ മുലക്കണ്ണിലൂടൊഴുകിയെത്തുന്നൊരാ
സ്നേഹാമൃതത്തിന്റെയൂര്‍ജ്ജവും മധുരവും
നീ പകര്‍ന്നേകിയ ജീവന്റെ ധാരയാം
നിന്‍ സിരാരക്ത-കല്ലോലിനീ തീര്‍ത്ഥവും
നീ കനിഞ്ഞേകിയ കാനനഛായയില്‍
പൂമരക്കുടനീര്‍ത്തി നീണ്ടുപോം പാതയും
കാണ്മതില്ലിന്നവര്‍, ഒരു നോക്കു കാണുവാന്‍
കണ്‍പാര്‍ത്തു നില്‍ക്കുവാന്‍
ഇല്ലവര്‍ക്കിന്നൊരു നിമിഷത്തിന്‍ കണികയും.
പകരം വളര്‍ത്തുന്നു, ജലമേകി വളമേകി
തീവ്രവാദത്തിന്റെ, പകയുടെ ,
വ്രണിതമാം  മതവികാരങ്ങള്‍ തന്‍
കപടമാം ദ്വേഷരാഷ്ട്രീയത്തിന്‍
വൈരുദ്ധ്യ വിഷമരക്കാടുകള്‍

അമ്മേ....! ഭാരതാംബേ...!
ജരാനരയ്ക്കുള്ളില്‍ നിന്‍ വാര്‍ദ്ധക്യമൊരു
നേര്‍ത്തതേങ്ങലായ് ,
നീറുന്ന ഹൃദയത്തിലുരുകിത്തിളയ്ക്കുന്ന
ദുഃഖത്തിന്‍ ലാവാപ്രവാഹമൊരു
കണ്ണുനീര്‍ച്ചാലായ് ഒഴുകുമ്പോഴും
നിന്റെ വിറയാര്‍ന്ന കൈത്തലം
നിന്റെ പ്രിയമക്കള്‍തന്‍
നെറുകയില്‍ വെച്ചു നീ
ചൊല്ലുന്നതെന്തോ.. പ്രാര്‍ത്ഥിപ്പതെന്തോ....
നിന്‍ നെഞ്ചു കീറിപ്പിളര്‍ക്കുമീ മക്കള്‍ക്കു,
നിന്നുടല്‍ ചുട്ടെരിക്കുന്നൊരീ നിര്‍ദ്ദയ
ക്കാട്ടാളരൂപരാം നിന്‍ പ്രിയ മക്കള്‍ക്കു
നല്‍കുവാന്‍ നിന്‍ കയ്യൊലെന്താണു മാതേ ...
സ്നേഹമോ, കോപമോ , താപമോ ശിക്ഷയോ..
നീയൊന്നു കോപിക്കിലാജഠരാഗ്നിയില്‍
മക്കളെപ്പോലും ദഹിപ്പിക്കയില്ലേ!
നിന്റെ താപത്തില്‍ നിന്‍ കണ്ണീര്‍പയോധിയില്‍
എല്ലം നിമജ്ഞനം ചെയ്യുകില്ലേ..
നിന്‍ ദീര്‍ഘനിശ്വാസമൊരുകൊടുങ്കാറ്റായ്
ആടുകില്ലേ രോഷതാണ്ഡവങ്ങള്‍!
ഒന്നു നീ മെല്ലെച്ചലിച്ചീടുകില്‍ നിന്റെ
മക്കള്‍തന്‍ മോഹസൗധങ്ങളതൊക്കെയും
ഭസ്മമായ് ഓര്‍മ്മച്ചിതാഭസ്മമായിടും .
ഒന്നുമോര്‍ക്കുന്നില്ല നിന്റെ മക്കള്‍
ഒന്നുമറിയുന്നില്ല നിന്റെ മക്കള്‍ ..
നിന്റെ മക്കള്‍ തന്നജ്ഞത ..
അവര്‍ തന്‍ കൃതഘ്നത ...
അമ്മേ പൊറുക്കുക , ഭാരതാംബേ ..
അമ്മേ പൊറുക്കുക , ഭാരതാംബേ ..





3 comments: