Monday, January 25, 2016

ഭാരതം എന്റെ നാടാണ്...

(അറിവുകള്‍ക്ക്  കടപ്പാട് - വിക്കിപീഡിയ )
.
ഭാരതം എന്റെ നാടാണ്.
എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്....
സ്കൂള്‍ ദിനങ്ങളെ ഓര്‍ക്കുമ്പോള്‍ രാവിലെ  അസംബ്ലിയില്‍ മുഴങ്ങിക്കേള്‍ക്കുകയും അതേറ്റുചൊല്ലുകയും ചെയ്യുന്ന അഭിമാനപൂര്‍ണ്ണമായ നിമിഷങ്ങള്‍ തലയെടുപ്പോടെ മനസ്സിലേയ്ക്ക് ഓടിക്കയറി വരുന്നില്ലേ. പുത്തന്‍ മണമുള്ല പാഠപുസ്തകങ്ങള്‍ ഓരോ വര്‍ഷവും കയ്യിലെത്തുമ്പോള്‍ ആദ്യം കണ്ടിരുന്നതും ഈ അക്ഷരമണിമാല്യത്തെയാണെന്ന് ഓര്‍മ്മിക്കുന്നുവോ? 
 ദേശിയഗാനം പോലെ തന്നെ  മാതൃരാജ്യത്തോടുള്ല സ്നേഹം ഹൃദയത്തിലേയ്ക്കാവാഹിച്ചു തന്നിരുന്ന പ്രാധാന്യമര്‍ഹിക്കുന്നൊരു ഘടകമായിരുന്നു ഈ ദേശിയപ്രതിജ്ഞ. 
ഈ പ്രതിജ്ഞ രൂപം കൊണ്ടത് 1962ല്‍ തെലുങ്കു ഭാഷയിലാണ്. 
വിശാഖപട്ടണത്ത് ജില്ലാ ട്രഷറി ഓഫീസറായിരുന്ന പ്രസിദ്ധ തെലുഗുസാഹിത്യകാരന്‍ പൈദിമാരി വെങ്കിടസുബ്ബറാവു ആണ് ഇത് എഴുതി തയ്യാറാക്കിയത്. അന്നത്തെ വിദ്യാഭ്യാസമന്ത്രിയുടെ കൈകളില്‍ ഈ പ്രതിജ്ഞ എത്തിയപ്പോള്‍ അതില്‍ ആകൃഷ്ടനായ അദ്ദേഹം സ്കൂളുകളില്‍ ചൊല്ലുന്നതിനായി നിര്‍ദ്ദേശം കൊടുത്തു. 1963 ല്‍ അങ്ങനെയാണ് വിശാഖപട്ടണത്തുള്ള വിദ്യാലയങ്ങളില്‍ ഇത് വ്യാപകമായി സ്വീകരിക്കപ്പെട്ടത്. 964-ൽ ബാംഗ്ലൂരിൽ ചേർന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി യോഗം, അതിന്റെ അദ്ധ്യക്ഷനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായ എം.സി. ചഗ്ലയുടെ നിർദ്ദേശപ്രകാരം സ്കൂളുകളിൽ ഈ പ്രതിജ്ഞ കുട്ടികളെക്കൊണ്ട് ചൊല്ലിപ്പിക്കുന്നതിന് തീരുമാനമെടുക്കുകയും തൊട്ടടുത്ത റിപ്പബ്ലിക്ക് ദിനമായ 1965 ജനുവരി 26-ന് ആ പതിവ് നിലവിൽ വരുകയും ചെയ്തു. ദേശീയ പ്രതിജ്ഞ പ്രാദേശിക ഭാഷകളിൽ വിവർത്തനം ചെയ്യണമെന്നും സ്കൂൾ പാഠപുസ്തകങ്ങളുടെ ആദ്യ താളിൽ അച്ചടിക്കണെമെന്നും സമിതി നിർദ്ദേശിച്ചു. 
എന്തുകൊണ്ടോ ദേശീയഗാനത്തിന്റെയും ദേശീയഗീതത്തിന്റെയും രചയിതാക്കള്‍ക്കു കൊടുത്തുപോരുന്ന ആദരവും പ്രാധാന്യവും ശ്രീ സുബ്ബറാവുവിനു ലഭിച്ചില്ല എന്നത് ഖേദകരമായൊരു സത്യമായ് അവശേഷിക്കുന്നു . 
ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന ആശയസംഹിതകളോട് നാമിന്ന് എത്രത്തോളം നീതിപുലര്‍ത്തുന്നു എന്നത് ചോദ്യം ചെയ്യപ്പെടുന്നു എങ്കിലും അവാച്യമായൊരു ആനന്ദാനുഭൂതിയേകുന്ന ഗൃഹാതുരതയോടെ, അതിലേറെ ഊഷ്മളമായ ദേശീയബോധത്തോടെ,  നമുക്ക് വീണ്ടും മനസ്സുകൊണ്ട് ഏറ്റു ചൊല്ലാം 
"ഭാരതം എന്റെ നാടാണ്.
എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്....
.......................
ജയ്ഹിന്ദ് "



4 comments:

  1. വാക്കിലെങ്കിലും സഹോദരീസഹോദരന്മാർ

    ReplyDelete
  2. സുപ്രീംകോമെഡി... 30.09.2020

    ReplyDelete