Tuesday, February 2, 2016

എന്റെ ബാല്യം

.
കണ്ണിലെ സൂര്യത്തിളക്കത്തില്‍ വജ്രമായ്
മിന്നുന്ന കണ്ണീര്‍ക്കണമാണെന്‍  ബാല്യം .
മുറ്റത്തെ മുക്കൂറ്റി മുല്ലയില്‍ മൊട്ടിട്ട
സ്വപ്നങ്ങള്‍ തന്‍ ശുഭ്രസൂനമാണെന്‍ബാല്യം
ചക്കരമാമ്പഴം വീഴ്ത്തുന്ന കാറ്റിനെ
കെട്ടിപ്പുണരുന്ന സ്വപ്നമാണെന്‍ ബാല്യം
രാവിലാകാശത്തു മിന്നുന്നുഡുക്കളില്‍
അച്ഛനെ കാണുവാന്‍ കണ്‍പാര്‍ത്തൊരെന്‍ ബാല്യം
അപ്പൂപ്പനോതും കഥകളും അമ്മൂമ്മ
പാടിയ  താരാട്ടും ചേര്‍ന്നതാണെന്‍ ബാല്യം
തിരുവോണമുറ്റത്തെ ഊഞ്ഞാലിലാടിയ
കോടിയുടത്തതാം ഓര്‍മ്മകള്‍ ബാല്യം
കാര്‍ത്തികദീപം കോളുത്തിവെച്ചാരെയോ
കാത്തിരിക്കുന്നതാം സന്ധ്യയാണെന്‍ ബാല്യം
താഴമ്പൂ മണമുള്ള തോട്ടിന്‍ കരയിലെ
തേനൂറും ശീലുള്ല കാറ്റിലാണെന്‍ ബാല്യം
കുന്നിന്‍ മുകളില്‍ നിന്നോടിമറയുന്ന
വെണ്‍മേഘത്തുണ്ടാണെന്നോര്‍മ്മയില്‍ ബാല്യം
ഓര്‍മ്മതന്‍ മാനത്തു വന്നു വിരിഞ്ഞോടി
മാഞ്ഞുപോം മാരിവില്ലാണെന്റെ  ബാല്യം

1 comment: