വേനൽ
=======
നീര്‍വറ്റി ജീവന്‍ വെടിഞ്ഞൊരീ പുഴതന്റെ
ആത്മാവു ദൂരേ പറന്നു പോയി..
തൊടിയിലോ തണലിനായ് കുടനീര്‍ത്തിനിന്നൊരാ
തേന്‍മാവുമൊങ്ങോ മറഞ്ഞുപോയി.
നിറകതിര്‍ കാണാതെ, ഏതോ വയല്‍പ്പക്ഷി
ചെറുകിളിക്കൊരു മണി തിരയുന്നു മണ്ണില്‍.
മലമുഴക്കിപ്പക്ഷി പിന്നെയും പിന്നെയും
കേഴുന്നു മാനത്തു കണ്ണുപാകി.
മീനക്കൊടുംതാപക്കാറ്റിലങ്ങുലയുന്നു
വേനല്‍മരത്തിന്റെ തീപൂത്ത ചില്ലകള്‍ .
ഗര്‍ഭത്തിലായിരം വിത്തുകള്‍ സൂക്ഷിച്ചു
കാത്തിരിക്കുന്നുണ്ടു ഭൂമി നിറകണ്ണുമായ്.
മഴമേഘമൊരുപാതി വഴി കടന്നെത്തിയി-
ട്ടെങ്ങോ പറന്നുപോയ് പരിഭവത്താല്‍.
ജീവജലം തേടി, വരളുന്ന ചൊടിയുമായ്
കിണറോരമെത്തുന്നു കുടവുമായ് പെണ്‍കൊടി
പാളയില്‍ കോരിയെടുക്കുവാന്‍ സ്നേഹനീര്‍
ഇല്ലയീ കിണറിൻ തുടിക്കുമാഴങ്ങളില്‍.
വാക്കുകള്‍ വറ്റി വരണ്ടൊരെന്‍ ഹൃദയത്തിന്‍
ഓര്‍മ്മകള്‍ വാടിത്തളര്‍ന്നു പോയി.
ഗ്രീഷ്മമാണെങ്ങും -ജ്വലിക്കുന്നവേനലില്‍
നിറമറ്റു പോകുന്ന കല്‍പനാജാലങ്ങള്‍!
ഒരു സാന്ത്വനത്തിന്റെ നിഴല്‍വിരിക്കാനെന്റെ
മഴമേഘമേ നീ വരികയില്ലേ വീണ്ടും ?
കൊടുംവേനലിൽ ഉരുകുന്ന മലയാളം
ReplyDeleteഹാ!എന്തൊരു ചൂട്!!
ReplyDeleteആശംസകള്‍