Tuesday, May 31, 2016

നമ്മുടെ കവികള്‍ -5 / കെ ജി ശങ്കരപ്പിള്ള

നമ്മുടെ  കവികള്‍ -5 /    കെ ജി ശങ്കരപ്പിള്ള
=====================================



ആധുനിക കവിതകളേക്കുറിച്ചു പറയുമ്പോള്‍ ഗദ്യകവിതകളുടെ പ്രസക്തി ഒന്നു വേറെതന്നെയാണ് . വൃത്ത താളങ്ങളുടെയൊന്നും പിന്‍ബലമില്ലാതെ, ആശയങ്ങളുടെ കാര്‍ക്കശ്യത്തെ ഉള്‍ക്കൊള്ളാവാവും വിധം പരുക്കന്‍ വാക്കുകളാല്‍ തീര്‍ത്തെടുക്കുന്ന കാവ്യസഞ്ചയങ്ങള്‍ . അതാണ് പ്രൊഫസ്സര്‍ ജി ശങ്കരപ്പിള്ളയുടെ കവിതകള്‍. 1970 കളില്‍ ബംഗാളെന്ന കവിതയോടെയായിരുന്നു അദ്ദേഹം പ്രശസ്തിയിലേയ്ക്കു കുതിച്ചത്. മഹാഭാരതത്തിന്റെ കൈപിടിച്ച് സമകാലീന വ്യവസ്ഥാദുരന്തങ്ങളെ കവിതയിലേയ്ക്കാവാഹിച്ച ഈ പുതുമയാര്‍ന്ന അവതരണം കാവ്യാസവാദകരുടെ മനം കവര്‍ന്നതില്‍ അതിശയിക്കാനില്ല. അതിദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട കീഴാളന്മാരുടെ തടുക്കാനവാത്ത മുന്നേറ്റത്തെ ഭീതിയോടെ കാണുന്ന വരേണ്യവര്‍ഗ്ഗത്തെ നമുക്കവിടെ കാണാം .

കെ ജി ശങ്കരപ്പിള്ളയുടെ കവിതകള്‍ മറ്റേതൊരു ആധുനികകവിതയ്ല്‍ നിന്നും വ്യത്യസ്തമായിരിക്കുന്നത് അതിലെ ഘടനാവിശേഷവും വാക്കുകളുടെ സ്പഷ്ടവും  മെരുങ്ങാത്തതുമായ പ്രയോഗ രീതികള്‍ കൊണ്ടുമാണ്.
കൃത്യമായ തുടക്കം.കൃത്യമായ ഒടുക്കം.കിറുകൃത്യമായ കാവ്യശില്‍പം.അമിതമായ കൃത്യതാബോധത്തെ പ്രതിനിധീകരിക്കുന്ന വഴക്കമില്ലാത്ത്ത ഭാഷയുടെ  ചുവടുകള്‍. പദസംഘാതങ്ങളുടെ സ്ഥിരം കസര്‍ത്ത് രീതികള്‍..ആണെങ്കിലും അതിലും അസാമാന്യമായൊരു ചാരുത .”ഒറ്റവെട്ടിന്‌ തീരുമായിരുന്നില്ലെ……പിന്നെയെന്തിനാണ്‌ ഇത്രയേറെ….” ഇത് അദ്ദേഹത്തിന്റെ വരികളാണ്.

1948ല്‍ ചവറയിലാണ്  ലാണ് കവിയുടെ ജനനം . കൊല്ലം എസ് എന്‍ കോളജ്, കേരള സര്‍വ്വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.  1971 ല്‍ അദ്ധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. ആ ജീവിതം 2002 ല്‍ ജോലിയില്‍ നിന്നു വിരമിക്കുന്നതുവരെ വിവിധ കലാലയങ്ങളിലായി  തുടര്‍ന്നു പോന്നു. എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലായിരിക്കേയാണ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഈ മഹാനുഭാവാന്‍ പടിയിറങ്ങുന്നത് . അതിനിടയില്‍ ഒരുപിടി ശ്രദ്ധേയമായ രചനകളും  പുസ്തകങ്ങളും ഒട്ടനവധി പുരസാകാരങ്ങളും . ഇദ്ദേഹത്തിന്റെ രചനകള്‍ പലതും ചൈനീസ് , ഫ്രഞ്ച് , ജര്‍മ്മന്‍ , ഇംഗ്ലീഷ്, സിന്‍ഹള തുടങ്ങി പലഭാഷകളി ലേയ്ക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റു ഭാഷകളിലെ ഒട്ടനവധി കൃതികള്‍ അദ്ദേഹം മലയാളത്തിലേയ്ക്കും വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്  . പ്രസക്തി, സമകാലീന കവിത തുടങ്ങിയ സാഹിത്യ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ആയിരുന്നു പ്രൊഫ . ശങ്കരപിള്ള 1998ല്‍  കേരള സാഹിത്യ അക്കാഡമി അവാർഡും  2002ല്‍  കേന്ദ്ര സാഹിത്യ അക്കഡമി അവാർഡും ലഭിക്കുകയുണ്ടായി. കൊച്ചിയിലെ വൃക്ഷങ്ങള്‍ (1994), കെ ജി ശങ്കരപ്പിള്ളയുടെ കവിതകള്‍ (1997), കെ ജി എസ്സ് കവിതകള്‍ (2008) എന്നിവയാണ് പ്രസിദ്ധീകരിച്ച പ്രധാന കവിതാ സമാഹാരങ്ങള്‍ .കെ.ജി. ശങ്കരപ്പിള്ള 1969 മുതൽ1996 വരെ രചിച്ച കവിതകളുടെ സമാഹാരമാണ് കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ. ഈ കൃതിക്ക് 1998-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. നാടകരംഗം പ്രതിപാദ്യമായുള്ള വിവിധരചനകളുടെ ഒരു സമാഹാരം സംവിധായക സങ്കല്പം എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ മുന്‍പന്തിയിലും അദ്ദേഹം ഉണ്ടായിരുന്നു . 'ജനനീതി'യുടെ അദ്ധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചു .
മിത്തുകളില്‍ നിന്നുദിച്ച മനസുള്ള ജോണ്‍ എബ്രഹാം, പ്രാണിപ്രപഞ്ചത്തിന്റെ സ്‌നേഹവുമായെത്തിയ ബഷീര്‍, വാക്കും വാഴ്‌വും രണ്ടല്ലാത്ത പ്രേംജി, പതിവു ചിട്ടകളെ തട്ടിമാറ്റിയ അയ്യപ്പപ്പണിക്കര്‍, നാടിന്റെ നടനായ മുരളി, ക്രുദ്ധദയാലുവായ ഒ വി വിജയന്‍, മുഴുവന്‍ ലാറ്റിനമേരിക്കയുടേയും ഹൃദയമായ നെരൂദ എന്നിങ്ങനെ ഒരു പിടി ആളുകളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന കെ ജി ശങ്കരപ്പിള്ളയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് 'മരിച്ചവരുടെ മേട് '.രിച്ചവരുടെ മേട്ടില്‍ നിന്ന് ഓര്‍മ്മയുടെ താഴ്‌വാരത്തിലേയ്ക്ക് പുനര്‍ജ്ജനിക്കുന്ന ഓര്‍മ്മയുടെ 25 കുറിപ്പുകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.



.
ഒരുപ്പൂ / കെ.ജി.ശങ്കരപ്പിള്ള
=========================
പൊന്നണിഞ്ഞു നീ തുടുത്ത നാൾ
കൊയ്തെടുത്ത് കെട്ടിയതല്ലേ
നിന്നെ അവൻ ?
മെതിച്ചതല്ലേ
കൊഴിച്ചതല്ലേ
ചെമ്പ് കുട്ടകത്തിൽ പുഴുങ്ങിയതല്ലേ
പൊരിവെയിലിലുറക്കിയതല്ലേ
കുത്തിക്കുത്തി ഉള്ളെടുത്തതല്ലേ
കൊന്നോർക്കും വെന്നോർക്കുമെല്ലാം
അന്നമാക്കി വിളമ്പിയതുമല്ലേ
നിന്നെ അവൻ

എന്നിട്ടുമെന്തിനാ സീതേ
അവൻ വീണ്ടും വരുമ്പോൾ
പ്രിയം നടിക്കുമ്പോൾ
നിലമൊരുക്കുമ്പോൾ
സമ്മതം തൊട്ടു നോക്കുമ്പോൾ
തൊഴിച്ചകറ്റാതെ നീയവനെ
ചിരിച്ചേൽക്കുന്നെ ?

ചിരിയല്ലാതൊരു ക്യഷിയെന്തെൻ ചേച്ചീ
എനിക്കെൻ
കണ്ണീർപ്പാടത്തിനി
വൈകീയറിയാൻ
വല്ലോരുടെയായെൻ വയലെന്ന്

തെരുവ് വിളക്കിൻ കാലുകൾ പോലെ
നെല്ലിൻ ത്ണ്ടുകൾ കിളരും
കതിരുകൾ വിളയും
വയലേലകളിപ്പോഴുമുണ്ടെൻ കനവിൽ
പാലക്കാട്ടും പായിപ്പാട്ടും ത്യശ്ശൂരും...
ഭാഗ്യം
കനവിൽ ഇരുപ്പൂ മുപ്പൂ
വിളവുണ്ടിന്നും
===============================================

Monday, May 30, 2016

നമ്മുടെ കവികള്‍-4/ ആറ്റൂര്‍ രവിവര്‍മ്മ



നമ്മുടെ കവികള്‍-4/  ആറ്റൂര്‍ രവിവര്‍മ്മ
=================================




പേപ്പര്‍  വെയിറ്റ് ആകുന്നതിനേക്കാള്‍   പേപ്പറായി പറന്നു നടക്കുകയാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ കവിയാണ് മലയാള സാഹിത്യത്തിന് ആറ്റിക്കുറുക്കിയ കവിതകള്‍ സമ്മാനിച്ച ശ്രീ  ആറ്റൂര്‍  രവിവര്‍മ്മ.അമ്പത്തഞ്ചുവര്‍ഷം നീളുന്ന കാവ്യസപര്യയില്‍ അദ്ദേഹം എഴുതിയത് ഏതാണ്ട് നൂറ്റിനാല്‍പതോളം കവിതകള്‍ മാത്രം!  നിരൂപകര്‍ ഉദാഹരണങ്ങള്‍ ഏറെ നിരത്തി മുന്നോട്ടു വെയ്ക്കുന്നൊരു വാദമാണ്  ആറ്റൂര്‍ , ക്ലാസ്സിസത്തേയും ആധുനികതയേയും കൂട്ടിയിണക്കുന്ന കവിയെന്നത് . എങ്കിലും വായനയിലൂടെ കിട്ടുന്ന തെളിവ് സമകാലീന കവികളില്‍ നിന്ന് വളരെ ദൂരെയാണ് ഈ കവി എന്നതാണ്.

പണ്ടു നാം മൊട്ടയും  വിക്കനും കൂറ്റനും
കോലനും കൂടി മലയ്ക്കു പോകുമ്പോള്‍
അവിടം മുഴുവന്‍ വിളഞ്ഞു നില്‍ക്കുന്നു
മൌനവും പാട്ടും തണലും വെളിച്ചവും
രസമുള്ള പേടിയും സ്വാതന്ത്ര്യവും ..
ഒരു കാലഘട്ടത്തിന്റെ മിഴിവാര്‍ന്ന ചിത്രം ഏതാനും വാക്കുകളില്‍ വരച്ചിട്ടിരിക്കുന്ന ഈ ലാളിത്യവും ഗഹനതയുമാണ്  ആറ്റൂര്‍ കവിതകളിലെ അന്യാദൃശമായ ഉള്‍ക്കരുത്ത്. വാക്കുകള്‍ ഏറ്റവും കുറച്ചു പറയുക, കൂടുതല്‍ ധ്വനിപ്പിക്കുക എന്ന രീതികൊണ്ട് വേറിട്ടുനിന്ന കവിതകളാണ് അദ്ദേഹത്തിന്റെ രചനകളില്‍ ഏറെയും ."വേഗം നടക്കുന്നോരാളുകളെല്ലാരും ഞാനൊരമാന്തക്കൊടിമരമല്ലോ' (സ്വകാര്യം) എന്നാണ്  കവി സ്വയം  രേഖപ്പെടുത്തിയിട്ടുള്ളത്. 1957 ല്‍ രചന നിര്‍വ്വഹിച്ച് 'കവിത' പുസ്തകരൂപത്തില്‍ പുറത്തുബരുന്നത് രണ്ടു ദശാബ്ദത്തിനു ശേഷമാണ് എന്ന വസ്തുത ഈ അമാന്തത്തിനു നല്ലൊരുദാഹരണം മാത്രം .  

""ഞാന്‍ കുറച്ചേ എഴുതിയിട്ടുള്ളൂ. വിഷംപോലെയും മരുന്നുപോലെയുമാണ് എന്റെ എഴുത്ത്. സദ്യപോലെയല്ല. എന്നിട്ടും അത് സ്വീകരിക്കപ്പെടുന്നു എന്നതില്‍ സന്തോഷമുണ്ട്'' എന്ന് ആറ്റൂര്‍ പറയും. കാരണം, തന്റെ കവിത ജനകീയമല്ല, താനത്ര ജനപ്രിയനല്ല, അങ്ങനെ ആവേണ്ടതുമില്ല എന്നുതന്നെ അദ്ദേഹം കരുതുന്നു. ""ഞാനൊരു "സെല്ലി'ല്‍ സംസാരിക്കുന്നവനാണ്, പൊതുയോഗത്തെ അഭിമുഖീകരിക്കുന്നവനല്ല'' എന്നും കവിയുടെ വാക്കുകള്‍. 


തൃശ്ശൂർ ജില്ലയിലെ ആറ്റൂരിൽ 1930 ഡിസംബർ 27 ന് കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണി-യമ്മയുടെയും മകനായി ജനനം. ചെറുതുരുത്തി, ചേലക്കര, ചാലക്കുടി, ഷോര്‍ണൂര്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍നിന്ന്‍ ഉന്നത വിദ്യാഭ്യാസം. മലയാളത്തില്‍ എം.എ ബിരുദം. സര്‍ക്കാര്‍ കോളേജുകളില്‍ ജോലി ചെയ്തു വിരമിച്ചു. സാഹിത്യ അക്കാദമി ജനറൽ കൌൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു. 1976 മുതൽ 1981 വരെ കോഴിക്കോട് സർവ്വകലാശാലാ സിണ്ടിക്കേറ്റ് മെമ്പർ ആയിരുന്നു.

ജനിച്ചു വളര്‍ന്ന സാഹചര്യത്തില്‍ നിന്ന് ഒരുപാടു ദൂരം വഴിമാറി സഞ്ചരിച്ചയാളാണ് കവി . മലഞ്ചെരുവിലെ കൊച്ചു ഗ്രാമത്തില്‍ ഉത്സവങ്ങളും തോരാമഴയും പാതിരാവരെ നീളുന്ന കൊയ്ത്തും മെതിയും ആഘോഷമായ് കഴിഞ്ഞ ബല്യകൗമാരങ്ങള്‍ . അന്നു നിലനിന്നു പോന്ന ഫ്യൂഡല്‍ വ്യവസ്ഥിതി അങ്ങേയറ്റം അന്ധവും ക്രൂരവുമായി  അടിയും കുടിയൊഴിപ്പിക്കലും അയിത്തവും ആയി വളര്‍ന്നെത്തിയ കാലം.   മുതിര്‍ന്നവര്‍ക്കൊപ്പം പുതിയൊരാശയത്തിന്റെ ലോകത്തിലേയ്ക്ക്  കൗമാരക്കാരായ കവിയും കൂട്ടരും അറിയാതെ എത്തപ്പെടുകയായിരുന്നു . കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേയ്ക്കുള്ള ആകര്‍ഷണം അങ്ങനെയായിരുന്നു . പഠനശേഷമുള്ള യാത്രകളും ചിന്തകളില്‍ പുരോഗമനം വെളിച്ചം പകര്‍ന്നുകൊടുത്തു.

കവിത, കേരള കവിതാഗ്രന്ഥവരി, ആറ്റൂർ രവിവർമ്മയുടെ കവിതകൾ ഭാഗം1, ആറ്റൂർ രവിവർമ്മയുടെ കവിതകൾ ഭാഗം2, ആറ്റൂര്‍ കവിതകള്‍ എന്നിവയാണ് കവിതാസമാഹാരങ്ങള്‍. ജെ.ജെ ചില കുറിപ്പുകൾ (നോവൽ , സുന്ദര രാമസ്വാമി),ഒരു പുളിമരത്തിന്റെ കഥ (നോവൽ, സുന്ദര രാമസ്വാമി), രണ്ടാം യാമങ്ങളുടെ കഥ (നോവൽ, സെൽമ), നാളെ മറ്റൊരു നാൾ മാത്രം (നോവൽ, ജി.നാഗരാജൻ), പുതുനാനൂറ് (59 ആധുനിക കവികളുടെ കവിതകൾ), ഭക്തികാവ്യം (നായനാർമാരുടെയും ആഴ്വാർമാരുടെയും വിവർത്തനങ്ങൾ) എന്നിവ തമിഴില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പുതുമൊഴി വഴികൾ എന്ന പേരില്‍ യുവകവികളുടെ കവിതകള്‍ എഡിറ്റ്‌ ചെയ്ത് അവതരിപ്പിച്ചു. എഴുത്തച്ഛൻ പുരസ്കാരം (2012), പ്രേംജി പുരസ്‌കാരം (2008), കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ചെന്നൈ ആശാൻ സമിതി ഏർപ്പെടുത്തിയ ആശാൻ പുരസ്കാരം, പി.കുഞ്ഞിരാമൻ നായർ പുരസ്കാരം, കേരളസാഹിത്യ അക്കാദമിയുടെയും കേന്ദ്രസാഹിത്യ അക്കാദമിയുടെയും വിവർത്തനത്തിനുള്ള പുരസ്കാരങ്ങൾ, ഇ.കെ.ദിവാകരൻ പോറ്റി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ശ്രീ ആറ്റൂർ രവിവർമ്മ ഒരു സഞ്ചാരപ്രിയനായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നാട്ടുംപുറത്തു ജനിച്ചുവളർന്ന ഒരാൾക്കാവും പുറം ലോകത്തേക്ക് പോകുവാൻ ഏറെ ആഗ്രഹം. ഓരോ യാത്രയും കാറ്റ് പോലെയും മഴ പോലെയുമാണ്. അവയൊക്കെ തന്നെ ഓരോ പുസ്തകങ്ങൾ വായിക്കുന്ന അനുഭവവും. അനേകം തമിഴ് കൃതികൾ അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട് .ആധുനിക തമിഴ് സാഹിത്യം മലയാളത്തിലേക്ക് പ്രവേശിപ്പിക്കുന്നതിലൂടെ അദ്ദേഹം ചെയ്തത് ഒരു ഭാഷയുടെ മൊഴിമാറ്റമായിരുന്നില്ല ഒരു സംസ്കാരത്തിന്റെ വിവർത്തനമായിരുന്നു. മറ്റു ഭാഷകളില്‍ നിന്നുള്ള മൊഴിമാറ്റത്തേക്കാള്‍ അദ്ദേഹം ഇഷ്ടപ്പെട്ടതും തമിഴില്‍ നിന്നുള്ളതായിരുന്നു.


ശ്രീ അറ്റൂർ രവിവർമ്മ കേരളത്തിലെ പല കോളേജുകളിലും ഭാഷാ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . വിമർശന സാഹിത്യം പഠിപ്പിക്കുവാനായിരുന്നു അദ്ദേഹത്തിന് ഏറെ താല്പര്യം. അതും പാശ്ചാത്യ വിമർശന സാഹിത്യം. ഒരു പക്ഷെ അത് വളരെ വിപുലവും, കാലത്തിനനുസൃതമായി മാറിക്കൊണ്ടിരിക്കുന്നതും ആയിരുന്നതിനാലാവണം. ഏതൊരു നല്ല അദ്ധ്യാപകനും ഒരു നല്ല വിദ്യാർത് ഥിയാണ്. അവർ പഠിക്കുകയാണ്, പഠിക്കുന്നത് വിദ്യാർത്ഥികൾക്ക് പകരുകയാണ് അവർ ചെയ് യുന്നത്. പലപ്പോഴും ഒരാശയം തന്നെ നാല്പതോ അൺപതോ കുട്ടികളിൽ എത്തിക്കണമെങ്കിൽ നടനായും, വെളിച്ചപ്പാടായും, കഥാകാരനായുമൊക്കെ മാറാൻ കഴിഞ്ഞാൽ മാത്രമെ ഒരു സാധാരണ ക്ലാസ്സിൽ ഒരാൾ ഒരു യഥാർത്ഥ അദ്ധ്യാപകനാകുകയുള്ളു എന്നദ്ദേഹം വിശ്വസിച്ചിരുന്നു.ഏതൊരു അദ്ധ്യാപകനും ഭാഷാപാടവം ഉണ്ടായിരിക്കണം,എങ്കിൽ മാത്രമെ പറഞ്ഞു മനസ്സിലാക്കുവാൻ കഴിയുകയുള്ളൂ.അതിൽ വിജയിച്ച ഒരദ്ധ്യാപകനായിരുന്നു ശ്രീ ആറ്റൂർ. നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ശ്രീ ആറ്റൂര്‍ രവിവര്‍മ്മയെന്ന അദ്ധ്യാപന്റെ ശിഷ്യഗണത്തില്‍ പെടുന്നു.മുന്‍മന്ത്രി കെ ബാലന്‍, പാട്യം ഗോപാലന്‍ എന്നിവരൊക്കെ ഈ ഗണത്തിലുള്ളവര്‍
കവിത പഠിപ്പിക്കുവാൻ അദേഹത്തിന് ഏറെ താല്പര്യം ഇല്ലായിരുന്നു. കവിത ആർക്കും പഠിപ്പിക്കുവാൻ കഴിയില്ല, അത് അനുഭവിക്കാനെ  കഴിയൂ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഒരഭിമുഖത്തില്‍ തനിക്കേറ്റവും ഇഷ്ടമുള്ള കവിത എന്നു പറഞ്ഞ് അദ്ദേഹം ആലപിച്ചത് 'പാരമ്പര്യം ' എന്ന കവിതയാണ് .
'മുത്തച്ഛന്നു പഥ്യം
വരകളും കുറികളുമുള്ള ബ്രിട്ടീഷ് കൊടി
അദ്ദേഹം അംശം അധികാരിയായിരുന്നു .
അച്ഛന്റെ കയ്യില്‍ മൂന്നു നിറമുള്ള കൊടി
അദ്ദേഹം സ്വാതന്ത്ര്യസമര ഭടനായിരുന്നു .
ഞാന്‍ പിടിച്ചതു ചെങ്കൊടി .
എന്റെ പേരന്റെ കയ്യില്‍
അമ്പതു നക്ഷത്രങ്ങളുള്ള
അമേരിക്കന്‍ ഐക്യ നാടു കൊടി . 

ശ്രീ ആറ്റൂർ രവിവർമ്മയെക്കുറിച്ച് അനവർ അലി സംവിധാനം ചെയ്ത ഡോക്യുമെന്ററിയായ 'മറുവിളി' 2016 ഏപ്രിൽ 2 ന് പട്ടാമ്പി കോളേജിൽ വച്ചു നടക്കുന്ന 'കവിതയുടെ കാർണിവലിൽ' പ്രദർശിപ്പിച്ചിരുന്നു.

അദ്ദേഹത്തിന്റെ പ്രസിദ്ധമായ മറ്റൊരു കവിത . 

മേഘരൂപന്‍ , ആറ്റൂര്‍ രവിവര്‍മ്മ.
---------------------------------------------
 ആറ്റൂര്‍‌ രവിവര്‍മ്മയുടെ കവിതകള്‍
സഹ്യനെക്കാള്‍ തലപ്പൊക്കം
നിളയേക്കാളുമാര്‍ന്ദ്രത
ഇണങ്ങിനിന്നില്‍; സല്‍‌പുത്ര-
ന്മാരില്‍ പൈതൃകമിങ്ങനെ!

നിനക്കെഴുതുവാന്‍ പൂഴി
വിരിപ്പൂ ഭാരതപ്പുഴ
നിനക്കു കാണുവാന്‍ മാനം
നീര്‍ത്തുന്നു വര്‍ണ്ണപുസ്തകം

നിനക്കു മഞ്ഞുകുപ്പായം
തുന്നുന്നു തിരുവാതിര
പടിക്കല്‍ വന്നു കൂകുന്നു
പട്ടണിപ്പൊന്നുഷസുകള്‍

ഇടുങ്ങിയ നിരപ്പായ,
തേഞ്ഞപാതകള്‍ വിട്ടുനീ
ഉന്നതങ്ങളില്‍ മേഘങ്ങ-
ളൊത്തുമേയുന്ന വേളയില്‍

പൊന്‍‌കോലം കേറ്റുവാന്‍ കുമ്പി-
ട്ടീലല്ലോ നിന്റെ മസ്തകം
ഇരുമ്പുകൂച്ചാ‍ല്‍ ബന്ധിക്ക-
പ്പെട്ടീലല്ലോ പദങ്ങളും

ഉന്നം തെറ്റാത്ത തോക്കിന്നു-
മായീലാ നിന്നെ വീഴ്തുവാന്‍
കേമന്മാരോമനിച്ചാലും
ചെവി വട്ടം പിടിച്ചൂ നീ

നീയിന്നാ മേഘരൂപന്റെ
ഗോത്രത്തില്‍ ബാക്കിയായവന്‍ ,
ഏതോ വളകിലുക്കം കേ-
ട്ടലയും ഭ്രഷ്ടകാമുകന്‍

അണുധൂളിപ്രസാരത്തി-
ന്നവിശുദ്ധദിനങ്ങളില്‍
മുങ്ങിക്കിടന്നു നീ പൂര്‍വ്വ-
പുണ്യത്തിന്‍ കയങ്ങളില്‍

നീ കൃഷ്ണശിലതന്‍ താളം!
വിണ്ണിലോലുന്ന നീലിമ!
ആഴിതന്‍ നിത്യാമാം തേങ്ങല്‍ !
പൌര്‍ണ്ണമിക്കുള്ള പൂര്‍ണ്ണത!

അന്ധര്‍ നിന്‍ തുമ്പിയോ കൊ‌മ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം

Friday, May 27, 2016

ഞാന്‍

ഹേ സൂര്യ...

ഒരു മഞ്ഞുതുള്ളിയാമെന്നെനീ 
മൃദുസ്നേഹ-
രശ്മിയാലെന്തിന്നു വജ്രമാക്കി!
പിന്നെ നീയെന്തിനായ് 
താപക്കരുത്തിനാല്‍
ബാഷ്പമായ് 
എന്നെയദൃശ്യയാക്കി!
ഇനി ഞാന്‍ പിറന്നിടാം 
സായന്തനത്തില്‍ 
ഒരു മാരിവില്ലായി 
പൂര്‍വ്വംബരത്തിന്റെ 
ഇരുള്‍കോണില്‍ മറയുവാന്‍ !

Thursday, May 26, 2016

നമ്മുടെ കവികള്‍ - 3 / കുരീപ്പുഴ ശ്രീകുമാര്‍

നമ്മുടെ കവികള്‍  - 3
 കുരീപ്പുഴ ശ്രീകുമാര്‍
=================

കാരുണ്യത്തിന്റെ ഉറവയും സഹജീവികളോടുള്ള സ്നേഹവും മനുഷ്യത്വത്തിലുള്ള വിശ്വാസവും വറ്റിവരളാത്തൊരു നദി പോല കരളിൽ പേറുന്ന പ്രിങ്കരനായ ജനകീയ കവി  ശ്രീ കുരീപ്പുഴ ശ്രീകുമാറാണ് ഇന്നു നമ്മള്‍പരിചയം പുതുക്കുന്ന കവി .
 ജീവിതത്തോടും കാലത്തോടും സത്യസന്ധത പുലർത്തി സങ്കടങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും നാടിന്റെ  നഷ്ടസ്വപ്നങ്ങളും  മോചനപ്രതീക്ഷകളും ഒക്കെ കവിതകളാക്കി നമുക്കു മുന്നില്‍ കാപട്യമില്ലാത്തൊരു വിസ്മയലോകം തുറന്നു വെയ്ക്കുന്ന ഈ മഹാപ്രതിഭയുടെ ജീവിതവഴികളിലൂടെയുള്ള യത്ര  ഓര്‍ക്കാപ്പുറത്തു പൂക്കുന്നൊരു ചെമ്പരത്തി'യില്‍ നിന്നും 'കാക്കക്കറുപ്പുള്ള നട്ടുച്ചക്ളിലേയ്കൊരു തീര്ത്ഥയാത്രയാണ്. 


1955 ഏപ്രില്‍ 10ന് , കൊല്ലം ജില്ലയില്‍, അഷ്ടമുടിക്കായലിന്റെ ഓളങ്ങളുതിര്‍ക്കുന്ന നിലയ്ക്കാത്ത ഗാനനിര്‍ഝരി കേട്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന കുരീപ്പുഴഗ്രാമത്തില്‍ പി.എൻ. ശാസ്ത്രിയുടേയും കെ.കമലമ്മയുടേയും മകനായി ജനനം .വള്ളിക്കീഴു യു പി സ്കൂളിലും എസ്സ് എം ഹൈസ്കൂളിലും കൊല്ലം എസ്സ് എന്‍ കോളേജിലുമായി വിദ്യാഭ്യാസം .
ഓര്‍മ്മയുടെ അങ്ങേത്തലയ്ക്കല്‍ ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന ചിത്രം അപ്പൂപ്പന്റേതാണ്. ശ്രീ നാരായണഗുരുവിന്റെ അനുഗ്രഹാശ്ശിസ്സുകളൊടെ ഉന്നത  വിദ്യാഭ്യാസം നേടി അദ്ധ്യാപകനായി ജീവിതം നയിച്ച്  ഒരു മഹാജ്ഞാനിയുടെ ആദ്യപേരക്കുട്ടി. അതുകൊണ്ടുതന്നെ അപ്പൂപ്പന്റെ പ്രത്യേകമായ സ്നേഹവാത്സല്യങ്ങള്‍ക്കവകാശി.  ശ്രീകുമാറിനെ ശ്രീകുമാരാ എന്നു വിളിച്ചത് അപ്പൂപ്പനെക്കൂടാതെ മറ്റൊരാള്‍ മാത്രം - അത് ഖസാക്കിന്റെ ഇതിഹാസകാരന്‍ . അപ്പൂപ്പന്റെ സ്നേഹാതിരേകത്തോടെയുള്ല ശിക്ഷണം ചിന്താപഥങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനുതകുന്നതായിരുന്നു. അതിലൊന്നാണ് അദ്ദേഹം വിവര്‍ത്തനം ചെയ്ത ഭഗവത്ഗീതയുടെ നിര്‍ബ്ബന്ധപാരായണം . അത്താഴം ലഭിക്കാന്‍ വേണ്ടി ചെയ്തു തുടങ്ങിയെങ്കിലും ആ പാരായണം നല്‍കിയ പാഠങ്ങളും ചിന്തകളും അനവധി . ആദ്യവിപ്ളവവും അവിടെ തുടങ്ങി, ഒരുപാടു ചിന്തകള്‍ മനനം ചെയ്ത് ഒടുവില്‍ എവിടെയും എത്താതെ ഭഗവത്ഗീത ബഹിഷ്കരിക്കുക എന്നത്.

ശ്രീനാരായണഗുരുവിനടുത്തെത്തുന്നതിനു മുന്‍പ് അപ്പൂപ്പന്‍ നയിച്ചിരുന്ന ദുരിതപൂര്‍ണ്ണമായ ജീവിതത്തേക്കുറിച്ചുള്ല കേട്ടറിവ് , ജാതിചിന്തയോടുള്ള കടുത്ത വെറുപ്പായി മനസ്സില്‍ കൊണ്ടുനടന്നിരുന്ന ബാലനായ ശ്രീകുമാര്‍ , സഹപാഠികളൊട് താന്‍ മുസ്ളിം ആണെന്നു പറയാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. ജാതിവേര്‍തിരിവുകൊണ്ടു കടന്നുകൂടിയ അപകര്‍ഷതാബോധം ഒഴിച്ചാല്‍ എല്ലാം കൊണ്ടും സമ്പന്നവും ആഹ്ലാദപൂര്‍ണ്ണവുമായിരുന്നു ബാല്യകാലം. ഉദ്യോഗസ്ഥരായിരുന്ന മാതാപിതാക്കളും സമ്പന്നമായ കുടുംബപശ്ചാത്തലവും അംഗീകരിക്കപ്പെടാന്‍ എവിടെയും ഉപാധിയായ് നിന്നു. കുട്ടിക്കാലം മുതലേ ജാതീയതയുടെ അവഗണനയെ എന്നും അവഗണിക്കുകയും  ജാതീയതയെയും മത വീക്ഷണത്തെയും ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു . അതിനായി പുസ്തകങ്ങളില്‍ ശരണം പ്രാപിച്ചു. അതിരുകളില്ലാത്ത സൌഹൃദങ്ങള്‍ ഉണ്ടാക്കി. ജാതിയോടും മതത്തോടുമുള്ള പ്രതിഷേധ പ്രവര്‍ത്തനം കൂടിയായിരുന്നു ആ ജീവിതം.
കൂട്ടുകുടുംബത്തിന്റെ അന്തരീക്ഷത്തില്‍ കഴിഞ്ഞ കുട്ടിക്കാലം. കൂട്ടുകുടുംബത്തിന്റെ അസൗ കര്യങ്ങളും സൗകര്യങ്ങളും ഒപ്പം അളവറ്റ വാത്സല്യവും  അനുഭവിച്ച ബാല്യം അവഗണനയുടെ കയ്പ്പും രുചിച്ചിട്ടുണ്ട്.  ഏറ്റവും കൂടുതല്‍ ബാധിച്ചിരുന്നത്  അവഗണനയായിരുന്നെങ്കിലും അന്നറിഞ്ഞനുഭവിച്ചിരുന്ന വാത്സല്യത്തെ   വീണ്ടെടുക്കാനാണ് കവി ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത് .  അമ്മാവന്‍മാരും കുഞ്ഞമ്മയുമൊക്കെ കാണിച്ചിരുന്ന ഓമനത്വം, വാത്സല്യം  അവയെ ഓര്‍ക്കാനും അവയില്‍ മുഴുകാനുമാണ്  താല്‍പര്യപ്പെടുന്നത്.പുരോഗമനപരമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നവരുടെ കുടുംബത്തിലാണ് ജനനം എന്നത് സമൂഹത്തെ കൂടുതല്‍ വ്യക്തതയോടെ നോക്കിക്കാണാനുള്ള ഒരു കണ്ണാടിയായി .സമൂഹത്തിലെ അരക്ഷിതരുടെ താവളത്തിലേയ്ക്കു ചേക്കേറാനും അവരുടെ വേദനകള്‍ തുടച്ചു നീക്കാന്‍, അവര്‍ക്കാശ്വസമായി ചേര്‍ന്നു നില്‍ക്കാന്‍ , താനുമൊരു ദളിതനെന്ന തിരിച്ചറിവ് പ്രചോദനമായി .

കുട്ടിക്കാലത്ത് ഈശ്വരഭക്തിയുണ്ടായിരുന്നുവെങ്കിലും പിന്നീടെപ്പോഴോ വഴിമാറി നടന്നു. ഈശ്വരനെ കാണാനോ, ഇണങ്ങാനോ പിണങ്ങാനോ കഴിയാതിരിക്കുമ്പോള്‍ എങ്ങനെ ആ ശക്തിയില്‍ വിശ്വസിക്കും ! തന്നെയുമല്ല, മതത്തിന്റെ വഴിയിലൂടെ മാത്രമേ ഈശ്വരനിലേയ്ക്ക് എത്തിപ്പെടുകയുമുള്ളു. സകലരും പറയുന്നതുപോലെ ഈ പ്രപഞ്ചം നിയന്ത്രിക്കുന്ന അദൃശ്യമായ ആ ശക്തിയേയും അതിലേയ്ക്കു നയിക്കുന്ന മതത്തേയും ഉപേക്ഷിച്ച് പ്രകൃതിയിലേയ്ക്കും യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കും ചിന്തകളെ തിരിച്ചുവിടാന്‍ പ്രേരിപ്പിച്ചത് ഗഹനമായ വായന തന്നെ . ജീവിതത്തെ കാര്‍ന്നു തിന്നാനെത്തിയ ഞണ്ടിനേപ്പോലും ആട്ടിയോടിക്കാന്‍ സഹായിച്ചത് ദൈവവിശ്വാസമായിരുന്നില്ല, മറിച്ച് ശാസ്ത്രാവബോധവും അതിരറ്റ സ്നേഹവുമാണെന്ന് കവി ഉറച്ചു വിശ്വസിക്കുകയും അതു സമൂഹത്തോടു മടി കൂടാതെ വിളിച്ചു പറയുകയും ചെയ്യുന്നു. .

നന്നേ ചെറുപ്പത്തില്‍ തന്നെ കവിതയുടെ ലോകത്ത് എത്തിപ്പെട്ടു. വീട്ടിലെ പുസ്തകശേഖരവും അദ്ധ്യാപികയായ അമ്മ വായനശാലയില്‍ നിന്നു കൊണ്ടുവരുന്ന പുസ്തകങ്ങളും കൂട്ടുകാരായിരുന്നു. ആറാം ക്ലാസ്സില്‍ അപിക്കുമ്പോള്‍ ആദ്യ കവിത എഴുതി
ഏറ്റവും മഹത്തായതും ഉദാത്തവുമായ ആവിഷ്കാര രൂപം തന്നെ കവിത എന്ന് ഇടപ്പള്ളിയും ചങ്ങമ്പുഴയും വൈലോപ്പിള്ളിയുമൊക്കെ അവരുടെ ഉത്കൃഷ്ടരചനകളിലൂടെ കുട്ടിക്കാലത്തു തന്നെ കാട്ടിക്കൊടുത്തിരുന്നു. ഇടതുപക്ഷചിതാഗതിയും പുരോഗമനചിന്തയുമൊക്കെ എഴുത്തിലേയ്ക്ക് അവാഹിച്ചത് ഒരുപക്ഷേ അടിയന്തരാവസ്ഥക്കാലം എന്നു പറയാം. മനസ്സിലുറഞ്ഞുകൂടിയ കടുത്ത പ്രതിഷേധം ഭാരതക്കിളി എന്ന കവിതയായി പ്രസിദ്ധീകരിക്കപ്പെട്ടു. അക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ പോലീസിന്റെ നോട്ടപ്പുള്ളിയാക്കി, ജയിലിലുമായി  . എങ്കിലും രക്ഷപ്പെട്ട് വീണ്ടും  അവരുടെ കയ്യിലകപ്പെടാതെ ഒളിവില്‍ കഴിയേണ്ടിവന്നു. പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത നാട്ടിലാകെ പരക്കുകയും ചെയ്തിരുന്നു. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും അവയെയൊക്കെ അഭിമുഖീകരിക്കാനും തരണം ചെയ്യുവാനുമുള്ള ആര്‍ജ്ജവം പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുണ്ടെന്നും  ചെങ്കൊടിയുടെ തണലില്‍ മാത്രമേ  ആശ്വാസത്തോടെ എല്ലാം മറന്ന് ഒന്നുറങ്ങാന്‍ സാധിക്കു എന്നും കവി ഉറച്ചു   വിശ്വസിക്കുന്നു.

'കവിതയെൻ സ്വസ്ഥത. കവിത അസ്വസ്ഥത, പൊരുളിന്നമൂർത്ത വികാര സംഗീതിക..'എന്നു കുറിച്ച  കാവ്യരചനാവീഥികളില്‍ ഒട്ടനവധി പുരസ്കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട് ശ്രീ കുരീപ്പുഴ ശ്രീകുമാറെന്ന പകരക്കാരനില്ലത്ത കവിയെ. തുടക്കമിട്ടത് യൂണിവേഴ്സിറ്റി യുവജനോത്സവത്തില്‍ കവിതാരചനയ്ക്കു ലഭിച്ച് ഒന്നാം സ്ഥാനം ആണ്. കണ്ടുവളര്‍ന്ന അഷ്ടമുടിക്കായലിന് ഇഷ്ടമുടിക്കായലെന്ന കവിതയിലൂടെ ട്തന്റെ സ്നേഹം പകര്‍ന്നു നല്‍കുന്ന കവിയുടെ   ആദ്യ കവിതാസമാഹാരം 1984 ല്‍.  'ഹബീബിന്റെ ദിനക്കുറിപ്പുകള്‍  ' പ്രസിദ്ധീകരിച്ചു. അതിനേത്തുടര്‍ന്ന്, ശ്രീകുമാറിന്റെ ദുഃഖങ്ങള്‍,  രാഹുലന്‍ ഉറങ്ങുന്നില്ല, അമ്മ മലയാളം . പെണങ്ങുണ്ണി   , കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ, കീഴാളൻ, യക്ഷിയുടെ ചുരിദാർ(നഗ്നകവിതകൾ),
നരകത്തിലേക്ക് ഒരു ടിക്കറ്റ്(നഗ്നകവിതകൾ), സൂയിസൈഡ് പോയിന്റ് ( ഇംഗ്ലീഷിലേയ്ക്ക്  മൊഴിമാറ്റപ്പെട്ട കവിതകള്‍)  എന്നീ കവിതാസമാഹാരങ്ങളും 'ഇത്തിരി സ്നേഹമുണ്ടോ സിറിഞ്ചില്‍', കുരീപ്പുഴ ശ്രീകുമാറിന്റെ ലേഖനങ്ങൾ.
 എന്നീ ഉപന്യാസ സമാഹാരങ്ങളും ,  പലപ്പോഴായി പ്രസിദ്ധീകരിച്ചു. 1987 ല്‍ വൈലോപ്പിള്ളി അവാര്‍ഡു ലഭിച്ചു. അബുദാബി ശക്തി അവാർഡ്, സംസ്ഥാന ബാലസാഹിത്യ അവാർഡ്, ഭീമ ബാലസാഹിത്യ അവാർഡ്, മഹാകവി പി.പുരസ്കാരം, ശ്രീപത്മനാഭ സ്വാമി സമ്മാനം.(സെക്കുലറിസം മുൻനിർത്തി നിരസിച്ചു), കേസരി പുരസ്‌കാരം, ഡോ.എ.ടി.കോവൂർ,എം.സി.ജോസഫ്,പവനൻ പുരസ്കാരങ്ങൾ, കേരള സാഹിത്യ അക്കാദമി പുരസ്കാരം (2011) കീഴാളൻ എന്ന കവിതാ സമാഹാരത്തിന് , .. ഒടുവില്‍ ആദ്യ തത്ത്വമസിപുരസ്കാരവും ഈ ജനപ്രിയകവിക്കു തന്നെ
 ലഭിക്കുക്യുണ്ടായി. .  ലാളിത്യത്തിന്റെ മഹത്വം വിളിച്ചോതുന്ന രചനാരീതിയും പ്രതിപാദ്യവിഷയങ്ങളുടെ പ്രസക്തിയും ഗരിമയും അവതരണത്തിലെ അന്യാദൃശമായ വ്യക്തതയും ആകര്‍ഷണിയതയും സംസീതത്തോടുള്ള ഇഴയടുപ്പവും  ആലാപനവേദികളില്‍ ശ്രീ കുരീപ്പുഴ ശ്രീകുമാറിനെ സര്‍വ്വസമ്മതനാക്കുന്നു. ഒരുകാലത്ത് കോളേജ് ക്യാംപസ്സുകളിലെ യുവമനസ്സുകളിലേയ്ക്ക് സമുദ്രതരംഗങ്ങളേ പോലെ ആര്‍ത്തിരമ്പിക്കയറിയുരുന്നു അദ്ദേഹത്തിന്റെ  പ്രണയകാവ്യങ്ങള്‍. അത്രയേറെ വികരതീവ്രമായിരുന്നു അവയിലെ ഓരോ വാക്കും വരിയും .ഇന്നും 'ജെസ്സി' സദസ്സുകളെ ഒരു മായികപ്രപഞ്ചത്തില്‍ കൊണ്ടുപോയി നിര്‍ത്തും.സെന്റര്‍ ഫോര്‍ സൗത്ത് ഇന്ത്യന്‍ സ്റ്റഡീസ് സ്ഥാപകാംഗവും 1999 മുതല്‍ 2002 വരെ അതിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിക്കുകയും ചെയ്തു .

വായിക്കപ്പെടുക മാത്രമല്ല, വായിക്കുന്നതിലും മഹത്ത്വമുണ്ടെന്നു കാട്ടിക്കൊടുത്തത് കുഞ്ഞുണ്ണി മാഷായിരുന്നു. എഴുകുന്ന കത്തുകള്‍ക്കുള്ല മറുപടിക്കത്തുകളില്‍ ആ നന്മ അദ്ദേഹം വായിച്ചെടുത്തു. അങ്ങനെയാണ് വായിച്ച കവിതകളെ പരിചയപ്പെടുത്താന്‍ മുഖപുസ്തകത്തിന്റെ താളുകളോട് അദ്ദേഹം സൗഹൃദം കൂടിയത്. ഇന്നു വായിച്ച കവിത എന്നു പറഞ്ഞ് കവിതകളെ വായനക്കാരിലെത്തിക്കാന്‍ തുടക്കമിട്ടത് 2011ല്‍ ആയിരുന്നു. ഇപ്പോഴും അതു തുടര്‍ന്നുപോരുന്നു ഈ സ്നേഹമനസ്സിന്റെ ഉടമ.

തന്റെ അത്യുജ്ജ്വലങ്ങളായ കവിതകളിലൂടെയും മികവാര്‍ന്ന ആലാപനശൈലിയിലൂടെയും മലയാളിയുടെ മനം കവര്‍ന്ന ഈ കവിരാജന്റെ മനം കവര്‍ന്നതാകട്ടെ സംഗീതത്തിന്റെ വഴിയിലൂടെ സഞ്ചരിച്ചിരുന്ന സുഷമയെന്ന പെണ്‍കിടാവ്. ജീവിതയാത്രയില്‍ ആ കൈ പിടിച്ചു നടക്കാന്‍ പിന്നെ താമസം ഉണ്ടായില്ല. പിന്നാലെയെത്തി ഒപ്പം ഒരു കുസൃതിയും -നെസിന്‍. അവര്‍ അങ്ങനെ നടക്കുകയാണ്, കവിതയുടെ വഴിയില്‍, സംഗീതത്ത്ന്റെ സുഗന്ധമറിഞ്ഞ്, സ്നേഹത്തിന്റെ വെളിച്ചം പകര്‍ന്ന്, .

ഇഷ്ടമുടിക്കായല്‍- കുരീപ്പുഴ
---------------------------------------
മുടിയെട്ടും കോര്‍ത്ത്‌ കെട്ടി
വിരല്‍ നൂറാല്‍ കാറ്റൊതുക്കി
വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള്‌
എന്റെ തുഴത്തണ്ടില്‍ താളമിട്ട്‌ തുടിക്കുന്നോള്‌!!
കരിങ്കക്കാ മുകില്‍ കൂട്ടം അമരത്തും അണിയത്തും
തടം തിങ്ങി മെല്ലെയങ്ങനെ തുഴഞ്ഞ്‌ പോകെ!!
എന്റെ ജലക്കൂട്ടെ നിറക്കൂട്ടെ നിറഞ്ഞ്‌ നില്ല്‌!
ദൂരെ പകലോന്റെ പള്ളിവേട്ടക്ക്‌ ഒരുങ്ങി നില്ല്‌!!
അഴുക്ക തൊണ്ടിന്റെ പോള ഇരിഞ്ഞുവച്ച്‌
റാണി കിലുക്കത്തില്‍ നടകൊള്ളും പൂ നിലാവത്ത്‌!
ഉറക്കത്തില്‍ ഉണരുന്നു തിരുനല്ലൂര്‌
നിന്റെ മടിക്കുത്തില്‍ തൊഴില്‍പ്പാട്ടിന്‍ തിരപ്പൂന്ചൂര്
മഴക്കോളില്‍ പിറക്കുന്ന നറും കൂഴാലി
ജലശീലക്കപ്പുറത്തെ മണല്‍ കണ്ണാടി
ഇവ തമ്മില്‍ കൊളുത്തുന്ന നിഴല്‍ കൂമ്പാരം
പ്രാച്ചിക്കരഞ്ഞാണം വിളക്കുന്ന വെയില്‍ കണ്ണാടി
വീരഭദ്രന്‍ കണ്ടു നില്‍ക്കെ കുളിച്ചു വന്നൂ..
ഉരുക്കള്‍ക്കായി വെറും മണ്ണില്‍ ഉരുണ്ടുരുണ്ട്‌...
ഒടുക്കം നില്‍ക്കുവാന്‍ വയ്യാതവരെ വിറ്റ്‌..
കയര്‍ ചുറ്റില്‍ കാലുടക്കീ ദ്രവിച്ചുനിന്ന്‌
ഇറച്ചിക്ക്‌ കള്ളുമായി തിരിക്കും നിന്റെ
തെറിച്ച മക്കളോടമ്മേ പൊറുത്തൂ നില്ല്‌!!
മുഖം പൊള്ളിച്ചെറിഞ്ഞ പെണ്‍ ശവത്തെ കുത്തി..
മറുതീരത്തണക്കുന്നോരിടവക്കാറ്റേ...
മറു തായ്‌ക്ക്‌ പിറന്നോരാ ചെറ്റകള്‍ ശൃംഖരിക്കും
തുരുത്തിന്‍മേല്‍ കരുത്തിന്റെ കയ്യൊളിപ്പിക്ക്‌..
ദൂരെ പ്രേത ബാധ ഏറ്റപോലെ രാത്രി വണ്ടി കൂകിടുമ്പോള്‍
പാലവും കേളനും തീരെ കുലുങ്ങുന്നില്ല.!!!
പെരുമണ്‍ തേരു കാണാനായി വെള്ളിമണ്‍ കാറ്റ്‌..
പനിക്കുന്ന പ്രാക്കുളത്തെ പ്രാക്കളോടൊത്ത്‌..
നേരം ഉച്ചതിരിഞ്ഞപ്പോള്‍ തിരിക്കുന്നുണ്ടെ!!
കൂടെ വണ്ടി മുങ്ങി മരിച്ചോരും പറക്കുന്നുണ്ടെ...
നയത്തില്‍ ചങ്ങാടമേറി കടവൂരേക്ക്‌...
പകല്‍ തോരും മുന്‍പ്‌ പോകും കോല്‍ കുതിരക്ക്‌...
ആളകംമ്പടിയായി നില്‍ക്കും പരുന്തിന്‍ കണ്ണില്
‍നിന്റെ ഓളമല്ലൊ തുളുമ്പുന്നു കറുമ്പിക്കോതെ!!
വിങ്ങും താളമായി ചര്‌രോ....പര്‌രോ....
തിളക്കുമ്പോള്‍ വിളിക്കമ്പോള്
‍കാഞ്ഞിരോട്ടും കരിമീന്റെ തൃക്കളിയാട്ടം!!!
കരിക്കും വെള്ളക്കയും പെയ്‌തൊഴിഞ്ഞ തെങ്ങില്‍
കരിഞ്ചെല്ലി കാവലേക്കും പാതിരാവത്ത്‌...
കടും പാറാന്‍ മധുവൂറ്റി തൊഴിച്ച തൊണ്ണാന്‍..
നെരിപ്പോട്‌ മാടനെയ്‌ത വടിയില്‍ കുത്തീ...
കായല്‍ ത്രസിക്കുമ്പോള്‍ ചിങ്ങ രാവേ കതിച്ച്‌ നില്ല്‌...
ദുരവസ്ഥ കവിയേ നീ ഒടുക്കം കണ്ടൂ...
ഗുരുവിന്റെ അരുള്‍ പൂക്കും വരക്കം കണ്ടൂ..
വയല്‍ പെറ്റ ധന്യമാര്‍ക്ക്‌ ‌ റൗക്കയും സ്‌നേഹവും പേറി
വില്ലുവണ്ടി ഓടിയോടി വരുന്ന കണ്ടു..
മണ്ണി‌ല്‍ കുരുത്തോന്‌...നടക്കാനും പഠിക്കാനും
ധരിക്കാനുംകുരുത്തോല പന്തലിട്ട നടുക്കം കേട്ടൂ...
ഒരിക്കല്‍ സാമ്പ്രാണിക്കോടിക്കടുത്ത്‌ വച്ച്‌..
മടികണ്ടു നടുക്കുഞാനിറങ്ങീ നിന്നൂ..
ആഴമെല്ലാം ഒളിപ്പിച്ച്‌്‌ കൊതിപ്പിച്ചോളെ..
നിന്റെ പൂ വയറ്റില്‍ പിറവികൊണ്ട തൊഴില്‍
തേടി പടക്കെല്ലാം പോര്‍വിളിക്കാന്‍
ഞണ്ടുവേണം കൂന്തലും വേണം!!!!!
കണ്ടവര്‍ക്ക്‌ പിറന്നോനെ കാട്ടുമാക്കാന്‍ കടിച്ചോനെ..
കടവില്‍ കല്ല്യാണി നിന്റെ അച്ചിയല്ല്യോടാ....
പാടി തിമിര്‍ത്ത ബാല്യകാലത്തിന്‍ നതോന്നത നനഞ്ഞുപോയി..
കുരിച്ചില്‍ കുത്തിയെന്‍ തൊണ്ട അടഞ്ഞു പോയീ...
കരയെല്ലാം കരിയുമ്പോള്‍ കരയുന്നോളേ..
ചീനവലക്കുള്ളില്‍ ചൂടയിട്ട്‌ ചിരിക്കുന്നോളെ..
ജയപാല പണിക്കര്‍ക്ക്‌ ലഹരിക്കായി ഇളം നീല,
ചുവപ്പ്‌ പച്ചയും ചാലിച്ചൊരുക്കുന്നോളെ....
ആഴിക്കഴുത്തില്‍ നീ നഖത്തുമ്പാല്‍ തൊടുമ്പോള്‍
ഞാനുമെന്‍ നോവും മഹാലോകം തൊട്ടതായിട്ടറിയുന്നുണ്ടേ...
മുടിയെട്ടും കോര്‍ത്ത്‌ കെട്ടി
വിരല്‍ നൂറാല്‍ കാറ്റൊതുക്കി
വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള്‌
എന്റെ തുഴത്തണ്ടില്‍ താളമിട്ട്‌ തുടിക്കുന്നോള്‌!!

അമ്മമലയാളം - കുരീപ്പുഴ
................................................................
കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍
ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു
വിറ്റുവോ നീ എന്റെ ജീവിതഭാഷയെ.
ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍
ആദിത്യനേത്രം തുറന്നു ചോദിക്കുന്നു
ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ.
ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട്
നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍
ചുട്ടുവോ നീ എന്റെ കേരളഭാഷയെ.
വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു
പ്രേമസംഗീത തപസ്സ് ചോദിക്കുന്നു
ചിത്രയോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു
മണിനാദമാര്‍ന്ന മനസ്സ് ചോദിക്കുന്നു
പാടും പിശാച് ശപിച്ചു ചോദിക്കുന്നു
പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു
കളിയച്ഛനെയ്ത കിനാവ് ചോദിക്കുന്നു
കാവിലെ പാട്ടിന്‍ കരുത്ത് ചോദിക്കുന്നു
പുത്തരിച്ചുണ്ടയായ് ഗോവിന്ദ ചിന്തകള്‍
പുസ്തകം വിട്ട് തഴച്ചു ചോദിക്കുന്നു
എവിടെയെവിടെ സഹ്യപുത്രി മലയാളം
എവിടെയെവിടെ സ്നേഹപൂര്‍ണ്ണ മലയാളം.
മലിനവസ്ത്രം ധരിച്ച്, ഓടയില്‍ നിന്നെണീറ്റ്
അരുതരുത് മക്കളേയെന്ന് കേഴുന്നു
ശരണഗതിയില്ലാതെ അമ്മമലയാളം
ഹൃദയത്തില്‍ നിന്നും പിറന്ന മലയാളം.
ആരുടെ മുദ്ര, ഇതാരുടെ ചോര
ആരുടെ അനാഥമാം മുറവിളി
ആരുടെ നിലയ്ക്കാത്ത നിലവിളി
അച്ഛന്റെ തീമൊഴി, അമ്മയുടെ തേന്‍മൊഴി
ആരോമല്‍ ചേകോന്റെ അങ്കത്തിരുമൊഴി
ആര്‍ച്ചയുടെ ഉറുമിമൊഴി, ചെറുമന്റെ കനല്‍മൊഴി
പഴശ്ശിപ്പെരുമ്പടപ്പോരിന്‍ നിറമൊഴി
കുഞ്ഞാലി വാള്‍മൊഴി, തച്ചോളിത്തുടിമൊഴി
തോരാതെ പെയ്യുന്ന മാരിത്തെറിമൊഴി.
തേകുവാന്‍ ,ഊഞ്ഞാലിലാടുവാന്‍
പൂനുള്ളിയോടുവാന്‍ ,വിളകൊയ്തു കേറുവാന്‍
വിത്തിടാന്‍ ,സന്താപ സന്തോഷ-
മൊക്കെയറിയിക്കുവാന്‍
തമ്മില്‍ പിണങ്ങുവാന്‍ ,പിന്നെയുമിണങ്ങുവാന്‍
പാടുവാന്‍ ,പഞ്ചാര കയ്പ്പേറെ-
യിഷ്ടമെന്നോതുവാന്‍
കരയുവാന്‍ ,പൊരുതുവാന്‍ ,ചേരുവാന്‍
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ്
അമ്മമലയാളം, ജന്മമലയാളം.
അന്യമായ് പോകുന്ന ജീവമലയാളം.
ഓര്‍ക്കുക,അച്ഛനും അമ്മയും
പ്രണയിച്ച ഭാഷ മലയാളം
കുമ്പിളില്‍ കഞ്ഞി വിശപ്പാറ്റുവാന്‍
വാക്കു തന്ന മലയാളം
പെങ്ങളോടെല്ലാം പറഞ്ഞു
തളിര്‍ക്കുവാന്‍ വന്ന മലയാളം
കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാന്‍
ആയുധം തന്ന മലയാളം.
ഉപ്പ്, കര്‍പ്പൂരം, ഉമിക്കരി
ഉപ്പേരി തൊട്ടു കാണിച്ച മലയാളം.
പുള്ളുവന്‍ ,വീണ, പുല്ലാങ്കുഴല്‍
നന്തുണി ചൊല്ലു കേള്‍പ്പിച്ച മലയാളം.
പൊട്ടിക്കരഞ്ഞു കൊണ്ടോടി വീഴുന്നു
കഷ്ടകാലത്തിന്‍ കയത്തില്‍
രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോള്‍
ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍
ഓമനത്തിങ്കള്‍ കിടാവ് ചോദിക്കുന്നു,
ഓണമലയാളത്തെ എന്തുചെയ്തു
ഓമല്‍മലയാളത്തെ എന്തുചെയ്തു.
.
ജെസ്സി :കുരീപ്പുഴ ശ്രീകുമാര്‍
` ജെസ്സീ നിനക്കെന്തു തോന്നി?.

പെത്തഡിന്‍ തുന്നിയ മാന്ത്രികപ്പട്ടില്‍ നാം
സ്വപ്‌നശൈലങ്ങളില്‍ ചെന്നു ചുംബിക്കവേ,
ഉത്തുംഗതകളില്‍ പാര്‍വ്വതീ ശങ്കര
തൃഷ്‌ണകള്‍ തേടി കിതച്ചാഴ്‌ന്നിറങ്ങവേ,
തൃപ്‌തിതീര്‍ഥങ്ങളില്‍ പാപനാശത്തിന്റെ
വക്കോളമെത്തി തിരിച്ചു നീന്തീടവേ,
ലോത്തിന്റെ പെണ്‍മക്കളച്ഛനെ പ്രാപിച്ച
വാര്‍ത്തയില്‍ കൗമാരഭാരം നടുങ്ങവേ,
കുമ്പസാരക്കൂട്ടില്‍ നഗ്നയായ്‌ നില്‍ക്കവേ,
സംഭ്രമപ്പൂവില്‍ ചുവപ്പുചാലിക്കവേ
ജെസ്സീ നിനക്കെന്തു തോന്നി...?

കാറ്റിന്റെ കാണാപ്പിയാനോ വിടര്‍ത്തുന്ന
തോറ്റങ്ങള്‍ കേട്ടന്നു തോറ്റുപോയ്‌ പാട്ടുകള്‍
‍സായന്തനത്തിന്‍ പ്രസന്നതക്കിപ്പുറം
വാടിവീഴുന്നു വിളഞ്ഞ സുഗന്ധികള്‍
‍പൊന്‍ചേരയെപ്പോല്‍ നിറംചുമന്നെത്തുന്ന
വെണ്‍നുര പാഞ്ഞുകേറുന്നു തീരങ്ങളില്‍ ...
‍മൂളാത്തതെന്തുനീ ജെസ്സി, മനസ്സിന്റെ കോണില്‍
കിളിച്ചാര്‍ത്തുറക്കം തുടങ്ങിയോ..?
വാക്കുകള്‍ മൗനക്കുടുക്കയില്‍ പൂട്ടിവച്ചോര്‍ത്തിരിക്കാന്‍,
മുള്‍ക്കിരീടം ധരിക്കുവാന്‍,
നീള്‍വിരല്‍ത്താളം മറക്കുവാന്‍,
ചുണ്ടത്തുമൂകാക്ഷരങ്ങള്‍ മുറുക്കെക്കൊരുക്കുവാന്‍,
ജെസ്സീ നിനക്കെന്തു തോന്നി?

ആറ്റു തീരത്തൊരു സംഘഗാനത്തിന്റെ
തോര്‍ച്ചയില്ലാത്ത പ്രവാഹോല്‍സവങ്ങളില്‍,
നോക്കിക്കുലുങ്ങാതെ നിര്‍വൃതികൊള്ളുന്ന
നോക്കുകുത്തിപ്പാറ നോക്കിനാം നില്‍ക്കവേ,
നിദ്രാടനത്തിന്റെ സങ്കീര്‍ണസായൂജ്യ
ഗര്‍ഭം ധരിച്ചെന്റെ കാതില്‍ പറഞ്ഞു നീ
"കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍.."
ഓര്‍ക്കുകീപ്പാട്ടിന്നു കൂട്ടായിരുന്നു നാം
കല്ലാകുവാനും കഴിഞ്ഞില്ല, നെല്ലോല
തമ്മില്‍ പറഞ്ഞു ചിരിക്കുന്ന കണ്ടുവോ?

അക്കങ്ങളസ്വസ്ഥമാക്കുന്ന ജീവിത-
ത്തര്‍ക്കങ്ങളില്‍പെട്ടു നീ കുഴഞ്ഞീടവേ,
ജന്‍മം തുലഞ്ഞുതുലഞ്ഞുപോകെ
പുണ്യ കര്‍മകാണ്‌ഡങ്ങളില്‍ കാട്ടുതീ ചുറ്റവേ,
കണ്ടവര്‍ക്കൊപ്പം കടിഞ്ഞാണിളക്കി നീ
ചെണ്ടകൊട്ടാനായുറഞ്ഞിറങ്ങീടവേ,
മാംസദാഹത്തിന്‍ മഹോന്നത വീഥിയില്‍
മാലാഖയെത്തുന്ന ഗൂഢസ്ഥലങ്ങളില്‍
നഷ്‌ടപ്പെടുത്തി തിരിച്ചുവന്നെന്തിനോ
കഷ്‌ടകാലത്തിന്‍ കണക്കുകള്‍ നോക്കവേ,
ചുറ്റും മുഖം മൂടി നിന്നെനോക്കി-
ച്ചിരിച്ചന്യയെന്നോതി പടിയടച്ചീടവേ
ജെസ്സീ നിനക്കെന്തു തോന്നി?

കണ്ണീരുറഞ്ഞനിന്‍ കവിളിലെ
ഉപ്പു ഞാനെന്‍ ചുണ്ടുകൊണ്ടു
നുണഞ്ഞുമാറ്റാന്‍ വന്നതിന്നാണ്‌
പ്രേമം പുതപ്പിക്കുവാന്‍ വന്നതിന്നാണ്‌
പിന്നെ, അബോധ സമുദ്രത്തിലെന്‍
തോണിയില്‍ നമ്മളൊന്നിച്ചഗാധതയ്‌ക്കന്ത്യം
കുറിക്കാന്‍ തുഴഞ്ഞു നീന്തീടവേ...

കണ്ടോ പരസ്‌പരം ജെസ്സീ.. ?

കണ്ടോ പരസ്‌പരം ജെസ്സീ, ജഡങ്ങളായ്‌
മിണ്ടാട്ടമില്ലാതെ വീണ മോഹങ്ങളെ,
മാംസകീടങ്ങളെ തെറ്റിന്‍തരങ്ങളെ?
താളവട്ടങ്ങള്‍ ചിലമ്പവേ ഒക്‌ടോബര്‍
നാലുനേത്രങ്ങളില്‍ നിന്നു പെയ്‌തീടവേ,
നെഞ്ചോടുനെഞ്ചു കുടുങ്ങി
അവസാന മുന്തിരിപ്പാത്രം കുടിച്ചുടച്ചീടവേ,
വ്യഗ്രതവച്ച വിഷം തിന്നവേ,
ജെസ്സീ നിനക്കെന്തു തോന്നീ?
ജെസ്സീ നിനക്കെന്തു തോന്നി?
.
മൈന - കുരീപ്പുഴ
------------------------
മഞ്ഞനിലാവിലിറങ്ങാറില്ല
അരളിക്കൊമ്പിലുറങ്ങാറില്ല
കായല്‍ മുറിച്ചു പറക്കാറില്ല
കാലിയുമായി സൗഹൃദമില്ല
മൈന വെറും കിളിയല്ല.
കാവിപുതച്ചു ചകോരത്തെപ്പോല്‍
ഡാവിലലഞ്ഞു നടക്കാറില്ല.
ബ്യൂഗിള്‍ക്കാരന്‍ കുയിലിന്‍ മുന്നില്‍
കാഹളമൂതി മദിക്കാറില്ല
മൈന വെറും കിളിയല്ല.

കാവതിയെപ്പോല്‍ പുരയ്ക്ക് പിന്നില്‍
ചോറിനു വേണ്ടി കാവലുമില്ല
തീരക്കടലില്‍ തിരയ്ക്ക്മോളില്‍
റാകിപ്രാകും പതിവുകളില്ല
പൂത്താങ്കീരിപ്പടയെ വിരട്ടും
പൊന്മാനല്ല,തത്തയുമല്ല
മൈന വെറും കിളിയല്ല.

കാപ്പിയുടുപ്പ്‌ കനകക്കൊക്ക്
കൊന്നപ്പൂവാല്‍ നേത്രാഭരണം
തുമ്പപ്പൂവാല്‍ അടിവസ്ത്രം.

കുട്ടികള്‍ സ്കൂളില്‍
പോയി വരുമ്പോള്‍
പിച്ചിത്തണലില്
ചെമ്മീന്‍പുളിയുടെ പച്ചക്കമ്പില്‍
പാറിയിരുന്നഭിവാദ്യം ചെയ്യും
മൈന വെറും കിളിയല്ല.
മൈന
കരഞ്ഞു കരഞ്ഞു തളര്‍ന്നും
പേടിപ്പായിലിരുന്നു കിതച്ചും
ഓര്‍മ്മക്കൊമ്പ് തുളച്ച മനസ്സില്‍
സ്നേഹത്തിന്‍ പുതു വിത്തു വിതച്ചും
കണ്ണീര്‍ഖനിയായ്‌ മറ്റൊരുവഴിയേ
കണ്ണുകള്‍ മേയ്ക്കും പെണ്ണിന്‍ സാക്ഷി.
മൈനയിടയ്ക്കു തുളുമ്പുന്നുണ്ട്
ചാത്തന്‍ വന്നൂ,ചാത്തന്‍ വന്നൂ
എമ്പ്രാട്ടീയെമ്പ്രാട്ടീ.

Wednesday, May 25, 2016

നമ്മുടെ കവികള്‍ - 1 : ബാലചന്ദ്രന്‍ ചുള്ളിക്കാട്

ബാലചന്ദ്രന്‍ ചുള്ളിക്കാട്
=====================

125 ല്‍ താഴെ കവിതകളേ എഴുതിയിട്ടുള്ളുവെങ്കിലും മലയാളിയുടെ മനസ്സില്‍ കവിതയുടെ വസന്തം വിരിയിച്ച   ബാലചന്ദ്രന്‍ ചുള്ളിക്കാട് എണ്‍പതുകളില്‍ യുവജനതയുടെ ആവേശമായിരുന്നു. നൂതനമായ പ്രമേയാവിഷ്ക്കാരം, പാരമ്പര്യത്തിന്റെ താളത്തുടിപ്പില്‍ സമ്മോഹന പദവിന്യാസങ്ങളോടെ, അന്യാദൃശമായ ബിംബാവിഷ്കാരങ്ങളോടെ കവിതകളായി പുറത്തു വന്നപ്പോള്‍ പുതുമ തേടുന്ന   യുവാക്കള്‍  അതു സഹര്‍ഷം  നെഞ്ചേറ്റിയതില്‍ അത്ഭുതപ്പെടാനില്ല. ക്ഷുഭിതയൗവ്വനത്തിന്റെ ഹൃദയ സ്പന്ദനങ്ങളായി അവ പ്രതിധ്വനിച്ചു.  സ്വന്തം ആശയഗതികളില്‍ ഉറച്ചു നിന്നുകൊണ്ട്, സുരക്ഷിതമായ ജീവിത സാഹചര്യങ്ങളെ നിര്‍ഭയം ഉപേക്ഷിച്ച് അരക്ഷിതത്വത്തിന്റെ കയ്പ്പുനീര്‍ സ്വയം ഏറ്റുവാങ്ങിയ ഒരു ചെറുപ്പക്കാരന്റെ ജീവിതപന്ഥാവിലെ ദുരന്തങ്ങളൊക്കെ അദ്ദേഹത്തിന്റെ കവിതകള്‍ക്ക് ജീവനേകി. ആ അക്ഷരക്കൂട്ടുകളാണ് അദ്ദേഹത്തിന്റെ ജീവിതഗതി തന്നെ മാറ്റി എഴുതിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുത്താല്‍ 'കവി എന്ന ലേബല്‍ ‘തെണ്ടിജീവിത”ത്തിനു മാന്യതയും കാല്‍പനിക പരിവേഷവും നല്‍കുകയായിരുന്നു.

1987 ല്‍ രചിച്ച 'ഗസല്‍' എന്ന കവിതയാണ് അദ്ദേഹത്തിന് ഏറ്റവും പ്രിയതരമെന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഒട്ടനവധി വേദികളില്‍ ആ കവിത അദ്ദേഹം ആലപിക്കുകയുണ്ടായി. പാക്കിസ്ഥാന്‍ പൌരനായ ഗുലാം അലിക്ക് ബോംബെയില്‍ പാടാന്‍ അവസരം നിഷേധിക്കപ്പെട്ടപ്പോള്‍ തോന്നിയ ദുഃഖവും പ്രതിഷേധവും ആണ് ആ കവിതയ്ക്കു നിമിത്തമായത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ ,  പതിനെട്ടു കവിതകള്‍, ഡ്രാക്കുള, അമാവാസി, മാനസാന്തരം, പ്രതിനായകന്‍,  തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ  മറ്റു പ്രധാന കൃതികള്‍.
 
1957 ജൂലൈ 30 ന് പറവൂരിൽ ജനിച്ചു.എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. അടിയന്തരാവസ്ഥക്കാലത്തും പിന്നീടും സി.പി.ഐ അനുഭാവം പുലർത്തി. ജനകീയസാംസ്കാരികവേദി രൂപവത്കരിച്ചപ്പോൾ അതിന്റെ പ്രവർത്തനവുമായും സഹകരിച്ചു. പല തൊഴിലുകൾ ചെയ്ത ശേഷം1987‌ൽ‌ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 1999ൽ ബുദ്ധമതം സ്വീകരിച്ചു.തിരക്കഥകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുണ്ട്.   കവിതകള്‍ ,  ഹിന്ദി, ബംഗാളി, മറാഠി, രാജസ്ഥാനി, അസമിയ, പഞ്ചാബി, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലീഷ് , ഫ്രഞ്ച്, സ്പാനിഷ്, സ്വീഡിഷ് എന്നീ വിദേശഭാഷകളിലേക്കും  തർജമ ചെയ്യപ്പെട്ടു .ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ‘ചിദംബരസ്മരണ”യും ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.

 സാഹിത്യത്തിന്റെ പേരിൽ ഒരവാർഡും സ്വീകരിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും 1990 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച യുവസാഹിത്യകാരനുള്ള 20,000 രൂപയുടെ സംസ്കൃതി അവാർഡും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ എന്ന കൃതിക്ക് 2001-ൽ  ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡും നിരസിക്കുകയാണുണ്ടായത് .പതിനെട്ടു കവിതകള്‍, ഡ്രാക്കുള, അമാവാസി, മാനസാന്തരം, പ്രതിനായകന്‍, ഗസല്‍ തുടങ്ങിയവയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മറ്റു പ്രധാന കൃതികള്‍.    ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും അഭിനേതാവായി പ്രവർത്തിക്കുന്നു. അഭിനയമാണ് തനിക്കേറ്റവും സംതൃപ്തി നല്‍കിയ തൊഴില്‍ എന്നു സമ്മതിക്കാനും കവിക്കു മടിയില്ല.  ഭാര്യ: വിജയലക്ഷ്മി. മകൻ : അപ്പു.

ഒപ്പം ചേര്‍ക്കുന്നു കവിയുടെ ഏറ്റവും പ്രിയപ്പെട്ട രചന.
 .
ഗസല്‍
======
ഡിസംബര്‍ മുപ്പത്തൊന്ന്, രാത്രി സത്രത്തിന്‍
ഗാനശാലയില്‍ ഗുലാമലി പാടുന്നു.

നഷ്ടപ്പെട്ട ദിനങ്ങളുടെ പാട്ടുകാരന്‍ ഞാന്‍ ..
വിലാപത്തിന്‍ നദിപോല്‍ ഇരുണ്ടോരീ പാത താണ്ടുമ്പോള്‍
ദൂരെ മാളികയുടെ കിളിവാതിലിന്‍ തിരശീല പാളിയോ ?..

കുളിര്‍കാറ്റോ, കനകാംഗുലികളോ,
എന്റെ നിഴലിന്‍ നെറുകയില്‍ വീണത്
നിശാദീപം ചൊരിയും കിരണമോ, നിന്റെ കണ്‍ വെളിച്ചമോ ?
ശാഖയും ഇലകളും പൂക്കളും ഇല്ലാത്തൊരു
ജീവിത തമോ വൃക്ഷം വിണ്ടു വാര്‍ന്നൊലിക്കുന്ന
ചൂടെഴും ചറം പോലെ..

വിരഹാര്‍ത്ഥിയും ആര്‍ദ്ര ഗംഭീരമലിയുടെ നാദവും
ഉറുദുവും ഉരുകിചേരും ഗാന ലായനിയൊഴുകുമ്പോള്‍
ചിര ബന്ധിതമേതോ രാഗ സന്താപം, ഹാര്‍‍ -
മോണിയത്തിന്‍ ചകിത വാതായനം ഭേദിക്കുന്നു..

ഹൃദയാന്തരം ഋതു ശൂന്യമാം വര്‍ഷങ്ങള്‍ തന്‍
തബല ധിമി ധിമിക്കുന്നു; ഭൂത തംബുരുവിന്റെ
ശ്രുതിയില്‍ ഗുലാം അലി പാടുമ്പോള്‍ പിന്‍ ഭിത്തിയില്‍
ആര് തൂക്കിയതാണീ കലണ്ടര്‍..?

കലണ്ടറില്‍ നിത്യ ജീവിതത്തിന്‍ ദുഷ്കര പദപ്രശ്നം
പലിശ, പറ്റു പടി വൈദ്യനും വാടകകയും പകുത്തെടുത്ത
പല കള്ളികള്‍ ഋണ ധന ഗണിതത്തിന്റെ
രസ ഹീനമാം ദുര്‍നാടകം.
ഗണിതമല്ലോ താളം; താളമാകുന്നു കാലം..
കാലമോ സംഗീതമായ്‌, പാടുന്നു ഗുലാം അലി !

ഒരു മാത്ര തന്‍ സര്‍വ കാല സംഗ്രഹ
ക്ഷണ പ്രഭയില്‍ മായാപ്പടം മാറ്റുക മനോഹരീ..
സ്ഥിര ബന്ധിതം നിന്റെ ഗോപുര കവാടത്തി-
ന്നരികില്‍ പ്രവാസി ഞാന്‍ നിഷ്ഫലം സ്മരണ തന്‍
താരകാവലി ദീപ്തി ചൊരിയും നിശ തോറും
പ്രാണ സഞ്ചാരം ഹാര്‍മോണിയത്തില്‍ പകരുന്നു..

തബലയില്‍ ആയിരം ദേശാടക പക്ഷികളുടെ
ദൂരദൂരമാം ചിറകടി പെരുകി
അലിയുടെ അന്തരാളത്തില്‍ നിന്നുമൊഴുകി
വൈഷാദിക വൈഖരി.ശരം നദി..
നദിയില്‍ ബിംബിക്കയാണാദിമ നിശാമുഖം..

ഉദയാസ്തമയങ്ങള്‍ ഷഡ്ജ
ധൈവതങ്ങളാം ഗഗനമ ഹാ രാഗം..
ശ്രുതിയോ പുരാതന ജന ജീവിതത്തിന്റെ
ഹരിതാരുണ ജ്വാല പടരും നദീ തടം

ദ്രുത ഗാന്ധാര ഗ്രാമ വീഥികള്‍ ജ്വലിക്കുന്നു
അലിയും ഞാനും ഗാന ശാലയും ദാഹിക്കുന്നു..
ജ്വാലയില്‍ ദാഹിപ്പീല കലണ്ടര്‍ ‍..
ജ്വാലയില്‍ ദാഹിപ്പീല കലണ്ടര്‍ ‍..

കലണ്ടറില്‍ കാപ്പിരി ചോര
ചെണ്ട കൊട്ടുന്ന കൊല നിലം
കാട്ടുരാത്രിയില്‍ ആദിവാസി തന്‍ കനലാട്ടം
ദേവ ദാരുവിന്‍ കുരിശേന്തിയ നിരാലംബ
ജ്ഞാദികളുടെ മഹാ പ്രസ്ഥാനം..
ആത്മാവിന്‍ അമ്ല ഭാഷ നഷ്ടപ്പെട്ടൊരു
മൂക ഗോത്രങ്ങളുടെ മുഖ ഖോഷ്ടികള്‍ ..

കലണ്ടറിന്‍ ജനലില്‍ കൂടെ കാണാം
സഹസ്ര ദിന ചക്രചാരിയായ്‌
നെറ്റി കണ്ണില്‍ ജ്വലിക്കുമാപല്‍ ദ്യുതിയോടെ.
ലോഹാന്ത ഗര്‍ഭ ശ്രേണി നിറയെ ശവങ്ങളെ
വഹിച്ചു നദികള്‍ , തുരങ്കങ്ങള്‍ ,നാടുകള്‍ , നഗരങ്ങള്‍ ,
മൃന്‍മയ ശതാബ്ദങ്ങള്‍ ഭാഷകള്‍
സംസ്കാരങ്ങള്‍ പിന്നിട്ടു കൂകിപ്പായും തീവണ്ടി..
ജ്ഞാനത്തിനപ്രാപ്യമാണിപ്പോഴും ഗുലാമലി..

ഖേദത്തിന്‍ ഇരുണ്ട ഭൂഖണ്ഡങ്ങള്‍ ..
അവയുടെ മൂക മുക്രയില്‍ കാലത്രയവും ചരാചര
ഗ്രാമവും മുങ്ങിപ്പോകെ ആരുടെ സമാന്തര ബോധം
ഈ ശ്രവണാന്തരാധിയാം നാദ ജ്വാല..

ജാലകമടച്ച് നീ സ്വര്‍ഗ ചന്ദ്രികയുടെ
ഏകരശ്മിയുമൂതിക്കെടുത്തി മറഞ്ഞല്ലോ..
പട ധാരവും ഏക ഗ്രസ്തമായ്‌ മൃതിയുടെ തിമിര
ഗ്രഹത്തിലേ,ക്കെത്രയുണ്ടിനി ദൂരം..
എത്രയുണ്ടിനി നേരം..?

അസ്തമിച്ചുവോ വര്‍ഷം, എപ്പോഴോ പിന്‍ഭിത്തിയില്‍
ദ്വാരപാലകന്‍ വന്നു തൂക്കിയോ
വീണ്ടും പുതു വര്‍ഷത്തിന്‍ കലണ്ടര്‍ ..

അതല്ലോ നാളെയുടെ നരക പട,മെത്ര
ഭീതിതം, വീര ശൈവന്‍ കോല്‍ തൊട്ടു വായിക്കുന്നു.
കഴു മരത്തിന്‍ കനി തിന്ന കന്യകയിത്‌
കടലിന്നടിയിലെ വെങ്കല കാളയിത്
ഇത് നിദ്രയില്‍ നീന്തും കരി നീരാളിയല്ലോ
പ്രാവുകള്‍ പൊരിഞ്ഞു കായ്ക്കുന്ന
വൈദ്യുത വൃക്ഷക്കീഴിലെ ധ്യാനസ്തനാണിത്.

ഒടുവില്‍ ഭ്രമണര്‍ത്തയായ്‌, വികര്‍ഷിതയായ്‌
ബധിരാന്ധകാര ഗര്‍ത്തത്തിലേക്കുരുണ്ടു പോം
ധരയെ വിഴുങ്ങുന്ന കാല സര്‍പ്പമാണിത് ..

നിര്‍ത്തുകീ യമ ലോക ദര്‍ശനം; വായിക്കുവാന്‍
നിത്യവും വരും രക്ത മിറ്റുന്ന ദിനപ്പത്രം
അകലങ്ങളി,ലതി വൃഷ്ടിക,ളത്യുഷ്ണങ്ങള്‍
അഭയാര്‍ഥികളുടെയാര്‍ത്തമാം പ്രവാഹങ്ങള്‍ !

അകലങ്ങളില്‍ അഗ്നി ബാധകള്‍ ; ആഘാതങ്ങള്‍
അണുവിന്‍ സംഹാരൂര്‍ജ്ജ സമ്പുഷ്ട സംഭാരങ്ങള്‍ !
അകലങ്ങളില്‍ മദം, മല്‍സരം, മഹാരോധം
അനധീനമാം ജീവിതേച്ഛ തന്‍ പ്രതിരോധം.
നിര്‍ത്തുക നരലോക ദര്‍ശനം..

ദിനപ്പത്രം ഉള്‍ക്കതകിന്മേല്‍ കുറ്റ-
പത്രമായ്‌ പതിയുമ്പോള്‍ , പ്രസരോപരി ഭസ്മ
പത്ര ശായിയാം മര്‍ത്യ ശിശുവിന്‍ മുഖംസ്വപ്ന
ദൃഷ്ടിയില്‍ തെളിയുന്നു..

മതിയില്‍ മങ്ങി പ്പോകും സ്വപ്ന ദീപിക പോലെ
ധൃതിയില്‍ ഗസലുപസംഹരിക്കയാണലി..
അന്ത്യ ഷദഡ്ജത്തിന്‍ അധോയാന മരണ  മുഹൂര്‍ത്തത്തി-
ലെന്ന പോല്‍ സ്മരണ തന്‍ ത്വരിതാവരോഹണം.

നാദ മൂലതിന്‍ ഭൂത പാതാള ഗമനം, ശ്രുതിയില്‍
ജഗ ലയം, സകലം മരണ ഗ്രസ്തം; ശൂന്യം..

ഞാന്‍ പോകട്ടെ, പാതയില്‍ വിളക്കുകള്‍ ഒക്കെയും കെട്ടു.
പിത്തലാഞ്ചിതം മുഖം, മഞ്ഞള്‍ ചിത്രമായ്‌
ഉദരാന്ധകാരത്തില്‍ വിളയും സുകൃത - ദുഷ്കൃത
യോഗ ഫല ഭാരത്താല്‍ പരിക്ഷീണയായ്‌

ഹൃദിസ്ഥമാം കാലൊച്ച കാതോര്‍ത്തു കൊണ്ട്
ഏകാന്തതയിലേക്ക് ലോകത്തെ വിവര്‍ത്തനം ചെയ്തു കൊണ്ട്
ഇലയും അത്താഴവും നേര്‍ത്ത കണ്‍വിളക്കുമായ്‌
അകലെ കുടുംബിനി കാത്തിരിക്കയാണെന്നെ..

ദൈവത്തിന്‍ ചിത്രമില്ലാത്ത മുറി, മിഴിയുപ്പും
മെഴുക്കും വാര്‍ന്നൊട്ടിയ തലയിണ..
ഉള്ളിനീര്‍ മണക്കും ഒരുടലിന്‍ വെക്ക
ഉള്ളില്‍ എന്‍ സര്‍വ്വേന്ദ്രീയ സപ്ത തന്‍
മൃത്യുഞ്ജയ സ്പന്ദമൈഹിക നിദ്ര ..

ദൈവത്തിന്‍ ചിത്രമില്ലാത്ത മുറി, മിഴിയുപ്പും
മെഴുക്കും വാര്‍ന്നൊട്ടിയ തലയിണ..
ഉള്ളിനീര്‍ മണക്കും ഒരുടലിന്‍ വെക്ക
ഉള്ളില്‍ എന്‍ സര്‍വ്വേന്ദ്രീയ സപ്ത തന്‍
മൃത്യുഞ്ജയ സ്പന്ദമൈഹിക നിദ്ര !


സദ്ഗതി
ബാലചന്ദ്രന്‍ ചുള്ളിക്കാട്
______________________
ഒടുവില്‍ അമംഗളദര്‍ശനയായ്‌
ബധിരയായ്‌ അന്ധയായ്‌ മൂകയായി
നിരുപമ പിംഗള കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നു നില്‍ക്കും
പരിതാപമില്ലാതവളോടൊപ്പം
പരലോക യാത്രക്കിറങ്ങും മുന്‍പേ
വഴിവായനയ്ക്കൊന്നു കൊണ്ട് പോകാന്‍
സ്മരണതന്‍ ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലെന്നോമനേ, നിന്‍ ഹൃദയം..
പരതി പരതി തളര്‍ന്നു പോകെ...
ഒരു നാളും നോക്കാതെ മാറ്റിവച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും
അതിലന്നു നീയെന്റെ പേരുകാണും
അതിലെന്റെ ജീവന്റെ നേരുകാണും..
പരകോടിയെത്തിയെന്‍ യക്ഷജന്മം
പരമാണു ഭേദിക്കുമാ,നിമിഷം.
ഉദിതാന്തര ബാഷ്പ പൌര്‍ണമിയില്‍
പരിദീപ്തമാകും  നിന്‍ അന്തരംഗം
ക്ഷണികെ ജഗല്‍ സ്വപ്നമുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും..
പരകൊടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം.
ഉദിതാന്തര ബാഷ്പ പൌര്‍ണമിയില്‍
പരിദീപ്തമാകുംനിന്‍ അന്ത രംഗം
ക്ഷണികെ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും...





പിറക്കാത്ത മകന് (ബാലചന്ദ്രന്‍ ചുള്ളിക്കാട് )



ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.

പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌.

.
ആനന്ദധാര
(ബാലചന്ദ്രന്‍ ചുള്ളിക്കാട് )
--------------- --
ചൂടാതെ പോയ്‌ നീ, നിനക്കായ് ഞാന്‍ ചോര-
... ചാറിചുവപ്പിച്ചൊ രെന്‍ പനീര്‍പ്പൂവുകള് ‍
കാണാതെ പോയ്‌ നീ, നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍ക്കുറി ച്ചിട്ട വാക്കുകള്‍
ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിന ാല്‍
ഇന്നും നിനക്കായ്ത്തുടി ക്കുമെന്‍ തന്ത്രികള്‍

അന്ധമാം സംവത്സരങ്ങള്‍ക് കുമക്കരെ
അന്തമെഴാത്തതാമോ ര്‍മ്മകള്‍ക്കക് കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല-
സന്ധ്യയാണിന്നുമ െനിക്കു നീയോമനേ.

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ച ുള്ള
ദുഃഖമെന്താനന്ദമ ാണെനിക്കോമനേ...
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ,
നിന്നസാന്നിദ്ധ് യം പകരുന്ന വേദന..
.
ഗൌരി


കരയാത്ത ഗൌരീ, തളരാത്ത ഗൌരീ
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.

നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.

ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.
അതിബുദ്ധിമാന്‍മാര്‍ അധികാരമേറി

തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും

വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.
അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം

അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൌരിയമ്മേ കരയാതെ വയ്യ
കരയുന്ന ഗൌരീ തളരുന്ന ഗൌരീ
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി

മതി ഗൌരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.

നമ്മുടെ കവികള്‍ - 2/ കടമ്മനിട്ട രാമകൃഷ്ണന്‍

നമ്മുടെ കവികള്‍ - 2
...........................................
കടമ്മനിട്ട രാമകൃഷ്ണന്‍
=========================

പടയണിത്താളത്തില്‍   മലയാളകവിതയ്ക്ക് പുത്തനുണര്‍വ്വും  ഉന്മേഷവും  നല്കി പുതിയൊരു ആലാപന വഴിയില്‍ കവിതയെ എത്തിച്ച കവിയും രാഷ്ട്രീയ, സാസ്കാരിക പ്രവർത്തകനുമായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ .നിലനിന്നു പോന്ന പ്രകൃതി  വര്‍ണ്ണനയില്‍  നിന്നു വ്യതിചലിച്ച് യഥാര്‍ത്ഥ    മനുഷ്യ   ജീവിതത്തെ  കേന്ദ്രീകരിച്ചായിരുന്നു  കടമ്മനിട്ട കവിതകള്‍ രൂപപ്പെട്ടത് എന്നത് ആ കവിതകളെ വളരെ വേഗം ആസ്വാദകമനസ്സുകളിലേയ്ക്ക് അടുപ്പിക്കാന്‍ ഇടയാക്കി . നിലനിന്നിരുന്ന സാമൂഹിക രാഷ്ട്രീയ രംഗത്തെ അപചയങ്ങള്‍ ഇടതുപക്ഷചിന്താഗതിക്കാരനായിരുന്ന കവിയെ തന്റെ രചനയില്‍ സ്വാധീനിച്ചത് സ്വാഭാവികം മാത്രം. അടിയന്തരാവസ്ഥക്കാലത്ത്,  അദ്ദേഹമെഴുതിയ 'ശാന്ത' , കുറത്തി, കാട്ടാളന്‍ തുടങ്ങിയ കവിതകളൊക്കെ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട രചനയായിരുന്നു.


രചനകള്‍ ആധുനികരൂപം  കൈക്കൊണ്ടവയായിരുന്നെങ്കിലും ഭാഷയും ഭാവവും ആത്മാവും  തികച്ചും  ഗ്രാമീണതയെ വിളിച്ചോതിയെന്നതാണ് കടമ്മനിട്ട കവിതകളുടെ എടുത്തു പറയാവുന്ന പ്രത്യേകത. തികച്ചും ജനകീയമായിരുന്നു ആ ആധുനികത . പച്ചയായ മനുഷ്യജീവിതത്തിന്റെ കഥയും കഥയില്ലായ്മയും വരച്ചുകാട്ടിയ കവിതകളായിരുന്നു കടമ്മനിട്ടയുടേത്. കവിതയെ പുസ്തകങ്ങളില്‍ കൂടി മാത്രമല്ല ശബ്ദരൂപത്തിലും ആസ്വാദകനിലേയ്ക്കെത്തിക്കാം എന്നു തെളിയിക്കുന്നതായിരുന്നു അദ്ദേഹം ആലപിച്ച സ്വന്തം കവിതകളുടെ  കസെറ്റ്  റെക്കോഡുകള്‍ .  കവിതകള്‍ക്ക് പുതിയൊരു ശബ്ദസംസ്കാരം തന്നെ ഉരുത്തിരിയുകയായിരുന്നു അദ്ദേഹത്തിന്റെ റെക്കോഡ് ചെയ്ത കവിതകളും കവിയരങ്ങുകളും. മലയാളത്തിന്റെ കാവ്യപ്രപഞ്ചത്തെ നാദപ്രപഞ്ചത്തിലേയ്ക്ക് രൂപമാറ്റം നല്‍കിയ മന്ത്രിക വിദ്യയുമായെത്തിയ മായാജാലക്കാരനായ കവിയുടെ ശബ്ദം കേരളം മുഴുവന്‍ മുഴങ്ങി   . കുറത്തിയും കാട്ടാളനും കടിഞ്ഞൂല്‍ പൊട്ടനും കോഴിയും പരാതിയും ദേവീസ്തവവും    ... അങ്ങനെയങ്ങനെ ഒട്ടേറെ കവിതകള്‍ ആ മുഴങ്ങുന്ന  പരുക്കന്‍ ശബ്ദത്തില്‍ തന്നെ മലയാളിയുടെ മനസ്സില്‍ കയറിപ്പറ്റി, ഇറങ്ങിപ്പോകാത്തവണ്ണം അതവിടെ സ്ഥാനമുറപ്പിച്ചു. ബുദ്ധിജീവികളും വിദ്യാര്‍ത്ഥികളും നാട്ടുമ്പുറത്തുകരായ സാധാരണക്കാരും തൊഴിലാളികളും അതാസ്വദിച്ചു.  ഒരു കാലഘട്ടത്തില്‍ കോളേജ് ക്യാംപസ്സുകളില്‍ അദ്ദേഹത്തിന്റെ വരികളറിയാത്തെ വിദ്യാര്‍ത്ഥികള്‍ തന്നെ ഉണ്ടായിരുന്നില്ല എന്നു പറയാം.

1935 മാർച്ച്‌ 22ന്‌ ആണ്  പത്തനംതിട്ട കടമ്മനിട്ടയിൽ,  പടയണി ആചാര്യനായിരുന്ന മേലേത്തറയിൽ രാമൻ നായരുടേയും  കുട്ടിയമ്മയുടേയും മകനായി എം ആർ രാമകൃഷ്ണപ്പണിക്കർ എന്ന കടമ്മനിട്ടയുടെ   ജനനം . കുടിപ്പള്ളിക്കൂടത്തിലായിരുന്നു വിദ്യാഭ്യാസം തുടങ്ങിയത് . കടമ്മനിട്ട ഗവര്‍മെണ്ട് മിഡില്‍ സ്കൂളില്‍ നിന്ന് മലയാളം ഏഴാം ക്ലാസ് പരീക്ഷ പാസായി. തുടര്‍ന്ന് പത്തനംതിട്ട ചുട്ടിപ്പാറ ഗവര്‍മെണ്ട് ഹൈസ്കൂളില്‍ സെക്കന്റ് ഫോറത്തില്‍ ചേര്‍ന്നു. തുടര്‍ന്ന് മൈലപ്ര സേക്രഡ് ഹാര്‍ട് ഹൈസ്കൂള്‍‍. കോഴഞ്ചേരി സെന്റ് തോമസ് സ്കൂള്‍ എന്നിവിടങ്ങളിലായി ഹൈസ്കൂള്‍ വിദ്യാഭാസം പൂര്‍ത്തിയാക്കി. കോട്ടയം സി എം എസ് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ്. ചങ്ങനാശ്ശേരി എന്‍ എസ് എസ്സ് കോളേജില്‍ നിന്ന് 1957ല്‍ ബി എ.  കോളജ്‌ പഠനത്തിനുശേഷം ഏരെ കഴിയും മുമ്പ്  ഉപജീവന മാര്‍ഗ്ഗം തേടി കൊൽക്കത്തയ്ക്ക്ക്  പോയി.      1959 ല്‍  തപാൽ വകുപ്പിൽ ഓഡിറ്റ്‌ വിഭാഗത്തിൽ ജോലി ലഭിച്ചതിനെത്തുടർന്ന്‌ ചെന്നൈയില്‍ .  പിന്നീട്‌  1967 മുതൽ 1992 വരെ തിരുവനന്തപുരത്ത്‌ താമസമാക്കി.

കൊല്‍ക്കത്തയിലെ അഭയാര്‍ത്ഥിപ്രവാഹവും അവരുടെ ജീവിതദുരന്തങ്ങളും ഹൃദയത്തിലേല്‍പ്പിച്ച ആഴത്തിലുള്ള മുറിവ് നല്‍കിയ നോവുകളാണ് കത്തിയെരിഞ്ഞ് കവിതാരചനയ്ക്ക് ഇന്ധനമായി ഭവിച്ചത്.  1965 ല്‍ ആണ് ആദ്യമായി 'ഞാന്‍ ' എന്ന  കവിത പ്രസിദ്ധീകരിക്കുന്നത് . 1976 ല്‍ ആദ്യ പുസ്തകം പ്രസിദ്ധീകൃതമായി. മലയാളത്തിലെ കാവ്യാസ്വാദകരുടെ ഭാവുകത്വത്തില്‍ കൊടുങ്കാറ്റു വിതച്ച 'കുറത്തി' പ്രസിദ്ധീകരിച്ചത് 'ബോധി' എന്ന മാസികയിലായിരുന്നു, 1978ല്‍ . പിന്നീട് 75 ലേറെ പുസ്തകങ്ങള്‍ പലപ്പോഴായി അദ്ദേഹം മലയാളസാഹിത്യത്തിനു സമ്മാനിച്ചു. കുറത്തി, കടമ്മനിട്ട, കിരാതവൃത്തം, ശാന്ത, കണ്ണൂർകോട്ട, പുരുഷസൂക്തം, കടമ്മനിട്ടയുടെ കവിതകൾ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടിഞ്ഞൂൽ പൊട്ടൻ, മിശ്രതാളം, വെളളിവെളിച്ചം എന്നിവയാണ്‌ പ്രധാന കവിതാഗ്രന്ഥങ്ങൾ. ഗോദായെ കാത്ത്‌, സൂര്യശില എന്നീ വിവർത്തന കൃതികളും എഴുതിയിട്ടുണ്ട്‌. കടമ്മനിട്ടക്കവിതകളുടെ നാല് വാള്യം കാസറ്റുകളും പുറത്തുവന്നിട്ടുണ്ട്. കവിതകളുടെ കാസറ്റ് പുറത്തിറക്കുന്ന സമ്പ്രദായം ഇതോടെയാണ് മലയാളത്തില്‍ വ്യാപകമാവുന്നത്.
‘കടമ്മനിട്ടയുടെ കവിതകൾ’ എന്ന സമാഹാരത്തിന്‌ 1982-ൽ കേരളസാഹിത്യ അക്കാദമി അവാർഡ്‌, ആശാൻ പുരസ്കാരം എന്നിവ ലഭിച്ചു. അബുദാബി മലയാളം സമാജം അവാർഡ്‌, ന്യൂയോർക്ക്‌ മലയാളം ഇന്റർനാഷണൽ ഫൗണ്ടേഷൻ അവാർഡ്‌, മസ്ക്കറ്റ്‌ കേരള സാംസ്കാരിക കേന്ദ്രം അവാർഡ്‌ എന്നീ ബഹുമതികളും ലഭിച്ചു.

1995-ൽ ആറന്മുള എംഎൽഎ ആയി നിയമസഭയിൽ എത്തി. 1996-ൽ കേരള സ്റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ പ്രസിഡന്റായി. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്‌. ‘കേരള കവിത’ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായിരുന്നു. ‘രക്താർബുദ’ത്തെ തുടർന്ന്‌ 2008 മാർച്ച്‌ 31 ന്  ഈ മഹാനുഭാവന്‍ കാലത്തിന്റെ തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞു .

പരാതി -  (കടമ്മനിട്ട)
.
പറയൂ പരാ‍തി നീ കൃഷ്ണേ...
പറയൂ പരാ‍തി നീ കൃഷ്ണേ...
നിന്റെ വിറയാർന്ന ചുണ്ടുമായ്
നിറയുന്ന കണ്ണുമായ്
പറയൂ പരാ‍തി നീ കൃഷ്ണേ
പറയൂ പരാ‍തി നീ കൃഷ്ണേ

അവിടെ നീ അങ്ങനിരിക്കൂ
മുടിക്കതിരുകൾ അല്‍പ്പമൊതുക്കൂ..
നിറയുമാ കൺകളിൽ കൃഷ്ണമണികളിൽ
നിഴലുപോലെന്നെ ഞാൻ കാണ്മൂ..
നിറയുമാ കൺകളിൽ കൃഷ്ണമണികളിൽ
നിഴലുപോലെന്നെ ഞാൻ കാണ്മൂ..
അടരാൻ മടിക്കുന്ന തൂമണി കത്തുന്ന
തുടർവെളിച്ചത്തിൽ ഞാൻ കാണ്മൂ...
കാണാൻ കൊതിച്ചിന്നുമാകാതെ ദാഹിച്ചു,
വിടവാങ്ങി നിന്നൊരെൻ മോഹം...
ഇടനെഞ്ചുയർന്നുതാണുലയുന്ന സ്പന്ദമെൻ,
തുടരുന്ന ജീവന്റെ ബോധം...
അതുനിലപ്പിക്കരുത് അതിവേഗമോരോന്ന്..
പറയൂ പരാ‍തി നീ കൃഷ്ണേ...
പറയൂ പരാ‍തി നീ കൃഷ്ണേ...
എന്നും പറഞ്ഞവതന്നെയാണെങ്കിലെന്തെന്നും,
പുതിയാതായിത്തോന്നും...
എന്നും പറഞ്ഞവതന്നെയാണെങ്കിലെന്തെന്നും ,
പുതിയാതായിത്തോന്നും...
അല്ലെങ്കിലെന്തുണ്ട് അനവധികാര്യങ്ങൾ,
ഉള്ളതൊരിത്തിരി ദുഃഖം...
അല്ലെങ്കിലെന്തുണ്ട് അനവധികാര്യങ്ങൾ,
ഉള്ളതൊരിത്തിരി ദുഃഖം...
മിഴികോർത്തു നിന്നു നീ പറയുന്ന മാത്ര ഞാൻ
കേൽക്കുന്ന മാത്രകൾ അതിൽ മാത്രമാണ് നാം
അന്വേന്യമുണ്ടെന്ന് അറിയുന്നെതിന്നായ് പറയൂ..

“പറയൂ പരാതി നി കൃഷ്ണേ..“

ഉച്ചത്തിലുച്ചത്തിലാകട്ടെ നിൻ മൊഴി..
ഉച്ചത്തിലുച്ചത്തിലാകട്ടെ നിൻ മൊഴി..

“ഒച്ചയടഞ്ഞുവോ..?“

നിശ്ചലം ചുണ്ടുകൾ, നിറയാത്തകണ്ണുകൾ
നിറയാത്തകൺകളിൽ കൃഷ്ണമണികളിൽ..
നിഴലില്ല, ഞാനില്ല ഞാനില്ല..
.......

ദേവീസ്തവം - കടമ്മനിട്ട
.
ഹേ! പാർവ്വതീ! പാർവ്വണേന്ദു പ്രമോദേ,പ്രസന്നേ,
പ്രകാശക്കുതിപ്പിൽ, കിതയ്ക്കുന്ന നിന്നെ
പ്രകീർത്തിച്ചു പാടാനുമോരോ വിഭാത-
കുളിർവ്വാത ദാഹാർത്തിയായ്‌ നിന്റ നിശ്വാസെ
വേഗം കുടിക്കാനു, മോമൽത്തടിൽ മേനി
പുൽകിത്തലോടാനുമാഴത്തിലാഴത്തി-
ലാഴ്‌ന്നേറേ നേരം മുഴുകിത്തികഞ്ഞാട-
ലാറ്റാനുമി വിശ്വശക്തി പ്രവാഹക്കുതിപ്പിൻ
കിതപ്പായ്‌ ഭവിപ്പാനുമെന്നെ ഭവിപ്പിക്ക നീ ഭാവികേ.
ഹേ! ഭാർഗ്ഗവീ, ഗർവ്വഹത്രീ, പ്രേമഗാത്രീ, പ്രസിദ്ധേ
നറും പൂവിതൾ നോറ്റു തോറ്റുന്ന ദിവ്യാനു
രാഗത്തുടുപ്പിൻ കരൾകൂമ്പറുത്തും,
ഇളം ചില്ല മെല്ലെക്കുലുക്കിച്ചിരിച്ചോടി-
യെത്തുന്ന നന്മണിക്കാറ്റിന്റെ കണ്ഠം ഞെരിച്ചും,
വിയർക്കുന്ന പുല്ലിന്റെ ഗദ്ഗദം ചോർത്തിക്കുടിച്ചും,
ത്രസിക്കുന്ന ജീവന്റെ പുണ്യം കവർന്നും
തിമിർക്കുന്നരക്കൻ,നറുംചോരമോന്തി-
ചിനയ്ക്കുന്നരക്കൻ,ഇരുൾക്കോട്ട കെട്ടി-
മടക്കിക്കപാലാസ്ഥി മാലാവിതാനം
ചമയ്ക്കുന്ന രക്കൻ, ധരിത്രീ വിലാപം
വിറയ്ക്കുന്നു ദിക്‌ പാലരെല്ലാ,മിടിത്തീയിളിക്കുന്നു ചുറ്റും
ഇതാണെന്റെ ലോകം, ഇതാണെന്റെ യോഗം,
ഹേ! ഭൈരവി, ശോകഹർ ത്രി, യോഗമൂർത്തേ, പ്രചണ്ഡ േ
തൃക്കണ്ണു മൂന്നും തുറന്നാർദ്ദ്രയായിത്തിളയ്ക്കൂ,
കുതിക്കൂ, ജ്വലിച്ചന്ധകാരം മുടിക്കൂ
കരാളന്റെ വക്ഷസ്സിലോങ്ങിച്ചവിട്ട്ച്ചതയ്ക്കൂ
സഹസ്രാര പത്മം വിരിഞ്ഞുള്ളിലേറിത്തിളങ്ങൂ
എടുക്കെന്നെ നീ, നിൻ മടിത്തട്ടിലൊട്ടി-
കിടക്കട്ടെ നിൻ പോർ മുലക്കണ്ണു മുട്ടി,
ഹേ! ശാരദേ, സാർവ്വഭൗമേ; പരിശോഭിതേ,
ശാരാദാശ സങ്കാശ സൗമ്യേ, ശിവേ!
പ്രകാശാങ്കുരങ്ങൾ, പ്രഭാതാത്ഭുതങ്ങൾ
പ്രഹർഷേണ വർഷിച്ചു മേയും ഘനങ്ങൾ
ഘനശ്യാമ നീലം, കടക്കണ്ണു ചായും വിലാസം
വികാരോൽബണം വിശ്വഭാവം
സമാകർഷ ചേതോവിതാനം, സരിത്തിൻ
ഹൃദന്താവബോധോദയം, പാരിജാതം.
പ്രേമകല്ലോലിനിലീല, ലാവണ്യ ലാസ്യ-
പ്രകാരം, പ്രസാദം, പ്രകാശം.
ഇതാകട്ടെ ലോകം, ഇതാണെന്റെ മോഹം
ഇതാണെന്റെ നീയായ സത്യ സ്വരൂപം
ഹേ! ശ്യാമളേ, ശാന്തരൂപേ, സമുദ്രേ!.
.
കടമ്മനിട്ട!
കാളീ, കാളിമയാര്‍ന്നോളേ, യെന്‍
കാമം തീര്‍ക്കാനുണരൂ,
പച്ചമണക്കും നിന്‍തനു പുല്‍കാന്‍
കച്ചയഴിച്ചു കളിക്കാന്‍
നിന്റെ കരിന്തുടയിടയില്‍ ജീവിത-
ഗന്ധം തൂകി നനയ്ക്കാന്‍
നിര്‍ദ്ദയ നൃത്ത വിലാസത്താലെന്‍
ശക്തിയൊഴിച്ചു നിറയ്ക്കാന്‍
ഉല്‍ക്കടമോഹമൊരുക്കിയ മണ്ണില്‍
വിത്തുവിതച്ചു വളര്‍ത്താന്‍
വിത്തിന്നുള്ളില്‍ പുതുമുളയായെന്‍
സ്വത്വം കാട്ടി ജയിക്കാന്‍
കത്തും കാമമെരിക്കുന്നെന്നെ-
ഉണരുണരൂ നീ പെണ്ണേ... !!

Thursday, May 19, 2016

തീക്കനല്‍ പൂവിന്റെ ഗീതിക..

വെയില്‍ തിന്ന പകലിന്റെ
നെറുകയില്‍ നോവുമായ്
ജലദങ്ങള്‍ ചുംബിച്ചകന്നു പോകേ..
മോഹത്തരുവിന്റെ
ചില്ലയില്‍ വന്നിരു-
ന്നേതോ പകല്‍പ്പക്ഷി പാടിടുന്നു.
മറവി തന്‍ വേരാഴ്ന്നു
പോകും മനസ്സിന്റെ
ആഴത്തില്‍ കണ്ണീരിനുറവ ചാലായ്..
എന്നിട്ടുമൊരു കൊച്ചു
കാറ്റേറെ  നോവുമായ്
എങ്ങോ നിന്നോടിവന്നെങ്ങോ മറഞ്ഞു
വെയില്‍ച്ചൂരല്‍ തുമ്പു
കൊണ്ടാഞ്ഞടിക്കുന്നുണ്ടു
ഗ്രീഷ്മത്തിന്‍   മുറ്റത്ത് വന്ന  സൂര്യന്‍
പേടിച്ചു പോയതോ
ഓടിയകന്നുവോ
മാരിക്കണങ്ങളാം  ഓമനകള്‍
തുള്ളിക്കളിക്കുന്ന
കൊച്ചു കിടാങ്ങള്‍
മാടിവിളിക്കുന്നു, കാണ്മതില്ലേ,,
കുന്നിറങ്ങും സ്നേഹ
വഴിയിലൂടോടിയീ
ചെല്ലക്കുരുന്നുകള്‍ക്കീണമാകൂ.
പിന്നെയീക്കാളുന്ന
താപത്തെച്ചേര്‍ത്തണ-
ച്ചാത്തിരു നെറ്റിയില്‍ മുത്തമേകൂ ..
കണ്ടു തണുക്കട്ടെ,
കോരിത്തരിക്കട്ടെ
തീക്കനല്‍ പൂക്കുന്ന ഭൂമരങ്ങള്‍..

Friday, May 6, 2016

സാക്ഷികള്‍

ഒടുവിലൊരു ഹേമംഗുലീയം
ചക്രവാളത്തിന്‍
വിരല്‍ത്തുമ്പില്‍
ചാര്‍ത്തിയീ
സന്ധ്യ വിടവാങ്ങുന്നു മെല്ലെ
വരുമെന്നു ചൊല്ലിപ്പിരിഞ്ഞു
പോകുമ്പോഴും
ഉറയുന്നു
കണ്‍കോണിലെവിടെയോ
പറയുവാനാവാത്ത
വിരഹാര്‍ദ്രബിന്ദുവായ്
ഒഴുകുന്ന ദുഃഖം
ശാരദനിലാവിന്റെ 
രജതരേണുക്കളാല്‍ 
മൃദുചുംബനം കൊണ്ടു 
വ്രീളയായ് ഭൂമിയും 
കുളിരാര്‍ന്ന മേനിയെ 
തഴുകുവാനെത്തുന്ന 
കാറ്റിനോടിത്തിരി 
പരിഭവം ചൊല്ലി
പിന്നെയാ നീഹാരകംബളം 
മേലാകെ 
വാരിപ്പുതച്ചോരു കനവു നെയ്തും 
മിഴി മെല്ലവേ പൂട്ടി , 
തെല്ലിളവേല്‍ക്കവേ 
തമസ്സാകെ നിറയുന്നു 
മറയുന്നു തിരിനാളം 
കാവലായ് ആകാശക്കോണിലങ്ങെവിടെയോ 
കണ്‍പാര്‍ത്തു താരകക്കൂട്ടം 
നിരക്കുന്നു. 
സാക്ഷിയാകുന്നു 
മുനകൂര്‍ത്ത പല്ലും നഖവും 
നടമാടുന്നത് !