Friday, May 6, 2016

സാക്ഷികള്‍

ഒടുവിലൊരു ഹേമംഗുലീയം
ചക്രവാളത്തിന്‍
വിരല്‍ത്തുമ്പില്‍
ചാര്‍ത്തിയീ
സന്ധ്യ വിടവാങ്ങുന്നു മെല്ലെ
വരുമെന്നു ചൊല്ലിപ്പിരിഞ്ഞു
പോകുമ്പോഴും
ഉറയുന്നു
കണ്‍കോണിലെവിടെയോ
പറയുവാനാവാത്ത
വിരഹാര്‍ദ്രബിന്ദുവായ്
ഒഴുകുന്ന ദുഃഖം
ശാരദനിലാവിന്റെ 
രജതരേണുക്കളാല്‍ 
മൃദുചുംബനം കൊണ്ടു 
വ്രീളയായ് ഭൂമിയും 
കുളിരാര്‍ന്ന മേനിയെ 
തഴുകുവാനെത്തുന്ന 
കാറ്റിനോടിത്തിരി 
പരിഭവം ചൊല്ലി
പിന്നെയാ നീഹാരകംബളം 
മേലാകെ 
വാരിപ്പുതച്ചോരു കനവു നെയ്തും 
മിഴി മെല്ലവേ പൂട്ടി , 
തെല്ലിളവേല്‍ക്കവേ 
തമസ്സാകെ നിറയുന്നു 
മറയുന്നു തിരിനാളം 
കാവലായ് ആകാശക്കോണിലങ്ങെവിടെയോ 
കണ്‍പാര്‍ത്തു താരകക്കൂട്ടം 
നിരക്കുന്നു. 
സാക്ഷിയാകുന്നു 
മുനകൂര്‍ത്ത പല്ലും നഖവും 
നടമാടുന്നത് !

1 comment:

  1. കവിത വായിച്ചു
    ആശംസകൾ

    ReplyDelete