Wednesday, June 29, 2016

നമ്മുടെ കവികള്‍ 17/ ഡോ: ദേശമംഗലം രാമകൃഷ്ണന്‍

നമ്മുടെ കവികള്‍ 17/ ഡോ: ദേശമംഗലം രാമകൃഷ്ണന്‍
===============================================


സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും വാഗ്മയചിത്രങ്ങളായി പൂക്കള്‍ വിടര്‍ത്തുന്ന കവിതകളുടെ മായാപ്രപഞ്ചമാണ് അനുഗൃഹീതകവി ശ്രീ ദേശമംഗലം രാമകൃഷ്ണന്റെ സൃഷ്ടികളോരോന്നും. നഷ്ടങ്ങളെപ്പോലും നേട്ടങ്ങളാക്കാന്‍ കഴിവുള്ള നന്മയുടെ അടയാളപ്പെടുത്തലുകള്‍ ."സങ്കീര്‍ണ്ണ ബിംബങ്ങളുടെ ധ്വനിസാന്ദ്രതയാണ്‌ ദേശമംഗലം കവിതയുടെ പ്രത്യേകത" എന്നു തനിക്കു തൊട്ടുമുമ്പേ നടക്കാറുളള അയ്യപ്പപ്പണിക്കര്‍ പറഞ്ഞിട്ടുണ്ട്‌. മിത്തുകളുടെയും താടന്‍പാട്ടിന്റെയും പഴഞ്ചൊല്ലിന്റെയും ഒക്കെ വെളിച്ചം വേണ്ടുവോളം വീണു കിടന്നിരുന്ന നാട്ടുവഴികളിലൂടെയാണ്  ദേശമംഗലം സഞ്ചരിച്ചു തുടങ്ങിയത്. ഈ നാട്ടുതനിമ തന്റെ തട്ടകമാണെന്ന്‌ അവകാശപ്പെടുന്ന കവി നഗരജീവിതത്തിന്റെ അസ്വാസ്ഥ്യങ്ങള്‍ക്കിടയിലും  താലോലിക്കുന്നത്‌ തന്റെ അനുഭവങ്ങളിലെ ഗ്രാമജീവിതത്തിന്റെ ദുരിതപൂര്‍ണ്ണമായ വിശുദ്ധിയെയാണ്‌ഃ "കുട്ടിക്കാലത്ത്‌ അറിഞ്ഞതും കേട്ടതും കണ്ടതും എല്ലാം സഞ്ചയിച്ചുണ്ടാവുന്ന യാഥാര്‍ത്ഥ്യങ്ങളാണ്‌ ഉളളില്‍ ഭാഷ ഉണ്ടാക്കുന്നത്‌." ഈ കാവ്യഭാഷതന്നെയാണ്‌ അദ്ദേഹത്തിന്റെ കവിതകളെ വേറിട്ടു കേള്‍പ്പിക്കുന്നതും. ഗഹനതയും ഭാവസാന്ദ്രതയും ഗ്രാമീണസൗന്ദര്യവും ഒക്കെ ഒത്തു ചേര്‍ന്ന ഈ കവിതകള്‍ ആധുനിക- ഉത്തരാധുനികതയുടെ ചട്ടക്കൂട്ടിനുള്ളില്‍ ഒതുങ്ങി നില്‍ക്കാന്‍ കൂട്ടാക്കുന്നില്ല .

1948ല്‍  തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ ദേശമംഗലത്ത്  ആണ് ശ്രീ രാമകൃഷ്ണന്റെ ജനനം . ദേശമംഗലത്തും ചെറുതുരുത്തിയിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി . പട്ടാമ്പി സംസ്കൃത കോളേജിൽ നിന്ന് എം.എ. (മലയാളം) ബിരുദം നേടി. തുടർന്ന് കോഴിക്കോട് സർവകലാശാലയിൽ ഡോ. കെ. എൻ. എഴുത്തച്ഛന്റെ കീഴിൽ ഗവേഷണം ചെയ്ത് പി. എച്ച്. ഡി. നേടി (വിഷയം-നവ്യകവിതയിലെ ഭാഷാ ഘടനകൾ-ശൈലീവിജ്ഞാനീയ സമീപനം). കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പിന് അർ‌ഹനായി. 1975 മുതൽ 1989 വരെ വിവിധ ഗവണ്മെന്റ് കോളേജുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു . 1989 മുതൽ കേരള സർവകലാശാലയിൽ മലയാളവിഭാഗത്തിൽ അധ്യാപകനായി പ്രവർത്തിച്ച ശേഷം 2008ൽ പ്രൊഫസറായി വിരമിച്ചു. തുടർന്ന് കോഴിക്കോട് സർവകലാശാല മലയാളവിഭാഗത്തിൽ യൂ. ജി. സി. യുടെ എമെറിറ്റസ് ഫെലോ ആയി 2009 മുതല്‍ 2011 വരെ  പ്രവർത്തിച്ചു .

കൃഷ്ണപക്ഷം, വിട്ടുപോയ വാക്കുകൾ, താതരാമായണം, ചിതൽ വരും കാലം, കാണാതായ കുട്ടികൾ, മറവി എഴുതുന്നത്, വിചാരിച്ചതല്ല, എത്ര യാദൃച്ഛികം, കരോൾ, ബധിരനാഥന്മാർ, എന്റെ കവിത  എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍ . ഡെറക്‌ വാൽകോട്ടിന്റെ കവിതകൾ, സ്‌ത്രീലോകകവിത ,ഭാരതീയകവിതകൾ, ഭവിഷ്യത്‌ചിത്രപടം (ഭക്‌തവത്സലറെഡ്‌ഡിയുമൊന്നിച്ച്‌), തെലുഗുകവിത 1900-80 (ഭക്‌തവത്സലറെഡ്‌ഡിയുമൊന്നിച്ച്‌) എന്നീ വിവര്‍ത്തനഗ്രന്ഥങ്ങളും വഴിപാടും പുതുവഴിയും എന്ന ലേഖനസമാഹാരവും അദ്ദേഹത്തിന്റേതായുണ്ട് .

കരോള്‍ എന്ന കവിതാസമാഹാരത്തിന് 2013ലെ ഏറ്റവും മികച്ച കവിതാഗ്രന്ഥത്തിനുള്ള ഉള്ളൂർ അവാർഡ്  ലഭിച്ചു. 2014 ലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചതും ശ്രീ രാമകൃഷ്ണനാണ് .

പ്രൊഫ. സി.എസ്. ശ്രീകുമാരിയാണ് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി . നിമിഷ ആര്‍.എസ് ആണ് ഏകപുത്രി .മരുമകന്‍ ലാമി. എം. ബോബി, രണ്ടു പേരക്കുട്ടികള്‍ , അനാമികയും നിരാമയനും. തനെ വാത്സല്യഭാജനമായ പേരക്കുട്ടിയുടെ പേരാണ് അദ്ദേഹത്തിന്റെ ബ്ലോഗിനും - അനാമിക.

അദ്ദേഹത്തിന്റെ ചില കവിതകളിലൂടെ..
.
ഇനിയെന്തിന്
=======
ഒടുവില്‍
ഒറ്റക്കാള കെട്ടിവലിക്കും ശകടത്തില്‍
അടയ്ക്കാനാവാത്തൊരു വായയായ്
കടന്നുപോകുന്നതാരേ
എതിര്‍നാവുകളരിഞ്ഞിട്ട നീയോ, രക്ഷകാ.
പകര്‍ന്നുതന്നതു വെറുപ്പല്ലേ നീ
പകര്‍ന്നാട്ടത്തില്‍ ചത്തുമലച്ചതും നീതന്നെയോ
ചുരുണ്ടുകൂടുന്നൂ കൊടിക്കൂറകള്‍
ചുളിയുന്നൂ ഘടാകാശം
പിടഞ്ഞുചിതറും പുത്രമുഖങ്ങള്‍ നോക്കി
അലറുന്നൂ സ്തന്യം ചുരത്തിയോരാത്മാവുകള്‍:
‘കൊല്ലാതെ കൊള്ളാഞ്ഞതെന്തവന്‍തന്നെനീ
കൊല്ലിക്കയത്രേ നിനക്കു രസമെടോ’.

ഒടുവില്‍ നീ നീട്ടിയ ചങ്ങല
മുറുകിയതു തന്‍ കാലിലേ
നീ വീശിയ കൊടുവാളോ
പതിച്ചതു തന്‍ നെഞ്ചിലേ

ഇരുളുകനക്കുമീ ചുരത്തിന്‍ തെറ്റത്ത്
ഇടറിനില്‍ക്കെ
ഉരുള്‍പൊട്ടുകയാണെന്നുള്ളിലൊരു രോദനം
കാതുപൊട്ടിയൊരു ദിക്കിലിന്നാരേ
ഇതു കേള്‍ക്കുവാന്‍
കണ്ണുപൊട്ടിയൊരു ദിക്കിലിന്നാരേ
ഇതു കാണുവാന്‍.
കലങ്ങിയൊരൊഴുക്കുത്തില്‍
കൊത്തിനുറുക്കിയിട്ടതാരെന്‍
ചാന്ദ്രമുഖത്തിനെ.

കുഴിച്ചുമൂടിയൊരൊച്ചയ്ക്കുമീതേ
കുലയ്ക്കുന്നുണ്ടൊരു രോദനം
ഉടല്‍ നഷ്ടമായിട്ടും
വളരുന്നുണ്ടിവിടെ
ഒരു കട്ടിക്കരിനിഴല്‍.
വളഞ്ഞുവെയ്ക്കുന്നുണ്ടിവിടെ നമ്മളെ
വര്‍ത്തമാനച്ചുടലകള്‍.
മേഘവിസ്മൃതിയാളും
വരള്‍ക്കുന്നിന്‍പുറങ്ങളില്‍
ഇനിയെന്തിനീ പീലിയാട്ടങ്ങള്‍
ആശംസാവരക്കുറി മാഞ്ഞുപോയിട്ടും
ചിലയ്ക്കുന്നതെന്തിനു വരള്‍മരക്കൊമ്പില്‍
സേതുബന്ധനക്കിനാവുകള്‍.
.
വളര്‍ത്തുകാട്
==========
വളര്‍ത്തുകാടെന്നിതിനാരു പേരിട്ടൂ
വളര്‍ത്താന്‍, കൊല്ലാനല്ലീ പച്ചപ്പെന്നു
നിറഞ്ഞമനസ്സോടെയറിഞ്ഞവര്‍.

വളര്‍ത്തുകാടു ചുറ്റി വളഞ്ഞുവരും പാതയിലൂടെന്‍
ബസ്സുപോരുമ്പോള്‍ നാലുപാടും കുയിലുകള്‍
മയിലുകള്‍ രാമായണം ഭജിച്ചിരിക്കും കപീന്ദ്രന്മാര്‍

ബസ്സുനിര്‍ത്തി തെല്ലു നടക്കേ ചില്ലൊളി നീര്‍ച്ചോലകള്‍
പാദങ്ങള്‍ തഴുകുന്നൂ, കൈക്കുമ്പിളില്‍ കോരി
മുഖത്തുപൊത്തുമ്പോള്‍ ഒരുകവിള്‍ കുടിക്കുമ്പോള്‍
എത്രമണ്ണിന്‍ വീര്‍പ്പുകള്‍ വേരിന്‍ വീര്യങ്ങള്‍ കന്മദ-
ച്ചാറുകള്‍ മയില്‍പ്പീലിവര്‍ണ്ണങ്ങള്‍, ആണ്മെരുകിന്റെ
ആനന്ദപ്പുളപ്പുകള്‍ എന്നാത്മസിരകളില്‍ നിറയുന്നൂ
…ഓര്‍ക്കുകയാണു ഞാനക്കാലങ്ങള്‍ കുളിര്‍ത്തത്.

ഓര്‍ക്കുകയാണുഞാന്‍
ഇടയടഞ്ഞ കാട്ടില്‍ നടന്നോരോ പൂവിനും മരത്തിനും
കല്ലിനും മണിക്കല്ലിനും പുഴുവിനും പൂ-
മ്പാറ്റയ്ക്കും പേരിടാന്‍ ദാഹിച്ചോരെ
ഈ മണ്ണിനോടൊപ്പം ദാഹിച്ചു ദഹിച്ചിരുന്നൂ
അന്നോരോ മനുഷ്യരും.

വളര്‍ത്തുകാടെന്നിതിനെയാരിന്നു വിളിക്കുന്നൂ
കൊല്ലുവാന്‍ വളര്‍ത്തും മൃഗം പോലെ
മാത്രമൊരു കാടും, എന്നു നിനയ്ക്കും സരസന്മാര്‍.

കൂരകള്‍ സ്വന്തം ശവക്കുഴികളാക്കി
ഇതിലേക്കിറങ്ങിപ്പോയവര്‍
ഇന്നു കേള്‍പ്പതു നെഞ്ചില്‍
തിത്തിരിക്കിളിപ്പാട്ടല്ല
ക്വാറി ക്രഷര്‍ യന്ത്രത്തിന്‍
ഇരമ്പങ്ങള്‍…

പൂക്കളെ മഹാവൃക്ഷനിരയെ സാക്ഷിയാക്കി
ഇതിലേക്കിറങ്ങിപ്പോയവരെത്രയോ
ഇന്നവരുടെ ചുണ്ടുകളില്‍ കിനിഞ്ഞെത്തുവതു
ഞാവല്‍പ്പഴച്ചാറല്ല
കൊമ്പുവെട്ടിയെടുത്തു
കുഴിച്ചുമൂടിയൊരു ഗജേന്ദ്രന്റെ
പനമ്പട്ടച്ചോരനീരുകള്‍.
.http://www.desamangalam.org/category/poems

 

No comments:

Post a Comment