Saturday, June 18, 2016

ഢോക്ല (ढोकला)

ഢോക്ല എന്നു കേട്ടിട്ടുണ്ടോ .. ഡ്രാക്കുള അല്ല കേട്ടോ..
ഗുജറാത്തികളുടെ ഒരു സ്വാദിഷ്ട വിഭവമാണിത്.പൊതുവേ കേരളത്തില്‍ ഇതിനത്ര പ്രചാരമില്ലെന്നു തോന്നുന്നു. പക്ഷേ ഉത്തരേന്ത്യയില്‍ വളരെ സ്വാഗതം ചെയ്തിരിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥം ആണിത് ,
 കടലപ്പരിപ്പും അരിയും കൂടി കുതിര്‍ത്തരച്ച് ,  അല്‍പ്പം അപ്പക്കാരം ഒക്കെ ചേര്‍ത്ത് ഏഴെട്ടു മണിക്കൂര്‍ പുളിക്കാന്‍ വെച്ച ശേഷം ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഗുജറാത്തിന്റെ  ഈ തനതു വിഭവം പ്രഭാതഭക്ഷണമായോ, പ്രധാന ഭകഷണത്തോടൊപ്പം കഴിക്കാനോ, വൈകുന്നേരം ചായയ്ക്കൊപ്പമോ ഒക്കെ കഴിക്കാം . കൂടെ മല്ലിയില കൊണ്ടുള്ള ചമ്മന്തിയും ആകാം. 11)ം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ജെയിന്‍ ലിഖിതങ്ങളില്‍ പോലും ഈ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നു പറയപ്പെടുന്നു .

പക്ഷേ സാധാരണ ഭക്ഷണാശാലകളിലും ബേക്കറികളിലും വഴിയോര ഭക്ഷണകേന്ദ്രങ്ങളിലും ഒക്കെ ലഭിക്കാറുള്ളത് കുറച്ചു കൂടി മൃദുലമായ ഖമ്മന്‍ ഢോക്ല ആണ്. ഇതു കുറച്ചു കൂടി വേഗത്തില്‍ ഉണ്ടാക്കുകയും ചെയ്യാം . കടലമാവില്‍ തൈരും അപ്പക്കാരവും അല്പം കായപ്പൊടിയും നാരങ്ങനീരും പഞ്ചസ്സാരയും മൃദുവായി   അരച്ചെടുത്ത പച്ചമുളകും ഇഞ്ചിയും ഉപ്പും ചേര്‍ത്ത് കട്ടിയുള്ള മാവായി കലക്കി വെയ്ക്കുക. കടലമാവിന്റെ പകുതിയളവ് തൈര് എടുക്കണം . ഢോക്ലയുടേതിലും കുറച്ചു കൂടുതല്‍ അപ്പക്കാരം ഇതില്‍ ചേര്‍ക്കും. അതിനു പകരം എനോ ഫ്രൂട്ട് സോള്‍ട്ട് ചേര്‍ക്കുകയും ആകാം. (വേഗം പുളിച്ചു കിട്ടുകയും ചെയ്യും ) ചിലര്‍ അല്‍പം റവയും മഞ്ഞള്‍പ്പൊടിയും   കൂടി ചേര്‍ക്കാറുണ്ട്. അപ്പക്കാരവും മഞ്ഞള്‍പ്പൊടിയും ഒന്നിച്ചു ചേര്‍ന്ന് .ഢോക്ലയ്ക്ക്  ചുവന്ന കുത്തുകള്‍ പോലെ ഡിസൈന്‍ വരുത്തും . അതുകൊണ്ട് മഞ്ഞള്‍ പൊടി ചേര്‍ക്കാതിരിക്കുന്നതാണു നല്ലത് . നന്നായി ഇളക്കി അപ്പക്കാരം എല്ലായിടവും ഒരുപോലെ യോജിക്കണം . അത് 6-8 മണിക്കൂര്‍ വരെ പുളിക്കാന്‍ വെച്ച ശേഷം എടുത്ത് വട്ടയപ്പം ഒക്കെ ഉണ്ടാക്കുന്നതുപോലെ ആവിയില്‍ പുഴുങ്ങിയെടുക്കുക.
കുറച്ചു ചൂടാറിയശേഷം മുറിച്ചു കഷണങ്ങളാക്കി കടുക്, ജീരകം , കറിവേപ്പില, എള്ള്, നുറുക്കിയ പച്ചകുളക് എന്നിവ എണ്ണയില്‍ വറുക്കുക. കടുകു പൊട്ടിക്കഴിയുമ്പോള്‍ ശ്രദ്ധയോടെ അതില്‍  കുറച്ചു വെള്ലമൊഴിക്കുക. അതില്‍ കുറച്ചു  പഞ്ചസ്സാര ചേര്‍ത്തു തിളയ്ക്കുമ്പോള്‍ എടുത്ത്,   മുറിച്ചു വെച്ചിരിക്കുന്ന കഷണങ്ങള്‍ക്കു  മുകളില്‍ നിരത്തി ഒഴിക്കുക. ഗ്രേറ്റ് ചെയ്ത നാളികേരവും മല്ലിയില അരിഞ്ഞതും  മുകളില്‍ വിതറാം. മല്ലിയില ചമ്മന്തിയോ ഇഷ്ടമുള്ള സോസ് ഏതെങ്കിലുമോ ചേര്‍ത്തു കഴിക്കാം. മൈക്രോവേവ് അവനിലും ഇത് വേഗത്തില്‍ പാകം ചെയ്തെടുക്കാം . വളരെ മാര്‍ദ്ദവമുള്ള ഈ വിഭവം അത്ര തന്നെ സ്വാദിഷ്ടവും ആണ്. മധുരവും പുളിയും എരിവും ഒക്കെ ചേര്‍ന്ന ഇതിന്റെ സ്വാദ് ഏവര്‍ക്കും ഇഷ്ടമാവുകയും ചെയ്യും . ഒപ്പം പോഷകസമൃദ്ധവും ആണ്.

ദോശയുടെ വെറൈറ്റി പോലെ ഇതുനുമുണ്ടിപ്പോള്‍ അനേകം വെറൈറ്റികള്‍ .







1 comment: