Friday, July 1, 2016

നമ്മുടെ കവികള്‍ 18 / സാവിത്രി രാജീവന്‍

നമ്മുടെ കവികള്‍ 18 / സാവിത്രി രാജീവന്‍
===================================

പുതിയ തലമുറയിലെ സ്ത്രീകവികളുടെ മുന്‍ നിരയില്‍  തന്നെ നില്‍ക്കുന്ന സാവിത്രി രാജീവന്‍ നല്ല  ഒരു ചിത്രകാരി കൂടിയാണ്.
സ്ത്രീയുടെ ചിന്തകള്‍ക്കും അനുഭവങ്ങള്‍ക്കും പ്രകൃതിയോടെന്നപോലെ യാഥാര്‍ത്ഥ്യങ്ങളിലൂടെ ഒരന്വേഷണം അക്ഷരങ്ങളില്‍ കൊണ്ടുവരണമെങ്കില്‍ അത് ഒരു സ്ത്രീക്കു മാത്രമേ കഴിയൂ. അത് സ്ത്രിന്മനസ്സിന്റെ നിഗൂഢതയോ അപ്രാപ്യതയോ  ആല്ല വെളിവാക്കുന്നത് , മറിച്ച് സ്ത്രീയുടേയും പുരുഷന്റേയും സ്വത്വങ്ങളിലുള്ള വ്യത്യസ്തതയാണ്.ശരീരം പോലെ തന്നെ മനസ്സും വ്യത്യസ്തപ്പെട്ടിരിക്കുന്നു .താന്‍  സ്ത്രീയാണെന്ന ബോധത്തോടെ സ്ത്രീശക്തിയെ ഉയര്‍ത്തിക്കാട്ടാന്‍ തന്റെ അക്ഷരക്കൂട്ടുകള്‍ക്കു കരുത്തു നല്‍കിയ കവിതകളാണ് ശ്രീമതി സാവിത്രി രാജീവന്റേത്. നിത്യജീവിതത്തിലെ സൂക്ഷ്മ ചലനങ്ങളിലൂടെ സമൂഹത്തെ ബാധിക്കുന്ന രോഗങ്ങളെ തന്‍റെ കവിതയിലൂടെ കാല്‍പനികതയുടെ കൃത്രിമജാടകളൊന്നുമില്ലാതെ  കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നു. അതാകട്ടെ സ്വാഭാവികമായി വാക്കുകളുടെ പുഴയായി ഒഴുകിയെത്തുകയാണു കവിതയില്‍. കാലിക സാമൂഹിക സമസ്യകളോട് ശക്തിയായി പ്രതികരിക്കുന്ന സാവിത്രി രാജീവന്‍റെ കവിതകള്‍ക്ക്  അതുകൊണ്ടു തന്നെ ആകര്‍ഷകത്വവും സ്വീകാര്യതയും ഈ കവിതകള്‍ക്ക് ഏറെയുണ്ട്. . എഴുത്തിൽ ഏറ്റവും വലിയ ഉപകരണം സ്വകാര്യഭാഷയാണെന്ന്‌ തറപ്പിച്ചുപറയുകയാണ്‌ സാവിത്രി രാജീവൻ. അതു പിറന്നനാടിന്റെ ഭാഷയാണ്‌.പദശേഖരം, ഘടന, പ്രമേയം, കൽപനകൾ ഒക്കെ കവിതയുടെ അടിത്തട്ടന്വേഷിക്കുന്നതോടൊപ്പം അനായാസമായി ഉള്‍ക്കൊള്ളാവുന്ന സന്ദേശങ്ങളാലും ഈ കവിതകള്‍ ശ്രദ്ധേയമാകുന്നു . അവയാകട്ടെ ആധുനിക കാലഘട്ടത്തിന്റെ ഇരുട്ടു മൂടുന്ന നടവഴികളിലേയ്ക്കുള്ള വെളിച്ചത്തുരുത്തുകളാകുന്നു.

1956 ആഗസ്റ്റ് 22 ന് ഏറനാടു താലൂക്കില്‍ വീട്ടിക്കാട്ട് ഇല്ലത്ത് വീട്ടിക്കാട്ട് നാരായണന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്‍റെയും മകളായി സാവിത്രി  ജനിച്ചു. പൂക്കോട്ടൂര്‍ ഗവ. ഹൈസ്ക്കൂള്‍, മലപ്പുറം ഗവ. കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ്, ഫാക്കല്‍റ്റി ഓഫ് ഫൈനാര്‍ട്സ്, എം. എസ്. യൂണിവേഴ്സിറ്റി ബറോഡ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1965 മുതല്‍ മലയാളം. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. “ചരിവ്” (കവിതാ സമാഹാരം) 1993 ല്‍ പ്രസിദ്ധീകരിച്ചു. 'ദേഹാന്തരം', 'ഹിമസമാധി', 'അമ്മയെ കുളിപ്പിക്കുമ്പോള്‍', 'സാവിത്രി രാജീവന്റെ കവിതകള്‍' മുതലായവയാണു മറ്റു പ്രധാന കൃതികള്‍.  വിവിധ ഇന്ത്യന്‍ ഭാഷകളിലും, ഇംഗ്ലീഷ്, സ്വീഡിഷ് തുടങ്ങിയ വിദേശ ഭാഷകളിലും  കവിതകള്‍ പരിഭാഷപ്പെടുത്തി യിട്ടുണ്ട്. ഇപ്പോള്‍ സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗമായി വര്‍ത്തിക്കുന്നു . തിരുവനന്തപുരത്തു താമസിക്കുന്നു. ഭര്‍ത്താവ് പ്രൊഫ. ബി. രാജീവന്‍. കുട്ടികൾ - മനുവും, യദുവും.


1991 ല്‍ കുഞ്ചുപിള്ള സ്മാരക അവാര്‍ഡും, 1994 ല്‍ ഉദയഭാരതി നാഷണല്‍ അവാര്‍ഡും ലഭിച്ചു. 2010 ലെ കമല സുരയ്യ അവാര്‍ഡിനും 'സാവിത്രി രാജീവന്റെ കവിതകള്‍' എന്ന കവിതാ സമാഹാരം അര്‍ഹമായി.   (1995 മുതല്‍ ചിത്ര രചനയില്‍ കൂടുതല്‍ ശ്രദ്ധിച്ചു വരുന്നു. ആദ്യ ചിത്ര പ്രദര്‍ശനം 1999 ല്‍ ഡല്‍ഹി ഭവന്‍ ഗ്യാലറിയില്‍ നടന്നു.) 

രണ്ടുകാലുകള്‍ ഒന്നാക്കിമാറ്റി
അല്ലെങ്കില്‍
കാലുതന്നെ മാറ്റി
അതെന്നെ
താമരപ്പൂവിലോ
ഭാരതമദ്ധ്യത്തിലോ
പ്രതിഷ്ഠിക്കുന്നു
(സാരി എന്ന കവിതയില്‍ സാവിത്രി രാജീവന്‍ പറയുന്നത് )
ലോകം വേഷത്തിലൂടെ കര്‍മ്മത്തിലൂടെ കല്പനയിലൂടെ സ്ത്രീപ്രതിഷ്ഠ നിര്‍വ്വഹിച്ചുകൊണ്ടേയിരിക്കുന്നു. താരാട്ടുപാടിയും അമൃതവും ധനവും വര്‍ഷിച്ചും ഒടുവില്‍ ഭൂമി പിളര്‍ന്ന് പാതാളത്തിലേക്ക് മറയാനാണ് അവള്‍ നിയോഗിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ സാരിയല്ല തന്റെ ഇഷ്ടവേഷമെന്ന് കവയത്രി പ്രഖ്യാപിക്കുന്നു.
അടുക്കളയില്‍ സ്ത്രീ  ജന്മം നൂറായിരം പണികളില്‍ തളച്ചിടുന്നവള്‍, കാവ്യങ്ങളും ഐതിഹ്യങ്ങളും കെട്ടുകഥകളും വാഴ്ത്തുന്നവള്‍, കടലോളം അപാരമായ പ്രണയം ഉള്ളില്‍ കൊണ്ടുനടക്കുന്നവള്‍, കാമക്കണ്ണുകളും വിപണനതന്ത്രങ്ങളും കൊണ്ടു് പലതായി തെറിച്ചുപോകുന്നവള്‍ - ഈ ഓരോ അവതാരത്തിലും സര്‍ഗ്ഗാത്മകതയുടെ കനലും വെളിച്ചവും പ്രസരിപ്പിക്കുന്നവളാണു് സാവിത്രീ രാജീവന്റെ കവിതകളിലെ സ്ത്രീ.


.
അമ്മയെ
കുളിപ്പിക്കുമ്പോള്‍.....
**************************
അമ്മയെ കുളിപ്പിക്കുമ്പോള്‍
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്നപോലെ
കരുതല്‍ വേണം.
ഉടല് കയ്യില് നിന്ന് വഴുതരുത്.
ഇളം ചൂടായിരിക്കണം വെള്ളത്തിന്.
കാലം നേര്‍പ്പിച്ച
ആ ഉടല്‍
കഠിന മണങ്ങള്‍ പരത്തുന്ന
സോപ്പുലായനികൊണ്ട് പതയ്ക്കരുത്.
കണ്ണുകള്‍ നീറ്റരുത്.
ഒരിക്കല്‍
നിന്നെ കുളിപ്പിച്ചൊരുക്കിയ
അമ്മയുടെ കൈകളില്‍
അന്ന് നീ കിലുക്കിക്കളിച്ച വളകള്‍ കാണില്ല.
അവയുടെ ചിരിയൊച്ചയും.
നിന്റെ ഇളം കടിയേറ്റ പഴയ മോതിരം
ആ വിരലില്‍ നിന്ന് എന്നേ വീണുപോയിരിക്കും.
എന്നാല്‍
ഇപ്പോള് അമ്മയുടെ കൈകളിലുണ്ട്
ചുളിവിന്റെ എണ്ണമില്ലാത്ത ഞൊറിവളകള്‍
ഓര്മകള്‍ കൊണ്ട് തിളങ്ങുന്നവ
ഏഴോ,എഴുപതോ, എഴായിരമോ
അതില് നിറഭേദങ്ങള്‍?..
എണ്ണാന്‍ മിനക്കെടേണ്ട
കണ്ണടച്ച്
ഇളം ചൂടുവെള്ളം വീണ്
പതുപതുത്ത ആ മൃദുശരീരം
തൊട്ടുതലോടിയിരിക്കുക
അപ്പോള്‍
ഓര്മകള്‍ തിങ്ങി ഞെരുങ്ങിയ
ആ ചുളിവുകള്‍ നിവര്ന്നു തുടങ്ങും
അമ്മ പതുക്കെ കൈകള്‍ നീട്ടി
നിന്നെ വീണ്ടും കുളിപ്പിച്ച് തുടങ്ങും
എണ്ണയിലും താളിയിലും മുങ്ങി
നീ കുളിച്ചു സ്ഫുടമായി
തെളിഞ്ഞു വീണുകൊണ്ടേയിരിക്കും.
അപ്പോള്‍
അമ്മ നിനക്ക് തന്ന ഉമ്മകളിലൊന്ന്
അമ്മയ്ക്ക് പകരം നല്കുക.
അമ്മയെ കുളിപ്പിക്കുമ്പോള്‍
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്നപോലെ....
- സാവിത്രി രാജീവന്‍.
.
ഒറ്റ മുറിവ് -സാവിത്രി രാജീവന്‍
===============
‘ചന്ദ്ര മുഖീ ‘ എന്നു അവന്‍ തോളില്‍ തട്ടി വിളിച്ചതും
അവള്‍ അവന്റെ തോളിലേക്ക്  ചാഞ്ഞതും
നില തെറ്റി തോട്ടിലേക്ക് മറിഞ്ഞു ;
ഒരു കൈതമുള്ളിലോ കൈതക്കാലിലോ തടഞ്ഞു നില്‍ക്കാതെ  നേരെ .

എന്നിട്ടോ
ഒന്നു മുങ്ങി പ്പൊങ്ങിയപ്പോള്‍  കണ്ടു
ഊര്‍ന്നു പോയ അവളുടെ ഉടു തുണിയുമായി
അവനിരിക്കുന്നു മരക്കൊമ്പില്‍ ,
ഓടക്കുഴലുമായി.

ഒന്നു മുങ്ങി നിവര്‍ന്നപ്പോഴേക്കും താന്‍ പിറന്ന അറുപതുകള്‍  പോയ്‌ മറഞ്ഞല്ലോ
എന്നു വിഷാദിച്ചു അവള്‍ അന്നേരം
എന്തെന്നാല്‍
കാര്‍കുഴല്‍ കൊണ്ടു മാറ് മറക്കാനും
ഓടക്കുഴലില്‍
അവന്‍ പാടുന്ന
സ്തന വര്‍ണ്ണന  കേട്ടു കോരിത്തരിക്കാനും
കാളിന്ദിയില്‍ എന്നവണ്ണം നീന്തി തുടിക്കാനും
കള്ളക്ക  ണ്ണ റിഞ്ഞും മന്ദഹാസം ചൊരിഞ്ഞും
മരച്ചോട്ടില്‍ നിന്നു ‘എന്റെ ആട തായോ’ എന്നു കൊഞ്ചി പറയാനും
അവള്‍ മറന്നു കളഞ്ഞു

അതും പോരാഞ്ഞ്
ആടയിരക്കാതെ
പാട്ട്  കേള്‍ക്കാതെ
അതാപോകുന്നു
അവള്‍
ഇല കൊഴിച്ച മരമെന്നപോലെ , നഗ്നയായി !
മുള്‍ക്കൈത  വരഞ്ഞ മുറിവും
അതിലൂറുന്ന ചോരയുമാണ്
അവളുടെ ഉടല്‍ മൂടുന്നത്
പട്ടുപോലെ തുടുത്തത്.

അതാ പോകുന്നു,
നഗ്നമായി ,
നെടുകെ പിളര്‍ന്ന

ഒരു ഒറ്റ മുറിവായി  അവള്‍ .
.
ജീവിച്ചിരിക്കാനുള്ള കാരണങ്ങള്‍
================
ഭൂമിക്കു മേലുള്ള
ഏതു കാരണമാണ്
ജീവിച്ചിരിക്കാനുള്ള നിമിത്തം?
മലപോലെ
മുന്നിലുരുന്ന കാരണങ്ങള്‍
മഴപോലെ പെയ്യുന്ന കാരണങ്ങള്‍
കറുത്തവ, വെളുത്തവ
നിറമില്ലാത്തവ
ഉള്ളിലുള്ളവ, ഉള്ളില്ലാത്തവ
അല്ലെങ്കില്‍
ഉള്ളുര ചെയ്യുന്നവ
എന്താണ്
ജീവിച്ചിരിക്കാനുള്ള കാരണം?
.
വാമനന്‍ -
--------------
സ്‌നേഹിക്കുന്ന പുരുഷനോട്‌
ഞാന്‍ പറഞ്ഞു
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
പക്ഷെ
ഒരടി ഭൂമിക്കുമേല്‍ വച്ച്
അയാള്‍ ചോദിച്ചു
എന്താണിതിനര്‍ത്ഥം?
നീ
വേശ്യയെപ്പോലെ സംസാരിക്കുന്നതെന്ത്‌
കുടയും മറയുമില്ലാതെ?

സ്നേഹിക്കുന്ന പുരുഷനോട്‌
ഞാന്‍ പറഞ്ഞു
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
പക്ഷെ
രണ്ടാം ചുവട്‌ ആകാശത്തേക്കു വച്ച്
അയാള്‍ ചോദിച്ചു
എന്താണിതിനര്‍ത്ഥം?
നീ വേട്ടക്കിറങ്ങിയ
യക്ഷിയെപ്പോലെ സംസാരിക്കുന്നതെന്ത്
മറയും കുടയുമില്ലാതെ?

സ്‌നേഹിക്കുന്ന പുരുഷനോട്‌
ഞാന്‍ പറഞ്ഞു
സ്‌നേഹമാണ്‌ എനിക്കു നിന്നെ
പക്ഷെ
മൂന്നാം ചുവട്‌ എന്‍റെ മൂര്‍ദ്ധാവിലാഴ്ത്തി
അയാള്‍ ചോദിച്ചു കൊണ്ടിരിക്കുന്നു
എന്താണിതിനര്‍ത്ഥം?

അവസാനിക്കാത്ത ആ വിചാരണയ്‌ക്കും
കാല്‍ക്കീഴില്‍ നിന്നും മറഞ്ഞ ഭൂമിക്കും
തലയ്‌ക്കു മുകളില്‍ നിന്നും മാഞ്ഞ ആകാശത്തിനും മീതെ
ഞാന്‍ പറഞ്ഞു
സ്‌നേഹമാണ്‌ നിന്നോടെനിക്ക്
കുടയും മറയുമില്ലാതെ
ഭയകൌടില്യങ്ങളില്ലാതെ.




2 comments: