Wednesday, July 6, 2016

നമ്മുടെ കവികള്‍ 19 - ആര്‍ രാമചന്ദ്രന്‍

നമ്മുടെ കവികള്‍ 19 -    ആര്‍  രാമചന്ദ്രന്‍
=====================================

പ്രസാദം വദനത്തിങ്കല്‍, കളഭക്കുറി നെറ്റിമേല്‍- അതെ, ആത്മവിശ്വാസം വേണ്ടുവോളമുള്ള    സാത്വികഭാവം തുടിച്ചു നില്‍ക്കുന്ന ഭാവഹാവാദികള്‍ ഉള്ള പ്രിയ കവി ആര്‍ രാമചന്ദ്രന്‍. പക്ഷേ കവിതകളില്‍ ഈ ലാഘവത്വം എന്തുകൊണ്ടോ ദര്‍ശിക്കാനവുന്നില്ല. ജീവിതയാഥാര്‍ത്ഥ്യങ്ങളോടും  പൊരുത്തക്കേടുകളോടും കലഹാത്മകമായി നേരിടുന്ന, നിരാശയും നഷ്ടബോധവും വേട്ടയാടുന്ന ഒരു ഏകാകിയുടെ ആത്മനൊമ്പരങ്ങളും ആശങ്കകളും കവിതയിലെമ്പാടും ചിതറിക്കിടക്കുന്നതു കാണാം . 'ഏകാകിയായ മനുഷ്യാത്മാവിന്റെ കവി'യെന്ന്‌അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും ഈ വ്യത്യസ്തത കൊണ്ടു തന്നെയാവണം .

ശ്രീ രാമചന്ദ്രന്‍ 1923 മെയ്‌ 28ന്‌ തൃശൂർ താമരതുരുത്തിയിൽ രാമകൃഷ്ണ അയ്യരുടെയും അന്നപൂർണേശ്വരിയുടെയും മകനായി ജനിച്ചു. പ്രശസ്ത നിരൂപകനുമായിരുന്ന ആര്‍. വിശ്വനാഥന്‍ സഹോദരനാണ്. എ കെ വിശാലാക്ഷിയാണ് ജീവിതവീഥിയില്‍ ഒപ്പം നടക്കാന്‍ കൂട്ടായെത്തിയത്.

  പല വിദ്യാലയങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം . എറണാകുളം മഹാരാജാസ്‌ കോളജിൽ നിന്നും ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ എം എ ബിരുദം  നേടി.  മലയാളം,  സംസ്കൃതം എന്നീ വിഷയങ്ങളിലും  ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 1948 മുതൽ 1978 വരെ  മലബാർ ക്രിസ്ത്യൻ കോളജിൽ പ്രൊഫസറായി ഔദ്യോഗികജീവിതം നയിച്ചു .. കവി, നിരൂപകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനാവുകയും ചെയ്തു . അത്രയേറെയൊന്നും എഴുതിയിട്ടെല്ലെങ്കിലും ഭാഷയ്ക്ക് അദ്ദേഹത്തിന്റെ തൂലികയില്‍ വിരിഞ്ഞ കവിതക്ലെല്ലാം മുതല്‍ക്കൂട്ടു തന്നെ. സച്ചിദാനന്ദന്‍, കെ.ജി.ശങ്കരപ്പിള്ള, ആറ്റൂര്‍ രവിവര്‍മ എന്നിവര്‍ക്കൊപ്പം മലയാള കാവ്യഭാഷയെ നവീകരിക്കുന്നതില്‍ രാമചന്ദ്രന്‍ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. മലയാള കവിതയിലെ ആധുനികതാ പ്രസ്ഥാനത്തിന്‌ നേതൃത്വം കൊടുത്തവരിൽ പ്രധാനിയാണെങ്കിലും അത്രയധികം ആധുനികത അദ്ദേഹത്തിന്റെ കവിതകളില്‍ കണ്ടെത്തനാവില്ല.
ഈയന്ധകാരത്തില്‍,
ദേവ, നിറഞ്ഞു നിന്നീടുമീ നിശ്ശബ്ദത തന്‍
നിശ്ചല തടാകത്തില്‍ ഒരു താമരമൊട്ടായൊരു
തൊഴുകൈയായെന്നാത്മാവിരിക്കുന്നു.
അതെ, അതായിരുന്നു അദ്ദേഹത്തിന്റെ ഉണ്മ.
ശ്രീ രാമചന്ദ്രന്റെ നേതൃത്വത്തില്‍ കോഴിക്കോട്‌ തളിയിലെ  വീടിന്റെ ഉമ്മറത്ത്‌ സംഘടിപ്പിച്ചിരുന്ന ‘കോലായ’ എന്ന സാഹിത്യ ചർച്ച മലയാള സാഹിത്യത്തിൽ പുതിയ പ്രവണതകൾ ഉരുത്തിരിയാന്‍ ഏറെ സഹായകമായിട്ടുണ്ട്. അദ്ദേഹത്തിന്റെ കാവ്യഭാഷ ചുറ്റുപാടുകളോടു താദാത്മ്യപ്പെടുന്ന വിധത്തില്‍ ഒട്ടും തന്നെ കൃത്രിമത്വമില്ലാതെ ജന്മവാസനയും കാവ്യമനോഭാവവുമായി കവിതയുടെ അന്തരീക്ഷത്തില്‍ ഇഴുകിച്ചേരുന്നതാണ്. ആഴത്തില്‍ വേരോടി, ഇടയ്ക്കെവിടെയോ  മുളപൊട്ടുന്ന പ്രകൃതിയിലെ  മഹത്ചൈതന്യം അതിലൊക്കെയും മിന്നലൊളിയായ് തിളങ്ങുന്നു. 
മുരളി, സന്ധ്യാ നികുഞ്ജങ്ങൾ, ശ്യാമ സുന്ദരി, പിന്നെ, എന്തിനീ യാത്രകൾ, ആർ.  കവിത,രാമചന്ദ്രന്റെ കവിതകൾ എന്നിവയാണ് പ്രധാന കൃതികള്‍ .കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന്   2000 - 'ആർ രാമചന്ദ്രന്റെ കവിതകൾ' അര്‍ഹമായി.  2003ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 'കവിത' എന്ന കൃതിക്കു ലഭിച്ചു.
പരാതികളോ പരിഭവങ്ങളോ ഇല്ലാതെ, ഒരിക്കലും അംഗീകാരങ്ങള്‍ക്കു പിന്നാലെ പോകാതെ, ഏകാകിയായി ജീവിതപാതയില്‍ എന്നും നടന്ന ഈ മഹാനുഭാവന്‍ 2005 ആഗസ്റ്റ്‌ മൂന്നാം തീയതി തന്റെ യാത്രയ്ക്കു വിരമം കണ്ടു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം  കോഴിക്കോട് തളി ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ വെച്ച് അന്ത്യ നിമിഷങ്ങളെ പിന്നിടുകയായിരുന്നു.

.
അദ്ദേഹത്തിന്റെ ചില കവിതകളിലേയ്ക്ക് ഒന്നു കടന്നു ചെല്ലാം

"ദിവ്യദുഃഖത്തിന്റെ നിഴലില്‍" ആര്‍ രാമചന്ദ്രന്‍
--------------------------------------------------

ഈ അന്ധകാരത്തില്‍,
ഈ നിശ്ശബ്ദതയില്‍,
നിന്‍ കരളിലെ ശ്യാമവര്‍ണ്ണമാം ദുഃഖത്തിന്‍ സത്യം
എന്നെ ചൂഴുമീയേകാന്തതിയില്‍ നിഴലിക്കേ
വിശ്വനായക, നിന്നെ ഞാന്‍ അറിയുന്നേന്‍.
നീ, അനാദ്യന്തന്‍
മൃതിഭീതിയാല്‍ച്ചേരും
ജീവിത സ്നേഹത്തിന്‍ മാധുര്യമറിയാത്തോന്‍!
നീ, പൂര്‍ണ്ണകാമന്‍
സ്വപനഭൂമിയില്‍ നൃത്തം ചെയ്യും
മുഗ്ദ്ധ സൌന്ദര്യത്തെ നിനയ്ക്കാന്‍ കഴിയാത്തോന്‍!
എങ്ങനെ,യാരെ സ്നേഹിക്കും വെറുക്കും നീ?
നീ കേള്‍പ്പതില്ലല്ലോ
നിന്‍ പദദ്ധ്വനി പോലും!
നീ കണ്മതില്ലല്ലോ നിന്‍ നിഴല്‍ പോലും!
നിന്നില്‍ നിന്നകലുവാനാകാതെ,
നിന്നില്‍ തന്നെ നീറി, നീറിക്കൊണ്ടയ്യോ
നിത്യതയുടേ ഏകാന്തത്തിലിരിപ്പൂ നീ!
നിന്നശാമ്യമാം രോദനം കാലം.
നിന്‍ കരാളമാം ദുഃഖം വാനം.
ആത്മവിസ്മൃതിതേടീ നീ നടത്തുമീ സര്‍ഗ്ഗ ലീലയില്‍ നിന്നഴല്‍ നിഴലിക്കേ
ഹാ! പഴിപ്പൂ ഞാന്‍ നിന്നെ!
മാപ്പു നല്‍കുക, നീ പൊറുക്കുകെന്‍ മര്‍ത്ത്യതാദര്‍പ്പം.
ഈയന്ധകാരത്തില്‍,
ദേവ, നിറഞ്ഞു നിന്നീടുമീ നിശ്ശബ്ദത തന്‍
നിശ്ചല തടാകത്തില്‍ ഒരു താമരമൊട്ടായൊരു
തൊഴുകൈയായെന്നാത്മാവിരിക്കുന്നു.
.

പ്രലോഭനം
ആര്‍. രാമചന്ദ്രന്‍
===============
വയലുകള്‍ക്കപ്പുറം വാകപൂത്ത
വഴിയിലൂടന്തി മറഞ്ഞുപോയി.

ചിറകു കുടയുന്നു തെന്ന,ലാറ്റിന്‍
കരയിലെ വെള്ളിലത്തോപ്പിനുള്ളില്‍.

ഇരുളിനെക്കാത്തു കിടക്കുമാലിന്‍
കരിനിഴലറിയാതുറക്കമായി.

കരളോര്‍ക്കുമേതോ പുരാണശോക-
കഥപോലിശ്ശ്യാമള ഭൂമി കാണ്മൂ.

ഒരു നറുകണ്ണാന്തളിമലര്‍പോല്‍
വിരിയുമിസ്സാന്ധ്യനിശ്ശബ്ദതയില്‍

പഥികര്‍ കാണാതെ കടന്നുപോകും
പെരുവഴിത്തിരിവിലെ വിഗ്രഹംപോല്‍

മരുവുമെന്നാത്മാവുതന്നെയാരോ
പുരുമോദമാര്‍ന്നു വിളിച്ചിടുന്നു.

പരിചിതമാണെനിയ്ക്കാമധുര
സ്വര,മതിന്നുള്ളിലൊളിച്ചിരിപ്പൂ:

അതിദൂരശൈലശൃംഗങ്ങളില്‍ കേ-
ണലയും നിലാവിന്‍ കിനാവുകളും

ഒളിയറ്റ വാനിന്നഗാധതയില്‍
തെളിയും മിഴികള്‍തന്‍ വേദനയും

പറയാതെപോയ വസന്തരാവിന്‍
സ്മരണയില്‍ മുറ്റിന കണ്ണുനീരും.

പരിചിതമാണെനിയ്ക്കാ മധുര-
സ്വര,മതുള്‍ക്കൊള്ളുക മൂലമല്ലോ

വിജനകുഞ്ജങ്ങള്‍പോല്‍ വീര്‍പ്പിടുന്നു
വിരഹാകുലങ്ങളായ്‌ മദ്ദിനങ്ങള്‍!

മറുപടിചൊല്ലാന്‍ മടിച്ചു ദീന-
മിരുളിലെന്നാത്മാവൊളിച്ചിരിപ്പൂ.
.




No comments:

Post a Comment