ശ്രീ ഘൃഷ്ണേശ്വർ ജ്യോതിർലിംഗക്ഷേത്രം
........................................................................
ഇളപുരേ രമ്യ വിസലകേ അസ്മിൻ,
സമുല്ലശാന്തം ച ജഗദ് വരേണ്യം,
വന്ദേ മഹാ ധാര തര സ്വഭാവം,
ഘുശൃണേശ്വരാഖ്യം ശരണം പ്രപധ്യേ., 12
(ഇളപുര എന്ന മനോഹരമായ നഗരത്തിൽ രമിച്ചുവിലസിക്കുകയും
പ്രപഞ്ചത്തിലെ ഏറ്റവും വലിയവനും,
സ്വഭാവത്താൽ അങ്ങേയറ്റം ദയാലുവുമായ ഘൃഷ്ണേശ്വരനെ ഞാൻ അഭയം തേടുന്നു)
പന്ത്രണ്ടാമത്തേതെന്നു കരുതുന്ന ജ്യോതിർലിംഗക്ഷേത്രമാണ് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ (പഴയ ഔറംഗബാദ്)
വെരൂളിലുള്ള ശ്രീ ഘൃഷ്ണേശ്വർ ജ്യോതിർലിംഗക്ഷേത്രം. ഈ ക്ഷേത്രദർശനത്തോടെ മാത്രമേ ജ്യോതിർലിംഗതീർത്ഥാടനം പൂർണ്ണമാകൂ എന്നാണ് വിശ്വാസം. അതിപ്രശസ്തമായ എല്ലോറ ഗുഹാക്ഷേത്രങ്ങൾക്ക് വളരെയടുത്താണ് ഈ ക്ഷേത്രം. (യെലഗംഗാനദീതീരത്തു നാഗാ ആദിവാസികൾ വസിച്ചിരുന്ന യെലാപ്പൂർ(ഇളപുര) ആണ് പിന്നീട് വെരുൽ ആയി രൂപാന്തരപ്പെട്ടത് എന്നു പറയപ്പെടുന്നു.) ഘൃഷ്ണേശ്വർ എന്നാൽ കാരുണ്യത്തിന്റെ നാഥൻ എന്നാണ് അർത്ഥമാക്കുന്നത്. ഘുഷ്‌മേശ്വര എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ക്ഷേത്രത്തോടുചേർന്നുള്ള അതിമനോഹരമായ പടിക്കെട്ടുകളോടുകൂടിയ ശിവാലയ സരോവർ എന്ന തീർത്ഥക്കുളവും ഏറെ പ്രാധാന്യമർഹിക്കുന്നു.
ഈ ക്ഷേത്രത്തിൽ ഏതുസമയത്തും ഭക്തജനങ്ങളുടെ അഭൂതപൂർവ്വമായ തിരക്കുള്ളതായിക്കാണാം. ചിലപ്പോൾ മണിക്കൂറുകൾതന്നെ ക്യൂവിൽ നിന്നെങ്കിൽമാത്രമേ ദർശനം സാധ്യമാകൂ. ഉച്ചയ്ക്ക് ഏതാണ്ട് മുക്കാൽമണിക്കൂറോളം ആരതിക്കായി നടയടയ്ക്കുകയും ചെയ്യും. ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും പുരുഷന്മാർക്ക്
മേൽവസ്ത്രമില്ലാതെമാത്രമേ പ്രവേശനമുള്ളൂ എന്നതാണ്. മഹാരാഷ്ട്രയിലെ മറ്റു ക്ഷേത്രങ്ങളിലൊന്നും ഇങ്ങനെയൊരാചാരം ഇല്ലതന്നെ. കൂടാതെ ക്ഷേത്രത്തിൽനിന്നുലഭിക്കുന്ന പ്രസാദം കഴിക്കുകയെന്നത് പുണ്യമായിക്കരുതുന്നു.
പന്ത്രണ്ടു ജ്യോതിർലിംഗക്ഷേത്രങ്ങളിൽ വലുപ്പത്തിൽ ഏറ്റവും ചെറുത് ഘൃഷ്ണേശ്വർ ക്ഷേത്രമാണ്. പലപ്പോഴായി ആക്രമണങ്ങളിൽ നശിപ്പിക്കപ്പെടുകയും പുനരുദ്ധാരണത്തിന് വിധേയമാവുകയും ചെയ്തതിനാലാവാം അത്. അതിമനോഹരമായ വാസ്തുനിർമ്മാണശൈലിയാണ് ഇന്നുകാണുന്ന ക്ഷേത്രത്തിന്റേത്. വിവിധവർണ്ണങ്ങളിലെ കാലുകൾകൊണ്ട് നിർമ്മിച്ച, അഞ്ചുതട്ടുകളായുള്ള ക്ഷേത്രഗോപുരഭാഗങ്ങളിൽ ദശാവതാരങ്ങൾ, പുരാണകഥകൾ എന്നിവയൊക്കെ കൊത്തിവെച്ചിരിക്കുന്നു. ശില്പങ്ങൾ അതിസൂക്ഷ്മവും പരിപൂർണ്ണതയുള്ളതും അതിമനോഹരവുമാണ്. 24 തൂണുകളുള്ള സഭാമന്ദിരവും മനോഹരമായ ചിത്രപ്പണികളാൽ അലംകൃതമാണ് . 17X17 അടി അളവുകളുള്ള ഗർഭഗൃഹത്തിൽ ലിംഗമൂർത്തി പൂർവ്വദിക്കിലേക്ക് ദർശനമായി നിലകൊള്ളുന്നത് . അതിരമണീയമായൊരു നന്ദികേശ്വരബിംബവും സഭാമന്ദിരത്തിൽ ഉണ്ട്. ക്ഷേത്രത്തിനുള്ളിൽ ഫോട്ടോഗ്രഫി കർശനമായി നിരോധിച്ചിരിക്കുന്നു.
ഈ ക്ഷേത്രോല്പത്തിയെക്കുറിച്ച് വിവിധങ്ങളായ ഐതിഹ്യ കഥകൾ പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും പ്രാധാന്യത്തോടെ പറഞ്ഞു കേൾക്കുന്ന കഥ ഇപ്രകാരമാണ് :- ഒരുകാലത്ത് ശിവാലയ എന്നറിയപ്പെട്ടിരുന്ന ഈ ഗ്രാമത്തിൽ സുധർമന എന്നൊരു ബ്രാഹ്മണൻ പത്നി സുദേഹയോടൊപ്പം താമസിച്ചിരുന്നു. സന്താനഭാഗ്യം ലഭിക്കാതെ അവർ ഏറെ ദുഃഖിതരായിരുന്നു. ഗ്രാമീണരുടെ പരിഹാസം സുദേഹയെ അതിയായി വേദനിപ്പിച്ചു. അവർ ഒരു കുഞ്ഞിനായി തന്റെ ഇളയസഹോദരിയായ ഘൃഷ്ണയെ സപത്നിയായി സ്വീകരിക്കാൻ തയ്യാറായി. അതീവ ഭക്തിയോടെ എല്ലാ ദിവസവും ശിവാരാധന നടത്തിവന്നിരുന്നൊരു സാധ്വിയായിരുന്നു ഘൃഷ്ണ. നിത്യപൂജയുടെ ഭാഗമായി അവിടെയുള്ള തീർത്ഥക്കുളത്തിൽ, ശിവലിംഗമുണ്ടാക്കി നിമജ്ജനം ചെയ്യുന്ന പതിവുണ്ടായിരുന്നു. ഘൃഷ്ണയുടെ ശിവഭക്തിയും സ്വഭാവശുദ്ധിയും വളരെ പ്രസിദ്ധമായിരുന്നു. അതിനാൽതന്നെ അവർ എല്ലാവരാലും ആദരിക്കപ്പെടുകയും ചെയ്തിരുന്നു.
അധികനാൾ കഴിയുംമുമ്പ് ഘൃഷ്ണ ഒരു പുത്രന് ജന്മമേകി. ആദ്യകാലങ്ങളിൽ സുദേഹ വളരെ സന്തോഷവതിയായി ആ കുഞ്ഞിനെ സ്നേഹലാളനകളോടെ വളർത്തി. വളരെ ചെറിയ പ്രായത്തിൽത്തന്നെ അവന്റെ വിവാഹം നടത്തുകയും ചെയ്തു. പക്‌ഷേ കാലം കടക്കവേ തനിക്കു കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും ആദരവുലഭിക്കുന്നില്ല എന്ന തോന്നൽ സുദേഹയ്ക്കുണ്ടായി. അവർക്കു ഘൃഷ്ണയോട് കടുത്ത അസൂയയും വെറുപ്പുമുണ്ടായി. അവർ അസൂയയും കോപവും മൂത്ത് ഒരു രാത്രിയിൽ ഘൃഷ്ണയുടെ പ്രിയപുത്രനെ വധിക്കുകയും മൃതശരീരം ഖണ്ഡങ്ങളാക്കി ശിവാലയസരോവരത്തിൽ എറിയുകയും ചെയ്തു. മകന്റെ ഭാര്യ ഉറക്കമുണർന്നപ്പോൾ സമീപത്തു ഭർത്താവിനെക്കാണാതെ പരിഭ്രമിച്ചു. പുറത്തേക്കു നോക്കിയപ്പോൾ രക്തപ്പാടുകൾ കാണുകയും ഭയന്ന് നിലവിളിക്കുകയും ചെയ്തു. ഘൃഷ്ണ, മകൻ നഷ്ടമായെന്ന് മനസ്സിലായെങ്കിലും തന്റെ ശിവാരാധനയ്ക്കു മുടക്കമൊന്നും വരുത്തിയില്ല. പതിവുപോലെ പൂജകൾക്കും പ്രാർത്ഥനയ്ക്കുംശേഷം ശിവലിംഗം തീർത്ഥക്കുളത്തിൽ നിമജ്ജനം ചെയ്യാനായിപ്പോയി. മുങ്ങിയുയർന്നപ്പോൾ തന്റെ പുത്രൻ ജീവൻ വീണ്ടെടുത്ത് പുഞ്ചിരിച്ചുകൊണ്ട് മാതൃപാദങ്ങളിൽ നമസ്കരിക്കാൻ വരുന്ന കാഴ്ചയാണ് കണ്ടത് . ആ സമയത്ത് മഹേശ്വരൻ ഘൃഷ്ണയ്ക്കുമുന്നിൽ പ്രത്യക്ഷപ്പെടുകയും നടന്നതൊക്കെ പറയുകയും ചെയ്തു. കോപാധിക്യത്താൽ സുദേഹയെ വധിക്കാൻ പുറപ്പെട്ട മഹേശ്വരനെത്തടഞ്ഞ്, അവർക്കു മാപ്പുനല്കണമെന്നവൾ യാചിച്ചു. ഘൃഷ്ണയുടെ ഭക്തിയിലും ഹൃദയവിശാലതയിലും സംപ്രീതനായ മഹാദേവൻ അവൾക്കൊരു വരം ചോദിയ്ക്കാൻ അവസരംകൊടുത്തു. ആ സ്ഥലത്ത്, സൂര്യചന്ദ്രന്മാർ ഗഗനസഞ്ചാരം നടത്തുന്നകാലത്തോളം ശിവസാന്നിധ്യം ഉണ്ടാവണമെന്നും അവിടം അവളുടെപേരിൽ അറിയപ്പെടണമെന്നുമായിരുന്നു അവളുടെ അപേക്ഷ. ഭഗവൻ ജ്യോതിർലിംഗമായി അവിടെ പ്രത്യക്ഷനാവുകയും ഈ
ക്ഷേത്രം അവിടെ ഉയരുകയും ചെയ്തു എന്നാണു വിശ്വാസം. ശിവപാർവ്വതിമാരുമായി ബന്ധപ്പെട്ട ചില കഥകളും പ്രചാരത്തിലുണ്ട്
മുഗൾഭരണകാലത്തു നടത്തിയ യുദ്ധങ്ങളിൽ പലപ്പോഴും ഈ ക്ഷേത്രം ആക്രമണത്തിന് വിധേയമായിട്ടുണ്ട്. . ശിവഭക്തനായിരുന്നു, വെരുളിലെ ഗ്രാമപ്രധാനി ഭോസ്‌ലെ ഒരിക്കൽ ഒരു ചിതൽപുറ്റിൽ നിന്ന് നിധികുംഭം കണ്ടെടുക്കുകയുണ്ടായി. ഘൃഷ്നേശ്വരഭഗവാന്റെ അനുഗ്രഹം കൊണ്ടു ലഭിച്ചതെന്ന് വിശ്വസിച്ച ഈ നിധി ഉപയോഗിച്ച് ക്ഷേത്രം പുതുക്കി പണിയുകയും അവിടെ മനോഹരമായ ഒരു പൊയ്ക നിർമ്മിക്കുകയും ചെയ്തു. ഇത് പിന്നീട് ശിവാലയ എന്നറിയപ്പെട്ടു. പിന്നീട് റാണിമാരായ ഗൗതമിബായിയും അഹല്യബായ് ഹോൾക്കറും ക്ഷേത്രപുനഃരുദ്ധാരണം നടത്തുകയുണ്ടായി . അതാണ് ഇന്ന് കാണുന്ന അതിമനോഹരമായ ക്ഷേത്രസമുച്ചയം.
മുംബയിൽ നിന്ന് മുന്നൂറിലേറെ കിലോമീറ്റർ ദൂരെയാണ് ഘൃഷ്ണേശ്വർ. ആറുമണിക്കൂറിലധികം ട്രെയിൻയാത്രയുമുണ്ട് . ഔറംഗബാദ് ആണ് ഏറ്റവും അടുത്ത വിമാനത്തവാളവും റെയിൽവേ സ്റ്റേഷനും , പിന്നീട് ഏകദേശം 25 കി മി റോഡ് യാത്രകൊണ്ട് ക്ഷേത്രത്തിലെത്തിച്ചേരാം . ഘൃഷ്ണേശ്വറിലെത്തുന്നവർക്ക്, സമീപത്തുള്ള എല്ലോറ ഗുഹാക്ഷേത്രങ്ങൾ, അജന്ത ഗുഹകൾ, ഔരംഗസേബിന്റെ ശവകുടീരം , ബീബി ക മകബാര ( മിനി താജ്), പാൻചക്കി, എന്നിവയൊക്കെ കൂടി സന്ദർശിച്ച് മടങ്ങാനാവും.