Monday, January 2, 2017

അശ്രുവായ് ബിന്ദു.. ( കഥ )

ശാരദക്കുട്ടി തിരക്കിട്ടു കറിക്കു കടുകു വറുക്കുമ്പൊളാണു ഫോണ്‍ ബെല്ലടിച്ചത്. 
"ഗീതു, മോളേ ആ ഫോണെന്നെടുത്തേ" അവര്‍ മുറിയിലിരുന്നു പഠിക്കുന്ന മകളോടു വിളിച്ചു പറഞ്ഞു .
മൊബൈലുമായി അവള്‍ അമ്മയുടെ അടുത്തേക്കുതന്നെ വന്നുപറഞ്ഞു 
" അമ്മയോടു സംസാരിക്കണമെന്ന്.. ദാ.. " അപ്പോഴേക്കും  അവര്‍ കറിക്കു ചേര്‍ത്തു , പാത്രം കഴുകാന്‍ സിങ്കിലേയ്ക്കിടുകയായിരുന്നു. കൈ തുടച്ചു മൊബൈല്‍ എടുത്തു 
" ഹലോ, ആരാണ് സംസാരിക്കുന്നത്? " 
" മാഡം ഈ നമ്പര്‍  രാവിലെ ബിന്ദു തന്നിട്ടു പോയതാണ്.  കുട്ടിയെ എന്റെ ബേബി  സിറ്റിംഗിലാണു ബിന്ദു വിടുന്നത്. ഇന്നു വരാന്‍ വൈകിയാല്‍ ഈ നമ്പറില്‍ വിളിച്ചു പറഞ്ഞാല്‍ അമ്മ വന്നു  കുട്ടിയെ കൊണ്ടുപൊയ്ക്കോളുമെന്നു പറഞ്ഞിട്ടുണ്ട്. അതാണു വിളിച്ചത്. ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കുമല്ലോ. അഡ്രസ്സ് ഞാന്‍ മെസ്സെജ് ചെയ്യാം " അവര്‍ ഫോണ്‍ വെച്ചിട്ടും ശാരദക്കുട്ടി മൊബൈല്‍ ചെവിയില്‍ വെച്ച് ഇനിയും എന്തോ കൂടി കേള്‍ക്കാനുണ്ടെന്നവണ്ണം നില്‍ക്കുകയായിരുന്നു.. 
"എന്താമ്മേ കാര്യം ? " ഗീതുവിന്റെ ചോദ്യം അവരെ ഉണര്‍ത്തി ..
" മോളേ,, ബിന്ദുവിന്റെ കുഞ്ഞ്.. " പൂര്‍ത്തിയാക്കാതെ അവര്‍ വന്ന മെസ്സേജ് തുറന്നു നോക്കി.  ടി വി കണ്ടുകൊണ്ടിരിക്കുന്ന ഭര്‍ത്താവിനടുത്തേയ്ക്ക് അതുമായി അവര്‍ ഓടി. 
" ബിന്ദുവിന്റെ കുഞ്ഞിവിടെയുണ്ട്.. ഒന്നു വേഗം പോയി കൊണ്ടുവരൂ.. അല്ലെങ്കില് വേണ്ട, ഞാനും വരാം " 
ഒട്ടു ചിലമ്പിച്ച ശബ്ദത്തില്‍ അവര്‍ പറഞ്ഞു നിര്‍ത്തി 
"എന്താ .. എന്താ കാര്യം ? കുഞ്ഞെന്താ അവിടെ? "
ഒന്നും മനസ്സിലാകെ ശ്രീധരന്‍ രണ്ടുപേരോടുമായി ചോദിച്ചു . 
" ബിന്ദു ഇതുവരെ എത്തിയില്ലത്രേ.. താമസിച്ചാല്‍ നമ്മളെ വിളിച്ചു കുഞ്ഞിനെ ഏല്‍പിക്കാന്‍ പറഞ്ഞു നമ്പര്‍ കൊടുത്തിരുന്നത്രേ. ഇപ്പോള്‍ മണി എട്ടരയായി. ആറുമണിക്കുമുന്നേ അവള്‍ എത്തേണ്ടതല്ലേ.. നമുക്കു കുഞ്ഞിനെ വേഗം പോയി കൊണ്ടുവരാം. ഒന്നു വേഗം വരൂ.. " 
"അതിനു ആ ബീഹാറി സമ്മതിക്കുമോ? " ശ്രീധരനു അതത്ര ദഹിക്കാത്തതുപോലെ .
" അതെന്തെങ്കിലുമാകട്ടെ.. നമ്മളെ അവര്‍ വിളിച്ചു പറഞ്ഞതല്ലേ. പാവം എന്റെ കുഞ്ഞ് കരയുന്നുണ്ടാവും.നിങ്ങളൊന്നു വേഗം വരൂ ശ്രീധരേട്ടാ."
അഡ്രസ്സ് നോക്കിയപ്പോള്‍ അതു ബിന്ദു താമസിക്കുന്ന ബില്‍ഡിംഗിലെ ഗ്രൌണ്ട്ഫ്ലോര്‍ ആണ്. 
അവര്‍ എത്തുമ്പോള്‍ ബേബി സിറ്റിംഗ് നടത്തുന്ന ഗോവക്കാരി എമിലി എന്ന സ്ത്രീ കാത്തിരിക്കുകയായിരുന്നു. അവര്‍ക്കും ബിന്ദുവിനെന്തു സംഭവിച്ചു എന്നറിയില്ല. അവളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. കുഞ്ഞ് കരഞ്ഞുതളര്‍ന്ന് ഉറങ്ങിയിരുന്നു. ശാരദക്കുട്ടി പേരക്കിടാവിനെ എടുത്തു ഹൃദയത്തോടു ചേര്‍ത്തുപിടിച്ചു - തന്റെ എല്ലാ സ്നേഹവും പകര്‍ന്നു കൊടുക്കാനെന്നവണ്ണം .. ഒന്നുണര്‍ന്നെങ്കിലും കുഞ്ഞു വീണ്ടും ആ നെഞ്ചിലേയ്ക്കു ചേര്‍ന്നു കിടന്നുറക്കം തുടര്‍ന്നു. ആദ്യമായണു ആ കുഞ്ഞിനെ അവര്‍ കാണുന്നതും കയ്യിലെടുക്കുന്നതും. അവര്‍ കുഞ്ഞിനേയും കൊണ്ട് അവിടെ ഇരുന്നപ്പോള്‍ ശ്രീധരന്‍ ഗോവക്കാരിയുടെ ഭര്‍ത്താവിനെയും കൂട്ടി  ബിന്ദുവിന്റെ ഫ്ലാറ്റില്‍ പോയി നോക്കി. താഴിട്ടു പൂട്ടിയിരുന്നില്ലെങ്കിലും നൈറ്റ് ലാച്ചിന്റെ  താക്കോലില്ലാതിരുന്നതുകൊണ്ട് വാതില്‍ തുറക്കാനായില്ല. അടുത്ത ഫ്ലാറ്റില്‍ രണ്ടു ദിവസം മുമ്പു വരെ ചാവി കൊടുത്തിരുന്നത്രേ. വൈകുന്ന കാര്യമൊന്നും അവരോടു പറഞ്ഞുമില്ല. ഒരു കാര്യംകൂടി ശ്രീധരന്‍ അവരില്‍ നിന്നറിഞ്ഞു, കുറച്ചു ദിവസമായി ബിന്ദുവിന്റെ ഭര്‍ത്താവ് , ബീഹാറിയായ അമിത് ശര്‍മ്മ അവിടെ വരാറില്ലത്രേ. 
ഒരുപക്ഷേ ഓഫീസ് വിട്ടശേഷം  അയാളെ കാണാന്‍ അവള്‍ പോയിരിക്കുമെന്ന് അവര്‍ ഊഹിച്ചു. രണ്ടുപേരും കൂടി വൈകിയാലും തിരികെയെത്തുമായിരിക്കും എന്നാശ്വസിച്ച് അവര്‍ കുഞ്ഞുമായി  മടങ്ങി. 
കുഞ്ഞ് അപ്പോഴേയ്ക്കും ഉണര്‍ന്നിരുന്നു. ഒരു പരിചയക്കുറവുമില്ലാതെ അവള്‍ അവരെ പല്ലു കിളിര്‍ക്കാന്‍ തുടങ്ങിയ മോണകാട്ടി ചിരിച്ചു. മകള്‍ വന്നില്ലല്ലോ എന്ന ചിന്ത അലട്ടുമ്പോഴും അവര്‍ പേരക്കുട്ടിയുടെ സാന്നിധ്യത്തില്‍ സ്വര്‍ഗ്ഗം കാണുകയായിരുന്നു. ഗീതു വേഗംതന്നെ കുഞ്ഞിന്റെ ബാഗിലെ ഉടുപ്പുകളൊക്കെ കഴുകിയെടുത്തു, ഡ്രയറില്‍ നിന്നെടുത്ത് ഇസ്തിരിയിട്ടു വെച്ചു. മേലുകഴുകിച്ച്  അതവളെ ഇടുവിച്ചു . പിന്നെ പാലുകുടിച്ചു കഴിഞ്ഞപ്പോള്‍ അവള്‍ ഉറങ്ങി . 
ശ്രീധരന് ഒട്ടും തന്നെ ഉറങ്ങാന്‍ കഴിഞ്ഞില്ല. തന്റെ പൊന്നുമോള്‍ക്ക്  എന്തു പറ്റി എന്ന ആശങ്കയിലായിരുന്നു . ശാരദക്കുട്ടിയും അവളെക്കുറിച്ചോര്‍ത്തു വല്ലാതെ വിഷമിക്കുന്നുണ്ടായിരുന്നു."മോള്‍ വന്നിട്ടുണ്ടാവുമോ എന്തോ " എന്നിടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. 


അതിരാവിലെ തന്നെ എമിലിയെ വിളിച്ച് അവര്‍ അന്വേഷിച്ചു .ബിന്ദു എത്തിയില്ല എന്നായിരുന്നു മറുപടി. 
  ഒപ്പം  ജോലിചെയ്യുന്ന ജാസ്മിന്‍ ബിന്ദുവിന്റെ സഹപാഠിയും അടുത്ത കൂട്ടുകാരിയുമാണ്. വേഗംതന്നെ  ആ കുട്ടിയുടെ മൊബൈലിലേയ്ക്കു വിളിച്ചു 
" അങ്കിള്‍, ബിന്ദു ഇന്നലെ ജോലിക്കു വന്നില്ലല്ലോ. ബസ്സില്‍  കണാതിരുന്നതുകൊണ്ടു ഞാന്‍ വിളിച്ചു ചോദിച്ചിരുന്നു. കുഞ്ഞിനു സുഖമില്ല, ഡോക്ടറെ കാണാന്‍ പോകുന്നു എന്നാണു പറഞ്ഞത്. " 
ശ്രീധരന് ആകെ പന്തികേടു തോന്നി. 
''അവളും അമിതും തമ്മില്‍ വല്ല പിണക്കവുമുണ്ടോ.. അയാളെ കാണാന്‍ പോയതാണെങ്കില്‍ മോളെ എന്താണു കൊണ്ടുപോകാതിരുന്നത് ? അവളെ അയാള്‍ ഉപദ്രവിച്ചോ.. അല്ലെങ്കിലും ഈ ബിഹാറികള്‍ വിശ്വസിക്കാന്‍ കൊള്ളില്ലാത്ത വര്‍ഗ്ഗമാണ് . എന്റെ കുട്ടിക്കെന്തു പറ്റിയോ ആവോ.. " ഇങ്ങനെ ഒരുപാടു ചോദ്യങ്ങള്‍ അയാള്‍ സ്വയം ചോദിച്ചു. ഒന്നിനും ഉത്തരം കണ്ടെത്താനാവാതെ.. 
അയാള്‍ക്കിരിക്കപ്പൊറുതിയില്ലാതായി . വേഗംതന്നെ വേഷം മാറി,  എമിലിയുടെ വീട്ടിലെത്തി. അവരുടെ ഭര്‍ത്താവിനോട് ആശങ്കകള്‍ ഒക്കെ പറഞ്ഞു.  വാച്ച്മാനോടു  ചോദിച്ചാല്‍ ബിന്ദു എപ്പോഴാണു പുറത്തു പോയതെന്നറിയാമല്ലോ എന്നായി അയാള്‍. സി സി ടിവിയില്‍ റെക്കോഡ് ചെയ്തിട്ടുമുണ്ടാകും . പക്ഷേ  വാച്ച് മാന്‍ ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞദിവസം ബിന്ദു അപാര്‍ട്ട്മെന്റിന് വെളിയില്‍ പോയിട്ടേ ഇല്ല എന്ന്. അമിത് വന്നിട്ടും കുറെ ദിവസമായത്രേ . 
" അയ്യോ.. അപ്പോള്‍ മോള്‍ ഫ്ലാറ്റിനുള്ളില്‍! " എത്രയും വേഗം ഫ്ലാറ്റ് തുറക്കാനുള്ള മാര്‍ഗ്ഗമാണയാള്‍ അന്വേഷിച്ചത്. 
ഹൗസിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ടപ്പോള്‍ പോലീസ് വരട്ടെ എന്നായി അവരുടെ തീരുമാനം. പരാതി കൊടുക്കാന്‍  അപ്പോള്‍തന്നെ അവര്‍ പോവുകയും ചെയ്തു . 
തന്റെ മകള്‍ എങ്ങനെ ജീവിക്കുന്നു എന്ന് ഇത്രയും നാള്‍ അന്വേഷിച്ചിരുന്നില്ല. പൊന്നു പോലെ വളര്‍ത്തിയതാണ്. അവളുടെ ഏതാഗ്രഹവും സാധിച്ചു കൊടുക്കാന്‍ അച്ഛനും അമ്മയും മത്സരിച്ചിരുന്നു. എന്നിട്ടൂം അവള്‍ ഒരു വാക്കുപോലും ചോദിക്കാതെയാണ് അമിതിന്റെ ഒപ്പം താമസിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. അവള്‍ക്ക് ഇങ്ങനെ ഒരിഷ്ടമുണ്ടെന്നു പോലും തങ്ങളറിഞ്ഞിരുന്നില്ല. എന്നോ ഒരിക്കല്‍ അവള്‍ ചോദിച്ചിരുന്നതോര്‍ക്കുന്നു, തനിക്കൊരു അന്യസംസ്ഥാനക്കാരനുമായി പ്രണയമുണ്ടെങ്കില്‍ കല്യാണം കഴിപ്പിച്ചു കൊടുക്കുമോ അച്ഛന്‍ എന്ന്. അന്നു തമാശയാണെന്നു കരുതി  അവളോടു പറഞ്ഞത്, 'എങ്കില്‍ നിന്റെ കാലു തല്ലിയൊടിക്കും എന്നായിരുന്നു.'  ഒരുപക്ഷേ അവള്‍ കാര്യമായി ചോദിച്ചതായിരുന്നിരിക്കും, തനിക്കതു മനസ്സിലാക്കാന്‍ കഴിഞ്ഞതുമില്ല. 
ഡിഗ്രി കഴിഞ്ഞതേ അവള്‍ ജോലിക്കു പോയിത്തുടങ്ങി. തുടര്‍ന്നു പഠിക്കാന്‍ കൂട്ടാക്കിയതുമില്ല. അതുകൊണ്ടു തന്നെ നല്ല വിവാഹാലോചന വന്നപ്പോള്‍ അതുറപ്പിക്കുകയായിരുന്നു. പക്ഷേ മുഹൂര്‍ത്തതതിനു നാലുദിവസം മുമ്പ് അവള്‍ ജോലിക്കു പോയതു വാങ്ങി വെച്ചിരുന്ന സ്വര്‍ണ്ണമൊക്കെ എടുത്തുകൊണ്ടായിരുന്നു. ജോലി കഴിഞ്ഞവള്‍ വീട്ടിലേക്കു വരാതെ  അമിത്തിനൊപ്പമാണ് പോയത് . തങ്ങള്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു, അച്ഛന്റെയും അമ്മയുടേയും അനുഗ്രഹം വേണമെന്നു പറയാന്‍ ഒരു ഫോണ്‍കോളും . ശാരദക്കുട്ടി മുറിയില്‍ കയറി വാതിലടച്ചിരുന്നു കരഞ്ഞു. ജീവച്ഛവമായി നിന്ന തന്നെയും ഗീതുവിനേയും ഒന്നാശ്വസിപ്പിക്കാന്‍ പോലും ആര്‍ക്കും കഴിയുമായിരുന്നില്ല. . 
ജാസ്മിന്‍ പറഞ്ഞാണറിഞ്ഞത് അവര്‍ അവിടെയടുത്തുതന്നെ താമസിക്കുന്ന കാര്യം. കല്യാണം കഴിക്കുന്നില്ലത്രേ, ഇപ്പോഴത്തെ  ആള്‍ക്കാര്‍ വിവാഹത്തിലൊന്നും  വിശ്വസിക്കുന്നില്ല, സന്തോഷമായി ജീവിച്ചാല്‍മതിയല്ലോ ..ജാസ്മിന്‍ പറഞ്ഞാണു കുഞ്ഞുണ്ടായതും അറിഞ്ഞത് . അപ്പോഴാണറിഞ്ഞത് അമിത്തിന്റെ വീട്ടുകാരും അവരോടു അടുപ്പമില്ലെന്നത്.  കുഞ്ഞിനെ കാണാന്‍ ഹോസ്പിറ്റലില്‍ മൂവരും കൂടി പോയതാണ്. പക്ഷേ  അമിത്  അതനുവദിച്ചില്ല. അയാൾ വളരെ പരുഷമായാണ് അവരോടു സംസാരിച്ചത്. നിരാശയോടെ മടങ്ങിപ്പോന്നു.

ശ്രീധരൻ  എമിലിയുടെ ഭര്‍ത്താവിനെയും കൂട്ടി ബിന്ദുവിന്റെ  ഫ്ലാറ്റിലെത്തി. ആകെ തളര്‍ന്ന് വാതിലില്‍ ചാരിയതാണ്. വാതില്‍ തുറന്നുപോയി. അതു പൂട്ടിയിരുന്നില്ലെന്ന് അപ്പോഴാണു മനസ്സിലായത്. മോളേ  എന്നു വിളിച്ച് ഓടി ബെഡ് റൂമിലെത്തിയപ്പോള്‍ ഞരമ്പു മുറിച്ച്, കൈ ബക്കറ്റിലെ വെളളത്തില്‍ മുക്കി ബിന്ദു കട്ടിലില്‍ കമിഴ്ന്നു കിടന്നിരുന്നു. പക്ഷേ ആ ശരീരത്തില്‍ ജീവനുണ്ടായിരുന്നില്ല. 

തലയിണയില്‍ ഒരു കത്തുണ്ടായിരുന്നു 
' അച്ഛനും അമ്മയും ഗീതുവും എന്നോടു പൊറുക്കണം . എന്റെ മോളെ എനിക്കു പകരമായി ഞാന്‍ തരുന്നു. അമിത് വേറെ വിവാഹം കഴിക്കുകയാണ് . വീട്ടുകാര്‍ നിശ്ചയിച്ചതാണത്രേ. ഇന്നാണു വിവാഹം . അതഡ്ജസ്റ്റ് ചെയ്ത് ജീവിതം തുടരാമെന്നാണു അമിത് പറയുന്നത്. അതെനിക്കു ചിന്തിക്കാന്‍ പോലും  കഴിയില്ല.   ഞങ്ങള്‍ വിവാഹം കഴിക്കാത്തതുകൊണ്ട് എനിക്കിനി ഒരു വഴിയുമില്ല മുന്നില്‍. അതുകൊണ്ടു ഞാന്‍ പോവുകയാണ്. എന്റെ മോളെ ഉപേക്ഷിക്കരുത് '

No comments:

Post a Comment