ഭീമാശങ്കര്‍
മഹാരാഷ്ട്രയിലെ പൂനയ്ക്കടുത്തുള്ള ഭീമാശങ്കര്‍ ക്ഷേത്രം മറ്റൊരു ജ്യോതിര്‍ ലിംഗക്ഷേത്രമാണ് . പൂനയില്‍ നിന്ന് 120 കിലോമീറ്റര്‍ റോഡ് യാത്രയില്‍ ഇവിടെയെത്താം. അതിപുരാതനമായ വിശ്വകര്‍മ്മനിര്‍മ്മാണരീതിയുടെ വൈദഗ്ധ്യം വിളിച്ചോതുന്ന നാഗരനിര്‍മ്മാണശൈലിയിലാണ് ഈ ക്ഷേത്രം പണികഴിച്ചിരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍ പണികഴിച്ചതെന്നു കരുതുന്ന ക്ഷേത്രത്തിന്റെ സഭാമണ്ഡപം പതിനെട്ടാം നൂറ്റാണ്ടില്‍ പുനരുദ്ധരിക്കുകയുണ്ടായി. മറ്റു ശിവക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും ശ്രീകോവിലിന്റെ താഴ്ന്ന നിലത്താണ് ഗര്‍ഭഗൃഹം . ഇവിടെയും ശിവലിംഗം സ്വയംഭൂവാണ് എന്നാണു വിശ്വസിക്കപ്പെടുന്നത്.
ഈ ക്ഷേത്രത്തോടു ബന്ധപ്പെട്ട ഐതിഹ്യകഥ ഇപ്രകാരമാണ്. സഹ്യാദ്രി മലനിരകളിലെ ഡാകിനി എന്ന വനത്തില്‍ ഭീമന്‍ എന്നു പേരുള്ള ദുഷ്ടനായ അസുരനും അയാളുടെ അമ്മ കാര്‍കതിയും വസിച്ചിരുന്നു. കരുണ ലവലേശമില്ലാത്ത ഇവനെ ദേവന്മാരും മനുഷ്യരും ഒന്നുപോലെ ഭയപ്പെട്ടിരുന്നു. ഭീമന് തന്റെ പിതാവാരെന്നറിയുമായിരുന്നില്ല. അതറിയാനുള്ള ജിജ്ഞാസ അനുദിനം അവനില്‍ വളര്‍ന്നു. തന്റെ മാതാവിനോട് ഇതേക്കുറിച്ചന്വേഷിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ഒട്ടൊരു ഭയത്തോടെയെങ്കിലും അവര്‍ക്കതു വെളിപ്പെടുത്തേണ്ടിവന്നു. ഭീമന്‍ ലങ്കേശ രാവണന്റെ സഹോദരനായ കുംഭകര്‍ണ്ണന്റെ പുത്രനായിരുന്നുവത്രേ. മഹാവിഷ്ണുവിന്റെ അവതാരമായ രാമനാല്‍ തന്റെ പിതാവ് വധിക്കപ്പെട്ടു എന്ന സത്യം മനസ്സിലാക്കിയ ഭീമന്‍ മഹാവിഷ്ണുവിനോട് പ്രതികാരം ചെയ്യുന്നതിനായി ദൃഢപ്രതിജ്ഞയെടുത്തു. അതിനുള്ള ശക്തി ലഭിക്കുന്നതിനായി ബ്രഹ്മാവിന്റെ അനുഗ്രഹം ലഭിക്കാന്‍ കഠിനതപസ്സും ആരംഭിച്ചു . ഭക്തനില്‍ സംപ്രീതനായ ബ്രഹ്മാവ് അളവറ്റ ശക്തി നല്‍കി അനുഗ്രഹിച്ചു . പക്ഷേ അതു സ്രഷ്ടാവിനു പറ്റിയ വലിയൊരു അബദ്ധമായി കലാശിച്ചു. ദുഷ്ടശക്തിയായ ഭീമന്‍ മൂന്നുലോകങ്ങളിലും ഭീതി പരത്തുക മത്രമല്ല, ദേവേന്ദ്രനെ യുദ്ധം ചെയ്തു പരാജയപ്പെടുത്തുകയും ചെയ്തു. വലിയൊരു ശിവഭക്തനായ കാമരൂപേശ്വരനെ പരാജയപ്പെടുത്തി കാരഗൃഹത്തിലടയ്ക്കുകയും ശിവനു പകരം തെന്നെ ആരാധിക്കണമെന്ന് ആജ്ഞ നല്‍കുകയും ചെയ്തു. അതും പോരാഞ്ഞ് ഋഷിമാരെയും മുനിമാരെയും നിരന്തരം പപീഡിപ്പിച്ചുകൊണ്ടേയിരുന്നു. കുപിതരായ ദേവന്മാര്‍ ബ്രഹ്മാവിനോട് പരാതിപ്പെട്ടു എങ്കിലും അദ്ദേഹവും നിസ്സഹായനായിരുന്നു. ഒടുവില്‍ അവര്‍ ഒന്നു ചേര്‍ന്ന് സംഹാരമൂര്‍ത്തിയായ മഹേശ്വരനോടു രക്ഷയ്ക്കായി പ്രാര്‍ത്ഥിച്ചു.
ഭീമനെ ആരാധിക്കാന്‍ കൂട്ടാക്കാതെ കാമരൂപേശ്വരന്‍ ശിവപൂജ തുടര്‍ന്നുകൊണ്ടിരുന്നു . ശിവലിംഗത്തില്‍ പാലഭിഷേകം നടത്തുന്ന കാമരൂപേശ്വരനെ കണ്ടു ക്രുദ്ധനായ ഭീമന്‍ ശിവലിംഗം തകര്‍ക്കുന്നതിനായി വാളുയര്‍ത്തി. അപ്പോള്‍ മഹേശ്വരന്‍ തന്റെ തേജോരൂപത്തില്‍ പ്രത്യക്ഷനാവുകയും ഭീമനുമായി യുദ്ധം ആരംഭിക്കുകയും ചെയ്തു. പക്ഷേ ഈ യുദ്ധത്തിന്റെ ദുരന്തഫലങ്ങള്‍ സകലചരാചരങ്ങളേയും ബാധിക്കുന്നതില്‍ ശങ്കാകുലനായ നാരദമുനി അതവസാനിപ്പിക്കുന്നതിനായി മഹേശ്വരനോടപേക്ഷിച്ചു. ഒടുവില്‍ ഭീമനെ ഭസ്മീകരിച്ച് ആ യുദ്ധം അന്ത്യം കാണുകയുണ്ടായി. ആഹ്ലാദചിത്തരായ ദേവന്മാരും മഹര്‍ഷിമാരും മഹേശ്വരനോട് അവിടം തന്റെ വാസസ്ഥാനമാക്കണമെന്ന് അപേക്ഷിച്ചു. അതുമാനിച്ച് മഹേശ്വരന്‍ അവിടെ ജ്യോതിര്‍ലിംഗമായി പ്രത്യക്ഷപ്പെടുകയും പിന്നീട് അവിടെ ക്ഷേത്രം നിലവില്‍ വരികയും ചെയ്തു . ഇവിടെയുള്ള മലനിരകളില്‍ നിന്നാണ് ഭീമ നദി ഉത്ഭവിക്കുന്നത്. ഇത് കഠിനയുദ്ധം ചെയ്ത മഹേശ്വരന്റെ സ്വേദകണങ്ങളാല്‍ രൂപം കൊണ്ടതെന്നു വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രകാവാടങ്ങളും സ്തൂപങ്ങളും ദേവന്മാരുടെ സൂക്ഷ്മമായ ചിത്രപ്പണികളാല്‍ അലംകൃതമാണ്. കവാടത്തില്‍ തന്നെ നന്ദീശ്വരനുണ്ട്. ശനീശ്വരായി ഒരു ശ്രീകോവിലും കൂടി ക്ഷേത്രത്തിലുണ്ട്. ശനീശ്വരക്ഷേത്രത്തിനു പുറത്തെ തൂണുകള്‍ക്കിടയില്‍ ഒരു ഭീമാരമായ പോര്‍ച്ചുഗീസ് മണിയും കാണാം. അടുത്തു തന്നെ പാര്‍വതിയുടെ അവതാരമായ കമലജാദേവിയുടെ ക്ഷേത്രവും ഉണ്ട്.
ദിവസവും മൂന്നു പ്രധാനപൂജകളാണ് അനുഷ്ഠിക്കപ്പെടുന്നത്.
ഈ ക്ഷേത്രത്തിലേയ്ക്കുള്ള തീര്‍ത്ഥയാത്രയ്ക്ക് ഓഗസ്റ്റ് മുതല്‍ മാര്‍ച്ചുവരെയുള്ള മാസങ്ങളാണ് ഉചിതം.ശിവരാത്രികാലം ഇവിടുത്തെ പ്രാധാന ഉത്സവകാലമാണ്.
നാഗരികതയുടെ കോലാഹലങ്ങളില്‍ നിന്നകന്ന് പ്രകൃതിസ്വച്ഛതയുടെ മടിത്തട്ടില്‍ പരിലസിക്കുന്ന ഈ പുണ്യക്ഷേത്രം തീര്‍ത്ഥാടകരായ ഭക്തജനങ്ങളുടെ പറുദീസ എന്നതിനു രണ്ടഭിപ്രായമില്ല.
ReplyDeletenalla avatharanam