Monday, April 17, 2017

ആകാശം കാണുന്ന വീട് ( കഥ )

" അച്ഛാ, നമുക്കു വീടു നോക്കുമ്പോള്‍ ഒരു കാര്യം ഉണ്ടോന്നു നോക്കണം"
" എന്താണു മോളേ?"
" ആകാശം "
"ആകാശമോ ? "
" അതെ അച്ഛാ , ജനാലയിലൂടെ നോക്കിയാൽ എനിക്ക് അനന്തനീലിമയായി  പരന്നു കിടക്കുന്ന ആകാശം കാണണം. നീലാകാശത്തു പറന്നു നടക്കുന്ന വെള്ളിമേഘങ്ങൾ, രാത്രിയിൽ കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങൾ, വലുതാവുകയും ചെറുതാവുകയും ചെയ്യുന്ന അമ്പിളിമാമൻ.. ഒക്കെ എനിക്ക് കാണണം. ഇവിടെ ഇങ്ങനെ നോക്കിയിരുന്നാൽ അപ്പുറത്തെ  ഫ്ലാറ്റ് അല്ലെ കാണാനാകുന്നത്. എത്ര നാളായി ഞാനാശിക്കുന്നെന്നോ  മനം നിറയെ ആകാശം ഒന്നു  കാണാൻ "
പൊന്നുമോളുടെ ആഗ്രഹം ഒരുകണക്കിന് നോക്കിയാൽ എത്ര ചെറുതാണ് . അവളുടെ പ്രായത്തിലുള്ള കുട്ടികൾ ആഗ്രഹിക്കുന്നതൊന്നും അവൾക്കു വേണ്ട. ഇത്തിരി ആകാശം കാണാൻ ആഗ്രഹിക്കുന്നത് ഒരു തെറ്റല്ലല്ലോ. പോളിയോ ബാധിച്ച കാലുകളുമായി ഓടിനടന്ന് ആകാശം കാണാൻ അവൾക്കാകില്ല.  ചുറ്റുപാടും ധാരാളം കെട്ടിടങ്ങൾ ഉള്ളത്‌കൊണ്ട് ഈ അപ്പാർട്മെന്റിലെ ഫ്ലാറ്റിൽ ഇരുന്നാൽ അവൾക്കു    ജനാലയിലൂടെ ഒരു കുഞ്ഞുതുണ്ട് ആകാശമാണ് കാണാനാവുക. സ്‌കൂളിൽപോകുന്നതും വരുന്നതും റിക്ഷയിലാണ്. എടുത്തുവേണം റിക്ഷയിലെത്തിക്കാൻ. സ്‌കൂളിലെത്തിയാലും എടുത്തുകൊണ്ടാണ് ക്ലസ്സ്മുറിയിലെത്തിക്കുന്നത് . സ്‌കൂളിലല്ലാതെ അവളെ എവിടെയും കൊണ്ടുപോകാറുമില്ല. 

കഴിഞ്ഞ    ദിവസമാണ് ഫ്ലാറ്റുടമ വാടക പുതുക്കാനാവില്ല എന്നറിയിച്ചത് . ഫ്ലാറ്റ് മകളുടെ വിവാഹസമയത്ത്  സ്ത്രീധനമായി  കൊടുത്തതാണത്രേ. ഇനി അടുത്ത വാടകക്കാരെ നിശ്ചയിക്കുന്നത് മരുമകനായിരിക്കും. ചിലപ്പോൾ അവർ തന്നെ അവിടെ താമസത്തിനു വരാനും സാധ്യതയുണ്ട്. ആകാശം കാണാനാവില്ലെന്നതൊഴിച്ചാൽ മറ്റു സൗകര്യങ്ങളൊക്കെ തൃപ്തികരമായിരുന്നു. മോളെ പ്രസവിച്ചുകഴിഞ്ഞു നാട്ടിൽപോയിവന്നത്  ഈ ഫ്ലാറ്റിലേക്കായിരുന്നു . പത്തുവർഷം ശാന്തം വീടുപോലെ .  എന്തായാലും ഇനി രണ്ടു മാസം കൂടിയേ കാലാവധിയുള്ളൂ. അതു  തീരുന്നതിനു മുന്നേ പുതിയ വീട് കണ്ടുപിടിക്കണം . നാട്ടിലെ സ്വത്തു   ഭാഗം വെച്ചാൽ കിട്ടുന്ന ഷെയർ വിറ്റു ബാക്കി ലോണും എടുത്തു പുതിയ വീടൊന്നു വാങ്ങണമെന്ന് കുറെ നാളായി ആഗ്രഹിക്കുന്നതാണ് . പക്ഷേ  കഴിഞ്ഞ ദിവസവും അനിയനെ ഫോണിൽ വിളിച്ചു  ചോദിച്ചപ്പോൾ ഉടനെയെങ്ങും അച്ഛൻ ഭാഗം വയ്ക്കുന്ന ലക്ഷണമില്ലെന്നാണവൻ പറഞ്ഞത് . കൈയിലുള്ള ചെറിയ സമ്പാദ്യവും ലോണും ചേർത്ത് വീടു  വാങ്ങിയേ മതിയാകു. മോളെ സ്‌കൂളിൽ വിടാനുള്ള സൗകര്യവും നോക്കണം.

കടലുപോലെയാണ് ഈ മഹാനഗരവും. സർവ്വത്ര വെള്ളമെങ്കിലും കുടിക്കാനൊരുതുള്ളിയില്ലാത്ത അവസ്ഥ. എവിടെ നോക്കിയാലും കെട്ടിടങ്ങൾ. പക്ഷേ  തനിക്കു താമസിക്കാൻ മാത്രം വീടില്ല. എന്തായാലും ഒരു ഫ്ലാറ്റ് വാങ്ങിയേ മതിയാകൂ. എന്തിനും ഏതിനും കൂട്ടുനിൽക്കാൻ  ആകെയൊരു ചങ്ങാതി മാത്രം. അറിഞ്ഞും കേട്ടും  ഓരോരോ സ്ഥലങ്ങളിലേക്ക് അവനാണ് കൊണ്ടുപോകുന്നത്.  വീട് നോക്കാൻ പോകുമ്പോളൊക്കെ മോളുടെ വാക്കുകൾ മനസ്സിൽ മുഴങ്ങും.  ആകാശം കാണുന്ന ജനാലകളുള്ള വീട്! ഈ കോൺക്രീറ്റു വനത്തിൽ അങ്ങനെയൊന്ന്  എവിടെ കണ്ടുപിടിക്കുമെന്നായിരുന്നു ചിന്ത മുഴുവൻ.  ഒന്നുരണ്ടിടത്തു കാണുകയും ചെയ്തു. പക്ഷേ  അതൊന്നും വാങ്ങാനുള്ള പണം ഈ ജന്മം മുഴുവൻ ശ്രമിച്ചാലും അയാൾക്കുണ്ടാക്കാനാവില്ല. എങ്കിലും ഓരോ ഫ്ലാറ്റിലും ചെല്ലുമ്പോൾ ആദ്യം നോക്കുന്നത് ജനാലകൾ ആകാശത്തേയ്ക്ക് മിഴി തുറക്കുന്നോ  എന്നാണ് .  ദിവസങ്ങള്‍ ഓടിയോടിക്കടന്നുപോകുന്നു. വീടൊത്തുകിട്ടിയതുമില്ല. അത്യാവശ്യം സൗകര്യമുള്ളതാകുമ്പോള്‍ വിലയൊത്തുവരുന്നില്ല. അല്ലെങ്കില്‍ മോളെ സ്കൂളില്‍ വിടാനുള്ള സൗകര്യമുണ്ടാകില്ല. ഇനിയും മുമ്പോട്ടുപോകാനാവില്ല എന്നു വന്നപ്പോഴാണ് ആ ഹൗസിങ്ങ് കോമ്പ്ലെക്സിലെ ഫ്ലാറ്റ് തന്നെ വാങ്ങാമെന്നു രണ്ടും കല്പിച്ചു തീരുമാനിച്ചത്. ഹാളും അടുക്കളയും കിടപ്പുമുറിയും ഉള്ള കൊച്ചു ഫ്ലാറ്റ്. അടുത്തു സ്കൂളുള്ളതുകൊണ്ട് മോളെ എടുത്തുകൊണ്ടുപോയാക്കാന്‍ സൗകര്യം. പക്ഷേ ......

വീടു മാറുന്ന ദിവസം അയാള്‍ മോളോടു മനസ്സുകൊണ്ടു മാപ്പുചോദിച്ചു. പഴയ വാടകവീട്ടില്‍ അവള്‍ക്കൊരുതുണ്ടാകാശമെങ്കിലും സ്വന്തമായുണ്ടായിരുന്നു. പുതിയ വീട്ടില്‍ അതുപോലുമില്ല. ആകാശം പോലും സ്വന്തമാക്കാന്‍ സമ്പന്നര്‍ക്കേ കഴിയൂ എന്ന തിരിച്ചറിവ് തന്റെ പൊന്നുമോള്‍ക്കുണ്ടാകും എന്നായാള്‍ വെറുതെയെങ്കിലും മോഹിച്ചു .

3 comments:

  1. ഹൃദയത്തിൽ തൊടുന്ന കഥ..കഥയ്‌ക്കൊപ്പം വായനക്കാരും ആഗ്രഹിച്ചുപോകും ആകാശം കാണുന്ന ഒരു വീട് ആ കുട്ടിയ്ക്ക് ലഭിക്കണമേ എന്ന്..നല്ല എഴുത്ത്‌...ആശംസകൾ













    ReplyDelete