ചലഞ്ച്
.
അപ്പൂപ്പൻതാടി
============
അങ്ങൊരു ഗ്രാമത്തിലെന്നൊരു നാൾ
ഉണ്ടായിരുന്നൊരു അപ്പൂപ്പൻ
ആരുമില്ലാത്തതാം അപ്പൂപ്പന്നൊരു
പഞ്ഞിമരം തുണയായിരുന്നു
പഞ്ഞിമരത്തിന്റെ കായകൾ വിറ്റിട്ടു
കഞ്ഞിക്കരി വാങ്ങിയപ്പൂപ്പൻ
കാലം കഴിച്ചവർ ചങ്ങാതിമാരേപ്പോൽ
താങ്ങും തണലുമായന്യോന്യം
നാളുകൾ നീങ്ങവേ വന്നു കൊടും വേനൽ
ഭൂതലമാകെ വരണ്ടുണങ്ങി
ആകെക്കരിഞ്ഞുപോയ് നൽമരമെങ്കിലും
ഓർമ്മിച്ചു തന്നുടെ ചങ്ങാതിയെ
കടയറ്റു വീഴുന്നതിനുമുമ്പായവൻ
നൽകിയാത്തോഴന്നു വിത്തൊരെണ്ണം
ചൊല്ലിയതുമണ്ണിൽ നട്ടുവളർത്തുവാൻ
തൽക്ഷണം വീണുപോയ് നന്മമരം.
വിത്തുമുളച്ചു വളർന്നു മരമായി
മൊട്ടിട്ടു പൂവിട്ടു കായവന്നു
ഒട്ടുദിനം കഴിഞ്ഞന്നൊരു നാളിലായ്
അപ്പൂപ്പനത്ഭുതക്കാഴ്ചകണ്ടു
കായ്കളിൽ നിന്നതാകാറ്റിൽ പറക്കുന്നു
പഞ്ഞിനൂൽക്കെട്ടുകളൊന്നൊന്നായി
അപ്പൂപ്പൻ തന്നുടെ താടിപോൽ തോന്നുന്ന
തൂവെള്ളക്കെട്ടുകളൊട്ടനേകം
കുട്ടികളാർപ്പുവിളിച്ചങ്ങടുത്തുപോൽ
'അപ്പൂപ്പൻതാടിയിതെത്ര ചന്തം!'
ഇന്നു നാം കാണുന്നോരപ്പൂപ്പൻതാടിക-
ളുണ്ടായതിങ്ങനെയാണതത്രെ !