Wednesday, March 7, 2018

'ഹരിശ്രീ പത്താമുദയം' - അയൽവാസി ഒരു ദരിദ്രവാസി

 അയൽക്കാരിൽ  ദരിദ്രവാസിയായ ആരെങ്കിലും  എന്നെങ്കിലും ഉണ്ടായിരുന്നതായി എനിക്കോർമ്മയില്ല. എല്ലാവരുംതന്നെ  മാന്യരും സഹായമനഃസ്ഥിതിയുള്ളവരും നല്ലവരും ആയിരുന്നു. പക്ഷേ അബദ്ധങ്ങൾ ആർക്കും സംഭവിക്കാമല്ലോ. .. അങ്ങനെയൊരു കഥയാണിത് .
കല്യാണിൽ വന്നകാലത്തു ഞങ്ങൾ താമസിച്ചിരുന്ന ബിൽഡിംഗിൽ ഒരുപാടു മലയാളി കുടുംബങ്ങൾ ഉണ്ടായിരുന്നു. ചിലരോടൊക്കെ നല്ല അടുപ്പവും വച്ചുപുലർത്തിയിരുന്നു. ആറേഴുവർഷം അവിടെ  താമസിച്ചശേഷം ഞങ്ങൾ കുറച്ചു ദൂരെയുള്ള മറ്റൊരിടത്തേക്കു താമസം മാറി. ഒരുദിവസം പഴയ അയൽക്കാരിലൊരു ചേച്ചി ഫോണിൽ സംസാരിച്ചകൂട്ടത്തിൽ ഞങ്ങളുടെ പുതിയ താമസസ്ഥലത്തേക്കു വരാനിരിക്കുകയാണെന്നു പറഞ്ഞു. വൈകിട്ടു ചേട്ടൻ വന്നപ്പോൾ ഞാനിക്കാര്യം പറഞ്ഞു. ഞായറാഴ്ച അവരെ വീട്ടിലേക്കു ക്ഷണിക്കാം, ഭക്ഷണമൊക്കെ കൊടുത്തുവിടാമെന്നു ഞങ്ങൾ തീരുമാനവുമെടുത്തു. അങ്ങനെ അവർ  വന്നു. ചേച്ചിയും ചേട്ടനും അവരുടെ മിടുക്കന്മാരായ രണ്ടാണ്മക്കളും. വളരെ സന്തോഷകരമായ ഒരു ദിവസമായിരുന്നു ഞങ്ങൾക്കത്.

രാത്രി മടങ്ങിപ്പോകാൻ തുടങ്ങിയപ്പോൾ ആ ചേട്ടൻ ഞങ്ങളെ അടുത്ത ഞായറാഴ്ച  അവരുടെ വീട്ടിലേക്കു ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. പക്ഷേ ദീപാവലി വെക്കേഷൻ തുടങ്ങിയതുകൊണ്ടു ഞങ്ങൾ രണ്ടുദിവസം കഴിഞ്ഞു നാട്ടിലേക്കു തിരിക്കും. മൂന്നാഴ്ച കഴിഞ്ഞേ മടങ്ങിവരൂ. അക്കാര്യമറിയിച്ചപ്പോൾ നാട്ടിൽനിന്നു മടങ്ങിയെത്തുന്ന ദിവസം അവരുടെ വീട്ടിലേക്കു ചെല്ലണമെന്നായി. പിന്നൊരുദിവസമാകാമെന്നു പറഞ്ഞിട്ടും അവർ നിർബ്ബന്ധമായിപ്പറഞ്ഞു അന്നുതന്നെ ചെല്ലണമെന്ന്. ഒടുവിൽ ഞങ്ങൾ സമ്മതിച്ചു. പോകാനിറങ്ങി താഴെയെത്തിയപ്പോഴും പറഞ്ഞു, മറന്നുപോകരുത്, തീർച്ചയായും വരണമെന്ന്.
ഞങ്ങൾ നാട്ടിൽ പോയി മടങ്ങിയെത്തിയത് ഒരു ഞായറാഴ്ചയായിരുന്നു. മൂന്നുമണിയായപ്പോൾ വീട്ടിലെത്തി. വീടുവൃത്തിയാക്കലും കുളിയും ഒക്കെ കഴിഞ്ഞ് അടുത്തുള്ള കടയിൽ പോയി അത്യാവശ്യസാധനങ്ങളും ഒക്കെ വാങ്ങി. പക്ഷേ ഭക്ഷണം  കഴിക്കാൻ അവർ ക്ഷണിച്ചിട്ടുള്ളതുകൊണ്ടു ഒന്നും ഉണ്ടാക്കിയില്ല.  നാട്ടിൽനിന്നുകൊണ്ടുവന്ന സാധങ്ങളൊക്കെ കുറെയടുത്തു പായ്ക്ക് ചയ്തു ഞങ്ങൾ അങ്ങോട്ടേക്കു പുറപ്പെട്ടു. ഏഴുമണി കഴിഞ്ഞപ്പോഴാണ് ഞങ്ങളവിടെയെത്തിയത്. ചെന്നപ്പോഴേ ചേച്ചി ചായയുണ്ടാക്കിത്തന്നു. പിന്നെ വിശേഷങ്ങൾ പറഞ്ഞിരുന്നു. ഭക്ഷണമുണ്ടാക്കുന്ന തിരക്കോ തയ്യാറെടുപ്പോ ഒന്നും അവിടെ കണ്ടില്ല. 'ചേച്ചി ഭക്ഷണമൊക്കെ നേരത്തെ തന്നെ തയാറാക്കിവെച്ചല്ലോ .. മിടുക്കി'.  എന്നു മനസ്സിൽ വിചാരിച്ചു. ചായഗ്ലാസ്സുമായി ഞങ്ങൾ രണ്ടുപേരും കൂടിയാണ് അടുക്കളയിലേക്കു പോയത് . അവിടെ നിന്നായി പിന്നെ വർത്തമാനം.
"മിനി ചോറൊക്കെ വെച്ചിട്ടായിരിക്കുമല്ലോ പോന്നത്..അല്ലേ ?"
പെട്ടെന്നൊരുനിമിഷം ആശയക്കുഴപ്പത്തിലായെങ്കിലും ഞാൻ വേഗം പറഞ്ഞു
"അതെ, അതെ."
ഞങ്ങളെ ക്ഷണിച്ചിരുന്ന കാര്യമേ അവർ മറന്നുപോയെന്ന് എനിക്ക് മനസ്സിലായി. കുറച്ചുസമയം കൂടി വർത്തമാനം പറഞ്ഞശേഷം ഞാൻ ചേട്ടനോട് പറഞ്ഞു ഇനി നമുക്ക് പോകാമെന്ന്. പെട്ടെന്നു ചേട്ടനും ഒന്നന്ധാളിച്ചു.
"ചോറൊക്കെ വെച്ചിട്ടല്ലേ പോന്നത്, പിന്നെന്താ ഇത്ര തിടുക്ക"മെന്നായി ചേച്ചി
"മോനു  രാവിലെ സ്‌കൂളിൽ പോകേണ്ടതല്ലേ.. ബാഗൊന്നും  അടുക്കിയിട്ടില്ല. യൂണിഫോം ഒന്നുകൂടി എടുത്തു തേച്ചുവെക്കണം.." ഞാൻ മറുപടി പറഞ്ഞു.
അങ്ങനെ അധികം വൈകാതെ ഞങ്ങളിറങ്ങി.
വീട്ടിലെത്തി വേഗത്തിൽ  തക്കാളിസാദമുണ്ടാക്കി കഴിച്ചു.

'ഹരിശ്രീ പത്താമുദയ'ത്തിനായ് എഴുതിയ വിഷയാധിഷ്ഠിതഗാനം

ഓമനേ നിന്നെക്കുറിച്ചുള്ളൊരോർമയിൽ 
എന്നെ  മറന്നു, ഞാനെല്ലാം മറന്നു 
വന്നു നീ ചാരത്തണയുന്ന നാളിനായ്
കണ്ണിമയ്ക്കാതെ ഞാൻ കാത്തിരിപ്പൂ 

അന്നു നീ ചാർത്തിയ ഹേമാംഗുലീയത്തിൻ
കാന്തിയിൽ ഞാൻ തീർത്ത പൊന്നിൻകിനാവുകൾ 
ഓമലാളേ നിന്നെ കൊണ്ടുപോകുന്നെത്ര 
ചിത്രമനോഹരോദ്യാനങ്ങളിൽ  

മനസ്സിൽ നീ നിറയുന്നെൻ ജീവന്റെ താളമായ്
തഴുകുന്നു  ഹൃദയത്തിൽ പ്രണയകല്ലോലമായ്
വരിക നീ വേഗമെൻ ചാരത്തു പ്രിയസഖീ
ഒരു കുളിർകാറ്റുപോൽ തഴുകിത്തലോടുവാൻ