Wednesday, May 16, 2018

ദൈവം

അമ്പലത്തിൽ പോകന്നത് അവൾക്കു തീരെ താല്പര്യമുള്ള കാര്യമല്ല. കുട്ടിക്കാലത്തു സ്ഥിരമായി പോയിരുന്നു. തിരിച്ചറിവായപ്പോൾ അവളാ  പതിവ് നിർത്തി. അവിടെ ദൈവമുണ്ടത്രേ! ഏതു ദൈവമാണ്?  ഇതുവരെ കണ്ടിട്ടും കേട്ടിട്ടമില്ലാത്തൊരു ദൈവത്തെ അവൾക്കു വിശ്വാസമേ ഉണ്ടായിരുന്നില്ല. സിദ്ധാർത്ഥൻ സാർ ഒരിക്കൽ പറഞ്ഞത് അവളുടെ മനസ്സിൽ പിന്നെയും കയറിവന്നു. ' മനുഷ്യൻ സൃഷ്ടിച്ച ഏറ്റവും  വലിയ നുണയാണ് ദൈവം." അതെ അതാണ് സത്യം. എങ്കിലും 'അമ്മ പറഞ്ഞതല്ലേ, അനുസരിച്ചില്ലെന്നു വേണ്ട.  വൈകുന്നേരം ജോലികഴിഞ്ഞെത്തിയയുടനെ കുളിച്ചു സാരിയൊക്കെയുടുത്തു കുറെ ദൂരെയുള്ള അമ്പലത്തിലേക്കു  പോയി. അവൾ താമസിക്കുന്ന പട്ടണത്തിൽ   അവിടെ മാത്രമേ തെക്കേഇന്ത്യക്കാരുടെ അമ്പലമുള്ളൂ . ഗണപതിയും അയ്യപ്പനും ഭഗവതിയും കൃഷ്ണനും ഒക്കെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട് . വളരെക്കുറഞ്ഞ സൗകര്യത്തിൽ സർപ്പപൂജയും നവഗ്രഹപൂജയും ഒക്കെയുണ്ടവിടെ.  വഴിപാടുകൾക്കു രസീതെടുത്തു. അതുകൊണ്ട്  ഇല്ലാത്ത ഭഗവൻ പ്രസാദിക്കുമെന്നു കരുതിയിട്ടൊന്നുമല്ല. പ്രസാദം വാങ്ങുമ്പോൾ ദക്ഷിണകൊടുക്കണമല്ലോ.  ആ തിരുമേനിമാരും ജീവിക്കേണ്ടേ. അവർക്കായി ചെയ്യാവുന്ന ചെറിയൊരു സഹായം- അത്രമാത്രം.
ദീപാരാധന കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ നന്നേ വൈകി. പുറത്തുകടന്നപ്പോൾ ത്തന്നെ അമ്മയെ വിളിച്ചു അമ്പലത്തിൽ പോയകാര്യം പറഞ്ഞു. . ഒരു ഓട്ടോറിക്ഷപിടിച്ചു താമസസ്ഥലത്തെത്തിയപ്പോൾ സഹവാസികൾ എല്ലാവരും ഫ്ലാറ്റിലുണ്ട്. അവർ ആറുപേരാണ് ഒരു ഫ്ലാറ്റിൽ താമസിക്കുന്നത്. രാജ്യത്തിൻറെ പലഭാഗത്തുള്ളവർ. പലഭാഷകളും സംസ്കാരങ്ങളും ഉള്ളവർ. എങ്കിലും ഒരേകുടുംബത്തിലെ അംഗങ്ങളെപ്പോലെ അവർ ആ കൊച്ചു വീട്ടിൽ രണ്ടുവർഷത്തിലധികമായി   സന്തോഷമായി കഴിഞ്ഞുകൂടുന്നു. ഓരോരുത്തർ ഓരോ ദിവസങ്ങളിൽ ഭക്ഷണമുണ്ടാക്കും. ഞായറാഴ്ച മിക്കവാറും പുറത്തുനിന്നെല്ലാവരും കഴിക്കും. അല്ലെകിൽ എല്ലാവരും ചേർന്നുണ്ടാക്കും. ശംബളം  കുറവായിരുന്നെങ്കിലും ഒന്നിച്ചുള്ള ആ ജീവിതം എല്ലാവിധത്തിലും ലാഭകരവും ഒപ്പം രസകരവും ആയിരുന്നു.

നാളെ വെളുപ്പിന് 4  30  നാണു അവൾക്കു പോകേണ്ട ട്രെയിൻ.  3 . 30 നു മൊബൈലിൽ അലാം സെറ്റ് ചെയ്‌തുവെച്ചു.  എങ്കിലേ സമയത്തു സ്റ്റേഷനിൽ എത്താൻ  കഴിയൂ. ഭക്ഷണം കഴിഞ്ഞയുടനെ അവൾ ഉറങ്ങാൻ കിടന്നു. പെട്ടിയൊക്കെ നേരത്തെതന്നെ റെഡിയാക്കി വെച്ചിരുന്നു. ബാംഗ്ലൂർക്കാണ് പോകുന്നത്. മുംബൈയിലെ ജോലിയെക്കാൾ കുറച്ചുകൂടി മെച്ചപ്പെട്ട ജോലിക്കുവേണ്ടിയുള്ളൊരു ഇന്റർവ്യൂ. വൈകുന്നേരത്തെ ട്രെയ്‌നുതന്നെ തിരികെപ്പോരുകയും ചെയ്യും.

രാവിലെ എഴുന്നേറ്റപ്പോൾ മുറിയിലാകെ നേരിയ പുലരിവെളിച്ചം വീണുകിടന്നിരുന്നു . ഞെട്ടിപ്പോയി. സമയം അഞ്ചേമുക്കാൽ . അയ്യോ.. ഇന്നത്തെ യാത്ര..! വളരെ പ്രതീക്ഷിച്ചിരുന്ന ജോലി.. എല്ലാം വൃഥാവിലായല്ലോ..  മൊബൈൽ എന്താണ് അലാം അടിക്കാത്തതെന്നു നോക്കിയപ്പോൾ അതു സൈലന്റ്  മോഡിൽ. ഇന്നലെ അമ്പലത്തിൽ പോയപ്പോൾ അവിടെവെച്ചു സൈലന്റ് മോഡിൽ ആക്കിയതാണ്. പിന്നെ മാറ്റാൻ മറന്നു. ഹും! ദൈവമാണത്രെ ദൈവം!. ഇന്നലെ അമ്പലത്തിൽ പോയില്ലായിരുന്നെങ്കിൽ ഒരു കുഴപ്പവുമില്ലായിരുന്നു.
നോക്കിയപ്പോൾ അമ്മയും കുറേതവണ വിളിച്ചിട്ടുണ്ട്. അതും കേട്ടില്ലല്ലോ.. ശ്ശോ! ഇനി അമ്മയോടെന്തുപറയും .. അമ്മയെ പെട്ടെന്ന് വിളിച്ചു കാര്യം പറഞ്ഞു. ദൈവത്തെ കുറ്റപ്പെടുത്താൻ മറന്നതുമില്ല.
ഞായറാഴ്ചയായതുകൊണ്ടു കൂടെയുള്ളവരെല്ലാവരും വളരെ വൈകിയാണുണർന്നത്. എല്ലാവരും ഓരോന്നു പറഞ്ഞു അവളെ  ആശ്വസിപ്പിച്ചു. പക്ഷേ അവൾക്കു വളരെ നിരാശയായിരുന്നു. നല്ലൊരു ജോലികിട്ടിയാലേ കുടുംബത്തെ ഒന്നു രക്ഷപ്പെടുത്തിയെടുക്കാനാവൂ. അച്ഛനു നല്ല ചികിത്സകൊടുക്കണം. അനിയന്റേയും  അനിയത്തിയുടേയും  പഠിപ്പു പൂർത്തിയാക്കണം. ചോർന്നൊലിക്കുന്ന പഴയവീടൊന്നു പുതുക്കിയെടുക്കണം. പിന്നെ...

ബാക്കിയെല്ലാവരും സിനിമകാണാനും  ഭക്ഷണം കഴിക്കാനുമൊക്കെയായി പുറത്തുപോയപ്പപ്പോൾ അന്നാദ്യമായി അവൾ ഒപ്പം ചേർന്നില്ല. ഒറ്റയ്ക്കു  മുറിയിലിരുന്ന്   ടി വി ചാനലുകൾ മാറ്റിമാറ്റി സമയംപോക്കിക്കൊണ്ടിരുന്നു. പെട്ടെന്നാണു  ന്യൂസ്ചാനലിൽ ഫ്ലാഷ്ന്യൂസ് വന്നത് - മുംബൈയിൽ നിന്നു  ബാംഗ്ലൂർക്കു പോകുന്ന തീവണ്ടി പാളം തെറ്റി. ബോഗികൾ മറിഞ്ഞ് ഒട്ടേറെപ്പേർ മരിച്ചു. അനവധി യാത്രക്കാർ ഗുരുതരാവസ്ഥയിൽ .
 പെട്ടെന്ന് അമ്മയെ വിളിക്കാനാണു  തോന്നിയത്..
" അമ്മേ. ദൈവം രക്ഷിച്ചു നമ്മളെ ..."


4 comments:

  1. കഥാപരമായും അവതരണപരമായും ഈ കഥ ഗംഭീരമായി വിജയിച്ചിട്ടുണ്ട് .
    ഇങ്ങനെയും ദൈവത്തെ മനുഷ്യ മനസ്സുകളിലേക്ക് ഉയർത്തി
    കൊണ്ടുവരാൻ കഴിയുമെന്ന് കാഥിക ചൂണ്ടിക്കാണിക്കുന്നു

    ReplyDelete
  2. ഈ കഥയിലെ അവസാന പാരയിൽ മൂന്നാമത്തെ വരിയിൽ ഒരു അക്ഷരപ്പിശകുണ്ട്" ചാനലുകൾ "

    ReplyDelete