Tuesday, May 22, 2018

18 - ഹാച്ചിക്കൊ

18  -    ഹാച്ചിക്കൊ

'ഹാച്ചിക്കോ'
വിശ്വസ്തനായൊരു ജാപ്പനീസ് നായയുടെ പേരാണിത്. ലോകത്തെവിടെയെങ്കിലും ഇത്രയേറെ ആരാധിക്കപ്പെട്ടിട്ടുള്ള, ഇപ്പോഴും ആരാധിക്കപ്പെടുന്ന ഒരു നായയുണ്ടാകുമോ എന്നു സംശയം.
ഈ നായയെക്കുറിച്ചുള്ള സിനിമകൾ നിങ്ങളിൽ ചിലരെങ്കിലും കണ്ടിരിക്കും. (ജപ്പാനിൽമാത്രമല്ല, ഹോളിവുഡിൽപോലും അവനേക്കുറിച്ചുള്ള സിനിമകൾ ഉണ്ടായിട്ടുണ്ട്.) അതു വെറുമൊരു കെട്ടുകഥയല്ല. ഒരു നായയും അവന്റെ യജമാനനും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ യഥാതഥമായ പുനരാവിഷ്കാരമാണ് .

1923 നവംബർ പത്തിനായിരുന്നു ഹാച്ചിക്കോയുടെ ജനനം. ജപ്പാന്റെ വടക്കൻപ്രദേശമായ അക്കിത്തയിലെ ഒരു ഗ്രാമത്തിൽ അകിടൈവ് എന്ന കൃഷിക്കാരന്റെ കൃഷിയിടത്തിൽ അദ്ദേഹത്തിന്റെ വളർത്തുമൃഗങ്ങളിൽ എട്ടാമനായി അവന്റെ ജനനം .

ഹിദെസാബുറോ ഉഎനൊ ടോക്യോയിൽ ഇംപീരിയൽ യൂണിവേഴ്സിറ്റിയിൽ കാർഷികവിഭാഗത്തിലെ ഒരു പ്രൊഫസ്സർ ആയിരുന്നു. അവിവാഹിതനായ അദ്ദേഹം അക്കിത്ത ഇനത്തിലെ ഒരു നായയെ ഓമനിച്ചുവളർത്താനാഗ്രഹിച്ചിരുന്നു. അത്തരം നായകൾ അന്തസ്സുള്ള പെരുമാറ്റത്തിനുടമകളായിരിക്കും. ഒരു വിദ്യാർത്ഥിയാണ് ഹാച്ചിക്കോയുടെ കാര്യം അദ്ദേഹത്തെ അറിയിച്ചത്. ഹാച്ചിക്കോ പ്രൊഫസറുടെ ഓമനയാകാൻ താമസമുണ്ടായില്ല. സ്നേഹപൂർവ്വം അദ്ദേഹമവനെ ഹാച്ചി എന്നു വിളിച്ചു. ഒരു യജമാനനും വളർത്തുനായയും തമ്മിലുള്ള ഹൃദയബന്ധത്തേക്കാൾ ഗാഢമായി വളർന്നു അവരുടെ ആത്മബന്ധം. ഒരിക്കലും പിരിയാത്ത രണ്ടു സ്‌നേഹരൂപികൾ
ഇത്തിരി വളർന്നപ്പോൾ ഹാച്ചിക്കോ, രാവിലെ ജോലിക്കുപോകുന്ന പ്രൊഫസ്സറെ അനുഗമിക്കാൻ തുടങ്ങി. ടോക്യോയിലെ ഷിബുയസ്റ്റേഷനിൽനിന്നു ട്രെയിൻ കയറുന്നതുവരെ അവൻ അദ്ദേഹത്തെ ചുറ്റിപ്പറ്റിനിൽക്കും. വൈകുന്നേരം അദ്ദേഹം ജോലികഴിഞ്ഞു വരുന്ന സമയമാകുമ്പോൾ അവൻ സ്റ്റേഷനിൽ കാത്തുനിൽക്കും. എല്ലാ ദിവസവും ഇതു തുടർന്നുകൊണ്ടേയിരുന്നു .
1925 മെയ് മാസം 21 )o തീയതി പതിവുപോലെ ഹാച്ചിക്കോ ഷിബുയസ്റ്റേഷനിൽ പ്രൊഫസ്സറെ യാത്രയാക്കി. അദ്ദേഹം തിരികെവരുന്നനേരത്ത് അവനെത്തി കാത്തിരുന്നു. പക്ഷേ പ്രൊഫസ്സർ എത്തിയില്ല. ഹാച്ചി ക്ഷമയോടെ കാത്തിരിപ്പു തുടർന്നു.. തന്റെ യജമാനൻ ഇനിയൊരിക്കലും ഷിബുയസ്റ്റേഷനിൽ തന്റെ കാത്തിരിപ്പിനു മറുപടിയെന്നോണം വന്നണയുകയില്ലെന്നവൻ അറിഞ്ഞതേയില്ല. പെട്ടെന്നുണ്ടായ സെറിബ്രൽ ഹെമറേജ് അദ്ദേഹത്തിന്റെ ജീവനെടുക്കുകയയിരുന്നു.

ഉഎനൊയുടെ അപ്രതീക്ഷിതമായ മരണം അനാഥനാക്കിയ ഹാച്ചിയെ സംരക്ഷിക്കാൻ പ്രൊഫസറുടെ ഉദ്യാനപാലകൻ തയ്യാറായി. പക്ഷേ പ്രൊഫസ്സറോടു തോന്നിയിരുന്ന ഗാഢമായ ഹൃദയബന്ധം അവനു പുതിയ യജമാനനോടുണ്ടായില്ല. ഹാച്ചി എന്നും രാവിലെ ഷിബുയ സ്റ്റേഷനിൽ പ്രൊഫെസ്സർ പോകുന്ന നേരത്തുണ്ടാകും. അദ്ദേഹം തിരികെയെത്തുന്ന നേരമാകുമ്പോൾ കണ്ണുകളിൽ പ്രതീക്ഷ നിറച്ചു കാത്തിരിക്കും. ഇതു നിത്യേന തുടർന്നു. സ്ഥിരമായി അവിടെ യാത്രചെയ്യുന്നവർക്ക് ഈ കാഴ്ച ഒരു കൗതുകമായിരുന്നു. അപൂർവ്വസുന്ദരമായൊരു സ്നേഹബന്ധത്തിന്റെ കരളലിയിക്കുന്ന കാഴ്ച ഒരുപാടുപേരുടെ കണ്ണുകളെ ഈറനണിയിച്ചു. യാത്രക്കാരോ റെയിൽവേ ഉദ്യോഗസ്ഥരോ ഒരിക്കലും അവനെ ഉപദ്രവിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്തിരുന്നുമില്ല. 1935 മാർച്ച് 8 ന് പന്ത്രണ്ടാം വയസ്സിൽ ഈ ലോകത്തോടു വിടപറയുന്നതുവരെ ഹാച്ചി തന്റെ കാത്തിരിപ്പു തുടർന്നു.

1932 ൽ ഒരു പത്രപ്രവർത്തകനാണു ഹാച്ചിയുടെ കാത്തിരിപ്പിന്റെ ഹൃദയസ്പൃക്കായ കഥ ഷിബുയ സ്റ്റേഷന്റെ പുറത്തേക്കെത്തിക്കുന്നത്. അദ്ദേഹം നൽകിയ പത്രവാർത്തയിലൂടെ ഹാച്ചിക്കോ എന്ന അക്കിത്ത നായ ജപ്പാനിലങ്ങോളമിങ്ങോളം പ്രസിദ്ധിയുടെ പടവുകൾ കയറി. ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്കും ഹാച്ചിക്കോയുടെ കഥ കടന്നുചെല്ലാൻ താമസമുണ്ടായില്ല. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നു വിശ്വസ്തനായ ഹാച്ചിയെ ഒരുനോക്കുകാണാൻ ഷിബുയ സ്റ്റേഷനിൽ സഞ്ചാരികളെത്തി. അവനെ സ്നേഹംകൊണ്ടു മൂടാൻ അവർ മത്സരിച്ചു.

1934 ൽ ഹാച്ചിക്കോയുടെ ഒരു വെങ്കലപ്രതിമ ഷിബുയ സ്റ്റേഷന്റെ പുറത്ത് അനാച്ഛാദനം ചെയ്യപ്പെട്ടു. പ്രൗഢഗംഭീരമായ ആ ചടങ്ങിൽ ഹാച്ചിക്കോ ആയിരുന്നു മുഖ്യാതിഥി. രണ്ടാംലോകമഹായുദ്ധകാലത്ത് ഈ പ്രതിമ തകർക്കപ്പെട്ടുവെങ്കിലും 1948 ൽ പുനഃസ്ഥാപിക്കപ്പെട്ടു. . 1935 മാർച്ച് 8 )o തീയതി ഹാച്ചിക്കോ ഷിബുയ സ്റ്റേഷൻ പരിസരത്തു മരിച്ചുവീണു. പ്രൊഫസ്സർ അന്ത്യവിശ്രമം കൊള്ളുന്ന ഒയാമ സെമിത്തേരിയിൽ അദ്ദേഹത്തിന്റെ ശവകുടീരത്തോടുചേർന്നു ഹാച്ചിയുടെ ഭൗതികശരീരവും സംസ്കരിക്കപ്പെട്ടു. അവിടെത്തന്നെ അവന്റെ സ്മാരകവും നിലകൊള്ളുന്നു . നീണ്ട ഒമ്പതു ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും ലോകത്തിന്റെ ഹാച്ചിയോടുള്ള സ്നേഹത്തിനു ഒരുകുറവും വന്നിട്ടില്ല എന്നതിനു തെളിവാണ് അവന്റെ വെങ്കലപ്രതിമയ്ക്കു മുന്നിലുള്ള നീണ്ട ക്യൂ . പ്രതിമയോടു ചേർന്നുനിന്നു ഫോട്ടോ എടുക്കാനുള്ളവരുടേതാണത്. സന്ദർശകരുടെ ഫോട്ടോ എടുത്തുകൊടുക്കാൻ സന്നദ്ധനായി ഒരാളെപ്പോഴും അവിടെയുണ്ടാകും. ആയിരക്കണക്കിനാളുകൾ ദിനംപ്രതി ഇവിടെയെത്തി ചിത്രങ്ങ‌ൾ പകർത്തി മടങ്ങുന്നു.

ജപ്പാനിൽ ഇന്നു പലയിടത്തും ഹാച്ചിയുടെ പ്രതിമകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് . അവന്റെ ഓർമ്മദിനങ്ങളിൽ ജപ്പാൻജനത ഈ പ്രതിമകൾക്കുസമീപം ഒരു വീരപുരുഷനെന്നവണ്ണം സ്മരണാഞ്ജലികളർപ്പിച്ചു മടങ്ങും.
ഈ അന്യാദൃശമായ സ്നേഹത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട പുസ്തകങ്ങളും സിനികമകളും അനവധിയാണ്. ഹാച്ചിക്കോയുടെ സ്നേഹം അവയിലൂടെ ഈ ലോകമുള്ളകാലം അറിയപ്പെടും.


2 comments:

  1. ഹച്ചിക്കോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കാൻ കാരണമെന്താണ് ?
    ഇനിയത് പുസ്തകത്തിൽ വായിക്കുമ്പോൾ സുഖം
    നഷ്ടപ്പെടില്ലേ ?
    ഞാനൊന്നു ഓടിച്ചു വായിച്ചേയുള്ളു .
    ഹൃദയസ്പര്ശിയാണ്. അക്ഷരപ്പിശകുകളുണ്ട്.
    വിശദമായി വീണ്ടും വായിക്കാം .എന്നിട്ടു കൂടുതൽ
    പറയാം .

    ReplyDelete
  2. ഹാച്ചിക്കോ/ ഹച്ചിക്കോ
    ഓമനയാകാൻ
    ---------------------
    തുടർന്ന്/ ന്നു
    സംരക്ഷിക്കാൻ
    -------------------------
    ലോകമഹാ
    ----------------------
    ഹാച്ചിക്കോ ഹച്ചിക്കോ
    (ഇങ്ങനെ ആറു തിരുത്തുകൾ ഉണ്ട് )

    ReplyDelete