Friday, July 13, 2018

യാത്രാവിസ്മയങ്ങൾ 10 - മൗസ്മായ് ഗുഹ

2018 ജൂൺമാസത്തിൽ തായ്‌ലൻഡിലെ ഗുഹയിലകപ്പെട്ട കുട്ടികളെയും അവരുടെ പരിശീലകനെയും പതിനെട്ടു ദിവസങ്ങൾക്കുശേഷം പുറത്തെത്തിച്ചതു തെല്ലത്ഭുതത്തോടെയല്ലാതെ ഓർമ്മിക്കാനാവുന്നില്ല. കൂരിരുട്ടിൽനിന്ന് ഒരുതരിവെളിച്ചത്തിലേക്കു   മടങ്ങിപ്പോകാമെന്നുള്ള ആശയുമായി പതിനെട്ടു ദിനരാത്രങ്ങൾ കഴിച്ചുകൂട്ടിയ കുട്ടികളും അവരുടെ കോച്ചും ഈ ലോകത്തിന്റെ മുഴുവൻ പ്രാർത്ഥനയിൽ നിറഞ്ഞതു ഒരു ചെറിയകാര്യമല്ല.    ആ ദിനങ്ങളിൽ   ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ അനുഭവിച്ച മാനസികസംഘർഷം എത്ര തീവ്രമായിരിക്കും!  ഒടുവിൽ തങ്ങളുടെ പൊന്നോമനകളെ തിരികെക്കിട്ടിയപ്പോൾ അവരനുഭവിച്ച ആനന്ദം എത്ര വലുതായിരിക്കും. എങ്കിലും ഒരുദുഃഖം അവിടെയും ബാക്കിനിൽക്കുകയാണ് - രക്ഷാപ്രവർത്തനത്തിനിടയിൽ ജീവൻപൊലിഞ്ഞ നേവി ഉദ്യോഗസ്ഥൻ സമാൻ ഗുനാൻ. ഏതൊരാനന്ദവും പൂർണ്ണമല്ല എന്നു  വീണ്ടും കാലം നമ്മെ   ഓർമ്മപ്പെടുത്തുകയാണ്.

 ഇത്രനീളമുള്ള, ഇടുങ്ങിയ ഗുഹ, ഇടയ്ക്കൊക്കെ ടിവി വാർത്തകൾക്കിടയിൽ കാണുമ്പോൾ പത്തുവർഷങ്ങൾക്കുമുമ്പ്  'മൗസ്മായ്  ഗുഹ'യിൽ കയറിയ ഓർമ്മ മനസ്സിലെത്തി.
മേഘാലയ സംസ്ഥാനത്തെ  ചിറാപ്പുഞ്ചിയിലാണ്  മൗസ്മായ്  ഗുഹ. ഇപ്പോൾ ചിറാപ്പുഞ്ചി അറിയപ്പെടുന്നത് പരമ്പരാഗത നാമമായ സൊഹ്റ എന്നാണ്.  വർഷങ്ങൾക്കുമുൻപ്, ലോകത്തേറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം എന്ന ഖ്യാതിയുണ്ടായിരുന്ന സ്ഥലം കൂടിയാണു ചിറാപ്പുഞ്ചി. (ഇപ്പോൾ ആ സ്ഥാനം മേഘാലയയിലെത്തന്നെ  മൗസിൻറാം എന്ന സ്ഥലത്തിനാണ്.) പേരന്വയിപ്പിക്കുന്നതുപോലെതന്നെ മേഘാലയ, മേഘങ്ങളുടെ ആലയം തന്നെയാണ്. എല്ലായ്‌പോഴും മേഘാലയയുടെ ആകാശത്തു മേഘങ്ങൾ പറന്നുകളിക്കുന്നുണ്ടാകും.

അസമിലെ  ഗുവാഹാട്ടിയിൽ നിന്നു റോഡുമാർഗ്ഗമാണ് മേഘാലയയുടെ തലസ്ഥാനമായ   ഷില്ലോങ്ങിലെത്തിയത്.  നൂറുകിലോമീറ്ററോളം ദൂരമുണ്ട്. മേഘാലയയുടെ  ഗ്രാമങ്ങളെയൊക്കെ കണ്ടറിഞ്ഞുകൊണ്ടുള്ള യാത്ര വളരെ രസകരമാണ്. മലനിരകൾ നിറഞ്ഞ പ്രദേശം.  ഇടയ്ക്കിടെ ചെറിയ കവലകളും  ഗ്രാമങ്ങളും കൃഷിസ്ഥലങ്ങളും ഒക്കെയുള്ള കുന്നിൻചെരിവുകളിലൂടെയാണ് ആ  യാത്ര മുന്നേറുന്നത്. മരംകൊണ്ടുള്ള വീടുകൾ പലതും തൂണുകളിൽ ഉയർത്തിനിർത്തിയവയാവും . പൊതുവേ ഉയരം കുറവാണു വീടുകൾക്ക്. അവിടുത്തെ ആളുകൾക്കും ഉയരക്കുറവാണ് .പലയിടത്തും ക്രിസ്ത്യൻ പള്ളികളും കാണാം. ( മേഘാലയയിലെ ജനങ്ങളിൽ മുക്കാൽഭാഗവും ക്രിസ്തുമതക്കാരാണ് ) . വഴിയരുകിൽ കൃഷിസ്ഥലത്തുനിന്നെടുത്തുകൊണ്ടുവരുന്ന പഴങ്ങളും പച്ചക്കറികളുമൊക്കെ വിൽക്കാൻ വെച്ചിരിക്കുന്നതുകാണാം.  കച്ചവടസ്ഥലങ്ങളിലൊക്കെ സ്ത്രീകളാണ് ജോലിയെടുക്കുന്നത്. പൊതുവെ, ഇന്ത്യയുടെ വടക്കുകിഴക്കേ ഭാഗങ്ങളിലേക്കു പോയാൽ എല്ലാ ജോലികളും സ്‌ത്രീകളാണു ചെയ്യുന്നത്. പുരുഷന്മാർ കടത്തിണ്ണകളിലൊക്കെയിരുന്നു വെറുതെ സമയം കൊല്ലുന്നതുകാണാം. മലഞ്ചെരുവുകളിലൂടെയുള്ള യാത്രയായതുകൊണ്ട്  മൂന്നുമണിക്കൂറിലധികം സമയമെടുത്തു  ഷില്ലോങ്ങിലെത്താൻ.


ഷില്ലോങ്ങ്,  മേഘാലയ സംസ്ഥാനരൂപവത്കരണത്തിനു മുൻപേ, 1972-വരെ അസമിന്റെ തലസ്ഥാനമായിരുന്നു. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഷില്ലോങ്ങിലാണ്‌   ഭാരതീയ വായുസേനയുടെ ഈസ്റ്റേൺ ഏയർ കമാന്റ്  സ്ഥിതിചെയ്യുന്നത്. കൂടാതെ അസം റൈഫിൾസിന്റെ ആസ്ഥനവും ഗൂർഖ റെജിമെന്റിന്റെ പരിശീലനകേന്ദ്രവും ഇവിടെയാണ്‌. വടക്കുകിഴക്കൻ ഭാഗത്തെ പ്രധാനവിദ്യാഭ്യാസകേന്ദ്രവും കൂടിയാണു ഷില്ലോങ്ങ്. ഐ ഐ എം , എൻ ഐ എഫ് ടി , എൻ ഐ ടി മുതലായ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളൊക്കെയുണ്ടിവിടെ.
വളരെ വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കുന്നൊരു നഗരമാണ് ഷില്ലോങ്ങ്. പൂച്ചെടികളും അലങ്കാരസസ്യങ്ങളുമൊക്കെ നഗരത്തിന്റെ മനോഹാരിതക്കു മാറ്റുകൂട്ടി എല്ലായിടത്തും പരിലസിക്കുന്ന കാഴ്ച എത്ര ചേതോഹരം! അന്തരീക്ഷമലിനീകരണവും താരതമ്യേന വളരെക്കുറവാണിവിടെ.
 പ്രസിദ്ധമായ ഷില്ലോങ്ങ് പീക് , മ്യൂസിയം, പള്ളികൾ, ബുദ്ധക്ഷേത്രം, അയർഫോഴ്‌സ്‌ മ്യൂസിയം, ലേഡി ഹൈദർ പാർക്ക് , ബട്ടർഫ്‌ളൈ മ്യൂസിയം മുതലായ ഒരുപാടു  കാഴ്ചകൾ ഷില്ലോങ് നഗരത്തെ ചുറ്റിപ്പറ്റിത്തന്നെയുണ്ട്. സൈനികവിഭാഗവുമായി വളരെ ബന്ധപ്പെട്ടുകിടക്കുന്ന  നഗരമായതുകൊണ്ടു അതിനോടനുബന്ധിച്ച കാഴ്ചകളും സഞ്ചാരികളെക്കാത്തിരിക്കുന്നു.         

 വെള്ളച്ചാട്ടങ്ങൾക്കു പുകൾപെറ്റ സംസ്ഥാനമാണ് മേഘാലയ. ഷില്ലോങ്ങിനടുത്തായും ധാരാളം വെള്ളച്ചാട്ടങ്ങൾ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടവയാണ്. അതിലൊന്നാണ്  എലിഫന്റ് ഫോൾസ് .  ഷില്ലോങ്ങ് പീക്കിനടുത്തായാണ് ഈ വെള്ളച്ചാട്ടം . മുകളിൽനിന്നുറവപൊട്ടിയൊഴുകുന്ന ഒരരുവി താഴേക്കു   പതിക്കുന്നതാണീ വെള്ളച്ചാട്ടം. ടിക്കറ്റെടുത്തുവേണം കാഴ്ചകളിലേക്കിറങ്ങാൻ.  മൂന്നുതട്ടുകളിലായാണ് ജലപാതം. മുകളിൽനിന്നു താഴേക്കിറങ്ങാൻ പടിക്കെട്ടുകളുണ്ട്. കുത്തനെയുള്ള ഇറക്കമായതുകൊണ്ടു വളരെ അപകടംപിടിച്ചതാണ് ഈ പടിക്കെട്ടുകളിലൂടയുള്ള നടത്തം.മൂന്നുതട്ടുകളിലുള്ള വെള്ളച്ചാട്ടമെന്നർത്ഥം വരുന്ന, വായിൽക്കൊള്ളാത്തൊരു പേരാണ് അതിനു തദ്ദേശഭാഷയിലുള്ളത്. (Ka Kshaid Lai Pateng Khohsiew) . ബ്രിട്ടീഷ്കാർ ഇന്ത്യയിലുള്ളപ്പോഴിട്ട പേരാണ് എലഫന്റ് ഫോൾസ് എന്ന്.  ആനയുടെ രൂപമുള്ള വലിയൊരു കറുത്ത പാറ  അവിടെയുണ്ടായിരുന്നത്രേ. പക്ഷേ എപ്പോഴോ ഉണ്ടായൊരു ഭുകമ്പത്തിൽ ആ പാറയ്ക്കു നാശം സംഭവിച്ചു. എങ്കിലും ഇപ്പോഴും പേരു മാറിയിട്ടില്ല. താഴേക്കിറങ്ങുന്നവഴി, മരങ്ങൾക്കും വള്ളിപ്പടർപ്പുകൾക്കുമിടയിലൂടെ  ആദ്യത്തേതും രണ്ടാമത്തേതും വെള്ളച്ചാട്ടങ്ങൾ കാണാം. അടുത്തുപോകാൻ കഴിയില്ല.  മൂന്നാമത്തെ തട്ടിലുള്ള വെള്ളച്ചാട്ടമാണ് ഏറ്റവും ഉയരമുള്ളത്. അവിടെ എത്താനാണ് പടിക്കെട്ടുകൾ. മനോഹരമായ കാഴ്ചയാണ്. ഫോട്ടോ എടുക്കാൻ യാത്രികരുടെ നല്ല തിരക്കാണവിടെ. പാൽനുരപതച്ചൊഴുകിയെത്തുന്ന അരുവി കറുത്തപാറക്കെട്ടുകളിലൂടെ ഒഴുകിപ്പരക്കുന്ന താഴ്‌വാരം. ആനയുടെ രൂപമല്ലെങ്കിലും അവിടുത്തെ കറുത്തപാറകൾക്കുമുണ്ട് വിവരിക്കാനാവാത്തൊരു വശ്യഭംഗി.

ഈ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത  ആസ്വദിച്ചശേഷം ചിറാപ്പുഞ്ചിയിലേക്കാണു പോയത്. ദൂരം വെച്ചു നോക്കിയാൽ  ഒരുമണിക്കൂറിലധികമേ യാത്രയുണ്ടാവൂ. പക്ഷേ പോകുന്നവഴിയിൽ പലയിടത്തും വ്യൂ പോയിന്റ്സ് ഉണ്ട് . കാഴ്ചകൾക്കായി വണ്ടി നിർത്തിനിർത്തിയാണു പോകുന്നത്. അതുകൊണ്ടു യാത്രയ്ക്ക് സമയദൈർഘ്യം വളരെക്കൂടുതലാകും. മുമ്പോട്ടുപോകുന്തോറും കോടമഞ്ഞിന്റെ കനം  കൂടിക്കൂടിവന്നു. തൊട്ടടുത്തുള്ളതെന്നതാണെന്നുപോലും  കാണാൻ കഴിയാത്ത അവസ്ഥ. നമ്മുടെ കുട്ടിക്കാനം പോലെ തോന്നി.  എതിർവശത്തെ മലകളിലൊക്കെ വലിയ വെള്ളച്ചാട്ടങ്ങളുണ്ടെന്നു ഡ്രൈവർ പറഞ്ഞിരുന്നു. പക്ഷേ മഞ്ഞിന്റെ കനത്ത തിരശ്ശീലയ്ക്കപ്പുറം ഒന്നും കാണാനായില്ല. യാത്രകളിൽ ചിലപ്പോൾ അങ്ങനെയാണ് . പ്രകൃതി പല വികൃതികളും  കാട്ടി നമ്മെ പരീക്ഷിക്കും. ചിലപ്പോൾ വലിയ നിരാശ തോന്നും.  അതും സവിശേഷതയാർന്നൊരനുഭവംതന്നെ എന്നാവും പിന്നീടു തോന്നുക. 

ഇടയ്ക്കെവിടെയോ ഒക്കെ  ഭക്ഷണശാലകൾ തുറന്നു വെച്ചിട്ടുണ്ടായിരുന്നു. ചൂടുള്ള ചായയും കാപ്പിയും ഹക്കാ നൂഡിൽസുകൊണ്ടുണ്ടാക്കിയ ചൗമീനും മുട്ടപുഴുങ്ങിയതും പൂരി-ഭാജിയും  മാഗി നൂഡിൽസുമൊക്കെ അപ്പപ്പോൾ പാകമാക്കിത്തരുന്നുണ്ടായിരുന്നു. കൊടുംതണുപ്പത്തു  നല്ല ചൂടുള്ള ഭക്ഷണം വലിയൊരാശ്വാസമാണ്.  രണ്ടു മലകളെ ബന്ധിപ്പിക്കുന്ന ഡുവാൻ സിങ് സിയെം (Duwan Sing Syiem)  പാലവും കടന്നാണ് ചിറാപ്പുഞ്ചിയിലേക്കു കടക്കുന്നത്. പക്ഷേ ചിറാപ്പുഞ്ചിയിൽ യാതൊന്നും  കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു. കോടമഞ്ഞുമൂടിക്കിടക്കുന്ന പ്രദേശം. ഇടയ്ക്കു ചാറ്റൽമഴയും പെയ്തുകൊണ്ടിരുന്നു. ഈ പ്രതികൂലകാലാവസ്ഥയിലും വിനോദസഞ്ചാരികളുടെ എണ്ണത്തിനൊരുകുറവുമുണ്ടായിരുന്നില്ല.  എന്തൊക്കെയോ കാഴ്ചകളുണ്ടെങ്കിലും ഒന്നും കാണാൻ കഴിയില്ലെന്നുറപ്പായതുകൊണ്ടു അവിടെയടുത്തുള്ള മൗസ്‌മായി ഗുഹയിലേക്കു പോയി. ചുണ്ണാമ്പുകല്ലിലെ  ധാതുക്കൾ ജലത്തിലലിഞ്ഞുണ്ടായതാണീ  ഗുഹ .  ഇവിടെയും ടിക്കറ്റ്  ഉണ്ട് . ലോകത്തിലെതന്നെ ഏറ്റവും ദൈർഘ്യമേറിയ പ്രകൃതിദത്തഗുഹയാണു മൗസ്‌മായി എന്നാണു പറയപ്പെടുന്നത്.  മുപ്പതു കിലോമീറ്ററിലധികം ദൈർഘ്യമുണ്ടത്രേ! പക്ഷേ ഒരു 150  മീറ്റർ മാത്രമേ നമുക്കു നടന്നു കടക്കാനാവൂ. ബാക്കിഭാഗങ്ങൾ അതീവദുർഘടമായതിനാൽ അടച്ചിട്ടിരിക്കുകയാണ്.

ഞങ്ങളുടെ യാത്രാസംഘത്തിലുള്ള കുട്ടികൾ ആദ്യം തന്നെ ഗുഹയിൽ കയറി. എന്റെ മോനും അവരോടൊപ്പം പോയി.  മുതിർന്നവർ പലരും കയറാൻ മടിച്ചു. ഗുഹകൾക്കുള്ളിൽ ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുണ്ടാകാറുള്ളതുകൊണ്ടു ഒരു യാത്രയിലും, ഗുഹകളുണ്ടെങ്കിൽ,   ഉള്ളിൽ    ചേട്ടൻ കയറാറില്ല. ഒടുവിൽ ഞാൻ മാത്രം ബാക്കിയായി. എന്റെ മുന്നിലും പിന്നിലും വേറെ യാത്രാസംഘങ്ങളിൽപ്പെട്ട  ആരൊക്കെയോ ഉണ്ടായിരുന്നു . ബംഗാളികളെന്നു തോന്നി സംസാരത്തിൽനിന്ന്.

ചുണ്ണാമ്പുകല്ലിൽ   ജലമൊഴുകി രൂപപ്പെട്ടതാണീ ഗുഹയെന്നു പറഞ്ഞുവല്ലോ. ഗുഹാമുഖത്തിനോടു ചേർന്നുള്ള ഏതാനും മീറ്റർ ദൂരം മാത്രമേ നിവർന്നു നടക്കാൻമാത്രം വിസ്തൃതമായിട്ടുള്ളു. പിന്നീടങ്ങോട്ട് പോകുന്തോറും ഇടുങ്ങിയതും ഉയരം കുറഞ്ഞതുമാണ്. സഹസ്രാബ്ദങ്ങൾകൊണ്ടു സംഭവിച്ചതാണീ വിള്ളലുകൾ. നല്ല തടിയുള്ളവർക്കും ഉയരക്കൂടുതലുള്ളവർക്കും ഇതിലൂടെയുള്ള യാത്ര അതീവദുഷ്കരമാകും.  അകത്ത് ഇടയ്ക്കിടെ ചെറിയ വെളിച്ചം നല്കാൻ     വൈദ്യുതിവിളക്കുകളുണ്ട്. പക്ഷേ ഇടക്കൊക്കെ കൂരിരുട്ടുമുണ്ട്. നല്ല ഭയം തോന്നുമെങ്കിലും  പലരും തെളിക്കുന്ന ടോർച്ച് വെളിച്ചത്തിൽ ഒരുതരത്തിൽ കടന്നുപോകാം.  കടന്നുപോകുന്ന വഴിയിലെ  പാറകളിലും മുകളിൽനിന്നും ഒക്കെ വെള്ളം ഊറിവരുന്നതുകൊണ്ടു  ഈർപ്പമയമാണ്  ഗുഹയിലാകെ. കഠിനമായ തണുപ്പും. നന്നായി വഴുക്കലുള്ളതുകൊണ്ടു വീഴാനും സാധ്യതയേറെ.  പാദരക്ഷകൾ പുറത്തുസൂക്ഷിച്ചിട്ടു കയറുന്നതാവും നല്ലത്.  ചെരുപ്പിട്ടാൽ വഴുക്കൽ കാരണം   നടക്കാനാവില്ല.  ചെരുപ്പൂരിയാൽ കഠിനമായ തണുപ്പിൽ കാലുമരവിച്ചുപോകുന്ന അവസ്ഥയും.  ചിലഭാഗങ്ങളിൽ കുനിഞ്ഞും ഇരുന്നു നിരങ്ങിയും മുട്ടിലിഴഞ്ഞുമൊക്കെയാണു കടന്നുപോകാൻ കഴിയുക. ചിലയിടങ്ങളിൽ മുട്ടോളം വെള്ളമുണ്ടാകും .

 stalactites (ചുണ്ണാമ്പുകല്ല്, പാറയില്‍ നിന്നൊലിച്ചു തൂങ്ങി രൂപപ്പെട്ട ശിലാരൂപം)  , stalagmites (പറയിൽനിന്നൂറിവരുന്ന ചുണ്ണാമ്പുകല്ലു വീണു രൂപപ്പെട്ട ഗോപുരകൃതിയിലുള്ള പുറ്റുകൾ)  എന്നീ ശിലാരൂപങ്ങൾ അതിഗംഭീരമായ ദൃശ്യവിരുന്നൊരുക്കുന്നുണ്ട് ഗുഹക്കുള്ളിലെവിടെയും. മുകളിലും താഴെയും ഇരുവശങ്ങളിലും ഈ ശിലാരൂപങ്ങൾ വിസ്മയമൊരുക്കുന്നു  പലയിടത്തും ഗണപതിരൂപത്തോടു സാദൃശ്യമുള്ള ശിലാഖണ്ഡങ്ങൾ കാണാം. നോക്കിനിന്നാൽ  പലരൂപങ്ങളാണ് നമ്മുടെ മനസ്സിൽ തെളിയുക.  വ്യത്യസ്ത വർണ്ണവിസ്മയങ്ങളിൽ പായൽപിടിച്ച പാറകൾ  . ചുവപ്പുനിറത്തിലും മഞ്ഞനിറത്തിലുമൊക്കെയുള്ള രൂപങ്ങൾ അതിമനോഹരമാണ്.  ചിലയിടങ്ങളിൽ ഇടതുവശത്തോ വലതുവശത്തോ അല്പം ഉള്ളിലേക്കുകയറി ഗുഹാഭാഗങ്ങളുണ്ട് . പക്ഷേ ക്യാമറ കൈയിലെടുത്തിരുന്നില്ല. അതുകൊണ്ടു ചിത്രങ്ങളെടുക്കാനും കഴിഞ്ഞില്ല. ഇറ്റുവീഴുന്ന ജലകണങ്ങളാൽ    തലയും വസ്ത്രവുമൊക്കെ ആകെ നനയുന്നുമുണ്ടായിരുന്നു. ഇടയ്ക്കൊരു പാലവും കടന്നു. ഏകദേശം പകുതിദൂരം കഴിഞ്ഞപ്പോൾ ഭയവും തണുപ്പുമൊക്കെക്കൊണ്ട്   എങ്ങനെയെങ്കിലും ഒന്നു പുറത്തുകടന്നാൽ മതിയെന്നായി. എന്തായാലും ഒരുതരത്തിൽ ഗുഹ കടന്നെത്തി . മോനവിടെ എന്നെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവിടെനിന്നു താഴേക്കുള്ള വഴിയിലൂടെ കുറച്ചുദൂരം  നടന്നാൽ,  അകത്തേക്കു  കയറിയ  ഗുഹാമുഖത്തെത്താം. പ്രകൃതി തീർത്ത ആ മഹാവിസ്മയക്കാഴ്ചകളെ മനസ്സിലാവാഹിച്ച് അവിടെനിന്നു മടങ്ങി.
(Photo courtesy to one of my  my friends )

Image result for elephant falls
Elephant Falls, Shillong.

Image result for mawsmai cave
Mawsmai Cave Entrance



Image result for mawsmai cave
Mawsmai Cave


Image result for mawsmai cave
cave exit


No comments:

Post a Comment