Wednesday, July 18, 2018

നയാപൈസ

"നയാപൈസയില്ല കൈയിലൊരു നയാപൈസയില്ല
നഞ്ചുവാങ്ങിത്തിന്നാൻപോലും നയാപൈസയില്ല....".കഴിഞ്ഞൊരുദിവസം ടിവി  ചാനലുകൾ മാറ്റിമാറ്റിനോക്കിക്കൊണ്ടിരുന്നപ്പോഴാണ്‌ വളരെപ്പഴയ  ഈ പാട്ടുകേട്ടത്.
ഈ പാട്ടുകേൾക്കുമ്പോഴൊക്കെ ഞാനോർക്കാറുണ്ട് എന്താണീ 'നയാപൈസ' എന്ന്.  അപ്പോൾപിന്നെ  'ജുനാപൈസ'യോ 'പുരാനാപൈസ'യോ   ഒക്കെ ഉണ്ടായിരിക്കേണ്ടതല്ലേ..വെറുതെ ഗൂഗിളിൽ ഒന്ന് അന്വേഷണം നടത്തിനോക്കാമെന്നു കരുതി. വെറുതെയൊരു കൗതുകം .
നയാപൈസയുടെ ചരിത്രമാരംഭിക്കുന്നത് 1957 ഏപ്രിൽ 1 )൦തീയതിയാണ്. അന്നാണ് ആദ്യമായി നമ്മുടെ രാജ്യത്ത് ഒരുനയാപൈസ നിലവിൽവന്നത്. അതായത് ഒരു രൂപയുടെ നൂറിലൊരംശം മൂല്യമുള്ള നാണയം. അതിനുമുമ്പ് , അതായത് 1835 മുതൽ 1957 വരെ പതിനാറ് അണ ചേർന്നതായിരുന്നു ഒരു രൂപ  (ഉറുപ്പിക) .  12 പൈ (ചില്ലി എന്നും ഇതിനെ വിളിച്ചിരുന്നു.) കൂടിയതായിരുന്നു ഒരണ. അതായത് ഒരു രൂപ എന്നാൽ 16 അണ,64 പൈസ അല്ലെങ്കിൽ 192 പൈ ആയാണ് വിഭജിക്കപ്പെട്ടിരുന്നത്. ഇന്ന് നമ്മൾ രൂപ, പൈസ എന്നെഴുതുന്നതിനുപരം   അക്കാലത്തെ കണക്കുപുസ്തകങ്ങളിൽ  ക.ണ.പ. (ഉറുപ്പിക, അണ, പൈ)എന്നാണ് എഴുതിപ്പോന്നിരുന്നത്. 1955 ൽ ഈ നാണയവ്യവസ്ഥിതിക്ക്‌ മാറ്റം വരുത്തി ഇന്ത്യയിൽ മെട്രിൿ നാണയ വ്യവസ്ഥ സ്വീകരിക്കാൻ തീരുമാനമെടുത്തു. 1957 ഏപ്രിൽ ഒന്നിന് അതു നടപ്പിൽവരുത്തുകയും ചെയ്തു. അതോടെ അണ കാലഹരണപ്പെട്ടു. 8 അണ ഇന്നത്തെ 50 പൈസയായും, 4 അണ ഇന്നത്തെ 25 പൈസയായും കണക്കാക്കാം.
(നാലു കാശ് ഒരു പൈസയും പത്ത് പൈസ ഒരു പണവും അഞ്ച് പണം ഒരു ഉറുപ്പികയും ആയി ഒരു നാണയവ്യവസ്ഥയും ഉണ്ടായിരുന്നു.)
പുതുതായി നിലവിൽവന്ന നാണയമായതുകൊണ്ടാണ് ഒരുപൈസയെ 'നയാപൈസ' എന്ന് വിളിച്ചുതുടങ്ങിയത്. പക്ഷേ  1964  ജൂൺ 1 ആയപ്പോഴേക്കും 'നയാ' എടുത്തുമാറ്റപ്പെട്ടു, വെറും 'പൈസ' ആയി .  എങ്കിലും വാമൊഴിയിൽ ഇപ്പോഴും നയാപൈസ എന്ന പ്രയോഗം ചിലരെങ്കിലും നിലനിർത്തുന്നുണ്ടെന്നു  തോന്നുന്നു. 'ഒരുപൈസപോലും കൈയിലില്ല' എന്നതിനു പകരം  'നയാപൈസ കൈയിലില്ല' എന്നു പറയുന്നതു കേട്ടിട്ടുണ്ട്. ഇന്നങ്ങനെ  പറഞ്ഞിട്ടു കാര്യമൊന്നുമില്ല. കാരണം ഇന്നീ നയാപൈസ നിലവിലില്ല  എന്നതുതന്നെ. 2011 ജൂൺ 30 നു ഈ നാണയം പ്രചാരത്തിൽനിന്നു പിൻവലിക്കപ്പെട്ടു. (മുമ്പുണ്ടായിരുന്ന  രണ്ടുപൈസ, മൂന്നുപൈസ, അഞ്ചുപൈസ നാണയങ്ങളും ഇന്നു നിലവിലില്ല.)  

No comments:

Post a Comment