ഓഗസ്ററ് 12 - ലോക ആനദിനം
..........................................................
പ്രൗഢഗംഭീരമായൊരു രൂപഭംഗിയോടൊപ്പം സ്നേഹമസൃണമായൊരു ഹൃദയവും കൂടിച്ചേർന്നിരിക്കുന്നതുകൊണ്ടാവാം ആനകളെന്നും നമുക്കേറെ പ്രിയപ്പെട്ടവരായത്. പറഞ്ഞുതീരാത്ത ആനവിശേഷങ്ങൾ ഒട്ടേറെയുണ്ടെങ്കിലും ചരിത്രത്തിന്റെ ഏതോ ഏടുകളിൽ കുറിക്കപ്പെട്ട, കാലപ്രവാഹത്തിൽ വിസ്മൃതിയിലാണ്ടുപോയൊരു ആനക്കഥയാണ് ഈ ആനദിനത്തിൽ ഞാനിവിടെക്കുറിക്കുന്നത് . 'ഇന്ദിര'യെന്ന ആനക്കുട്ടിയുടെ കഥ.
രണ്ടാം ലോമഹായുദ്ധകാലത്ത് പലരാജ്യങ്ങളും തങ്ങളുടെ മൃഗശാലകളിലെ മൃഗങ്ങളെ വിവിധ കാരണങ്ങളാൽ കൊന്നൊടുക്കിയിരുന്നു. യുദ്ധക്കെടുതിയിൽ നട്ടംതിരിഞ്ഞ ജപ്പാനിലും അതുതന്നെ സംഭവിച്ചു. അക്കൂട്ടത്തിൽ അവിടെയുണ്ടായിരുന്ന മൂന്ന് ആനകളേയും ഇല്ലായ്മചെയ്തു. പക്ഷേ യുദ്ധാനന്തരം ഉയിർത്തെഴുന്നേറ്റ ജപ്പാൻ, മൃഗശാലകളെയും പുനർജ്ജീവിപ്പിച്ചപ്പോൾ മറ്റു മൃഗങ്ങളെ കൊണ്ടുവരുന്നതിനൊപ്പം, ആനകളെ കൊണ്ടുവരാൻ ശുഷ്‌കാന്തി കാട്ടിയില്ല. ആനകളുടെ അഭാവം അവിടുത്തെ ആനപ്രേമികളായ കുട്ടികളെ കടുത്ത ദുഃഖത്തിലാഴ്ത്തി . അവർ അധികൃതരോടു പലവട്ടം തങ്ങളുടെ ആവശ്യം പറഞ്ഞുവെങ്കിലും ഒക്കെ നിഷ്ഫലമായി. എന്നാൽ കുട്ടികൾ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു. കുട്ടികളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു പ്രധാനമന്ത്രിയാണ്, ആനകൾ അനവധിയുള്ള ഇന്ത്യയെന്ന രാജ്യം ഭരിക്കുന്നതെന്ന് അവർ കേട്ടറിഞ്ഞിരുന്നു. തങ്ങളുടെ ആവശ്യം പറഞ്ഞ് അവർ അദ്ദേഹത്തിനൊരു കത്തയച്ചു.
തിരക്കേറിയ ജീവിതത്തിലും ഏതാനും മണിക്കുറുകൾ കത്തുകൾ വായിക്കാനും മറുകുറികൾ എഴുതാനും നെഹ്രു സമയം കണ്ടെത്തിയിരുന്നു - പ്രത്യേകിച്ചു കുട്ടികളുടെ കത്തുകൾക്ക്.
1949 ലെ ഒരു സാധാരണദിവസം .എല്ലാ തിരക്കുകൾക്കും ശേഷം അന്നും അദ്ദേഹം കത്തുകൾ വായിക്കാനിരുന്നു. ജപ്പാനിലെ കുഞ്ഞുങ്ങളുടെ കത്ത് അദ്ദേഹത്തെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുകതന്നെ ചെയ്തു . കാരണം അതിലെ ആവശ്യം ചെറുതൊന്നുമായിരുന്നില്ല. ഒരു ആനയെ അവർക്കു സമ്മാനമായി വേണമത്രേ! അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കാമെന്ന വാഗ്ദാനവുമായി അദ്ദേഹമവർക്കു മറുപടിയയച്ചു . അനന്തരം ഒരാനയെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. ഒടുവിൽ മൈസൂരിൽ നിന്ന് ഒരാനക്കുട്ടിയെ കണ്ടെത്തി. പതിനഞ്ചുകാരിയായ അവൾക്ക് അദ്ദേഹം ഇന്ദിരയെന്നു നാമകരണം ചെയ്തു - തന്റെ പൊന്നോമനമകളുടെ പേരുതന്നെ. അവളെ എത്രയുംവേഗം ജപ്പാനിലേക്കയക്കാൻ തയ്യാറെടുപ്പുകൾ നടന്നു. അക്കാലത്തു ജപ്പാനും ഇന്ത്യയും തമ്മിൽ അത്ര നല്ല ബന്ധമായിരുന്നില്ല നിലനിന്നിരുന്നത്. അതിനൊരു മാറ്റം വരുത്താനുംകൂടി നയതന്ത്രജ്ഞനായ നെഹ്രു ഈ അവസരം പ്രയോജനപ്പെടുത്തുകയായിരുന്നു. കപ്പലിൽ അയക്കുന്നതിനുള്ള പണച്ചെലവു വഹിക്കാൻ ജപ്പാൻ തയ്യാറായി. അങ്ങനെ ഇന്ദിര 'എൻകോ മാരു' എന്ന കപ്പൽ കയറി ജപ്പാനിലേക്കുള്ള യാത്രക്കായി. ഉറ്റവരെയും ഉടയവരെയും തന്റെ നാടിനെയും തനിക്കു പ്രിയപ്പെട്ട പനമ്പട്ടകളെയും എല്ലാമുപേക്ഷിച്ചു പോകുമ്പോൾ ഇനിയൊരിക്കലും മടങ്ങിവരാനാവാത്തൊരു യാത്രയാണിതെന്ന് അവളറിഞ്ഞിരുന്നതേയില്ല. അവളോടൊപ്പം സ്വന്തമെന്നു പറയാൻ ആകെയുണ്ടായിരുന്നത് അവളുടെ പ്രിയപ്പെട്ട രണ്ടു പാപ്പാന്മാരായിരുന്നു. യാത്രക്കിടയിൽ എൻകോ മാരു കൊടുങ്കാറ്റിലും പേമാരിയിലുമൊക്കെ പലവട്ടം അകപ്പെട്ടു. ഇന്ദിരയാകട്ടെ കടൽച്ചൊരുക്കിന്റെ തീക്ഷ്ണതയറിഞ്ഞു കഷ്ടതയനുഭവിച്ചു. ഒടുവിൽ സെപ്റ്റംബർ 23 നു ഇന്ദിര ജപ്പാന്റെ തീരത്തു പദങ്ങളൂന്നി. ഇന്ദിരയുടെ വരവിൽ ജപ്പാനിലെ കുഞ്ഞുങ്ങൾ ഹർഷപുളകിതരായി . ഇതിനിടയിൽ തായ്‌ലണ്ടിൽനിന്നൊരു ആന ജപ്പാനിലെത്തിയിരുന്നിട്ടുകൂടി ഇന്ദിരയുടെ ഉജ്ജ്വലമായ പ്രൗഢിക്കുമുന്നിൽ പുരുഷാരം തടിച്ചുകൂടി.
മൈസൂറിൽ, തടിപിടിക്കുന്നതിൽ മാത്രമായിരുന്നു ഇന്ദിരയ്ക്കു പരിശീലനം ലഭിച്ചത് . പക്ഷേ ജപ്പാനിലെ കുട്ടികളെ രസിപ്പിക്കാനുള്ള പ്രകടനങ്ങൾ കൂടി അവൾ അഭ്യസിക്കേണ്ടിയിരുന്നു. അതിനായി രണ്ടുമാസം കഠിനശ്രമം വേണ്ടിവന്നു. ഭാഷതന്നെയായിരുന്നു ഏറ്റവും വലിയ പ്രശ്‍നം. കന്നടയിലുള്ള നിർദ്ദേശങ്ങൾ മാത്രമേ അവൾക്കു മനസ്സിലാക്കാൻ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ടു ഇന്ത്യയിൽനിന്നവളെ അനുഗമിച്ച പാപ്പാന്മാരുടെ സഹായത്തോടെയാണ് പരിശീലനം നടന്നത്. സർക്കസിലെ ആനകളുടെ പ്രകടനങ്ങൾപോലെ കാലുകളുയർത്താനും തുമ്പിക്കൈ ഉയർത്തി സല്യൂട്ട് പറയാനുമൊക്കെ അവൾ പരിശീലിച്ചു. ഒക്ടോബർ മാസത്തിൽ അവൾ കാണികൾക്കു മുന്നിൽ ഔദ്യോഗികമായി സമർപ്പിക്കപ്പെട്ടു. ജപ്പാൻ പ്രധാനമന്ത്രിയായിരുന്ന യോഷിദ ഷിഗേരു തന്നെ ആ ദൗത്യം നിർവ്വഹിക്കുകയുണ്ടായി. ഇന്ദിരയെ ഒരുനോക്കുകാണാൻ ആബാലവൃദ്ധം ജനങ്ങളും ടോക്യോയിലെ യൂഎനോ മൃഗശാലയിൽ തടിച്ചുകൂടി. വളരെപ്പെട്ടെന്നാണ് ഇന്ദിര ജപ്പാന്റെ പ്രിയദർശിനിയായത്.
അടുത്തവർഷമായപ്പോഴേക്കും ടോക്കിയോയിൽ മാത്രമല്ല ജപ്പാനിലാകെ ഇന്ദിരയ്ക്ക് ആരാധകരുണ്ടായി . അകലെയുള്ള ഗ്രാമവാസികൾക്കുപോലും അവളെ ഒരുനോക്കുകാണാൻ ആശയേറി. അതിനാൽ അധികൃതർ ഇന്ദിരയുമായി ജപ്പാന്റെ വീവിധയിടങ്ങളിലേക്ക് ഒരു പദയാത്രതന്നെ നടപ്പാക്കി. ബോധിസത്വന്റെ നാട്ടിൽനിന്നെത്തിയ ഈ കുലീനമൃഗത്തെക്കാണാൻ അവർ ആവേശത്തോടെ കാത്തുനിന്നു. മഹായുദ്ധം അടിച്ചേൽപ്പിച്ച തിക്താനുഭവങ്ങളിൽ ആത്മവീര്യം തന്നെ നഷ്ടമായൊരു ജനതയ്ക്ക് ഇന്ദിരയുടെ വരവ് ഉണർവ്വും ഉന്മേഷവുമേകി. അവരവളെ സ്നേഹംകൊണ്ടു വീർപ്പുമുട്ടിച്ചു. ജനം പഴങ്ങളും മധുരപലഹാരങ്ങളുമൊക്കെയായി വഴിയോരങ്ങളിൽ അവളെ ഒരുനോക്കുകാണാൻ കാത്തുനിന്നു. യുദ്ധക്കെടുതിയാൽ ദാരിദ്ര്യം നടമാടിയിരുന്ന ഗ്രാമങ്ങളിൽ പോലും കുട്ടികൾ പട്ടിണികിടന്നും അവൾക്കുള്ള ഉരുളക്കിഴങ്ങുകളുമായി അവളെക്കാണാനെത്തി. ഇന്ദിര കടന്നുപോകുന്ന വഴിയിൽ അവർ തൂവെള്ളയിൽ ചുവന്നവൃത്തമുള്ള ജപ്പാൻ പതാക വീശിക്കാട്ടി. പക്ഷേ ഈ ആഹ്ലാദത്തിമിർപ്പൊക്കെ ഇന്ദിരയെ വല്ലാതെ അസ്വസ്ഥയാക്കുകയാണു ചെയ്തത് . മധുരം നൽകിയൊക്കെ ഒരുവിധത്തിൽ അവളെ ശാന്തയാക്കി. എങ്കിലും സാധാരണയുള്ള ചെപ്പടിവിദ്യകളൊന്നും കാട്ടാൻ അവൾ തയ്യാറായില്ല. നാടിനെ ഇളക്കിമറിച്ച ഈ ആനസവാരി കഴിഞ്ഞ് ഇന്ദിര യൂഎനോ മൃഗശാലയിൽ തിരികെയെത്തുമ്പോഴേക്കും നാൽപതു ലക്ഷത്തോളം പേരാണ് അവളെ ഒരുനോക്കുകണ്ടു സായൂജ്യമടഞ്ഞത്.
സന്ദർശകരുടെ തിരക്കുള്ള പകലുകലിലെ ആരവങ്ങളൊഴിയുമ്പോൾ , കൂരിരുട്ടുമാത്രം ഒപ്പമുണ്ടാകുന്ന വിഷാദഭരിതമായ ഏകാന്തരാവുകളിൽ അവളൊരുപക്ഷേ നിശ്ശബ്ദമായി കരയുന്നുണ്ടായിരുന്നിരിക്കാം. . സഹ്യപർവ്വതസാനുക്കളിലെ അവളുടെ സ്വസ്ഥജീവിതവും അവിടെ അവളാസ്വദിച്ച സ്വാദിഷ്ടമായ ഭക്ഷണങ്ങളും ഒപ്പം കളിയാടിനടന്ന ചങ്ങാതിമാരും കടക്കണ്ണെറിയുന്ന കൊമ്പന്മാരും ഒക്കെ അവളുടെ മനോമുകരത്തിൽ തെളിഞ്ഞിരിക്കാം . അതവളെ സങ്കടക്കടലിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോയിരിക്കാം.
യൂഎനോ മൃഗശാലയിൽ ആകർഷണകേന്ദ്രമായി ഇന്ദിര മാറിയെങ്കിലും ഭാരതത്തിൽ അവളെക്കുറിച്ചു പിന്നീടുകേൾക്കുന്നതു നെഹ്രുവും പുത്രി ഇന്ദിരയും 1957 ൽ ജപ്പാൻ സന്ദർശിച്ച വേളയിലാണ്. ജപ്പാനിൽ വിമാനമിറങ്ങിയ നെഹ്രു ആദ്യമാവശ്യപ്പെട്ടത് ഇന്ദിരയെ കാണണമെന്നായിരുന്നത്രേ! 1972 ൽ ചൈനയിൽനിന്നു രണ്ടു ഭീമൻപാണ്ടകളെ മൃഗശാലയിലെത്തിക്കുന്നതുവരെ ഇന്ദിരതന്നെയായിരുന്നു മൃഗശാലയിലെ പ്രധാനാകർഷണം . ഒടുവിൽ, തന്നെ സ്നേഹവാത്സല്യങ്ങൾകൊണ്ടു പൊതിഞ്ഞ ഒരു ജനതയെ കണ്ണീരിലാഴ്ത്തി, തന്റെ 49-)മത്തെ വയസ്സിൽ ഇന്ദിരയെന്ന പിടിയാന സമയതീരത്തിനപ്പുറത്തേക്കു നടന്നുപോയി. മൂന്നുദശാബ്ദത്തിലേറെ രണ്ടു രാജ്യങ്ങൾക്കിടയിലെ സമാധാനദൂതികയായിക്കഴിഞ്ഞ ഇന്ദിര നാമാവശേഷയായി. അവൾക്കുള്ള അനുശോചനസന്ദേശമായി മൃഗശാല ഡയറക്ടർ ഇങ്ങനെ പറഞ്ഞു.
"ഇന്ദിരാ, അങ്ങുദൂരെനിന്നു നീ ഇവിടെയെത്തി. ഞങ്ങളുടെ രാജ്യത്തു ജീവിക്കാൻ നീ ഏറെ ബുദ്ധിമുട്ടിക്കാണും. എന്നിട്ടും നീ ഞങ്ങൾക്കേകിയത് അളവറ്റ ആനന്ദമായിരുന്നു. എത്രയോ സംവത്സരങ്ങൾ അതു തുടർന്നു. നീ എന്നും ഞങ്ങളുടെ ഓർമ്മയിലുണ്ടാവും. നിന്റെ ആത്മാവിനു നിത്യശാന്തി നേർന്നുകൊള്ളുന്നു."
പൂക്കളാൽ അലംകൃതമായ, ഇന്ദിരയുടെ ചിത്രത്തിനുമുന്നിൽ ജനം കണ്ണുനീർ വാർത്തു.
1995 ൽ ഇന്ദിരയുടെ അസ്ഥികൾ ചേർത്തുവെച്ചു കൂട്ടിയിണക്കി യൂഎനോ മ്യൂസിയത്തിൽ പ്രദർശനത്തിനായി തയ്യാറാക്കി. അങ്ങനെ വീണ്ടും ഇന്ദിര കുട്ടികളുടെ കണ്ണുകൾക്കു കൗതുകമായി.
...............മിനി മോഹനൻ

No comments:
Post a Comment