(രാമായണകഥയിലെ ഏറ്റവും സ്വാധീനിച്ച സന്ദർഭം)
14-8-2018 മലയാളമനോരമയിൽ പ്രസിദ്ധീകരിച്ചത്
അണ്ണാറക്കണ്ണനും തന്നാലായത്.
-------------------------------------------------
രാമായണത്തെക്കുറിച്ചോ സീതാരാമന്മാരെക്കുറിച്ചോ
രാമരാവണയുദ്ധത്തെക്കുറിച്ചോ ഒന്നും ഗഹനമായി അറിവില്ലാതിരുന്ന വളരെച്ചെറിയപ്രായത്തിലാണ് പാഠപുസ്തകത്തിൽ ഈക്കഥ പഠിച്ചത്. വെറുമൊരു കഥയായിട്ടല്ല, ജീവിതത്തിലെതന്നെ മഹത്തായൊരു പാഠമായിട്ടാണ് മനസ്സിലതു വേരോടിയത്. ഇത്രയേറെ എന്റെ മനസ്സിനെ സ്വാധീനിച്ച മറ്റൊരു സന്ദർഭവും രാമായണത്തിലില്ലതന്നെ.
രാമസേതുനിർമ്മാണവേളയിൽ വാനരപ്പടയുടെ കഠിനപ്രയത്നത്തോടൊപ്പം എളിയവനായ അണ്ണാറക്കണ്ണന്റെ നിസ്തുലസേവനം ശ്രീരാമദേവന്റെ ഹൃദയം കവരുകതന്നെ ചെയ്തു. അതിന്റെ അടയാളമാണല്ലോ ആ കുഞ്ഞന്റെ മുതുകിലെ മൂന്നു ശുഭ്രരേഖകൾ. ഇതിലേറെ മഹത്തരമായ മറ്റൊരു സന്ദർഭവും രാമായണകഥയിലില്ല എന്നുതന്നെയാണെന്റെ മതം.
ആ അണ്ണാറക്കണ്ണന്റെ കഥ ഭാരതം പോലൊരു മഹാരാജ്യത്തിലെ ഓരോ പൗരനും ഉൾക്കൊള്ളേണ്ട ബൃഹത്തായ പാഠമാണ്. വ്യക്തികൾ എത്ര നിസ്സാരരായിക്കൊള്ളട്ടെ, തങ്ങളുടെ കർത്തവ്യങ്ങളിൽനിന്ന് അണുവിട വ്യതിചലിക്കാതിരിക്കുക, സ്വന്തം ഉത്തരവാദിത്വങ്ങളിൽനിന്നൊളിച്ചോടാൻ ബലഹീനതകൾ മറയാക്കാതിരിക്കുക, ശരിയോടൊപ്പം നിന്നു നന്മയുടെ വിജയത്തിൽ ഭാഗഭാക്കാവുക , എളിമയും ലാളിത്യവും നിലനിർത്തിക്കൊണ്ടുതന്നെ മഹത്വമുള്ളവരാകുക - ഇവയൊക്കെ നമുക്കു പഠിപ്പിച്ചുതരുന്നു ഇത്തിരിപ്പോന്നോരണ്ണാറക്കണ്ണൻ! സത്യത്തിൽ ഈ അറിവുകളുടെ അഭാവമല്ലേ നമ്മുടെ രാജ്യത്തെ ലജ്ജാകരമായ അഴിമതിയുടെയും അരാജകത്വത്തിന്റെയുമൊക്കെ മുഖ്യകാരണം? നിശ്‌ചയമായും കൊച്ചുകുട്ടികളുടെ പാഠപുസ്തകത്തിൽ ഇതുൾപ്പെടുത്തുകയും വേണ്ടവിധത്തിൽ കുഞ്ഞുമനസ്സുകളിൽ ഇതുനൽകുന്ന സന്ദേശമെത്തിച്ചുകൊടുക്കാൻ അദ്ധ്യാപകരെ പ്രാപ്തരാക്കുകയും വേണം. ഇതിന്റെ അന്തഃസത്ത ഉൾക്കൊള്ളാനാവുന്ന ഏതൊരുകുട്ടിയും ഒരുത്തമപൗരനായിത്തന്നെ വളരും.
.
മിനി മോഹനൻ
കല്യാൺ.
No comments:
Post a Comment