Wednesday, August 29, 2018

മരീചിക. ( കഥ )

മരീചിക.
---------------
"മക്കളുരണ്ടാളും നാട്ടിൽ വരുന്നുണ്ട്, അടുത്തമാസം."
വെകുന്നേരം ഗിരിജ  ഓഫീസിൽനിന്നു വന്ന്,  അടുക്കളയിൽ ചായയുണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ചന്ദ്രൻ അതു പറഞ്ഞത്. വേലിയേറ്റസമയത്ത് ഉയർന്നുപൊങ്ങുന്ന തിരമാലകൾപോലെ സന്തോഷവും ആകാംക്ഷയും ആശങ്കയുമെല്ലാം ചേർന്നൊരു തിരയിളക്കം ആ മനസ്സിലുണ്ടായി. ഒരുനിമിഷം ഒന്നും മിണ്ടാനാവാതെ വായപൊളിച്ചു നിന്നുപോയി.
" താനെന്താ ഒന്നും മിണ്ടാത്തത് ?"
" അല്ല സാർ. എനിക്കു സന്തോഷംകൊണ്ട്  എന്താണു പറയേണ്ടതെന്നറിയില്ല. എത്രനാളുകൊണ്ടു ഞാൻ കാത്തിരിക്കുന്നതാണവരെ."
ഒരു നേർത്ത ചിരിയോടെ ചന്ദ്രനൊന്നു മൂളുകമാത്രംചെയ്തു.
ഗിരിജ പക്ഷേ ഹർഷോന്മാദത്തിൽ എല്ലാം മറന്നപോലെയായിരുന്നു. ചായയിൽ  മധുരമിടുന്നതുപോലും മറന്നുപോയി.  മനസ്സിൽ നൂറുനൂറുചിന്തകൾ ഇരച്ചുകയറുകയായിരുന്നു. മക്കൾ വരുന്നു! അവർക്കുവേണ്ടി എന്തൊക്കെയാണൊരുക്കേണ്ടത്! വിദേശത്തുനിന്നു വരുന്നതല്ലേ.. അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമൊക്കെ ഇപ്പോൾ എന്താണെന്നാർക്കറിയാം. ചന്ദ്രൻ സറാണെങ്കിൽ അകെ തണുപ്പൻ മട്ടിലും. എന്നുവരും എപ്പോൾ വരും എന്നുപോലും കൃത്യമായി പറഞ്ഞില്ല. എങ്കിലും ചോദിച്ചറിയാതെ  തരമില്ലല്ലോ..
"ഇക്കൊല്ലത്തെ  ഓണം നാട്ടിൽകൂടാനാണു വരുന്നത്. അടുത്തമാസം 10  നെത്തും. സെപ്റ്റംബർ 9  നു  രണ്ടുപേരും മടങ്ങും. "
ഹോ! ആശ്വാസമായി. ഒരുമാസത്തോളം ബാക്കിയുണ്ട്. വേണ്ട ഒരുക്കങ്ങളൊക്കെ  നടത്താം. ചെയ്തുതീർക്കാൻ ഒരുപാടുകാര്യങ്ങളുണ്ട്. അവർ വരുമ്പോൾ ഒന്നിനും ഒരു കുറവും വരരുത്. എല്ലാ സ്നേഹപരിചരണങ്ങളുമനുഭവിച്ച്,  തിരികെപോകാൻ അവർക്കു തോന്നരുത്.
അമൃതും ഭാര്യ ദിവ്യയും  അവരുടെ നാലുവയസ്സുകാരി  മോൾ ഗൗരിയും ഐർലണ്ടിലാണ്.  അനഘയും ഭർത്താവു ഹേമന്തും മക്കൾ മീരയും മാധവും സിംഗപ്പൂരിലും. കൊച്ചുമക്കളിൽ  മീര മാത്രമേ സ്‌കൂളിൽ പോകാൻ തുടങ്ങിയിട്ടുള്ളു. മാധവിനെ ചന്ദ്രൻസർ കണ്ടിട്ടേയില്ല. ആദ്യമായാണ് മാധവിനെ നാട്ടിൽകൊണ്ടുവരുന്നത്. ഹേമന്തിന്റെ മാതാപിതാക്കളും സഹോദരങ്ങളുമൊക്കെ സിംഗപ്പൂരിലായതുകൊണ്ട് അവിടെത്തന്നെയായിരുന്നു പ്രസവം.
ഗിരിജയ്ക്കു രാത്രി കിടന്നപ്പോൾ   ആകെക്കൂടിയൊരു വെപ്രാളമായിപ്പോയി. താൻ പ്രസവിക്കാത്ത തന്റെ  മക്കൾ. അവർക്കുവേണ്ടി എന്തൊക്കെ ചെയ്താലാണു മതിയാവുന്നതെന്ന് ഒരു   രൂപവുമില്ല.  രാധികടീച്ചർ ഉണ്ടായിരുന്നെങ്കിൽ എന്തൊക്കെയാവും ചെയ്യുക.. ആലോചിച്ചാലോചിച്ചു രാത്രി ഉറങ്ങാൻ പോലും കഴിഞ്ഞില്ല.  അവൾ ചന്ദ്രനെ നോക്കി. അയാൾ ശാന്തനായി ഉറങ്ങുന്നു. അല്ലങ്കിലും അയാളങ്ങനെയാണ്. വളരെവേഗമാണുറങ്ങുന്നത്.

വീടുപെയിന്റിംഗ് കഴിഞ്ഞിട്ടു മാസങ്ങളെ ആയുള്ളൂ. ഒക്കെ വൃത്തിയായിത്തന്നെ കിടക്കുന്നു. പക്ഷേ കുട്ടികളുടെ മുറികളിലെ കാർട്ടനൊക്കെ മാറ്റേണ്ടിവരും. പിന്നെ പുതിയ കിടക്കവിരികളും വേണം. പിന്നെയെന്തൊക്കെ മാറ്റണമെന്ന് വിശദമായി എല്ലാം നോക്കിയിട്ടുവേണം തീരുമാനിക്കാൻ. ഓരോന്നോർത്തകിടന്നു ഗിരിജയും മെല്ലേ  ഉറക്കത്തിലായി.

ചന്ദ്രൻസാറിന്റെ ജീവിതത്തിലേക്കു കടന്നുവരുമ്പോൾ ഈ മക്കളെ കിട്ടുന്നതിലായിരുന്നു ഏറെ സന്തോഷം. അവരെ നേരത്തെതന്നെ അറിയാം. നല്ല കുട്ടികൾ. ഓഫീസിൽ ഏവർക്കും പ്രിയപ്പെട്ടവർ. രാധികടീച്ചർ അവരെ അത്ര നന്നായാണ് വളർത്തിക്കൊണ്ടുവന്നത്. അവരെപ്പോലെ സ്വഭാവഗുണമുള്ളൊരമ്മയ്ക്ക് ഇതുപോലെ നല്ല മക്കളുണ്ടായില്ലെങ്കിലല്ലേ അതിശയിക്കേണ്ടൂ. പക്ഷേ ഈ വീട്ടിൽ വന്നിട്ടും ഇന്നോളം അവരോടൊന്ന് ഫോണിൽപോലും സംസാരിക്കാനായില്ല. അവർ അച്ചനും മക്കളും തമ്മിൽ മിക്കവാറും ദിവസങ്ങളിൽ വീഡിയോകോൾ നടത്തും. ഓഫീസ് സമയത്താകുന്നതുകൊണ്ടു അതിൽ പങ്കുചേരാൻ  കഴിഞ്ഞിട്ടില്ല.  വിശേഷങ്ങളെല്ലാം ചന്ദ്രൻ സർ പറയും. എങ്കിലും ഒന്നു കാണാനും അവരോടു  സംസാരിക്കാനുമൊക്കെ എന്തുകൊതിച്ചിട്ടുണ്ട്! അമ്മയാകാൻ കഴിയില്ലെന്നു മുദ്രകുത്തപ്പെട്ട ഒരു സ്ത്രീക്ക് മറ്റൊരുസ്ത്രീയുടെ മക്കളെ ആഗ്രഹിക്കാൻ എന്തെങ്കിലും അർഹതയുണ്ടോ.. ഇപ്പോഴും മനസ്സിൽ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. ഉത്തരം കിട്ടാത്ത ചോദ്യം.

രാജീവുമായി നാലുവർഷത്തെ പ്രണയത്തിനുശേഷമാണു  വിവാഹിതരായത്. പിന്നീട് അത്ഭുതം തോന്നിയിട്ടുണ്ട്, അയാൾക്കെങ്ങനെ പ്രണയിക്കാനായി എന്ന് . അമ്മയെയും സഹോദരിമാരെയും  ഭയന്നു ഭാര്യയോടു  സംസാരിക്കാൻപോലും തയ്യാറാകാത്ത ആ മനുഷ്യന് എന്തിനായിരുന്നു ഒരു വിവാഹം എന്നു സ്വയം ചോദിച്ചിട്ടുണ്ട് പലപ്പോഴും. വിവാഹശേഷം അയാളുടെ സ്നേഹമെന്തെന്ന്  അറിഞ്ഞിട്ടേയില്ല.  കുട്ടികളുണ്ടാകാത്തതിന് അമ്മയുടെയും സഹോദരിയുടെയും കുത്തുവാക്കുകളും ഭത്സനങ്ങളും കേട്ടുമടുത്താണ് വിവാഹമോചനം എന്ന വഴി കണ്ടെത്തിയത്. നന്നായി വൈദ്യപരിശോധന നടത്താനോ ഡോക്ടർമാരുടെ സഹായം തേടാനോ ഒന്നും അയാൾ തയ്യാറായതുമില്ല. ആർക്കായിരുന്നു കുഴപ്പമെന്നുപോലും  തെളിഞ്ഞിരുന്നില്ല.  ഭൂമിയിലെ നരകം കണ്ടറിഞ്ഞ എട്ടുവർഷങ്ങൾ. പിന്നെ നീണ്ട ഏകാന്തത. അമ്മയോടൊപ്പവും ഹോസ്റ്റലുകളിലുമായി വർഷങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു. വീണ്ടുമൊരു വിവാഹത്തെക്കുറിച്ചോർക്കാൻതന്നെ ഭയന്ന കാലം. വിദേശത്തായിരുന്ന അനിയനും കുടുംബവും തിരികെ നാട്ടിലെത്തി അമ്മയോടൊപ്പം താമസമായപ്പോൾ ഒറ്റപ്പെടൽ അറിയാൻ തുടങ്ങി. പിന്നെ ഹോസ്റ്റലുകൾ തന്നെയാക്കി ശരണം. നാട്ടിലേക്കു സ്ഥലം മാറ്റം  കിട്ടിയപ്പോഴാണ് വീടുവാങ്ങിയത്. താമസിക്കാൻ  അമ്മയും ഒപ്പം വന്നു. അന്നും മറ്റൊരു വിവാഹത്തെക്കുറിച്ച്  ആലോചിച്ചില്ല. ചന്ദ്രൻ സാർ ഓഫീസിൽ സൂപ്രണ്ടായി വന്നപ്പോൾ രാധികടീച്ചർ പൂർണ്ണ ആരോഗ്യവതിയായിരുന്നു. അദ്ദേഹത്തിന്റെ റിട്ടയർമെന്റ് കഴിഞ്ഞ വർഷമാണ്  ടീച്ചർ ക്യാൻസറിനടിപ്പെട്ടത്‌. ചികിത്സകളൊക്കെ നടത്തിയെങ്കിലും ആറുമാസം മാത്രമേ പിന്നീടവർ ജീവിച്ചിരുന്നുള്ളു. അമ്മയുടെ മരണാന്തരചടങ്ങുകൾക്കുശേഷം  മക്കൾ വിദേശത്തേക്ക് തിരികെപ്പോയപ്പോൾ സാർ ഏകനായി. എപ്പോഴോ പിന്നെ ഇങ്ങനെയൊരു വിവാഹാലോചന ഓഫീസിൽ വന്നു. കുറെയേറെ നിർബ്ബന്ധവും പ്രേരണകളുമൊക്കെയായപ്പോൾ അതങ്ങു നടന്നു. ചേച്ചിയും അനിയനും ഭാര്യയും  ഒട്ടും സഹകരിച്ചില്ല. അവർക്കു നാണക്കേടാണത്രെ! അമ്മയും ചേച്ചിയുടെ ഭർത്താവുമായിരുന്നു ഒപ്പം നിന്നത്. സറിന്റെ ഭാഗത്തുനിന്നും വളരെക്കുറച്ചുപേർ മാത്രമേ വിവാഹത്തിന് സംബന്ധിച്ചുള്ളു. മക്കൾ വന്നിരുന്നില്ല.   കല്യാണം കഴിഞ്ഞു ചന്ദ്രൻ സറിന്റെയൊപ്പം താമസമായപ്പോൾ 'അമ്മ തറവാട്ടിലേക്ക് തിരികെപ്പോയി. വീടുനോക്കാൻ പറ്റാതെവന്നപ്പോൾ  ഗിരിജക്കു തന്റെ  വീട് വിൽക്കുകയെ വഴിയുണ്ടായിരുന്നുള്ളു.

ചന്ദ്രൻസാറിന്റെയൊപ്പമുള്ള ജീവിതം ഒരു രണ്ടാംഭാര്യയുടേതാണെന്നു തോന്നിയിട്ടേയില്ല. സാർ അത്രയധികം സ്നേഹം പകർന്നിരുന്നു. അതീവശ്രദ്ധയും കരുതലും തന്നെ ആത്മവിശ്വാസമുള്ളവളാക്കി. താനും ഈ ലോകത്തു വിലയുള്ളവളാണെന്ന ചിന്ത ജീവിതത്തെ കൂടുതൽ സ്നേഹിക്കാൻ പഠിപ്പിച്ചു. ദിവസങ്ങൾ ആഘോഷങ്ങളാക്കിമാറ്റി ജീവിതത്തിൽ. ചന്ദ്രൻസാറിന്റെ ബലിഷ്ഠകരവലയത്തിലെ സുരക്ഷിതത്വം ജീവിതത്തിനു പുതിയ മാനം  നൽകുകയായിരുന്നു. ആ സ്നേഹത്തിനും ജീവിതത്തിൽ ഇന്ന് കടന്നുപോകുന്ന  ഈ ആനന്ദനിമിഷങ്ങൾക്കും പകരമായി എന്തുകൊടുത്തലായും മതിയാകില്ല. അതിനു ഏറ്റവും നല്ല വഴി, അമ്മയെ നഷ്ടപ്പെട്ട ആ മക്കൾക്ക് താൻ  ശരിയായ അമ്മയാവുക എന്നാണ്. അതിനായി എന്തും ചെയ്യാൻ അവൾ ഒരുക്കവുമായിരുന്നു. അവളുടെ മനസ്സ് ചന്ദ്രൻ സാറും നന്നായി മനസ്സിലാക്കിയിരുന്നു.

ദിവസങ്ങൾ അതിവേഗം ഓടിപ്പൊയ്ക്കൊണ്ടിരുന്നു. ഒരുക്കങ്ങളൊക്കെ വേണ്ടവിധത്തിൽത്തന്നെ നടത്തി. പലദിവസങ്ങളിലും അവധിയെടുത്താണ് ആവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങി ശേഖരിച്ചത്. എല്ലാവർക്കും പുതുവസ്ത്രങ്ങളെടുത്തുവച്ചു. പാകമാകുമോയെന്നും ഇഷ്ടമാകുമോയെന്നും തീർച്ചയില്ല. എങ്കിലും എല്ലാമിരുന്നോട്ടെ. ഒന്നിനും ഒരു കുറവും വരുത്തേണ്ട. പക്ഷേ  ആ ദിവസങ്ങളിലൊക്കെ പ്രതീക്ഷിച്ചൊരാഹ്ലാദം  ചന്ദ്രൻസാറിൽ കാണാനായില്ലെന്നത് ഗിരിജ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. താൻ ചെയ്യുന്നതൊന്നും തൃപ്തിയാകുന്നില്ലയോ.. എങ്കിലൊന്നു പറഞ്ഞുകൂടേ.. തനിക്കു മക്കളോടുള്ള കറകളഞ്ഞ സ്നേഹം സാറിനും അറിവുള്ളതാണല്ലോ.
ഒരുവൈകുന്നേരം  ഉപ്പേരി വറുത്തുകൊണ്ടിരിക്കുമ്പോൾ സർ അടുക്കളയിലേക്കു വന്നു. സർ എന്തോ പറയാനാഗ്രഹിക്കുന്നതുപോലെ. പക്ഷേ ഒരു നിസ്സഹായാവസ്ഥ.
'' എന്തുപറ്റി സർ, മുഖം വല്ലാതെയിരിക്കുന്നത്?''
''ഏയ് ഒന്നുമില്ല ഗിരീ . നിനക്കു  തോന്നുന്നതാണ് . I'm alright ''
സർ പിന്നെ അവിടെ നിന്നില്ല.
ഇടയ്ക്കു സർ ആരോടൊക്കെയോ ഫോണിൽ സംസാരിക്കുന്നതും കാണുന്നുണ്ടായിരുന്നു.  ഗൗരവമുള്ളതെന്തോ സാറിനെ അലട്ടുന്നുണ്ട് . പക്ഷേ  അതെന്തുകൊണ്ടു  തന്നോടു  പങ്കുവെക്കുന്നില്ല എന്നവൾ ലേശം പരിഭവത്തോടെ ഓർക്കാതിരുന്നുമില്ല. ഒന്നും കുത്തിക്കുത്തിച്ചോദിച്ചു വരാനിരിക്കുന്ന സന്തോഷദിനങ്ങളുടെ പ്രഭ കുറയ്‌ക്കേണ്ട എന്നവൾ തീരുമാനിച്ചു. തന്റെ സന്തോഷത്തെ ഇല്ലാതാക്കേണ്ടാ  എന്നു  കരുതിയാവും പറയാത്തത്.

 ഓഗസ്റ് ഒമ്പതാം തീയതിമുതൽ സെപ്റ്റംബർ ഒമ്പതുവരെ അവധിക്കായി നേരത്തെതന്നെ അപേക്ഷ കൊടുത്തിരുന്നു. ഓഫീസിൽ പലരും  അസൂയക്കാരാണ്. ഒളിഞ്ഞും തെളിഞ്ഞുമൊക്കെ പലരും പരിഹസിക്കുന്നുമുണ്ട്. ഗിരിജ എല്ലാം തമാശയായേ എടുത്തുള്ളൂ. കാലം തനിക്കു നൽകുന്ന ഈ വലിയ ഭാഗ്യത്തിന് അതൊന്നും ഒരു വിലങ്ങുതടിയേ  അല്ല. ഒരു പരിഹാസവും കുത്തുവാക്കുകളും തന്നെ തളർത്തുകയുമില്ല.
ചന്ദ്രൻസാറിന്റെ ഗൗരവത്തിനും ആലോചനയ്ക്കുമൊക്കെ കുറച്ചു കനമേറുന്നുവോ എന്നവൾക്കു  തോന്നാതിരുന്നില്ല. ചോദിച്ചു ശല്യം ചെയ്യാൻ എന്തുകൊണ്ടോ അവൾക്കു തോന്നിയതുമില്ല.
ഓഗസ്റ്റ്  എട്ടാം തീയതി രാവിലെ ഓഫീസിൽ പോകാനിറങ്ങിയപ്പോൾ അവൾ പറഞ്ഞു
"സർ, നാളെമുതൽ ഒരുമാസത്തേക്കു ഞാൻ ലീവ് ആണ്."
സർ  ഒന്നു  ഞെട്ടി. അല്പം ഈർഷ്യയോടെതന്നെ അദ്ദേഹം ചോദിച്ചു.
"അതെന്തിനാണു  ലീവ് എടുത്തത്? എന്നോട് ചോദിച്ചിട്ടു പോരായിരുന്നോ ?"
"കുട്ടികൾ വരുന്നതല്ലേ .. അപ്പോൾപ്പിന്നെ ഞാൻ വീട്ടിലുണ്ടാവേണ്ടേ എല്ലാക്കാര്യത്തിനും"
അവൾ ചിരിച്ചുകൊണ്ടാണു  മറുപടി പറഞ്ഞത്.
സറിന്റെ  മുഖം കുനിഞ്ഞു. കുറച്ചുനേരം നിശ്ശബ്ദതയായിരുന്നു. പിന്നീടദ്ദേഹം മുഖത്തേക്കു  നോക്കാതെതന്നെ പറഞ്ഞുതുടങ്ങി.
"ഒരു പ്രശ്നമുണ്ടു  ഗിരീ . കുറച്ചുദിവസമായി നിന്നോടൊന്നു പറയാൻ ഞാനിങ്ങനെ .... എനിക്കറിയില്ല നിന്നോടെങ്ങനെ പറയണമെന്ന്. "
അവളുടെ മുഖത്തെ ചിരി മാഞ്ഞു .
"സർ, എന്താണെങ്കിലും പറയൂ . എന്തു  പ്രശ്നമാണെങ്കിലും നമുക്കു  പരിഹരിക്കാം. മക്കളെത്തുമ്പോൾ ഒരു പ്രശ്നവും ഇവിടെയുണ്ടാവാൻ പാടില്ല. ഈ വീട് അവർക്കൊരു സ്വർഗ്ഗമാകണം. അതിനായി എന്തുവേണമെങ്കിലും നമുക്കു  ചെയ്യാം"
" ഗിരീ , നിനക്കറിയാമല്ലോ, അവർക്കു കുറേനാളായി നാട്ടിലേക്കുവരാൻ  താല്പര്യമില്ലായിരുന്നു. ഞാൻ ഒരുപാടു  നിർബ്ബന്ധിച്ചിട്ടാണ് ഇപ്പോൾ വരുന്നത്. പക്ഷേ അവർക്കൊരു  നിബന്ധനയുണ്ടായിരുന്നു."
ചന്ദ്രൻ സർ സംസാരം  പൊടുന്നനെ നിർത്തി.
"എന്താണ് നിബന്ധന?"
ഗിരിജ ആകാംക്ഷഭരിതയായി. ഇങ്ങനെയൊരു നിബന്ധനയെക്കുറിച്ചു സർ എന്തുകൊണ്ടാണിതുവരെ  പറയാതിരുന്നത് !
മുഖമുയർത്താതെതന്നെ ചന്ദ്രൻസർ  മെല്ലെപ്പറഞ്ഞുതുടങ്ങി.
"ഞാൻ നിന്നെ വിവാഹം ചെയ്തത് അവർക്കിഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ  വിരോധവും പറഞ്ഞില്ല. ഇഷ്ടക്കേടു   മെല്ലേ  മാറിക്കൊള്ളുമെന്നാണ്  ഞാൻ കരുതിയിരുന്നത്. നിനക്ക് വിഷമമായെങ്കിലോ  എന്നോർത്ത് ഇതുവരെ പറയാതിരുന്നതാണ്.  ഞാനവരോട് നാട്ടിൽ  വരുന്നകാര്യം ചോദിച്ചപ്പോഴൊക്കെ  നീയുള്ളവീട്ടിൽ അവർ വരില്ലയെന്നു പറഞ്ഞിരുന്നു. അവരെയൊന്നുകാണാൻ, എന്റെ കൊച്ചുമക്കളുടെ കൊഞ്ചൽകേൾക്കാൻ എനിക്കെത്ര കൊതിയുണ്ടായിരുന്നെന്നു നിനക്കും അറിയുന്നതല്ലേ. "
സർ ഒന്നു  നിർത്തി.
ഗിരിജ ഷോക്കേറ്റതുപോലെ നിശ്ചലയായിപ്പോയി. അവൾക്കിതാദ്യത്തെ അറിവാണ്.
അല്പനേരത്തെ മൗനത്തിനുശേഷം സർ പറഞ്ഞുതുടങ്ങി.
'' അവർ വരണമെങ്കിൽ നീ ഈ വീട്ടിലുണ്ടാവാൻ  പാടില്ലെന്നവർ തീർത്തുപറഞ്ഞു. അതുകൊണ്ട് ഇന്നുമുതൽ നീ വർക്കിങ് വിമൻസ് ഹോസ്റ്റലിൽ താമസിക്കണം. ഒരുമാസത്തേക്കു ഞാൻ താമസം ഏർപ്പാടാക്കിയിട്ടുണ്ട്. ജസ്റ്റ് ഒരുമാസം. അവർ പോകുന്നതുവരെ മാത്രം. നിനക്കെന്നോട് വിരോധമൊന്നും തോന്നരുത്. നീ ഇന്നുപോയി ലീവ് ക്യാൻസൽ ചെയ്യണം.  വൈകുന്നേരം നമുക്ക് ഹോസ്റ്റലിൽ പോകാം."
കുറച്ചുസമയത്തേക്കു ഗിരിജ ശൂന്യതയിലെന്നപോലെ നിന്നു.
പിന്നെ അവൾ മെല്ലേ  പടികടന്നു വഴിയിലേക്കിറങ്ങിനടന്നു. റോഡ് അവൾക്കുമുന്നിൽ നീണ്ടുകിടന്നിരുന്നു.











No comments:

Post a Comment