Tuesday, August 7, 2018

മുല്ല

മുല്ല
.

നിദ്രാവിഹീനമാം ഏകാന്തരാവിതിൽ 
കിന്നാരമോതി വരുന്നതാരോ 
പാതിതുറന്നോരെൻ ജാലകവാതിൽ 
കടന്നുവന്നെത്തുന്ന സ്നേഹമേതോ.. 
എത്രമേൽ സ്നേഹമോടെന്നെപ്പുണരുന്ന 
ശ്രീസുഗന്ധത്തിന്റെ  കൈകളേതോ
കൂരിരുൾക്കാമ്പിതിൽ  മിന്നിത്തിളങ്ങുന്ന 
ശുഭ്രനൈർമ്മല്യത്തിൻ നാമമേതോ.
ഈ പകൽ  കാപട്യമൊന്നുമേ കാണുവാൻ
കൺതുറക്കാത്തതാം കുഞ്ഞുപൂവേ
ശുദ്ധശുഭ്രം നിന്റെ നിർമ്മലമേനിയിൽ
സൗരഭ്യകുംഭമൊളിപ്പിച്ചുവോ
രാവിതിൽ സ്വർഗ്ഗത്തുനിന്നുവന്നെത്തുന്ന
നീഹാരമൊക്കെയും ചൂടിനിൽക്കും
മല്ലികപ്പൂവേ നീ എന്നെന്നുമെൻമനം 
നിന്റേതുമാത്രമായ്  മാറ്റിയെന്നോ...
നിലാവിന്റെ തുണ്ടൊന്നു താഴെപ്പതിച്ചപോൽ 
നീ വിരാജിക്കുന്നു മല്ലികപ്പൂവേ ...
സ്നേഹിക്കയാണുഞാൻ നിന്നെ ഞാനെന്റെയീ
ജീവനെപ്പോലെ കുരുന്നുപൂവേ.

No comments:

Post a Comment