Thursday, September 27, 2018

മിനിക്കഥ

മിനിക്കഥ
=========
ബസ്സ്സ്റ്റോപ്പിൽ ബസ്സ്  കാത്തു നിൽക്കുമ്പോഴാണ് മേനോൻ ചേട്ടൻ അതുവഴി വന്നത്. ആ മുഖത്തു മനസ്സിലെ സന്തോഷം വായിച്ചെടുക്കാനായി.  പണ്ട് അയൽക്കാരായിരുന്നു ഞങ്ങൾ.  ഒരുപാടു  നാൾകൂടിയാണു  കാണുന്നത്. അതുകൊണ്ടുതന്നെ മേനോൻചേട്ടനു വിശേഷങ്ങളൊരുപാട് ചോദിക്കാനുണ്ടായിരുന്നു. ചേട്ടന്റെ വിശേഷങ്ങൾ, മോന്റെ വിശേഷങ്ങൾ, നാട്ടിലെ വിശേഷങ്ങൾ..  ഒക്കെയും വിശദമായിത്തന്നെ പറഞ്ഞു. 
പിന്നെ എന്റെ ഊഴമായി. സ്നേഹവതിയായ ചേച്ചിയെക്കുറിച്ചും മൂന്നുമക്കളെക്കുറിച്ചുമൊക്കെ ചോദിച്ചു. മൂത്തവർരണ്ടാളും  ആൺമക്കളാണ്‌. മൂന്നാമത്തേതാണ് മേനോൻചേട്ടന്റെ പൊന്നോമനയായ, അമ്മുവെന്ന വിളിപ്പേരുള്ള  അമൃത.
" മേനോൻചേട്ടാ, അമ്മുവിൻറെ കല്യാണം കഴിഞ്ഞോ ?"
"കഴിഞ്ഞല്ലോ.."
" അയ്യോ, കല്യാണക്കാര്യം ഞങ്ങളറിഞ്ഞതേയില്ല. അറിഞ്ഞിരുന്നെങ്കിൽ വിളിച്ചില്ലേലും  ഞങ്ങൾ വന്നേനെ"
"അതുതന്നെയാണെന്റെയും അവസ്ഥ. ഞാനുമറിഞ്ഞില്ല. ഒന്നു പറഞ്ഞിരുന്നെകിൽ ഞാൻ നടത്തിക്കൊടുക്കുമായിരുന്നു "
മുഖത്തെ സന്തോഷമൊക്കെ പെട്ടെന്നു  മാഞ്ഞുപോയിരുന്നു. തിടുക്കത്തിൽ, യാത്രപോലും പറയാതെ അദ്ദേഹം നടന്നകന്നു. അപ്പോഴേക്കും എന്റെ ബസ്സും വന്നു. ഞാനും എന്റെ യാത്രയിൽ മുഴുകി. 

Monday, September 24, 2018

രാധയും കൃഷ്ണനും

രാധയും കൃഷ്ണനും
=================

എന്തായിരുന്നു രാധയുടെയും ശ്രീകൃഷ്ണന്റെയും ഹൃദയങ്ങളെ ഒന്നായി ചേർത്തുനിർത്തിയിരുന്നത് ? ഭക്തിയോ, സൗഹൃദമോ, നിഷ്കളങ്കമായ സ്നേഹമോ, അതോ അന്യാദൃശമായ,  അഭൗമമായ പ്രണയത്തിന്റെ ഗാഢതരമായ പാശബന്ധനമോ? അങ്ങേയറ്റം ലളിതമായി ചിന്തിച്ചാൽ പോലും  ഇതെല്ലാം  ചേർന്ന അതിവിശിഷ്ടമായൊരു ഹൃദയബന്ധം നിലനിർത്തിയിരുന്നവരാണ് രാധയും കൃഷ്ണനും എന്നു  നമുക്കു  വ്യക്തമാകും. ഒന്നുകൂടി ചിന്തിച്ചാൽ നമ്മുടെ സാധാരണ ബുദ്ധിക്കും യുക്തിക്കും നിരക്കുന്നതിനപ്പുറവും എന്തൊക്കെയോ ആ ബന്ധത്തിന് ഇഴചേർത്തിരുന്നു എന്നും തോന്നും. കൃഷ്ണന്റെ ഹൃദയത്തിലലിഞ്ഞുചേർന്ന രാധയുടെ സ്നേഹം, രാധയുടെ പ്രാണനിൽ പ്രാണനായി ലയിച്ചുചേർന്ന കൃഷ്ണസ്വരൂപം. അവർ രണ്ടായിരുന്നില്ല, വേർതിരിക്കാനാവാത്തവിധം ഒന്നു  മറ്റൊന്നിനോട് സമ്മിശ്രണം ചെയ്തൊരു സംയുക്തരൂപമായിരുന്നു. എത്രയെത്ര കഥകളാണ് ഇവരുടെ ഉദാത്തസ്നേഹത്തിന്റെ നിദർശനങ്ങളായി  നമ്മളറിഞ്ഞിരിക്കുന്നത്! ഒരു കൃഷ്ണന്റെ  രാധയാവാനാഗ്രഹിക്കാത്ത പെൺകൊടിയോ, ഒരു രാധയുടെ  കൃഷ്ണനാവാനാഗ്രഹിക്കത്തൊരു പുരുഷനോ ഈ ലോകത്തുണ്ടായിരിക്കുമോ?

കൃഷ്ണനെക്കാൾ ആറോ  ഏഴോ  വയസ്സ് കൂടുതലുണ്ടായിരുന്നത്രേ   രാധയ്ക്ക്. അയൻ  എന്ന വിളിപ്പേരുള്ള അഭിമന്യു എന്ന ഗോപാലയുവാവിന്റെ പത്നിയായിരുന്നു രാധയെന്ന ഗോപിക.  അയന്റെ  ബന്ധുകൂടിയായ കണ്ണനെ അവൾ ഗോകുലത്തിൽ കണ്ടുമുട്ടുകയായിരുന്നു.   പീതാംബരവും പീലിത്തിരുമുടിയും വനമാലയും ചാർത്തിയ കാർവർണ്ണനായ  ആ ഗോകുലബാലനോട്, വിവാഹിതയും അനപത്യയുമായൊരു കുടുംബിനിക്കു തോന്നിയ   സഹജമായ വാത്സല്യമായിരുന്നു കണ്ണനെയും രാധയെയും തമ്മിൽ ചേർത്തുനിർത്തിയതെന്നു   വാദിക്കുന്നവരും ഇല്ലാതില്ല. ആ വാദത്തെ മുഖവിലക്കെടുക്കാനാവുന്നില്ല എന്നതാണു  യാഥാര്‍ത്ഥ്യം.

ഭഗവതത്തിലോ പുരാണങ്ങളിലോ രാധയും അയനും  കഥാപാത്രങ്ങളേയല്ലത്രേ! ഭാരതത്തിന്റെ പലഭാഗങ്ങളിൽ ഭഗവതസംബന്ധിയായി രചിക്കപ്പെട്ട കൃതികളിലാണ്  ഈ കഥാപാത്രങ്ങളുള്ളത്.  മദ്ധ്യകാലഘട്ടത്തിൽ വിരചിതമായ 'പദാവലി'കളിലാണ് രാധ കൂടുതൽ വ്യക്തതയോടെ  പ്രത്യക്ഷപ്പെടുന്നത്. വിദ്യാപതി, ഗോവിന്ദദാസ്, ചാന്ദിദാസ്, ജയദേവൻ - ഇവരുടെയൊക്കെ കൃതികളിൽ അഗാധമായ  രാധാകൃഷ്ണപ്രണയത്തിന്റെ ഉദാത്തഗീതികൾ വായിച്ചെടുക്കാനാവും.    പതിനാലാം നൂറ്റാണ്ടിൽ  വിദ്യാപതി രചിച്ച 'പദാവലി' കാവ്യത്തിലാണ് അയനും രാധയുമായുള്ള അത്യപൂർവ്വമായൊരു ബന്ധത്തിന്റെ കഥ പറയുന്നത്.

അഭിമന്യുവിന്റെ ഓമനപ്പേരായിരുന്നു അയൻ. ( ഇത് അർജ്ജുനപുത്രൻ അഭിമന്യു അല്ല ). ഗോകുലത്തിനടുത്ത ഗ്രാമമായിരുന്ന ജാരാത്തിലായായിരുന്നു അയൻ ജനിച്ചത്. ഗോകുലത്തിലെ യശോദയുടെ അമ്മാവനായിരുന്ന ഗോലയുടെയും ജതിയായുടെയും പുത്രൻ. പിതാവിനെപ്പോലെതന്നെ അയനും ഒരുഗോപാലനായാണ് വളർന്നത്. പക്ഷേ അയൻ കറകളൊഞ്ഞൊരു കാളീഭക്തനായിരുന്നു. ജനിച്ചതു  പുരുഷനായിട്ടായിരുന്നെങ്കിലും പൗരുഷമില്ലാത്തവനായിരുന്നു അയൻ.  ലൗകികസുഖങ്ങളിലൊന്നും  താല്പര്യമില്ലാതിരുന്ന  അയൻ  സദാസമയവും കാളീപൂജകളിലും പ്രാർത്ഥനകളിലും മുഴുകിയിരുന്നു.

ബന്ധുവായ യശോദയുടെ ഭർത്താവ് നന്ദഗോപരായിരുന്നു ആ ദേശത്തിന്റെ രാജാവ്. നന്ദമഹാരാജനാണ് അയന്റെയും രാധയുടെയും വിവാഹം നടത്തിക്കൊടുത്തത്. നിർഭാഗ്യവശാൽ ആ ദമ്പത്യത്തിന്  അത്രമേൽ ഊഷ്മളമായൊരു സ്നേഹബാന്ധവം ഉണ്ടായിരുന്നില്ല എന്നുവേണം കരുതാൻ. അവർക്കു കുഞ്ഞുങ്ങളുമുണ്ടായിരുന്നില്ല  മാത്രവുമല്ല അയനെ സ്വഗ്രാമവാസികൾപോലും ഒളിഞ്ഞും മറഞ്ഞും ഷണ്ഡനെന്നായിരുന്നു വിളിച്ചിരുന്നതും. രാധയുടെ കൃഷ്ണനോടുള്ള ചങ്ങാത്തത്തിന് അയൻ  ഒരിക്കലും ഒരു തടസ്സമായി നിന്നിരുന്നുമില്ല. കൂടുതൽ സമയവും  രാധ കൃഷ്ണനൊപ്പം രാസലീലകളാടിക്കഴിഞ്ഞതും അയനെ  തെല്ലും അലോസരപ്പെടുത്തിയതുമില്ല. എത്രമേൽ ഗാഢമായിരുന്നു രാധാ-കൃഷ്ണപ്രണയമെങ്കിലും  ഒരുനാൾ രാധയെ അതിതീവ്രമായ  വിരഹദുഃഖത്തിന്റെ സാഗരമദ്ധ്യത്തിലുപേക്ഷിച്ച് കൃഷ്ണനു വൃന്ദാവനം വിട്ടു ദ്വാരകയിലേക്കു പോകേണ്ടിവന്നു - പിരിയുംമുമ്പ്  തന്റെ പ്രണയത്തിന്റെ നിത്യപ്രതീകമായി കണ്ണൻ താൻ  സന്തതസഹചാരിയായ കൊണ്ടുനടന്നിരുന്ന  പുല്ലാങ്കുഴൽ അവൾക്കു സമ്മാനിച്ചു.   ഒരുപക്ഷേ വേർപാടിന്റെ  ആ  കഠിനവ്യഥയിൽനിന്നു കരകയറാനാവാതെ  കാളിന്ദിയുടെ കാണാക്കയങ്ങളിലേക്കാണ്ടുപോകുമായിരുന്ന രാധയെ ജീവിതത്തിലേക്കു  കൈപിടിച്ചു  നടത്തിയത്   അയന്റെ സന്ദർഭോചിതമായ  സ്നേഹവായ്‌പും  കരുതലും മാത്രമായിരുന്നു. അനപത്യദുഃഖമറിഞ്ഞുതന്നെ ദീർഘകാലം അവർ ഒന്നിച്ചുജീവിച്ചുവെങ്കിലും, കൃഷ്ണൻ പതിനാറായിരത്തെട്ടു  പത്നിമാരെ സ്വീകരിച്ചങ്കിലും ,   രാധയിൽനിന്നു കൃഷ്ണനോ കൃഷ്ണനിൽനിന്നു രാധയ്‌ക്കോ വേർപെടാനാകുമായിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം. അതിനു തെളിവെന്നവണ്ണം ഒരു സംഭവവും വിവരിക്കുന്നുണ്ട്.

കണ്ണനെക്കാണാനുള്ള  ഉൽക്കടവാഞ്ഛയുമായി  ഒരിക്കൽ രാധ ദ്വാരകയിലെത്തിയത്രേ. അഗാധമായ രാധാകൃഷ്ണപ്രണയത്തിന്റെ കഥകൾകേട്ടു രാധയോട് അസൂയതോന്നിയ കൃഷ്ണപത്നിമാർ അതുപ്രകടമാക്കിയത് പൊള്ളുന്ന ഭക്ഷണം അവൾക്കു  കൊടുത്തുകൊണ്ടായിരുന്നു. വിശന്നുവലഞ്ഞിരുന്ന  അവൾ അതൊക്കെ അതിവേഗം ഭുജിച്ചു. കൃഷ്ണപത്നിമാർ അത്ഭുതപരതന്ത്രരായി. എന്തുകൊണ്ടായിരിക്കും ഇവൾക്ക് പൊള്ളലേൽക്കാത്തതെന്നവർ അതിശയിച്ചു. കൃഷ്ണനെ സമീപിച്ച അവർക്കു കാണാൻ കഴിഞ്ഞത് കാലിൽ  പൊള്ളലിന്റെ നീറ്റലുമായി പുളയുന്ന കൃഷ്ണനെയാണ്. രാധയാനുഭവിക്കേണ്ടിയിരുന്ന വേദന മുഴുവനറിഞ്ഞത് കൃഷ്ണനായിരുന്നു. പക്ഷേ  അവർ അപ്പോഴും പരസ്പരം കണ്ടതേയില്ല. രാധ കണ്ണനെക്കാണാതെതന്നെ ഗോകുലത്തിലേക്കു  മടങ്ങിപ്പോയി.

എങ്കിലും ഒരിക്കൽ, ഒരിക്കൽമാത്രം അവർ നേരിൽക്കണ്ടു. അതൊരു പൂർണ്ണസൂര്യഗ്രഹണം നടന്ന വേളയിലായിരുന്നു. ആ ദിവസം സ്യമന്തകപഞ്ചകമെന്ന  പുണ്യതീർത്ഥത്തിൽ  സ്നാനം ചെയ്താൽ സകലപാപങ്ങളിൽനിന്നും മോചനം ലഭിക്കുമെന്നായിരുന്നു  വിശ്വാസം. പരശുരാമൻ തന്റെ കഠിനപാപത്തിൽനിന്നു  മുക്തിനേടിയത് ഇങ്ങനെയാണത്രെ! കൃഷ്ണൻ പത്നിമാരോടൊപ്പം മാതാപിതാക്കളും  പാണ്ഡവകൗരവാദി  ബന്ധുജനങ്ങളുമായി സ്യമന്തകപഞ്ചകത്തിലെത്തിയിരുന്നു. മറ്റുനാടുകളിൽനിന്നും ജനങ്ങൾ പാപനിവാരണത്തിനായി  അവിടേക്കു പ്രവഹിച്ചിരുന്നു.  അക്കൂട്ടത്തിൽ നന്ദഗോപരും യശോദയും രാധയുമടക്കം സകല  ഗോകുലവാസികളും  ഉണ്ടായിരുന്നത്രേ! ഇതറിഞ്ഞ  വസുദേവർക്കും  ദേവകിക്കും നന്ദഗോപരെയും യശോദയെയും കണ്ടു നന്ദി പറയണമെന്നാഗ്രഹമുണ്ടായി. തങ്ങളുടെ പുത്രനെ പൊന്നുപോലെ വളർത്തിയത് അവരായിരുന്നല്ലോ. ആ കണ്ടുമുട്ടൽ തികച്ചും വികാരോജ്വലമായിരുന്നു . പക്ഷേ  രാധയും കൃഷ്ണനും തമ്മിലൊരു വാക്കുപോലും ഉരിയാടിയില്ല. ഒരു നേർത്ത മന്ദഹാസംപോലും  ഇരുവരുടെയും ചൊടികളിൽ വിടർന്നില്ല. മറിച്ച് ഇത്രനാൾ ഹൃദയത്തിലണകെട്ടിയ വിരഹവേദന  ബന്ധനം ഭേദിച്ച് അശ്രുധാരയായൊഴുകി. കണ്ണീരിനൊപ്പം കദനമൊഴുകിത്തീരാതെ അവർ പരസ്പരം നോക്കിനിന്നു. വൃന്ദാവനത്തിൽ ഒന്നിച്ചുചിലവഴിച്ച മധുരനിമിഷങ്ങളുടെ ഓർമ്മകൾ തീരുവോളം. പിന്നെ അനിവാര്യമായ മറ്റൊരു വേർപാടുകൂടി. പിന്നീടൊരിക്കലും അവർ കണ്ടുമുട്ടിയതേയില്ല. ശരീരങ്ങൾ അകലെയായിരുന്നെങ്കിലും അവരുടെ ഹൃദയങ്ങൾ ഒന്നായിരുന്നു. ഒരിക്കലും വേർപെടാതെ.  തന്റെ ആനന്ദം മുഴുവൻ ചുറ്റുമുള്ള   എല്ലാവർക്കുമായി പങ്കുവച്ചപ്പോൾ, കണ്ണീരുമുഴുവൻ രാധയ്ക്കു മാത്രമായാണു  കണ്ണൻ മാറ്റിവെച്ചത്. അതിലെ  ഓരോ ചെറുകണികയും ഈ പ്രപഞ്ചത്തിലെ മറ്റെന്തിനേക്കാളും മൂല്യവാത്തതായിരുന്നു എന്ന്  രാധ എക്കാലവും തിരിച്ചറിഞ്ഞിരുന്നു.

കാലമെന്തിനായാണ് ഇങ്ങനെയൊരു വിധി  അവർക്കായി കരുതിവെച്ചിരുന്നതെന്ന്  നമ്മൾ ചിന്തിച്ചുപോകും. പുരാണങ്ങളിലെ ഏതൊരാവസ്ഥാവിശേഷത്തിനുപിന്നിലും ഏതെങ്കിലുമൊക്കെ ശാപങ്ങളുടെയോ, തപസ്സ് ചെയ്തു   നേടിയ വരങ്ങളുടെയോ ഒക്കെ പിന്ബലമുള്ളൊരു കഥയുണ്ടാവുമല്ലോ. ഇവിടെയുമുണ്ട് അത്തരമൊരു കഥ.  അഭിമന്യു എന്ന  അയൻ തന്റെ പൂർവ്വജന്മത്തിൽ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി  അതികഠിനമായൊരു തപസ്സ് ചെയ്തു. ഒടുവിൽ തപസ്സ് അഗ്നികുണ്ഠത്തിനുമുകളിലായപ്പോൾ വിഷ്ണു പ്രത്യക്ഷനായി. പക്ഷേ  അയൻ  ചോദിച്ച വരം മഹാലക്ഷ്മിയെ തനിക്കു  പത്നിയായി ലഭിക്കണമെന്നതായിരുന്നു. അതസാധ്യമാണെന്നും എക്കാലവും ലക്ഷ്മി തന്റെ ജീവിതസഖിയാണെന്നും വിഷ്ണു അയനെ അറിയിച്ചു. പക്ഷേ  അയാൾ തന്റെ ആവശ്യത്തിൽനിന്നു പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ,  ദ്വാപരയുഗത്തിൽ തൻ കൃഷ്ണാവതാരമെടുക്കുമ്പോൾ മഹാലക്ഷ്മി രാധയായി  അവതരിക്കുമെന്നും അയന്റെ  പത്നിയാകുമെന്നും വരം നൽകി. ഒന്നുകൂടി മഹാവിഷ്ണു സൂചിപ്പിച്ചു, ആ ജന്മത്തിൽ അഭിമന്യു ഒരു നപുംസകമായിരിക്കുമത്രേ! അത്  അനർഹമായത്  ആഗ്രഹിച്ചതിനുള്ള ശിക്ഷയായാണോ എന്നു  വ്യക്തമല്ല.

രാധയും കൃഷ്ണനും വിവാഹം കഴിച്ചതായും ചില കൃതികളിൽ പരാമർശമുണ്ട്. അത് ബ്രഹ്മാവിന്റെ ഒരു കുസൃതിയുടെ ബാക്കിപത്രമാണ്. ഗോകുലത്തിൽ കാലിമേച്ചുകഴിയുന്ന കൃഷ്ണൻ മഹാവിഷ്ണുവിന്റെ അവതാരം തന്നെയാണോ എന്ന് ബ്രഹ്മാവിന് സംശയം തോന്നി. അതൊന്നു തെളിയിക്കാനായി അദ്ദേഹമൊരു സൂത്രം പ്രയോഗിച്ചു. കാനനമധ്യേ  കാലിമേച്ചുനടന്നിരുന്ന ഗോപബാലകരെ മുഴുവൻ അപഹരിച്ചുകൊണ്ടുപോയി. അക്കൂട്ടത്തിൽ അയൽഗ്രാമത്തിൽനിന്നു കാലിമേക്കാൻവന്ന അയനും ഉണ്ടായിരുന്നു. പക്ഷേ ബ്രഹ്മാവ് അവരെ തിരികെയെത്തിക്കുംവരെ  കൃഷ്‌ണൻ അവരുടെയൊക്കെ രൂപത്തിൽ ഓരോരുത്തരുടെയും വീടുകളിലെത്തി ബന്ധുക്കളോടൊപ്പം സസന്തോഷം കഴിഞ്ഞു. അക്കൂട്ടത്തിൽ അയന്റെ  വീട്ടിൽ അയനായി ജീവിച്ചു. അക്കാലത്താണ് അയന്റെയും രാധയുടെയും വിവാഹം നടന്നത്.

എല്ലാമെല്ലാം ഭഗവാന്റെ ലീലാവിലാസങ്ങൾ!












Sunday, September 9, 2018

യാത്രവിസ്മയങ്ങൾ 8 - ശിർദ്ദി, ശനിശിംഗനാപൂർ

വളരെ അപ്രതീക്ഷിതമായാണ് ശിർദ്ദിയും  ശനിശിംഗനാപ്പൂർ ശനീശ്വരക്ഷേത്രവും ദർശിക്കുവാനായി  യാത്ര പുറപ്പെട്ടത്. കല്യാണിൽനിന്ന് 200 കിലോമീറ്ററിലധികം ദൂരമുണ്ട്, മഹാരാഷ്ട്രയിലെതന്നെ   അഹമ്മദ്‌നഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ രണ്ടു പുണ്യസ്ഥലങ്ങൾക്കും. അനേകായിരങ്ങൾ ദിനംപ്രതി വന്നുപോകുന്ന തീർത്ഥാടനകേന്ദ്രങ്ങളാണിവ. മഹാരാഷ്ട്രയിൽ  നിന്നുമാത്രമല്ല, കർണ്ണാടക, ആന്ധ്രപ്രദേശ് എന്നിവിടെങ്ങളിൽനിന്നും അനവധി ഭക്തർ ദിവസവും ആരാധനയ്ക്കായി  ഇവിടെയെത്തുന്നു. ഹിന്ദുക്കൾ ഹിന്ദുവായും മുസ്ലിം വിശ്വാസികൾ ഇസ്ലാമായും കരുതുന്ന സായിബാബയുടെ സമാധിസ്ഥലമാണ് ശിർദ്ദിയിലെ ആരാധനാകേന്ദ്രം. പല അത്ഭുതങ്ങളും പ്രവർത്തിച്ചിരുന്ന സായിബാബ 1918 ഒക്ടോബർ മാസത്തിലാണ് സമാധിയടഞ്ഞത്. ശിർദ്ദിസായിബാബയുടെ പുരാവതാരമാണ് പുട്ടപർത്തിയിലെ സത്യസായിബാബ എന്നും പറയപ്പെടുന്നു.

പുലർച്ചെ നാലുമണിക്കാണ് ശിർദ്ദിയിലെത്തിയത്.  ഹോട്ടലിൽ മുറിയെടുത്തു പ്രഭാതകൃത്യങ്ങൾ നടത്തി വേഗം തന്നെ ക്ഷേത്രത്തിലേക്ക് പോയി. അതിരാവിലെയായതിനാൽ വലിയ തിരക്കൊന്നുമില്ലാതെ ദർശനം  നടത്താൻ കഴിഞ്ഞു. അംബരചുംബികളൊന്നുമില്ലെങ്കിലും തീർത്ഥാടകരായെത്തുന്നവർക്കു താമസസൗകര്യവും മറ്റെല്ലാവിധ സൗകര്യങ്ങളുമൊരുക്കി ധാരാളം ഹോട്ടലുകളും മറ്റും ശിർദ്ദിയിലുണ്ട്. എല്ലാ തീർത്ഥാടനകേന്ദ്രങ്ങളിലുമുള്ളതുപോലെ പൂജാസാമഗ്രികൾ വിൽക്കുന്നവരുടെ ബാഹുല്യം ഇവിടെയുമുണ്ട്. പൂമാലയും പേഡയും   റോസാപ്പൂക്കളും ഒക്കെയാണ് പ്രധാനമായി ഭക്തർ സമർപ്പണത്തിനായി കൊണ്ടുപോകുന്നത്. ആട, പഴങ്ങൾ, എള്ളെണ്ണ എന്നിവയൊക്കെ എന്നിവയൊക്കെയും കാണിക്കയായി ഭക്തർ കൊണ്ടുപോകാറുണ്ട്. മറ്റു ക്ഷേത്രങ്ങളിലേതുപോലെ നാളികേരം ഇവിടെ കൊണ്ടുപോകാനാവില്ല.  പാസ് എടുത്തുവേണം അകത്തു കയറുവാൻ. മൊബൈൽ ഫോൺ, ക്യാമറ ഇവയൊന്നും കൊണ്ടുപോകാനാവില്ല. അവയൊക്കെ സൂക്ഷിക്കാൻ പ്രത്യേകസൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട് . ഞങ്ങൾ ഹോട്ടലിൽത്തന്നെയുള്ള ലോക്കറിൽ വെച്ചിട്ടാണു  പോയത്.   പരിശോധനകൾ പലയിടത്തുമുണ്ട്. ദർശനത്തിനായുള്ള നീണ്ട ക്യൂവിൽ ഭക്തരുടെ അച്ചടക്കമില്ലായ്മയും അതിസാമർത്ഥ്യവുമൊക്കെ നമ്മെ വല്ലാതെ അലോസരപ്പെടുത്തും. പക്ഷേ അതൊക്കെ അവിടെ പതിവുള്ളതുതന്നെ.  ക്യൂ നിൽക്കുന്ന വളഞ്ഞുതിരിഞ്ഞുള്ള  വഴികളിലൊക്കെ  സ്റ്റീൽ ബെഞ്ചുകളുണ്ട്. നിന്നും നടന്നും മടുക്കുമ്പോൾ ഇരിക്കുകയോ കിടക്കുകയോ ആവാം. കുഞ്ഞുങ്ങൾക്ക് പാലുകൊടുക്കാനുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്.   സന്നിധിയിലെത്തിക്കഴിഞ്ഞാൽ,  കൊണ്ടുപോകുന്ന പൂജാദ്രവ്യങ്ങൾ മൂർത്തിയിൽ തൊടുവിച്ചശേഷം പൂക്കളെടുത്ത്, ബാക്കിയുള്ളവ  ഭക്തർക്കുതന്നെ തിരികെനൽകും. മൂർത്തിയെ സ്ഥാപിച്ചിരിക്കുന്നിടമൊക്കെ സ്വർണ്ണത്തിൽ പൊതിഞ്ഞതാണ്. പുറത്തുള്ള കൊടിമരവും സ്വർണ്ണം പൊതിഞ്ഞതാണ്. 'ഉഡി' എന്ന ഭസ്മം പ്രസാദമായി ഭക്തർക്കു   നൽകുന്നുണ്ട്. അതുകൂടാതെ മധുരമുള്ള ബൂന്ദിയും പായ്ക്കറ്റാക്കി വിതരണം ചെയ്യുന്നുണ്ട്.
ക്ഷേത്രത്തിൽ ദിനംതോറും  മൂന്നുപ്രാവശ്യം നിവേദ്യവിതരണമുണ്ട്. താല്പര്യമുള്ള ഭക്തർക്കും ഈ അന്നദാനച്ചടങ്ങുകളിൽ സഹായിക്കാനാവും.

1918 ഒക്ടോബർ മാസം  വിജയദശമിനാളിലാണ് സായിബാബ സമാധിയടഞ്ഞത്. അതിനാൽ തന്നെ എല്ലാവർഷവും വിജയദശമി ഇവിടുത്തെ വളരെ പ്രധാനദിവസമാണ്. മാർച്ച്- ഏപ്രിൽ മാസങ്ങളിലെ രാമനവമിയും ജൂലൈ മാസത്തിലെ ഗുരുപൂർണ്ണിമയുമാണ്  മറ്റു രണ്ടു പ്രധാനദിനങ്ങൾ. ഈ ദിവസങ്ങളിലൊക്കെ ഭക്തജനങ്ങളുടെ പ്രവാഹം തന്നെയാവും ഇവിടേക്ക്.

മുംബൈയിൽ നിന്ന് 250  കിലോമീറ്ററിലധികം ദൂരം വരും ശിർദ്ദിയിലേക്ക് . റോഡുമാർഗ്ഗവും റെയിൽമാർഗ്ഗവും അവിടെയെത്താനാകും.  കോപ്പർഗാവ് (Kopergaon) എന്ന റെയിൽ‌വേസ്റ്റേഷൻ ആണ് ഏറ്റവും  അടുത്ത്. 16 കിലോമീറ്റർ ദൂരെയാണത്. . പിന്നെ മൻ‌മാഡ്  (Manmad) എന്ന സ്ഥലത്തെ റെയിൽ‌വേസ്റ്റേഷൻ. അത് 50  കിലോമീറ്ററിലധികം  ദൂരത്താണ്.

ദർശനമൊക്കെക്കഴിഞ്ഞു പ്രഭാതഭക്ഷണവും  കഴിച്ച്,   ശിർദ്ദിയിൽനിന്ന്  ഒമ്പതരകഴിഞ്ഞപ്പോൾ പ്രസിദ്ധമായ ശനിശിംഗനാപ്പൂർ ശനീശ്വരക്ഷേത്രത്തിലേക്കു  യാത്രതിരിച്ചു. ശിർദ്ദിയിൽ  നിന്നു  ഏകദേശം 75 കിലോമീറ്റർ ദൂരമുണ്ട്. മഹാരാഷ്ട്രയുടെ ഗ്രാമദൃശ്യങ്ങളിലൂടയുള്ള അതീവഹൃദ്യമായൊരു യാത്ര. ഹരിതാഭയാർന്ന കൃഷിയിടങ്ങൾ. ഫലങ്ങൾ നിറഞ്ഞ പഴത്തോട്ടങ്ങൾ. വഴിയോരത്തൊക്കെ വിൽക്കാൻവെച്ചിരിക്കുന്ന പഴുത്തുതുടുത്ത മാതളനാരങ്ങയും പേരയ്ക്കയും തൊട്ടടുത്ത കൃഷിയിടങ്ങളിൽ നിന്നുള്ളതാണ്. ഇടയ്ക്കിടെ ഒട്ടും നിറപ്പകിട്ടില്ലാത്ത  കൊച്ചുകൊച്ചു അങ്ങാടികൾ. ഒക്കെപ്പിന്നിട്ടു  പന്ത്രണ്ടുമണിയോടടുത്തു അവിടെയെത്താൻ
. നട്ടുച്ചയാണെങ്കിലും ക്ഷേത്രത്തിൽ അഭൂതപൂർവ്വമായ തിരക്കാണെന്നു ഗൈഡ് പറഞ്ഞിരുന്നു. ശനിയാഴ്ചയും അമാവാസിയും ചേർന്നുവന്ന ദിവസമായതുകൊണ്ടാണത്രേ  ഇത്രയധികം ഭക്തജനതിരക്ക്. ഇവിടുത്തെ ഏറ്റവും പ്രധാനദിനങ്ങളിലൊന്നാണത്.

കലിയുഗാരംഭത്തിൽ രൂപംകൊണ്ടെന്നു കരുതപ്പെടുന്നതാണ് ഇവിടുത്തെ   ശനീശ്വര ക്ഷേത്രം. .മേൽക്കൂരയോടു കൂടിയ  അടച്ചുകെട്ടിയ ഒരു ക്ഷേത്രമില്ല എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ ക്ഷേത്രങ്ങളിലേതുപോലെ ഒരു ആള്‍രൂപവിഗ്രഹവും ഇവിടെയില്ല. ഉള്ളത് സ്വയംഭൂവായൊരു കൃഷ്ണശിലയാണ്. തറകെട്ടി സംരക്ഷിച്ചിരിക്കുന്ന അഞ്ചരയടി പൊക്കമുള്ള ശില. മുമ്പിലൊരു ശൂലം. തൊട്ടരികെ ശിവന്റെയും ഹനുമാന്റെയും കൊച്ചു വിഗ്രഹങ്ങള്‍. തെക്കുഭാഗത്തായി നന്ദിയും . ആര്‍ഭാടങ്ങളൊന്നുമില്ലാതെ ദൈവമിരിക്കുന്ന മണ്ണാണിത്; മറാഠികളുടെ 'ജാഗൃത ദേവസ്ഥാന്‍'.  സദാ ജാഗരൂഗനായ ദേവനിരിക്കുന്ന സ്ഥാനമെന്ന് അര്‍ഥം.

സ്വയംഭൂവായ ശനിക്കു പിന്നില്‍ ഐതിഹ്യപ്പെരുമയുള്ളൊരു കഥയുണ്ട്. നൂറ്റാണ്ടുകള്‍ക്കപ്പുറം ഒരു മഹാമാരിക്കാലത്ത് ശിംഗനാപ്പൂരിലെ പാനസ്‌നാലയെന്ന നദിയിലൂടെ ഒരു കറുത്ത കൂറ്റന്‍ ശില ഒഴുകിയെത്തി. അതു വലിയൊരു മരത്തിന്റെ വേരിലുടക്കി നിന്നു. ഗ്രാമത്തിലെ ആട്ടിടയന്മാരായിരുന്നു ആ കാഴ്ച ആദ്യമായി കണ്ടത്. അവരിലൊരാള്‍ കയ്യിലിരുന്ന ഇരുമ്പുദണ്ഡുകൊണ്ട് ശില കുത്തി ഉയര്‍ത്താന്‍ ശ്രമിച്ചു. അപ്പോള്‍ ശിലയില്‍ നിന്ന് രക്തപ്രവാഹമുണ്ടായതു കണ്ടു പരിഭ്രാന്തരായിത്തീര്‍ന്ന ആട്ടിടയന്മാര്‍ ഗ്രാമീണരെ വിവരമറിയിച്ചു. ഓടിക്കൂടിയ ജനങ്ങള്‍ എത്ര ശ്രമിച്ചിട്ടും ആ ശില ഇളക്കാന്‍ പോലും സാധിച്ചില്ല. ഇരുമ്പുദണ്ഡുകൊണ്ട് കല്ലില്‍ കുത്തിയ ആട്ടിടയന് അന്നു രാത്രി സ്വപ്‌നത്തില്‍ ശനീശ്വരന്‍ ദര്‍ശനം നല്‍കി. തന്റെ സാന്നിധ്യമാണ് ആ കൂറ്റന്‍ ശിലയിലുള്ളതെന്ന് ശനീശ്വരന്‍ അരുളിച്ചെയ്തുവത്രെ. അത് പൊക്കിയെടുക്കുക എളുപ്പമല്ലെന്നും രക്തബന്ധത്തില്‍പ്പെട്ട രണ്ടു പേര്‍ ഒരുമിച്ച് ശ്രമിച്ചാലേ അതു സാധ്യമാകൂ എന്നും ഭഗവാന്‍  നിര്‍ദ്ദേശിച്ചു. ഏതെങ്കിലും ഒരു പുരുഷനും അയാളുടെ സഹോദരീപുത്രനും ചേര്‍ന്നു വേണം ഈ കര്‍മ്മം ചെയ്യാന്‍. എന്നും അവിടെ പൂജ ചെയ്യണം. ശനിയാഴ്ച തൈലാഭിഷേകം ( എള്ളെണ്ണയഭിഷേകം ) നടത്തണം. ഒരിക്കലും ശിലയ്ക്കു മേല്‍ക്കൂര പണിയരുത്. എക്കാലവും ആകാശമായിരിക്കണം അതിനു മേലാപ്പ്. മറ്റൊന്നു കൂടി പറഞ്ഞു: ശിംഗനാപ്പൂരിലെ വീടുകള്‍ക്ക്  വാതില്‍പ്പാളികള്‍ വെയ്‌ക്കേണ്ടതില്ല. എല്ലാ ആപത്തുകളില്‍ നിന്നും  ശനിഭഗവാൻ  കാത്തുകൊള്ളും. (ഇന്നും  ഒരു മോഷ്ടാവും വീടുകളില്‍ കടന്നുചെല്ലാന്‍ ധൈര്യപ്പെടില്ല. )

സ്വപ്‌നത്തിലുണ്ടായ സംഭവങ്ങള്‍ ആട്ടിടയന്‍ നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് എല്ലാവരും സംഘടിച്ചു യഥാവിധി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി. തറകെട്ടി അതിനു മീതെ ശില കുത്തനെ നാട്ടി പൂജയാരംഭിച്ചു. അമ്പലമില്ലാത്ത ശനിശിംഗനേശ്വരന്റെ ചരിത്രം അവിടെ തുടങ്ങുന്നു. അന്നു തുടങ്ങിയ അനുഷ്ഠാനങ്ങള്‍ക്ക് ഇന്നും മാറ്റമില്ല. കാലം എത്രയോ  മുന്നോട്ടുനീങ്ങിയെങ്കിലും വിശ്വാസങ്ങളെ  മാറ്റി പ്രതിഷ്ഠിക്കാന്‍ ഇവിടുത്തെ ജനത ഒരുക്കമല്ല. കാരണം വിശ്വാസങ്ങള്‍ക്ക് ബലം പകരുന്ന ഒരു പാട് സാക്ഷ്യങ്ങളുണ്ട് അവര്‍ക്കു പറഞ്ഞുകേള്‍പ്പിക്കാന്‍. വാതിലുകളില്ലാത്ത വീടുകളില്‍ ഇന്നും അവര്‍ പേടി കൂടാതെ ഉറങ്ങുന്നത് ശനീശ്വരന്റെ കാവലിലാണ്. ബാങ്കുകളുൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും വാതിലുകളില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ് .

 ഒരാള്‍ക്ക് പാമ്പുകടിയേറ്റാല്‍ ഈ ഗ്രാമം ഓടിയെത്തുന്നതും ഈ സന്നിധിയിലേക്കാണ്. കടിയേറ്റ ആളെ വെള്ളത്തുണിയല്‍ പൊതിഞ്ഞ് ക്ഷേത്രത്തിലെത്തിക്കും. ബന്ധുവായ ഒരു പുരുഷന്‍ ശനിയുടെ ശിലയില്‍ ധാര ചെയ്തു വെള്ളം മരുന്നായി നല്‍കും. വിഷമിറങ്ങാന്‍ പിന്നെ ഒട്ടുംവൈകില്ലത്രേ. മറ്റൊരു അത്ഭുതം കൂടി കേള്‍ക്കുക. സ്വയംഭൂവായ ശിലയ്ക്ക് സമീപം ഒരു ആര്യവേപ്പും അത്തിമരവും പടര്‍ന്നുനില്‍പ്പുണ്ട്. രണ്ടിന്റെയും ശിഖരങ്ങള്‍ നീണ്ട് ശിലയ്ക്കരികിലെത്തിയാല്‍ അത് താനേ ഉണങ്ങിക്കരിയും. ഒരിക്കലും ശിലയ്ക്ക് തണലായി നില്‍ക്കില്ല. ശനിയുടെ സാന്നിധ്യം നിറയുന്ന ഇത്തരം കഥകള്‍ക്കിവിടെ പഞ്ഞമില്ല. എത്രപറഞ്ഞാലും തീരാത്ത വിശ്വാസകഥകൾ.

നാലു നൂറ്റാണ്ടിലേറെയായി സ്ത്രീകൾക്ക് ഗർഭഗൃഹത്തിൽ പ്രവേശിച്ചു പൂജ നടത്താനുള്ള അനുവാദം ഉണ്ടായിരുന്നില്ല. മൂർത്തിക്കുചുറ്റുമായി രൂപപ്പെട്ടിട്ടുള്ള പ്രത്യേകമായ ഊർജ്ജസാന്നിധ്യം താരതമ്യേന ദുർബ്ബലമായ സ്ത്രീശരീരത്തിനു പ്രതികൂലമായി ബാധിക്കുമെന്ന വിശ്വാസമാണ് ഇത്തരമൊരു  വേർതിരിവിനു  നിദാനം. ഒന്നരവർഷം മുമ്പാണ്  അതിനു മാറ്റം  വരുത്തി കോടതിവിധിയുണ്ടായത്. തൃപ്തി ദേശായിയുടെയും മറ്റും നേതൃത്വത്തിൽ  ഒട്ടനവധി സമരങ്ങളും മറ്റും അതിനായി നടന്നുവന്നിരുന്നു.

ദിവസവും അമ്പതിനായിരത്തിലേറെപ്പേരാണ് പ്രാർത്ഥനയുമായി  ശനിശിംഗനാപ്പൂരിലെത്തുന്നത്. ശനിദോഷപരിഹാരത്തിനായി ഇന്ത്യയുടെ എല്ലാഭാഗത്തുനിന്നും ഭക്തർ ഇവിടെയെത്തുന്നു.  അമാവാസി നാളിലാണെങ്കില്‍ ഭക്തരുടെ എണ്ണം മൂന്നു ലക്ഷം കവിയും.  അമാവാസിയും ശനിയാഴചയും ചേർന്ന് വരുന്ന ദിനങ്ങൾ ഏറ്റവും പുണ്യമെന്നു കരുതപ്പെടുന്നു. ആ ദിനങ്ങളിൽ അഭൂതപൂർവമായ തിരക്കായിരിക്കും .  ഭക്തരുടെ കയ്യിൽ കറുത്ത തുണിയില്‍ പൊതിഞ്ഞ ശനിയുടെ പേടിപ്പെടുത്തുന്ന രൂപവും ഉണ്ടാകും നാളികേരവും എരുക്കിന്റെ ഇലകൾക്കൊരുത്ത മാലയും കറുത്ത തുണിയും ഒക്കെ തലത്തിൽ കരുതിയിട്ടുണ്ടാവും. ഒപ്പം എണ്ണ  നിറച്ചൊരു കുപ്പിയും. കാലാകാലങ്ങളായി ഭക്തരുടെ എണ്ണയഭിഷേകത്തിലാണ് ശനീശ്വരന്റെ കറുത്ത കൃഷ്ണശില. ഈ എണ്ണ  മണ്ണിലും പടർന്നിട്ടുള്ളതിനാലാവാം നടക്കുമ്പോൾ കാലിൽ ഒട്ടലനുഭവപ്പെടുന്നുമുണ്ട് . കുളികഴിഞ്ഞു ഈറനോടെ ദർശനം  നടത്തണമെന്നാണു  വിശ്വാസം.(കുളിമുറിയും കാവിമുണ്ടുമാണ് ശനിശിംഗനാപ്പൂരിലെ പ്രധാന ബിസ്സിനെസ്സ് എന്ന്  മോഹൻലാൽ ഒരിക്കൽ ഇവിടേക്കുള്ള യാത്രയെക്കുറിച്ചെഴുതിയ  കുറിപ്പിൽ പറഞ്ഞതോർക്കുന്നു) . പക്ഷേ നട്ടുച്ചസമയമായതിനാലാവാം അങ്ങനെയാരെയും അവിടെ കണ്ടതുമില്ല.    ശനിജയന്തിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. പല്ലക്കില്‍ ഭഗവാനെയിരുത്തി നാടുനീളെ ഘോഷയാത്രയായി  എഴുന്നെള്ളിക്കുന്നതാണ്    ആഘോഷത്തിന്റെ പ്രധാന ചടങ്ങ് .  എല്ലാദിവസവും അന്നദാനമുണ്ട്.

രണ്ടരമണിയോടെ മടക്കയാത്ര. 225 കിലോമീറ്ററിലധികം ദൂരമുണ്ടു  കല്യാണിലേക്ക് .   കൃഷിയിടങ്ങൾക്കു മധ്യത്തിലൂടെയുള്ള നല്ല റോഡ് . ചുവന്നുതുടുത്ത മാതളപ്പഴങ്ങൾ നിറയെപ്പിടിച്ചുകിടക്കുന്ന ചെറിയ ചെടികൾ, പൂത്തുതുടങ്ങിയ ചോളച്ചെടികൾ, പച്ചവിരിച്ചു പരന്നുകിടക്കുന്ന കരിമ്പിൻതോട്ടങ്ങൾ, പൂക്കാനൊരുങ്ങിനിൽക്കുന്ന  മുന്തിരിത്തോട്ടങ്ങൾ, നിറയെ പൂക്കളുമായി സൂര്യകാന്തിപ്പാടങ്ങൾ, ... അങ്ങനെ എന്തൊക്കെ കൃഷിക്കാഴ്ചകളാണ് !  പീഠഭൂമിപ്രദേശമായ സമതലം കടന്നുകഴിഞ്ഞാൽ പിന്നിടുന്ന പശ്ചിമഘട്ടത്തിലെ  സഹ്യപർവ്വതതനിരകളുടെ ദൃശ്യഭംഗി വർണ്ണനാതീതം. ഉയർന്ന മലനിരകളിൽ ഒട്ടനവധി വെള്ളച്ചാട്ടങ്ങൾ. മഴ കുറവായതുകൊണ്ടു  ജലസമൃദ്ധി കുറഞ്ഞെങ്കിലും കാഴ്ചയ്ക്കു കൗതുകം പകരുന്നവ തന്നെ.  നോക്കിനോക്കിയിരിക്കെ ഇരുട്ടു പരന്നു. പിന്നെയും നീണ്ട യാത്ര.  ഒമ്പതുമണിയോടെ വീട്ടിലെത്തി. അങ്ങനെ അപ്രതീക്ഷിതമായ ഈ തീർത്ഥയാത്രയ്ക്കു  പരിസമാപ്തിയുമായി.

Image result for shirdi sai baba images





Image may contain: one or more people, people standing and outdoor

Image result for ശനിശിംഗനാപ്പൂർ






Sunday, September 2, 2018

കനിവോലും കതിരുകള്‍ മെല്ലെ നീട്ടി
കതിരവന്‍ വന്നു ചിരിച്ചു നില്‍പ്പൂ
കണ്ണീരിന്‍ പെരുമഴ പെയ്തൊഴിഞ്ഞാ
കര്‍ക്കടകക്കാറും പോയ്മറഞ്ഞു.
പിന്നെത്തെളിഞ്ഞൊരാ ചിങ്ങവെയില്‍
മുറ്റത്തു  പൂക്കളായ് പുഞ്ചിരിച്ചു.
തൊടികളില്‍ സ്നേഹത്തിന്‍ വെണ്മയാലീ
തുമ്പകള്‍ പുഞ്ചിരി തൂകിടും പോല്‍
ഹൃദയത്തിലെന്നും വിടര്‍ന്നിടട്ടെ
സ്നേഹത്തിന്നായിരം ശുഭ്രസൂനം
നിറയട്ടെ പാരിലാ പരിമളത്തിന്‍
നിത്യാനുഭൂതിതന്നാത്മഹര്‍ഷം
വിണ്ണിന്‍പ്രഭാപൂരവിസ്മയത്തിന്‍
വർണ്ണാങ്കിതം  സ്നേഹജ്വാലയെങ്ങും..

താളിയോല പ്രണയലേഖന മത്സരം

എന്റെ ജീവന്റെ തുടിപ്പായ
പ്രണയപ്പക്ഷീ...,
എന്റെ ഹൃദയം നിനക്കു മുന്നില്‍ അനാവരണം ചെയ്യപ്പെടുമ്പോള്‍
വാക്കുകള്‍ എനിക്കന്യമാകുന്നു.
എന്റെ ഓരോ മൗനത്തുണ്ടുകളിലും നിന്നോടു  പറയാനുള്ള ഒരായിരം കഥകളെന്ന്
നീയറിഞ്ഞിരിക്കുമോ..
എന്റെ ഓരോ പ്രണയകടാക്ഷത്തിലും നിനക്കായുദിക്കന്ന സ്നേഹസൂര്യപ്രഭയെ
നീ കണ്ടിരിക്കുമോ..
എന്റെ ഓരോ നെടുവീര്‍പ്പിന്റെ ഈണത്തിലും നിനക്കായി പാടുന്ന പ്രണയരാഗങ്ങളെ
കാതു കൂര്‍പ്പിച്ചു നീ കേട്ടിരിക്കുമോ..
നിന്റെ താരാട്ടു കേട്ടുറങ്ങാനും നിന്റെ തുയിലുണര്‍ത്തിനായ് കാതോര്‍ക്കാനുമായ്
മാത്രമാണ്  ഇന്നെന്റെ സന്ധ്യകളും പുലരികളും .
എന്നോ ഞാന്‍ കണ്ടിരുന്ന സ്വപ്നങ്ങളില്‍
കൈ കോര്‍ത്തു പിടിച്ചു നടന്നിരുന്ന സ്നേഹരൂപത്തിന് നിന്റെ ഛായയെന്നറിയുമ്പോള്‍
സ്വയം മറന്നു പോകുന്നു.
മലഞ്ചെരുവിലെ കാറ്റിനു ശക്തിയേറുമ്പോള്‍ എന്നെ നെഞ്ചോടു ചേര്‍ത്തിരുന്ന കൈകളുടെ സ്നേഹം നിന്റേതു മാത്രമാണെന്നറിയുമ്പോള്‍ ഹര്‍ഷപുളകിതമാവുന്നു എന്റെ മേനി. ജന്മാന്തരങ്ങളായ്നീ എന്നിലുണ്ടെന്ന് തിരിച്ചറിയുകയാണ് ഇന്നു ഞാനോരോ നിമിഷവും.
ഈ നിമിഷങ്ങളില്‍ പ്രിയനേ നീന്റെ സ്നേഹം നിശാന്ധകാരത്തില്‍ മാര്‍ഗ്ഗദീപമായ്,
പകല്‍ താപത്തില്‍ കുളിരേകും തണലായ് എന്നോടൊപ്പമുണ്ടെന്നെതാണെന്റെ ശക്തി   .
ആ ഉണ്മയില്‍ ഞാനെല്ലാം മറക്കുന്നു..
പ്രിയനേ, നിന്നിലലിയുകയണ് ഞാനോരോ നിമിഷവും.
നിന്നെ അറിയുകയാണ് ഓരോ സ്പന്ദനത്തിലും...

നിലാവുദിക്കുന്ന ആകാശച്ചെരുവിലെങ്ങോ
നീയെന്റെ ഒപ്പമുണ്ടായിരുന്നു.
നമുക്കിടയില്‍ വാക്കുകളും വരികളുമുണ്ടായിരുന്നില്ല.
പകരം ഉദാത്തസ്നേഹത്തിന്റെ
സംഗീതവീചികള്‍ മാത്രം.
അര്‍ത്ഥപൂര്‍ണ്ണമായ രാഗവിസ്മയങ്ങളില്‍
ആ അമൃതഗീതം എന്നിലേയ്ക്കൊഴുകിയെത്തിയിരുന്നു
എന്റെ ഹൃദയം ഒരു പ്രണയപയോധിയായ് മറുന്നത് ഞാനറിഞ്ഞതേയില്ല.

സ്വപ്നങ്ങള്‍ക്ക് നിറപ്പകിട്ടുണ്ടെന്ന് സന്ധ്യയാണെനിക്കു കാട്ടിത്തന്നത്.
ചിറകുകളുണ്ടെന്നത് മേഘങ്ങളും.
പ്രണയമാനസങ്ങള്‍ നക്ഷത്ര ഖചിതങ്ങളെന്ന് എന്നോടു മന്ത്രിച്ചത്
ഇരുളുമൂടിയ അനന്തവിഹായസ്സും.
വര്‍ണ്ണശബളമായ സ്വപ്നങ്ങളുമായി, മേഘച്ചിറകുകളോടെ ഹൃദയങ്ങളൊന്നായി പറന്നുയരാം..
രാവു വിരിച്ചിട്ട ആകാശപ്പരവതാനിയില്‍ നക്ഷത്രങ്ങള്‍ക്കിടയിലൂടെ
എത്ര ദൂരം സഞ്ചരിക്കാനാവും!
നിന്റെ സ്നേഹവിരലുകള്‍എന്നോടു ചേര്‍ന്നുണ്ടെങ്കില്‍ പ്രളയകാലത്തോളം
പ്രണയം നുകര്‍ന്ന് അനന്തതയിലേയ്ക്കു നടന്നു കയറാം നമുക്ക്..
പ്രണയം പൂക്കുന്ന താഴ്വരകളിലൂടെ, അളവറ്റ സ്നേഹം പരസ്പരം പങ്കുവെച്ച്
ഒരിക്കലും പിരിയാതെ,കോര്‍ത്തുപിടിച്ച കൈകളോടെ
നമുക്കു നടക്കാം ചക്രവാള സീമകളിലേയ്ക്ക്.
ഒരു സ്നേഹക്കടലിന്റെ തീരത്ത് പ്രണയമധുരം നുകര്‍ന്നിരിക്കാം,കല്പാന്തകാലം .
ഒടുവില്‍ നിന്റെ താരാട്ടുപാട്ടിനു കാതോര്‍ത്ത് നിന്റെ മടിയില്‍ തലചായ്ച്ച് ഒന്നു മയങ്ങട്ടെ ഞാന്‍ ..ആത്മ നിര്‍വൃതിയുടെ തീരാമയക്കത്തില്‍ നിന്നൊരിക്കലും ഉണരാതെ.. 

ടാഗോർ, ഗീതാഞ്ജലി - 39

When the heart is hard and parched up, come upon me with a shower of mercy.
When grace is lost from life, come with a burst of song.
When tumultuous work raises its din on all sides shutting me out from beyond, come to me, my lord of silence, with thy peace and rest.
When my beggarly heart sits crouched, shut up in a corner, break open the door, my king, and come with the ceremony of a king.
When desire blinds the mind with delusion and dust, O thou holy one, thou wakeful, come with thy light and thy thunder.



ഹൃദയം ഉണങ്ങിവരണ്ടുറഞ്ഞുപോകുമ്പോൾ
കാരുണ്യത്തിന്റെ കുളിർമഴയായ്
നീ പെയ്തിറങ്ങുക.
പ്രസാദം കൈമോശം വന്ന ജീവിതത്തിലേക്ക്
ഒരു മധുരഗാനവുമായ് നീ വന്നണയുക.
പ്രക്ഷുബ്ധമായ പ്രവൃത്തിമേഖലകളുടെ
ശബ്ദകോലാഹലങ്ങളിൽ എന്റെ സ്വത്വം തളച്ചിടപ്പെടുമ്പോൾ
നിശ്ശബ്ദതയുടെ സങ്കേതമേ, നീയെന്നിൽ ശാന്തി പകരുക.
നിന്നെ നമസ്കരിക്കുന്ന  പ്രാർത്ഥനാനിരതമായ ഹൃദയം
ഏതോ കോണിൽ ബന്ധനസ്ഥനാക്കപ്പെടുമ്പോൾ
വാതായനങ്ങൾ ഭേദിച്ച്,
നിയന്താവേ, പ്രൗഢസാന്ദ്രമായ് നീയെന്നിലേക്കണയുക.
കാമം എന്റെ മനസ്സിനെ മായാധൂളികൾ  ചാർത്തി  അന്ധമാക്കുമ്പോൾ
എന്റെ പുണ്യസ്വരൂപാ,
സർവ്വസാക്ഷിയായ ദേവാ,
ജ്യോതിസ്വരൂപമായ് , ഒരു മേഘനാദമായ്
നീയണയുക  ....