Saturday, October 13, 2018

യാത്രവിസ്മയങ്ങൾ 11 ലോനാവാല -മഹാനഗരിയുടെ കളിക്കൂട്ടുകാരി

ലോനാവാല -മഹാനഗരിയുടെ കളിക്കൂട്ടുകാരി 
======================================
മുംബൈയ്ക്കും പൂനയ്ക്കുമിടയിലുള്ള ഒരു ഹിൽസ്റ്റേഷനാണു  ലോനാവാല. മുംബൈ- പൂനെ എക്സ്പ്രസ്സ് ഹൈവേ കടന്നുപോകുന്നതും  ഇതിലെയാണ്. വിനോദസഞ്ചാരികൾക്കും പ്രകൃതിസ്നേഹികൾക്കും മലകയറ്റക്കാർക്കും  പുരാവസ്തുഗവേഷകർക്കുമൊക്കെ ഒന്നുപോലെ  പ്രിയപ്പെട്ട സ്ഥലമാണു  ലോനാവാല. ഒട്ടനവധി മധുരാനുഭവങ്ങളാണ്  ലോനാവാല ഇവർക്കൊക്കെയായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെതന്നെ  ഏറ്റവും മികച്ച മഴക്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ  ലോനാവാല 'സഹ്യപര്‍വതത്തിലെ രത്നം' എന്നാണ് അറിയപ്പെടുന്നത്. മൂന്നുകിലോമീറ്റർ ദൂരത്തു ഖണ്ടാല എന്ന മറ്റൊരു സൗന്ദര്യധാമവും കൂടിയുണ്ട്.

1871 ല്‍ അന്നത്തെ  ബോംബെ ഗവര്‍ണര്‍ സര്‍ എല്‍ഫിന്‍സ്റ്റോണ്‍ ലോനാവാലയെ കണ്ടെത്തുമ്പോള്‍  ജനവാസം കുറഞ്ഞ ഇടതിങ്ങിയ  കാട്ടു  പ്രദേശമായിരുന്നു അത്. പക്ഷേ  ഇവിടുത്തെ നിർമ്മലമായ അന്തരീക്ഷവും മനംമയക്കുന്ന പ്രകൃതിമനോഹാരിതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമൊക്കെക്കൊണ്ട് വളരെപ്പെട്ടെന്നുതന്നെ സഞ്ചാരികളുടെ ഇഷ്ടസങ്കേതമായി ഇവിടം മാറി. ലോനാവാല തടാകം,പാവന  തടാകം, വളവന്‍ തടാകം, തുംഗാര്‍ലി  തടാകം, വെള്ളച്ചാട്ടങ്ങൾ,ടൈഗർ പോയിന്റ്,  ലയണ്‍ പോയിന്റ്, ഡ്യൂക്സ് നോസ്,  സഹസ്രാബ്ദങ്ങൾക്കുമുമ്പു മുമ്പു നിർമ്മിക്കപ്പെട്ട  കാർല ഗുഹകൾ, ഭാജ ഗുഹകൾ, അത്രതന്നെ പഴക്കമില്ലാത്ത കോട്ടകൾ,  ആധുനികകാലത്തെ  ശിവജി ഉദ്യാന്‍, വല്‍വാന്‍ ഡാം, രാജ്മാച്ചി പോയന്റ്, ബുഷി ഡാം, ഡെല്ലാ അഡ്വഞ്ചര്‍, ടൈഗർ പോയിന്റ്     വാക്സ് മ്യുസിയങ്ങൾ  തുടങ്ങിയവയാണ് ഇവിടെത്തെ പ്രധാന കാഴ്ചകള്‍. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അഡ്വഞ്ചർ പാർക്കായ ഡെല്ലാ അഡ്വഞ്ചെർ,  ബംഗീ ജംബിംഗ് നടക്കപ്പെടുന്ന സ്ഥലം കൂടിയാണ്  . 45 മീറ്റർ ഉയരത്തിൽ നിന്നാണ് ഇവിടെ ചാടാൻ അവസരം ലഭിക്കുക.   ചിക്കി എന്നുപേരുള്ള മിഠായിക്കും  ലോനാവാല  പ്രസിദ്ധമാണ്.  ലോനാവാല  ചിക്കി വിൽക്കുന്ന ധാരാളം വില്പനശാലകൾ ഇവിടെ ഇവിടെയുമുണ്ട്  . മഗൻലാൽചിക്കിയാണ് ഏറ്റവും പ്രസിദ്ധം. നമ്മുടെ കടലമുട്ടായി പോലെ നിലക്കടല, അണ്ടിപ്പരിപ്പ്, എള്ള് , ബദാം,  പലതരം ധാന്യങ്ങൾ, ഉണങ്ങിയ പഴങ്ങൾ എന്നിവയൊക്കെ ശർക്കരപ്പാനിയിലോ  പഞ്ചസാരസിറപ്പിലോ ചേർത്തുണ്ടാക്കുന്ന മിഠായികളാണ് ചിക്കി. 


മുമ്പു  രണ്ടുതവണ ലോനാവാല സന്ദർശിച്ചിട്ടുണ്ടെങ്കിലും  കഴിഞ്ഞൊരു  ദിവസം അവിടുത്തെ വഴിയോരങ്ങളിലും കുന്നിൻചെരുവുകളിലും  നിറവസന്തമൊരുക്കിനിൽക്കുന്ന ബാൾസം ചെടികളുടെ ചിത്രം പത്രത്തിൽ കണ്ടപ്പോൾ  അവിടെപ്പോയി അതൊന്നു നേരിൽക്കാണാനാഗ്രഹം. അങ്ങനെയാണ് ഒരിക്കൽക്കൂടി അവിടേയ്‌ക്കൊരു യാത്രപോയത് .   

എവിടെയും പൂവിട്ടുനിൽക്കുന്ന കാട്ടുചെടികൾ. വഴിയോരങ്ങളിലും അതിനപ്പുറത്തേക്കും വയ്‌ലറ്റുനിറത്തിലെ പൂക്കളുമായി കാശിത്തുമ്പകൾ  ( balsam ) കൂട്ടംകൂട്ടമായി നിൽക്കുന്നു. നമ്മുടെനാട്ടിൽ കാണുന്നതുപോലെ ബാൾസം  ചെടികളിൽ  വിവിധനിറങ്ങളിലെ പൂക്കളില്ല. പക്ഷേ  പൂക്കളുടെ വലുപ്പത്തിൽ വ്യത്യാസം കാണാം. പിന്നെ പേരറിയാത്ത  മഞ്ഞനിറമുള്ള ധാരാളം പൂക്കളും എല്ലായിടത്തുമുണ്ട്. വെള്ളനിറമുള്ള ഏതൊക്കെയോ  പൂക്കളും എണ്ണത്തിൽ  കുറവെങ്കിലും മനോഹാരിതയ്ക്കു ഒട്ടും കുറവില്ലെന്നറിയിച്ചു പൂത്തുലഞ്ഞു നിൽക്കുന്നു. 

ഒന്നരനൂറ്റാണ്ടുമുമ്പു  നിർമ്മിച്ചതാണ് ബുഷി ഡാം. തീവണ്ടിഗതാഗതം ആരംഭിച്ചകാലത്ത് ആവിഎൻജിനു  വേണ്ടിയുള്ള ജലസ്രോതസ്സായി ഇന്ദ്രായണി നദിയിൽ നിർമ്മിച്ചതാണ് ഈ അണക്കെട്ട്. കാലക്രമേണ അതൊരു വോനോദസഞ്ചാരകേന്ദരമായിത്തീരുകയായിരുന്നു. മഴക്കാലത്തു  വൃഷ്ടി പ്രദേശങ്ങളില്‍ നിന്നും ജലം  സമൃദ്ധമായി ഒഴുകിയെത്തി ഡാം  കവിഞ്ഞൊഴുകും. അതുകൊണ്ട്  ഓവർഫ്ലോ ഡാം എന്നും ഇത് വിളിക്കപ്പെടുന്നു.കവിഞ്ഞൊഴുകുന്ന   ഈ  ജലം  അവിടെ നിർമ്മിച്ചിരിക്കുന്ന പടിക്കെട്ടുകളിലൂടെ ഒഴുകുന്നത് കാണാനും ആ ജലധാരയിൽ ഇരുന്നും കിടന്നുമൊക്കെ ഉല്ലസിക്കുന്നതിനുമായാണ് ഇവിടേക്കു  ജനം പ്രവഹിക്കുന്നത്. മഴക്കാലം കഴിഞ്ഞാൽ ഈ മനോഹാരിതയും ആഹ്ലാദവും ഇല്ലാതാവുകയും ചെയ്യും. വാഹനമിറങ്ങി ഏതാനും കടകളും ഒരു കൊച്ചു ക്ഷേത്രവുമൊക്കെക്കടന്നുവേണം ഡാമിലേക്കുള്ള  വഴിയിലെത്താൻ.  ഇടയ്ക്കൊരു തോടും ഒഴുകുന്നുണ്ട്. മഴയുള്ളസമയത്ത് തോട്ടിൽ വെള്ളം നിറയും. അപ്പോൾ മുട്ടിനുമുകളിൽ വെള്ളമുണ്ടാകും. അതുകടന്നുവേണം ഡാമിലെ പടികളിലെത്താൻ. പക്ഷേ ചെളിനിറഞ്ഞ  തോടുകടക്കാൻ ആരും  മടി കാട്ടാറില്ല. ആദ്യം ലോനാവാല കാണാൻ പോയപ്പോൾ അങ്ങനെ തോടുകടന്നാണ്‌ ഞങ്ങളും ബുഷിഡാമിന്റെ സൗന്ദര്യം  ആസ്വദിച്ചത്. ജലപടികള്‍ കേറി മുകളില്‍ എത്തിയാല്‍ ഡാമിന്റെ കാഴ്ചകള്‍ കാണാം. ഒരു ഇരുമ്പു ഗ്രില്ലിനപ്പുറം മീറ്ററുകളോളം ആഴമുള്ള വിസ്തൃതമായ  ജലസംഭരണി . നല്ല തെളിഞ്ഞ വെള്ളം. ചുറ്റുപാടും ഹരിതശോഭയുള്ള മലകൾ. നല്ല തണുപ്പുള്ള അന്തരീക്ഷവും. ചുട്ടും  പുഴുങ്ങിയും ചോളം വിൽക്കുന്നവരും കടലക്കച്ചവടക്കാരുമൊക്കെ ധാരാളമുണ്ട്. പടികളിൽ നടക്കുന്നതുശ്രദ്ധിച്ചില്ലെങ്കിൽ വീഴ്ച നിശ്ചയം. നീരൊഴുക്ക് ചിലപ്പോൾ അപ്രതീക്ഷിതമായി വർദ്ധിക്കാം. അപ്പോൾ അപകടസാധ്യതയുമുണ്ട്. 

പക്ഷേ ഇത്തവണ മഴക്കാലം കഴിഞ്ഞതുകൊണ്ട്  ഒട്ടും വെള്ളമുണ്ടായിരുന്നില്ല. പടിക്കെട്ട്   ഉണങ്ങിക്കിടന്നിരുന്നു.  അവിടെനിന്നു വീണ്ടും പോയാൽ ലയൺസ്‌ പോയിന്റും ടൈഗർപോയിന്റും ഒക്കെയുണ്ട്. അവിടെനിന്നൊക്കെയുള്ള കാഴ്ചകൾ അവർണ്ണനീയമാണ്. സൃഷ്ടികർത്താവിന്റെ അസാമാന്യചാരുതയാർന്ന ശില്പവൈഭവം. ഒട്ടകസവാരിയും ആസ്വദിക്കാം.   ലയൺസ്‌ പോയിന്റിനിന്ന് മുംബൈ-പൂനെ എക്സ്പ്രസ്സ് ഹൈവേയുടെ ദൃശ്യം  മനോഹരമാണ്.  ചില വെള്ളച്ചാട്ടങ്ങളും കാണാനാവും . 
വാഹനം പോകുന്ന പ്രധാനപാതയിലൂടെ   കാർല ഗ്രാമത്തിലെത്തിയാൽ ഇരുവശങ്ങളിലേക്കുമുള്ള വഴികൾ കാർല ഗുഹകളിലേക്കും ഭാജഗുഹകളിലേക്കുമുള്ളവയാണ്. രണ്ടു മലകളിലായാണ് പാറതുരന്നു നിർമ്മിച്ച ഗുഹകൾ . ഇവരണ്ടും ബി സി രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടവയാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ബുദ്ധമതത്തിലെ ഹീനയാനവിഭാഗത്തിന്റെ വാസ്തുശൈലിയാണ് ഈ രണ്ടു ഗുഹാസമുച്ചയങ്ങളിലും കാണപ്പെടുന്നത്. രണ്ടുഗുഹകളിലും കയറുന്നതിനു ടിക്കറ്റുണ്ട്. 


 ചൈത്യമന്ദിരം (പ്രാർത്ഥനാ ഗൃഹം) അവയുടെ പ്രത്യേകതയാണ്.  കാർലഗുഹയിലെ ചൈത്യമന്ദിരമാണ് ഇന്ത്യയിൽ  ഇന്നു കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലുതും മനോഹരവുമെന്നു പറയപ്പെടുന്നു. രണ്ടു സിംഹസ്തംഭങ്ങൾ ഈ മന്ദിരത്തിന്റെ പ്രവേശനദ്വാരത്തിന്റെ ഇരുവശത്തുമായുണ്ട്. ചൈത്യമന്ദിരത്തിൽ പ്രവേശിക്കുന്നവർക്ക് കാൽകഴുകുവാൻ സാധിക്കവുന്നതരത്തിൽ പ്രവേശന ദ്വാരങ്ങളുടെ മുൻഭാഗത്ത് വെള്ളം കെട്ടിനിറുത്താനുള്ള ചെറിയ തളങ്ങൾ കൊത്തിയുണ്ടാക്കിയിരിക്കുന്നു . മന്ദിരത്തിന്  45  മീറ്റർ നീളവും 14 മീറ്റർ വീതിയും 14 മീറ്റർ ഉയരവും ഉള്ളതാണ്. പ്രദക്ഷിണപഥത്തെയും മണ്ഡപത്തെയും തമ്മിൽ വേർതിരിക്കുന്ന 37 തൂണുകളുണ്ട്. ചതുരാകൃതിയിലുള്ള തറ, കുംഭാകൃതിയിലുള്ള പാദം, എട്ടുപട്ടമുള്ള വള (പട്ടിക), ഘടാകൃതിയിലുള്ള ശിരോഭാഗം, വിതരിതമായ പീഠം അതിനും മുകളിൽ ശില്പാലങ്കാരം എന്നിവ അടങ്ങിയതാണ് തൂണുകൾ ഓരോന്നും. അലങ്കാരങ്ങളിൽ ആനകളും അവയുടെ പുറത്തിരിക്കുന്ന സ്ത്രീപുരുഷ രൂപങ്ങളുമാണുള്ളത്. മുകൾഭാഗത്തെ,  കുതിരലാടത്തിന്റെ ആകൃതിയിലുള്ള, തടികൊണ്ടു  നിർമ്മിച്ച ആർച്ചുകൾ ഒരത്ഭുതം തന്നെ. ആണികളൊന്നുമില്ലാതെയാണവ അവിടെ ഉറപ്പിച്ചിരിക്കുന്നത്.   ശ്രദ്ധാകേന്ദ്രമായ സ്തൂപത്തിൽ പ്രകാശം ചൊരിയുന്ന വിധത്തിലാണ് ചൈത്യജാലകത്തിന്റെ സ്ഥാനം. ജാലകത്തിലും സഭാതലത്തിന്റെ  തട്ടിലും മരപ്പാളികൾ സജ്ജീകരിച്ച് ചൈത്യമന്ദിരത്തിലെ പ്രകാശവിതരണം ആകർഷകമാക്കിയിരിക്കുന്നു.  ഭാജഗുഹയിലേത്  ഇത്ര വലുപ്പവും ശില്പഭംഗിയുള്ളതുമല്ല. രണ്ടുനിലകളിലായി  ധാരാളം വിഹാരങ്ങളും രണ്ടു ഗുഹാസമുച്ചയങ്ങളിലും  നിർമ്മിച്ചിട്ടുണ്ട്. ബൗദ്ധസന്യാസിമാരുടെ മഠങ്ങളാണ് വിഹാരങ്ങൾ. വിഹാരങ്ങളുടെ സാമാന്യരൂപം, വിശാലമായ നടുത്തളവും അതിനു ചുറ്റുമായി ഭിക്ഷുക്കൾക്ക് താമസത്തിനുള്ള മുറികളുമാണ്. നടുത്തളത്തിനോടു ബന്ധപ്പെടുന്ന ഒരു ആരാധനാമുറിയും കാണപ്പെടുന്നു. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന മുറികളിലൊക്കെ കിടക്കുന്നതിനായി  കട്ടിലുകളും പാറയിൽത്തന്നെ കൊത്തിയുണ്ടാക്കിയിട്ടുണ്ട്. ഈ വിഹാരങ്ങളിൽനിന്നൊക്കെയുള്ള താഴ്വരക്കാഴ്ചകൾ അതീവഹൃദ്യം. അവിടുത്തെ കൃഷിയിടങ്ങൾ ഓരോരോ ഋതുക്കളിലും പ്രകൃതിയുടെ വർണ്ണഭേദങ്ങൾ കാട്ടിത്തരും. ഇപ്പോൾ നെൽപ്പാടങ്ങൾ പച്ചപുതച്ച നിൽക്കുകയാണ്. ആ ഹരിതാഭയ്ക്കുപോലും എത്രയെത്ര വർണ്ണഭേദങ്ങൾ!

  കാർലഗുഹയിലെത്താൻ നടന്നുതന്നെ  ഒരു വലിയ മലകയറിപ്പോകണം. വളരെ ദുഷ്കരമായൊരു യാത്രയാണത്. അതിരാവിലെയായാൽ വെയിലിന്റെ കാഠിന്യം ഉണ്ടാവുകയില്ല.  ഗുഹകളോടുചേർന്ന്  ഇവിടുത്തെ മുക്കുവരായ കോളികളുടെ  ഒരു ഏക് വീരാ  ക്ഷേത്രവുമുണ്ട്. വിശേഷദിനങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ  തിരക്കും ഈ വഴിയിലുണ്ടാകും. ഭാജഗുഹയിലേക്കു കയറിപ്പോകുന്ന പാത പടവുകൾകെട്ടി മനോഹരമായി നിർക്കിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ  മലകയറ്റം അത്ര ദുഷ്കരമല്ല. ചിലയിടങ്ങളിൽ പുരാതനകാലത്തെ പടവുകളും ചരിത്രത്തിനൊരു ചൂണ്ടുപലകപോലെ കാണാനാവും. എത്രയോ ബുദ്ധസന്യാസിമാരുടെയും യാത്രകളിൽ ഇവിടം ഇടത്താവളമാക്കിയ  വ്യാപാരസംഘങ്ങളുടേയുമൊക്കെ പാദങ്ങൾ  പതിഞ്ഞ കല്പടവുകളാണവ!  ഇടയ്‌ക്കൊരു വെള്ളച്ചാട്ടവുമുണ്ട്. പോകുന്ന വഴികളിലൊക്കെ പൂക്കളുടെ മോഹിപ്പിക്കുന്ന ദൃശ്യഭംഗിയും ആസ്വദിക്കാം.  ഭാജ ഗുഹയിൽ തബല വായിക്കുന്നൊരു സ്ത്രീശില്പമുണ്ടെന്നു കേട്ടിരുന്നു. 2200 വർഷങ്ങൾക്കുമുമ്പും അത്തരം സംഗീതോപകരണങ്ങൾ നമ്മുടെ പൂർവ്വികർ ഉപയോഗിച്ചിരുന്നു എന്നതിന് തെളിവാണത്.  പക്ഷേ കുറേനടന്നു നോക്കിയിട്ടും അത് കാണാനേയില്ല. ഒരു കാവൽക്കാരനോടു ചോദിച്ചപ്പോൾ അയാൾക്കതിനെക്കുറിച്ചൊന്നും അറിയുകയുമില്ല. ധാരാളം തൂണുകളുള്ള വിഹാരങ്ങളാണു ഭാജാഗുഹകളിൽ കാണാൻ കഴിയുന്നത്.  അവിടെ ഗുഹയുടെ അവസാനഭാഗത്തായി പത്തിലധികം  സ്തൂപങ്ങൾ പാറകൾകൊത്തി  നിർമ്മിച്ചുവെച്ചിട്ടുണ്ട്. പലതും ദ്രവിച്ച അവസ്ഥയിലാണ്. മഴയും വെയിലുമേറ്റ് കൂടുതൽ നാശമുണ്ടാകാതിരിക്കാൻ ഇപ്പോൾ മുകളിലൊരു മേലാപ്പിട്ടു സൂക്ഷിക്കുന്നുണ്ട്.  അവിടെനിന്നു നോക്കുമ്പോൾ രണ്ടു കോട്ടകൾ ദൂരത്തായി രണ്ടു  മലമുകളിൽ കാണാനാവും.  

ഇവിടെയുള്ള ഏതാനും വാക്സ് മ്യുസിയങ്ങൾ എല്ലാ സഞ്ചാരികളെയും ഒന്നുപോലെ ആകർഷിക്കുന്ന ആധുനികയുടെ സങ്കേതങ്ങളാണ്. നമുക്കഭിമാനിക്കാൻ വകയുള്ളോരു കാര്യം, അതിലേറ്റവും വലുതും പ്രസിദ്ധവുമായ സുനിൽസ് വാക്സ്മ്യുസിയം മലയാളിയായ സുനിൽ കണ്ടല്ലൂരിന്റെ ഉടമസ്ഥതയിലുള്ളതാണ് എന്നതാണ്. മൺമറഞ്ഞവരും ഇപ്പോൾ ജീവിച്ചിരിക്കുന്നവരുമായ  ധാരാളം പ്രശസ്തരുടെ  മെഴുകുപ്രതിമകൾ ഇവിടെയൊക്കെയുണ്ട്. അവയോടൊപ്പംനിന്നു ഫോട്ടോ എടുക്കാൻ എല്ലാവർക്കും  താല്പര്യം. ഇരുനൂറു രൂപയാണു  ടിക്കറ്റ് ചാർജ്. 

മുംബൈയിൽനിന്നോ പൂനെയിൽനിന്നോ  റോഡ്, റെയിൽ മാർഗ്ഗങ്ങളിൽ ഇവിടെയെത്താൻ 100 കിലോമീറ്ററിൽ താഴെ ദൂരമേയുള്ളൂ. 50,000 ൽ താഴെ ജനസംഖ്യയുള്ളൊരു ചെറിയ പട്ടണമാണെങ്കിലും  ലോനാവാല, തന്നെ സന്ദര്ശിക്കാനായെത്തുന്നവർക്കായി ധാരാളം  ഹോട്ടലുകളും റിസോർട്ടുകളും ഭക്ഷണശാലകളും ഒരുക്കിവെച്ചിട്ടുണ്ട്. വളരെ സുഖകരമായ കാലാവസ്ഥയാണ് ഈ പ്രദേശത്തിന്റേത്. തണുത്ത അന്തരീക്ഷവും തഴുകിക്കടന്നുപോകുന്ന കാറ്റും മൂടല്മഞ്ഞുമൊക്കെച്ചേർന്നു സ്വർഗ്ഗീയമായൊരന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഇവിടുത്തെ മഴക്കാലവും അതിസുന്ദരമാണ്.  അതുകൊണ്ടുതന്നെ ഏതുസമയത്തേയും  അവധിക്കാലം ചിലവഴിക്കാൻ ധാരാളംപേർ  നഗരങ്ങളിൽനിന്ന്  ഇവിടെ എത്തുന്നു. 




























No comments:

Post a Comment