Wednesday, November 21, 2018

മകരസംക്രമം

ഉദയം..അരുണോദയം 
മകരസംക്രമസൂര്യോദയം 
പൊൻകിരണങ്ങളാലയ്യപ്പസ്വാമിക്ക് 
നെയ്യഭിഷേകം ചെയ്യാനായി 
സ്നാനംചെയ്തു  കരിമലകയറി 
ദിനകരനണയും പുണ്യോദയം.
ശകുന്തങ്ങൾ പാടുന്നു  സ്തുതിഗീതങ്ങൾ 
ശബരിഗിരീശനെ തുയിലുണർത്താൻ 
ഭക്തർതൻ ഹൃദയങ്ങൾ മിടിക്കുന്ന താളത്തി- 
ന്നുടുക്കിൻനാദങ്ങളുയരുന്നു മലമേലേ.   
കാനനലതകൾ സുഗന്ധപുഷ്പങ്ങളാൽ 
അർച്ചന ചെയ്യുന്നു  മണികണ്ഠനായ് 
പ്രാലേയപുണ്യാഭിഷേകം നടത്തുന്നു 
പുലരിയാം മാളികപ്പുറമേറെ മോദാൽ
കരിമലമുകളിലെ ഹരിഹരസുതനെ
കണ്ടുവണങ്ങാൻ പ്രകൃതീശ്വരിയും.
തൃപ്പടി കയറാനാവാത്ത ലക്ഷങ്ങൾ 
തിരുനാമമുതിർക്കുന്നു  ഭക്തിപൂർവ്വം.
തവതിരുപാദം ഞങ്ങൾക്കഭയം 
തവതിരുനാമം ഞങ്ങൾക്കമൃതം 
അനുഗ്രഹമേകൂ ശബരിഗിരീശ്വരാ 
 അഖിലാണ്ഡേശ്വരനയ്യപ്പാ.........

Friday, November 16, 2018

സ്വരരാഗസുധ

സ്വരരാഗസുധ - ശ്രീ ശ്രീകുമാർ സുകുമാരൻ
.
ലളിതസുന്ദരകോമളപദാവലികളാൽ വിരചിക്കപ്പെട്ടിരിക്കുന്ന,  ഒഴുക്കും ഓമനത്വവുമുള്ള, നൂറു കവിതകളുടെ സമാഹാരമാണ് ശ്രീകുമാർ സറിന്റെ  'സ്വരരാഗസുധ'.  അദ്ദേഹത്തിന്റെ ജീവിതസഖി ശ്രീമതി ശോഭയ്ക്കായ് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ കവിതാസമാഹാരത്തിലെ കവിതകളെല്ലാംതന്നെ  ആലാപനസൗകുമാര്യമുള്ള, താളനിബദ്ധമായ രചനകളാണ്. ഭാഷാപാണ്ഡിത്യവും കവനപാടവവും ജന്മസിദ്ധമായ പ്രതിഭയും ഒത്തുചേർന്നപ്പോൾ മലയാളഭാഷയ്ക്ക് മുതൽക്കൂട്ടാകുന്ന ഒരു ഗ്രന്ഥമായി ഈ കവിതാസമാഹാരം. പ്രഭാതഗീതങ്ങളോ ഈശ്വരസ്തുതികളോ സ്നേഹമോ പ്രണയമോ, പ്രമേയമെന്തുമാകട്ടെ, കവിതകളിലൊക്കെ അദ്ദേഹത്തിന്റെ സവിശേഷമായ രചനാചാതുരി വ്യക്തമായി പതിഞ്ഞിരിക്കുന്നു. പല കവിതകളും നേരത്തെ വായിച്ചിട്ടുള്ളവയായിരുന്നെങ്കിലും പുനർവായന കൂടുതൽ അനുഭൂതിദായകമായി.

ശ്രീകുമാർസർ പലപ്പോഴും എനിക്കൊരത്ഭുതമാണ്. അറിവിന്റെ അക്ഷയഖനി മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ,  എല്ലാരംഗത്തും ഏറ്റവും   ഉന്നതിയിൽ വിരാജിക്കുമ്പോഴും  അങ്ങേയറ്റം വിനിയാന്വിതനായി മറ്റുള്ളവരോട് പെരുമാറുന്ന രീതി ഏവർക്കും  അനുകരിക്കത്തക്കതാണ്.  എന്നെപ്പോലുള്ള അപ്രധാനവ്യക്തികളെപ്പോലും  അംഗീകരിക്കാനുള്ള അദ്ദേഹത്തിന്റെ ഹൃദയവിശാലത ആദരിക്കപ്പെടേണ്ടതുതന്നെ.

കവിതാസമാഹാരവും അതിമനോഹരമായി ആലപിക്കപ്പെട്ട  കവിതകളടങ്ങുന്ന സി ഡി യും ( മാനസസരസ്സ് - പത്തു ഭക്തിഗീതങ്ങൾ)  അദ്ദേഹത്തിന്റെ കയ്യിൽനിന്നു നേരിട്ട് ഏറ്റുവാങ്ങാനായത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. അതിനോടൊപ്പം അദ്ദേഹം എനിക്കായി നൽകിയ  ഭഗവത്പ്രസാദത്തിന്റെ അതിമധുരവും ഏറെ സ്നേഹത്തോടെയേ ഓർമ്മിക്കാനാവുന്നുള്ളു. അതിനൊന്നും വാക്കുകൾകൊണ്ട് നന്ദി പ്രകാശിപ്പിക്കാനാവില്ല. അളവറ്റ സ്നേഹം ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഇനിയും അനവധി രചനകൾകൊണ്ട് ഭാഷയെ സമ്പന്നമാക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു. 

Thursday, November 15, 2018

ശകുനി

ശകുനി
=======
ഒരാളും നല്ലതുപറയാത്തൊരു കഥാപാത്രമാണ് മഹാഭാരതത്തിലെ ശകുനി. കൗരവരുടെ മാതുലൻ . അനന്തിരവന്മാർക്കുവേണ്ടി എന്തു കുടിലതയും പ്രവർത്തിക്കാൻ സാദാ ജാഗരൂകനായി നടക്കുന്നൊരു പരമദുഷ്ടൻ! നോക്കിലോ വാക്കിലോ പ്രവൃത്തിയിലോ നേരും നെറിയുമില്ലാത്ത നീചൻ!  പറഞ്ഞാൽ തീരില്ല ആ കുത്സിതബുദ്ധിയുടെ ദുഷ്പ്രവൃത്തികൾ.    പക്ഷേ ആരായിരുന്നു യഥാർത്ഥത്തിൽ ഈ ശകുനി?

കൗരവരെപ്പോലെതന്നെ, ഗാന്ധാരമെന്ന രാജ്യത്തെ മഹാരാജാവായിരുന്ന സുബലനും നൂറുപുത്രന്മാരും ഒരു പുത്രിയുമായിരുന്നു. (ഇന്ന് ഗാന്ധാരം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ  ആണെന്നു പറയപ്പെടുന്നു.) ഗാന്ധാരിയായിരുന്നു ആ ഏകപുത്രി. പുത്രന്മാരിൽ ഏറ്റവും ഇളയവനായിരുന്നു ശകുനി. അതിബുദ്ധിശാലിയായിരുന്ന ശകുനി കറകളഞ്ഞ ശിവഭക്തനുമായിരുന്നു.  ജന്മനാ ദുർബ്ബലനായിരുന്ന  ശകുനിയോടായിരുന്നു മഹാരാജന്  ഏറ്റവും സ്നേഹവാത്സല്യങ്ങൾ.  പക്ഷേ ഈ ആഹ്ലാദനാളുകൾ ശകുനിയുടെ ജീവിതത്തിൽ അധികകാലമുണ്ടായില്ല.

ഗാന്ധാരി ചൊവ്വാദോഷമുള്ള പെൺകിടാവായിരുന്നത്രേ!. അത് വിവാഹത്തിനു  പല തടസ്സങ്ങളുമുണ്ടാക്കുമെന്നാണല്ലോ. ആ ദോഷമില്ലാത്ത പുരുഷനെ വിവാഹം ചെയ്താൽ വൈധവ്യവും നിശ്ചയം.  ഇങ്ങനെയൊരു  ദുരന്തമൊഴിവാക്കാൻ 'കുംഭവിവാഹം' എന്ന  ഒരാദ്യവിവാഹം വാഴയോ, ആൽമരമോ  ഏതെങ്കിലും ഒരു ബലിമൃഗവുമായോ നടത്തുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. ഗാന്ധാരിയുടെ ആദ്യവിവാഹം ഒരു ആടുമായി നടത്തുകയാണുണ്ടായത്. പിന്നീടതിനെ ബലികഴിച്ച. അങ്ങനെ ഗാന്ധാരി ആടിന്റെ വിധവയായി. അതിനുശേഷമാണ് ധൃതരാഷ്ട്രരുമായി വിവാഹം നടന്നത്. പക്ഷേ അദ്ദേഹത്തിന് അന്നതറിയുമായിരുന്നില്ല. പിന്നീട് തന്റെ ധർമ്മപത്നി ഒരാടിന്റെ  വിധവയാണെന്നറിഞ്ഞപ്പോൾ, സ്വതവേ അന്ധനായിരുന്ന  അദ്ദേഹം കോപംകൊണ്ടുകൂടി അന്ധനായിഭവിച്ചു. ഇക്കഥ മറച്ചുപിടിച്ച  തന്റെ ശ്വശുരനെയും നൂറു സ്യാലന്മാരെയും തുറുങ്കിലടച്ചു. മാത്രവുമല്ല, ഒരാൾക്കുള്ള ഭക്ഷണം മാത്രമേ അവർക്കെല്ലാവർക്കുംകൂടി നല്കാൻ പാടുള്ളു എന്നും ആജ്ഞ പുറപ്പെടുവിച്ചു. ( ചിലരുടെ മതം ഇത് ചെയ്തത് ഭീഷ്മരാണെന്നാണ്. ദുര്യോധനാണെന്നു മറ്റു ചിലരും.)

ഒരാളുടെ ഭക്ഷണം കൊണ്ട്  നൂറ്റൊന്നുപേർ എങ്ങനെ ജീവൻ നിലനിർത്തും! അതുകൊണ്ട് അവർ ഒരു തീരുമാനത്തിലെത്തി. ഒരാൾ മാത്രം ഭക്ഷണം കഴിക്കുക. മറ്റുള്ളവർ പട്ടിണി കിടന്നു മരിക്കുക. ജീവൻ നിലനിർത്തുന്നയാൾ ധൃതരാഷ്ട്രരോട് ഈ കൊടുംക്രൂരതയ്ക്കു പകപോക്കണം. അതിനായി അവർ നിശ്ചയിച്ചത്  ഏറ്റവും ഇളയവനും അതിബുദ്ധിമാനും ദുർബ്ബലനും എന്നാൽ  ഏവരുടെയും സ്നേഹഭാജനവുമായ ശകുനിയെയായിരുന്നു. ശകുനിയെ അതിനായി നിശ്ചയിച്ചതും ഒരു ബുദ്ധിപരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.അസ്ഥികൊണ്ടുണ്ടാക്കിയ ഒരു സൂചിയുടെ കുഴയിലൂടെ നൂൽ കടത്താനായി സുബലൻ  മക്കളൊടാവശ്യപ്പെട്ടു. ശകുനിക്കൊഴികെ മറ്റാർക്കും അതിനു കഴിഞ്ഞില്ല. ശകുനി ഒരു അരിമണി  നൂലിൽകെട്ടി അതൊരു ഉറുമ്പിന് തിന്നാൻ കൊടുത്ത്, ഉറുമ്പിനെക്കൊണ്ട് സൂചിക്കുഴയിലൂടെ കടത്തി നൂൽ കോർക്കുകയുണ്ടായി.   അങ്ങനെ എല്ലാവരുടെയും ഭക്ഷണം  ശകുനി മാത്രം ആഹരിച്ചുപോന്നു. മറ്റുള്ളവർ  പട്ടിണികിടന്നു . പകപോക്കാനുള്ള  തങ്ങളുടെ ലക്ഷ്യത്തെ എന്നെന്നും ഓർമ്മപ്പെടുത്താനായി പിതാവ് ഒരിക്കൽ  ശകുനിയുടെ കാൽ പിടിച്ചുതിരിക്കുകയുണ്ടായി. അങ്ങനെ എന്നേക്കുമായി  മുടന്തും ശകുനിക്കുണ്ടായി.

മക്കൾ ഓരോരുത്തരായി പട്ടിണിയിൽ മരണപ്പെട്ടുകൊണ്ടിരുന്നത് ഹൃദയം തകരുന്ന വേദനയോടെ   നോക്കിനിൽക്കാനേ നിസ്സഹായനായ  ആ പിതാവിന് കഴിഞ്ഞുള്ളു. ഒടുവിൽ തന്റെ അന്ത്യവും ആസന്നമായി  എന്നുറപ്പായപ്പോൾ അദ്ദേഹം ധൃതരാഷ്ട്രരോട് തന്റെ അന്ത്യാഭിലാഷമെന്നനിലയിൽ ശകുനിയെ സംരക്ഷിക്കാനായി അപേക്ഷിച്ചു. പകരമായി ധൃതരാഷ്ട്രരുടെ നൂറു പുത്രന്മാരെ ശകുനി പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നു വാക്കും നൽകി. ഗാന്ധാരിയുടെ പ്രേരണയുമുണ്ടായി. ദയതോന്നിയ ധൃതരാഷ്ട്രർ ശകുനിയെ കാരാഗൃഹത്തിൽ നിന്ന് മോചിതനാക്കി. പക്ഷേ ശകുനിയുടെ മനസ്സിൽ എല്ലായ്‌പോഴും ജ്വലിച്ചുനിന്നിരുന്നത് കുരുവംശത്തിന്റെ നാശം കാണാനുള്ള പ്രതികാരാഗ്നി മാത്രമായിരുന്നു. പിതാവിന്റെ തുടയെല്ലുകൾ കൊണ്ടാണ് ശകുനി പകിടകൾ ഉണ്ടാക്കിയതത്രേ! പിതാവിന്റെയും സഹോദരങ്ങളുടെയും അനുഗ്രഹാശിസ്സുകളും തന്റെ ഒടുങ്ങാത്തപകയുംകൊണ്ട്, തന്റെ മനസ്സിനൊപ്പം തിരിയാൻ പാകപ്പെടുത്തിയെടുത്ത  ആ പകിടകളാണ് പാണ്ഡവരെ പരാജിതരാക്കാൻ ശകുനി ഉപയോഗിച്ചതും.

തന്റെ സഹോദരീപുത്രന്മാരോട് സ്നേഹം ഭാവിച്ചു കൂടെക്കൂടി അവരുടെ സന്തതസഹചാരിയായി   ശകുനി ഹസ്തിനപുരത്തിൽ ജീവിതം നയിച്ചു. സ്വപുത്രനായ ഉലൂകനേക്കാൾ പരിഗണനകൊടുത്തു കൂടെനിർത്തിയത് ദുര്യോധനനെയായിരുന്നു.
യഥാർത്ഥത്തിൽ പാണ്ഡവർ ശകുനിയുടെ വിരോധികളായിരുന്നില്ല. കൗരവരെ    ഇല്ലാതാക്കാൻ പാണ്ഡവർക്കല്ലാതെ  മറ്റാർക്കും കഴിയില്ലെന്നറിയുമായിരുന്ന ശകുനി അവരെ അതിനുള്ള കരുക്കളാക്കുകയായിരുന്നു. പാണ്ഡവരും കൌരവരും തമ്മില്‍  സ്പര്‍ദ്ധ വളര്‍ത്തുക ,അവരെ തമ്മില്‍ തല്ലിക്കുക, അങ്ങനെ തന്റെ ലക്‌ഷ്യം കാണുക- ഇതായിരുന്നു ശകുനിയുടെ ഹസ്തിനപുരവാസത്തിന്റെ ഉദ്ദേശ്യം. സ്വന്തം രാജ്യവും പോലും ഉപേക്ഷിച്ചു ഹസ്തിനപുരത്തിൽ തങ്ങിയതും അതിനുതന്നെ   പക്ഷേ , കർണ്ണനോട് ശകുനിക്കു അല്പമല്ലാത്ത ശത്രുതയുണ്ടായിരുന്നു. അതിനുകാരണം കർണ്ണൻ ദുര്യോധനനെ പാണ്ഡവരിൽനിന്നു  രക്ഷിക്കുമോ എന്ന ഭയം മാത്രമായിരുന്നു. കൗരവരോടുള്ള സ്നേഹംകൊണ്ടു ചെയ്തതെന്നു പൊതുവിൽ വിശ്വസിക്കപ്പെടുന്ന പലകാര്യങ്ങളും ഫലത്തിൽ അവർക്കെതിരാകുന്നതിനു വേണ്ടിയായിരുന്നു എന്നതാണു  സത്യം. ഭീമനു വിഷം നൽകി ജലത്തിലാഴ്ത്താൻ  ദുര്യോധനനെ ഉപദേശിച്ചത് ഭീമൻ നാഗലോകത്തെത്തുമെന്നും  നാഗരസം ലഭിക്കുമെന്നും അതീവ ശക്തനായി അവൻ തിരികെ വരുമെന്നും ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് . അതുവഴി ഭീമന്റെ വൈരാഗ്യം അധികരിക്കുകയും ചെയ്യുമല്ലോ. ധർമ്മപുത്രരെ ചൂതു കളിക്കാൻ ക്ഷണിച്ചതും തന്റെ പിതാവിന്റെയും സഹോദരങ്ങളുടെയും  പ്രതികാരാഗ്നിയിൽ സ്ഫുടംചെയ്തെടുത്ത  പകിട കൊണ്ട് ദയനീയമായി തോൽപ്പിച്ചതും താൻ   കൗരവപക്ഷത്താണെന്ന് അവരെ  തെറ്റിദ്ധരിപ്പിക്കാനും പാണ്ഡവരുടെ പ്രതികാരം വളർത്താനും വേണ്ടി മാത്രമായിരുന്നു. അരക്കില്ലം ചമച്ചു പാണ്ഡവരെ വധിക്കാനുള്ള പദ്ധതി പൊളിച്ച രഹസ്യസന്ദേശത്തിന്നു പിന്നിലും  ശകുനി ആയിരുന്നു എന്നനുമാനിക്കാം .പാണ്ഡവര്‍ക്ക് പകരം അരക്കില്ലത്തില്‍ ഒടുങ്ങിയ അമ്മയും അഞ്ചുമക്കളും യാദൃശ്ചികമായി   അവിടെ എത്തിയാതായിരുന്നില്ല. പാഞ്ചാലിയെ രാജസദസ്സിൽ വലിച്ചിഴച്ച് നിഷ്ഠൂരമായി ആക്ഷേപിച്ചത് പാണ്ഡവരെക്കൊണ്ട് കുരുവംശത്തിന്റെ പതനം ഉറപ്പാക്കിക്കാൻ തന്നെയാണ്.  വനവാസക്കാലത്തു ദ്രൌപദി ഭക്ഷിച്ചുതീർന്ന സമയം നോക്കി  ക്ഷിപ്രകോപിയായ ദുർവ്വാസാവ്മഹർഷിയെയും പരിവാരങ്ങളെയും അയച്ചതും ശകുനിയുടെ ബുദ്ധിയായിരുന്നു. മഹാരഥന്മാരായ   ഭീഷ്മരും ദ്രോണരും കൃപരും വിദുരരും അടങ്ങുന്ന സദസ്സിൽ വച്ച്, ദൂതുമായി വന്ന കൃഷ്ണന്റെ വാക്കുകൾക്ക് പുല്ലു വില കൊടുക്കാത്ത ദുര്യോധനധാർഷ്ട്യത്തിനു പിന്നിലും  ശകുനിയുടെ  പ്രതികാരദാഹമായിരുന്നു. കൃഷ്ണന്റെ അനുഗ്രഹാശ്ശിസ്സുകൾ പാണ്ഡവരോടൊപ്പം എക്കാലവും ഉണ്ടായിരുന്നതുകൊണ്ട് അവർ ഈ അപകടങ്ങളെയൊക്കെ അതിജീവിക്കുകതന്നെ ചെയ്തു. അതും ശകുനിക്കു ബോധ്യമുണ്ടായിരുന്നു. ഇക്കാര്യങ്ങളൊക്കെ മൂന്നുപേർക്ക് അറിവുള്ളതുമായിരുന്നു. ഒന്നാമൻ മറ്റാരുമല്ല ശ്രീകൃഷ്ണഭഗവാൻ തന്നെ. മറ്റൊരാൾ ഭീഷ്മാചാര്യർ. മൂന്നാമൻ സർവ്വജ്ഞാനിയായായിരുന്ന സഹദേവൻ.
എന്തായാലും ശകുനിയുടെ ഉദ്ദേശലക്ഷ്യങ്ങളെല്ലാം സഫലീകരിക്കപ്പെട്ടു. സത്യസന്ധമല്ലാത്ത പകിടകളിയിലൂടെ ഒരു വലിയ യുദ്ധത്തെത്തന്നെ ക്ഷണിച്ചുവരുത്താൻ ശകുനിക്കു കഴിഞ്ഞു. കുരുവംശത്തിന്റെ നെടുതൂണുകളോരോന്നും കടയററുപതിക്കുന്നത് ആത്മഹര്ഷത്തോടെ ശകുനിക്കു നോക്കിക്കാണാനായി.

വെറുമൊരു പകിടകൊണ്ടു ഭരതവര്‍ഷത്തിലെ ഏറ്റവും ശക്തമായ ഒരു വംശത്തെ നാമാവശേഷമാക്കാൻ കഴിഞ്ഞ ശകുനി മാത്രമാണ് മഹാഭാരതയുദ്ധത്തിലെ ഏകവിജയിയെന്നു വേണമെങ്കിൽ പറയാം.  ഒടുവിൽ, താനേറെയാഗ്രഹിച്ച ദുര്യോധനവധം കണ്ടു തൃപ്തിയടയാൻ  സാധിക്കാതെ, സഹദേവനാൽ  ശകുനിയുടെ അന്ത്യവും കുറിക്കപ്പെട്ടു. കണ്‍മുന്നില്‍ വിശന്നു  മരിച്ചു വീണ അച്ഛനോടും സഹോദരന്മാരോടുമുള്ള   വാക്കുപാലിച്ചവന്റെ  സംതൃപ്തിനിറഞ്ഞ മൃത്യു .

( വ്യാസഭാരതത്തിൽ ശകുനിയുടെ ചരിത്രം  എന്താണെന്നു എനിക്കു   വ്യക്തമായറിയില്ല. ഇത് ശകുനിയെക്കുറിച്ചു പലരുമെഴുതിയ കഥകൾ വായിച്ച ഓർമ്മയിൽനിന്നു കുറിച്ചതാണ്.)