Friday, December 21, 2018

ആശംസാകാർഡുകളുടെ വസന്തകാലം

ആശംസാകാർഡുകളുടെ നഷ്ടവസന്തം
=================================
ദശകങ്ങൾക്കപ്പുറത്തേക്കൊന്നു പിന്തിരിഞ്ഞുനോക്കിയാൽ മഞ്ഞുതിരുന്ന  ഡിസംബർമാസം ഒരു വസന്തകാലമായിരുന്നു - ആശംസാകാർഡുകളുടെ വർണ്ണപ്രപഞ്ചം തീർത്തൊരു വസന്തകാലം. ആധുനികവാർത്താവിനിമയോപാധികൾ അരങ്ങിലെത്തുംവരെ സുഗന്ധം പരത്തി വന്നുപോയിരുന്ന ഓർമ്മയുടെ പൂക്കാലം...
ആശംസാകാർഡുകളെന്നാൽ ക്രിസ്തുമസ് - പുതുവത്സരാശംസകൾ കൈമാറുന്നതിനായിരുന്നു പ്രധാന്യം. ഉണ്ണീശോയുടെയും നക്ഷത്രങ്ങളുടെയും പുൽക്കൂടിന്റെയും മാത്രമല്ല, പൂക്കളും മനുഷ്യരും  മൃഗങ്ങളും  പ്രകൃതിഭംഗിയും ഒക്കെ കാർഡുകളിൽ വർണ്ണവിസ്മയം തീർത്തിരുന്നു. വിലയേറുന്നതിനൊപ്പം കാർഡുകളുടെ മാസ്മരികതയും വർദ്ധിക്കും. എന്തൊക്കെ വൈവിധ്യങ്ങൾ! പിന്നെ ഹൃദയത്തിലേക്കിറങ്ങിച്ചെല്ലുന്ന വാക്കുകളുടെ, വരികളുടെ,  ആർദ്രഭാവങ്ങൾ. ഒപ്പം ജാതിമതഭേദമെന്യേ സ്നേഹാതുരമായി നേരുന്ന ക്രിസ്തുമസ്, പുതുവത്സര  ആശംസകൾ. സുഹൃത്തുകൾക്കും ബന്ധുക്കൾക്കുമൊക്കെ കാർഡുകൾ തിരഞ്ഞെടുക്കുന്നത് എത്ര ശ്രദ്ധാപൂർവ്വമായിരുന്നു! പ്രതീക്ഷയോടെ പോസ്റ്റ്മാനെ കാത്തിരുന്ന ദിനങ്ങൾ .  അങ്ങോട്ടയച്ച സ്നേഹത്തിനു മറുസ്നേഹം കിട്ടാതെവരുമ്പോഴുള്ള പരിഭവവും അതിനെത്തുടർന്നുള്ള പിണക്കങ്ങളും ഇണക്കങ്ങളും .. അങ്ങനെ സംഭവബഹുലമായൊരു ആശംസാക്കാലം. ഓർമ്മകളിൽനിന്നൊരിക്കലും ഇറങ്ങിപ്പോകാത്ത ഒരു വസന്തകാലത്തിന്റെ മനംമയക്കുന്ന പരിമളം പറക്കുന്നു ചുറ്റിലും.

 പ്രിയമുള്ളവർക്ക് ഞാൻ പലപ്പോഴും  കാർഡുകളയച്ചിരുന്നത് സ്വന്തമായി നിർമ്മിച്ചായിരുന്നു. കപ്പ (മരച്ചീനി)ത്തണ്ടിന്റെ പൊങ്ങും പൂക്കളും ഇലകളും പുല്ലും മയിൽപ്പീലിയും  വൈക്കോലും വെൽവെറ്റ് പേപ്പറും  പറങ്കിപ്പശയുംമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ കാർഡുകൾ അയച്ചിരുന്നപ്പോൾ ചിലർ അഭിനന്ദിക്കും. മറ്റുചിലരാകട്ടെ കാശുചെലവാക്കാതെ തരികിടയുമായി ഇറങ്ങിയിരിക്കുന്ന പിശുക്കിയെന്നു പരിഹസിച്ചിട്ടുമുണ്ട്. രണ്ടായാലും എനിക്കു സന്തോഷമായിരുന്നു.

ഇന്നത്തെ കുട്ടികൾക്ക് ചിന്തിക്കാൻപോലും കഴിയില്ല അത്തരമൊരു കാലത്തെക്കുറിച്ച്. ചിലപ്പോൾ അവർക്കിതൊക്കെ ഒരു തമാശയായും  തോന്നാം.
മറ്റെന്തിനെയൊക്കെയോ പോലെ ഗൃഹാതുരതയിലേക്കു ചേക്കേറിയ
ആ കാലം കൂട്ടിച്ചേർക്കാനാവാത്തവിധം എവിടെയോ മുറിഞ്ഞുപോയിരിക്കുന്നു, .
ഇന്നിപ്പോൾ ഗൂഗിളിൽ ഏതുവിധത്തിലുള്ള ആശംസയും സുലഭം. രണ്ടു ക്ലിക്കിൽ എത്തിക്കേണ്ടിടത്ത് ഏതാശംസയും കൃത്യമായി എത്തിക്കാൻ കഴിയും. പക്ഷേ, അന്ന്  പോസ്റ്റ്മാൻ  കൊണ്ടുവന്നുതന്നിരുന്ന കാർഡും അതിലെ മനോഹരമായ ചിത്രങ്ങളും ഹൃദയാവർജ്ജകമായ വാക്കുകളും നൽകിയ ആഹ്ലാദവും സംതൃപ്തിയും ഇന്നത്തെ ഗൂഗിൾ ആശംസകൾക്കില്ല എന്ന് വ്യസനത്തോടെയേ ഓർക്കാനാവൂ. അതുകൊണ്ടാണോയെന്നറിയില്ല, സഫലമാകില്ലെന്നറിയാമെങ്കിലും വെറുതെ മോഹിച്ചുപോകുന്നു ഒരു കാർഡ് ആരെങ്കിലും അയച്ചിരുന്നെങ്കിലെന്ന്. 
(എന്നോ ഉണ്ടാക്കി, അയക്കാതെ മിച്ചംവന്ന ചില  കാർഡുകൾ ഇതോടൊപ്പം)
















No comments:

Post a Comment