Saturday, December 28, 2019

ജർമ്മനിയിലെ ബ്ലാക്ക് ഫോറെസ്റ്റും കുക്കു ക്ളോക്കും


ജർമ്മനിയിലെ  ബ്ലാക്ക് ഫോറെസ്റ്റും കുക്കു ക്ളോക്കും
(വായനാകൗതുകം യാത്രക്കുറിപ്പ് രചനാമത്സരം ഒന്നാം സമ്മാനം ലഭിച്ച രചന )
--------------------------------------------------------------------------------
ഇക്കഴിഞ്ഞ  മെയ്മാസാദ്യത്തിലെ ഒരു സായാഹ്നത്തിലാണ്, യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി ജർമ്മനിയിലെ കൊളോൺ എന്ന നഗരത്തിലെത്തിയത്. അവിടെ വളരെ  പ്രസിദ്ധമായൊരു  കത്തീഡ്രലുണ്ട്. 1248 ൽ നിർമ്മാണം തുടങ്ങിയതാണ് അതിബൃഹത്തായ കൊളോൺ കത്തീഡ്രൽ. ഇപ്പോഴും പണി  തീർന്നിട്ടില്ല. പണിതീർന്നാൽ ലോകാവസാനം എന്നാണ് വിശ്വാസം. (നമ്മുടെ രാജ്യത്തെ ബിർളാമന്ദിരങ്ങളും ഇത്തരമൊരു അന്ധവിശ്വാസം വച്ചുപുലർത്തുന്നതുകൊണ്ടു പണി പൂർത്തീകരിക്കാറില്ലത്രേ.) കൊളോൺ ഒരു വലിയ നഗരമാണെങ്കിലും ഇരട്ടഗോപുരങ്ങളുള്ള ഈ പള്ളിയാണിവിടുത്തെ പ്രധാനകാഴ്ച. അടിമുടി കൊത്തുപണികളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്ന ഒരദ്‌ഭുതനിർമ്മിതിയാണിത്. 515 അടി ഉയരമുള്ള ഈ പള്ളി  1880 മുതൽ 1884 വരെ  ലോകത്തിലെ ഏറ്റവും ഉയരംകൂടിയ നിർമ്മിതിയായിരുന്നു. ബൈബിളിൽ പരാമർശമുള്ള   മൂന്നു വിദ്വാന്മാരുടെ   അൾത്താരകളുണ്ടിവിടെ. മുഖ്യ അൾത്താരയ്ക്ക് 15 അടിയാണുയരം. പതിനൊന്നു മണികളാണ് പള്ളിയിലുള്ളത്. അതിൽ  'ഫാറ്റ് പീറ്റർ'  എന്നു വിളിക്കപ്പെടുന്ന 24 ടൺ ഭാരമുള്ള, ലോകത്തിലെ ഏറ്റവും വലിയ തൂങ്ങിക്കിടക്കുന്ന മണിയായ,  പത്രോസ് പുണ്യാളന്റെ  മണിയും 11 , 6 ടണ്ണുകൾ വീതം ഭാരമുള്ള രണ്ടു മദ്ധ്യകാലഘട്ടമണികളും സന്ദർശകശ്രദ്ധ പതിയുന്നവയാണ്. ഉണ്ണീശോയെ കൈയ്യിലേന്തിയ മാതാവിന്റെ ദാരുശില്പം 1290 ൽ സ്ഥാപിച്ചതാണ്.  പ്രധാന കവാടത്തിൽ പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച ശിൽപാലങ്കാരങ്ങൾ കാണാം. വർണ്ണാങ്കിതമായ ചില്ലുജാലകങ്ങൾ ഈ ദേവാലയത്തിന്റെ മറ്റൊരാകർഷണമാണ്  സാൻഡ്‌സ്‌റ്റോൺ കൊണ്ടു നിർമ്മിച്ച പള്ളി കാലപ്പഴക്കംകൊണ്ട് കറുത്തനിറത്തിലാണ് ഇന്നു  കാണപ്പെടുന്നത്.  ഇരട്ടഗോപുരങ്ങൾതമ്മിൽ പ്രത്യക്ഷത്തിലറിയില്ലെങ്കിലും നേരിയ ഉയരവ്യത്യാസമുണ്ട്. വടക്കേഗോപുരം തെക്കേ ഗോപുരത്തേക്കാൾ 7 സെന്റിമീറ്റർ ഉയരത്തിലാണ്. പള്ളിയങ്കണത്തിൽ നമ്മുടെ ക്ഷേത്രമുറ്റങ്ങളിൽ കാണുന്ന വലിയ കൽവിളക്കുകളോട്  സാമ്യം തോന്നുന്ന ശിലാസ്‌തൂപമുണ്ട്.

കൊളോൺ കത്തീഡ്രലിനോട് വിടപറഞ്ഞ് ഞങ്ങൾ യാത്രതുടർന്നു. രാത്രി താങ്ങാനുള്ള ഹോട്ടലിലേക്കു മുക്കാൽ മണിക്കൂറിലധികം യാത്രയുണ്ട്.  ജർമ്മനിയിലെ ബോൺ ബോൺവിൻഡ്ഹേഗൻ എന്ന സ്ഥലത്തെ ഹോട്ടൽ ഡോർമോറോയിപ്പോൾ  മണി എട്ടുകഴിഞ്ഞിരുന്നെങ്കിലും നല്ല പകൽവെളിച്ചം. ഇവിടെ ഇങ്ങനെയാണ്. വേനൽക്കാലത്തു സൂര്യൻ വൈകിയേ അസ്തമിക്കൂ. ഒമ്പതരയെങ്കിലുമാകും ഇരുട്ടാകാൻ. വെളിച്ചമുണ്ടായിരുന്നെങ്കിലും   തണുപ്പിന്റെ കാഠിന്യത്താൽ പുറംകാഴ്ചകളിലേക്കു പോകാതെ ഭക്ഷണം  കഴിച്ചു സുഖമായി ഉറങ്ങി. അതിരാവിലെതന്നെ ഉണരുകയും ചെയ്തു. ഹോട്ടൽമുറിയുടെ
വെളുത്തജാലകവിരികൾ വകഞ്ഞുമാറ്റി ബ്ലൈൻഡ്‌സ് തുറന്ന് ചില്ലുജാലകത്തിലൂടെ പുറത്തേക്കുനോക്കിയപ്പോൾ പ്രഭാതകാഴ്ച അതിമനോഹരം. വീടുകളും കൃഷിസ്ഥലങ്ങളും മരങ്ങളും അപ്പുറത്തൊരു ചെറിയ മലയും അതിനുമപ്പുറത്ത് ഉയരത്തിലുള്ളൊരു ഗോപുരവും.   മുറി ആറാം  നിലയിലായിരുന്നതുകൊണ്ടു അങ്ങുദൂരെവരെ കാണാം. പക്ഷേ നോക്കിനിൽക്കൻ സമയമില്ല. ഏഴുമണിക്കു ഞങ്ങളുടെ ബസ്സ്    പുറപ്പെടുമെന്നാണ് പറഞ്ഞിരിക്കുന്നത്.   ജർമ്മനിയിലെ പ്രസിദ്ധമായ ബ്ലാക്ക് ഫോറെസ്റ്റിലൂടെയാണ് ബസ്സ്  ദീർഘരൂരം പോകുന്നത്. ആ  യാത്രയവസാനിക്കുന്നത് സ്വിറ്റ്സർലൻഡിലെ ലൂസേണിലും.

ജർമ്മനിയുടെ ഗ്രാമപ്രദേശങ്ങളിലൂടെയുള്ള യാത്ര ഏറെ ഹൃദ്യമായൊരനുഭവമാണ്. അത്ര സുന്ദരമാണ് ഇന്നാടിന്റെ ഭൂപ്രകൃതി. എങ്ങും ഹരിതസമൃദ്ധിയുടെ ദൃശ്യവിസ്മയങ്ങൾ. അരുവികളും പൊയ്കകളുമൊക്കെ ആ ഹരിതഭംഗിക്കു തൊങ്ങൽച്ചാർത്തുന്നു. വെട്ടിയൊരുക്കിയ പുൽമേടുകൾ അതിമനോഹരമാണ്. ഗവൺമെന്റിന്റെയും ഗ്രാമീണരുടെയും കൃഷിക്കാരുടേയുമൊക്കെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്താലാണ് പുൽമേടുകൾ ഇത്ര ഭംഗിയായി പരിപാലിക്കപ്പെടുന്നത്.  പുൽമേടുകളിൽ മേയുന്നുണ്ട്  കന്നുകാലികളും കുതിരകളും ചെമ്മരിയാടുകളും.  ഗ്രാമങ്ങളിലുംമറ്റും ധാരാളം സോളാർപാനലുകൾ കാണാൻ കഴിയുന്നുണ്ട്. കറങ്ങുന്ന കാറ്റാടിയന്ത്രങ്ങളും കുറവല്ല. പല സ്ഥലങ്ങളിലും പള്ളികൾ കാണാം. ഉയരത്തിലുള്ളൊരു സ്തൂപവും അതിനുമുകളിൽ കുരിശും കണ്ടാലറിയാം അതു പള്ളിയാണെന്ന്.  എവിടെയോവെച്ച് റൈൻ നദിയെ മുറിച്ചുകടന്നിരുന്നു. ദീർഘരൂരം ബ്ലാക്ക് ഫോറെസ്റ്റ് എന്ന  വനത്തിലൂടെയാണ് യാത്രയെന്നും വനത്തിനുള്ളിൽവെച്ചാണ് ഉച്ചഭക്ഷണം കഴിക്കുന്നതെന്നുമൊക്കെ ടൂർ ഗൈഡ്  പറഞ്ഞപ്പോൾ ഭാവനയിൽ വിരിഞ്ഞത് ഹിംസ്രജന്തുക്കൾ വിഹരിക്കുന്ന  ഒരു ഘോരവനത്തിന്റെ ചിത്രമായിരുന്നു. പക്ഷേ അത്തരമൊരു വനപ്രദേശം ഈ യാത്രയിലെവിടെയും കാണാനായില്ല. പൈന്മരങ്ങളും ഫർമരങ്ങളും ദേവദാരുക്കളും  വളർന്നുനിൽക്കുന്നൊരു പ്രദേശം അതിനുള്ളിലൂടെ അതിമനോഹരമായ ഹൈവേ. ഓട്ടോബാൻ എന്നറിയപ്പെടുന്ന ഈ ഹൈവേകളധികവും ഹിറ്റ്ലറുടെ കാലത്ത് യുദ്ധാവശ്യങ്ങൾക്കായി നിർമ്മിക്കപ്പെട്ടവയാണ്. ഇന്നും അവ നന്നായി പരിപാലിക്കപ്പെടുകയും പരിഷ്കരിക്കപ്പെടുകയും ചെയ്യുന്നതിനാൽ ലോകോത്തരനിലവാരം പുലർത്തുന്ന റോഡുകളാണവ. വേഗതയ്ക്കു നിയന്ത്രമില്ലെന്നതാണ് ഈ ഹൈവേയുടെ മറ്റൊരു പ്രത്യേകത. ആറുവരിപ്പാതയ്ക്കുപുറമെ കേടുവന്ന വാഹനങ്ങൾ പാർക്കുചെയ്യാനായി സർവീസ് റോഡുകളുമുണ്ട്. 160 കിലോമീറ്ററിലധികം ദൂരം യാത്ര ബ്ലാക്ക് ഫോറെസ്റ്റിനുള്ളിലൂടെയാണ്.



ഭൂമിശാസ്ത്രക്ലാസ്സുകളിൽ ബ്ലാക്ക് ഫോറെസ്റ്റ് എന്ന പേര് പഠിച്ചത് ഖണ്ഡപര്‍വ്വതങ്ങള്‍(Block Mountain) ക്കുദാഹരണമായാണ്. ജർമ്മനിയുടെ തെക്കുപടിഞ്ഞാറൻഭാഗത്ത് ഒരു ദീർഘചതുരം രൂപപ്പെടുത്തി ഈ വനപ്രദേശം വ്യാപിച്ചുകിടക്കുന്നു. ജനവാസം നന്നേ കുറവുള്ള പ്രദേശമാണിത്. അനേകം നാടോടിക്കഥകളുടെ കേന്ദ്രമായ ഇവിടെനിന്നാണ് ബ്ലാക്ക് ഫോറസ്റ്റ് കേക്കും വിഖ്യാതമായ കുക്കൂക്ലോക്കും പിറവിയെടുത്തത്.  കടുത്തപച്ചനിറത്തിലെ ഇലച്ചാർത്തുകൾകൊണ്ടു സമൃദ്ധമായ സ്തൂപികാഗ്രിതവൃക്ഷങ്ങൾ നിബിഡമായി വളർന്നുനിന്നിരുന്ന ഈ വനപ്രദേശത്ത് സൂര്യപ്രകാശം ഭൂമിയിൽ ലെപതിക്കുമായിരുന്നില്ലത്രേ! അങ്ങനെയാണ് ഈ പേരുലഭിച്ചത്.  പക്ഷേ  ഇന്നാ സ്ഥിതിയൊക്കെ മാറി. റോമക്കാരുടെ വരവോടെ വൃക്ഷങ്ങൾ മുറിച്ചുമാറ്റപ്പെട്ടു. നെതെർലാൻഡിലെ കപ്പലുകൾ മുതൽ ജപ്പാനിലെ വീടുകൾവരെ ഉണ്ടാക്കാൻ ഈ വനത്തിലെ തടികൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ടത്രേ.  പതിനേഴാം നൂറ്റാണ്ടിൽ ഈ വനപ്രദേശം ഏതാണ്ട് പകുതിയായെന്നു പറയാം. നട്ടുവളർത്തിയ മരങ്ങൾ വളർന്നുനിൽക്കുന്നതാണ് ഇപ്പോൾകാണുന്ന വനം  . അതത്ര നിബിഡവുമല്ല. മരമില്ലാത്തയിടത്തൊക്കെ പച്ചപ്പുൽമെത്ത. അതിൽ നിറയെ മഞ്ഞനിറത്തിലെ കാട്ടുപൂക്കൾ വിടർന്നുവിലസുന്നു. നയനാഭിരാമമായ ദൃശ്യങ്ങൾ. അതുകൊണ്ടുതന്നെ ഒരു ദീർഘയാത്രയുടെ മുഷിവൊന്നും തോന്നിയതേയില്ല. രണ്ടോ മൂന്നോ മണിക്കൂറിന്റെ ഇടവേളകളിൽ ടോയ്‌ലറ്റ് സൗകര്യത്തിനായി ഗ്യാസ് സ്റ്റേഷനുകളിൽ ബസ്സ് നിറുത്തുകയും ചെയ്യും. അവിടെയൊക്കെ സൂപ്പർമാർക്കറ്റുകളും റെസ്റ്ററന്റുകളും ഉണ്ടാവും.

 നട്ടുച്ചനേരത്താണ് റ്റിറ്റിസീ എന്ന പ്രദേശത്തെ   ഡ്രൂബ എന്ന സ്ഥലത്തെത്തിയത്. ഔട്ടോബാനിൽനിന്നു  വഴിതിരിഞ്ഞ്, കുറച്ചുള്ളിലേക്കുമാറി, ബസ്സ് പാർക്ക് ചെയ്തു. അവിടുന്ന് ഇത്തിരി നടന്നെത്തിയത് ഒരത്ഭുതത്തിന്റെ മുൻപിലാണ്. ഒരു ഭീമൻ കുക്കു ക്ളോക്ക്! ഒരുവലിയകെട്ടിടംതന്നെ കുക്കുക്ലോക്ക് രൂപത്തിൽ രൂപകൽപന ചെയ്തിരുന്നതാണ്. അതിലുള്ള റെസ്റ്ററന്റിലാണ് ഞങ്ങളുടെ ഉച്ചഭക്ഷണം. ഭക്ഷണസമയമായിരുന്നതുകൊണ്ടു കാഴ്ചകളിലേക്കു  പോകാതെ എല്ലാവരും റസ്റ്ററന്റിൽ കടന്നു.  വിഭവവൈവിധ്യങ്ങൾകൊണ്ട്  ഗംഭീരമായൊരു സദ്യ. പക്ഷേ വിഭവങ്ങളിൽ ഏറെ വിശേഷപ്പെട്ട ഒന്നുണ്ടായിരുന്നു. ബ്ലാക്ക്‌ഫോറെസ്റ്റിന്റെ തനതുവിഭവമായ ബ്ലാക്ക്‌ഫോറെസ്റ്റ് കേക്ക്. ഇത്ര സ്വാദിഷ്ടമായൊരു  കേക്ക് ഇതിനുമുമ്പ് കഴിച്ചിട്ടില്ല. ഈ വനപ്രദേശത്തുമാത്രം കണ്ടുവരുന്ന ചില പഴങ്ങളുടെ  സത്താണ്  ഈ കേക്കിന് സവിശേഷമായ സ്വാദു നൽകുന്നത്. ഈ സ്വാദ് ഇവിടെവച്ചുതന്നെ ആസ്വദിക്കാൻകഴിഞ്ഞത് ഒരു വലിയ ഭാഗ്യംതന്നെ.



ഭക്ഷണശേഷമാണ് കുക്കുക്ലോക്ക് പ്രദർശനശാലയും വില്പനകേന്ദ്രവുമൊക്കെ കാണാൻ പോയത്. പതിനാറാം നൂറ്റാണ്ടിലാണ് കുക്കുക്ലോക്ക് ഉദയംചെയ്തത്.   ഈ പ്രദേശത്തെ തടിവീടുകളുടെ ആകൃതിയിലാണ് ഭിത്തിയിൽ തൂക്കിയിടാവുന്ന  ഈ ഘടികാരം രൂപകൽപന ചെയ്തിരിക്കുന്നത്. സ്വാഭാവികമായ ദാരുവർണ്ണമാണ് ഇവയ്ക്ക്.  ഓരോ മണിക്കൂറിലും കിളിവാതിൽ തുറന്നെത്തുന്ന കുയിൽ  കുക്കൂ കുക്കൂ എന്ന് അതിമധുരമായി  കൂവിയശേഷം തിരികെക്കയറിപ്പോകും. കിളിവാതിൽ മെല്ലേയടയും.  പിന്നെ നൃത്തം ചെയ്യുന്ന മിഥുനങ്ങളുടെ വരവായി. എത്രമണിയായെന്നതനുസരിച്ചാണ് ഇവയുടെയൊക്കെ  എണ്ണം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. തടിയിലാണ് ഇതിന്റെ നിർമ്മാണമത്രയും. ലോഹഭാഗങ്ങൾ വളരെക്കുറച്ചുമാത്രം.   പെന്റുലങ്ങൾ പൈൻമരക്കായ്കളാണ്. ധാരാളം ചിത്രപ്പണികൾചെയ്തു മോടിപിടിപ്പിച്ചിരിക്കുന്ന പുറംചട്ടയാണ്.  ഇതിന്റെ നിർമ്മാണരീതി അവർക്കുമാത്രം അറിയുന്നൊരു രഹസ്യമാണ്. ഇന്ന് ആധുനികരീതിയിലും  ഇത്തരം ക്ലോക്കുകൾ നിർമ്മിക്കപ്പെടുന്നുണ്ടെങ്കിലും പൈൻകായപെൻഡുലങ്ങളോടുകൂടിയ  യഥാർത്ഥനിർമ്മാണരീതിയാണ് വിപണിയിൽ കൂടുതൽ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. രണ്ടുവിധത്തിലാണ് ഇതിന്റെ പ്രവർത്തനരീതി ക്രമീകരിച്ചിരിക്കുന്നത്. ഒരുദിവസത്തിന്റേതും എട്ടു ദിനങ്ങളുടേതും. ആദ്യത്തേതിൽ 24 മണിക്കൂറിൽ ചാവികൊടുക്കണം. രണ്ടാമത്തേതിൽ എട്ടുദിവസം കൂടുമ്പോൾ ചാവികൊടുത്താൽ മതിയാവും.



പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ്   കുക്കൂക്ലോക്കുകൾ    ലോകപ്രശസ്തമായത്. അന്യാദൃശമായ സൗന്ദര്യബോധവും ശാസ്ത്രസാങ്കേതികപരിജ്ഞാനവും ഒന്നുചേർന്ന ഈ നിർമ്മാണകൗശലം ലോകം ഇരുകൈയുംനീട്ടി സ്വീകരിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടൂ. മ്യൂസിയത്തിലും  വിപണനശാലയിലും നന്നേ ചെറുതുമുതൽ പത്തടിയിലേറെ വലുപ്പമുള്ള ഭീമൻ ക്ലോക്കുകൾ വരെയുണ്ട്. വിലയും നമ്മെ തൊല്ലൊന്നമ്പരപ്പിക്കും ഇന്ത്യൻ രൂപയിൽ ഏറ്റവും കുറഞ്ഞവിലപോലും 20,000 രൂപയ്ക്കു മുകളിൽവരും. ഉയർന്നുയർന്ന അത് ഇരുപതുലക്ഷംവരെയാകാം.  ക്ലോക്ക് പലരും വാങ്ങുന്നുണ്ടായിരുന്നു. കുഴപ്പമൊന്നുംകൂടാതെ അവ വീട്ടിലെത്തിക്കുകയെന്നത് ക്ലേശകരമാണ്. മാത്രവുമല്ല എന്തെങ്കിലും പ്രവർത്തനത്തകരാറുണ്ടായാൽ അതു പരിഹരിക്കപ്പെടുകയെന്നതും എളുപ്പമുള്ള കാര്യമല്ല. നമ്മുടെ നാട്ടിൽ ഈ ക്ലോക്കിന്റെ സാങ്കേതികവിദ്യ അറിയുന്നവർ ഇല്ലതന്നെ. അതിനെക്കുറിച്ചു പറഞ്ഞപ്പോൾ  ബാംഗ്ലൂരിൽ ഒരു റിപ്പയറിംഗ് സെന്റർ ഉണ്ടെന്ന് ഷോപ്പിൽനിന്നറിയാൻ കഴിഞ്ഞു. വാങ്ങാൻ ഉദ്ദേശമില്ലാതിരുന്നതുകൊണ്ടു മെല്ലേ പുറത്തേക്കിറങ്ങി. അവിടെത്തന്നെ   ഒരു സ്ഫടികകരകൗശലവസ്തുക്കളുണ്ടാക്കുന്ന  ഫാക്ടറിയും പ്രദർശനശാലയും വിപണനകേന്ദ്രവുമുണ്ട്. ഗ്ലാസ്സ്കൊണ്ടു നിർമ്മിച്ച അതിമനോഹരമായ രൂപങ്ങൾ. വിവിധവലുപ്പത്തിലും വർണ്ണത്തിലുമുള്ള രൂപങ്ങളുണ്ട്  ഒരാൾ ഒരുഭാഗത്ത് അതുണ്ടാക്കുന്നതും നമുക്ക് കാണാം. അവിടെയും വില അതിഗംഭീരംതന്നെ.



എല്ലാം നോക്കിയും കണ്ടും നടക്കവേ രണ്ടുമണിയാകാറായി. കുക്കൂക്ളോക്ക് കെട്ടിടത്തിലെ കുയിൽ രണ്ടുപ്രാവശ്യം കൂവാനെത്തുന്നതുകാണാൻ എല്ലാവരും പുറത്തുകടന്നു. കൃത്യസമയത്തുതന്നെ കിളിവാതിൽതുറന്നു പൂങ്കുയിൽ രണ്ടുതവണ കൂകി. പിന്നെ ഉൾവലിഞ്ഞു. ജാലകം മെല്ലെയടഞ്ഞു. അതാ തൊട്ടുതാഴെ ബാൻഡ്മേളവുമൊക്കെയായി നൃത്തം ചെയ്തു യുവമിഥുനങ്ങൾ വൃത്തപഥത്തിൽ നീങ്ങുന്നു. രണ്ടുമണിയായതുകൊണ്ടു രണ്ടു ജോഡികൾ മാത്രമേ വന്നുള്ളൂ. എന്നാലും ആ കാഴ്ച കാണാൻ കഴിഞ്ഞത് അപൂർവ്വസുന്ദരമായൊരു ഭാഗ്യാനുഭവമല്ലേ. പിന്നെയും ഷോപ്പിനുള്ളിലെ കാഴ്ചകളിലേക്ക് തിരിഞ്ഞു. ക്ലോക്കുകൾ പലതും പല സമയം സെറ്റ് ചെയ്തു വെച്ചിരിക്കുകയാണ്. പലതും കുയിലിന്റെ സംഗീതധാര  കേൾപ്പിച്ചു. കുക്കൂക്ലോക്ക് വാങ്ങിയില്ലെങ്കിലും ഒരു സ്വിസ്സ് വാച്ചും ക്രിസ്റ്റൽ സ്റ്റഡും വാങ്ങി അവിടെ നിന്നിറങ്ങി. മടങ്ങാനുള്ള സമയവുമായി.  ബസ്സിനടുത്തേക്കു നടക്കുമ്പോൾ  കുറച്ചപ്പുറത്തുള്ള രണ്ടു മലകളെ ബന്ധിപ്പിച്ചു നിർമ്മിച്ചിരിക്കുന്ന വയഡക്റ്റും(പാലം)  അതിനുമുകളിലൂടെ ഒരു ട്രെയിൻ കടന്നുപോകുന്നതും കാണാൻ കഴിഞ്ഞു.



ഡ്രൂബയിലെ മധുരാനുഭവങ്ങളുടെ സ്മരണകൾ ഹൃദയച്ചെപ്പിൽ സൂക്ഷിച്ച് യാത്ര തുടർന്നു. ജർമ്മനിയുടെ ഗ്രാമക്കാഴ്ചകളിലൂടെ യാത്ര മുന്നേറുകയാണ്. കൃഷിയിടങ്ങളിലും റെയിൽവേട്രാക്കുകളിലുമൊക്കെ ആളുകൾ ജോലിചെയ്യുന്നുണ്ട്. ചില വീടുകളുടെയൊക്കെ മേൽക്കൂര മുഴുവനായി സോളാർപാനൽ    വെച്ചിരിക്കുന്നതും കാണാൻ കഴിഞ്ഞു.  3. 35 ആയപ്പോൾ ജർമ്മനിയുടെ  അതിർത്തിയിലെത്തി. ഇനി സ്വിറ്റ്‌സർലൻഡിലേക്കു കടക്കണം. അവിടുത്തെ കാഴ്ചകൾക്കായി ഹൃദയം മിടിച്ചുകൊണ്ടിരുന്നു.






















Wednesday, November 27, 2019

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 7

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 7

വാഗാ അതിർത്തിയിലെ സായാഹ്നപരേഡ് 

=============================================
രണ്ടു പട്ടണങ്ങൾ - അമൃത്‌സറും ലാഹോറും. അമൃത്‌സർ ഭാരതത്തിലും ലാഹോർ പാകിസ്ഥാനിലുമാണ്. അവയ്ക്കിടയിലെ  അതിർത്തിപ്രദേശമാണ് വാഗാ. 1999 ൽ കാശ്മീരിലെ 'അമൻ സേതു' തുറക്കുന്നതുവരെ  ഇരുരാജ്യങ്ങൾക്കിടയിൽ അതിർത്തി മുറിച്ചുകടക്കുന്ന പാതയുണ്ടായിരുന്നത്  ഇവിടെ മാത്രമാണ്. ആയിരം കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ഇന്ത്യ പാക്കിസ്ഥാൻ അതിർത്തിയിൽ ഇരു രാജ്യങ്ങളിലേക്കുമുള്ള ഏക പ്രവേശന കവാടമാണിത്.  ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന  പ്രസിദ്ധമായ ഗ്രാൻഡ്  ട്രങ്ക് റോഡിലാണ് ഈ റാഡ്ക്ലിഫ് രേഖ കടന്നുപോകുന്നത്. 1947 ൽ ഇന്ത്യ - പാകിസ്ഥാൻ വിഭജനത്തിലാണ് വാഗാ രണ്ടായി വിഭജിക്കപ്പെട്ട്, രണ്ടു രാജ്യങ്ങളുടെ ഭാഗമായത്. ഇന്ന് കിഴക്കൻ വാഗാ ഇന്ത്യയുടെ ഭാഗമാണ്. ഏഷ്യയുടെ ബെർലിൻ മതിലെന്നും വാഗാതിർത്തി അറിയപ്പെടുന്നു.  1959 മുതൽ  എല്ലാദിവസവും വൈകുന്നേരം  വാഗതിര്‍ത്തിയില്‍  പാതാക താഴ്ത്തല്‍ (ബീറ്റിംഗ് റിട്രീറ്റ്)  എന്ന ചടങ്ങ് നടന്നു വരുന്നു. ഈ സമയത്ത് അതിര്‍ത്തിയില്‍ ഇന്ത്യയുടെ അതിര്‍ത്തിരക്ഷാസേനയുടേയും (BSF) പാക്കിസ്ഥാന്റെ പാകിസ്ഥാൻ  റേഞ്ചേഴ്സിന്റേയും അത്യുജ്ജ്വലവും ആവേശഭരിതവുമായ സൈനിക പരേഡുകള്‍ നടക്കാറുണ്ട്. ഒരേസമയം രണ്ടു രാജ്യങ്ങളുടെ  പരസ്പരസ്പർദ്ധയുടെയും തമ്മിലുള്ള സാഹോദര്യം പകർന്നേകുന്ന ഏകതയുടെയും പ്രതീകമാക്കുന്നു ഈ അനുഷ്ഠാനം.  ഈ ചടങ്ങിൽ പങ്കുകൊള്ളാനായി ധാരാളംപേർ ദിനംതോറും ഇവിടെയെത്തുന്നു.  തദ്ദേശീയരെന്നപോലെ വിദേശികളും ചടങ്ങുകൾ വീക്ഷിക്കാൻ ആവേശത്തോടെ എത്തുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്.  ഇത് വെറുമൊരു വിനോദയാത്രയുടെ ഭാഗമല്ല. മറിച്ച് ദേശസ്നേഹത്തിന്റെയും ദേശാഭിമാനത്തിന്റെയും അവിസ്മരണീയമായ അനുഭവം പകർന്നുനൽകുന്ന അനുഭൂതിദായകമായൊരവസരമാണ്. 

അമൃത്‌സറിലെ സുവർണ്ണക്ഷേത്രദർശനവും ജാലിയൻവാലാബാഗിലെ സന്ദർശനവും കഴിഞ്ഞ് വാഗാബോർഡറിലെ ബീറ്റിംഗ് റിട്രീറ്റ് എന്ന  'വാഗ ബോർഡർ ഫ്ലാഗ്  സെറിമണി'യിൽ പങ്കെടുക്കാനായിരുന്നു ഞങ്ങളുടെ യാത്ര. മുപ്പതുകിലോമീറ്ററിൽത്താഴെ ദൂരമേ അവിടേയ്ക്കുള്ളു. നാലരയ്ക്കാണ് പരേഡ് നടക്കുന്ന സ്റ്റേഡിയത്തിലേക്കു പ്രവേശനം .  എങ്കിലും ഒന്നരമണിക്കൂർ മുമ്പേയെങ്കിലും അവിടെയെത്തിയാൽ മാത്രമേ വിശദമായ സുരക്ഷാപരിശോധനകളും  മറ്റും കഴിഞ്ഞ് ചടങ്ങുകൾ വീക്ഷിക്കാൻ കഴിയൂ. എല്ലാദിവസവും നല്ല തിരക്കുമുണ്ടാവും. സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങൾ പരിമിതവുമാണ്.  അതുകൊണ്ടുതന്നെ എല്ലാവർക്കും പ്രവേശനം ലഭിച്ചുവെന്നും വരില്ല.

ഗ്രാൻഡ് ട്രങ്ക് റോഡിലൂടെയാണ്  അമൃത്സറിൽനിന്ന് വാഗാതിർത്തിയിലേക്കുള്ള യാത്ര. ഏറെ പ്രത്യേകതകളുള്ളൊരു സഞ്ചാരപഥമാണിത്. 2500ലേറെ വർഷങ്ങൾ പഴക്കമുള്ളതും 2700 കിലോമീറ്ററിലേറെ നീളമുള്ളതുമായ ഈ പാത, ഏഷ്യയിലെതന്നെ ഏറ്റവും പഴക്കമുള്ളതും ദൈർഘ്യമുള്ളതുമായ  ഗതാഗതമാർഗ്ഗമാണ്.  ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ ആരംഭിച്ച്, ഇന്ത്യയും പാകിസ്ഥാനും കടന്ന്, അഫ്‍ഗാനിസ്ഥാനിലെ കാബുൾവരെ ഈ പാത നീളുന്നു. ചന്ദ്രഗുപ്തമൗര്യന്റെ കാലത്തു തുടക്കമിട്ട്, അശോകന്റെ കാലത്തു വിപുലീകരിക്കപ്പെട്ട് , ഷേർഷായുടെയും മുഗളരുടെയും  കാലത്തു നിരവധിതവണ പുനർനിർമ്മിക്കപ്പെട്ട്,  ഒടുവിൽ ബ്രിട്ടീഷുകാരുടെ കാലത്ത് ആധുനികവത്കരിക്കപ്പെട്ട്  ഏതാണ്ട് പൂർണ്ണത കൈവരിച്ച സുദീർഘമായൊരു ചരിത്രമുണ്ട് ഈ പന്ഥാവിന്. എത്രയെത്ര അധിനിവേശങ്ങൾക്കും മഹായുദ്ധങ്ങൾക്കും നിർണ്ണായകമായ ചരിത്രമുഹൂർത്തങ്ങൾക്കും സാക്ഷിയാണ് ഈ മഹാരഥ്യ! അമൃത്‌സറിൽനിന്നു വാഗാതിർത്തിയിലേക്ക് ഈ പാത  കടന്നുപോകുന്നത് പഞ്ചാബിന്റെ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങൾക്കിടയിലൂടെയാണ്.  അസുലഭമായൊരു അനുഭൂതിവിശേഷമാണ് ആ യാത്ര സഞ്ചാരികൾക്കു പകർന്നേകുന്നത്. നോക്കെത്താദൂരം പരന്നുകിടക്കുന്ന ഗോതമ്പുവയലുകൾ, വഴിയോരങ്ങളിൽ തണൽമരങ്ങൾ, ഇടയ്ക്കിടെ ചെക്ക്പോസ്റ്റുകൾ, ചെറുകവലകൾ  അങ്ങനെ കാഴ്ചകൾ നീണ്ടുപോകുന്നു.

റെയിൽമാർഗ്ഗമാണ് യാത്രയെങ്കിൽ അട്ടാരി എന്ന സ്റ്റേഷനിൽ ഇറങ്ങി അതിർത്തിയിലേക്കു പോകണം. അമൃത്‌സറിൽനിന്ന്  അട്ടാരിയിലേക്ക്  40 മിനിട്ട് ട്രെയിൻയാത്രയുണ്ട്‌. സ്റ്റേഷനിൽനിന്ന്  സൈക്കിൾറിക്ഷയിലോ  ബസ്സിലോ കാറിലോ അതിർത്തിയിലെത്താം.  മൂന്നു ഘട്ടമായി കർശനമായ സുരക്ഷാപരിശോധനകൾക്കും വിധേയരാകണം. വിദേശികൾക്കു നിശ്ചയമായും  പാസ്പോർട്ട് കാണിക്കേണ്ടതായിവരും. അവർക്കു പ്രത്യകം ക്യൂ ഉണ്ട്.   ബാഗുകളും മറ്റും പരേഡ് നടക്കുന്നിടത്തേക്കു കൊണ്ടുപോകാനാവില്ല. മൊബൈലും കാമറയും കൊണ്ടുപോകാൻ അനുവാദമുണ്ട്.   സൂര്യതാപത്തെ പ്രതിരോധിക്കാൻ തൊപ്പിയും വെള്ളവുമൊക്കെ കരുതുന്നത് നന്നായിരിക്കും. ഒരു കോൺക്രീറ്റ് കവാടം കടന്നാണ് പരേഡ് നടക്കുന്ന സ്റ്റേഡിയത്തിലേക്കു നയിക്കുന്ന  പാത പോകുന്നത്. ദീർഘവൃത്താകൃതിയിലുള്ള ഒരു സ്റ്റേഡിയത്തെ അതിർത്തിരേഖ രണ്ടായി വിഭജിക്കുന്നു. ഇപ്പുറത്ത് ഇന്ത്യയും അപ്പുറത്ത് പാകിസ്ഥാനും  നാലുമണിയാകുമ്പോൾ ആ സ്റ്റേഡിയത്തിന്റെ  അകത്തു കടക്കാൻ കഴിയും.  അതിർത്തിയിലെ ഗേറ്റിനപ്പുറത്തെ പാകിസ്ഥാൻ ഭാഗത്തു 'ബാബ് ആസാദി' എഴുതിയിരിക്കുന്ന വലിയൊരു കോൺക്രീറ്റ്  കവാടം കാണാം. അതിർത്തിരേഖയിലെ ഇരുമ്പുഗേറ്റുകൾക്കിരുപുറവുമായി  രണ്ടുരാജ്യങ്ങളുടെയും ഗാലറികൾ ഒരുക്കിയിട്ടുണ്ട്. അവിടെയിരുന്നാണ് ചടങ്ങുകൾ വീക്ഷിക്കേണ്ടത്.   ഗാലറിയിൽ ആദ്യമാദ്യമെത്തുന്നവർക്കാണ്‌  സൗകര്യപ്രദമായ ഇരിപ്പിടം ലഭിക്കുന്നത്. അതുകൊണ്ട് എത്രയും നേരത്തെ ടിക്കറ്റ് കൗണ്ടറിലെ  ക്യൂവിലെത്തിയാൽ അത്രയും നന്ന്. നല്ല ജനത്തിരക്കായിരുന്നെങ്കിലും  ഞങ്ങൾക്കും സാമാന്യം ഭേദപ്പെട്ട രീതിയിൽ പരേഡ് കാണത്തക്കവിധത്തിൽ ഇരിപ്പിടങ്ങൾ ലഭിച്ചിരുന്നു. ഇരുഭാഗത്തേയും ഗാലറികൾ തിങ്ങിനിറഞ്ഞിരുന്നു.

 ദേശഭക്തിഗാനങ്ങൾകൊണ്ടും 'ജയ് ഭാരത് മാതാ' വിളികൾകൊണ്ടും മുഖരിതമായ അന്തരീക്ഷം.   അപ്പുറത്തെ  ഗാലറിയിൽനിന്ന് 'ജിയേ ജിയേ പാകിസ്ഥാൻ' വിളികൾ മുഴങ്ങുന്നു.  നമ്മുടെ   സൈനികോദ്യോഗസ്ഥർ  മൈക്കിലൂടെ  സന്ദർശകരെ ഭാരതാംബയ്ക്കു ജയ് വിളിക്കുന്നതിനായി ആവേശത്തോടെ ആഹ്വാനം  നൽകുന്നുണ്ട്. കൂടുതൽ ഉച്ചത്തിൽ ജയ്‌വിളിക്കുന്നതിനായി പ്രേരിപ്പിക്കുന്നു. ദേശഭക്തിഗാനങ്ങളുടെ താളത്തിനൊപ്പം ആവേശത്തോടെ നൃത്തം ചെയ്യുന്നവരെയും കാണാം. സ്ത്രീകളാണ് നർത്തകർ. ഈ ഗാനങ്ങളുടെ വരികൾ നമ്മുടെ ഓരോ രോമകൂപങ്ങളിലും ആവേശോജ്ജ്വലമായൊരു വികാരതീവ്രതയെ കോരി നിറയ്ക്കും. ഇന്ത്യയെന്ന മഹത്തായ വികാരത്തെ, മാതൃരാജ്യമെന്ന പുണ്യചിന്തയെ അവിടെയുള്ള  ഓരോ ഭാരതീയന്റെയും അന്തരാത്മാവിലേക്ക് അഗ്നിജ്വാലയായ് പടർത്തുന്ന മാസ്മരികത അവിടെ നമുക്കനുഭവിച്ചറിയാം. കത്തിജ്വലിച്ചുനിൽക്കുന്ന സായാഹ്നസൂര്യനേക്കാൾ ശക്തിയിൽ ജ്വലിക്കുന്ന ദേശസ്നേഹം!  (താരതമ്യേന ദേശഭക്തി പുറമേ പ്രകടിപ്പിക്കാത്ത  തെക്കേയിന്ത്യക്കാർക്കുപോലും അതനുഭവേദ്യമാകുന്നു എന്നതാണ് വസ്തുത. )


ചടങ്ങുകൾക്കുള്ള സമയമായപ്പോൾ ഒരു സൈനികോദ്യോഗസ്ഥൻ bellowing നടത്തി. അതോടെ എല്ലാവരും നിശ്ശബ്ദരായി. പരിപാടികളുടെ അവതാരകനായ ഉദ്യോഗസ്ഥൻ ഉച്ചത്തിൽ ജയ് ഹിന്ദും വന്ദേ മാതരവും ചൊല്ലി,  ജനങ്ങളെക്കൊണ്ട് അതേറ്റു ചൊല്ലിച്ചു. തുടർന്ന് നടന്ന, അദ്ദേഹത്തിന്റെ വികാരനിർഭരമായ  പ്രഭാഷണത്തിലെ  ഓരോ വാക്കുകളും ദേശസ്നേഹത്തെ ഉലയൂതിയുണർത്തുന്നതായിരുന്നു. ഗാലറിയിലിരുന്ന ഏതാനും  പെൺകുട്ടികൾക്ക് പതാക കൈയിലേന്തി ഗേറ്റ് വരെ ഓടാനുള്ള അവസരവും കൊടുത്തു. ഒടുവിലായി  ഓടിയ   കുട്ടികൾ  പതാക അതിർത്തിഗേറ്റിനടുത്തുള്ള ഭടനെ പതാകയേല്പിച്ചു മടങ്ങി. പിന്നീട് പ്രധാനചടങ്ങുകൾ തുടങ്ങുകയായി. ആറുമണിയായിട്ടുണ്ടപ്പോൾ. അശ്വാരൂഢരായ ഭടന്മാരുടെ ഊഴമാണാദ്യം. പിന്നെ അതിർത്തിരക്ഷാഭടന്മാരുടെ വരവായി. പ്രത്യേകമായ തലപ്പാവുധരിച്ച കാക്കിവേഷധാരികളായ ഭടന്മാരുടെ മാർച്ചിങ് സവിശേഷമായ രീതിയിലാണ്. ഇടയ്ക്ക് കാൽ വളയ്ക്കാതെ തലയ്ക്കുമുകളിലേക്കുയർത്തി  ആഞ്ഞു  താഴേക്ക് ചവുട്ടിയാണ് പോകുന്നത്. അവർ അതിർത്തിയിലെ ഇരുമ്പുഗേറ്റിനടുത്തെത്തുമ്പോൾ അത് തുറക്കപ്പെടും. അതേസമയം സമാനമായ ഭാവഹാവാദികളോടെ പാകിസ്ഥാൻ ഭടന്മാരും പച്ചയുണിഫോമണിഞ്ഞ്  അവരുടെ ഗേറ്റിലെത്തിയിരിക്കും. ഇരുഗേറ്റുകൾക്കിടയിലുള്ളത്  'നോമാൻസ് ലാൻഡാ'ണ്. രണ്ടുഭാഗത്തുനിന്നും ഓരോഭടന്മാർ അങ്ങേയറ്റം ക്രോധം പ്രകടമാക്കുന്ന രീതിയിൽ കാലുയർത്തി ആഞ്ഞുചവുട്ടി ആക്രോശിക്കുന്നു , അതാവർത്തിക്കുന്നു. ഒരു യുദ്ധത്തിനുള്ള പുറപ്പാടാണോ എന്നു  തോന്നിപ്പോകും.  പിന്നെ അവർ പിന്മാറും. എന്തിനാണിവരിങ്ങനെ സ്പർദ്ധ പ്രകടിപ്പിക്കുന്നതെന്നു ചിന്തിച്ചുപോകും. (2010 ൽ പാകിസ്ഥാൻ ജനറലിന്റെ തീരുമാനപ്രകാരം ഈ ശൗര്യത്തിന് ഇത്തിരി കുറവ് വരുത്തിയിട്ടുണ്ട് എന്നാണറിവ്.) നമ്മുടെ മനസ്സിൽ രാജ്യസ്നേഹം ഇരമ്പുമെങ്കിലും  വിദേശികളായ കാഴ്ചക്കാർക്ക് കൗതുകമുളവാക്കുന്നൊരു കാഴ്ചയാണിത്.  ഈ സമയത്തൊക്കെ ഗാലറിയിലോ, പരേഡുസ്ഥലത്തോ അനിഷ്ടമായൊന്നും  സംഭവിക്കാതിരിക്കാൻ ഇരുഭാഗത്തേയും  സൈനികർ സദാ ജാഗരൂകരാണ്. ഒടുവിൽ ഇരുരാജ്യങ്ങളുടെയും കൊടിമരങ്ങളിൽ, ഒരേ ഉയരത്തിൽ  പാറിക്കളിക്കുന്ന  പതാകകൾ താഴ്ത്തി, നമ്മുടെ ത്രിവണ്ണപതാക മടക്കിയെടുത്ത് ഏതാനുംജവാന്മാർ മടങ്ങുന്നു.  പിന്നീട്   ഇരുവശത്തേയും ഭടന്മാർ സല്യൂട്ട് ചെയ്ത് , പരസ്പരം കൈകൊടുത്ത് അവരവരുടെ ഗേറ്റുകൾ അടച്ചുപൂട്ടി മടങ്ങും.  പതാകകൾ താഴ്ത്തുന്നവേളയിൽ അവയുടെ ചരടുകൾ X ആകൃതിയിൽ രൂപംകൊള്ളും. പതാക  മടക്കി ഭദ്രമായി സൂക്ഷിക്കുന്നതോടെ ഒരുമണിക്കൂറോളം ദൈർഘ്യമുള്ള  ചടങ്ങുകൾ അവസാനിക്കും.   അപ്പോഴേക്കും ഒരുപകൽ നീണ്ട മാർച്ച്പാസ്റ്റ് കഴിഞ്ഞു സൂര്യനും അന്തിയുറങ്ങാൻ പോയിരിക്കും. പ്രത്യേകമായ പരിശീലനവും നിരന്തരാഭ്യാസവുമുള്ള സൈനികോദ്യാഗസ്ഥന്മാരായിരിക്കും ഫ്ലാഗ് സെറിമണിക്കായി നിയോഗിക്കപ്പെടാറുള്ളത്.

ഈ സമയമത്രയും ഇന്ത്യയെന്ന ഒരു വികാരം മാത്രം അകക്കാമ്പിൽ ജ്വലിപ്പിച്ച്,  ജാതിമതദേശഭേദങ്ങൾ മറന്ന് ഒരേ മനസ്സോടെ അവിടെയിരുന്ന ഭാരതമക്കൾക്ക് ഇനി  മടങ്ങാം. ഇന്നോളം അനുഭവിച്ചിട്ടില്ലാത്തൊരു ഏകതാബോധം അവരിലോരോരുത്തരുടേയും ഹൃദയത്തെ കീഴടക്കിയിട്ടുണ്ടാവും കഴിഞ്ഞുപോയ ഭാഗ്യനിമിഷങ്ങളിൽ.  ഈ സായാഹ്‌നം ഒളിമങ്ങാത്തൊരോർമ്മയായി ആ ഹൃദയങ്ങളിൽ അന്ത്യനിമിഷം വരേക്കും നിലനിൽക്കും, തീർച്ച. മറ്റെവിടേക്കു യാത്രപോയില്ലെങ്കിലും ഓരോ ഭാരതീയനും വാഗാതിർത്തിയിലെ ഈ ഫ്ലാഗ് സെറിമണിയിൽ ഒരിക്കലെങ്കിലും പങ്കെടുക്കണമെന്നാണ് എന്റെ  അഭിപ്രായം. നാം ഭാരതീയരാണെന്ന് അഭിമാനത്തോടെ ചിന്തിക്കാൻ,  പറയാൻ അത് നമ്മെ കൂടുതൽക്കൂടുതൽ  ശക്തരാക്കും.














Saturday, November 23, 2019

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 6

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ  - 6

സുവർണ്ണക്ഷേത്രവും ജാലിയൻവാലാബാഗും  

=========================================

പത്രത്താളുകളിലും ടെലിവിഷനിലുമൊക്കെ സുപരിചിതമായ ദൃശ്യമായിരുന്നു  വടക്കൻ പഞ്ചാബിലെ പട്ടണമായ  അമൃത്‌സറിലെ സുവർണ്ണക്ഷേത്രം. ലോകത്താകമാനമുള്ള  സിക്കുമതസ്ഥരുടെ  ഏറ്റവും പ്രധാനപ്പെട്ട ആരാധനാകേന്ദ്രം- ഗുരുദ്വാര. 'ഹർമന്ദിർ സാഹിബ്' എന്നാണ് ഈ ഗുരുദ്വാരയുടെ  ശരിയായ നാമം. സിക്കുകാരുടെ വത്തിക്കാനെന്നാണ്  അമൃത്സറിലെ സുവർണ്ണക്ഷേത്രം അറിയപ്പെടുന്നത്. ആരാധനയുടെ മാത്രമല്ല, വിഘടനവാദത്തിന്റെയും  ഭീകരതയുടെയും കലാപത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയുമൊക്കെ ധാരാളം കഥകൾ പറയാനുണ്ട് ഈ പുണ്യസങ്കേതത്തിന്. ഇന്ദിരാഗാന്ധിയുടെ കാലത്തെ ബ്ലൂസ്റ്റാർ ഓപ്പറേഷനും നമുക്കു മറക്കാനാവില്ലല്ലോ. 

ഒരുപാടു പ്രത്യേകതകളുള്ള ഈ ക്ഷേത്രത്തിന്റെ സ്ഥിതിസ്ഥാപനമാണ് ആദ്യംതന്നെ നമ്മുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. പ്രശസ്തങ്ങളായ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും പൊതുവെ ഉയർന്ന സ്ഥലങ്ങളിലായിരിക്കും സ്ഥാപിതമായിരിക്കുന്നത്. എന്നാൽ ഈ ക്ഷേത്രം ആർക്കും ബുദ്ധിമുട്ടില്ലാതെഎത്തിച്ചേരാവുന്ന വിധത്തിൽ താരതമ്യേന  ഉയരംകുറഞ്ഞഭാഗത്താണ് നിർമ്മിതമായിരിക്കുന്നത്.  ചുറ്റുമതിൽപോലെ പണിതുയർത്തിയിരിക്കുന്ന 'ദർശനി ദിയോരഹി' എന്നറിയപ്പെടുന്ന രണ്ടുനിലയിലുള്ള  കെട്ടിടസമുച്ചയത്തിനുള്ളിലെ തടാകത്തിനു മദ്ധ്യത്തിലാണ് സുവർണ്ണക്ഷേത്രം.  നാലു കൂറ്റൻ വാതിലുകളിലൂടെ ഭക്തർക്ക് ഉള്ളിൽ പ്രവേശിക്കാം.  ആദ്യ സിക്ക്ഗുരുവായ ഗുരുനാനാക്ക് ധ്യാനിച്ചിരുന്നിടത്താണ് ഈ ക്ഷേത്രഭാഗം  നിലകൊള്ളുന്നത്. (ശ്രീബുദ്ധനും ഇവിടെ ധ്യാനിച്ചിരുന്നു എന്ന വിശ്വാസവുമുണ്ട് .) അവിടേക്കുപോകാൻ തടാകത്തിലൂടെ   നടപ്പാതയുമുണ്ട്.   തൂവെള്ള മാർബിളിലാണ് ക്ഷേത്രം    നിർമ്മിച്ചിരിക്കുന്നത്. പകുതിക്കുമുകളിൽ  മുഴുവനായി സ്വർണ്ണം പൊതിഞ്ഞിരിക്കുന്നു. ശുഭ്രവർണ്ണവും സ്വർണ്ണവർണ്ണവും  മാത്രമേ ഇതിൽ നമുക്ക് കാണാൻ കഴിയൂ. ലളിതമെങ്കിലും അതിമനോഹരമാണ് ഇതിന്റെ നിർമ്മാണം. മൂന്നുനിലകളായാണ് ക്ഷേത്രം നിലകൊള്ളുന്നത്. ഒരുനില ഭൂനിരപ്പിനു താഴെയാണ്. സരോവരത്തിലെ ജലം വറ്റുമ്പോൾ മാത്രമേ പുറമെനിന്ന് ആ ഭാഗം കാണാൻ കഴിയൂ. അതിനുമുകളിലുള്ള നിലയിലാണ് ഗുരുഗ്രന്ഥസാഹിബ്. ഏറ്റവും മുകളിൽ ശീഷ്മഹൽ. ക്ഷേത്രവും തടാകത്തിലെ അതിന്റെ പ്രതിബിംബവുമൊക്കെച്ചേർന്ന കാഴ്ച അതിമനോഹരമാണ്.  ജാതിമതവർണ്ണഭേദമില്ലാതെ ഏവർക്കും പ്രവേശിക്കാനും ആരാധനനടത്തുവാനും കഴിയുന്നൊരു ആത്മീയകേന്ദ്രമാണ് ഈ ക്ഷേത്രം. പക്ഷേ അകത്തേക്കു കടക്കണമെങ്കിൽ കുട്ടികളടക്കം എല്ലാവർക്കും തലമുടി പുറത്തുകാണാത്തവിധത്തിലുള്ള    ശിരോവസ്ത്രം വേണമെന്ന് നിർബ്ബന്ധമുണ്ട്. അതറിയാതെ അവിടെയെത്തുന്നവർക്കു തല മറയ്ക്കുന്നതിനായി സ്കാർഫ് അവിടെനിന്നുതന്നെ ലഭിക്കുന്നതുമാണ്. (തമിഴ് സ്ത്രീകൾ വിധവകളാണെങ്കിൽ മാത്രമേ ശിരസ്സ് വസ്ത്രംകൊണ്ടു മറയ്ക്കാറുള്ളു. അതിനാൽ വിസമ്മതം പറഞ്ഞ ഒരു  തമിഴ്സ്ത്രീക്ക് അവിടെ പ്രവേശനം  നിഷേധിച്ചത്  ഓർമ്മയിൽ വരുന്നു.) 

'സിക്ക് ഗുരുദ്വാര'യാണെങ്കിലും ഇതിന്റെ ശിലാസ്ഥാപനം നടത്തിയത് മിർ  മിയാൻ എന്ന മുസ്ലിം ദിവ്യനായിരുന്നു. എ.ഡി 1585 ല്‍ ഗുരു രാംദാസിന്റെ നേതൃത്വത്തില്‍ ക്ഷേത്രനിര്‍മ്മാണം തുടങ്ങുകയും 1604 ല്‍ ഗുരു അര്‍ജ്ജുന്‍ ദേവിന്റെ കാലത്ത് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഒരു ദിവസം ഒരു ലക്ഷത്തിലധികം സന്ദർശകരെത്തുന്ന സുവർണ്ണക്ഷേത്രത്തിലെ   സന്ദർശകരിൽ  നാല്പതുശതമാനത്തോളം ഇതരമതസ്ഥരാണ് എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളിലൊന്നാണ്. സിക്കുമതത്തിന്റെ പുണ്യഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിലെ മന്ത്രങ്ങൾ  സദാ മുഴങ്ങിക്കൊണ്ടിരിക്കുന്ന ക്ഷേത്രാന്തരീക്ഷം ശാന്തിയുടെയും സമാധാനത്തിന്റെയും കേദാരമാണ്. സരോവരത്തിലെ ജലം പുണ്യതീർത്ഥമായി  കരുതപ്പെടുന്നു.  ഇവിടെ സ്നാനം ചെയ്തു ദേഹശുദ്ധിവരുത്തിയോ കൈകാലുകൾ കഴുകിയശേഷമോ ക്ഷേത്രത്തിൽ പ്രവേശിക്കാം. നീണ്ട ക്യൂവിൽ നിന്നശേഷമേ അകത്തുകയറാൻ  കഴിയൂ. 

ഒരുപക്ഷേ ലോകത്തുതന്നെ മറ്റെവിടെയുമില്ലാത്ത മതഗ്രന്ഥാരാധന ഈ ക്ഷേത്രത്തിലെ ഒരു സവിശേഷതയാണ്. രാത്രിയിൽ 'അകാൽതക്ത് എന്ന മുറിയിൽ സൂക്ഷിക്കുന്ന, ഗുരുഗ്രന്ഥസാഹിബ് എന്ന വിശുദ്ധഗ്രന്ഥം കാലത്ത്  പ്രധാനാഹാളിലേക്കു പട്ടിൽപ്പൊതിഞ്ഞ് ഘോഷയാത്രയായിക്കൊണ്ടുവന്നു പാൽകൊണ്ടു കഴുകിയ പീഠത്തിൽ വെച്ച് പകൽ മുഴുവൻ  ആരാധിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്നു.    പാരായണം നടത്തുന്നവരെ ഗ്രന്ഥി എന്നാണു വിളിക്കുന്നത്. മൂന്നുമണിക്കൂർ ഇടവിട്ട് ഇവർ മാറിക്കൊണ്ടിരിക്കും. വൈകുന്നേരം ഗുരുഗ്രന്ഥസാഹിബിനെ പല്ലക്കിൽ അകാൽതക്തിലേക്കു കൊണ്ടുപോകും. 'പൽക്കിസാഹിബ്' എന്നാണ് ഈ ചടങ്ങറിയപ്പെടുന്നത്. രാത്രികാലങ്ങളിൽ ഗ്രന്ഥത്തിന് അകാൽതക്തിൽ 'സുഖാസൻ' ആയിരിക്കും. 

ഏറെ അതിശയകരമായിത്തോന്നിയത് 'ലംഗാർ' എന്നറിയപ്പെടുന്ന അന്നദാനമാണ്. ഇവിടെയെത്തുന്ന എല്ലാ സന്ദർശകർക്കും വിഭവസമൃദ്ധമായ  ഈ ഭക്ഷണം ലഭ്യമാണ്.  ഈശ്വരപ്രസാദമായിട്ടാണ് ഭക്തർ ഇത് സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഗുരുദ്വാരയിലെത്തുന്ന  എല്ലാവരും ഭക്ഷണം കഴിച്ചേ മടങ്ങാറുള്ളു. രണ്ടു ഹാളുകളിലായി അയ്യായിരം പേർക്ക് ഒരുസമയം ഭക്ഷണം കഴിക്കാനാവും.  ചില ദിവസങ്ങളിൽ ഒരുലക്ഷംപേർവരെ ലംഗാറിൽ പങ്കുകൊള്ളാറുണ്ട്. നിലത്തു നിരയായി വിരിച്ചിരിക്കുന്ന പായകളിലിരുന്നുവേണം ഭക്ഷണം കഴിക്കാൻ.  ഭക്ഷണം തയ്യാറാക്കുന്നതും വിളമ്പുന്നതും പാത്രങ്ങൾ കഴുകുന്നതുമൊക്കെ ക്ഷേത്രത്തിലെ ഭക്തർ തന്നെയാണ്. സ്ത്രീപുരുഷഭേദമെന്യേ അതിസമ്പന്നർപോലും ഇവിടെ സന്തോഷത്തോടെ ഈ ജോലികൾ ചെയ്തുവരുന്നു. അങ്ങേയറ്റം ശുചിത്വത്തോടെയാണ് ഭക്ഷണം തയ്യാറാക്കുന്നതും വിളമ്പുന്നതും എന്നത് ഏറെ ശ്രദ്ധേയമാണ്. തികച്ചും സൗജന്യമായാണ് ഭക്ഷണം നല്കുന്നതെങ്കിലും  ഭക്തർക്ക് വേണമെങ്കിൽ പണം സംഭാവനയായി നൽകുകയുമാവാം.

ക്ഷേത്രത്തിൽനിന്നിറങ്ങിയശേഷം കുറച്ചുസമയം അമൃത്സറിലെ തെരുവു കളിലൂടെയൊക്കെ പൊരിവെയിലത്തുനടന്ന് , സ്വാദേറിയ ലസ്സി കുടിച്ച്, പിന്നീടു പോയതു ഇന്ത്യാചരിത്രത്തിലെ കണ്ണീരോർമ്മയായ ജാലിയൻവാലാബാഗിലേക്കാണ്. സുവർണ്ണക്ഷേത്രത്തിനു വളരെയടുത്താണിത്. ചുറ്റുമതിലുകളാൽ ബന്ധനസ്ഥമായ,  ഏഴേക്കറോളം വിസ്തൃതമായൊരു പൊതു ഉദ്യാനമാണിത്. ജാലിയന്‍വാലാബാഗിന്റെ ചരിത്രം രേഖപ്പെടുത്തുന്ന ഫലകം ഉദ്യാനത്തിന്റെ കവാടത്തിലായി സ്ഥാപിച്ചിട്ടുണ്ട്‌. അവിടെ സന്ദർശിക്കുന്നവരിൽ ഉള്ളിന്റെയുള്ളിൽനിന്നൊരു തേങ്ങലുയരാത്തവർ ആരുമുണ്ടാവില്ല.

 1919 ഏപ്രിൽ 13ന് സിഖ് പുതുവർഷ  ഉത്സവമായ ബൈശാഖി ആഘോഷിക്കാനായി കൂടിയ ജനത്തിനു  നേരെ ജനറൽ ഡയറിന്റെ ആജ്ഞപ്രകാരം സൈന്യം വെടിയുതിർക്കുകയായിരുന്നു. നിരായുധരായ, വൃദ്ധരും  സ്ത്രീകളും കുട്ടികളുമടങ്ങിയ ജനതതിക്ക് ആകെയുണ്ടായിരുന്ന  ഇടുങ്ങിയ  വാതിലിലൂടെ ഓടിരക്ഷപ്പെടാൻ പോലുമാകുമായിരുന്നില്ല. പ്രാണരക്ഷാർത്ഥം   ഉദ്യാനത്തിലെ കിണറിൽ നിരവധിയാളുകൾ ചാടുകയുണ്ടായി. അങ്ങനെ ജീവൻപൊലിഞ്ഞവരും അനവധി.  ആ കിണറും കമ്പിവലയും  മേൽക്കൂരയുമൊക്കെയൊരുക്കി സംരക്ഷിച്ചിരിക്കുന്നു. അന്ന് മൃതദേഹങ്ങളാൽ നിറഞ്ഞ കിണറ്റിൽ ഇന്ന് നാണയത്തുട്ടുകളാണ്  കാണാൻ കഴിയുന്നത്. 1650 റൗണ്ട് വെടിയുതിർത്തുവെന്ന് ഡയർ തന്നെ സ്വന്തം  മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം അന്ന് 379 പേർ മരിക്കുകയും 1200 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. പക്ഷേ അതിലുമെത്രയോ അധികമാണ് യാഥാർത്ഥകണക്ക്! (1920ൽ ശിക്ഷനടപടിയായി നിർബന്ധിത വിരമിക്കലിന് ഡയർ വിധേയനായി.) കാലത്തിനു മായ്ക്കാനാവാതെ ചരിത്രത്തിലെ ഈ കറുത്ത അദ്ധ്യായത്തിന്റെ  കണ്ണീരോർമ്മകളായി, വെടിയുണ്ടയുടെ   പാടുകൾ നമുക്കിന്നും ഉദ്യാനത്തിന്റെ ചുവരുകളിൽ കാണാൻ കഴിയും. എവിടെനിന്നാണോ വെടിയുതിർത്തത്, അവിടെ  ഒരു സ്തൂപവും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.  അന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ ഒരു സ്മാരകവും ഉദ്യാനത്തിലുണ്ട്.

ഉദ്യാനത്തിനു  പുറത്തുകടക്കുമ്പോൾ  ഷഹീദ് ഉദ്ദം സിംഗിന്റെ കൂറ്റൻ പ്രതിമ കാണാം. ഡയറിന്റെ വെടിവയ്പ്പിൽ  ജാലിയൻവാലാബാഗിലൊഴുകിയ  രക്തം തന്റെ ഉള്ളം കയ്യിലേന്തി പ്രതിജ്ഞ എടുക്കുന്ന ഉദ്ദം സിംഗ് ആണ് 1999 ൽ സ്ഥാപിക്കപ്പെട്ട ഈ  പ്രതിമയിൽ . ബൈശാഖിആഘോഷവേളയിൽ   അവിടെ കൂടിയിരുന്ന ജനങ്ങൾക്ക് ദാഹജലം  കൊടുക്കുകയായിരുന്നു ആ ഇരുപതുകാരൻ. ജനറൽ ഡയറിന്റെ  ക്രൂരത കണ്ടറിയേണ്ടിവന്ന ആ യുവാവ്  അവിടെ ഒഴുകിയ ചോര കയ്യിൽ എടുത്തു കൊണ്ട് ജനറൽ ഡയറിനെ വധിക്കുമെന്ന് പ്രതിജ്ഞയെടുത്തു. തന്റെ പ്രതിജ്ഞ നിറവേറ്റുവാനായി ഏറെ അലഞ്ഞ്,  ഒടുവിൽ 1934 ൽ റാം മുഹമ്മദ് സിംഗ് ആസാദ് എന്ന കള്ളപേരിൽ ലണ്ടനിൽ എത്തിയ ഉദ്ദം  1940 മാർച്ച് 13 ന് തന്റെ തോക്കിൽ നിന്നും ആറ് തവണ നിറയൊഴിച്ച് ജനറൽ ഡയറിനെ വധിച്ച് തന്റെ പ്രതിജ്ഞ നിറവേറ്റി. വധത്തിനുശേഷം  ഓടി  രക്ഷപ്പെടുവാൻപോലും  കൂട്ടാക്കാത്ത  ഭാരതത്തിന്റെ ഈ ധീരപുത്രൻ ആത്മനിർവൃതിയുടെ  ഒരു ചെറുപുഞ്ചിരിയോടെ അറസ്റ്റു വരിക്കുകയായിരുന്നു.1940 ജൂലൈ 31 ന്  ബ്രിട്ടീഷുകാർ അദ്ദേഹത്തെ തൂക്കിലേറ്റി. അദ്ദേഹത്തിന്റെ ആയുധങ്ങളും ഡയറിയുമൊക്കെ സ്കോട്ലൻഡ് യാർഡിലെ ബ്ലാക്ക് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

സുവർണ്ണക്ഷേത്രം ആത്മീയതയുടെ അവാച്യാനുഭൂതി പകർന്നുനൽകിയ ദീപ്തസ്മരണകൾ സമ്മാനിച്ചുവെങ്കിൽ ആളിക്കത്തിയ  അത്മരോഷാഗ്നിയിൽ  ദേശസ്നേഹത്തിന്റെ കെടാവിളക്കുകൾ ഹൃദയത്തിന്റെ ഏറ്റവും പവിത്രമായ ശ്രീകോവിലിൽ കൊളുത്തിവയ്ക്കുകയായിരുന്നു ജാലിയൻ വാലാബാഗ് . അമൃത്‌സർ എല്ലാവിധത്തിലും അവിസ്മരണീയമായൊരു പുണ്യഭൂമിതന്നെ. ഈ യാത്രയും ഒരിക്കലും മറക്കാൻ കഴിയാത്തത്.

Image result for golden temple





















Saturday, October 26, 2019

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 5

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 5 




ജബൽപൂർ വിസ്മയങ്ങൾ
=========================

നർമ്മദാനദിയുടെ അനുഗ്രഹസ്പർശംകൊണ്ടു പുണ്യം നേടിയ പട്ടണമാണ്  മദ്ധ്യപ്രദേശിലെ ജബൽപൂർ .  ഈ സുന്ദരമായ പ്രദേശം മനംമയക്കുന്ന  കാഴ്ചകൾകൊണ്ട് സമ്പന്നമാണ്. നർമ്മദാനദിയിലെ ബേഡാഘട്ടും  ധൂവാൻധാർ എന്ന വെള്ളച്ചാട്ടവും ചൗസഠ് യോഗിനി  ക്ഷേത്രവും ഒക്കെ നമ്മെ വിസ്മയഭരിതരാക്കും. വർഷങ്ങൾക്കുമുമ്പാണ് ഇതൊക്കെ കാണാൻ കഴിഞ്ഞതെങ്കിലും ഇന്നും മനസ്സിൽനിന്നു മായാതെ നിൽക്കുന്ന ദൃശ്യങ്ങളാണവ.

ജബൽപൂരിൽനിന്ന് 30 കിലോമീറ്ററിൽ താഴെയേ  ദൂരമുള്ളൂ  ബേഡാഘട്ടിലേക്ക്. നർമ്മദാനാദി ഒഴുകി ശുദ്ധീകരിക്കുന്ന,  പിതൃതർപ്പണത്തിനും മറ്റും പ്രസിദ്ധമായ ഘാട്ടാണിത്. ഇവിടെയാണ് ധൂവാൻധാർ എന്ന ജലപാതം. കാട്ടിലൂടെ, മാർബിൾശിലകളെ തഴുകിത്തലോടി ഒഴുകിയെത്തുന്ന നർമ്മദയെന്ന സുന്ദരി ബേഡാഘട്ടിൽ 98 അടി താഴ്ചയിലേക്കു  പതിക്കുന്ന കാഴ്ച വർണ്ണനാതീതമാണ്. ഇത്രയും താഴേക്ക് പതിക്കുന്നതുകൊണ്ടായിരിക്കാം ജലകണങ്ങൾ വെണ്മേഘം പോലെ ഉയർന്നു പൊങ്ങുന്നതുകാണാം. എത്രനേരംവേണമെങ്കിലും ആ അലൗകികദൃശ്യം  നോക്കിയിരിക്കാൻ തോന്നും. ഉദയാസ്തമങ്ങളിലും പൗർണ്ണമിരാത്രികളിലും നർമ്മദയുടെയും ജലധാരയുടെയുമൊക്കെ  ദൃശ്യം സഞ്ചാരികൾക്കു സ്വർഗ്ഗീയസുന്ദരമായ അനുഭൂതി പ്രദാനം ചെയ്യുമത്രേ! പക്ഷേ  ഞങ്ങൾക്ക് പകൽസമയത്താണ് ഈ കാഴ്ചകളൊക്കെ കാണാൻ ഭാഗ്യമുണ്ടായത്. ഈ പകൽക്കാഴ്ച്ചയും അമോഘസുന്ദരമായൊരു ദൃശ്യവിരുന്നുതന്നെ. ഈ ജലപാതം താഴേയ്ക്കൊഴുകിപ്പോകുന്ന കാഴ്ചയും അതിമനോഹരം. പല ആകൃതിയിലും  നിറത്തിലും   പരന്നുകിടക്കുന്ന മാർബിൾശിലകളുടെ വൈവിധ്യങ്ങൾക്കുമേലാണ് ഈ ജലം ഒഴുകിപ്പോകുന്നത്. നദിയുടെ ഇരുവശങ്ങളിലും തുരുത്തുകളായും അല്ലാതെയും കയ്യെത്താവുന്ന ദൂരത്തില്‍ വെണ്ണക്കല്ലുകളുടെ ശേഖരത്തിന്റെ കാഴ്ച ആരെയും ആകര്‍ഷിക്കുന്നതാണ്. ചിലയിടങ്ങളിൽ മരപ്പലകകൾ അടുക്കിവെച്ചിരിക്കുന്നതുപോലെയാണ് മാർബിൾ ശിലകളുടെ വിന്യാസം.

നർമ്മദാനദിയിൽ തോണിയാത്രയും ഒരുക്കിയിട്ടുണ്ട്. രണ്ടുതുഴക്കാരുണ്ടാകും   തോണിയിൽ, കാഴ്ച്ചകൾ വിശദീകരിക്കാൻ ഒരു ഗൈഡും. ഇരുവശങ്ങളിലും ഉയന്നുനിൽക്കുന്ന വെണ്ണക്കൽക്കെട്ടുകൾക്കിടയിലൂടെ, പഞ്ചവടിമുതൽ സ്വർഗ്ഗദ്വാർ വരെയും തിരിച്ചുമാണ് ആ യാത്ര. യാത്രക്കിടയിൽ വൈവിധ്യാർന്ന രൂപത്തിലും ഭാവത്തിലും വർണ്ണത്തിലും ശിലാരൂപങ്ങളെ കണ്ടറിയാനും തൊട്ടറിയാനും നമുക്കു  കഴിയും. ചിലയങ്ങളിൽ  ഭീതിജനകമാണെങ്കിലും  ഈ യാത്ര തികച്ചും ആസ്വാദ്യകരമാണ്. ഗൈഡുപറയുന്ന കഥകളും രസകരം. കരകളിലെ ഉയരത്തിലുള്ളത് പാറക്കെട്ടിൽനിന്നു നാണയങ്ങൾ  താഴേക്കിട്ടു ചാടി മുങ്ങിയെടുക്കാൻ കുട്ടിക്കുറുമ്പന്മാരും  കാത്തുനില്പുണ്ട്. പാറക്കെട്ടുകളിൽ കാണുന്ന ചില ഗുഹകളിൽ ഓഷോ അടക്കം  പല സന്യാസിമാരും  ധ്യാനിച്ചിരുന്നിട്ടുണ്ടെന്നു പറയപ്പെടുന്നു. സിനിമാ സംവിധായകരുടെ ഇഷ്ട ലൊക്കേഷനുകളില്‍ ഒന്നായ ഇവിടെ നിരവധി നൃത്തരംഗങ്ങളും പാട്ടുകളും ഷൂട്ട് ചെയ്തിട്ടുണ്ട്.

വെണ്ണക്കല്ലുകളുടെ ധാരാളമായ ലഭ്യതകൊണ്ടാവാം ശില്പികൾ  ധാരാളമായുള്ള ഗ്രാമമാണ് ബേഡാഘട്ട്.  അതുകൊണ്ടുതന്നെ ശില്പികളുടെ ഗ്രാമമെന്നാണ് ഇതറിയപ്പെടുന്നത്. വൈവിധ്യമാർന്ന വെണ്ണക്കൽശില്പങ്ങൾ ഇവിടെ എവിടെയും വാങ്ങാൻ ലഭിക്കും.  സമാധാനപ്രിയരായ  ഇന്നാട്ടുകാർ മദ്യമോ മത്സ്യമാംസാദികളോ ഉപയോഗിക്കാറില്ലത്രേ!

ബേഡാഘട്ടിലെ മറ്റൊരു അപൂര്‍വ്വകാഴ്ചയാണ് ചൗസഠ് യോഗിനി മന്ദിര്‍ ( ചൗസഠ് എന്നാൽ 64. 64 യോഗിനിമാരുടെ ക്ഷേത്രമാണിത്). ഒരു കുന്നിൻമുകളിൽ  വൃത്താകാരത്തില്‍ ശിലാനിര്‍മ്മിതമായ ഈ ക്ഷേത്രം കലാന്തരത്തിൽ തകർച്ച നേരിട്ടുകൊണ്ടിരിക്കുന്നു.  പത്താം നൂറ്റാണ്ടിലെ കാലചുരി രാജാക്കന്‍മാരുടെ കാലത്തായിരുന്നു ഈ ക്ഷേത്രനിര്‍മ്മിതി.  ശ്രീകോവിലിൽ ശിവപാർവ്വതിമാരെ  പ്രതിഷ്ഠിച്ചിരിക്കുന്നു. വലതുവശത്ത് സൂര്യദേവന്റെയും ഇടത് ഗണപതിയുടെയും അപൂര്‍വ്വ വിഗ്രഹങ്ങള്‍.   മദ്ധ്യത്തിലെ ശ്രീകോവിലിനു ചുറ്റുമായി 64 യോഗിനിമാരുടെ അതിസുന്ദരമായ  ശില്പങ്ങളുണ്ട്. ഈ ശില്പങ്ങൾക്ക് ഖജുരാവോയിലെ ശില്പങ്ങളുടെ രൂപഭംഗിയുണ്ട് .  ക്ഷേത്രകവാടത്തിനു മുമ്പിലുള്ള ഗുഹാകവാടം അടച്ച നിലയിലാണ്.
ജബൽപ്പൂരിലെ ഓരോ കാഴ്ച്ചകളും അനുഭവങ്ങളും കാലമെത്രകഴിഞ്ഞാലും മനസ്സിലെ മായാത്ത ചിത്രങ്ങളാണ്.

























Monday, October 21, 2019

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 4



യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 4
...........................................................................................
ഡാർജിലിംഗ് എന്ന ഹിമാലയൻ സുന്ദരി
**********************************
ഭാരതത്തിലെ സുഖവാസകേന്ദ്രങ്ങളെക്കുറിച്ചു  ചെറിയ ക്‌ളാസ്സുകളിൽ   പഠിക്കുമ്പോൾത്തന്നെ  മനസ്സിൽ പതിഞ്ഞ പേരുകളാണ് ഡാർജിലിംഗ്, ഷിംല എന്നിവയൊക്കെ. (ഷിംലയെ നമ്മൾ സിംലയെന്നാണു  വിളിക്കാറുള്ളത് . അന്നാട്ടുകാർ ശരിക്കും ശിംല എന്നാണുച്ചരിക്കുന്നത്. ഹിന്ദിയിൽ എഴുതുന്നതും शिमला എന്നാണ്). ഡാർജിലിംഗ് പശ്ചിമബംഗാളിന്റെ ഉത്തരസീമാപ്രദേശത്തു സ്ഥിതിചെയ്യുന്നനൊരു പട്ടണമാണ്. അതേ  പേരുള്ള ജില്ലയുടെ ആസ്ഥാനവും ഈ പട്ടണത്തിൽത്തന്നെയാണ്. ഹിമാലയത്തിന്റെ ശിവാലിക്മലനിരകളിലാണ് ഈ പ്രദേശം.  'ഇടിമിന്നലിന്റെ നാടെ'ന്നാണ് ഈ പേരിന്റെയർത്ഥം. (അമൂല്യമായ കല്ല് എന്നർത്ഥംവരുന്ന ടിബറ്റൻ വാക്കായ 'ഡോർജ്ജ്' എന്ന വക്കിൽനിന്നാണ് ഈ പേരിന്റെ ഉദ്ഭവം എന്നും പറയപ്പെടുന്നുണ്ട്.) പശ്ചിമബംഗാൾ വിനോദസഞ്ചാരവകുപ്പ് ഡാർജിലിംഗിനെ വിശേഷിപ്പിക്കുന്നത് 'ഹെവൻലി ഹിമാലയ' എന്നാണ്. അവിടെയെത്തുന്ന ഓരോ സഞ്ചാരിക്കും ഈ വിശേഷണം തികച്ചും അന്വർത്ഥമാണെന്നു സർവ്വാത്മനാ അനുഭവേദ്യമാകുന്നതരത്തിലുള്ള പ്രകൃതിരമണീയതയും ദൃശ്യാനുഭവസമൃദ്ധിയും സുഖശീതളമായ കാലാവസ്ഥയുമാണിവിടെയുള്ളത്. ബ്രിട്ടീഷുകാർ ഈ കാലാവസ്ഥകാരണം ഇവിടെ വേനൽക്കാലത്തു സുഖവാസത്തിനായി എത്തിയിരുന്നു. അങ്ങനെ അത് കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടാൻ തുടങ്ങി.

ഡാർജിലിംഗിലെ കാഴ്ചകളൊക്കെത്തന്നെ  വിസ്മയജനകങ്ങളാണ്. മാനത്തെ വെൺമേഘത്തുണ്ടുകളെ ചുംബിച്ചുനിൽക്കുന്ന മലകളും അവയുടെ ചെരിവുകളിൽ സമൃദ്ധിയായി വളർന്നുനിൽക്കുന്ന ദേവദാരുവനങ്ങളും  തേയിലത്തോട്ടങ്ങളും അതിനുമപ്പുറത്തെങ്ങോ ദൂരയായ്  കാണുന്ന മഞ്ഞണിഞ്ഞ മാമലകളും പ്രകൃതിസ്നേഹികളെ ഇങ്ങോട്ടേക്കു മാടിവിളിക്കുകയായ്. നിരവധി മ്യൂസിയങ്ങളും പാര്‍ക്കുകളും ഗാര്‍ഡനുകളും ഡാര്‍ജിലിംഗിന്‍റെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടിക്കൊണ്ട് സഞ്ചാരികളെ കാത്തിരിക്കുന്നു. ഹിമാലയന്‍ മൌണ്ടനീയറിംഗ് ഇന്‍സ്റ്റിട്യൂട്ട്, എവറസ്റ്റ് മ്യൂസിയം, പദ്മജ നായിഡു ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്ക് എന്നിവ  ഇവയില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനടുത്തുള്ള വന്യ ജീവി സങ്കേതത്തില്‍ സൈബീരിയന്‍ കടുവ, ഹിമാലയന്‍ കരടി, മാന്‍, ചീറ്റപ്പുലി, പുള്ളിപ്പുലി, പക്ഷികള്‍ എന്നിവ കാണാം. ബറ്റാസിയ ലൂപ്, ലോയിഡ്സ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പൂന്തോട്ടങ്ങളും ചെറിയ വെള്ളച്ചാട്ടങ്ങളുംകൊണ്ട് അലങ്കൃതമാണ് ഗംഗാമയ പാര്‍ക്ക്, ഹാപ്പി വാലി ടീ എസ്റ്റേറ്റ്, രംഗീത് വാലി പാസഞ്ചര്‍ റോപ്‌വേ, ഗാര്‍ഗ് വേള്‍ഡ് പാര്‍ക്ക്, ബാര്‍ബോട്ടി റോക്ക് ഗാര്‍ഡന്‍, മഞ്ജുഷ  ബംഗാള്‍ എമ്പോറിയം, ഹെയ്ഡെന്‍ ഹാള്‍, ഗ്രാം ശില്‍പ, സിംഗ്‌ല, അജിതാര്‍, ബജന്‍ ബാരി എന്നിങ്ങനെ നിരവധി കാഴ്ചകളും സഞ്ചാരികൾക്ക് ആസ്വാദനത്തിന്റെ നവ്യാനുഭൂതികൾ പകർന്നു കൊടുക്കുന്നു.  ഇവിടുത്തെ തേയിലത്തോട്ടങ്ങൾക്കു നമ്മുടെ മൂന്നാറിലെയും ഏലപ്പാറയിലേയുമൊക്കെ തേയിലത്തോട്ടങ്ങളുടെ മനോഹാരിതയില്ലെന്നു തോന്നി. പക്ഷേ  ഇവിടെ ഉദ്പാദിപ്പിക്കുന്ന തേയില സ്വാദിൽ  ഏറ്റവും   മുന്തിയതാണത്രേ!  തേയിലയുടെ വിലയും നമ്മെ അമ്പരപ്പിക്കും. കിലോയ്ക്ക് അയ്യായിരവും പതിനായിരവുമൊക്കെ വിലവരുന്ന തേയില കടകളിൽ കാണാൻ കഴിഞ്ഞു. (ഒരു ലക്ഷത്തിലധികം വില വരുന്നതുമുണ്ടു പോലും!)

ഇവിടുത്തെ അനുഭവങ്ങളിൽ എന്നെ ഏറെ വിസ്മയിപ്പിച്ച രണ്ടു കാര്യങ്ങളാണുള്ളത്. ടൈഗർഹില്ലിൽനിന്നുള്ള സൂര്യോദയവും  ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാതയിലൂടെയുള്ള ടോയ് ട്രെയിൻ യാത്രയും. ഡാർജിലിങ്ങിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ഇവിടുത്തെ ടോയ് ട്രെയിൻ യാത്ര. ഡാർജിലിംഗ്ഹിമാലയൻ റെയിൽവേ എന്നറിയപ്പെടുന്ന ഇത് സിലിഗുരി , ഡാർജിലിങ് എന്നീ പട്ടണങ്ങളെയാണ് തുടക്കത്തിൽ  ബന്ധിപ്പിച്ചിരുന്നത്. ഇപ്പോൾ അത് ജെയ്പാൽഗുരി മുതലാണ്.  ഇത് നാരോ ഗേജ് റെയിൽവേ പാതയാണ്. ഡി.എച്ച്.ആര്‍ എന്ന ചുരുക്കപ്പേരിലാണ് ഇതറിയപ്പെടുന്നത്. ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത 1999-ൽ ഒരു വിശ്വപാരമ്പര്യസ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യയിൽ ആവി എഞ്ചിനുകൾ പ്രവർത്തിക്കുന്ന ചുരുക്കം ചില  പാതകളിലൊന്നാണിത്. ഊട്ടിയിലെ റെയില്പാതപോലെ റാക്ക് ആൻഡ് പിനിയൻ സംവിധാനം ഇല്ലാത്തതിനാൽ വളരെ മെല്ലേ മാത്രമേ ഈ ട്രെയിൻ സഞ്ചരിക്കുകയുള്ളു.


പകലത്തെ പട്ടണക്കാഴ്ച്ചകളൊക്കെ ആസ്വദിച്ചശേഷം ഹോട്ടലിലെത്തിയപ്പോഴാണ് ടൈഗർഹില്ലിൽനിന്നുള്ള സൂര്യോദയക്കാഴ്ചയെക്കുറിച്ചറിഞ്ഞത്. ഡാർജിലിംഗിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് ടൈഗർഹിൽ.  കാലാവസ്ഥ കനിഞ്ഞാൽ  അവിടെനിന്ന് എവറെസ്റ്റും കാണാൻ കഴിയുമെന്നാണറിഞ്ഞത്. കാഞ്ചൻജംഗയുടെ മനോഹരദൃശ്യവും കാണാൻ കഴിയുമത്രേ. വേനൽക്കാലമായതുകൊണ്ടു   വെളുപ്പിന് നാലുമണികഴിഞ്ഞാണ് ഉദയം. ആ സമയത്ത്  അവിടെയെത്തിയാൽ മാത്രമേ കാണാൻ സാധിക്കൂ. ഞങ്ങളുടെ താമസസ്ഥലത്തുനിന്ന് 11 കിലോമീറ്റർ ദൂരെയാണ്  ടൈഗർ ഹിൽ. അവിടേക്കു പോകാൻ ടൗണിൽനിന്നുതന്നെ വാഹനങ്ങളും ലഭ്യമാണ്. ദൂരം കുറവാണെങ്കിലും  രണ്ടരമണി മുതൽ വാഹനങ്ങൾ പോയിത്തുടങ്ങും. നേരത്തെ പോയാൽമാത്രമേ അവർക്കു വ്യൂ പോയിന്റിനടുത്തുതന്നെ വാഹനം  പാർക്ക്  ചെയ്യാൻ കഴിയൂ. അതുപോലെ ആളുകൾക്ക് ശരിയായ കാഴ്ചയ്ക്കുള്ള സ്ഥലങ്ങളും ലഭ്യമാകൂ.

ഞങ്ങളുടെ സഹയാത്രികളാരും സൂര്യോദയം കാണാൻ വരാൻ  തയ്യാറായില്ല. വേനല്ക്കാലമാണെങ്കിലും തണുപ്പിന് നല്ല കാഠിന്യമുണ്ട്. പക്ഷേ  ഞങ്ങൾക്കു രണ്ടുപേർക്കും  കണ്ടേ മതിയാകൂ.  മോനും വരുന്നില്ലെന്ന് പറഞ്ഞു. അവനെ മുറിയിലാക്കി ഞങ്ങൾ രണ്ടരയ്ക്കുതന്നെ ടാക്സിസ്റ്റാന്റിലെത്തി. പക്ഷേ അവിടെ ഒരുത്സവമോ പള്ളിപ്പെരുന്നാളോ ഒക്കെ നടക്കുന്നിടത്തെപ്പോലെ ജനത്തിരക്ക്. ജീപ്പുകൾ നിരവധിയുണ്ട്. ഓരോന്നായി യാത്രക്കാരെയും നിറച്ചു പോകുന്നുമുണ്ട്. കുറച്ചുസമയം കാത്തുനിന്നപ്പോൾ ഞങ്ങൾക്കും ഒരു ജീപ്പിൽ കയറിപ്പറ്റാനായി.  ടൈഗർഹില്ലിലേക്കുള്ള റോഡ് അത്ര നല്ലനിലവാരമുള്ളതായിരുന്നില്ല. ജീപ്പ് പാർക്ക് ചെയ്യുന്നിടത്തുനിന്നു കുറച്ചുദൂരം മുകളിലേക്ക് കയറിപ്പോകാനുണ്ട് വ്യൂ പോയിന്റിലെത്താൻ. അവിടെയൊരു ഒബ്സർവേറ്ററി ടവറും അവിടെ കയറാൻ കഴിയാത്തവർക്ക് നിന്നുകാണാൻ വിശാലമായ പുൽമേടുകളുമുണ്ട്. ഞങ്ങൾ ചെല്ലുമ്പോഴേ ടവർ കാഴ്ചക്കാരാൽ  നിറഞ്ഞിരുന്നു.  പുൽമേട്ടിൽ ഒരു ജനസമുദ്രമുണ്ട് . ഞങ്ങളും ഒരിടത്തു നിലയുറപ്പിച്ചു. പിന്നെയും അങ്ങോട്ടേക്കു ജനം ഒഴുകിയെത്തിക്കൊണ്ടിരുന്നു. ഇത്രയധികം ആളുകൾ ഈ കൊച്ചു പട്ടണത്തിലുണ്ടായിരുന്നോ എന്നദ്‌ഭുതപ്പെട്ടുപോയി. എല്ലാവരും എവറസ്റ്റിനെ  ഒരുനോക്കു കാണാൻ അക്ഷമരായി കാത്തുനിൽക്കുകയാണ്. ശരീരം തുളച്ചുകയറുന്ന തണുപ്പും. ഉത്സവപ്പറമ്പിൽ കാപ്പിയുമായി വരുന്നതുപോലെ ഇവിടെ ചിലർ ചായ വില്പനയും നടത്തുന്നുണ്ട്. കൊടും തണുപ്പിൽ അതൊരാശ്വാസവുമാണ്.

ഒടുവിൽ നാലേകാലായപ്പോഴാണ് സൂര്യോദയത്തിന്റെ അറിയിപ്പ് കിട്ടിയത്. എല്ലാവരുടെയും കണ്ണുകൾ ഒരേദിക്കിൽത്തന്നെ നിലയുറപ്പിച്ചിരുന്നു.  പക്ഷേ അവിടെമാകെ മഞ്ഞും മേഘങ്ങളുമൊക്കെയായിരുന്നതുകൊണ്ട് ഉദയക്കാഴ്ച നന്നായി കാണാനായില്ല. ഉദയത്തിനു മുമ്പുള്ള വെട്ടിത്തിളങ്ങുന്ന മഞ്ഞുമലകളുടെ കാഴ്ചയും അതിനുപിന്നിൽ എവറെസ്റ്റുകൊടുമുടിയുടെ നേരിയ ദൃശ്യവുമൊന്നും കാണാനായില്ല. പക്ഷേ മേഘങ്ങൾക്കിടയിൽ ഇടയ്ക്കിടെ സൂര്യൻ ഒളിച്ചുകളിക്കുന്നുണ്ടായിരുന്നു. ആ കാഴ്ച അതിമനോഹരമായിരുന്നു.  എവറെസ്റ്റും കാഞ്ചൻജംഗയുമൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും അവിടെക്കണ്ട ജനബാഹുല്യം എന്നെ ഏറെ വിസ്മയിപ്പിച്ച ഒന്നാണ്.

മറ്റൊരു വിസ്മയമായിരുന്നു ഡാർജിലിംഗിൽനിന്നു സിലിഗുരിയിലേക്കുള്ള  ട്രെയിൻ യാത്ര. 'ആരാധന' എന്ന ഹിന്ദിസിനിമയിൽ ഷാർമിളാ ടാഗോർ ഒരു തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ  രാജേഷ് ഖന്ന തന്റെ സുഹൃത്തിനോടൊപ്പം ഒരു ജീപ്പിൽ 'മേരെ സപനോം കി റാണി കബ് ആയേഗി  തൂ' എന്ന പാട്ടു പാടി രസിക്കുന്ന രംഗം കണ്ടവരാരും മറക്കില്ലല്ലോ. അതു ഷൂട്ട്  ചെയ്തിരിക്കുന്നതിവിടെയാണ്. ഡാർജിലിംഗ്  ഹിമാലയ തീവണ്ടിപ്പാത പണി കഴിപ്പിച്ചത് ഗില്ലാണ്ടേഴ്‌സ് അര്‍ബുദ്‌നൗട്ട് കമ്പനിയാണ്. 1881 ല്‍ തന്നെ ഇതിന്റെ പ്രവര്‍ത്തനം ഇവിടെ ആരംഭിച്ചു.   സിലിഗുരി , ഡാർജിലിങ് എന്നീ പട്ടണങ്ങളെയാണ് തുടക്കത്തിൽ  ബന്ധിപ്പിച്ചിരുന്നത്. ഇപ്പോൾ അത് ജെയ്പാൽഗുരി മുതലാണ്.  ഇത് നാരോ ഗേജ് റെയിൽവേ പാത കൂടിയാണ്. ഡി.എച്ച്.ആര്‍ എന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെടുന്നത്.  ഈ തീവണ്ടി ചില സ്ഥലങ്ങളിൽ ചെറിയ റോഡുകളുടെ ഓരത്തുകൂടിയും മാർക്കറ്റുകൾക്ക് നടുവിലൂടെയും ചിലയിടതത്ത്  കെട്ടിടങ്ങൾക്ക് ഉള്ളിലൂടെയും കടന്നുപോകുന്നു.  ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത 1999-ൽ ഒരു 'വിശ്വ പാരമ്പര്യ സ്മാരക'മായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യയിൽ ആവി എഞ്ചിനുകൾ പ്രവർത്തിക്കുന്ന ചുരുക്കം ചില ഈ പാതകളിലൊന്നാണിത്.  ഊട്ടിയിലെ റെയില്പാതപോലെ റാക്ക് ആൻഡ് പിനിയൻ സംവിധാനം ഇല്ലാത്തതിനാൽ വളരെ മെല്ലേ മാത്രമേ ഈ ട്രെയിൻ സഞ്ചരിക്കുകയുള്ളു.  അതുകൊണ്ടുതന്നെ റോഡ് ക്രോസ്സിങ് വരുമ്പോൾ മാറ്റുവാഹനങ്ങൾ വരുന്നുണ്ടെങ്കിൽ അത് പോകുന്നതുവരെ ട്രെയിൻ നിറുത്തിയിടണം. ചിലപ്പോൾ തോന്നും നടന്നാണുപോകുന്നതെങ്കിൽ ഒരുപക്ഷേ ഇതിനേക്കാൾ വേഗം നമുക്കെത്താൻ കഴിയുമെന്നും. എന്നാൽ ഈ മെല്ലെപ്പോക്കിന് ഒരു നല്ല വശംകൂടെയുണ്ട്. ഈ തീവണ്ടി മലഞ്ചെരുവിലൂടെയുള്ള പാതയിലൂടെ താഴേക്കുപോകുമ്പോൾ ഒരുവശത്തായുള്ള വഴിക്കാഴ്ച്ചകൾ ഹൃദയാവർജ്ജകമാണ്, സ്വർഗ്ഗീയസുന്ദരമാണ്. രണ്ടരമണിക്കൂറിലധികമുള്ള ഈ യാത്രയിൽ ഒന്നു കണ്ണുചിമ്മാൻപോലും നമുക്ക് തോന്നില്ല എന്നതാണു സത്യം.  പ്രകൃതി അത്ര മനോഹാരിയാണവിടെ. ജീവിതത്തിൽ ഇന്നോളം ചെയ്ത ട്രെയിൻ യാത്രകളിൽ ഞാനൊരിക്കലും മറക്കാത്ത യാത്രയാണ് ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിയാത്ര.








Small black steam engine


Monday, October 14, 2019

ദാരിദ്ര്യം

കഴിഞ്ഞ ദിവസം കാണാനിടയായ ഒരു വീഡിയോ.
.
ദാരിദ്ര്യം
................................
ഒരിക്കൽ സമ്പന്നനായ ഒരു പിതാവ് തന്റെ  പുത്രനെ  ഗ്രാമത്തിലേക്കു കൊണ്ടുപോയി.
ദരിദ്രരായ ഗ്രാമീണരുടെ ജീവിതബുദ്ധിമുട്ടുകൾ അവനെ മനസ്സിലാക്കുകയായിരുന്നു യാത്രയുടെ ലക്‌ഷ്യം.
കാറിലിരിക്കുമ്പോൾ മകൻ ചോദിച്ചു
"അച്ഛാ നമ്മളെവിടെപ്പോവുകയാ?"
"ഒരു ഗ്രാമത്തിലേക്ക് " അച്ഛൻ പറഞ്ഞു
"എന്തിനാണച്ഛാ ഗ്രാമത്തിലേക്കു  പോകുന്നത്?"
"ദരിദ്രരുടെ ജീവിതത്തെക്കുറിച്ചു നിന്നെ മനസ്സിലാക്കാൻ"
ഒരുപാടുദൂരം കാറിൽ യാത്രചെയ്തശേഷം അവർ ഒരു ഗ്രാമത്തിലെത്തി. അവിടെ അവർ ഒരു കർഷകന്റെ ഭവനത്തിൽ അവരോടൊപ്പം ഏതാനും ദിവസം  കഴിഞ്ഞു. കൃഷിസ്ഥലങ്ങളും കാർഷികവൃത്തിയും ഗ്രാമത്തിന്റെ ഭൂപ്രകൃതിയുമൊക്കെ അവൻ കണ്ടറിഞ്ഞു മനസ്സിലാക്കി. ചുരുങ്ങിയ സമയംകൊണ്ട് അവരുടെ ജീവിതമെന്തെന്നവൻ പഠിച്ചു. 
തിരികെപ്പോകാനുള്ള  സമയമായി.  മടക്കയാത്രയിൽ ആ പിതാവ് മകനോട് ചോദിച്ചു.
"മോനേ, എങ്ങനെയുണ്ടായിരുന്നു ഈ യാത്ര?"
"ഗംഭീരമായിരുന്നു അച്ഛാ. എനിക്ക് വളരെ ഇഷ്ടമായി."
"ഈ യാത്രയിൽ നീയെന്താണ് പഠിച്ചത്?"
മകൻ ഒരു നിമിഷം ചിന്താധീനനായി. പിന്നെ പറഞ്ഞുതുടങ്ങി
"നമുക്ക് ഒരു നായയുണ്ട്.   അവർക്ക് നാലു നായ്ക്കളുണ്ട്.
നമുക്കൊരു ചെറിയ നീന്തൽക്കുളമാണുള്ളത്. അവർക്കൊരു പുഴതന്നെ സ്വന്തമായുണ്ട്.
നമുക്കു പച്ചക്കറികളും പഴങ്ങളുമൊക്കെ കടകളിൽപ്പോയി വാങ്ങണം. അവർക്കതൊക്കെ അവരുടെ സ്വന്തം കൃഷിസ്ഥലത്തുനിന്നു പറിച്ചെടുക്കണം.
രാത്രിയിൽ നമുക്ക്  ഇലക്ട്രിക്ക് ലൈറ്റുകളാണുള്ളത്. അവർക്കാകട്ടെ നക്ഷത്രങ്ങളും.
നമുക്ക് സംരക്ഷണം നല്കാൻ ബലമുള്ള ചുവരുകളുള്ള ഒരു  വീടുണ്ട്. അവരെ സംരക്ഷിക്കാൻ   അവരുടെ   ചങ്ങാതിമാരുണ്ട്.
നമുക്കു നേരംപോക്കാൻ ടിവിയും കംപ്യുട്ടറുമൊക്കെയുണ്ട്.. അവർ കുടുംബാംഗങ്ങളൊന്നിച്ചു സമയം ചെലവഴിക്കുന്നു.
നമുക്കീ ലോകമുണ്ട്.  അവർക്ക് ഈശ്വരനും. "
മകൻ പറഞ്ഞതൊക്കെ ശ്രദ്ധിച്ച് കേട്ടുകൊണ്ടിരുന്ന പിതാവിന് വളരെ സന്തോഷംതോന്നി. തന്റെ മകൻ ഒരുപാടു മനസ്സിലാക്കിയിരിക്കുന്നു. ദരിദ്രരുടെ ബുദ്ധിമുട്ടുകളൊക്കെ അവൻ കണ്ടറിഞ്ഞല്ലോ.
ഏതാനും നിമിഷത്തെ മൗനത്തിനുശേഷം മകൻ തുടർന്നു.
"വളരെ നന്ദിയുണ്ടച്ഛാ നമ്മൾ ഇത്രയും ദരിദ്രരാണെന്നു മനസ്സിലാക്കിത്തന്നതിന്. ഇങ്ങനെയൊരു യാത്ര പോയിരുന്നില്ലെങ്കിൽ ഞാനൊരിക്കലുമാണ് തിരിച്ചറിയുമായിരുന്നില്ല. "




Sunday, October 13, 2019

പണ്ടു പറ്റിയൊരമളി

പണ്ടു പറ്റിയൊരമളി
=================
കോളേജ് വിദ്യാഭ്യാസകാലം .സ്റ്റഡി ലീവ് 'ആഘോഷിക്കാന്‍ 'വീട്ടില്‍ വന്ന സമയം.അടുത്തുള്ള സ്കൂളിലെ ടീച്ചര്‍ വീട്ടില്‍ പേയിംഗ് ഗസ്റ്റ് ആയി താമസിച്ചിരുന്നു .ഒരു ദിവസം രാവിലെ അവരുടെ കൂടെ ദന്തഡോക്ടറെ കാണാന്‍ അമ്മ പുറപ്പെട്ടു .ടീച്ചറുടെ പല്ലെടുക്കേണ്ടി വന്നാല്‍ കുറച്ചു താമസിച്ചേക്കുമെന്ന് മുന്നറിയിപ്പും തന്നിരുന്നു. വീട്ടിനുള്ളില്‍ ഒറ്റക്കിരിക്കാനുള്ള ധൈര്യക്കൂടുതല്‍ കൊണ്ട് പുസ്തകവുമെടുത്ത്‌ വാതിലടച്ചു ഞാന്‍ പുറത്തു വന്നിരുന്നു .കുറെ നേരം കഴിഞ്ഞു."ഇവിടാരുമില്ലേ"ഒരു പ്രായം ചെന്ന ആളാണ്‌ "അമ്മ ഇവിടില്ല.എന്താ വേണ്ടത്""ഞാന്‍ ബാലാ ആശൂത്രീന്നു വരുകയാ.ഡോക്ടര്‍ പറഞ്ഞു പെട്ടന്നങ്ങോട്ടു ചെല്ലാന്‍. അത്യാവശ്യമാന്നാ പറഞ്ഞത്. ഇതും തന്നിട്ടുണ്ട് "അയാള്‍ ഒരു തുണ്ടു കടലാസ് എന്നെ  ഏല്‍പ്പിച്ചു .ഞാന്‍ നോക്കി 'ശോഭന കൊല്ലരതു.വേഗം ഏതുക'എന്ന് അതില്‍ വളരെ വികൃതമായ അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നു .ശോഭന എന്റെ അമ്മയാണ് .മനസ്സില്‍ ഒരു വെള്ളിടി വെട്ടി .എന്റെ അമ്മയ്ക്ക് എന്ത് പറ്റിഒന്നുമാലോചിക്കാന്‍ നേരമില്ല .അടുത്ത് തന്നെ താമസിക്കുന്ന ചിറ്റമ്മയുടെ വീട്ടിലേക്കു ഒരോട്ടമായിരുന്നു.ഒരു മലകയറി വേണം അവിടെയെത്താന്‍ .ഭാഗ്യത്തിന് അമ്മൂമ്മയും ചിറ്റപ്പനും അവിടെയുണ്ടായിരുന്നു സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല.കരഞ്ഞുകൊണ്ട്‌ തന്നെ തുണ്ടുകടലാസ് അമ്മൂമ്മയെ ഏല്‍പ്പിച്ചു .എന്റെ ഓട്ടം കണ്ടു അന്തം വിട്ട വൃദ്ധനും പിന്നാലെ ഓടിക്കിതച്ചെത്തി. അദ്ദേഹമാണ് കാര്യം പറഞ്ഞത് .ഒട്ടും താമസിച്ചില്ല,ചിറ്റപ്പന്‍ കവലയിലേക്കോടി ,വണ്ടി വിളിക്കാന്‍ .താമസം വന്നില്ല, വണ്ടി വന്നു, അതില്‍ കുറെ ആള്‍ക്കാരും.അമ്മൂമ്മയും ഞാനും കൂടി കയറി.ഒന്നും പിടികിട്ടാതെ വൃദ്ധന്‍ വഴിയിലും നില്‍ക്കുന്നുണ്ടായിരുന്നു .വണ്ടിയില്‍ ചര്‍ച്ചകള്‍ നടന്നു ."ശോഭന ചേച്ചിയ്ക്ക് എന്ത് സംഭവിച്ചു?"ഓരോരുത്തരും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.എന്റെ ചെവിയില്‍ ഒന്നും കയറിയില്ല.വണ്ടി ആശുപത്രിയിലെത്തി. ഡോക്ടര്‍ അത്യാവശ്യത്തിനു പുറത്തു പോയത്രേ.അവിടെയുണ്ടായിരുന്ന നഴ്സ് മാ൪ ക്ക് ആ കുറിപ്പിനെക്കുറിചു ഒന്നുമറിയില്ല.എന്നാല്‍ ദന്താശുപത്രിയില്‍ തന്നെ അന്വേഷിക്കമെന്നായി .അവിടെയെത്തി ചോദിച്ചപ്പോള്‍ 'കുഴപ്പമൊന്നുമുണ്ടായില്ല,പല്ലെടുത്ത ഉടനെ അവര്‍ മടങ്ങിയെന്നു' അറിഞ്ഞു വീണ്ടു ജീപ്പ് ബാലാ യിലേക്ക് തിരിച്ചു.ഡോക്ടര്‍ എത്തിയിട്ടുണ്ട്. ആള്‍ക്കാരെ ഒക്കെ കണ്ടു അദ്ദേഹം വല്ലാതെ ഭയപ്പെട്ടു .തമിഴ്നാട്‌ സ്വദേശിയായ ഡോക്ടര്‍ തന്റെ വികല മലയാളത്തില്‍ കാര്യം പറഞ്ഞു.അവിടെ ജോലി ചെയ്തിരുന്ന ശോഭന എന്ന നേഴ്സ് കുറച്ചു ദിവസമായി എത്തിയിരുന്നില്ല.ഉടനെ ജോലിക്കെത്തിയില്ലെങ്കില്‍ വേറെ ആളെ വെയ്ക്കുമെന്ന് പറയാന്‍ അവരെ വിളിപ്പിച്ചതാണ്.'ശോഭന, കൊല്ലാരത്ത് വീട് 'എന്നായിരുന്നു ഉദ്ദേശിച്ചത് .മലയാളഭാഷ അത്ര വശമില്ലാതതുകൊണ്ട് എഴുതിയത് അങ്ങനെ ആയിപ്പോയി.ശോഭനയെ അന്വേഷിച്ച വൃദ്ധനോട് ഞങ്ങളുടെ വീട് ആരോ കാട്ടിക്കൊടുക്കുകയും ചെയ്തു.എനിക്കും അമ്മൂമ്മയ്ക്കും ആശ്വാസമായി.ബാക്കിഎല്ലാവര്‍ക്കും പറഞ്ഞു ചിരിക്കാനൊരു വകയും ..

Wednesday, October 2, 2019

അർജ്ജുനന്റെ അഞ്ചാംവേളി (puranakatha)


അർജ്ജുനന്റെ അഞ്ചാംവേളി
.
അതിമഹത്തായ കുരുക്ഷേത്രയുദ്ധാനന്തരം യുധിഷ്ഠിരൻ ഒരു അശ്വമേധയാഗം  നടത്തുകയുണ്ടായി. അശ്വം എന്നാൽ കുതിര എന്നും മേധസ്സ് എന്നത് ശരീരഭാഗങ്ങൾ എന്നുമാണ്‌. ഏതൊരു യാഗത്തിലാണോ കുതിരയുടെ ശരീരാവയവങ്ങൾ ഹോമിക്കപ്പെടുന്നത് അതാണ്‌ അശ്വമേധയാഗം.  ഒരു വർഷം വരെ നീണ്ടു നിൽക്കുന്നതാണ്‌ അശ്വമേധയാഗത്തിന്റെ ചടങ്ങുകൾ. ഇതിനു കാരണം യാഗാശ്വത്തെ ഒരു വർഷം വരെ അലഞ്ഞുതിരിയാൻ അനുവദിക്കുന്നു എന്നതാണ്‌. ഈ കാലയളവിൽ കുതിര പോകുന്ന സ്ഥലത്തെല്ലാം അതിനെ പിന്തുടർന്ന് സംരക്ഷകനും പരിചാരകവൃന്ദവും  ഉണ്ടായിരിക്കും. ഏതു രാജ്യത്തൊക്കെ അത് പ്രവേശിക്കുന്നുവോ അതെല്ലാം രാജാവിന്റെ സാമന്തരാവണം, അല്ലാത്ത പക്ഷം യുദ്ധം അനിവാര്യമായിത്തീരുന്നു. ഒരു വർഷത്തിനുശേഷം യാഗാശ്വം മടങ്ങിയെത്തിയാൽ ഉടനെ അതിനെ കൊന്ന് അവയവങ്ങൾ ഹോമിക്കുന്നു.

യുധിഷ്ഠിരന്റെ യാഗാശ്വത്തെ പിന്തുടരുന്നതിനായി നിയോഗിക്കപ്പെട്ടത് അർജ്ജുനനായിരുന്നു. അശ്വത്തെ അനുഗമിച്ച അർജ്ജുനൻ നാരീപൂരമെന്നൊരു രാജ്യത്തെത്തി. വളരെയേറെ പ്രത്യേകതകളുള്ളൊരു രാജ്യമായിരുന്നു നാരീപുരം. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഇതൊരു സ്ത്രീരാജ്യമായിരുന്നു. ഇവിടെ പുരുഷന്മാരേ ഉണ്ടായിരുന്നില്ല. ഏതെങ്കിലും ഒരു പുരുഷൻ ഈ രാജ്യത്തു വന്നുപോയാൽ അയാൾ സ്വാഭാവികമായും ഇവിടുത്തെ എണ്ണമറ്റ  സുന്ദരികളായ പെണ്മണികളിൽ ഭ്രമിച്ചുപോവുകയും അവരുമായി ബാന്ധവത്തിലേർപ്പെടുകയും ചെയ്തിരുന്നു. താമസംവിനാ ആരോഗ്യം നശിച്ച്, രോഗബാധിതനായി അയാൾ കാലപുരിപൂകും. അയാൾമുഖേന അവിടുത്തെ സ്ത്രീകൾക്ക് ജനിച്ച സന്തതികളും പെൺകുഞ്ഞുങ്ങളായിരുന്നത്രേ! അങ്ങനെ, ഒരു പുരുഷൻപോലുമില്ലാതെ  നാരീപുരം ഒരു സ്ത്രീരാജ്യമായിത്തന്നെ നിലനിന്നുപോന്നു. അർജ്ജുനൻ നാരീപുരത്തു  പ്രവേശിക്കുമ്പോൾ അവിടുത്തെ രാജ്ഞി പ്രമീളാ(പ്രമില)റാണിയായിരുന്നു.  അതിസുന്ദരിയും ജ്ഞാനിയും ധീരയും  അസ്ത്രശസ്ത്ര പ്രയോഗങ്ങളിൽ നിപുണയുമായിരുന്നു റാണി. ഈ സൗന്ദര്യധാമത്തെ പട്ടമഹിഷിയാക്കാൻ  മോഹിച്ചു പല  രാജാക്കന്മാരും എത്തിയെങ്കിലും റാണി അതൊക്കെ നിഷ്കരുണം തിരസ്കരിച്ചു. മരണംവരെ അവിവാഹിതയായിരിക്കുമെന്നു ശപഥമെടുക്കുകയും ചെയ്തു.

നാരീപുരത്തിന്റെ അതിർത്തികടന്നെത്തിയ യാഗാശ്വത്തെക്കുറിച്ചു റാണി അറിഞ്ഞു. ഒരു യുദ്ധത്തിനോടൊന്നും താല്പര്യമില്ലാതിരുന്ന റാണി അതത്ര ഗൗരവമായെടുത്തില്ല. പക്ഷേ മട്ടുപ്പാവിൽനിന്നു യാഗാശ്വത്തെ വീക്ഷിച്ച റാണിക്ക് അതിനെ അനുഗമിച്ചെത്തിയ  അതിസുന്ദരനും ബലിഷ്ഠകായനുമായ യോദ്ധാവിനോട്  അന്യാദൃശമായൊരു  മമത തോന്നി. അതാരെന്നു ചോദിച്ചറിഞ്ഞ റാണി അർജ്ജുനനിൽ അനുരക്തയായി. തന്റെ ശപഥം കാറ്റിൽപ്പറത്തി, അർജ്ജുനനെ വിവാഹംചെയ്യാൻ അവൾ തീരുമാനിച്ചു. പാർത്ഥനോട്  വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു.  പക്ഷേ അദ്ദേഹം  അതിനു തയ്യാറായിരുന്നില്ല. കാരണം വ്യക്തമാക്കുകയും ചെയ്തു. 'താൻ വിവാഹിതനാണെന്നും നാലുപത്നിമാർ ഇപ്പോഴുണ്ടെന്നും ഇനിയൊരു പത്നിയെ ഹസ്തിനപുരത്തിലേക്കു കൊണ്ടുവരില്ലെന്നു ധർമ്മപത്നിക്ക് വാഗ്ദാനം നൽകിയിട്ടുണ്ടെന്നും അതിനാൽ തനിക്കു പ്രമീളയെ വിവാഹം ചെയ്യാനാവില്ലെ'ന്നും അർജ്ജുനൻ അറിയിച്ചു. പക്ഷേ  അതു റാണിക്കു തീരെ സ്വീകാര്യമായിരുന്നില്ല. തന്റെ ആഗ്രഹം സാധിക്കാത്ത നിരാശ മാറ്റാൻ  യുദ്ധംതന്നെ പരിഹാരമെന്നവൾ തീർച്ചയാക്കി.

യാഗാശ്വത്തെ   ധീരയായ രാജ്ഞി പ്രമീളാറാണി ബന്ധനത്തിലാക്കി. അശ്വത്തെ  അനുഗമിച്ചെത്തിയ അർജുനനും സൈന്യവും പ്രമീളയുടെ സൈന്യത്തോടേറ്റുമുട്ടേണ്ട സാഹചര്യമായി . പക്ഷേ നാരീപുരത്തെ  സ്ത്രീസൈന്യം അർജ്ജുനന്‌  സങ്കൽപ്പിക്കാൻ കഴിയുന്നതിലും വിപുലവും  അതിശക്തവുമായിരുന്നു. ഒരു ലക്ഷത്തോളം സ്ത്രീകൾ കൊലകൊമ്പനാനകളിലും,  ലക്ഷം പേർ കുതിരകളിലും ,  ലക്ഷം പേർ തേരുകളിലും അണിനിരന്നായിരുന്നു  യുദ്ധം.   തന്റെ മന്ത്രിണിയായിരുന്ന മന്മഥമഞ്ജരി എന്ന സ്ത്രീരത്നത്തിന്റെ സഹായത്തോടെ റാണി അർജുനനെയും സൈന്യത്തെയും നേരിട്ടു. തന്നോട് യുദ്ധംചെയ്യാൻ ഏതെങ്കിലും ഒരു പുരുഷപ്രജയെ അയയ്ക്കൂ എന്ന് അർജ്ജുനൻ ആവശ്യപ്പെട്ടു. പക്ഷേ പുരുഷന്മാരില്ലാത്ത രാജ്യത്ത് ഏതുപുരുഷൻ വരാനാണു യുദ്ധം ചെയ്യാൻ! പാർത്ഥൻ യുദ്ധക്കളത്തിൽനിന്നു വിയർത്തു.  സ്ത്രീകളോടു യുദ്ധംചെയ്യുന്നത് അധർമ്മമാകും.
"ഹേ ആദരണീയായ മഹാറാണീ, ഇവിടെ യുദ്ധംചെയ്യാൻ എനിക്കാവില്ല. ഇതധർമ്മമാണ് . അതിനാൽ ദയവായി യാഗാശ്വത്തെ തിരികെനൽകി യുദ്ധത്തിൽനിന്നു പിന്മാറിയാലും. നമുക്ക് സമാധാനമായി പിരിയാം."
അദ്ദേഹം റാണിയോടു  സവിനയം അപേക്ഷിച്ചു. പക്ഷേ  റാണിയാകട്ടെ  അചഞ്ചലയായി നിന്നു. യുദ്ധം അനിവാര്യമായി. പ്രമീളയെ മുറിവേല്പിക്കാതിരിക്കാൻ അർജ്ജുനൻ  ഏറെ ശ്രദ്ധാലുവായിരുന്നു. റാണിയാകട്ടെ അദ്ദേഹത്തെ പരാജയപ്പെടുത്താൻ തന്റെ സകലശക്തിയും  പ്രയോഗിച്ചു.  അർജ്ജുനന് ഈയുദ്ധത്തിൽ പ്രമീളയോടു ദയനീയമായി  പരാജയപ്പെടേണ്ടിവന്നു. പക്ഷേ പരാജയം ഏറ്റുവാങ്ങിപ്പോകാനുമാവില്ലല്ലോ.   ഒടുവിൽ കൈവശമുള്ള  ദിവ്യാസ്ത്രം പ്രയോഗിച്ച് പ്രമീളയെ വധിക്കാൻ അർജ്ജുനൻ തയ്യാറായി. എന്നാൽ അരുതെന്നൊരശരീരി അതിൽനിന്നു പാർത്ഥനെ  പിന്തിരിപ്പിച്ചു. പ്രമീളയെ പാണിഗ്രഹണം  ചെയ്യാനായിരുന്നു അശരീരിവാക്യം ഉപദേശിച്ചത്. അപ്രകാരം അവർ വിവാഹിതരായി. പക്ഷേ അർജ്ജുനൻ  ഒരു നിബന്ധന റാണിക്കുമുന്നിൽ വെച്ചിരുന്നു. ഹസ്തിനപുരത്ത് എത്തുന്നതുവരെ മാത്രം റാണി അദ്ദേഹത്തിന്റെ ഭാര്യയായിരിക്കും. അങ്ങനെ നാരീപുരത്തെ പ്രമീളറാണി അർജുനന്റെ അഞ്ചാമത്തെ പത്നിയായി.

ജൈമിനിമഹർഷി രചിച്ച മഹാഭാരതപാഠഭേദത്തിലാണ്  പ്രമീളറാണിയുടെയും നാരീപൂരത്തിന്റെയും ഈ കഥ പറയുന്നത്.






ഒരു ചിക്കൻ കഥ

ഒരു ചിക്കൻ കഥ 
.
"അമ്മേ, ഞാനിന്നു ചിക്കൻ കഴിച്ചല്ലോ ... എന്തു സ്വാദാന്നറിയുമോ. എനിക്കൊരുപാടിഷ്ടമായി"
ഉമാദേവിടീച്ചർ ഒരു ഞെട്ടലോടെയാണ്  ആ വിശേഷം കേട്ടറിഞ്ഞത്. 
ശുദ്ധസസ്യാഹാരം മാത്രം കഴിച്ചു ശീലിച്ചിരിക്കുന്ന കുടുംബമാണ് ടീച്ചറിന്റേത്. ബ്രാഹ്മണർ അനുവർത്തിക്കേണ്ടതായ ചിട്ടകളും ശുദ്ധവൃത്തികളും  കർശനമായി  പാലിക്കണമെന്നു ടീച്ചർക്കു നിർബ്ബന്ധമുണ്ട്. ഭർത്താവു ശിവശങ്കരൻ നമ്പൂതിരിയും മക്കൾ ഗായത്രിയും ഗണേശനും ടീച്ചറുടെ ചിട്ടകളൊന്നും തെറ്റിക്കാറുമില്ല. അപ്പോഴാണ് മകന്റെ അപ്രതീക്ഷിതമായ ഈ വിളംബരം. 
ആദ്യത്തെ അമ്പരപ്പിനുശേഷം ടീച്ചർ ശാന്തത കൈവരിച്ചു മകനോടു കാര്യങ്ങൾ വിശദമായി അന്വേഷിച്ചു. കൂടെപ്പഠിക്കുന്ന കുട്ടിയുടെ ടിഫിൻബോക്സിൽനിന്നാണ് അഞ്ചാംക്ലാസ്സിൽ പഠിക്കുന്ന ഗണേശ് ചിക്കൻ കഴിച്ചത്. ചിക്കനാണെന്നറിയാതെയായിരുന്നു അവൻ അത് കഴിച്ചത്. കഴിച്ചപ്പോൾ വളരെ ഇഷ്ടമായി. 
"അമ്മേ , അമ്മയെനിക്കുണ്ടാക്കിത്തരുമോ ചിക്കൻ?" അവൻ കൊഞ്ചിക്കൊണ്ടു ചോദിച്ചു. 
മക്കളെ തങ്ങളുടെ വിശ്വാസങ്ങളും ഭക്ഷണരീതികളും ജീവിതവുമൊന്നും  അടിച്ചേൽപ്പിക്കാൻ ടീച്ചറോ നമ്പൂതിരിസാറോ ഒരുക്കമായിരുന്നില്ല. അതുകൊണ്ടുതന്നെ മകന്റെ ഈ ആവശ്യത്തിനു മുഖംതിരിക്കാനും അവർക്കാകുമായിരുന്നില്ല. തന്നെയുമല്ല, ഇരുവരുടെയും  കുടുംബത്തിൽ പലരും വിശ്വാസപ്രമാണങ്ങളിൽനിന്നൊക്കെ വിട്ടുനിൽക്കുന്നവരുമാണ്. പലരും മാംസാഹാരം കഴിക്കുന്നത് പരസ്യമായ രഹസ്യവുമാണ്. പക്ഷേ ഒരിക്കലും ശീലിച്ചിട്ടില്ലാത്ത ഭക്ഷണരീതി പുതുതായി തുടങ്ങാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടു  പുറത്തു മാംസാഹാരം കിട്ടുന്ന ഏതെങ്കിലും നല്ല റെസ്റ്ററന്റിൽ കൊണ്ടുപോയി വാങ്ങിക്കൊടുക്കാമെന്ന് മകനു  വാക്കുകൊടുത്തു. 
സ്‌കൂളിൽ സഹാദ്ധ്യാപകരോടു തിരക്കി നല്ല മാംസാഹാരം കിട്ടുന്ന ഭക്ഷണശാലകളേതെന്നു മനസ്സിലാക്കി വയ്ക്കുകയുംചെയ്തു. 
അടുത്തുവന്ന അവധിദിവസംതന്നെ മകനെയും മകളെയും കൂട്ടി നമ്പൂതിരിദമ്പതികൾ പട്ടണത്തിലേക്കു പോയി. അത്യാവശ്യം ഷോപ്പിങ്ങൊക്കെ നടത്തിയശേഷം ഭക്ഷണം കഴിക്കാനായി പോയി. ഒരു വീടിനോടു ചേർന്നുള്ള റെസ്റ്ററന്റാണ്. അതുകൊണ്ടുതന്നെ നല്ല വൃത്തിയും ശുചിത്വവുമൊക്കെയുള്ള അന്തരീക്ഷം. ഭക്ഷണം സ്വാദുള്ളതാണെന്നുമാണറിഞ്ഞത്. പക്ഷേ  ഒരു കുഴപ്പം മാത്രം. ഓർഡർ കൊടുത്തശേഷം മാത്രമേ അവർ ഭക്ഷണം തയ്യാറാക്കുകയുള്ളു. അതുകൊണ്ടു കുറച്ചധികം സമയം കാത്തിരിക്കേണ്ടിവരും. ഗണേശിനുള്ള ചിക്കനും ബാക്കിയെല്ലാവർക്കും സസ്യാഹാരവും കൊണ്ടുവരാൻ പറഞ്ഞ് അവർ കാത്തിരിപ്പായി.  അച്ഛനുമമ്മയും സംസാരിച്ചിരുന്നപ്പോൾ ഗണേശനും ഗായത്രിയും ആ വീടിന്റെ പരിസരത്തൊക്കെ ഓടിക്കളിച്ചു. ഒടുവിൽ ഭക്ഷണം എത്തിയപ്പോൾ ഗണേശൻ ചിക്കന്റെ പാത്രത്തിലേക്ക് നോക്കുകപോലും ചെയ്തില്ല. മറ്റുള്ളവർക്കായി കൊണ്ടുവന്ന ചപ്പാത്തിയും പനീർ മട്ടറും വെജിറ്റബിൾ ഫ്രൈഡ് റൈസും ഒക്കെയാണവൻ കഴിച്ചത്. ചിക്കനിരിക്കുന്ന  പ്ലേറ്റ് അവന്റെ മുമ്പിലേക്കു  മാറ്റിവെച്ചിട്ടും അവൻ നോക്കിയതേയില്ല. ടീച്ചർ പറഞ്ഞിട്ടു കേട്ടതായി ഭാവിച്ചുമില്ല. ഒടുവിൽ കൈ കഴുകുന്നതിനായി ഗണേശ് എഴുന്നേറ്റപ്പോൾ ടീച്ചർ വീണ്ടും ചിക്കൻ കഴിക്കുന്നതോർമ്മപ്പെടുത്തി. 
"വയർ നിറഞ്ഞമ്മേ.. ഇപ്പോൾ വേണ്ട" എന്നായി അവൻ 
"എങ്കിൽ ശരി . നമുക്കിതു പാഴ്‌സലാക്കി കൊണ്ടുപോകാം. വീട്ടിൽചെന്നിട്ടു വൈകുന്നേരം കഴിക്കാം." ടീച്ചർ പറഞ്ഞു. 
ഗണേശ് അത് കേട്ടതായിപ്പോലും ഭാവിച്ചില്ല. എങ്കിലും അവരതു പാഴ്‌സലാക്കി വാങ്ങിക്കൊണ്ടുപോയി. 
വൈകുന്നേരം ഭക്ഷണത്തോടൊപ്പം ചിക്കനും ഗണേശിന് വിളമ്പി. പക്ഷേ  അവനതു കഴിക്കാൻ കൂട്ടാക്കിയില്ല. ടീച്ചറിനു ചെറിയതോതിൽ ദേഷ്യവും വന്നു. 
"ഇത്രദൂരംപോയി ചിക്കൻ വാങ്ങിവന്നിട്ടു നീയെന്താ കഴിക്കാത്തെ ?" അവർ അല്പം ശബ്ദമുയർത്തിത്തന്നെ  ചോദിച്ചു. 
"ഇപ്പോ എനിക്ക് വിശക്കുന്നില്ലമ്മാ " ഗണേശ് ചിണുങ്ങി. 
പിന്നെ അവർ ചിക്കനെക്കുറിച്ചു സംസാരിച്ചില്ല. പിറ്റേദിവസം അത് മുഴുവൻ എടുത്തു കളയുകയും ചെയ്തു. പിന്നീടൊരിക്കലും ഗണേശ് ചിക്കൻ വേണമെന്ന് പറഞ്ഞതുമില്ല. 
വളരെ വേഗത്തിൽ നാളുകളോടിമറഞ്ഞു. സ്‌കൂൾവർഷത്തിന്റെ അവസാനനാളുകളിലലൊരുദിവസം ഗണേശ് വൈകുന്നേരമെത്തിയത് വളരെ സന്തോഷത്തിലായിരുന്നു. 
"അമ്മേ , ഇതുകണ്ടോ സ്‌കൂൾമാഗസിൻ .. അമ്മയൊന്നു വായിച്ചു നോക്കിയേ" 
"മോനേ , അമ്മയും സ്‌കൂളിൽനിന്നു വന്നതല്ലേയുള്ളൂ, എത്ര ജോലികളുണ്ട്! അതൊക്കെ തീർന്നിട്ട് രാത്രിയിൽ അമ്മയിത്  വായിച്ചു നോക്കാം."
ഗണേശ് പതിവുപോലെ പാലുകുടിച്ചശേഷം കളിക്കാനായി കൂട്ടുകാരുടെയടുത്തേക്കോടി. 
അവന്  പതിവിലേറെ    ഉത്സാഹമുള്ളതുപോലെ അവർക്കുതോന്നി. 
രാത്രിയിൽ ജോലിയൊക്കെ ഒതുക്കി കിടക്കാൻ വന്നപ്പോഴാണ് മോൻ കൊണ്ടുവന്ന സ്‌കൂൾമാഗസിൻ  കണ്ണിൽപ്പെട്ടത്. തന്റെ സ്‌കൂളുപോലെ സർക്കാർസ്കൂളല്ല ഗണേശ് പഠിക്കുന്ന സ്‌കൂൾ. ഉന്നതനിലവാരം പുലർത്തുന്ന, നാട്ടിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയമാണത്. അപ്പോൾ അവരുടെ മാഗസിനും നല്ല നിലവാരമുണ്ടാകുമല്ലോ. മാഗസിനെടുത്ത് അവർ പേജുകൾ മറിച്ചുനോക്കിക്കൊണ്ടിരുന്നു. കഥയും കവിതയും ലേഖനവും ചിത്രങ്ങളും ഒക്കെയുണ്ട്. കുട്ടികൾ നന്നായി എല്ലാം കൈകാര്യം ചെയ്യുന്നു. അഭിമാനംതോന്നി. പെട്ടെന്നാണ് ഒരു പേജിൽ തന്റെ മകന്റെ ഫോട്ടോകണ്ട്  ഒന്നമ്പരന്നത്. അവർ വിശ്വാസം വരാതെ ഒന്നുകൂടിനോക്കി. അതേ, അഞ്ചാംക്ലാസ് ബി ഡിവിഷനിലെ ഗണേശ് നമ്പൂതിരിതന്നെ. അവർ വല്ലാത്തൊരാവേശത്തോടെ എഴുതിയതു  മുഴുവൻ വായിച്ചുതീർത്തു. 
' ലിനുവിന്റെ ടിഫിൻബോക്സിൽനിന്നാണ് ഞാനാദ്യമായി ചിക്കൻ കഴിച്ചത്. എനിക്കതു വളരെയിഷ്ടമായി. പക്ഷേ എന്റെ അമ്മയ്ക്ക് അതൊന്നും ഉണ്ടാക്കാനറിയില്ല. എങ്കിലും എനിക്ക് വേണമെന്ന് പറഞ്ഞപ്പോൾ അച്ഛനുമമ്മയും എന്നെയും ചേച്ചിയേയുംകൂട്ടി റെസ്റ്ററന്റിൽ കൊണ്ടുപോയി. ഭക്ഷണം പാകപ്പെടുത്താൻ സമയമെടുക്കുമെന്നു പറഞ്ഞതുകൊണ്ട് ഞാനും ചേച്ചിയും അവിടെയൊക്കെ ഓടിക്കളിച്ചു. അപ്പോഴാണ് അവിടെ ഒരു കോഴിയമ്മയും കുറേ കോഴിക്കുഞ്ഞുങ്ങളും ചികഞ്ഞുനടക്കുന്നതു കണ്ടത്. ഞാൻ അവയെപ്പിടിക്കാനായി ഓടിച്ചെന്നപ്പോൾ ആ കോഴിക്കുഞ്ഞുങ്ങൾ ഭയന്നോടി അവരുടെ അമ്മയുടെ ചിറകിനടിയിൽ ഒളിച്ചു. ആ കുഞ്ഞുങ്ങളുടെ ഭയന്നുള്ള നോട്ടവും ആ കോഴിയമ്മയുടെ സ്നേഹവും കണ്ടപ്പോൾ എനിക്കു വല്ലാതെ സങ്കടം വന്നു. ആ അമ്മ എത്ര സ്നേഹത്തോടെയാണ് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്! എന്റെ അമ്മയും ഞങ്ങളെ സംരക്ഷിക്കുന്നതെങ്ങനെയല്ലേ. പക്ഷേ കോഴിയമ്മ കുഞ്ഞുങ്ങളെ എത്ര   കാത്തുരക്ഷിച്ചാലും എപ്പോഴെങ്കിലും അവരെയൊക്കെ കൊന്നു ഭക്ഷണമുണ്ടാക്കി ഇവിടെ കഴിക്കാൻ വരുന്നവർക്ക് കൊടുക്കില്ലേ  എന്നോർത്തപ്പോൾ എനിക്ക് കരച്ചിൽ വന്നു. കുറച്ചുസമയംകൂടി ആ കോഴിയും കുഞ്ഞുങ്ങളും നടന്നുപോകുന്നതുനോക്കി ഞാൻ നിന്നു. എനിക്കായി ഓർഡർ ചെയ്ത  കോഴിയിറച്ചി എനിക്കു കഴിക്കാൻ കഴിഞ്ഞില്ല. ഇനി ഒരിക്കലും എനിക്കതു കഴിക്കാനും കഴിയില്ല.'
ഇതായിരുന്നു ഗണേശിന്റെ ഫോട്ടോയോടൊപ്പമുണ്ടായിരുന്ന ആർട്ടിക്കിൾ. 
വായിച്ചുകഴിഞ്ഞപ്പോൾ ടീച്ചറിന്റെ കണ്ണിൽനിന്ന് രണ്ടുതുള്ളിക്കണ്ണുനീർ അടർന്നുവീണു. 





Tuesday, October 1, 2019

പാടത്തു പണിക്കു വരമ്പത്തു കൂലി . (minikdha)

പാടത്തു പണിക്കു വരമ്പത്തു കൂലി
.

എവിടെയോ വായിച്ച കഥ.
എട്ടോ ഒൻപതോ വയസ്സായ മകനെ ചില  ജോലികളൊക്കെ ചെയ്യാനായി 'അമ്മ ഏല്പിച്ചുകൊടുക്കാറുണ്ടായിരുന്നു. ചിലപ്പോൾ സാധനങ്ങൾ വാങ്ങാനായി കടയിൽ വിടും. ചിലപ്പോൾ അലക്കാൻ കൊടുത്ത തുണി വാങ്ങാൻ വിടും. അതുമല്ലെങ്കിൽ അടുക്കളയിലെന്തെങ്കിലും സഹായമാകും.
വീട്ടിൽ വരുന്ന ജോലിക്കാർക്കൊക്കെ അമ്മ കൃത്യമായി വേതനം കൊടുക്കുന്നതു മകൻ ശ്രദ്ധച്ചിരുന്നു. അവനും തോന്നിത്തുടങ്ങി. താനും ജോലിചെയ്യുന്നുണ്ട്. അപ്പോൾ തനിക്കും കൂലി കിട്ടണമല്ലോ. പിന്നെയുള്ള ദിവസങ്ങളിൽ അങ്ങനെ ചെയ്യണമെന്നവൻ തീരുമാനിച്ചു .
അടുത്ത ദിവസം  അമ്മ പറഞ്ഞ ജോലികളൊക്കെ കൃത്യമായി ചെയ്തശേഷം അവയുടെയൊക്കെ ലിസ്റ്റെഴുതി ഓരോന്നിനും നേരെ കൂലിയുമെഴുതി അമ്മയുടെ കൈവശം കൊടുത്തു. അതു  വായിച്ച്  മറുത്തൊന്നും പറയാതെ അമ്മ  പണം  കൊടുത്തു. അവനു വളരെ സന്തോഷമായി.
രാത്രി ഭക്ഷണമൊക്കെക്കഴിഞ്ഞു എല്ലാവരും ടി വി കണ്ടുകൊണ്ടിരിക്കെ അമ്മ ഒരു ബില്ലുമായി മകന്റെയടുത്തുചെന്നു. അവനുവേണ്ടി അന്നു  ചെയ്ത കാര്യങ്ങളൊക്കെ അതിൽ കുറിച്ചിരുന്നു. പക്ഷേ അതിലൊക്കെ തുക കുറിച്ചിരുന്നത് '0' എന്നായിരുന്നു. ആകെത്തുകയും പൂജ്യം തന്നെ.
മകൻ ആ കാടലാസുകഷണത്തിലേക്കും അമ്മയുടെ മുഖത്തേക്കും മാറിമാറി നോക്കി. പിന്നെ പൊട്ടിക്കരഞ്ഞുകൊണ്ട്‌  അമ്മയെ കെട്ടിപ്പിടിച്ചുമ്മവെച്ചു.

*********************

എല്ലാ അമ്മമാരും എല്ലാ മക്കളും ഇങ്ങനെയാകണമെന്നില്ല. മക്കളുടെ സ്നേഹത്തെയും വിധേയത്വത്തെയും മുതലെടുത്തു സുഖിമതികളായിക്കഴിയുന്ന അമ്മമാരും അമ്മമാരുടെ സ്നേഹദൗർബ്ബല്യങ്ങളെ മുതലെടുത്തു തൻകാര്യം  നേടുന്ന മക്കളെയും നിത്യജീവിതത്തിൽ നാമെത്രയോ കാണുന്നു. എങ്കിലും ജീവിതത്തിന്റെ കണക്കുപുസ്തകത്തിൽ നന്മയ്ക്കാകട്ടെ മുൻതൂക്കമെന്ന് ആശിക്കാം.



Thursday, September 26, 2019

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 12

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ -
.......................................................................................

കൽക്കട്ടയിലെ ആൽമരം
'''''''''''''''''''''''''''''''''''''''''''''''''
കൽക്കട്ട നഗരം അനന്തമായ വിസ്മയങ്ങളുടെ, ദൃശ്യവൈവിധ്യങ്ങളുടെ അനുഭവസമ്പത്തിന്റെ കേദാരഭൂമിയാണ്. നഗരത്തെരുവുകളിലെ ഓരോ ചുവടുവയ്പ്പും ഓരോ പാഠങ്ങളാണ് നമുക്കായ് പകർന്നു നൽകുന്നത്. ഈ നഗരത്തിൽ നടത്തിയ ഹ്രസ്വസന്ദർശനവേളയിൽ വിസ്മയിപ്പിച്ച പുരാതനവും നൂതനവുമായ  നിരവധി കാഴ്ചകളുണ്ടായിരുന്നു.  ഏറ്റവും മുന്നിൽത്തന്നെയുള്ളതാണ് 250 ലേറെ വയസ്സുള്ള ഒരു മുത്തച്ഛനാൽമരം. ഇത്തരമൊരു മഹാവൃക്ഷം ലോകത്തു മറ്റെവിടെയെങ്കിലുമുണ്ടാകുമോ എന്നു  സംശയമുണ്ട്. ഒറ്റമരംകൊണ്ടൊരു നിബിഢവനം!

കൽക്കട്ടയിലെ ആചാര്യ ജഗദീശ് ചന്ദ്രബോസ് ബൊട്ടാണിക്കൽ ഗാർഡനോടു  ചേർന്നാണ്  ഈ ഏകവൃക്ഷ മഹാരണ്യം. വയസ്സുകൊണ്ടും  വ്യാപ്തികൊണ്ടും ഈ ബോധിവൃക്ഷം ലോകത്തിലെതന്നെ ഏറ്റവും വലിയ വൃക്ഷമെന്ന  ഖ്യാതി നേടിയിട്ടുണ്ട്. ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയുമായുമാണിത്. ഈ മരത്തെക്കുറിച്ചുള്ള അദ്‌ഭുതാവഹമായ കാര്യങ്ങളിലൊന്ന്  ഈ മരമുത്തച്ഛന് ഒരു  തായ്ത്തടി ഇന്നില്ല എന്നതാണ്. ഒന്നിലധികം പ്രാവശ്യം  കൊടുകാറ്റും ഇടിമിന്നലുമുൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളിൽപ്പെട്ട് അതു നശിച്ചു പോയിരുന്നു.  പകരം നാലായിരത്തോളം   താങ്ങുവേരുകളുണ്ട്  മരത്തെ മണ്ണിൽ ഉറപ്പിച്ചു നിർത്താൻ. മൂന്നരയേക്കറോളം വിസ്തൃതിയിൽ  ഇലച്ചാർത്തുകളാൽ ശീതളച്ഛായപകർന്ന് പടർന്നുപന്തലിച്ചങ്ങനെ നിൽക്കുകയാണത്.  തൂണുകൾപോലെ ഊന്നുവേരുകളും. എൺപതടിയിലധികം നീളമുണ്ട്‌ ഈ മരത്തിന്റെ ശാഖകൾക്ക്. മരത്തിനു ചുറ്റുമായി 4oo മീറ്ററോളം നീളത്തിലൊരു നടപ്പാതയുണ്ട്. പാതയുടെ ഭാഗം വേലിക്കെട്ടുകൾകൊണ്ടു തിരിച്ചിട്ടുണ്ട്.  സന്ദർശകർക്ക്  അതിനുള്ളിലേക്ക് കടക്കാൻ അനുവാദമില്ല. പാത നിർമ്മിച്ച കാലത്ത് അതു താങ്ങുവേരുകൾക്കു ചുറ്റുമായിരുന്നെങ്കിലും ഇന്ന് പാതയ്ക്കുമപ്പുറത്തേക്ക് ഏറെ ദൂരം താങ്ങുവേരുകൾ അധിപത്യമുറപ്പിച്ചിരിക്കുന്നു.

ബൊട്ടാണിക്കൽ ഗാർഡൻ ആകർഷകമായ ഒട്ടനവധി സസ്യങ്ങളുടെയും ജീവികളുടെയും അഭയകേന്ദ്രമാണ്. എങ്കിൽക്കൂടി സസ്യലോകത്തിനുതന്നെ മഹാവിസ്മയമായിരിക്കുന്ന   ഈ പേരാലാണ് സന്ദർശകരുടെ പ്രധാനലക്ഷ്യം. ഒരുപക്ഷേ പേരാലിന്റെ  മതപരമായുള്ള പ്രാധാന്യംകൊണ്ടുമാവാം ഈ പ്രതിപത്തി. പേരാൽ നമ്മുടെ ദേശീയവൃക്ഷംകൂടെയാണല്ലോ.

Image result for banyan tree in kolkata



















Saturday, August 31, 2019

ഈശ്വരൻ തൊട്ട കൈവിരലുകളുള്ള ജോയ്‌ഡ്‌ വിറ്റ്

കല ദൈവികമാണ്. കലാകാരൻമാർ ( കലാകാരികളും) എന്നെന്നും ആദരിക്കപ്പെടുന്നത് ഈ ദൈവാംശം അവരിൽ ഉള്ളതുകൊണ്ടാണ്. ഒരു കലാകാരന്റെ/ കലാകാരിയുടെ  സ്നേഹത്തിനു പാത്രീഭവിക്കുകയെന്നത്‌  ഈശ്വരസ്നേഹം ലഭിക്കുന്നതിനു തുല്യവും.

നെതർലണ്ടിലെ യാത്രയ്ക്കിടയിലാണ് ജോയ്‌ഡ്‌ വിറ്റ് എന്ന അതുല്യകാലാകാരനെ പരിചയപ്പെട്ടത്. റോട്ടർഡാം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഹോട്ടൽ 'ഗ്രേറ്റ് പാലസ്' ആയിരുന്നു അന്നത്തെ ഞങ്ങളുടെ താമസസ്ഥലം. വൈകുന്നേരം  ഏഴരയായി ഹോട്ടലിലെത്തിയപ്പോൾ. പക്ഷേ നാലുമണി ആയതുപോലെയേ തോന്നിയുള്ളൂ. അവിടെ സൂര്യനസ്തമിക്കണമെങ്കിൽ ഒമ്പതരമണിയെങ്കിലുമാകും. അന്തിയാവാൻ ഇനിയുമേറെ സമയമുള്ളതുകൊണ്ട് ഞങ്ങൾ പരിസരമൊക്കെ കാണാനായി പുറത്തേക്കിറങ്ങി.

ഹോട്ടലിന്റെ അങ്കണം കടന്നാൽ ഒരു  ഹൈവേ ആണ് . അതിനുമപ്പുറം പച്ചക്കടൽപോലെ പരന്നുകിടക്കുന്ന ഗോതമ്പുവയൽ. കുറച്ചുദൂരം നടന്നപ്പോൾ നീണ്ടുകിടക്കുന്നൊരു ഗ്രാമപാതയിലെത്തി. അവിടം  അതിമനോഹരമായ ഒരു ഗ്രാമപ്രദേശമാണ് .  ഗ്രാമപാതകൾക്കിരുവശവും  വിവിധവിളവുകൾ നിറഞ്ഞ  കൃഷിയിടങ്ങളും പുൽമേടുകളും പൂമരങ്ങളും. അതിനിടയിലൂടെ വളഞ്ഞൊഴുകുന്ന  കൊച്ചുനദിയും. നദിയോരത്തുകൂടെ കുറച്ചു നടന്നപ്പോൾ വിസ്മയിപ്പിക്കുന്നൊരു കാഴ്ച. ഒരുവീടിന്റെ പിന്നാമ്പുറത്ത് പൂച്ചെടികൾക്കിടയിൽ  നിരവധി ജീവൻതുടിക്കുന്ന  ശില്പങ്ങൾ. അവയിൽ   മനുഷ്യരും മൃഗങ്ങളും പക്ഷികളുമുണ്ട്. കുറച്ചുസമയം അതുനോക്കിനിന്നശേഷം മുന്നോട്ടു നടന്നു. വീടിന്റെ ഗേറ്റു തുറന്ന് ഒരു മനുഷ്യൻ  ഇറങ്ങിവന്നു. ഞങ്ങളെക്കണ്ടു ചിരപരിചിതനെപ്പോലെ അദ്ദേഹം ചിരിച്ചു, എന്തൊക്കെയോ പറഞ്ഞു. ഡച്ചുഭാഷയിലായതുകൊണ്ടു എന്താണെന്നു മനസ്സിലായില്ല. അദ്ദേഹം ഞങ്ങളെ സ്നേഹപൂർവ്വം അകത്തേക്കു ക്ഷണിച്ചു. പിന്നീട് സ്നേഹഭാഷയിൽ ഞങ്ങൾ പരസ്പരം ആശയവിനിമയം നടത്തി. ജോയ്‌ഡ്‌ വിറ്റ്  എന്നാണദ്ദേഹത്തിന്റെ പേരെന്നു പറഞ്ഞു. ഒരു ഏകാകിയായ കലാകാരൻ. ഒരുപക്ഷേ തന്റെ ഏകാന്തമായ ജീവിതസായന്തനത്തിൽ  വിശ്രമജീവിതം ആനന്ദഭരിതമാക്കാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമായിരിക്കാം ഈ കലാസപര്യ. ആ വീടും പരിസരവും ഒരു മ്യൂസിയമാണെന്നു തോന്നി.  ശില്പങ്ങളും ചിത്രങ്ങളുംകൊണ്ട് അവിടമാകെ  നിറഞ്ഞിരുന്നു . തന്റെ പണിപ്പുരയും  കലാരൂപങ്ങളും പത്രങ്ങളിൽ അവയെക്കുറിച്ചുവന്ന   വാർത്തകളുമൊക്കെ ആവേശത്തോടെ അദ്ദേഹം ഞങ്ങൾക്കു  കാട്ടിത്തന്നു. ഒപ്പംനിന്നു ഫോട്ടോ എടുക്കാനും ഒരുമടിയുമുണ്ടായില്ല. കുറച്ചുസമയംകൂടി അദ്ദേഹത്തിന്റെ സൃഷ്ടിവൈഭവങ്ങൾ  ആസ്വദിച്ച്, അങ്ങേയറ്റം പ്രശംസിച്ച്,  ആ പ്രതിഭാധനനോടു   സ്നേഹപൂർവ്വം  നന്ദിപറഞ്ഞു മടങ്ങി. യാത്രപറഞ്ഞപ്പോൾ  തന്റെ ഇമെയിൽ അഡ്രെസ്സ് നൽകാനും അദ്ദേഹം മറന്നില്ല. ജീവിതത്തിൽ ഇനിയൊരിക്കലും കാണാനിടയില്ലാത്ത ആ മഹാനുഭാവന് ഒരായിരം പ്രണാമങ്ങളർപ്പിക്കുന്നു.