Thursday, January 24, 2019

കഠിനം

വിധിക്കാനെന്തെളുപ്പം നമുക്കന്യനെ,
സ്വന്തം കുറ്റങ്ങൾ കാണുവാനവതില്ല
സ്നേഹിപ്പവർത്തൻ  ഹൃദയത്തിലാഴത്തിൽ
മുറിപ്പെടുത്തുന്നതുമെന്തെളുപ്പം, പക്ഷേ
ആ വടുക്കൾ  നൽകും  നോവിന്റെ കാഠിന്യം
മാഞ്ഞുപോകില്ലെത്ര കാലം കഴിഞ്ഞാലും.
നിയമം ചമയ്ക്കുവാനെന്തെളുപ്പം, പക്ഷേ
നിയമത്തിൻ  വഴിയിൽ  ചരിക്കുവാൻ ക്ലേശം
കനവുകൾ കാണുവാനെന്തെളുപ്പം രാവിൽ,
സത്യമാക്കാനെത്ര കഠിനം, പൊരുതുവാൻ!
സ്നേഹമെന്നോതുവാനെന്തെളുപ്പം തമ്മിൽ
സ്നേഹം ധ്വനിപ്പിക്ക ദുഷ്കരം താൻ
പിഴകൾ വരുത്തിടാം  നിഷ്പ്രയാസം, അതിൽ
പാഠം പഠിക്കുക കഠിനമത്രെ!


Sunday, January 20, 2019

ജാതകഫലം



ജ്യോതിഷം ശാസ്ത്രമോ വിശ്വാസമോ  അന്ധവിശ്വാസമോ എന്തുമാകട്ടെ, നാൾക്കുനാൾ അതിലേക്കു ജനം ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് സത്യം. ചിലപ്പോഴെങ്കിലും ഇതേറ്റവും വലിയ തട്ടിപ്പാണെന്നും തോന്നാതിരിക്കില്ല. ജ്യോതിഷികൾക്കുപോലും അങ്ങനെ തോന്നിയാലോ
ഈ കഥ നോക്കൂ
ശാരംഗപുരമെന്ന രാജ്യത്തെ രാജാവിന് ജ്ഞാനികളോട് ഏറെ ആദരവായിരുന്നു. ഏതുമേഖലയിലും പാണ്ഡിത്യമുള്ളവരെ തന്റെ രാജസദസ്സിൽ പ്രത്യേകപദവി നൽകി ആദരിച്ചിരുന്നു. അവർക്ക് എല്ലാവിധ അംഗീകാരങ്ങളും നൽകുന്നതിൽ രാജാവ് സദാ ജാഗരൂകനുമായിരുന്നു. അതുകൊണ്ടുതന്നെ അവരൊക്കെ അദ്ദേഹത്തെ വളരെയധികം സ്നേഹിക്കുകയും സൗഹൃദഭാവം കാത്തുസൂക്ഷിക്കുകയും ചെയ്തുപോന്നു. അവരിൽ ഒരാളായിരുന്നു പ്രശസ്തനായ ജ്യോതിഷപണ്ഡിതൻ ചന്ദ്രഭാനു. ചന്ദ്രഭാനുവിന്റെ പ്രവചനങ്ങൾ ഒരിക്കലും തെറ്റിയിരുന്നില്ല. അതുകൊണ്ടുതന്നെ രാജാവിന് ചന്ദ്രഭാനുവിന്റെ ഉപദേശം ഏതുകാര്യത്തിലും അനിവാര്യമായിവന്നു. അതവരെ ഉറ്റസുഹൃത്തുക്കളുമാക്കി.  അടുത്തടുത്ത ദിവസങ്ങളിലായിരുന്നു ഇരുവരും വിവാഹിതരായത്. പത്നിമാർ ഗർഭവതികളായതും ഏതാണ്ടൊരേസമയത്തുതന്നെ. അടുത്ത കിരീടാവകാശിയെ വരവേൽക്കാനായി രാജ്യം മുഴുവൻ അത്യാഹ്ലാദപൂർവ്വം ഒരുക്കം തുടങ്ങി. ദിനങ്ങളും ആഴ്ചകളും മാസങ്ങളും വേഗമോടിമറഞ്ഞു. ചന്ദ്രനും താരങ്ങളും ഭൂമിയെ പ്രശോഭിതമാക്കാൻ മത്സരിച്ച  ഒരു രാത്രിയിലാണ് രാജ്ഞി തന്റെ പുത്രനെ പ്രസവിച്ചത്. വാർത്തയറിഞ്ഞ്  അതീവസന്തുഷ്ടനായ രാജാവ് ഒപ്പമുണ്ടായിരുന്ന  ചന്ദ്രഭാനുവിനെ ആശ്ലേഷിച്ചു. രാജ്യത്തെ എല്ലാപ്രജകൾക്കും സമ്മാനം നൽകാനുള്ള ഉത്തരവാദിത്വം ഏല്പിക്കുകയും ചെയ്തു. ചന്ദ്രഭാനു താമസംവിനാ അതിനുള്ള ഏർപ്പാടുകൾ ചെയ്തു. രാജ്യത്തിൻറെ വിവിധഭാഗങ്ങളിലേക്ക് ജോലിക്കാരെ അതിനായി അയക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞാണ് അയാൾ  വീട്ടിലെത്തിയത്. അപ്രതീക്ഷിതമായി  വീട്ടുപടിക്കൽ വളരെയാളുകൾ കൂടിനിൽക്കുന്നതുകണ്ട്‌  തെല്ലൊന്നമ്പരന്നു. അത്യാഹിതം വല്ലതും സംഭവിച്ചോ എന്നൊരു ഭയപ്പാട് ഒരുനിമിഷം അയാളെ മഥിച്ചു. പക്ഷേ എല്ലാവരും അതീവ സന്തോഷത്തിലായിരുന്നു.  പൂമുഖത്തേക്കു കടന്നതും ഒരു വൃദ്ധ തുണിയിൽപൊതിഞ്ഞ പിഞ്ചുകുഞ്ഞിനെ ചന്ദ്രഭാനുവിന്റെ കൈയിൽ കൊടുത്തു.
"ആൺകുഞ്ഞാണ്"
അവർ നിലാവുദിച്ചപോലെ  ചിരിച്ച മുഖത്തോടെ പറഞ്ഞു.
അത്യാഹ്ലാദത്തോടെ കുഞ്ഞിനെ ഏറ്റുവാങ്ങി ആ പിഞ്ചുമുഖത്തേക്ക് അയാൾ നിർന്നിമേഷനായി നോക്കിനിന്നു.
കുഞ്ഞിന്റെ ജന്മസമയം അറിഞ്ഞപ്പോൾ ചന്ദ്രഭാനു ആശ്ചര്യചകിതനായി. രാജകുമാരൻ ജനിച്ച  അതേ  സമയം! ജ്യോതിഷത്തിൽ അസാമാന്യജ്ഞാനമുള്ള ചന്ദ്രഭാനുവിന് ഗ്രഹനിലനോക്കി ഫലം പറയാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. രണ്ടുകുഞ്ഞുങ്ങളുടേയും  ഫലങ്ങൾ ഒന്നുതന്നെ.  പക്ഷേ  അതെങ്ങനെ സംഭവിക്കാൻ! തന്റെ മകൻ സാധാരണക്കാരനും രാജാവിന്റെ പുത്രൻ കിരീടാവകാശിയും. എന്നാൽ ജ്യോതിഷത്തെ അവിശ്വസിക്കാനുമാവുന്നില്ല. എന്തൊരു ചിന്താക്കുഴപ്പമാണിത്!
കാലം കടന്നുപോകുന്നതറിയാതെ കുഞ്ഞുങ്ങൾ വളർന്നുകൊണ്ടിരുന്നു. പഠനസമയമായപ്പോൾ ഗുരുകുലത്തിലേക്ക് അവരെ ഒന്നിച്ചാണയച്ചത്. ഇരുവരും അതിബുദ്ധിമാന്മാരും സൽസ്വഭാവികളും നല്ല സുഹൃത്തുക്കളുമായി വളർന്നു. അതിസമർത്ഥന്മാരായിരുന്നതുകൊണ്ട് ഗുരുവിന്റെ വാത്സല്യഭാജനങ്ങളായിരുന്നു ഇരുവരും.  ഒടുവിൽ പഠനം പൂർത്തിയാക്കി തിരികെയെത്തിയതും ഒന്നിച്ചുതന്നെ.
രാജാവും ചന്ദ്രഭാനുവും  തങ്ങളുടെ മിടുമിടുക്കന്മാരായ മക്കളെ അത്യാഹ്ലാദത്തോടെ സ്വീകരിച്ചു.
ചന്ദ്രഭാനുവിന് ഉടനെത്തന്നെ രാജാവൊരു ദൗത്യം ഏല്പിച്ചുകൊടുത്തു. തന്റെ പുത്രന്റെ പട്ടാഭിഷേകത്തിനുള്ള ഉത്തമസമയം കുറിച്ച്, അതിനായി വേണ്ടതൊക്കെ ചെയ്യണമത്രേ!
"രാജകുമാരന്  കിരീടധാരണത്തിനുള്ള സമയമായി. ജാതകപ്രകാരം തന്റെ മകനും അതിനുള്ള സമയമായി. പക്ഷേ  അതെങ്ങനെ സംഭവിക്കും! കാലം തന്റെ മകന് കരുതിവെച്ചിരിക്കുന്ന കിരീടമേതെന്നു കണ്ടുതന്നെ അറിയാം" അയാൾ ആത്മഗതം ചെയ്തു.
അങ്ങനെ രാജകുമാരന്റെ പട്ടാഭിഷേകാദിനമെത്തി. രാജ്യത്തിൻറെ നാനാദിക്കിൽനിന്നും ജനം സകുടുംബം ചടങ്ങിൽ പങ്കെടുക്കാൻ തലസ്ഥാനനഗരിയിൽ വന്നണഞ്ഞു. രാജ്യത്തെ പ്രശസ്തരായ പുരോഹിതശ്രേഷ്ഠരുടെ കാർമ്മികത്വത്തിൽ കിരീടധാരണച്ചടങ്ങുകൾ മംഗളമായി നടന്നു. അതുകഴിഞ്ഞ് ഗജവീരന്റെ പുറത്തിരുത്തി രാജവീഥികളിൽ എഴുന്നെള്ളിക്കുന്ന ചടങ്ങായിരുന്നു. ജനങ്ങൾ വീഥിക്കിരുവശവും ആശംസാഗാനങ്ങളാലപിച്ചു കാത്തുനിന്നു.
ചന്ദ്രഭാനു ആൾക്കൂട്ടത്തിലൊക്കെ തന്റെ മകനെ തിരഞ്ഞു. അവനെ അവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല.  അവന്റെ ജാതകഫലം എങ്ങനെയാവും! അയാൾ തന്റെ വീട്ടിലേക്കു പാഞ്ഞെത്തി. അവിടെ അതാ ഒരാൾക്കൂട്ടം. ആശങ്കയോടെ അയാൾ അവിടേയ്ക്കു ഓടിയടുത്തു. ആ ജനക്കൂട്ടത്തിനു നടുവിൽ ഒരാനക്കുട്ടിയുടെ പുറത്തു പൂമാലകൾ  ചാർത്തി, പുഷ്പകിരീടമണിഞ്ഞ്  തന്റെ  മകനിരിക്കുന്നതാണയാൾ കണ്ടത്. ചുറ്റുമുള്ളവർ അവനെ പ്രശംസിക്കുന്നു, പ്രകീർത്തിച്ചു പാട്ടുപാടുന്നു. ഒന്നും മനസ്സിലാകാതെ അന്തിച്ചുനിന്ന ചന്ദ്രഭാനുവിന്റെ തോളിൽത്തട്ടി അയൽവാസിയായ ശങ്കരൻ ഇങ്ങനെ പറഞ്ഞു.
 " ചന്ദ്രഭാനു, താങ്കളുടെ പുത്രൻ എത്ര സമർത്ഥനും  ധീരനുമാണ്! കല്ലുകുഴിയിൽ വീണുകിടന്നിരുന്ന ആനക്കുട്ടിയെ അവൻ ഒറ്റയ്ക്കാണ് രക്ഷപ്പെടുത്തിയത്. മാത്രമല്ല, മൃതപ്രായമായിക്കിടന്ന   അതിനുവേണ്ട എല്ലാ വൈദ്യസഹായവും ചെയ്തുകൊടുത്ത് പൂർണ്ണാരോഗ്യവാനാക്കി. അതാ, ആ ആനക്കുട്ടിയുടെ സ്നേഹപ്രകടനം നോക്കൂ, തന്റെ പുറത്തിരുത്തിയാണു  കൊണ്ടുവരുന്നത്! ചുറ്റും കൂടിയിരിക്കുന്ന കുട്ടികൾക്ക് അവൻ സർവ്വസമ്മതനായിരിക്കുന്നു. അവനിന്നവരുടെ നേതാവ്."
ചന്ദ്രഭാനു ആഹ്ളാദചിത്തനായി. തന്റെ മകന്റെ  ജാതകഫലം തെറ്റിയില്ല. രാജാവിന്റെ മകൻ അവന്റെ കുലത്തിനനുയോജ്യമാം വിധം അഭിഷിക്തനായപ്പോൾ വെറുമൊരു ജ്യോതിഷിയായ തന്റെ പുത്രൻ അവന്റെ ജീവിതസാഹചര്യത്തിനനുസരിച്ചു ഔന്നത്യത്തിലെത്തി. ജാതകഫലം വഴിമാറിയില്ല എന്നു ചന്ദ്രഭാനുവിന് ബോധ്യം വന്നു. അയാൾ ഭാഗധേയം നിർണ്ണയിക്കുന്ന ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും നന്ദിപറയാൻ അനന്തതിയിലേക്കു നോക്കി കൈകൂപ്പി.