ലക്ഷം രൂപയുടെ ഉപദേശം
======================
ഒരിക്കൽ ഒരിടത്ത് ഒരന്ധനായ ബ്രാഹ്മണനും അദ്ദേഹത്തിന്റെ ഭാര്യയും അങ്ങേയറ്റം ദാരിദ്ര്യപൂർണ്ണമായ ജീവിതം നയിച്ചുപോന്നു. അവരുടെ മകൻ ദിവസവും ഭിക്ഷ യാചിച്ചുകൊണ്ടുവന്നായിരുന്നു അവർ ജീവിതം പുലർത്തിയിരുന്നത്. പക്ഷേ വളർന്നപ്പോൾ അവനാ ജീവിതരീതിയിൽ വല്ലാത്ത വെറുപ്പുതോന്നി. ഇങ്ങനെ നാണംകെട്ടു ജീവിക്കുന്നതിലുംഭേദം മറ്റേതെങ്കിലും നാട്ടിൽ ജോലി അന്വേഷിച്ചുപോകുന്നതാണു നല്ലതെന്നവനു തോന്നി. അക്കാര്യം തന്റെ ഭാര്യയോടവൻ ചർച്ച ചെയ്തു. അവൾക്കും അതു നല്ലതെന്നു തോന്നി. വൃദ്ധരായ മാതാപിതാക്കളെ നന്നായി ശിശ്രുഷിക്കാൻ പത്നിയെ ഏൽപ്പിച്ച ആ യുവാവ് ഒരു ദീര്ഘയാത്രയ്‌ക്കൊരുങ്ങി. അവർക്ക് ഏതാനും നാൾ കഴിയാനുള്ള വക ഒരുവിധത്തിൽ ശേഖരിച്ചു.
ഒരു പ്രഭാതത്തിൽ അല്പം ഭക്ഷണവും കൈയിൽ കരുതി അയാൾ യാത്ര പുറപ്പെട്ടു. ഏതാനും ദിവസം നീണ്ട പദയാത്രയ്‌ക്കൊടുവിൽ അയാൾ അയൽരാജ്യത്തെ പ്രമുഖനഗരത്തിലെത്തിച്ചേർന്നു. ഒരു കടയോരത്തെ ഇരിപ്പിടത്തിൽ അയാൾ ക്ഷീണിതനായി ഇരുന്നു. പരിചിതനല്ലാത്തൊരാളെ തന്റെ കടയിൽ കണ്ടപ്പോൾ ഉടമസ്ഥൻ അയാളാരെന്നന്വേഷിച്ചു. താനൊരു ദരിദ്രബ്രാഹ്മണനാണെന്നും ഭിക്ഷയാചിച്ചാണു കുടുംബം പുലർത്തുന്നതെന്നുമൊക്കെ അയാൾ കടക്കാരനോടു പറഞ്ഞു. ഈ യുവാവിന്റെ ദയനീയാവസ്ഥയിൽ അനുകമ്പതോന്നിയ കടക്കാരൻ അയാളോട് രാജാവിനെ മുഖം കാണിക്കാൻ ഉപദേശിച്ചു. കൂടെ ചെല്ലാമെന്നും ഉറപ്പുകൊടുത്തു. അങ്ങനെ അവർ രാജസവിധത്തിലെത്തി. കടക്കാരൻ രാജാവിനോട് യുവാവിന്റെ ദയനീയാവസ്ഥ ഉണർത്തിച്ചു. ഭാഗ്യവശാൽ രാജാവ് താൻ പുതുതായി പണികഴിപ്പിച്ച സുവർണ്ണക്ഷേത്രത്തിലെ നടത്തിപ്പിനായി ഒരു ബ്രാഹ്മണനെ അന്വേഷിക്കുകയായിരുന്നു. ദരിദ്രനെങ്കിലും സത്യസന്ധനും പണ്ഡിതനുമായ ആ യുവബ്രാഹ്മണനെത്തന്നെ ആ ദൗത്യം ഏല്പിച്ചു. വേതനത്തിന്റെ ഭാഗമായി പത്തുപറ നെല്ലും നൂറു സ്വർണ്ണനാണയങ്ങളും അയാൾക്കു നല്കാൻ ഉത്തരവാകുകയും ചെയ്തു.
രണ്ടുമാസങ്ങൾ കടന്നുപോയി. ബ്രാഹ്മണയുവാവിന്റെ ഭാര്യ, അയാളുടെ മാതാപിതാക്കൾക്ക് ഭക്ഷണം കൊടുക്കാൻ നിവൃത്തിയില്ലാതെയായപ്പോൾ അയാളെത്തിരക്കി യാത്രയായി. ആ സ്ത്രീയും നടന്നെത്തിയത് പഴയ കടക്കാരന്റെ അടുത്ത്. തന്റെ ദാരിദ്ര്യത്തെക്കുറിച്ചു പറഞ്ഞ സ്ത്രീയോട് അയാൾ സുവർണ്ണക്ഷേത്രത്തെക്കുറിച്ചും അവിടെച്ചെന്നാൽ ഒരു സ്വർണനാണയം ലഭിക്കുമെന്നും പറഞ്ഞു. അവരവിടെച്ചെന്നപ്പോഴോ, തന്റെ ഭർത്താവതാ മുന്നിൽ!
പക്ഷേ അയാൾക്ക് തന്റെ പത്നിയെക്കണ്ടപ്പപ്പോൾ കോപമാണുണ്ടായത്.
"എന്റെ മാതാപിതാക്കളെ തനിച്ചാക്കി നീ എന്തിനിവിടെ വന്നു. അവരുടെ ശാപം എനിക്കു കിട്ടില്ലേ. വേഗം മടങ്ങിപ്പോകൂ. ഞാൻ എത്തുന്നതുവരെ അവരെ കാത്തുകൊള്ളണം."
"ഇല്ല, ഞാൻ പോവില്ല. ആ വീട്ടിൽ ഒരുമണി അരിപോലുമില്ല. അവരവിടെ പട്ടിണികിടന്നു മരിക്കും. എനിക്കതു കാണാനാവില്ല." അവർ പൊട്ടിക്കരഞ്ഞു.
"ഓ! ഭഗവൻ.." അയാളാകെ വിഷണ്ണനായി. വേഗം ഒരു താളിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു. എന്നിട്ടയാൾ അത് തന്റെ ഭാര്യയുടെ കൈയിൽ കൊടുത്തു
" ഇത് നീ രാജാവിന് കൊടുക്കണം. അദ്ദേഹം നിനക്ക് ഒരുലക്ഷം രൂപ പ്രതിഫലം നൽകും."
ഇത്രയും പറഞ്ഞ് വേഗമയാൾ അവിടെനിന്നു നടന്നുമറഞ്ഞു.
അവർ താളിൽ കുറിച്ചിരിക്കുന്നു കാര്യങ്ങൾ വായിച്ചുനോക്കി. മൂന്നുപദേശങ്ങളായിരുന്നു അവ.
ഒന്നാമത്തേത് ' തനിച്ചു യാത്രപോകുന്നൊരാൾ രാത്രിയിൽ എത്തുന്നിടത് ഉറങ്ങാതിരിക്കണം. ഉറങ്ങിയാൽ ഉറപ്പ്.'
രണ്ടാമത്തേത് 'സമ്പന്നനായിരിക്കുമ്പോൾ ഒരുവൻ തന്റെ വിവാഹിതയായ സഹോദരിയ സന്ദർശിച്ചാൽ ധനം ലഭിക്കുമല്ലോ എന്നോർത്ത് അവൾ സഹർഷം സ്വീകരിക്കും. ദാരിദ്ര്യത്തിലാണ് സന്ദർശിക്കുന്നതെങ്കിൽ ആട്ടിയകറ്റപ്പെടും .'
മൂന്നാമത്തേത് ' ഒരാൾ എന്തുജോലിചെയ്താലും അത് ആത്മാർത്ഥമായും നിർഭയമായും ചെയ്യണം'
മടങ്ങിവീട്ടിലെത്തിയ ബ്രാഹ്മണി തന്റെ ശ്വശ്രുക്കളോടു നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. ഭർത്താവു എഴുതിയേല്പിച്ച ഉപദേശങ്ങൾ ഒരു ബന്ധുവിന്റെ കൈയിൽ രാജാവിനെയേല്പിക്കാൻ കൊടുത്തയച്ചു. അത് വായിച്ചു " ഈ വിഡ്ഢിത്തവും കൊണ്ടുവന്നവനെ പടിക്കുപുറത്താക്കൂ" എന്നാജ്ഞാപിച്ചു.
ഒടുവിൽ ബ്രാഹ്മണിതന്നെ അതുമായി കൊട്ടാരത്തിലേക്കു പുറപ്പെട്ടു. പക്ഷേ പുറത്തു ഉദ്യാനത്തിൽ ഉലാത്തുകയായിരുന്ന രാജകുമാരൻ അവരെ കാണാനിടയായി. കാര്യങ്ങളറിഞ്ഞപ്പോൾ അയാൾ ഉപദേശങ്ങളെഴുതിയ താൾ വാങ്ങി ഒരുലക്ഷം രൂപയുടെ പ്രമാണവും നൽകി. സന്തോഷത്തോടെ ബ്രാഹ്മണി മടങ്ങി. രാജമുദ്രയുള്ള പ്രമാണം കാട്ടി വീട്ടിലേക്കു കുറേദിവസത്തേക്കുള്ള സാധനങ്ങളും വാങ്ങാനായി.
രാജകുമാരൻ സന്തോഷത്തോടെ പിതാവിനോട് താൻ ചെയ്ത സത്കർമ്മത്തെക്കുറിച്ചു പറഞ്ഞു. പക്ഷേ പ്രശംസ പ്രതീക്ഷിച്ച കുമാരന് രാജാവിന്റെ കോപം ജ്വലിക്കുന്ന മുഖമാണു കാണാൻ കഴിഞ്ഞത്. കുമാരനെ നാടുകടത്താനും ഉത്തരവായി. ദുഖിതനായ കുമാരൻ പ്രിയപ്പെട്ടവരോടൊക്കെ മൗനമായി വിടയോതി യാത്രയായി. നടനന്നുനടന്നു ദൂരമേറെ പിന്നിട്ടു. ഇരുട്ടുപരന്നപ്പോൾ വഴിയിൽ കണ്ടയൊരാൾ രാജകുമാരനെ തന്നോടൊപ്പം രാത്രി കഴിച്ചുകൂട്ടാൻ ക്ഷണിച്ചു. അയാളുടെ താമസസ്ഥലത്തു രാജകുമാരനുവേണ്ടന്നവിധം എല്ലാ സൗകര്യവും അയാൾ ചെയ്തുകൊടുത്തു.
പക്ഷേ ഉറങ്ങാൻ കിടന്ന കുമാരൻ ആദ്യത്തെ ഉപദേശം ഓർമ്മിച്ചു. അപരിചിതനോടൊപ്പം രാത്രി കഴിഞ്ഞുകൂടുന്നുവെങ്കിൽ ഉറങ്ങാതിരിക്കണമല്ലോ. ഏതാണ്ട് അർത്ഥരാത്രിയോടടുത്തപ്പോൾ അവിടേക്കു കൊണ്ടുവന്ന മനുഷ്യൻ ഒരു വാളുമായി കുമാരനെ കൊല്ലാനായി വന്നു. വാളോങ്ങിയതും കുമാരൻ അത് തടുത്തുകൊണ്ടെഴുന്നേറ്റു.
" എന്നെക്കൊന്നാൽ നിങ്ങൾക്കൊരു ലാഭവുമില്ല. മറിച്ച്, തന്റെ നായയെക്കൊന്ന മനുഷ്യനെപ്പോലെ പിന്നീട് നിങ്ങൾക്കു പശ്ചാത്തപിക്കേണ്ടിവരും''
ശാന്തനായി കുമാരൻ പറഞ്ഞു.
"ഏതു മനുഷ്യൻ? ഏതു നായ?"
അയാൾ കുമാരനോട് ആകാംക്ഷയോടെ ചോദിച്ചു.
"ഞാനതു പറയാം. പക്ഷേ ആ വാളെനിക്കു തരൂ "
അയാൾ കുമാരന് വാൾ കൊടുത്തു. കുമാരൻ പറയാൻ തുടങ്ങി.
"ഒരിക്കൽ ധനികനായൊരു വ്യാപാരി ഒരു നായയെ വളർത്തിയിരുന്നു. പക്ഷേ വ്യാപാരി കാലം കഴിഞ്ഞപ്പോൾ ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തി. തനിക്കാകെ സ്വന്തമായവശേഷിച്ച നായയെ പണയം നൽകി അയാൾ മറ്റൊരു വ്യാപാരിയിൽനിന്നു പണം കടംവാങ്ങി വീണ്ടും കച്ചവടം തുടങ്ങി. പക്ഷേ ഏറെ താമസിക്കാതെ ഒരു രാത്രി പണം കടം നൽകിയ വ്യാപാരിയുടെ സ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെട്ടു. അവിടെയുണ്ടായിരുന്ന നായ കൊള്ളക്കാരുടെ പിന്നാലെപോയി അവർ കൊള്ളമുതൽ സൂക്ഷിച്ചയിടം മനസ്സിലാക്കി. പുലർന്നപ്പോൾ കൊള്ളയുടെ കാര്യം മനസ്സിലാക്കിയ വ്യാപാരിയുടെ വീട്ടിൽ കൂട്ട നിലവിളിയുയർന്നു. എല്ലാം നഷ്‌ടമായ വിഷമത്തിൽ വ്യാപാരി ഒരു ഭ്രാന്തനെപ്പോലെ വാതില്പടിയിലിരുന്നു നിലവിളിച്ചു. അപ്പോൾ നായ അയാളുടെ മുണ്ടിൽ കടിച്ചു വലിച്ചു. അത് കണ്ടുനിന്ന ഒരു അയൽക്കാരന്റെ നിർദ്ദേശപ്രകാരം നായയുടെ പിന്നാലെ പോയ വ്യാപാരിക്കു തന്റെ മുതലെല്ലാം വീണ്ടുടുക്കാനായി. വളരെ സന്തുഷ്ടനായ വ്യാപാരി നായയെ തിരികെ നൽകാമെന്നു തീരുമാനിച്ചു. വലിയ നഷ്ടത്തിൽനിന്നു തന്നെ രക്ഷിച്ച നായയുടെ വിവരങ്ങളൊക്കെ എഴുതി, പണം കടമെടുത്തകാര്യം മറക്കണമെന്ന അപേക്ഷയും ചേർത്ത്, കത്ത് അവന്റെ കഴുത്തിൽ കെട്ടി അവനെ ഒരു സേവകനൊപ്പം പഴയ യജമാനന്റെയടുത്തേക്കു പറഞ്ഞയച്ചു. പക്ഷേ നായയെക്കണ്ടപ്പോൾ പണം തിരികെവാങ്ങാൻ വ്യാപാരി വരുന്നതാകുമെന്നാണ് അയാൾ കരുതിയത്. കടം വീട്ടാൻ ഒരു വഴിയുമില്ല. അത്രയും പണം സമ്പാദിക്കാനുള്ള സാവകാശം കിട്ടിയതുമില്ല. അയാൾ അകെ വിഷണ്ണനായി. ആകെയുള്ള വഴി പണയമായികൊടുത്ത നായയെ കൊല്ലുകതന്നെ. അയാൾ ആലോചിച്ചു. പണയമുതലില്ലെങ്കിൽ പണവും നല്കേണ്ടല്ലോ. അങ്ങനെ രണ്ടാമതൊന്നാലോചിക്കാതെ നായയെ അയാൾ കൊന്നു. അപ്പോഴാണ് കഴുത്തിൽ കെട്ടിയിരുന്ന കത്തു താഴെവീണതു അയാളുടെ കണ്ണിൽപ്പെട്ടത്. അതുവായിച്ചു സങ്കടക്കടലിൽപ്പെട്ട് സ്തബ്ദ്ധനായി നിന്നുപോയി അയാൾ. "
രാജകുമാരൻ ഒന്നുനിർത്തി വീണ്ടും തുടർന്നു.
"ജീവൻകൊടുത്താലും തിരിച്ചെടുക്കാനാവാത്ത കാര്യങ്ങളൊന്നും ചെയ്യരുത്."
ഇത്രയും പറഞ്ഞുതീർന്നപ്പോഴേക്കും കിഴക്കു വെള്ളകീറിയിയുന്നു. തനിക്കഭയം തന്നതിനുള്ള പ്രതിഫലവും കൊടുത്ത കുമാരൻ വീണ്ടും യാത്രയായി. ഏറെയാത്രചെയ്തശേഷം അയാൾ മറ്റൊരു രാജ്യത്തെത്തി. അവിടുത്തെ രാജാവാകട്ടെ കുമാരന്റെ സ്യാലനായിരുന്നു. ഒരു യോഗിയായി വേഷപ്രച്ഛന്നനായാണ് കുമാരൻ അവിടേക്കു പ്രവേശിച്ചത്. കൊട്ടാരത്തിനു സമീപമുള്ളൊരു മരച്ചുവട്ടിൽ ധ്യാനനിരതനായി അയാളിരുന്നു. യോഗിയുടെ കാര്യം രാജാവിന്റെ കാതിലുമെത്തി. രാജ്ഞിയാകട്ടെ ഏതോ അജ്ഞാതരോഗത്തിനടിപ്പെട്ടിരുന്നു. കൊട്ടാരംവൈദ്യൻ പല ചികിത്സകളും നടത്തി പരാജിതനായിരിക്കുന്ന സമയം. ഈ യോഗിക്കൊരുപക്ഷേ തന്റെ റാണിയുടെ അസുഖം മാറ്റാനായെങ്കിലോ എന്ന് രാജാവ് പ്രത്യാശിച്ചു .യോഗിയെ കൊട്ടാരത്തിലേക്കു കൂട്ടികൊണ്ടുചെല്ലാൻ ആളയച്ചെങ്കിലും അദ്ദേഹം പോകാൻ തയ്യാറായില്ല. താൻ തുറന്ന സ്ഥലത്തേ ഇരിക്കൂ എന്നും തന്നേക്കണേണ്ടവർ അവിടെവരണമെന്നും യോഗി അറിയിച്ചു. അതിനാൽ രാജാവ് രാജ്ഞിയെ യോഗയുടെ സന്നിധിയിലേക്ക് കൊണ്ടുവന്നു. രാജ്ഞിയോട് ദണ്ഡനമസ്കാരം ചെയ്യാൻ യോഗി ആവശ്യപ്പെട്ടു. മൂന്നുമണിക്കൂർ അങ്ങനെ കിടന്നശേഷം എഴുന്നേൽക്കാൻ കല്പിച്ചു. അപ്പോഴേക്കും രാജ്ഞിയുടെ രോഗമൊക്കെ മാറിയിരുന്നു. പക്ഷേ മറ്റൊരു ദുരന്തം കാത്തിരിക്കുന്നുണ്ടായിരുന്നു. രാജ്ഞിയുടെ വിലപിടിച്ച മണിമാല കാണാതയത്രേ! എല്ലായിടവും തിരഞ്ഞു. കിട്ടിയില്ല. ഒടുവിൽ യോഗിയുടെ സവിധത്തിലും ആരോ മണിമാലയന്വേഷിച്ചെത്തി. അവിടെ നിന്നതു കണ്ടെടുക്കുകയും ചെയ്തു. യോഗി അത് കവർന്നതാണെന്നു ധരിച്ച രാജാവ് അയാൾക്കു വധശിക്ഷ വിധിച്ചു. പക്ഷേ കുമാരൻ കിങ്കരന്മാർക്കു കോഴകൊടുത്ത് രക്ഷപ്പെട്ടു രാജ്യം വിട്ടുപോയി. രണ്ടാമത്തെ ഉപദേശവും അയാൾക്ക് സത്യമായി ഭവിച്ചു.
യോഗിവേഷം ഉപേക്ഷിച്ചു സ്വന്തം വസ്ത്രം ധരിച്ചു കുമാരൻ .വീണ്ടും യാത്ര തുടർന്നു. ആ യാത്രയ്ക്കിടയിൽ വിചിത്രമായൊരു കാഴ്ച അയാൾ കാണാനിടയായി. ഒരു കുശവൻ ഒരേ സമയം ചിരിക്കുകയും കരയുകയും ചെയ്യുന്നു. കൗതുകം തോന്നി കുമാരൻ അയാളോട് കാര്യം തിരക്കി.
" ഈ രാജ്യത്തെ രാജകുമാരിക്കു ദിവസവും വിവാഹമാണ്. വിവാഹിതയായാൽ ആദ്യരാത്രിതന്നെ ഭർത്താവ് മരണപ്പെടും. അടുത്തദിവസം അടുത്ത വിവാഹം. അങ്ങനെ രാജ്യത്തെ മിക്കവാറും യുവാക്കളൊക്കെ ജീവൻ വെടിഞ്ഞു. ഇപ്പോൾ എന്റെ മകന്റെ ഊഴമായിരിക്കുന്നു. രാജകുമാരിയെ കുശവന്റെ മോൻ കല്യാണം കഴിക്കുന്നത്രേ! കുശവനായ എനിക്ക് അതിൽപരം എന്താനന്ദം .. അതിനാലാണ് ഞാൻ ചിരിക്കുന്നത്. പക്ഷേ അതിന്റെ അനന്തരഫലം എന്റെ മകന്റെ അന്ത്യമാണല്ലോ എന്നോർക്കുമ്പോൾ കരയാനല്ലേ എനിക്ക് കഴിയൂ.. " കുശവൻ പറഞ്ഞുനിർത്തി
"താങ്കൾ പറഞ്ഞതു ശരിതന്നെ. പക്ഷേ ഇനി കരയേണ്ട. നിങ്ങളുടെ മകനു പകരമായി ഞാൻ പോയി രാജകുമാരിയെ വിവാഹം ചെയ്യാം. നിങ്ങളുടെ മകന്റെ വസ്ത്രങ്ങൾ എനിക്ക് തന്നാൽ മതി."
കുശവൻ തന്റെ മകന്റെ വിവാഹവസ്ത്രങ്ങൾ രാജകുമാരനു കൊടുത്തു. അതു ധരിച്ചു രിച്ചു കൊട്ടാരത്തിലെത്തിയ കുമാരൻ രാജകുമാരിയെ വിവാഹം ചെയ്തു. ആ രാത്രി മണിയറയിലെത്തിയ കുമാരൻ സ്വയം പറഞ്ഞു.
" ഇതൊരു ഭീകരരാവാണ്. നൂറുകണക്കിനു യുവാക്കളെപ്പോലെ എന്റെയും അന്ത്യരാത്രിയായിരിക്കുമോ ഇത്!" കുമാരൻ തന്റെ വാൾപ്പിടിയിൽ കൈചേർത്തു ശ്രദ്ധയോടെ കിടന്നു. കുറേക്കഴിഞ്ഞപ്പോൾ അതാ രാജകുമാരിയുടെ മൂക്കിൽനിന്നും രണ്ടു സർപ്പങ്ങൾ ഇറങ്ങിവരുന്നു. കൊത്താനായി തന്റെനേർക്കുവന്ന അവയെ കുമാരൻ സധൈര്യം വാളെടുത്തു വെട്ടിക്കൊന്നു. ബ്രാഹ്മണിയുടെ മൂന്നാമത്തെ ഉപദേശവും ഫലവത്തായി.
പുലർച്ചെ പതിവുപോലെ മകളെക്കാണാനെത്തിയ രാജാവ് മകളും ഭർത്താവും സസന്തോഷം സംസാരിച്ചിരുന്ന കാഴ്ചകണ്ടു ആനന്ദചിത്തനായി.
"ഇദ്ദേഹം തന്റെ പുത്രിക്ക് അനുരൂപമായ വരൻതന്നെ" രാജാവ് മനസ്സിൽ പറഞ്ഞു. വിശദവിവരങ്ങളാരാഞ്ഞ രാജാവിനോട് താൻ മറ്റൊരു രാജ്യത്തെ രാജകുമാരനാണെന്നും മറ്റുമുള്ള കാര്യങ്ങൾ അറിയിച്ചു. രാജാവിന്റെ ആനന്ദത്തിനതിരില്ലായിരുന്നു. കുമാരനെ തന്റെ അനന്തരാവകാശിയായി രാജാവ് പ്രഖ്യാപിച്ചു. ഒരുവർഷത്തിലധികം അവിടെക്കഴിഞ്ഞ രാജകുമാരൻ സ്വന്തം രാജ്യം സന്ദർശിക്കാനുള്ള അനുവാദം തേടി. അനുവാദം നല്കുകമാത്രമല്ല, പിതാവിന് സമ്മാനിക്കായി വിശിഷ്ടദ്രവ്യങ്ങളും ധാരാളം സമ്പത്തും യാത്രയ്ക്കാവശ്യമായ ആനകളും കുതിരകളും മറ്റാവശ്യവസ്തുക്കളും ഒക്കെ കുമാരന് ഒരുക്കിക്കൊടുക്കുകയും ചെയ്തു. അങ്ങനെ കുമാരൻ സ്വരാജ്യത്തേക്കു യാത്രയായി.
തന്റെ സഹോദരിയുടെ രാജ്യം കടന്നായിരുന്നു യാത്ര. ഇത്തവണ കുമാരൻ സഹോദരിയെയും സ്യാലനെയും കണ്ടിട്ടുതന്നെ പോകാൻ തീരുമാനിച്ചു. അവർ കുമാരനെ സന്തോഷത്തോടെ അതീവ സ്നേഹത്തോടെ സ്വീകരിച്ചു. സത്കാരമൊക്കെ സ്വീകരിച്ചു വിശ്രമിച്ചു. മടങ്ങുംമുമ്പ് താൻ മുമ്പു വന്നപ്പോഴുണ്ടായ അനുഭവവും അവിടെനിന്നു രക്ഷപ്പെട്ടതും അവരോടു വിശദീകരിച്ചു. സഹോദരിക്കും ഭർത്താവിനും ധാരാളം സമ്പത്തും ഏതാനും കുതിരകളെയും ആനകളെയുമൊക്കെ സമ്മാനമായി നൽകി കുമാരൻ വീണ്ടും യാത്ര തുടർന്നു. സ്വന്തം കൊട്ടാരത്തിലെത്തിയ കുമാരനെ മാതാപിതാക്കൾ സ്നേഹവായ്‌പോടെ സ്വീകരിച്ചു. പുത്രനെപ്പിരിഞ്ഞ ദുഖത്താൽ കരഞ്ഞുതളർന്ന് അകാലവാർദ്ധക്യം വന്ന് , അന്ധത ബാധിച്ച അവസ്ഥയിലായിരുന്നു അവർ. കുമാരന്റെ സാന്നിധ്യം അവരെ മെല്ലേ പൂർവ്വസ്ഥിതിയിലെത്തിച്ചു. പുത്രന്റെ കരസ്പർശം അവർക്കു കാഴ്ച തിരികെ നൽകി.
അതിനിടയിൽ എപ്പോഴോ ബ്രാഹ്മണൻ തിരികെയെത്തിയിരുന്നു, തന്റെ കുടുംബത്തെ നന്നായി പുലർത്താനുള്ള ധനവും സമ്പാദിച്ച്.